“നമ്പൂതിരിപ്പാടിനെ നമ്പൂതിരി എന്ന് വിളിക്കുകയോ?” — ചില പപ്പീലിയോ ബുദ്ധ കാഴ്ചകൾ

 
 
 
 
കാണുംമുമ്പേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജയന്‍ ചെറിയാന്റെ പപ്പീലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് കണ്ടതിനു ശേഷവുമുണ്ടായി ഏറെ ചര്‍ച്ചകള്‍..
ആ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ വായിക്കുന്നു, കെ.എസ് സുദീപ്

 
 

സംശയം / വിമർശനം പ്രസക്തമായി കരുതുമ്പോൾത്തന്നെ, പീഡനങ്ങളുടെ ഈ ചിത്രീകരണം ‘പുരോഗാമി’ എന്ന് സ്വയം അഹങ്കരിക്കുന്ന, ജാതി എന്നത് കേരളത്തിൽ പണ്ടുണ്ടായിരുന്നതും ബീഹാറിലും തമിഴ് നാട്ടിലുമൊക്കെ ‘ഇപ്പോഴും’ നിലനിൽക്കുന്നതുമായ ഒരു കാര്യമായി മനസ്സിലാക്കുന്ന, ‘മലയാളി’യുടെ അഹങ്കാരത്തെ തകർക്കുക എന്നൊരു ദൗത്യം ചെറുതായെങ്കിലും നിർവ്വഹിക്കുന്നുണ്ടെങ്കിൽ അത്രയും നല്ലത് എന്നും ഞാൻ കരുതുന്നു. കേരളത്തിനു പുറത്തുനിന്നുള്ള ദളിത്‌ പീഡനങ്ങളുടെ റിപ്പോർട്ടുകൾ / വിഷ്വലുകൾ കണ്ട് ‘അതാ ദളിത്‌ പീഡനം’ എന്ന് നമുക്ക്‌ രോഷം കൊണ്ട് കോൾമയിർ കൊള്ളുന്ന അത്ര സുഖമുള്ള കാര്യമല്ലല്ലോ കേരളത്തിൽ നടക്കുന്ന പീഡനങ്ങളെ കാണുകയും കേൾക്കുകയും പറയുകയും ചെയ്യേണ്ടിവരുന്നത്- സുദീപ് കെ എസ് എഴുതുന്നു

 

 

പപ്പീലിയോ ബുദ്ധ എന്ന സിനിമയുടെ ഒരു സ്ക്രീനിങ് ഉണ്ടായിരുന്നു ഒരു മാസം മുമ്പ് കോഴിക്കോട്ട്. അന്ന് പടം മുഴുവന്‍ കാണാന്‍ പറ്റിയില്ല. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമന്‍ എന്നെയും കൊണ്ട് പുറത്തിറങ്ങി.

രണ്ടാഴ്ച കഴിഞ്ഞ് പടം റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ പോയി കണ്ടു. അത് കുറെ വെട്ടിമുറിച്ച, കുറെ blur ചെയ്ത, കുറെ mute ചെയ്ത മറ്റൊരു സിനിമ തന്നെയായിരുന്നു.

ഈ രണ്ടു സിനിമകളുടെയും പേര് ഒന്നുതന്നെയായതുകൊണ്ട് രണ്ടിനെപ്പറ്റിയുമാണ് ഇനി പറയുന്ന കാര്യങ്ങള്‍. സിനിമയെപ്പറ്റി മാത്രമല്ല. ഈ സിനിമയെ / സിനിമകളെ കണ്ട പലരുടെയും കാഴ്ചകളെപ്പറ്റിയും കൂടിയാണ്. (കാഴ്ചകളല്ലാതെ എന്ത്‌ സിനിമ എന്നും വേണമെങ്കിൽ ചോദിക്കാം).

 

 

ശ്വാസം മുട്ടലുകളും ഗാന്ധിവിമർശനവും

പല തവണ സിനിമ കണ്ട സംഗീതകാരനും ദളിത്‌ ചിന്തകനുമായ അജിത്‌ കുമാര്‍ എ എസ് തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് മെസേജിൽ പറഞ്ഞു : “ജാതിയെ അഭിസംബോധന ചെയ്യുന്ന ഒരു സിനിമയെന്ന നിലയില്‍ അത് പുറത്തുവരണമെന്നും എല്ലാവരും കാണണമെന്നും ഉള്ള ബോധത്തില്‍ അതിനെ പിന്തുണയ്ക്കുന്നുവെങ്കിലും ഒരു ദലിത് പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട് എന്ന് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും തെറ്റിദ്ധരിക്കപ്പെടുമെന്നു കരുതി അടക്കി വച്ചിരിക്കുകയായിരുന്നു. ഒരുപാട് സ്ഥലങ്ങളില്‍ ആ സിനിമ എന്നെ ശ്വാസം മുട്ടിച്ചു. ദലിത് ഭൂമിപ്രശ്നത്തെക്കുറിച്ചും ദലിത് ശരീരങ്ങളെക്കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചും ഒക്കെ ഒരുപാട് വീക്ഷണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കി..”

