ഉയരത്തേക്കാള്‍ ആഴമുള്ള വീടുകള്‍

 
 
 
 
ആകാശ കൂടുകളിലെ രാപ്പകലുകളെക്കുറിച്ച് സെറീന എഴുതുന്നു
 
 
എന്നിട്ടും നാട്ടിലെ ജീവിതം, എന്റെ തൊടി, എന്റെ മുറ്റം എന്ന് കണ്ണ് നിറയ്ക്കുന്ന അടുത്ത വീട്ടിലെ അമ്മയെ കാണുമ്പോള്‍ സങ്കടം തോന്നും, അവര്‍ പറയും പോലെ ഇതൊരു കൂടാണോ ? സിമന്റു കൂടുകള്‍ എന്നാണു അടുത്തു കാണുന്ന വലിയ ഫ്ലാറ്റുകളെ നോക്കി അവര്‍ പറയുക. പക്ഷേ ഓര്‍മ്മയില്‍ ഒരു ഗ്രാമവും അതിന്റെ മുഴുവന്‍ പച്ചപ്പും ബാക്കിയുണ്ടായിട്ടും എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നതേയില്ല , കൊതുകും ചൂടും നിറഞ്ഞ ഇവിടുത്തെ ദിവസങ്ങള്‍ വല്ലപ്പോഴും നാട്ടിലേക്ക് പോകുമ്പോള്‍ അവിടുത്തോടുള്ള ഇഷ്ടം കൂട്ടും എന്നല്ലാതെ നഗരത്തിനു നടുവിലെ നൂറു കണക്കിന് കൂടുകളില്‍ എന്റെ ഈ കൂടിനോടുള്ള ഇഷ്ടം ഒട്ടുമേ കുറയ്ക്കുന്നില്ല …ആകാശ കൂടുകളിലെ രാപ്പകലുകളെക്കുറിച്ച് സെറീന എഴുതുന്നു

 

 
ഉയരം, എന്നും പേടിയും അകാരണമായ ഒരാധിയുമാണെനിക്ക്. ഉയരത്തില്‍ നിന്നും താഴേയ്ക്ക് നോക്കുമ്പോഴെല്ലാം ഒറ്റ വഴുതലില്‍ പിടിവിട്ടു താഴേയ്ക്ക് താഴേയ്ക്ക് വീണു പോകുന്നതും മിനുത്ത നിലത്തിന്റെ പരപ്പിലേക്കു തലകുത്തി വീണു ചിതറുന്നതും നടുക്കം തരുന്ന ഒരു വിഷ്വലായി ഉള്ളില്‍ മിന്നി മാഞ്ഞു പോകും .

പണിതീര്‍ന്നു കൊണ്ടിരുന്ന ഏഴാം നിലയിലെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും പുറത്തേയ്ക്ക് നോക്കുമ്പോഴൊന്നും ദൂരെ , മിന്നാമിന്നികള്‍ പൂത്ത കാട് പോലെ കാണുന്ന പച്ചപ്പ് കണ്ണില്‍ പെടില്ല , പകരം താഴെ ടൈല്‍ പാകിയ നിലത്തിന്റെ അപകടകരമായ തിളക്കത്തിലേക്കു മാത്രം , ഹൃദയം ചെന്ന് നില്‍ക്കും..ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ഈ ഏഴാം നിലയിലെ താമസക്കാരിയാവുക എന്ന് സ്വയം ചോദിച്ചിട്ടുണ്ട്…പേടി കൂടി കൂടി പേടിക്കാതിരിക്കാന്‍ ഒടുവില്‍ നീയതിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടുമോ എന്ന് സ്വയം കളിയാക്കിയിട്ടുണ്ട് . എന്തായാലും അവിടെ താമസിക്കേണ്ടി വന്നില്ല എങ്കിലും ഫ്ലാറ്റുകളി ലേക്ക് തന്നെ മാറി മാറി ഇന്നും ജീവിതം, വാടകവീട്ടിലെ അല്‍പ്പ വര്‍ഷങ്ങളായി പിരിച്ചെഴുതിക്കൊണ്ടിരിക്കുന്നു…

ഡിഗ്രി കാലം വരെ നാട്ടിന്‍പുറത്ത് ജീവിച്ച ഒരാളെന്ന നിലയില്‍ നഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് , ഇന്ന് ഓര്‍ത്തു നോക്കിയാല്‍ നഷ്ടബോധം തോന്നുന്ന തരത്തില്‍ ഒന്നും തന്നെയില്ല , എന്നും കൂടുതല്‍ സുരക്ഷിതമായ ഒരു പുതപ്പു പോലെ നഗരം എന്നെ ചുറ്റി നിന്നു , പലതരം അപകര്‍ഷത കൊണ്ട് നടക്കുന്നിടങ്ങളിലെല്ലാം ചുറ്റുമുള്ള കണ്ണുകളെ മാത്രം ശ്രദ്ധിച്ചു നടന്നിരുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വാതന്ത്യ്രം ,ആരാലും ശ്രദ്ധിക്കപ്പെടാതെ നടക്കാനായി എന്നതായിരുന്നു.

 

പണിതീര്‍ന്നു കൊണ്ടിരുന്ന ഏഴാം നിലയിലെ ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും പുറത്തേയ്ക്ക് നോക്കുമ്പോഴൊന്നും ദൂരെ , മിന്നാമിന്നികള്‍ പൂത്ത കാട് പോലെ കാണുന്ന പച്ചപ്പ് കണ്ണില്‍ പെടില്ല , പകരം താഴെ ടൈല്‍ പാകിയ നിലത്തിന്റെ അപകടകരമായ തിളക്കത്തിലേക്കു മാത്രം , ഹൃദയം ചെന്ന് നില്‍ക്കും.


 
സ്വകാര്യതയുടെ കുറച്ചു കൂടി കനമുള്ള ആവരണമായി പിന്നീട് ജീവിതത്തിലേക്ക് ഫ്ലാറ്റ് കടന്നു വന്നപ്പോള്‍ തുടക്കത്തിലെല്ലാം ചുമരുകള്‍ക്കകത്തു പിന്നെയും പിന്നെയും ചുമരുകള്‍ ഉണ്ടെന്ന പോലെ ലോകം വല്ലാതെ ഇടുങ്ങി പോകുന്നതായി തോന്നി. ടി വിയുടെ ശബ്ദമൊന്നു കൂടുമ്പോള്‍ , കുട്ടികളൊന്നു ഒച്ച ഉയര്‍ത്തുമ്പോള്‍ ഒരു ചുവരിനപ്പുറം ആരുടെയോ സ്വച്ഛതയിലേക്കാണ് നമ്മള്‍ കടന്നു കയറുന്നതെന്ന് വല്ലാതെ തോന്നി . താമസിക്കാന്‍ വന്ന അന്ന് തന്നെ ഞാന്‍ മാംസം കഴിയ്ക്കും എന്നറിയാതെ ഏറ്റവും മുകളിലെ പാട്ടി , മുമ്പ് താമസിച്ചവരെ കുറിച്ച് , എന്തിനെയൊക്കെയോ കൊന്നു തിന്നുന്ന ജാതിക്കളാ എന്ന് വെറുപ്പോടെ പറഞ്ഞത് കേട്ട് നെഞ്ചൊന്ന് ആളി . അന്ന് രാത്രിയിലെ ചിക്കന്‍ കറി യോട് മുകളിലെ പാട്ടിയുടെ മൂക്കിലേക്ക് പോകാതെ അമര്‍ത്തി പിടിച്ചോളൂ നീ നിന്റെ മണം എന്ന് സ്വകാര്യം പറഞ്ഞു .

മീനിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞു ഫ്രീസറില്‍ സൂക്ഷിച്ചു വെയ്ക്കണം, വേസ്റ് എടുക്കാന്‍ രണ്ടും മൂന്നും ദിവസത്തില്‍ ഒരിക്കലേ ആള് വരൂ എന്ന് വീടൊഴിഞ്ഞു പോയ മുന്‍ താമസക്കാരി മുന്നറിയിപ്പ് തന്നു, അതെന്തിനാ ഒരു പൂച്ച കയറിയിറങ്ങുന്നത് കണ്ടല്ലോ അതിനു കൊടുത്താല്‍ പോരെ എന്ന സംശയം അവരൊരു വലിയ വഴക്കിന്റെ കഥ കൊണ്ട് പരിഹരിച്ചു തന്നു…ഇവിടുന്നു മീന്‍ തലയും മുള്ളും ഒക്കെ തിന്ന പൂച്ച മുകളിലെ പാട്ടിയുടെ വീട്ടില്‍ പോയി ചര്‍ദ്ദിച്ചു വെച്ചു . വലിയൊരു വഴക്കിനു ശേഷവും പാട്ടി മൂന്നാലു ദിവസം ആഹാരം കാണുമ്പോള്‍ ശര്‍ദ്ദിക്കുകയും ഇവരെ നിര്‍ത്താതെ പ്രാകി കൊണ്ടിരിക്കുകയും ചെയ്തത്രേ … മീന്‍ മുള്ള് പോലും സൂക്ഷ്മതയോടെ എടുത്തു പൊതിഞ്ഞു വെയ്ക്കാന്‍ പഠിച്ചു, അലമാരയും വീടും പോലും പൂട്ടാന്‍ മറക്കുന്ന ഞാന്‍ .

മണ്ണാഴമില്ലാതെ വേരു പാകിയ ഒരു ചെടി പിഴുതെടുത്ത് അടുത്ത മുറ്റത്തേക്ക് നടും പോലെ വര്‍ഷാവര്‍ഷം വീട് മാറലുകള്‍ , കുറച്ചു മാസങ്ങള്‍ കൊണ്ടു തന്നെ ഓരോ വീടും പിടിച്ചു വാങ്ങി സൂക്ഷിക്കുന്ന വിരലടയാളങ്ങള്‍ , ഉപേക്ഷിച്ചു പോകുമ്പോള്‍ പിരിയാന്‍ വയ്യെന്ന് നിഴല്‍ മൂടി കനക്കുന്ന ചില കോണുകള്‍ , കരളിലുടക്കി മുറിയുന്ന ഒരു കറിവേപ്പില തൈയ്യോ മുല്ലയോ .ഓരോ വീടും പലപ്പോഴും അടയാളപ്പെടുന്നത് കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലൂടെയാണ് .. കുത്തി വരയ്ക്കല്ലേ വരയ്ക്കല്ലേയെന്നു മോളുടെ ചായ പെന്‍സിലുകളോട് കെഞ്ചിച്ച ചുവരുകള്‍ തന്ന ആധി എങ്ങനെ മറക്കും ?

മൂന്നു വര്‍ഷമായി താമസിച്ചു വരുന്ന ഈ ചെറിയ ഫ്ലാറ്റിന് ഒരു വീടിന്റെ മുഖഭാവമാണ് , ഓരോ ഫ്ളോറിലും ഓരോ വീടായതിനാല്‍ ഒച്ചകള്‍ക്ക് പൊങ്ങിപ്പറക്കാം , ചിലവന്നൂര്‍ പുഴയിലേക്ക് അസ്തമയ വെയില്‍ വീഴുന്നതിന്റെ കാഴ്ച , ഉള്ളില്‍ നിന്നൊരു നഗരത്തെ തന്നെ മായ്ച്ചു കളഞ്ഞു . കിടപ്പുമുറിയുടെ ജനാലയ്ക്കരികില്‍ മാമ്പഴക്കാലങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് , നിറയെ പൂത്തു കായ്ക്കുന്ന മാവ് , അടുക്കള ജനാലയ്ക്കപ്പുറം ഏതു വേനലിലും തെഴുത്ത് വളരുന്ന പുല്ലിന്റെ പച്ച, വൈദ്യുതിക്കമ്പികളിലേക്ക് പടര്‍ന്നു കരിയുന്ന വള്ളിച്ചെടികള്‍ …

 

നാട്ടിലെ ജീവിതം, എന്റെ തൊടി, എന്റെ മുറ്റം എന്ന് കണ്ണ് നിറയ്ക്കുന്ന അടുത്ത വീട്ടിലെ അമ്മയെ കാണുമ്പോള്‍ സങ്കടം തോന്നും, അവര്‍ പറയും പോലെ ഇതൊരു കൂടാണോ ?


