മൂന്നാറിനോട് ഒരു മൂവി ക്യാമറ ചെയ്തത്

 
 
 
 
ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ബാബു കാമ്പ്രത്തിന്റെ ബിഹൈന്‍ഡ് ദി മിസ്റ്റ് എന്ന ഡോക്യുമെന്ററിയുടെ രാഷ്ട്രീയ വായന. ജോയ് തുരുത്തേല്‍ എഴുതുന്നു

 
 

ഇംഗ്ലീഷുകാര്‍ അവര്‍ക്കുവേണ്ടി തീര്‍ത്ത കാല്‍പ്പനികതയുടെ ഈ മൂന്നാര്‍ മഞ്ഞുമറയ്ക്കപ്പുറം അടിമത്തത്തിന്റെ, ദുരിതങ്ങളുടെ, കൊടും കയ്പ്പിന്റെ ഒട്ടും രമണീയമല്ലാത്ത മറ്റൊരു ലോകമുണ്ട്. ചായ തോട്ട വ്യവസായം നിലനില്‍ക്കുന്നത് കണ്ണീരു വീണ ഈ യാഥാര്‍ത്ഥ്യങ്ങളിലാണ്. ഈ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ് ഒട്ടും അതിശയോക്തിയില്ലാതെ, ഇത്തരം വിഷയങ്ങള്‍ക്ക് സഹജമായ വികാര വിക്ഷുബ്ധതയുടെ പുറന്തോടില്ലാതെ, ആഴത്തില്‍, പക്വമായി ‘ബിഹയിന്റ് ദ മിസ്റ് ‘അനാവരണം ചെയ്യുന്നത്.-ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ബാബു കാമ്പ്രത്തിന്റെ ബിഹൈന്‍ഡ് ദി മിസ്റ്റ് എന്ന ഡോക്യുമെന്ററിയുടെ രാഷ്ട്രീയ വായന. ജോയ് തുരുത്തേല്‍ എഴുതുന്നു

 

 

പ്രകൃതിയുടെ നേര്‍കാഴ്ചകള്‍ക്കായി നമ്മുടെ കാഴ്ചവട്ടത്തെ അപനിര്‍മിക്കുന്നതാണ് ബാബുകാമ്പ്രത്തിന്റെ ഡോക്യുമെന്ററികള്‍. നമ്മുടെ ചുറ്റുവട്ടത്തെ ജൈവ സൂക്ഷ്മതകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയും അവിടത്തെ സ്വാഭാവിക പ്രകൃതിദ്യശ്യങ്ങള്‍കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ദ്യശ്യവിരുന്നൊരുക്കുന്നതുമാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളുടെ സൌന്ദര്യലോകം.

ഡോക്യുമെന്ററിയുടെ ദ്യശ്യഭാഷ വിരസവും പരുക്കനുമാണെന്ന പതിവിനെ തിരുത്തുകയാണ് ബാബു കാമ്പ്രത്ത്. ‘കാനം’,’കൈപ്പാട് ‘, ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാര പട്ടികയില്‍ സാമൂഹ്യ പ്രസക്തമായ മികച്ച നോണ്‍ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം നേടിയ മഞ്ഞുമറയ്ക്കപ്പുറം (behind the mist) എന്നിവയെല്ലാം വിഷയങ്ങളുടെ പ്രസക്തി കൊണ്ടും ദൃശ്യപരിചരണത്തിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാണ്.

 
 
കാനവും കൈപ്പാടും
നമ്മുടെ ആവാസവ്യവസ്ഥയില്‍ ജീവജാലങ്ങളുടെ അതിസൂക്ഷ്മമായ ജൈവപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് കാണിച്ചുതരുന്നതിലൂടെ നമ്മുടെ പാരിസ്ഥിതിക അവബോധത്തെ തൊട്ടുണര്‍ത്തുകയാണ് ബാബുവിന്റെ ‘കാനം’ എന്ന ആദ്യ ചിത്രം. .

