ബജറ്റ് വിശകലനങ്ങള്‍ മറച്ചുവെയ്ക്കുന്നത്

 
 
 
 
ബജറ്റ് വിശകലനങ്ങളുടെ രാഷ്ട്രീയം. എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു
 
 

കേവലം ഒരു ബജറ്റ് വിശകലനം എന്ന നിലക്കല്ല ഈ കാഴ്പ്പപാടുകള്‍ അവതരിപ്പിക്കുന്നത്, പകരം സര്‍ക്കാര്‍ ഒരു വികസന ഏജന്‍സി എന്ന നിലയില്‍ നിന്ന് മാറുന്ന പ്രക്രിയ എത്രത്തോളം പൊതു സമൂഹത്തിന് ബോധ്യമാകുന്നു എന്ന് പറയാനാണ്. സര്‍ക്കാര്‍ വികസന ചിലവുകള്‍ക്ക പണം ഇല്ല എന്നു പറയുബോള്‍ വിശ്വസിക്കാന്‍ പാകത്തില്‍ നമ്മുടെ പൌെരബോധം പരിവര്‍ത്താനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ രണ്ടു ബജറ്റിലും ദാരിദ്യ്രത്തെ പറ്റി കാര്യമായ വിവരണം ഇല്ല. വിലക്കയറ്റം, അടിസ്ഥാന വികസന മേഖലയിലെ പിന്നോക്കാവസ്ഥ തുടങ്ങിയ ഒന്നും തന്നെ സ്പര്‍ശിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു-എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 

 

കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര സംസ്ഥാന ബജറ്റ് അവതരണവും അതിനെ തുടര്‍ന്നുള്ള അവലോകനവും മാധ്യമങ്ങളില്‍ വളരെ സജീവമാണ്. സാമ്പത്തിക അക്കാദമിക് വിദഗ്ധരേക്കാള്‍ ഇത്തരം അവലോകനങ്ങളില്‍ സജീവമാകുന്നത് സാധാരണക്കാരാണ്. ഇത്തരം ചര്‍ച്ചകള്‍ ഒരു ജനാതിപത്യ സമുഹത്തില്‍ ആവശ്യവും ആണ്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പലപ്പോഴും ബജറ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തെ വേണ്ടരീതിയില്‍ വിശകലനം ചെയ്യാന്‍ കഴിയാറില്ല. അതിനര്‍ത്ഥം സാധാരണക്കാര്‍ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട എന്നല്ല, മറിച്ച് ബജറ്റിന് ലഭിക്കുന്ന ജനകീയ പരിവേഷം ഒരു മിഥ്യധാരണയാണ് എന്നതാണ്.

എസ് മുഹമ്മദ് ഇര്‍ഷാദ്

ബജറ്റ് സര്‍ക്കാറിന്റെ വികസന രേഖ എന്നതിന് ഉപരിയായി സര്‍ക്കാര്‍ എങ്ങനെയാണ് സ്വകാര്യ മൂലധനത്തെ സംരക്ഷിക്കുന്നു എന്നതിന്റെ ഒരു രേഖീയ വിവരണം കൂടിയാണ് . 1997 ലെ ലോക ബാങ്കിന്റെ വികസന രേഖയില്‍ വ്യക്തമായി പറഞ്ഞ ഒരു കാര്യം , വികസിത രാജ്യത്തെ സര്‍ക്കാരുകളുടെ വികസന നയം, വിപണിയെ എത്രത്തോളം സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാക്കാം എന്നതായിരിക്കണം എന്നാണ്. എന്നാല്‍ പലപ്പോഴും അത്ര എളുപ്പത്തില്‍ വിപണിവല്‍കരണം നടപ്പിലാക്കാന്‍ കഴിയില്ല. ഇതിനര്‍ത്ഥം സര്‍ക്കാറിന് താല്‍പര്യം ഇല്ല എന്നല്ല, മറിച്ച് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ല വിപണി വല്‍കരണം എന്നതു തന്നെയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ഓരോ ബജറ്റും ഇതിലേക്കുള്ള നയങ്ങല്‍ ആണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് . ബജറ്റിലെ ആദ്യ ഭാഗത്തില്‍ വിശദീകരിക്കുന്ന സാമൂഹിക സേവന പദ്ധതികള്‍ ശരിക്കും പറഞ്ഞാല്‍ സര്‍ക്കാര്‍ പൊതുജനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്നു എന്ന് പ്രചരിപ്പിക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും മുന്നോട്ടു വയ്ക്കുന്നില്ല.

