ഒരു ജനത വെന്തെരിയുമ്പോള്‍  നിങ്ങളെന്ത് ചെയ്യുകയാണ്‌ ?

 
 
 
 
സര്‍ക്കാറിന് ഇപ്പോഴും കൂസലില്ല. ഇന്നേക്ക് ഒരു മാസമായി ഈ സമരം. ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഒരു മാസമായി നടക്കുന്ന ഈ സമരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യമൊന്നും നമ്മുടെ മാധ്യമങ്ങളോ പൊതുസമൂഹമോ നല്‍കിയിട്ടുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കാസര്‍കോട്ടാണ്. ആരു മരിച്ചാലും ആരു നിലവിളിച്ചാലും അതൊന്നും ഇവിടെ കേള്‍ക്കില്ല. തിരുവനന്തപുരത്തെ അധികാര കസേരയെ ബാധിക്കില്ല. എന്നാല്‍, അതിന്റെ പേരില്‍ ഒരു വലിയ മനുഷ്യന്റെ ജീവിതം മരണത്തിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കാന്‍ പാടില്ല. നമുക്ക് വേണ്ടി, കേരളീയ പൊതു സമൂഹത്തിനു വേണ്ടി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന മോഹന്‍കുമാര്‍ മാഷിന്റെ ജീവിതം രക്ഷപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ പോലും ബദല്‍ മാധ്യമങ്ങളെന്നു വിളിക്കപ്പെടുന്ന ഓണ്‍ലൈന്‍ തുറസ്സുകളില്‍ നമുക്ക് മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം വീണ്ടെടുക്കേണ്ടതുണ്ട്. മരണത്തിനു വിട്ടു കൊടുക്കരുത്, ഈ സമരത്തെ^സി.ആര്‍ ഹരിലാല്‍ എഴുതുന്നു
 

 
“I am healthy…എനിക്കു നല്ല ആരോഗ്യമുണ്ട്. അതു കൊണ്ട് എന്നെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. എനിക്കെന്തെങ്കിലും ക്ഷീണമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട് എനിക്ക് യാതൊരു ക്ഷീണവുമില്ല. അതിന്റെ പേരില്‍ എന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോവേണ്ട. അങ്ങനെ, നിങ്ങള്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയാല്‍ നിരാഹാരം അവസാനിപ്പിക്കുന്ന ആളല്ല. അതിനുവേണ്ടിയല്ല ഇങ്ങോട്ട് വന്നിരിക്കുന്നത്. ഇരകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക. അവര്‍ക്ക് ചികില്‍സ വേണ്ട ആളുകള്‍ക്ക് ചികില്‍സ നല്‍കുക. വെറുതെ ആശുപത്രിയും മറ്റും ദുരുപയോഗപ്പെടുത്തേണ്ട. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സര്‍വീസുമൊക്കെ കൊടുക്കേണ്ടത് അവിടത്തെ ജനങ്ങള്‍ക്കാണ്. കാസര്‍കോട് ദുരിത ബാധിതരായിട്ടുള്ള ജനങ്ങള്‍ക്ക് വേണ്ടത്ര ചികില്‍സ കൊടുക്കുക. അവര്‍ക്ക് വേണ്ട സൌകര്യം കൊടുക്കുക. അവര്‍ക്ക് മരുന്ന് കൊടുക്കുക. അവര്‍ക്ക് ആംബുലന്‍സ് കൊടുക്കുക. എനിക്ക് ആവശ്യമില്ല. എനിക്ക് യാതൊരു ക്ഷീണവുമില്ല. നിങ്ങളെന്നെ അറസ്റ്റ് ചെയ്യേണ്ട ആവശ്യവുമില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ട ആവശ്യവുമില്ല. ഞാന്‍ വഴങ്ങുന്നവനുമല്ല.