 

എന്നിട്ടും നാട്ടിലെ ജീവിതം, എന്റെ തൊടി, എന്റെ മുറ്റം എന്ന് കണ്ണ് നിറയ്ക്കുന്ന അടുത്ത വീട്ടിലെ അമ്മയെ കാണുമ്പോള്‍ സങ്കടം തോന്നും, അവര്‍ പറയും പോലെ ഇതൊരു കൂടാണോ ? സിമന്റു കൂടുകള്‍ എന്നാണു അടുത്തു കാണുന്ന വലിയ ഫ്ലാറ്റുകളെ നോക്കി അവര്‍ പറയുക. പക്ഷേ ഓര്‍മ്മയില്‍ ഒരു ഗ്രാമവും അതിന്റെ മുഴുവന്‍ പച്ചപ്പും ബാക്കിയുണ്ടായിട്ടും എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നതേയില്ല , കൊതുകും ചൂടും നിറഞ്ഞ ഇവിടുത്തെ ദിവസങ്ങള്‍ വല്ലപ്പോഴും നാട്ടിലേക്ക് പോകുമ്പോള്‍ അവിടുത്തോടുള്ള ഇഷ്ടം കൂട്ടും എന്നല്ലാതെ നഗരത്തിനു നടുവിലെ നൂറു കണക്കിന് കൂടുകളില്‍ എന്റെ ഈ കൂടിനോടുള്ള ഇഷ്ടം ഒട്ടുമേ കുറയ്ക്കുന്നില്ല …

നഷ്ടമായതിന്റെ ഓര്‍മ്മകള്‍ , ചില കാറ്റുകള്‍ കൊണ്ടുവരുന്ന ഗൃഹാതുര ഗന്ധങ്ങള്‍ പോലെ ഒന്ന് നെഞ്ചിടിപ്പിച്ചു കടന്നു പോകുന്നു എന്നു മാത്രം ..ഇപ്പോള്‍ പകരം കിട്ടുന്നതിനെല്ലാം ഈ ഉയരങ്ങള്‍ കൊണ്ട് അളക്കാനാവാത്ത ആഴമുണ്ടെന്നു ചിലപ്പോഴെങ്കിലും തോന്നാറുണ്ട് .. അയല്‍ക്കാര്‍ പോലും പരസ്പരം അറിയില്ല എന്നൊക്കെ പൊതുവെ പറയപ്പെടുന്നു. എങ്കിലും ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ഫ്ലാറ്റ് നല്‍കുന്ന സുരക്ഷിത ബോധം ചെറുതല്ല , ഓഫീസ് കഴിഞ്ഞു ഒരല്‍പം വൈകിയാലും വീട്ടില്‍ എന്റെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ് എന്ന വിശ്വാസം,എനിക്ക് മറ്റെന്തിനേക്കാളും വലുതാണ്

ചെറിയ ശബ്ദവും നേര്‍ത്ത ഗന്ധങ്ങളും പോലും അനായാസം ചെന്ന് തൊടുന്ന അന്യന്റെ ജീവിതത്തിലേക്ക് അത്ര തന്നെ അനായാസമായി അറിഞ്ഞോ അറിയാതെയോ ചെന്ന് തൊടുന്നുണ്ട് അടുത്തടുത്തുള്ള ഈ ജീവിതങ്ങളും.അതുകൊണ്ട് തന്നെ നല്ലതും ചീത്തയും അത്രമാത്രം നമ്മളെ തൊട്ടു തൊട്ടു തന്നെ കടന്നു പോകുന്നു, ചില വൈകിയ രാത്രികളില്‍ കേള്‍ക്കാം തൊട്ടടുത്ത ഒഴിഞ്ഞ ഇത്തിരി സ്ഥലത്തേക്ക് , ഇടവഴിയിലേക്ക് ഒക്കെ എന്തോ വന്നു വീഴുന്ന ശബ്ദം ..സ്വന്തം വീട്ടിലെ മാലിന്യം കവറുകളിലാക്കി രാത്രി ആളൊഴിയുന്ന നേരത്ത് കാറുകളില്‍ വന്നു വലിച്ചെറിഞ്ഞു പോകുന്നതാണ് …വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു ഫ്ലാറ്റ് താമസക്കാലത്ത് പനി പിടിച്ച കുഞ്ഞുമായി ആരുടെതെന്നറിയാത്ത കാറില്‍ പാതിരാക്ക് ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഞ്ചാം നിലയിലെ താമസക്കാരെ പരിചയപ്പെടുന്നത് ..പുലരും വരെ കൂടെ നിന്ന് തിരികെ വീട്ടില്‍ കൊണ്ട് വന്നാക്കി ജീവിതത്തില്‍ അന്ന് ആദ്യമായി കണ്ട ആ മനുഷ്യനും ഭാര്യയും …

 

വീട് പോലെ എകാകിയല്ല ഫ്ലാറ്റിന്റെ ഹൃദയമെന്ന് പലപ്പോഴും തോന്നും , അവിടെ ഒരൊറ്റ മുറ്റത്ത് പെയ്യുന്നു അനേകം വീടുകളുടെ മഴ . ഒരുമിച്ചു അറിയുന്നു ഒരേ പോലെ വെള്ളമില്ലാത്ത പകലുകള്‍ .


 

വീട് പോലെ എകാകിയല്ല ഫ്ലാറ്റിന്റെ ഹൃദയമെന്ന് പലപ്പോഴും തോന്നും , അവിടെ ഒരൊറ്റ മുറ്റത്ത് പെയ്യുന്നു അനേകം വീടുകളുടെ മഴ . ഒരുമിച്ചു അറിയുന്നു ഒരേ പോലെ വെള്ളമില്ലാത്ത പകലുകള്‍ . തീപ്പെട്ടിക്കൂടുകള്‍ അടുക്കി അടുക്കി വെച്ചാലെന്ന പോലെ ചുറ്റുവട്ടങ്ങളിലെല്ലാം ഫ്ലാറ്റുകള്‍, ഏതാണ്ട് ഒരേ നേരത്ത് വെളിച്ച ത്തിന്റെ ഉടയാടകള്‍ അണിയുകയും അഴിച്ചു വെയ്ക്കുകയും ചെയ്യുന്ന അപ്സരസുകളെ പോലെ ആകാശം തൊട്ട് നക്ഷത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു … സന്ധ്യാ നേരങ്ങളില്‍ ബാല്‍ക്കണിയില്‍ നിന്ന് നോക്കുമ്പോള്‍ വെളിച്ചപ്പൊട്ടുകള്‍ ചിതറിയ മറ്റൊരു ഭൂമി ചുറ്റും വലം വെയ്ക്കും പോലെ…ഇതിനിടയില്‍ ഒരു വെളിച്ച പ്പൊട്ടിനുള്ളില്‍ , നാളെ ഒഴിഞ്ഞു കൊടുക്കേണ്ട ഇത്തിരിയിടത്തു ജീവിതത്തില്‍ ഇന്നോളം ശ്വസിച്ചതിനേക്കാള്‍ ശുദ്ധവായു ഞാന്‍ ശ്വസിക്കുന്നു, അതില്‍ നിറയെ കൊതുക് തിരിയുടെ പുകയും പൊടിയുമുണ്ടെങ്കിലും…

(ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം)

One thought on “ഉയരത്തേക്കാള്‍ ആഴമുള്ള വീടുകള്‍

 1. വേരറ്റുപോയെന്നു
  വേദനിക്കും പ്രിയേ
  മണ്ണെന്തിനു നമ്മെ
  മൂടുവാനല്ലാതെ
  കൈവീശിനിൽക്കുന്ന
  മരവാഴകണ്ടോ?

  നമുക്കു വേരുകൾ
  കൃമിപോൽ കൃശമെങ്കിൽ
  പറിഞ്ഞുപോയതിൻ
  ആധികൾ കുറയും
  ചിലനേരമൊരു
  ചെടിച്ചട്ടിയിൽ കൊള്ളും
  മൊസാന്തകളുടെ
  നിർഗന്ധവസന്തമായ്
  ഇല്ലാത്തതുണ്ടെന്ന ഭാവമായ്.

  വീണുപോകുമെന്നുള്ള ഭീതി
  വിട്ടുമാറാത്തതാണുയരെ
  വാഴുന്നതിൻ സങ്കടം

  തിരശീല പോൽ ഞൊടിയിൽ
  നിലം തൊടില്ല
  അരയാലിൻ വേടുകൾ
  തൂങ്ങിമരിച്ചവരുടെ
  സ്മരണയായങ്ങനെ നിൽക്കും…
  (പുഴുത്ത പല്ലിന്റെ വേര്)

Leave a Reply

Your email address will not be published. Required fields are marked *