 


 

ജനകീയ മുഖം എന്ന കാപട്യം
ബജറ്റിലെ ജനകീയ മുഖം എന്നത് ആദ്യ ഭാഗത്തെ പ്രഖ്യപനങ്ങള്‍ മാത്രമാണ്, രണ്ടാം ഭാഗത്താണ് ശരിക്കും പറഞ്ഞാല്‍ എല്ലാ ധനമന്ത്രി മാരും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് , കാരണം രണ്ടാം ഭാഗത്തെ നയങ്ങള്‍ ആണ് രാജ്യത്തെ സാമ്പത്തിക ശക്തികളെ സംരക്ഷികുകയും എന്നാല്‍ വേണ്ടി വന്നാല്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് . ഈ കാര്യത്തില്‍ ധനമന്ത്രിമാര്‍ പലപ്പോഴും വളരെ ശ്രദ്ധാലുക്കളാണ് . കോര്‍പ്പറേറ്റ് നികുതിയിളവുകള്‍, കമ്പനികള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സഹായം എല്ലാം തന്നെ പ്രഖ്യാപിക്കുന്നത് ഈ രണ്ടാം ഭാഗത്താണ്., ഈ ഭാഗം വായിച്ചു തുടങ്ങുബോള്‍ മുതലാണ്, ടി വി ചാനലുകളില്‍ ഓഹരി വിപണി സുചികയിലുള്ള വ്യത്യാസം കാണിച്ചു തുടങ്ങൂന്നത്, അതായത് സാമ്പത്തിക മേഖല പ്രതികരിച്ചു തുടങ്ങുന്നു എന്ന് അര്‍ഥം. ഇത്തരം പ്രതികരണങ്ങളെ അടിസ്ഥാനപെടുത്തിയാണ് ബജറ്റുകള്‍ തയ്യാറാകുന്നത് , അതുകൊണ്ട് തന്നെ അവ എത്രത്തോളം ജനകീയമാകും എന്നത് രാഷ്ടീയമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ഈ വര്‍ഷത്തെ ദേശീയ ബജറ്റില്‍, പ്രതിരോധത്തിനായി മൊത്തം ബജറ്റിന്റെ 12 ശതമാനത്തോളം ചിലവാക്കുന്നുണ്ട് , എന്നാല്‍ ആരോഗ്യ മേഖലക്കായി 2.2 ശതമാനം മാത്രമാണ് നീക്കി വച്ചിരിക്കുന്നത് . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതി, ഇന്ദിര ആവാസ് യോജന തുടങ്ങിയ പദ്ധതികള്‍ക്ക് മൊത്തം ബജറ്റ് ചിലവിന്റെ 4.1 ശതമാനം മാത്രമാണ് നീക്കി വച്ചിരിക്കുന്നത് . ഇതിനോടൊപ്പം , ചേര്‍ത്തു വായിക്കേണ്ട മറ്റു ചില കണക്കുകളും ഉണ്ട്, അതില്‍ പ്രധാനപെട്ടത് 55,00,000 കോടിരൂപയുടെ വികസന ഫണ്ട് ആണ്.

ഇതില്‍ 47 ശതമാനം സ്വകാര്യ സംരംഭകരുടേതാണ്. മാത്രവുമല്ല, സ്വകാര്യ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുവദിക്കുന്ന വര്‍ദ്ധിച്ച പ്രധാന്യവും സ്വകാര്യാ മേഖലയെ ശക്തിപ്പെടുത്തന്‍ ഉപകരിക്കും. ഈ കണക്കുകളിലുടെ മനസിലാവുന്ന ഒരു കാര്യം, നമ്മുടെ സാമ്പത്തിക വ്യവഹാരങ്ങളില്‍ നിന്ന് ദാരിദ്യ്രനിര്‍മാര്‍ജനം, അടിസ്ഥാന മേഖലയിലെ തൊഴില്‍ വികസനം എന്നിവ വളരെ വേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു . ഇത്തരം സാമ്പത്തിക സമീപനം കൊണ്ട് സര്‍ക്കാര്‍ നടപ്പിലാകാന്‍ ശ്രമിക്കുന്ന നയം എന്താണ്?

പലപ്പോഴും പാര്‍ലമെന്ററി രീതിശാസ്ത്ര പ്രകാരം നടക്കുന്ന ചര്‍ച്ചകളില്‍ ഇത്തരം ചോദ്യങ്ങള്‍ ഇടം പിടിക്കില്ല കാരണം, ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട സാമൂഹിക ബാധ്യത ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മേലും ഇല്ല, അതു കൊണ്ട് തന്നെ, സര്‍ക്കാരിന്റെ, വികസന നയം സര്‍ക്കാര്‍ ചെലവ് കുറയ്ക്കുക എന്നതിനപ്പുറം പോകാറില്ല.

 

 
കേരള സര്‍ക്കാറിന്റെ നയം
കേരള സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ബജറ്റ് തുടങ്ങുന്നത് തന്നെ ദേശീയ ശരാശരിയെക്കാള്‍ 3.31 ശതമാനം അധിക വളര്‍ച്ച മൂലം 9.51 ശതമാനം കേരളം സാമ്പത്തിക വളര്‍ച്ച നേടി എന്നു പറഞ്ഞു കൊണ്ടാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ വളര്‍ച്ചാ നിരക്ക് പുതുമയുള്ള ഒന്നല്ല, കാരണം, ഉല്‍പാദന മേഖലയല്ല കേരളത്തില്‍ സാമ്പത്തിക വളര്‍ച്ചയെ നിര്‍ണയിക്കുന്നത്, മറിച്ച് വിപണിയാണ്. ഇങ്ങനെ പറയാന്‍ കാരണം സാമ്പ്രദായിക രീതിശാസ്ത്രം അനുസരിച്ചു ഉല്‍പ്പാദന മേഖല വികസിക്കാത്ത ഒരു സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകണം എന്നുണ്ടെങ്കില്‍ ആ വികസനം പഠന വിധേയമാക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ ഉണ്ടാകുന്ന 9.51 സാമ്പത്തിക വളര്‍്ച്ച, കേരളത്തിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അപര്യയപ്തമാണ്.