(എ മോഹന്‍ കുമാര്‍
എന്‍ഡോസള്‍ഫാന്‍ നിരാഹാര സത്യഗ്രഹത്തിന്റെ 20-ആം  ദിവസം അറസ്റ്റ്ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞത്)

 

 

അത് കഴിഞ്ഞിട്ടിപ്പോള്‍ ദിവസങ്ങളായി. ഇന്ത്യയിലെങ്ങുമായി അനേകം അതിജീവന സമരങ്ങളില്‍ പങ്കാളിയായ, പോരാട്ടങ്ങളെ മുന്നില്‍നിന്നു നയിച്ച, ജീവിതം മനുഷ്യപ്പറ്റിനായി സമര്‍പ്പിച്ച എ. മോഹന്‍കുമാര്‍ എന്ന വലിയ, സമാനതകളില്ലാത്ത മനുഷ്യന്‍ ഇപ്പോഴും നിരാഹാര സത്യഗ്രഹം തുടരുകയാണ്. കാസര്‍കോട്ട് പുതിയ ബസ്സ്റ്റാന്റ പരിസരത്തെ സമരപ്പന്തലിനു ചുറ്റും ഇപ്പോഴും പൊലീസുകാരും ഉദ്യോഗസ്ഥരും മണ്ടി നടക്കുന്നുണ്ട്. സമരപ്പന്തലിലെ കട്ടിലിനു ചുറ്റും ദുരിതങ്ങളുടെയും സഹനങ്ങളുടെയും അങ്ങേയറ്റം അനുഭവിച്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന മനുഷ്യര്‍ രാപ്പകല്‍ മോഹനന്‍ മാഷിന് കൂട്ടിരിക്കുന്നുണ്ട്. ക്യാമറകളും മാധ്യമങ്ങളും മുഖം കാണിച്ചു മടങ്ങുന്നുണ്ട്.

സര്‍ക്കാറിന്റെ സ്വന്തം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ദുരമൂത്ത വിഷം ചീറ്റലില്‍ കൊലപ്പെടുകയോമരണസമാനമായ അനുഭവങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയോ ചെയ്ത കുഞ്ഞുങ്ങളും അമ്മമാരും വൃദ്ധരുമടങ്ങുന്ന വലിയൊരു കൂട്ടം ആ സമരപ്പന്തലിനുള്ളിലും പുറത്തുമായി ഇരുന്ന് ചോദിക്കുന്നത് ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളാണ്^എന്തേ കേരളം ഞങ്ങളോട് ഇങ്ങനെ കാണിക്കുന്നു? നീതി അര്‍ഹിക്കുന്നവരെന്ന് ഏതൊരാള്‍ക്കും സംശയമില്ലാതെ പറയാവുന്ന തങ്ങളെ കേള്‍ക്കാന്‍, നിരാഹാര സമരത്തിന് പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ മന്ത്രിമാരോ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് തങ്ങളെ ഇങ്ങനെ വീണ്ടും വീണ്ടും കൊല്ലുന്നത്?

ഒന്നിനും മുന്നില്‍ പതറാത്ത മോഹന്‍കുമാര്‍ മാഷിന്റെ മനസ്സ് എത്രയോ കാലമായി തൊട്ടറിയുന്ന മനുഷ്യര്‍, തങ്ങള്‍ക്ക് നീതി കൊണ്ടുവരാന്‍ ഈ സമരത്തിന് കഴിയുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. പ്രതീക്ഷിക്കുന്നു. പി.സി ജോര്‍ജിലും ഗണേഷ്കുമാറിലും ചക്കളത്തി പോരുകളിലും തറഞ്ഞുപോയ മലയാളി പൊതു സമൂഹം ഇത്തിരി നേരമെങ്കിലും ഇരകള്‍ക്കു വേണ്ടി,പട്ടിണി കിടക്കുന്ന ആ നിസ്വാര്‍ത്ഥ ജീവനു വേണ്ടി അവരുടെ മനസാക്ഷിയുടെ റഡാര്‍ തിരിക്കുമെന്ന് അവര്‍ ആശിക്കുന്നു. ചാനല്‍ ഒ.ബി വാനുകള്‍ക്കും മാധ്യമ പ്രഭൃതികള്‍ക്കും എത്തിച്ചേരാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള, കേരളത്തിന്റെ അങ്ങേയറ്റത്തുള്ള സ്ഥലത്ത് ജനിച്ചുപോയി എന്നതിന്റെ പേരില്‍ പൊതു സമൂഹം പുലര്‍ത്തുന്ന അവഗണന ഇത്തിരി നേരത്തേക്കെങ്കിലും അവസാനിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. തലസ്ഥാനത്ത് കുടിവെള്ളപൈപ്പ് പൊട്ടിയാല്‍ മുറിയുന്ന കേരളത്തിന്റെ പൊതുമനസ്സും ഉലയുന്ന അധികാര കസേരകളും ഒരു നിമിഷമെങ്കിലും തങ്ങളുടെ നിലവിളികള്‍ക്ക് കാതോര്‍ക്കണേയെന്ന് അവര്‍ വൃഥാ ആഗ്രഹിക്കുന്നു.
 

 
നിലവിളികളുടെ രാഷ്ട്രീയം
നിലവിളികള്‍ക്ക് ഒരു നേരവും കാലവുമുണ്ട്. അന്നേരം മാത്രമേ അത് കേള്‍ക്കപ്പെടൂ. സമയവും കാലവും ഒത്തുവരുമ്പോള്‍ സമൂഹം പെട്ടെന്ന് കണ്ണുതുറക്കുന്നു. പ്രതികരിക്കുന്നു. തെരുവിലിറങ്ങുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിറയുന്നു. അയ്യോ, ഇത്രേം കാലം ഈ നിലവിളി ഇവിടെ ഉണ്ടായിരുന്നോ എന്ന് അന്തം വിടുക പോലും ചെയ്യുന്നു. നേരവും കാലവും തെറ്റി എത്ര കരഞ്ഞാലും ആരാലും കേള്‍ക്കപ്പെടാതെ പോവുന്നു. എത്ര ദൈന്യമാണ് ആ കരച്ചിലെങ്കിലും വിനിമയം ചെയ്യപ്പെടാതെ പോവുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള കേരള സമൂഹത്തിന്റെ പല കാലങ്ങളിലെ പ്രതികരണങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍, മേല്‍ പറഞ്ഞ നിലവിളികളുടെ സമയ കാലങ്ങള്‍ ബോധ്യമാവും. ആരാലും തിരിഞ്ഞുനോക്കാത്ത നിലവിളികളായിരുന്നു കാസര്‍കോട്ടു നിന്നുയര്‍ന്നത്. അതിനു പല കാരണങ്ങളുണ്ടായിരുന്നു, അന്ന്. കേരളത്തിന്റെ അങ്ങേയറ്റത്ത് നിന്നുള്ള കരച്ചിലുകള്‍ എന്നത് ഒരു കാരണം. നിസ്സഹായരായ, ദരിദ്രരായ ജനങ്ങളാണ് ഇരകളിലേറെയും എന്നത് മറ്റൊരു കാരണം. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്ന കശാപ്പുസംഘം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ വേണ്ടപ്പെട്ട പ്രബലരാണ് എന്നത് മറ്റൊരു കാരണം. എത്ര പഠിച്ചാലും ‘പഠിയാത്ത’ വിധം കീടനാശിനി കമ്പനിക്കാരുടെ നക്കാപ്പിച്ച വിഴുങ്ങി തലച്ചോറു ക്ഷയിച്ചുപോയ ശാസ്ത്രജ്ഞ, അക്കാദമിക് സംഘങ്ങള്‍ക്ക് ആളുകളെ എത്ര കാലം വേണമെങ്കിലും പറഞ്ഞുപറ്റിക്കാന്‍ കഴിയും എന്ന സത്യം മറ്റൊരു കാരണമായിരുന്നു. ഇരകള്‍ക്കായി ശബ്ദമുയര്‍ത്തിയവരെയെല്ലാം പ്രാന്തന്‍മാരെന്നും പരിസ്ഥിതി തീവ്രവാദികളെന്നും നക്സലൈറ്റുകളെന്നും മുദ്രകുത്തി ഒതുക്കാനും എളുപ്പമായിരുന്നു. ഇവയെല്ലാം ചേര്‍ന്നാണ്, പിന്നീട്, ഇരകള്‍ക്കു വേണ്ടി പത്രസ്ഥലം ഏറെ മാറ്റിവെച്ച മാധ്യമങ്ങള്‍ പോലും അന്ന് എന്‍ഡോസള്‍ഫാന്‍ മൂലം സമൃദ്ധമായി തളിര്‍ത്ത കൃഷിയെക്കുറിച്ച വീരഗാഥകള്‍ ഉളുപ്പില്ലാതെ പാടി നടന്ന് വര്‍ഷങ്ങളോളം ഇരകളുടെ മരണം മറച്ചുവെച്ചത്.

ഒരു പാടു കാലം കരഞ്ഞുകരഞ്ഞാണ്, മരിച്ചു മരിച്ചാണ് കാസര്‍കോട്ടു നിന്നുള്ള അന്തമില്ലാത്ത ആ വിലാപങ്ങള്‍ കേരളത്തിന്റെ മറ്റിടങ്ങളിലെ കാതുകളിലെത്തിയത്. മാധ്യമ ആന്റിനകള്‍ പിടിച്ചെടുത്തു തുടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും ഉദ്യോഗസ്ഥരുമെല്ലാം ‘എന്താണാ കേള്‍ക്കുന്നത് അതൊരു കരച്ചില്‍ പോലുണ്ടല്ലോ’ എന്ന് നെറ്റിചുളിച്ചത്. കീടനാശിനി കമ്പനിക്കാരുടെ കാലുനക്കുന്ന ശാസ്ത്ര കോമാളി സംഘത്തിനുപോലും മരണം ഒരു മൂര്‍ത്ത യാഥാര്‍ത്ഥ്യമാണ് എന്ന് സമ്മതിക്കേണ്ടി വന്നത്.
 

 
പൊതുസമൂഹത്തിന്റെ ചൂണ്ടുവിരലുകള്‍
അങ്ങനെയാണ്, കേരളം ഒറ്റക്കെട്ടായി ഇനി ഈ വിഷം വേണ്ടെന്ന് പറയുന്ന അന്തരീക്ഷം രൂപപ്പെട്ടത്. മാതൃഭൂമി കേരളത്തിനു നല്‍കിയ ഏറ്റവും മനുഷ്യപ്പറ്റുള്ള മാധ്യമപ്രവര്‍ത്തകരിലൊരാളായ മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലെ പച്ചയാഥാര്‍ത്ഥ്യങ്ങള്‍ അച്ചടിക്കടലാസുകളില്‍പോലും കാണാനാവാതെ നാം കണ്ണുപൊത്തിപ്പോയത്. തിരുവനന്തപുരത്ത് എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്ന സത്യഗ്രഹം നടന്നത്. അന്താരാഷ്ട്ര തലത്തില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ നിരോധത്തെക്കുറിച്ച ചര്‍ച്ചകള്‍ ചാനലുകള്‍ ലൈവായി കാണിച്ചത്. ചാനലുകളിലും പത്രങ്ങളിലും കണ്ണായ സ്ഥലങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ചത്. കേരളം പോര്‍വീര്യത്തോടെ ഹര്‍ത്താല്‍ നടത്തിയത്. കീടനാശിനി കമ്പനിക്കാരന്റെ അച്ചാരം വാങ്ങി സ്വന്തം ജനതയെ മരണത്തിലേക്ക് ഒറ്റിക്കൊടുക്കുന്ന കേന്ദ്രത്തിലെ നെറികെട്ട രാഷ്ട്രീയക്കാര്‍ക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയത്.

എല്ലാം ശരിയായെന്ന് ബോധ്യപ്പെടുത്തിയാണ് 2011 ഏപ്രില്‍ 20ന് എന്‍ഡോസള്‍ഫാന് ആഗോള നിരോധനം എന്ന തലക്കെട്ടോടെ പത്രങ്ങള്‍ ലീഡ് നിരത്തിയത്. വിജയിച്ച സമരത്തിന്റെ മുന്നണിപോരാളികളെന്നു വിളിച്ച് പാവം ഇരകളുടെ മരണം മുദ്രവെച്ച മുഖങ്ങളിലെ ഇത്തിരി സന്തോഷം ക്യാമറകള്‍ നമ്മുടെ സ്വീകരണമുറികളെലത്തിച്ചത്. എല്ലാം ശുഭം, സുഭദ്രം എന്ന് പറഞ്ഞ് പറഞ്ഞ്, എല്ലാവരും കാസര്‍കോട്ടുനിന്ന് തിരിഞ്ഞു നടന്നത് അങ്ങനെയാണ്. അതിനിടയിലാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ കാസര്‍കോട്ടെ ഇരകള്‍ക്കു വേണ്ടി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലെ നന്‍മയും നാം കേട്ടത്.

നഷ്ടപരിഹാര വിതരണത്തിലെ അപര്യാപ്തകളെയും എല്ലാത്തിനും ഉത്തരവാദികളായ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തുടര്‍ന്നും പുലര്‍ത്തിപ്പോരുന്ന നെറികേടുകളെയും കുറിച്ചെല്ലാം പിന്നെയും കേട്ടതാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ വാഗ്ദാനങ്ങളും അപ്പപ്പോഴുള്ള ലംഘനങ്ങളും അമേരിക്കന്‍ മലയാളികളുടെ പേരില്‍ നടന്ന സഹായ തട്ടിപ്പുകളും എല്ലാം കേട്ടുകൊണ്ടിരുന്നു. കേള്‍ക്കാന്‍ മറ്റനേകം കാര്യങ്ങള്‍ മുന്നിലുണ്ടായിരുന്നതു കൊണ്ടാവാം നേരത്തെ നിലവിളികള്‍ കേട്ടപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളായിരുന്നില്ല മലയാളി പൊതുസമൂഹത്തില്‍നിന്നുണ്ടായത്.
 

 
തീര്‍ന്നില്ല, സമരം
വിജയിച്ച സമരമെന്ന ടാഗ് പുറത്തൊട്ടിക്കപ്പെട്ടിട്ടും ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന നീതിനിഷേധം അതിലും പതിന്‍മടങ്ങായി തുടര്‍ന്നവന്നപ്പോഴാണ് രണ്ട് വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി രൂപീകരിക്കപ്പെട്ടത്. മനുഷ്യാവകാശ കമീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടപ്പോള്‍ ഈ സംഘടനയ്ക്കു കീഴിലാണ് ഇരകളുടെ അമ്മമാര്‍ 2012 ഏപ്രില്‍ 20ന്് കാസര്‍കോട് കലക്ടരറേറ്റിന് സമീപം സത്യഗ്രഹം ആരംഭിച്ചത്. തീര്‍ത്തും നിഷേധാത്മക സമീപനമായിരുന്നു സമരത്തോട് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റേത്. പുനരധിവാസത്തിന്റെ പേരില്‍ നടന്ന വമ്പനൊരു സെമിനാറില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി തൊട്ടപ്പുറത്ത് സത്യഗ്രഹമിരിക്കുന്ന, നിസ്സഹായരായ അമ്മമാരുടെ മുന്നിലൂടെ അക്ഷരാര്‍ത്ഥത്തില്‍ തിരിഞ്ഞുനോക്കാതെ സ്റ്റേറ്റുകാറില്‍ പൊടിപറത്തിപ്പോവുകയായിരുന്നു അന്ന്. തുടര്‍ന്നും ഇരകളെ ശത്രുക്കളെപോലെ തന്നെയായിരുന്നു സര്‍ക്കാര്‍ കണ്ടത്. തിരുവനന്തപുരത്ത് ചര്‍ച്ചക്കെത്തിയത് വെറും പെണ്ണുങ്ങള്‍ മാത്രമായിരുന്നു എന്നായിരുന്നു പിന്നീട് മുഖ്യന്റെ പ്രതികരണം. മുഖ്യമന്ത്രി കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച ഈ പാവം അമ്മമാരെ പൊലീസുകാരെ കൊണ്ട് അറസ്റ്റ് ചെയ്തു നീക്കിയാണ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്.

നാലുമാസത്തിനുശേഷം ആഗസ്ത് 25ന് സ്ഥലം എം.പി പി കരുണാകരന്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അന്നവസാനിച്ചത്. നഷ്ടപരിഹാരം നല്‍കല്‍, പ്രകൃതി പുനരുജ്ജീവനം,കടബാധ്യതകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കല്‍, ട്രിബ്യൂണല്‍ രൂപവല്‍കരണം തുടങ്ങിയ കാര്യങ്ങളില്‍ ചില ഉറപ്പുകള്‍ ചര്‍ച്ചയില്‍ കിട്ടിയതു കൊണ്ടാണ് സമരം തീര്‍ന്നത്. എന്നാല്‍, അവയൊന്നും പാലിക്കപ്പെട്ടില്ല.

തുടര്‍ന്നാണ് രണ്ടാം ഘട്ടമെന്ന നിലയില്‍ സമരം വീണ്ടും ആരംഭിച്ചത്. ചെയ്യാവുന്ന തരത്തിലെല്ലാം പരിമിതപ്പെടുത്തിയ ‘സര്‍ക്കാര്‍ സഹായധന വിതരണം’ ഇനി അഞ്ചുകൊല്ലം കൂടിയേ ഉണ്ടാവൂ എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ടാം ഘട്ട സമരം. അഞ്ചുവര്‍ഷത്തിനുശേഷം വികലാംഗ പെന്‍ഷനല്ലാതെ യാതൊരാനുകൂല്യവും നല്‍കില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. [G.O (M.S) No.07/2012/H&FWD Dated 12.01.2012]. ആറുമാസത്തിനുശേഷം ആരോഗ്യവകുപ്പ് മറ്റൊരു ഉത്തരവ് ഇറക്കിയെങ്കിലും ആദ്യ ഉത്തരവിന്റെ ക്രൂരത തിരുത്തപ്പെട്ടിട്ടില്ല.

ഇത്തരമൊരു കുറിപ്പില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്ര അനീതികളാണ് ഈ ഇരകള്‍ നേരിടുന്നത്. സഹായധന വിതരണത്തിലെ അപര്യാപ്തത, അര്‍ഹരെ തെരഞ്ഞെടുക്കുന്നതിലെ കളികള്‍, കുറച്ചുപേര്‍ക്ക് മാത്രം ധനസഹായം നല്‍കി ഭൂരിപക്ഷം പേരെ പുറത്തുനിര്‍ത്തല്‍, ആരോഗ്യപരിശോധനകളില്‍ ചികില്‍സ അനിവാര്യമെന്ന് തെളിയിക്കപ്പെട്ടവര്‍ക്ക് ചികില്‍സ നിഷേധിക്കല്‍, എന്നിങ്ങനെ ക്രൂരതകളുടെ തുടര്‍ക്കഥയാണ് ഇവരുടെ ജീവിതം. ഇതിനുമീതെയാണ്, മന്ത്രി കെ.എം മാണിയുടെ ബജറ്റ് വക പുതിയ അഭ്യാസം. ഈ ബജറ്റില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പുകളുടെ നെഞ്ചില്‍ ചവിട്ടിയാണ് പരിമിതമായ തുക മാത്രം പുതിയ ബജറ്റില്‍ അനുവദിച്ചത്. ഉപവാസമിരിക്കുന്ന മോഹന്‍ കുമാര്‍ മാഷുടെ വാക്കുകള്‍ ഇതാ: “ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് നബാര്‍ഡ് നടപ്പാക്കുന്ന അടിസ്ഥാന സൌെകര്യ വികസന പദ്ധതിയിലേക്കുള്ള സംസ്ഥാനത്തിന്റെ പങ്കുതുക മാത്രമേ ആകുന്നുള്ളൂ. ഇപ്പോഴും ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ആദ്യഘട്ടത്തിനുമാത്രം 80കോടി രൂപ ആവശൃമുള്ളപ്പോള്‍ ഈ തുച്ഛമായ തുക തെറ്റിദ്ധാരണയുംആശയക്കുഴപ്പങ്ങളും ഉളവാക്കാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്”.
 