ജോയ് തുരുത്തേല്‍

മനുഷ്യ സംസ്കൃതിയോളം പഴക്കമുള്ള കാര്‍ഷിക സംസ്ക്കാരത്തെയും നമുക്ക് എന്നന്നേക്കുമായി നഷ്ടപെട്ടുപോകുന്ന കൃഷിസമ്പ്രദായത്തേയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ‘കൈപ്പാട് ‘. കൃഷിയിടവും,കൃഷിക്കാരനും,ജലവും സസ്യജാലങ്ങളും കണ്ണുരിന്റെ സവിശേഷമായ കണ്ടല്‍കാടും,മത്സ്യവും മണ്ണിരയും വിവിധയിനം പക്ഷികളും അവയുടെ ഭക്ഷണമായിമാറുന്ന മണ്ണിന്റെ ഉറ്റബന്ധുക്കളായ സൂക്ഷ്മജീവികളും എല്ലാം പരസ്പര ബന്ധത്തിലൂടെ നമ്മുടെ ജൈവഘടനയെ എങ്ങനെ പരിപോഷിപ്പിച്ചിരുന്നുവെന്ന് നമുക്ക് അത് കാട്ടിതരുന്നു.

പ്രകൃതിക്ക് മുറിവേല്‍പ്പിക്കാത്ത കൃഷിയും മത്സ്യബന്ധനവുമാണ് ‘കൈപ്പാട്’ ദൃശ്യവല്‍കരിക്കുന്നത്. കൃഷിയും മനുഷ്യനും ജൈവസമൃദ്ധിയും തമ്മിലുള്ള പാരസ്പര്യം തന്നെയാണ് ഇവിടെയും. രാസവളങ്ങളാല്‍ മണ്ണിന്റെ മരണവും ഭക്ഷ്യോത്പാദനത്തിന്റെ വാണിജ്യവത്ക്കരണവുംകൊണ്ട് പ്രകൃതിയും ജീവനും വെല്ലുവിളിക്കപ്പെടുന്ന സമയത്ത് ഈ ചിത്രം പേറുന്നത് നമ്മുടെ ഉത്കണ്ഠകളാണ്. ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റവലില്‍ വസുധ അവാര്‍ഡിലൂടെയും ഈ ചിത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു.

 

ബാബു കാമ്പ്രത്ത്


 

ഹൈറേഞ്ചിലെത്തിയ ക്യാമറ
കണ്ണൂരിലെ ചെങ്കല്‍ നിലവും സസ്യ/ജലസമൃദ്ധിയുടെ ഇടനാടുമായിരുന്നു ‘കാന’ത്തിന്റെ ഭൂമികയെങ്കില്‍ കൃഷിയും ചെമ്മീന്‍ കെട്ടും സമന്വയിക്കുന്ന കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് നിലങ്ങളായിരുന്നു ‘കൈപ്പാടി’നെ സാക്ഷാത്ക്കരിച്ചത്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് അവസാന ചിത്രമായ മഞ്ഞുമറയ്ക്കപ്പുറം. ഇടനാടും,സമതലങ്ങളും കടന്ന് ബാബുകാമ്പ്രത്തിന്റെ ക്യാമറ ‘ഹൈറേഞ്ചിലെത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ പരുക്കന്‍ നിലങ്ങളാണ് സൂം ഇന്‍ ചെയ്യപ്പെടുന്നത്.

ലോകമെമ്പാടുമുള്ള പ്രക്യതി സൌന്ദര്യാരാധകരുടെ പറുദീസയായി മൂന്നാറിനെ നമുക്ക് അറിയാം. എന്നാല്‍ ‘ബിഹൈന്‍ഡ് ദി മിസ്റ് ‘പറയുന്നത് നമുക്ക് സുപരിചിതമായ ഈ മൂന്നാറിന്റെ കഥയല്ല. പുറംലോകം അധികമറിയാത്ത വ്യത്യസ്ഥമായ മറ്റൊരു ആഖ്യാന കേണിലൂടെയാണ് മൂന്നാര്‍ ദൃശ്യവല്‍കരിക്കപ്പെടുന്നത്. വിദേശികളും,സ്വദേശികളുമായ തേയില തോട്ട ഉടമകള്‍ കാലങ്ങളായി വളര്‍ത്തി, നിലനിര്‍ത്തി കൊണ്ടുപോവുന്ന ഒരു അടിമ ജീവിതക്രമത്തിന്റെ അദൃശ്യമായ സമസ്യകളാണ് ചിത്രം പകര്‍ത്തുന്നത്. സാമൂഹികമായ മറെറാരു പരിപ്രേക്ഷ്യത്തിലാണ് ഇവിടെ മൂന്നാറിനെ സമീപിച്ചിരിക്കുന്നത്.

 

കാല്‍പ്പനികതയുടെ ഈ മൂന്നാര്‍ മഞ്ഞുമറയ്ക്കപ്പുറം അടിമത്തത്തിന്റെ, ദുരിതങ്ങളുടെ, കൊടും കയ്പ്പിന്റെ ഒട്ടും രമണീയമല്ലാത്ത മറ്റൊരു ലോകമുണ്ട്. ചായ തോട്ട വ്യവസായം നിലനില്‍ക്കുന്നത് കണ്ണീരു വീണ ഈ യാഥാര്‍ത്ഥ്യങ്ങളിലാണ്.


 

കാല്‍പ്പനികതയ്ക്ക് അപ്പുറം
എന്താണ് നമുക്ക് സുപരിചിതമായ മൂന്നാര്‍ ? അത്യപൂര്‍വ്വമായ കാലാവസ്ഥ വൈജാത്യത്തിന്റെ ഭൂമികയാണത്. നമ്മുടെ ടൂറിസ്റ് കണ്ണുകള്‍ക്ക് വിസ്മയം തീര്‍ക്കുന്ന ദേശം. പ്രകൃതിയുടെ രചനാ കുശലതയുടെ കുളിര്‍മയാര്‍ന്ന അനുഭവം. തേയില പച്ചയുടെ അലങ്കാരവും നൂല്‍മഴയും,കോടമഞ്ഞും എല്ലാം
ചര്‍ന്നാണ് കാലങ്ങളായി മൂന്നാറിനെ ആഖ്യാനവല്‍കരിച്ചത്. കാല്‍പ്പനികതയുടെ മൂടല്‍മഞ്ഞിലാണ് അതിന്റെ നിലനില്‍പ്പ്. ഇസബെല്ലയെന്ന ആംഗലേയ സുന്ദരിക്ക് ഈ ഭൂമി അന്ത്യവിശ്രമം കൊള്ളാനുള്ള ഇടമായിരുന്നു. കാല്‍പ്പനികമായ ഇത്തരം അനേകം അനേകം മിത്തുകള്‍ ചേര്‍ന്നാണ് ഇന്ന് നാമറിയുന്ന മൂന്നാര്‍ എന്ന സങ്കല്‍പ്പം രൂപം കൊള്ളുന്നത്. ഒരു മധ്യകാല യൂറോപ്യന്‍ സ്പര്‍ശമായിരുന്നു ആ സൌന്ദര്യവല്‍കരണത്തിന്.

എന്നാല്‍ ഇംഗ്ലീഷുകാര്‍ അവര്‍ക്കുവേണ്ടി തീര്‍ത്ത കാല്‍പ്പനികതയുടെ ഈ മൂന്നാര്‍ മഞ്ഞുമറയ്ക്കപ്പുറം അടിമത്തത്തിന്റെ, ദുരിതങ്ങളുടെ, കൊടും കയ്പ്പിന്റെ ഒട്ടും രമണീയമല്ലാത്ത മറ്റൊരു ലോകമുണ്ട്. ചായ തോട്ട വ്യവസായം നിലനില്‍ക്കുന്നത് കണ്ണീരു വീണ ഈ യാഥാര്‍ത്ഥ്യങ്ങളിലാണ്. ഈ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ് ഒട്ടും അതിശയോക്തിയില്ലാതെ, ഇത്തരം വിഷയങ്ങള്‍ക്ക് സഹജമായ വികാര വിക്ഷുബ്ധതയുടെ പുറന്തോടില്ലാതെ, ആഴത്തില്‍, പക്വമായി ‘ബിഹയിന്റ് ദ മിസ്റ് ‘അനാവരണം ചെയ്യുന്നത്.

 

കാട്ടുമൃഗങ്ങള്‍ക്കും മുതുവാനും ഇന്ന് കാട്ടിലിടമില്ല. അവര്‍ വഴി മുട്ടിനില്‍ക്കുകയാണ്. ഈ ഗത്യന്തരമില്ലായ്മ ബാബു പകര്‍ത്തുന്നുണ്ട്, മുതുവാന്‍മാരുടെ മൂപ്പന്റെ ആത്മഗതങ്ങളിലൂടെ.


 

ആദിമജനതയുടെ ആത്മഗതം
ഇംഗ്ലീഷുകാരുടെ സുഗന്ധവ്യഞ്ജന പ്രേമമാണ് കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് അവരെ അടുപ്പിച്ചത്. 1877ല്‍ ജോണ്‍ഡാനിയേല്‍ മണ്‍ട്രോ സായിപ്പാണ് മൂന്നാറില്‍ പ്ലാന്റേഷന്‍ വ്യവസായത്തിന് ആരംഭം കുറിച്ചത്. പൂഞ്ഞാര്‍ രാജകുടുംബത്തില്‍ നിന്നും ഇംഗ്ലീഷുകാര്‍ കൈവശപ്പെടുത്തിയതായിട്ടാണ് മൂന്നാര്‍ കണ്ണന്‍ ദേവന്‍ മലനിരകളുടെ നാമറിയുന്ന ചരിത്രം.

എന്നാല്‍ മറ്റൊരു ചരിത്രം കൂടി അതിനുണ്ടെന്ന് ബാബു വ്യക്തമാക്കുന്നു. അത് അധിനിവേശത്തിന്റെ ചരിത്രമാണ്. ആദിമ ജനതയുടെ കൊടും പലായനങ്ങളുടെ ചരിത്രമാണ്. ഈ മലനിരകളില്‍ അധിവസിച്ചിരുന്ന ആദിവാസി ജനതയായ മുതുവാന്‍മാര്‍ ചരിത്രത്തില്‍ ഇല്ലാതായതിന്റെ ചരിത്രം കൂടിയാണത്. മുതുവാന്‍മാര്‍ അവരുടെ ആവാസ കേന്ദ്രങ്ങളില്‍ നിന്ന് പുറത്താകുന്നു. ചായത്തോട്ടങ്ങളും മുതലാളിമാരും കൈയേറ്റക്കാരും അവിടെ സ്ഥിരമാകുന്നു. റെഡ് ഇന്ത്യക്കാര്‍ക്കുണ്ടായ അതേ ദുരനുഭവം തന്നെയായിരുന്നു മൂന്നാറിലെ മുതുവാന്‍മാര്‍ക്കും. അധിനിവേശം ഉള്‍ക്കാടുകളിലേക്ക് തള്ളിത്തള്ളി നീക്കിയ മുതുവാന്‍മാര്‍ അവിടെയും ഇടമില്ലാതെ കാടിറങ്ങി, കൈയേറ്റക്കാരുടെ തോട്ടങ്ങളില്‍ അടിമവേല ചെയ്യേണ്ട ഗതികേടിലാണ്.

കാട്ടുമൃഗങ്ങള്‍ക്കും മുതുവാനും ഇന്ന് കാട്ടിലിടമില്ല. അവര്‍ വഴി മുട്ടിനില്‍ക്കുകയാണ്. ഈ ഗത്യന്തരമില്ലായ്മ ബാബു പകര്‍ത്തുന്നുണ്ട്, മുതുവാന്‍മാരുടെ മൂപ്പന്റെ ആത്മഗതങ്ങളിലൂടെ. സിയാററില്‍ മൂപ്പന്റെ ആത്മഗതങ്ങളുടെ അതേ ചൂടുണ്ട് ഈ ആത്മകഥനത്തിനും.

 

ഈ പാതകളിലൂടെയാണ് ഒന്നര നൂററാണ്ടുകള്‍മുമ്പ് തമിഴ് നാട്ടില്‍നിന്ന് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയരായ കുറേ മനുഷ്യരെ വലിയവാഗ്ദനങ്ങള്‍ നല്‍കി തോട്ടം തൊഴിലിനായി മൂന്നാറിലേക്ക് കൊണ്ടു വരുന്നത്.


 

അടിമത്തത്തിന്റെ വഴികള്‍
മധുരയിലേക്കും മറ്റും നീളുന്ന പ്രാചീനവും നവീനവുമായ പാതകള്‍ മൂന്നാറില്‍ നിന്നുമുണ്ട്.ഈ പാതകളിലൂടെയാണ് ഒന്നര നൂററാണ്ടുകള്‍മുമ്പ് തമിഴ് നാട്ടില്‍നിന്ന് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയരായ കുറേ മനുഷ്യരെ വലിയവാഗ്ദനങ്ങള്‍ നല്‍കി തോട്ടം തൊഴിലിനായി മൂന്നാറിലേക്ക് കൊണ്ടു വരുന്നത്. തേയില തോട്ടങ്ങളില്‍ പണം കായ്ക്കുന്ന മരങ്ങളുണ്ടന്ന് നിരക്ഷരും സാധുക്കളുമായ തങ്ങളുടെ പൂര്‍വ്വികരെ പറഞ്ഞ് പററിച്ചിരുന്നതായും ഈ ചിത്ത്രില്‍ അവരുടെ കൊച്ചു മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍, ചായത്തോട്ടങ്ങളില്‍ അവരെ കാത്തിരുന്നത് കഠിനമായ രോഗങ്ങളും പ്രതികൂല കാലാവസ്ഥയും,കഠോരമായ അധ്വാനവും കൊടിയ ചൂഷണവുമായിരുന്നു. സഹികെട്ട് ഒളിച്ചോടിയവരെ തിരികെ പിടിച്ചുകൊണ്ടുവന്നു കഠിന ശിക്ഷകള്‍ക്ക് വിധേയമാക്കുകയായിരുന്നു തോട്ടം മുതലാളിമാരും കങ്കാണികളും. ചരിത്രം മഞ്ഞുമറയ്ക്കുള്ളിലാക്കിയ ഈ ഞെട്ടിക്കുന്ന അനുഭവം ഡോക്യുമെന്ററി പറഞ്ഞുതരുന്നുണ്ട്.

 

ഇതൊരു കണ്ണിയാണ്. കാലങ്ങളിലേക്കു നീങ്ങുന്ന അടിമത്തത്തിന്റെ കണ്ണി. ചരിത്രപരമായ വിശകലനങ്ങളിലൂടെ അടിമത്തത്തിന്റെ വേരുകള്‍ വെളിപ്പെടുത്തുകയാണ് ഈ ചിത്രം.


 

പാര്‍പ്പിടം എന്ന കെണി
വന്ന തൊഴിലാളികള്‍ തിരിച്ചുപോവാതിരിക്കാന്‍ അടിമത്തത്തിന്റെ വലക്കണ്ണികള്‍ ഓരോന്നായി അവര്‍ മുറുക്കി കൊണ്ടിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് പാര്‍പ്പിടങ്ങളായിരുന്നു. വന്ന തൊഴിലാളികള്‍ക്ക് ഇവിടെ അവര്‍ ലയങ്ങള്‍ (പാര്‍പ്പിടങ്ങള്‍) നല്‍കി. അതിന്റെ ഉടമസ്ഥത തോട്ടം മുതലാളിമാര്‍ക്കാണ്. തൊഴിലെടുക്കുന്ന കാലത്തോളം അവര്‍ക്ക് ലയങ്ങളില്‍ കഴിയാം. അത് കഴിഞ്ഞാല്‍ പുറത്തുപോവണം. പുറത്തുപോയാല്‍, മറ്റൊരു പാര്‍പ്പിടം കണ്ടെത്താനും സാധാരണ ജീവിതം നയിക്കാനുമുള്ള പണം ഒരിക്കലും അവര്‍ക്ക് ലഭിക്കില്ല. അത്രയ്ക്ക് തുച്ഛമായിരുന്നു വരുമാനം.