ഇനി കേരളം ഈ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണം എങ്കില്‍ വിപണിയിലേക്ക് പണത്തിന്റെ ഒഴുക്ക് ഉണ്ടാകണം. ഇന്ന് കേരളത്തില്‍ സാമ്പത്തിക വളര്‍ച്ചയെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് കേരള സര്‍ക്കാറിനു തന്നെയാണ്. കാരണം സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വലിയ ശതമാനം ജീവനക്കാരാണ് ഈ വിപണിയെ നിലനിര്‍ത്തുന്നത്. പിന്നെയുള്ളത് സ്വകാര്യ മേഖലയും, വിദേശ പണവുമാണ്. അത് കൊണ്ട് തന്നെ കേരളത്തിലെ സാമ്പത്തിക വളര്‍ച്ച ഒരു അളവു കോലല്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നടത്തിപ്പിനപ്പുറം കേരള സര്‍ക്കാര്‍ ബജറ്റും ഒന്നും പുതിയതായി വെക്കാനില്ല.

കേവലം ഒരു ബജറ്റ് വിശകലനം എന്ന നിലക്കല്ല ഈ കാഴ്പ്പപാടുകള്‍ അവതരിപ്പിക്കുന്നത്, പകരം സര്‍ക്കാര്‍ ഒരു വികസന ഏജന്‍സി എന്ന നിലയില്‍ നിന്ന് മാറുന്ന പ്രക്രിയ എത്രത്തോളം പൊതു സമൂഹത്തിന് ബോധ്യമാകുന്നു എന്ന് പറയാനാണ്. സര്‍ക്കാര്‍ വികസന ചിലവുകള്‍ക്ക പണം ഇല്ല എന്നു പറയുബോള്‍ വിശ്വസിക്കാന്‍ പാകത്തില്‍ നമ്മുടെ പൌരബോധം പരിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ രണ്ടു ബജറ്റിലും ദാരിദ്യ്രത്തെ പറ്റി കാര്യമായ വിവരണം ഇല്ല. വിലക്കയറ്റം, അടിസ്ഥാന വികസന മേഖലയിലെ പിന്നോക്കാവസ്ഥ തുടങ്ങിയ ഒന്നും തന്നെ സ്പര്‍ശിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു.

ഈ മാറ്റം ജനാധിപത്യത്തിനു ഭീഷണിയാണ്. കാരണം സര്‍ക്കാറിന്റെ സാമ്പത്തിക താല്‍പര്യമനുസരിച്ച വികസന പദ്ധതികള്‍ മാത്രം ആവിഷ്കരിക്കാന്‍ തുടങ്ങിയാല്‍, ഭുരിപക്ഷം വരുന്ന ജനവിഭാഗം വികസനത്തിന് പുറത്താകും. അതുകൊണ്ട് തന്നെയാണ് സര്‍ക്കാറിന്റെ കമ്മി കുറക്കുക എന്ന കാര്യത്തില്‍ എല്ലാ ധന മന്ത്രിമാരും യോജിക്കുന്നത്. ധനകമ്മി എന്നത് വികസന മൂലധം കുടിയാണ് എന്ന കാര്യം ആരും ഗൌരവമായി കാണാറില്ല.

അത് കൊണ്ടാണ് കേരളത്തില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നഷ്ടമാണ് എന്ന കണക്കുണ്ടാകുന്നത് . കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍ത്തലാക്കിയാല്‍ പൊതു ജനത്തിന്റെ ജീവിത ചെലവ് കുടും എന്ന സാമാന്യ യുക്തി അപ്രസക്തമാകുന്നു. പണം കണ്ടെത്തി കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തേണ്ട ബാധ്യത സര്‍ക്കാറിന് ഉണ്ട് എന്ന വസ്തുതയും വിസ്മരിക്കപെടുന്നു.

ഓരോ കൊല്ലവും സാമുഹിക വികസനത്തിനായി ചിലവാക്കുന്ന തുക കുറയുന്നു എന്ന വസ്തുതയും കേന്ദ്രസര്‍ക്കാറിന്റെ ബജറ്റില്‍ വ്യക്തമാണ്. എന്നാല്‍ അവയൊന്നും തന്നെ, പൊതു പ്രശ്നമായി അവതരിപ്പിക്കാന്‍ രാഷ്ട്രീയ പാര്ട്ടികള്‍ക്കും കഴിയാറില്ല. സമ്പന്ന സര്‍ക്കാര്‍ എന്നത് ആരുടെ ആവശ്യമാണ്? ഇത്തരം ചോദ്യങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ഉയര്‍ന്നു വരാറില്ല.
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *