ഒരിന്ത്യന്‍ കാണിക്ക് അര്‍ജന്റീനയോടു തോന്നുന്നത്
മറഡോണയും കനീജിയയും പന്തുമായി കുതിക്കുമ്പോള്‍ ഞങ്ങള്‍ ഉദ്വേഗഭരിതരായി. കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയും കാമറൂണിന്റെ റോജര്‍ മില്ലയും ഗുള്ളിറ്റും വാള്‍ഡറാമയുമെല്ലാം മനസ്സില്‍ കുടിയേറി. മെക്സിക്കോ ലോകകപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറഡോണയുടെ കാലില്‍ പന്തെത്തുമ്പോഴെല്ലാം, അതുവരെ കാണാത്തൊരു പുതുജീവന്‍ ആ മല്‍സരത്തിന് കൈ വരുന്നതായി തോന്നി-കെ. സുരേഷ്കുമാറിന്റെ അര്‍ജന്റീനാ പ്രണയക്കുറിപ്പുകള്‍
വീട്ടിലും അയല്‍പ്പക്കത്തും ടി.വിയില്ലാത്തതിനാല്‍ 1986ലെ മെക്സിക്കോ ലോകകപ്പ് ഫുട്ബോള്‍ ലൈവായി കാണാന്‍ കഴിയാതെ പോയ ഹതഭാഗ്യനാണ് ഇതെഴുതുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോളും വിവാദ ഗോളും പിറന്ന ഈ ടൂര്‍ണമെന്റില്‍ ഡീഗോ അര്‍മാന്റോ മറഡോണയെന്ന അര്‍ജന്റീനന്‍ താരത്തിന്റെ കാല്‍പ്പെരുമാറ്റം കണ്ട് ലോകം കോരിത്തരിച്ചു. സ്വന്തം ശരീരത്തിലെ ഒരവയവം പോലെ പന്തിനെ തന്റെ ഇംഗിതത്തിനാപ്പം അനായാസം ചലിപ്പിച്ച ആ കുറിയ മനുഷ്യന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ അര്‍ജന്റീന ചരിത്രത്തിലാദ്യമായി ലോകകിരീടം ചൂടിയ വാര്‍ത്ത മാതൃഭൂമി പത്രത്തിന്റെ സ്പോര്‍ട്സ് പേജിലൂടെയാണ് ഞാന്‍ അറിയുന്നത്.
തൊട്ടടുത്ത വര്‍ഷം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നെഹ്റു കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ ഒമ്പതു വയസ്സുകാരനായ ഞാന്‍ അച്ഛനോടൊപ്പം പോയിരുന്നു. സി.വി പാപ്പച്ചനും ശിശിര്‍ ഘോഷും ബികാസ് പാഞ്ചിയുമെല്ലാം അണിനിരന്ന ഇന്ത്യന്‍ ടീമിന്റെ കളികാണാനാണ് ആഗ്രഹിച്ചതെങ്കിലും റഷ്യ^റുമാനിയ മല്‍സരമാണ് കാണാനൊത്തത്. ജീവിതത്തിലാദ്യമായി നേരില്‍ കാണുന്ന വലിയൊരു ഫുട്ബാള്‍ മല്‍സരമായിരുന്നു അത്. പച്ചപ്പുല്‍ത്തകിടിയില്‍ ബൂട്ടു കെട്ടാനിറങ്ങിയ വെള്ളക്കാരില്‍ ആജാനബാഹുവായ റഷ്യന്‍ ഗോളി ഗാരിന്‍ ദിമിത്രിയുടെ പ്രകടനം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
ഇറ്റാലിയ ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വീട്ടില്‍ ടി.വി എത്തി. പിന്നീടുള്ള രാത്രികള്‍ ഉല്‍സവത്തിന്റേതായിരുന്നു. ഫുട്ബോളും ക്രിക്കറ്റും വോളിബോളും നന്നായി അറിയാവുന്ന, ആസ്വദിക്കുന്ന ആളായിരുന്നു അച്ഛന്‍. പാതിരാത്രി വരെ നീണ്ട മല്‍സരങ്ങള്‍ ഒന്നൊഴിയാതെ ഞങ്ങള്‍ കണ്ടു. അയല്‍പ്പക്കത്തുള്ളവരും കാണികളായി എത്തിയതോടെ വീടിന്റെ കോലായ നിറഞ്ഞു. എല്ലാവരും അര്‍ജന്റീനയുടെ ആരാധകര്‍. മറഡോണയും കനീജിയയും പന്തുമായി കുതിക്കുമ്പോള്‍ ഞങ്ങള്‍ ഉദ്വേഗഭരിതരായി. മറഡോണ മാത്രമല്ല കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയും കാമറൂണിന്റെ റോജര്‍ മില്ലയും ഗുള്ളിറ്റും വാള്‍ഡറാമയുമെല്ലാം