 
നിരാഹാര സതഗ്രഹത്തിന്റെ അനിവാര്യത
ഈ പശ്ചാത്തലത്തിലാണ് സമരത്തിന്റെ രണ്ടം ഘട്ടത്തിന് ഇരകള്‍ നിര്‍ബന്ധിതരായത്. ഫെബ്രുവരി 18ന്് ബി.ആര്‍.പി ഭാസ്കറാണ് സമരം ഉദ്ഘാടനം ചെയ്തത്. സുഭാഷ് ചീമേനി, കൃഷ്ണന്‍ പുല്ലൂര്‍ എന്നിവരായിരുന്നു ആദ്യ സത്യഗ്രഹികള്‍. ഒമ്പതാം ദിവസം ഇവരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. ആണവ വിരുദ്ധ പ്രസ്ഥാന പ്രവര്‍ത്തകനായ ഡോ. ഡി സുരേന്ദ്രനാഥ് പകരം സതഗ്രഹമിരുന്നു. സുരേന്രദനാഥിനെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് മോഹന്‍കുമാര്‍ മാഷ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.

‘ഇരകളുടെ അമ്മമാര്‍ ഇനി നിരാഹാരമിരുന്ന് കഷ്ടപ്പെടണ്ട, പൊതുസമൂഹമാണ് ഇനി കഷ്ടപ്പെടേണ്ടത്. അവരുടെ പ്രതിനിധിയായാണ് ഞാന്‍ നിരാഹാരമിരിക്കുന്നത്’^കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍കുമാര്‍ മാഷ് തന്റെ നിലപാട് വ്യക്തമാക്കുന്നു.

കേരളത്തിന്റെ പാരിസ്ഥിതിക ഭൂപടത്തില്‍ അവഗണിക്കാനാവാത്ത നാമമാണ് മാഷിന്റേത്. പശ്ചിമഘട്ട രക്ഷായാത്രയുടെ കോ ഓര്‍ഡിനേറ്ററായിരുന്ന മാഷ്, കേരളത്തിലെ അനേകം ജനകീയ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്നണിയിലുണ്ടയിരുന്നു. കേരളത്തിന് പാരിസ്ഥിതിക വിവേകം പകര്‍ന്ന മാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പാഠഭേദം മാസികയുടെ മുന്നണി പ്രവര്‍ത്തകനായിരുന്നു. പട്ടുവം സമരം, ഏഴിമല സമരങ്ങളുടെ നട്ടെല്ലായിരുന്നു അദ്ദേഹം. ഭോപ്പാല്‍, നര്‍മദ സമരങ്ങളിലും സജീവസാന്നിധ്യമായിരുന്നു മാഷ്. കുറേ കാലമായി വടകര സിദ്ധാശ്രമത്തില്‍ അന്തേവാസിയായി കഴിയുന്ന മാഷ് അതിനിടയിലും കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി, ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്.

ജീവിതം മുഴുവന്‍ ജനകീയ പ്രശ്നങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച മാഷിന്റെ ശാരീരികാവസ്ഥ അത്ര മെച്ചമല്ല എന്നതാണ് സത്യം. കാണുന്നത്ര ഇല്ലെങ്കിലും പ്രായമുണ്ട്. ശാരീരിക അവശതകളും രോഗങ്ങളും കൂട്ടുണ്ട്. നിരാഹാര സമരമിരിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് വരെ മണിപ്പാല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. എന്നിട്ടും, എല്ലാ ശാരീരിക അവശതകളും അവഗണിച്ച്, കേരളീയ പൊതുസമൂഹത്തിനു വേണ്ടിയാണ് അദ്ദേഹം സമരത്തിന്റെ കഠിനവഴികളില്‍ നിലയുറപ്പിക്കുന്നത്.
 

 
മരണത്തിന് വിട്ടുകൊടുക്കരുത് ഈ സമരം
ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ നെറികേടെന്ന് ബോധ്യമാവുന്ന ഒരു കാര്യത്തില്‍ തീര്‍ത്തും ക്രൂരമായ നിസ്സംഗത തുടരുന്ന സംസ്ഥാന സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കാനാണ് ഈ സമരം. കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങള്‍ക്കടുത്ത് താമസിച്ചു പോയി എന്ന ഒറ്റകുറ്റത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇവിടെയുള്ള മനുഷ്യരെയും പ്രകൃതിയെയും വിഷത്തില്‍ കുളിപ്പിച്ചത്. ഭാവി തലമുറകളെ പോലും രോഗികളാക്കി എന്‍ഡോസള്‍ഫാന്‍ തളിച്ചവരും അതിന് നേതൃത്വം നല്‍കിയവരും ഇപ്പോഴും സുഖിച്ചു കഴിയുമ്പോഴാണ് സമൂഹത്തിന്റെ നന്‍മക്ക് ജീവിതം മുഴുവന്‍ പോര്‍നിലങ്ങളില്‍ കഴിയേണ്ടി വന്ന ഒരു മനുഷ്യനെ വീണ്ടും പരീക്ഷണത്തിലേക്ക് വിടുന്നത്. തീര്‍ച്ചയായും, യോഗീ ബലവും ഇച്ഛാശക്തിയും മനോധൈര്യവും ഉന്നതമായ ആദര്‍ശബോധവും ചേര്‍ന്ന് മോഹന്‍കുമാര്‍ മാഷിന്റെ ആത്മവിശ്വാസം ഇനിയും വര്‍ധിപ്പിക്കുക തന്നെ ചെയ്യും. എന്നാല്‍, ഇതുപോലൊരു അവസ്ഥയില്‍ ഇത്ര വിലപ്പെട്ടൊരു ജീവനെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കലാവരുത് ആ ആത്മവിശ്വാസം.ഇന്ന് വളരെയേറെ നിര്നായകമായ ഈ ഘട്ടത്തില്‍ നമുക്ക് ചെയ്യാവുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ ജീവിതാന്ത്യം വരെ രക്തം ചിന്തുന്ന മുറിവായിരിക്കും നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ മോഹന്‍കുമാര്‍ മാഷിന്റെ ആത്മസമര്‍പ്പണം അവശേഷിപ്പിക്കുക.

സര്‍ക്കാറിന് ഇപ്പോഴും കൂസലില്ല. ഇന്നേക്ക് ഒരു മാസമായി ഈ സമരം. ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഒരു മാസമായി നടക്കുന്ന ഈ സമരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യമൊന്നും നമ്മുടെ മാധ്യമങ്ങളോ പൊതുസമൂഹമോ നല്‍കിയിട്ടുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കാസര്‍കോട്ടാണ്. ആരു മരിച്ചാലും ആരു നിലവിളിച്ചാലും അതൊന്നും ഇവിടെ കേള്‍ക്കില്ല. തിരുവനന്തപുരത്തെ അധികാര കസേരയെ ബാധിക്കില്ല.

എന്നാല്‍, അതിന്റെ പേരില്‍ ഒരു വലിയ മനുഷ്യന്റെ ജീവിതം മരണത്തിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കാന്‍ പാടില്ല. നമുക്ക് വേണ്ടി, കേരളീയ പൊതു സമൂഹത്തിനു വേണ്ടി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന മോഹന്‍കുമാര്‍ മാഷിന്റെ ജീവിതം രക്ഷപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ പോലും ബദല്‍ മാധ്യമങ്ങളെന്നു വിളിക്കപ്പെടുന്ന ഓണ്‍ലൈന്‍ തുറസ്സുകളില്‍ നമുക്ക് മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം വീണ്ടെടുക്കേണ്ടതുണ്ട്. മരണത്തിനു വിട്ടു കൊടുക്കരുത്, ഈ സമരത്തെ.

 

 

One thought on “ഒരു ജനത വെന്തെരിയുമ്പോള്‍  നിങ്ങളെന്ത് ചെയ്യുകയാണ്‌ ?

  1. All postings publishing here have a humanian face and which reprasents the voice of those who were denied justice and those who need justice. But delay in the publication of postings decrees it’s effect. Our mainstream media being silent towards these unjust.In this circumstance our response should not be delayed.

Leave a Reply

Your email address will not be published. Required fields are marked *