ലയം നഷ്ടപ്പെടാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗം വരും തലമുറകളെ കൂടി തോട്ടത്തില്‍ ജോലിക്കാരാക്കുകയാണ്. കുടുംബത്തില്‍ ആരെങ്കിലും പണിക്കു പോവുന്ന കാലത്തോളം മറ്റൊരു പാര്‍പ്പിടം തേടേണ്ട ദുരവസ്ഥ ഉണ്ടാവില്ല. അതിനാല്‍, ഓരോ കുടുംബങ്ങളും മക്കളെ ഇതേ ജോലിക്ക് പറഞ്ഞയക്കും. മനുഷ്യര്‍ക്കു ജീവിക്കാന്‍ പ്രയാസമുള്ള സാഹചര്യങ്ങളില്‍, ചില്ലിക്കാശിന് അവരുടെ ജീവിതം തലമുറകളായി തുടരും. ഇതൊരു കണ്ണിയാണ്. കാലങ്ങളിലേക്കു നീങ്ങുന്ന അടിമത്തത്തിന്റെ കണ്ണി. ചരിത്രപരമായ വിശകലനങ്ങളിലൂടെ അടിമത്തത്തിന്റെ വേരുകള്‍ വെളിപ്പെടുത്തുകയാണ് ഈ ചിത്രം. ബാബുവിന്റെ ക്യാമറക്കണ്ണുകള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞ ഞെട്ടിക്കുന്ന ഈ യാഥാര്‍ത്ഥ്യമാണ് സിനിമയെ അങ്ങേയറ്റം പ്രസക്തമാക്കുന്നത്.

മൂന്നാറില്‍ മാത്രമായി വിനിമയം നടത്താനായി അടിച്ച പണം, മറ്റൊരു ചങ്ങലയായിരുന്നു. ഒരിക്കലും തോട്ടം വിട്ടുപോകാന്‍ കഴിയാത്ത തൊഴിലാളികളെ തടയാനുള്ള ഒരു മുന്‍കരുതല്‍. കാലം മാറി തദ്ദേശിയ ഉടമകളിലേക്കു തോട്ട ഉടമസ്ഥത കൈമാറുകയും രാജ്യം സ്വാതന്ത്യ്രം നേടുകയും ശക്തമായ ട്രേഡ് യൂണിയനുകളും രാജ്യത്ത് ശക്തമായ തൊഴില്‍ നിയമങ്ങളും നിലവില്‍ വന്നിട്ടും മൂന്നാറില്‍ അടിമത്തം നിലനില്‍ക്കുന്നത് എന്തു കൊണ്ടാണ് എന്ന ഏറെ മുനകളുള്ള ചോദ്യമാണ് ഈ ഡോക്യുമെന്ററി പൊതു മനസ്സിനു മുമ്പാകെ സമര്‍പ്പിക്കുന്നത്.

 

തികച്ചും അരക്ഷിതമായ ചുററുപാടില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട ലയങ്ങളിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പറയാനുള്ള ചരിത്രത്തില്‍ മൂന്നാറിന്റെ മുഖം മറ്റൊന്നാണെന്ന് ബാബു ഉറക്കെ വിളിച്ചു പറയുന്നു.


 

ചരിത്രത്തിന്റെ മറ്റൊരു മുഖം
ടൂറിസത്തിലൂടെ കൈവന്ന വിദേശ നാണ്യത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ഈ പണത്തിന്റെ നാമമാത്രമായ നേട്ടമെ മൂന്നാറിനു ലഭിച്ചുള്ളു. എന്നാല്‍ മൂന്നാറിലെ തേയിലതോട്ടങ്ങളില്‍ വര്‍ഷങ്ങളോളം അദ്ധ്വാനിച്ച് നാടിന് വിദേശനാണ്യം നേടിത്തന്ന തമിഴ് തൊഴിലാളികളുടെ ചിത്രം അതിലൊന്നും കണ്ടിട്ടില്ല. ഇവിടുത്തെ സമ്യദ്ധിയില്‍ നിന്നും തികച്ചും അന്യവത്ക്കരിക്കപ്പെട്ട ജീവിതമാണ് ഇവരുടേത്. ഉടമസ്ഥതയില്ലാത്ത താമസസ്ഥലങ്ങള്‍. തൊഴില്‍ കാലം കഴിയുമ്പാള്‍ ഒഴിവായി കൊടുക്കണ്ട ലയങ്ങള്‍, അവിടെ നിന്ന് എങ്ങോട്ട് എന്നറിയാതെ പകച്ചുനില്‍ക്കേണ്ട റിട്ടയര്‍മെന്റ് കാലം. തികച്ചും അരക്ഷിതമായ ചുററുപാടില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട ലയങ്ങളിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പറയാനുള്ള ചരിത്രത്തില്‍ മൂന്നാറിന്റെ മുഖം മറ്റൊന്നാണെന്ന് ബാബു ഉറക്കെ വിളിച്ചു പറയുന്നു.

പ്രകൃതിയുടെ കലവറയില്ലാത്ത സൌന്ദര്യത്തെ മൂന്നാറിലും കാമ്പ്രത്തിന്റെ ക്യാമറ വിടാതെ പിന്‍തുടരുന്നു. ഒരു സ്വാഭാവികവനം തോട്ടഭൂമിയായി മാറിമറിയുമ്പോള്‍ പ്രകൃതിയില്‍ വരുന്ന മാററങ്ങളും മൂന്നാറിന്റെ പാരിസ്ഥിതിക മാററങ്ങളും ബാബുവിന്റെ ക്യാമറ നമ്മളെ കാട്ടിതരുന്നു.

 

കച്ചവട സിനിമക്കാരായ നടീനടന്‍മാര്‍ക്കു കിട്ടിയ ജൂറീ പരാമര്‍ശങ്ങളെ ആവര്‍ത്തിച്ച് ആഘോഷിച്ച മാധ്യമങ്ങള്‍ നോണ്‍ഫീച്ചര്‍ ഫിലിം വിഭാഗത്തിലുള്ള ഈ യഥാര്‍ത്ഥ പുരസ്കാരത്തെ, അര്‍ഹമായ നേട്ടത്തെ കണ്ടില്ല എന്നു നടിക്കുകയായിരുന്നു.


 

വാല്‍ക്കഷണം
മൂന്നാറിനെക്കുറിച്ചുള്ള മിത്തുകളുടെ മറിച്ചിടലാണ് ഈ ചിത്രം. എന്നാല്‍, ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അതൊന്നം മനസ്സിലായിട്ടേയില്ല. കച്ചവട സിനിമക്കാരായ നടീനടന്‍മാര്‍ക്കു കിട്ടിയ ജൂറീ പരാമര്‍ശങ്ങളെ ആവര്‍ത്തിച്ച് ആഘോഷിച്ച മാധ്യമങ്ങള്‍ നോണ്‍ഫീച്ചര്‍ ഫിലിം വിഭാഗത്തിലുള്ള ഈ യഥാര്‍ത്ഥ പുരസ്കാരത്തെ, അര്‍ഹമായ നേട്ടത്തെ കണ്ടില്ല എന്നു നടിക്കുകയായിരുന്നു. കച്ചവട സിനിമക്കാര്‍ക്കു മാത്രമായി പകുത്ത പുരസ്കാര ഇടത്തില്‍ ഒരു ഡോക്യുമെന്റിക്കാരന് എന്ത് സ്ഥാനം എന്ന ചിന്തയാവാം മാധ്യമങ്ങളെ ഭരിച്ചത്.

എന്നാല്‍, അവരോര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇത്രയും മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും ക്യാമറകളുമായും ഒ.ബി വാനുകളുമായും പാഞ്ഞു നടന്നിട്ടും കണ്ടെടുക്കാനാവാത്ത കേരളത്തിലെ അടിമത്തത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സ്റ്റോറിയാണ് ഈ ‘സാദാ ഡോക്യുമെന്ററിക്കാരന്‍’ ദേശീയ ശ്രദ്ധയില്‍ എത്തിച്ചത്. എത്ര കാലം കണ്ടില്ലെന്നു നടിക്കാനാവും യാഥാര്‍ത്ഥ്യങ്ങളെന്ന് ഓര്‍മ്മിപ്പിക്കാന്‍ ബാബു വീണ്ടും ഡോക്യുമെന്ററികളുമായി വരട്ടെ!

 
 

മുതുവാന്‍മാര്‍ കാടിറങ്ങുമ്പോള്‍

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ
 
 
 

4 thoughts on “മൂന്നാറിനോട് ഒരു മൂവി ക്യാമറ ചെയ്തത്

  1. പരിചയപ്പെടുത്തലിന് നന്ദി.

    വളരെ നന്നായിരിക്കുന്നു , പ്രത്യേകിച്ച് അവസാന ഘണ്ഡിക.

Leave a Reply

Your email address will not be published. Required fields are marked *