മനസ്സില്‍ കുടിയേറി. ശരാശരി ടീമായിട്ടു പോലും അര്‍ജന്റീന ഫൈനല്‍ വരെയെത്തിയത് മറഡോണയുടെ സാന്നിധ്യം ഒന്നു കൊണ്ടു മാത്രമായിരുന്നു. മെക്സിക്കോ ലോകകപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറഡോണയുടെ കാലില്‍ പന്തെത്തുമ്പോഴെല്ലാം, അതുവരെ കാണാത്തൊരു പുതുജീവന്‍ ആ മല്‍സരത്തിന് കൈ വരുന്നതായി തോന്നി. ഒടുവില്‍ കലാശക്കളിയില്‍ ജര്‍മനിയോട് പരാജയപ്പെട്ടപ്പോള്‍ മറഡോണ കരഞ്ഞു. കാണികളായ ഞങ്ങളുടെ കണ്ണുകളിലും പടര്‍ന്നു, ആ നനവ് .
മറഡോണ അന്ന് സമ്മാനിച്ച ആ ആരാധകവൃന്ദം ഇന്നും അര്‍ജന്റീനക്കൊപ്പമുണ്ട്. മഹാപ്രതിഭകള്‍ക്ക് എന്നും സംഭവിച്ചു പോന്നിട്ടുള്ള ജീവിത ദുരിതങ്ങള്‍ മറഡോണയുടെ വ്യക്തി ജീവിതത്തില്‍ അപഥ സഞ്ചാരത്തിന്റെയും മയക്കുമരുന്നിന്റെയും രൂപത്തില്‍ കടന്നു വന്നെങ്കിലും ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍ കാല്‍പ്പനിക സുന്ദരമായ ആ കേളീമികവ് ഇന്നും നിലനില്‍ക്കുന്നു. മറഡോണ യുഗത്തിനു ശേഷം അര്‍ജന്റീനക്ക് പിന്നീടൊരിക്കലും ലോകകിരീടം ചൂടാന്‍ കഴിഞ്ഞിട്ടില്ല.
യൂറോപ്യന്‍ പവര്‍ ഗെയിം ലോക ഫുട്ബോളില്‍ ആധിപത്യം പുലര്‍ത്തിയപ്പോഴും അര്‍ജന്റീന കാല്‍പ്പനിക ഫുട്ബോളിനെ എന്നും നെഞ്ചിലേറ്റി. ഏറ്റവും കൂടുതല്‍ തവണ ലോകകിരീടം ചൂടിയ ബ്രസീല്‍ പോലും സൌന്ദര്യത്തെ കൈവിട്ട് കരുത്തിന്റെ ബലത്തിലാണ് പലപ്പോഴും ഉയരങ്ങള്‍ താണ്ടിയത്.
അര്‍ജന്റീനയോടുള്ള ഇന്ത്യക്കാരുടെ തീരാത്ത ആരാധനയാണ് കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ കണ്ടത്. മറഡോണക്ക് തുല്യനായ ലയണല്‍ മെസ്സിയെ കാണാന്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം തിങ്ങിനിറഞ്ഞു. അര്‍ജന്റീനയും വെനിസ്വേലയും ഏറ്റുമുട്ടിയ രാജ്യാന്തര പ്രദര്‍ശന മല്‍സരത്തിന് വന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടും അതെല്ലാം അവഗണിച്ച് കാണികള്‍ ഒഴുകിയെത്തി. സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ മെസ്സി നായക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള പ്രഥമ മല്‍സരമെന്ന പ്രാധാന്യവും ഇതിനുണ്ടായിരുന്നു. ലോകനിലവാരമുള്ള ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് എന്നും കാണികളാാന്‍ മാത്രമാവാന്‍ വിധിക്കപ്പെട്ട ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വന്‍കിട മല്‍സരം അരങ്ങേറുന്നത്. ടെസ്റ്റ് ക്രിക്കറ്റും വണ്‍ഡേയും ഐ.പി.എല്ലും മാത്രം തകര്‍ത്താടുന്ന ഇന്ത്യന്‍ മണ്ണില്‍ യുവജനത അര്‍ജന്‍ീനയെ വരവേറ്റത് നിറമനസ്സോടെ തന്നെയായിരുന്നു. ഒളിമ്പ്യന്‍ റഹ്മാനും ഐം.എം വിജയനും ബൈചുങ് ബൂടിയയുമെല്ലാം ഇന്ത്യക്കാരുടെ ഫുട്ബോള്‍ പ്രണയത്തിന് രാജ്യാന്തര വിജയങ്ങളുടെ സാഫല്യം നല്‍കാതിരുന്നതിനാല്‍ മെസിയെ പ്പോലുള്ള താരങ്ങള്‍ അവരുടെ ആരാധനാ മൂര്‍ത്തികളായി.
ലോകത്ത് ഏറ്റവും ആരാധകരുള്ള ഫുട്ബോള്‍ ടീം അര്‍ജന്റീനയുടേതാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നടന്ന മല്‍സരം തന്നെ ഇതിന് അടിവരയിടുന്നു. ലയണല്‍ മെസ്സിയും ഹിഗ്വെയ്നുമടങ്ങുന്ന താരനിര വെനിസ്വേലക്കെതിരെ ഒരു ഗോള്‍ ജയം നേടിയെങ്കിലും അര്‍ജന്റീനയുടെ പ്രതിഭാ സമ്പന്നതക്കൊത്ത പ്രകടനമൊന്നും അന്ന് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ കാല്‍പ്പനിക ചാരുത ഈ മല്‍സരത്തിലും ദൃശ്യമായിരുന്നു. ലോക ഫുട്ബാളില്‍ എക്കാലത്തും ആധിപത്യം പുലര്‍ത്തുന്ന ബ്രസീലിനു പോലും അവകാശപ്പെടാനാവാത്തതാണ് സൌന്ദര്യാത്മക ഫുട്ബോളിനോട് അര്‍ജന്റീന കാട്ടുന്ന സമീപനം.
ഇന്ത്യയിലെ കാണികളും മാധ്യമങ്ങളും അര്‍ജന്റീനയെ അത്യന്തം ഹൃദ്യമായി വരവേറ്റത് കാലുകളില്‍നിന്ന് കാലുകളിലേക്ക് കോര്‍ത്തെടുത്ത് വല നെയ്യന്നതു പോലെ പന്തു പായിക്കുന്ന അതിസുന്ദരമായ ആ കളിയോടുള്ള ആരാധന കൊണ്ടു മാത്രമാണ്. അര്‍ജന്റീനക്കു പകരം മറ്റൊരു ടീമായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇത്ര വലിയൊരു ആവേശം ഉണ്ടാവുമായിരുന്നോ എന്ന് സംശയമാണ്.
നൂറ്റാണ്ടിന്റെ താരമായ ഡീഗോ മറഡോണയുടെ, മെക്സിക്കോ ലോകകപ്പിന്റെ ഇതിഹാസ തുല്യമായ പ്രകടനത്തിന്റെ വീഡിയോ ക്ലിപ്പിങുകള്‍ കാണാന്‍ കൊതിക്കുന്നഈ ലേഖകനെപ്പോലെ തന്നെയാണ് ഇന്ത്യയിലെ ഓരോ കാണിയും അര്‍ജന്റീനയെ സ്നേഹിക്കുന്നത്. ലയണല്‍ മെസ്സി കഴിഞ്ഞ ലോകകപ്പില്‍ ഒരുഗോള്‍ പോലും നേടിയില്ലെങ്കിലും ആ താരസാന്നിധ്യവും കളത്തിനു പുറത്ത് കോച്ചിന്റെ കുപ്പായമിട്ട മറഡോണയുടെ മുഖത്തെ ഭാവപ്പകര്‍ച്ചകളുമായിരുന്നല്ലോ അന്നത്തെ ഏറ്റവും മികച്ച കാഴ്ചകള്‍.


Indian has played hockey in wonderfull style in the same approach as that of Argentines in football.But that has spoiled the chances of the team in olympics and we couldnt beat European’s power power game.
good article…
nice….
Gurujeee……..nannayirikkunnu…………..viramikkal matti thirichu vannathu nammalodu paranjillallo……
sorry…. vayichu vimarshikkan madikkenda
suresh is a budding writer.the piece lacks some punch in language.any way all the best