സലാം, ഹസന്‍ ഷരീഫ്

 
 
 
 
സമകാല അറബ് കലയിലെ ഏറ്റവും പ്രമുഖനായ ഹസന്‍ ഷരീഫിന്റെ കലാ ജീവിതം. സര്‍ജു എഴുതുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം

കാര്‍ട്ടൂണിസ്റ്, പെയിന്റര്‍, ശില്‍പി, ആശായാധിഷ്ഠിത കലയുടെ വക്താവ്, കലാചിന്തകന്‍, സമകാലിക കലാകാരന്‍ ഇങ്ങനെ ലോകം ഹസന്‍ ഷരീഫിന് പല വിശേഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈജിപ്റ്റ്, ലബനോന്‍,ഖത്തര്‍, നെതര്‍ലാന്റ്, ജര്‍മ്മനി,ക്യൂബ, ന്യൂയോര്‍ക്ക്, ജപ്പാന്‍ തുടങ്ങി നിരവധി ദേശങ്ങളിലെ കലാപ്രദര്‍ശനങ്ങളിലൂടെ അറബ് ലോകത്തെ ഏറ്റവും പ്രമുഖനായ സമകാലിക കലാകാരന്‍ എന്ന ഖ്യാതി ഉണ്ടായിട്ടുണ്ട്. ഞാനൊരു ക്രാഫ്റ്റ്സ്മാനാണ്, എന്റെ കല ലളിതമാണ്,നിങ്ങള്‍ക്കും ഇതൊക്കെ നിര്‍മ്മിക്കാം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.അവിടെ വസ്തുലോകവും ആശയലോകവും വേര്‍പെടുന്നില്ല. സമകാല അറബ് കലയിലെ ഏറ്റവും പ്രമുഖനായ ഹസന്‍ ഷരീഫിന്റെ കലാ ജീവിതം. സര്‍ജു എഴുതുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം
 

 
The word art interests me very much.If it comes from sanskrit, as I heard, it signifies making. Now everyone makes something, and those who makes things on canvas with a frame, they are called artists. Formerly they were called craftsmen, a term I prefer
Marcel Duchamp

പലതരം ട്രാഫിക് ബാരിയേഴ്സിനു മുന്നില്‍ ഓരോ ദിവസവും എത്രയെങ്കിലും തവണ നഗര ജീവിതം ചെന്നുനില്‍ക്കും.കരീമ അല്‍ ഷൊമാലി എന്ന എമിറാത്തി ആര്‍ട്ടിസ്റിന്റെ ബാരിയേഴ്സ് എന്ന ഇന്‍സ്റലേഷന്‍ ഷാര്‍ജ ബിനാലെയില്‍ കണ്ടത് ഒരു പതിറ്റാണ്ട് മുമ്പാണ്.അടിയിലും അറ്റത്തും ചുവപ്പും നടുക്ക് വെളുപ്പും നിറങ്ങളുള്ള ട്രാഫിക് സ്തൂപങ്ങള്‍ പ്ലാസ്റിക്കിന്റെ മഞ്ഞ വലകൊണ്ടു ചേര്‍ത്തുകെട്ടി പ്രദര്‍ശനസ്ഥലത്ത് സ്ഥാപിച്ചിരുന്നു. ഇതെന്ത് കല?എന്ന ചോദ്യം ഉള്ളില്‍ പൂര്‍ത്തിയാകുംമുമ്പ് കരീമയുടെ നിര്‍മ്മിതി അതിന്റെ സാമൂഹിക പരിസരത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു.

സ്ത്രീയുടെ സാമൂഹിക ജീവിതത്തിന്റെ വിഘ്നങ്ങളായി,ആവിഷ്കാരത്തിന്റെ കടമ്പകളായി, അറബിക് വേഗത്തെക്കുറിച്ചുള്ള താക്കീതായി, മറ്റു പലതുമായി അത് നിന്നു. കൂട്ടംതെറ്റിയ കാണി അടഞ്ഞുപോയ മാര്‍ഗങ്ങളേയും തിരിച്ചുവിടപ്പെട്ട വഴികളേയും പറ്റി ആലോചിച്ചിരിക്കണം. തെരുവിലേയ്ക്കിറങ്ങുന്ന കല എന്നതിനപ്പുറം കലയുടെ ഇടത്തിലേയ്ക്ക് ഒരു മെയ്ക്കപ്പുമില്ലാതെ കയറിവരുന്ന തെരുവ് വിശേഷ സംഗതിയായ് തോന്നി. തെരുവിന്റേത് അടയാളങ്ങള്‍ നിറഞ്ഞ ഭാഷ എന്നും.

ഒരു ദേശത്തും കല ഇങ്ങനെ പൊടുന്നനെ വന്നു നില്‍ക്കില്ല. അതിന്റെ എമിറാത്തി ചരിത്രത്തിലേയ്ക്കുള്ള നോട്ടം ദുബായിലെ ഹസന്‍ ഷരീഫിലേയ്ക്കുള്ള ഒരു വഴിയാകും. ഉപചാരപൂര്‍വ്വമുള്ള ചുംബനങ്ങള്‍ക്കിടയ്ക്ക് അത്തറിന് പകരം കോക് ടെയില്‍ മണങ്ങള്‍ തരുന്ന ഒരാളെന്നുതോന്നും.ജീവിതത്തിന്റെ ഭൌതികവും യാന്ത്രികവുമായ ചുറ്റുപാടുകളെ കലാത്മകവും കാവ്യാത്മകവുമാക്കാന്‍ ആയുസ് സമര്‍പ്പിച്ച ഒരറബി എന്ന് കരുതും. ഹസന്‍ ഷരീഫ് വാക്കുകളുടെ ആലിംഗനത്തില്‍ ഒതുങ്ങി നില്ക്കില്ല. കല അയാള്‍ക്ക് കെടാത്ത വിശ്വാസം. കലാകാരന് എന്തുചെയ്യാനാവും എന്ന ചോദ്യത്തോട് കലയെ മാറ്റിമറിക്കാനാവും എന്ന് ജീവിതംകൊണ്ട് മറുപടി പറഞ്ഞു. നിരാശയും വിഷമവും നിറഞ്ഞ നാളുകളില്‍ ഹസന്‍ ഷരീഫിന്റെ ആവിഷ്കാരങ്ങള്‍ പ്രത്യാശ എന്തെന്നു പഠിപ്പിച്ചു തന്നു.
 

 
പിരിമുറുക്കങ്ങള്‍

തൊട്ടിയിലെ വെള്ളം തൊട്ടിയോടൊപ്പം കിണറ്റിലേയ്ക്ക് തന്നെ പൊട്ടിവീഴുന്നു. പശുക്കിടാവ് കയറുപൊട്ടിച്ചുപോകുന്നു. ഊഞ്ഞാലില്‍ നിന്ന് കുട്ടിക്കാലം വീണുകിടക്കുന്നു-പിന്നുന്ന കയര്‍, ആകസ്മികമായവയെ താത്ക്കാലികമായ ഒരു അനിശ്ചിതത്വം എന്ന നിലയ്ക്ക് ജീവിതത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തിലേയ്ക്കാണ് ഗള്‍ഫില്‍ നിന്നുള്ള നൈലോണ്‍ കയര്‍ വന്നത്. ചുവപ്പ്, മഞ്ഞ, പച്ച ,നീല -ഇങ്ങനെ കടുംനിറങ്ങളില്‍,അഴകില്‍, ഒരിക്കലും പൊട്ടാത്ത ഉറപ്പില്‍. പെട്ടികളേയും ഭാണ്ഡങ്ങളേയും ചതുരം ചതുരമായി വരിഞ്ഞു മുറുക്കിയായിരുന്നു ആ വരവ്. അറുത്ത അറ്റങ്ങള്‍ ഉരുക്കിയ കറുപ്പ് ഓര്‍മ്മയിലെ ചില പാടുകള്‍.

ചവിട്ടുമെത്തയായും അധികാരത്തിന്റെ ഇടനാഴികളില്‍ പരവതാനിയായും, ഭൂവസ്ത്രമായ് പോലും കയറിനു പരിണമിക്കാനാവും. മദിച്ചകൊമ്പനെ തളയ്ക്കാനും
ആള്‍ക്കൂട്ടങ്ങള്‍ക്ക് ബലപരീക്ഷണത്തിനും ഒരു ഉപാധിതന്നെ. എന്നാല്‍ വിശേഷകലാമാധ്യമം എന്ന നിലയില്‍ കയര്‍ ഭാവം മാറുന്ന വിധം കണ്ടറിഞ്ഞത് ഹസന്റെ കലാനിര്‍മ്മിതികളിലാണ്. അസാധാരണമാം വിധം ചുരുളുകള്‍ പെരുകി മുറുകിയ ഒരു കയറ്റുകൂമ്പാരം, ചിലപ്പോള്‍ കയറും തുണിയും ചണവും ചേര്‍ന്നുള്ള വടച്ചുരുളുകള്‍, കയറും പശയും ചേര്‍ത്തു നിര്‍മ്മിക്കുന്ന ജ്യാമിതീയ രൂപങ്ങളിലുള്ള വലിയ ശില്‍പ്പങ്ങള്‍- -ചങ്ങലക്കെട്ടുകള്‍ എന്ന അത്യുകതിയും ആലങ്കാരികതയും കാലത്തില്‍ വീണുപോയിരിക്കുന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഒച്ച കുറഞ്ഞതും തുറന്നതുമായ ഒരു സഞ്ചാര വഴി.പിരിമുറുക്കങ്ങളെക്കുറിച്ചുള്ള സമകാലിക ആഖ്യാനം. അതിനപ്പുറമെന്ത്?

അതിനപ്പുറം ചിലതുണ്ട്.നമ്മുടെ കായലോരങ്ങളിലെ ഒരു വീട്ടുപകരണമായിരുന്നു റാട്ട്. ദുഷാമ്പിന്റെ സൈക്കിള്‍ വീല്‍ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്.കയറിടല്‍ ഒരു വീട്ടുവ്യവസായമായിരുന്നു. കുടില്‍ വ്യവസായം, പരമ്പരാഗതവ്യവസായം എന്നൊക്കെ നാം വിശേഷിപ്പിച്ചത്.വലിയ തോതില്‍ മനുഷ്യപ്രയത്നം ഉള്‍ച്ചേര്‍ന്നത്. അവിടേയ്ക്ക് ചുവപ്പ്, മഞ്ഞ , പച്ച- എന്നല്ല പേര്‍ഷ്യന്‍ കയര്‍ വന്നത്, അത് ആധുനിക വ്യവസായത്തിന്റെ , അതിന്റെ ഉല്‍പ്പന്നത്തിന്റെ രംഗപ്രവേശമായിരുന്നു. കുടില്‍ വ്യവസായം പെട്ടെന്ന് പീഡിത വ്യവസായമായി മാറുകയും ആധുനികതയിലേയ്ക്ക് നമുക്ക് അടിതെറ്റുകയും ചെയ്തു. ആ ഘട്ടവുമായി സാഹോദര്യമുള്ള കലയാണ് ഹസന്‍ ഷരീഫിന്റേത്. കല പോയിട്ട് വിചാരവ്യക്തതപോലും നമുക്കില്ലാതെപോയൊരു സന്ദര്‍ഭമായിരുന്നു അത്.അതിനാല്‍ ഇന്നിപ്പോള്‍ അയാളുടെ മടയില്‍ ചെന്ന് അഭിവാദ്യം ചെയ്യേണ്ടിവരുന്നു. സലാം ഹസന്‍ ഷരീഫ്, സലാം.
 

 
സമകാലിക കല
കയര്‍ എന്ന പോലെ കേബിളുകളുടേയും കുരുക്കുള്ള നന്നേ നേര്‍ത്ത കമ്പികളുടേയും ചില ആവിഷ്കാരങ്ങളുണ്ട്. കെട്ടി വരിഞ്ഞുമുറുക്കി വെള്ളത്തില്‍ മുക്കിപ്പിടിക്കുംപോലെ ശ്വാസംമുട്ടിക്കുന്നവ. ആഴത്തിലുള്ള അസ്വസ്ഥതകള്‍ കൊണ്ടുവരുന്നവ.ഹസന്റെ കലയുടെ നിരന്തരഭാവമാണിത്. ആ കാഴ്ചകള്‍ അസഹ്യമാകുമ്പോള്‍, അറുത്തുമുറിച്ച് ചെറുതുണ്ടുകളാക്കിയ നൈലോണ്‍ കയറുകളുടെ ഒരു കൂമ്പാരം സ്വപനത്തിന്റെ , പ്രത്യാശയുടെ നിറത്തില്‍ ആവിഷ്കരിക്കപ്പെടുന്നു. ഇടപിന്നിപ്പൊട്ടുന്ന കയര്‍നാരുകളുടെ ഒരു ഇന്‍സ്റലേഷന്‍ ഉണ്ടാകുന്നു.

കാര്‍ട്ടൂണിസ്റ്, പെയിന്റര്‍, ശില്‍പി, ആശായാധിഷ്ഠിത കലയുടെ വക്താവ്, കലാചിന്തകന്‍, സമകാലിക കലാകാരന്‍ ഇങ്ങനെ ലോകം ഹസന്‍ ഷരീഫിന് പല വിശേഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈജിപ്റ്റ്, ലബനോന്‍,ഖത്തര്‍, നെതര്‍ലാന്റ്, ജര്‍മ്മനി,ക്യൂബ, ന്യൂയോര്‍ക്ക്, ജപ്പാന്‍ തുടങ്ങി നിരവധി ദേശങ്ങളിലെ കലാപ്രദര്‍ശനങ്ങളിലൂടെ അറബ് ലോകത്തെ ഏറ്റവും പ്രമുഖനായ സമകാലിക കലാകാരന്‍ എന്ന ഖ്യാതി ഉണ്ടായിട്ടുണ്ട്. ഞാനൊരു ക്രാഫ്റ്റ്സ്മാനാണ്, എന്റെ കല ലളിതമാണ്,നിങ്ങള്‍ക്കും ഇതൊക്കെ നിര്‍മ്മിക്കാം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.അവിടെ വസ്തുലോകവും ആശയലോകവും വേര്‍പെടുന്നില്ല.

1951 ല്‍ ദുബായില്‍ ജനിച്ച ഹസന്‍ സ്കൂള്‍കാലത്ത് ചരിത്ര പുസ്തകത്തില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി വരയ്ക്കാന്‍ തുടങ്ങി. ഇതില്‍ പ്രിയം തോന്നിയ ആര്‍ട്ട് റ്റീച്ചര്‍ സ്കൂളില്‍ ഹസന്റെ ആദ്യ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. എഴുപതുകളില്‍ ദുബായ് ന്യൂസ് ,അക്ബര്‍ ദുബായ് തുടങ്ങിയ പത്രമാസികകളില്‍ കാര്‍ട്ടൂണുകളും കോമിക് സ്ട്രിപ്പുകളും പ്രസിദ്ധീകരിച്ചുകൊണ്ട് പൊതു ശ്രദ്ധയിലേയ്ക്കുയര്‍ന്നു. കുന്നില്‍ നില്‍ക്കുന്നവര്‍ വലിയകൊക്കകള്‍ക്കും അരികിലായിരിക്കുമെന്നുള്ളതിനാല്‍ ഉയര്‍ച്ചകളെ തൊട്ടുനില്‍ക്കുന്ന അധോഗതികളെ, അധസ്ഥിതികളെ ഹസന്‍കാണുന്നുണ്ടായിരുന്നു.ഏതാണ് വലിയ ഉയര്‍ച്ച എന്നായിരുന്നു അയാളുടെ കാര്‍ട്ടൂണ്‍ചിരികള്‍.

കാലം ദുബായ് നഗരത്തോടൊപ്പം ഹസന്‍ ഷരീഫ് എന്ന ആര്‍ട്ടിസ്റിനേയും മാറ്റി മറിച്ചു.1979മുതല്‍1984 വരെ ലണ്ടനിലെ ബ്യാംഷാ സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ ഹസന്‍ കലാപഠനം നടത്തി. മടങ്ങി എത്തിയപ്പോഴേയ്ക്കും ഫ്രെയിമുകളുടെ അതിരുകളും തറച്ചുഞാത്തുന്ന ചുമരുകളും അയാള്‍ക്ക് പ്രിയമല്ലാതായിക്കഴിഞ്ഞിരുന്നു. ഹസന്റെ പുതു വഴികളില്‍ ദുബായ്ക്കാര്‍ക്കും ആദ്യം അത്ര പ്രിയം തോന്നിയില്ല.
 

 
കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ട്രോളി
മൂടിനില്‍ക്കുന്ന കറുപ്പിലേയ്ക്ക് ഇളം നീലനിറത്തില്‍ നീങ്ങി വരുന്ന കണ്‍സ്ട്ര്കഷന്‍ സൈറ്റിലെ ട്രോളി, ഷവല്‍,വാഷ് ബെയ്സിന്‍, റ്റോയ് ലെറ്റ് ബ്രഷ് തുടങ്ങിയ പെയിന്റിംഗുകളില്‍ വസ്തുക്കളെ അവ പ്രവര്‍ത്തനനിരതമാകുന്ന സമയങ്ങളോട് ചേര്‍ത്തു ആവിഷ്കരിച്ചിരിക്കുന്നു.കണ്‍സ്ട്രക്ഷന്‍ ട്രോളികളേയും ഷവലുകളേയും കലാലോകത്തില്‍ അടയാളപ്പെടുത്തുന്ന , അവ കൂടിയുള്ള ഒരു സൌെന്ദര്യലോകം നിര്‍മ്മിക്കുന്ന ഒരാള്‍ക്ക് വേറിട്ട കാഴ്ചപ്പാടുകള്‍ സ്വാഭാവികമായും ഉണ്ടാവും.

എന്നാല്‍ അതിനപ്പുറമുള്ള ചിലത് വെളിപ്പെടുക ഹസനിലെ കലാകാരന്‍ വാഷ്ബെയ്സിനിലേയ്ക്ക് എങ്ങനെ നോക്കുന്നു എന്നു ശ്രദ്ധിക്കുമ്പോഴാണ്. അത് കൈ കഴുകുന്ന ഒരാളുടെ നോട്ടമല്ല.ഏതൊരു വസ്തുവും അതായിരിക്കുന്നതിന്റെ ലോകബന്ധങ്ങളിലേയ്ക്കുള്ള നോട്ടമാണ്. അത് സാങ്കേതികതയെ പരിഗണിക്കുകയും ടെക്നോളജിയിലേയ്ക്കു കലാശ്രദ്ധ വികസിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ യാന്ത്രികതയെ അഴിച്ചുപിരുക്കാനാവുന്നു.

ട്രോളിച്ചക്രത്തിലെ ചെറുചുവപ്പ്, വാട്ടര്‍ടാപ്പിലെ ചുവപ്പടയാളം ഇതൊക്കെ സാങ്കേതികമായ ഊര്‍ജ്ജഗതികളെ കല അഭിമുഖീകരിക്കുന്നതിന്റെ നിറ സാന്നിദ്ധ്യങ്ങളാണ്. എണ്ണമറ്റ പങ്കകള്‍ തിരിയുമ്പോഴുള്ള അകക്കാറ്റില്‍, അടച്ചിട്ട കാറ്റില്‍, പറക്കും വീടുകള്‍ ഉണ്ടാകുന്നതും മറ്റൊന്നുകൊണ്ടല്ല.എന്നാല്‍ കാറുകളെ ഹസന്‍ കളിപ്പാട്ടങ്ങള്‍ പോലെ വരയ്ക്കുന്നു. മൂന്നാം നമ്പര്‍ മേശയെ അവ്യക്തമാക്കി അതിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന ജീവിതാസക്തിക്ക് നിറം പിടിപ്പിക്കുന്നു.
 

 
വസ്തുക്കളുടെ കലാപം
മനുഷ്യര്‍ക്കെന്ന പോലെ വസ്തുക്കള്‍ക്കും കലയിലേയ്ക്ക് പ്രവേശിക്കുവാന്‍ വിമാനത്താവളങ്ങളിലേക്കാള്‍ കടുത്ത സുരക്ഷാപരിശോധന നേരിടേണ്ടി വന്നിട്ടുണ്ട്.

തുണി,പേപ്പര്‍, റബ്ബര്‍,കയര്‍, ചണം,പനമ്പട്ട, കാര്‍ഡ് ബോഡ്, തടി,തകരം,പ്ലാസ്റിക് ഇരുമ്പ്, അലുമിനിയം,ചെമ്പ്, ഉരുക്ക്, ഇങ്ങനെ ഏതു വസ്തുവും ഹസന്റെ കലാമാധ്യമാകും. വസ്തുക്കള്‍ അവയുടെ സ്വത്വശുചിത്വങ്ങളും സ്ഥാനവലിപ്പ മൂല്യങ്ങളും സാമ്പ്രദായികബന്ധങ്ങളും വിട്ട് കൂടിക്കുഴയും. അവയില്‍ പാഴ് വസ്തുക്കളും ഉള്‍പ്പെടും. ഉപയോഗശൂന്യമായിട്ട് ഒന്നുംതന്നെ ഇല്ല എന്നുള്ളത് ഹസന്റെ മാത്രം നിലപാടല്ല. അത് സമകാലിക കലയുടെ കാഴ്ചപ്പാടാണ്.ഉപേക്ഷിക്കപ്പെട്ട ഇടങ്ങള്‍, കെട്ടിടങ്ങള്‍,തെരുവുകള്‍, നഗരപ്രാന്തങ്ങള്‍ തന്നെയും കലയിലേയ്ക്ക് വരുന്നത് അങ്ങനെയാണ്. വസ്തുക്കളുടെ കലാപംകൂടിയാണ് സമകാലിക കല.ആ പ്രക്ഷോഭം ആനയിക്കുന്നത് ലോകത്തിന്റെ ബഹുലതകളേയും.

എങ്ങനെയാണ് ഒരാളുടെ മാധ്യമാഭിമുഖ്യങ്ങള്‍ രൂപപ്പെടുന്നത്? ഗല്‍ഫിലുള്ള ഒരാളെ സംബന്ധിച്ച് കരിങ്കല്ലോ, കളിമണ്ണോ, മരമോ സ്വാഭാവിക മാധ്യമമല്ല. കാരണം അവയുടെ അഭാവം തന്നെ. ഗള്‍ഫില്‍ ഏറ്റവും സജീവതയുള്ള കല വാസ്തുശില്‍പ്പമാണ്. അറബി, ആധുനിക, ഉത്തരാധുനിക വഴികള്‍ കൂടിക്കലരുന്ന, വലിപ്പത്തിലും രൂപത്തിലും നിര്‍മ്മാണഘടകങ്ങളിലും വ്യത്യസ്തമായ എടുപ്പുകളുടെ ഷോപ്ലെയ്സ് ആണ് ഗള്‍ഫ്നഗരങ്ങള്‍.ബാക്കിയാകുന്ന ഭക്ഷണം എന്ന കണക്ക് ഈ നിര്‍മ്മാണ സാമഗ്രികളുടെ അവശിഷ്ടങ്ങളെ പരിഗണിച്ചുകൊണ്ട് വലിയ മുതല്‍ മുടക്കില്ലാതെ വ്യവസായ ലോകത്തില്‍ ഇടപെടുന്ന ഒരു കലാവഴി ഹസന്‍ പരീക്ഷിക്കുന്നു.

ഗള്‍ഫിലെ വാസ്തുശില്‍പ്പങ്ങള്‍ അടിസ്ഥാനപരമായി വാണിജ്യനിര്‍മ്മിതികളായിരിക്കുന്നതു കൊണ്ട് ആ ലോകത്തിന്റെ ചലനത്തെ, വസ്തു സഞ്ചാരങ്ങളെ പിന്തുടരുന്നു.പൊതുവില്‍ കെട്ടുവള്ളികളും കാര്‍ഡ് ബോഡുമൊക്കെ പായ്ക്കിംഗ് ഉരുപ്പടികളാണ്,പുറന്തോടാണ്. കാര്‍ട്ടനുകള്‍ക്കുള്ളില്‍ ഏതാനും ദിവസത്തെ ആയുസുള്ള പഴങ്ങളാകാം. മുന്തിയ ടെക്നോളജി പരസ്യപ്പെടുത്തുന്ന ഉല്‍പ്പന്നമാകാം.അവയെ അടുക്കി ഒതുക്കി അട്ടിയട്ടിയാക്കുന്നതിന്റെ രീതികളും ചിട്ടയും ക്രമവും വ്യവസ്ഥയിലേയ്ക്ക് നോക്കുന്നതെങ്ങനെയെന്ന് അഡ്മിനിസ് ട്രേഷന്‍ ഫയലുകള്‍ വെളിവാക്കുന്നുണ്ട്. കാര്‍ഡ്ബോഡിനവിടെ ഒരു അധികാരഭാവം വരുന്നു.ഒരേ മാധ്യമത്തില്‍ പരസ്പര വിരുദ്ധങ്ങളായ ആവിഷ്കാരങ്ങള്‍ നടത്തിക്കൊണ്ട് മാധ്യമസ്വഭാവമല്ല കലയാണ് പ്രധാനമെന്ന് ഹസന്‍ ഷരീഫ് ഉറപ്പിക്കുന്നു.

വാണിജ്യ സമുച്ചയമോ സ്റ്റോക്ക് എക്സ് ചേഞ്ചോ ആയ ഒരു എടുപ്പിനെ വാസ്തുശില്‍പ്പകലയില്‍ പരിഗണിക്കുന്നതില്‍ സന്ദേഹികളാകുന്നവരുണ്ട്. എന്നാല്‍ അബുദബിയിലെ സാദിയത് ദ്വീപിനെ ഒരു കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ് ആക്കിമാറ്റുന്ന ഏകദേശം അയ്യായിരംകോടിയോളം ഇന്ത്യന്‍ രൂപ മുതല്‍മുടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. സമകാലിക കലയ്ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ Guggeheim മ്യൂസിയവും മറ്റു മ്യൂസിയങ്ങളും കലാസമുച്ചയങ്ങളും ഉള്‍പ്പെടുന്ന ഒരു പദ്ധതിയാണിത്.

വിനോദ വ്യവസായത്തിനായുള്ള ദീര്‍ഘകാല നിക്ഷേപം എന്നതിനെ മാറ്റിനിര്‍ത്തി ഇതിനെ കലയുടേതു മാത്രമായി പരിഗണിക്കുന്നത് വസ്തുതാപരമായിരിക്കില്ല.ഇതുതന്നെയാണ് ഒരു വാണിജ്യസമുച്ചയത്തില്‍ വാസ്തുശില്‍പ്പകലയുടെയും കാര്യം. പരസ്പരവിരുദ്ധങ്ങള്‍ എന്നതിനപ്പുറം പലവിതാനങ്ങളില്‍ കെട്ടുപിണഞ്ഞ സാമൂഹിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തന ക്ഷമമാകുന്ന കല എന്നതാണ് ഹസന്‍ഷരീഫിനെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്.
 

 
 

 

 
 

 
 

 
 

 
 

 
 

 
 

 
 

Leave a Reply

Your email address will not be published. Required fields are marked *