ഈ അസ്വസ്ഥതകള്‍ അജിത്‌ പങ്കുവച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ദലിത് ഭൂമിപ്രശ്നത്തെക്കുറിച്ചും ദലിത് ശരീരങ്ങളെ കുറിച്ചും ഐഡന്റിറ്റിയെക്കുറിച്ചും ഒക്കെ കാലാകാലമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരുപാട് പൊതുബോധങ്ങള്‍ ഈ ചിത്രം എഴുതുകയും സംവിധാനം ചെയ്ത ജയന്‍ ചെറിയാനും (ഇതെഴുതുന്ന ഞാനും) ഉള്‍പ്പെടുന്ന ദളിതരല്ലാത്ത മലയാളികള്‍ പങ്കുവയ്ക്കുന്നുണ്ടാവുക സ്വാഭാവികമാണ്. ദളിതരില്‍ ചിലര്‍ തന്നെയും അത്തരം ചില പൊതുബോധങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടാവാം.

‘ബോധ്യപ്പെട്ടാല്‍ എന്റെ അഭിപ്രായങ്ങള്‍ തിരുത്തുന്നതായിരിക്കും’ എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് അജിത്‌ അവിടെ ചില ചോദ്യങ്ങൾ ചോദിച്ചത്. സിനിമ(കൾ) കണ്ടിടത്തോളം വച്ച് അജിത്‌ ഉന്നയിച്ച കാര്യങ്ങൾ പ്രധാനമാണെന്ന് ഞാൻ കരുതുകയും ചെയ്യുന്നു.

അതിൽ ചെറിയ വിയോജിപ്പുള്ള ഒരു കാര്യം, “ഗാന്ധിവിമര്‍ശനം ഇടതു വിമര്‍ശനത്തെ ലഘുവാക്കാന്‍ വേണ്ടിയല്ലേ?” എന്ന സംശയത്തിന് / ചോദ്യത്തിന് ‘അല്ല’ എന്നാണ് എനിക്ക് തോന്നുന്ന ഉത്തരം. കേരളത്തില്‍ ഗാന്ധി ഇപ്പോഴും പൊതുവേ സ്വീകാര്യനായ, ആദര്‍ശത്തിന്റെ ആള്‍രൂപമായ ഒരു നേതാവായിട്ടാണ് നിലകൊള്ളുന്നത്. ഗാന്ധിക്കെതിരെയുള്ള ഇടതുവിമര്‍ശനങ്ങള്‍ പലപ്പോഴും വളരെയേറെ ദുര്‍ബ്ബലമായിരുന്നു താനും. ശക്തമായ ദളിത്‌ വിമര്‍ശനങ്ങള്‍ ‘ഗാന്ധി’ എന്ന വിഗ്രഹത്തിനുനേരെ ഉണ്ടായിട്ടുണ്ടെങ്കിലും (അതില്‍ ഏറ്റവും പ്രശസ്തം അംബേദ്‌കറുടെ വിമര്‍ശനങ്ങൾ തന്നെ) കേരളത്തില്‍ അതൊന്നും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് മാര്‍ക്സ് / ഈ എം എസ് വിഗ്രഹങ്ങളോടൊപ്പം തന്നെ ഗാന്ധിവിഗ്രഹവും തകരേണ്ടത് കേരളത്തില്‍ ഒരാവശ്യമാണ് എന്ന് ഞാന്‍ കരുതുന്നു.

 

 

പീഡനദൃശ്യങ്ങൾ

തന്റെ സ്റ്റാറ്റസ് മെസേജിലും അതിനുശേഷം ‘റൌണ്ട് ടേബിള്‍ ഇന്ത്യ’യില്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തിലും ദലിത് പീഡനങ്ങളെ eroticize ചെയ്യുകയാണോ ഈ സിനിമ ചെയ്യുന്നത് എന്നും അജിത്‌ കുമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്: (“I think it eroticizes the violence against Dalits and makes it enjoyable for the upper class/middle class sympathizers of Dalit issues. It gives a possibility of sympathizing over the violence of caste. Dalit bodies are just sites of violence, the film revolves around the atrocities and focuses mainly on the failures.” – ലേഖനത്തിൽ നിന്ന്).

ദിലീപ് രാജും തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ സമാനമായ ഒരു സംശയം ഉന്നയിക്കുന്നു : “ഫാനന്‍ പറഞ്ഞ പോലെ ദൈന്യവും പീഡനവും കണ്ടു അനുതപിക്കാന്‍ വരുന്ന അദലിത് കാഴ്ചക്കാര്‍ക്ക് അതിനു തന്നെ അവസരം ഉണ്ടാക്കി കൊടുക്കുന്നതില്‍ ഇല്ലേ ഒരു പീഡാമാത്ര കാഴ്ചാചുരുക്കം?”

ഈയൊരു സംശയം / വിമർശനം പ്രസക്തമായി കരുതുമ്പോൾത്തന്നെ, പീഡനങ്ങളുടെ ഈ ചിത്രീകരണം ‘പുരോഗാമി’ എന്ന് സ്വയം അഹങ്കരിക്കുന്ന, ജാതി എന്നത് കേരളത്തിൽ പണ്ടുണ്ടായിരുന്നതും ബീഹാറിലും തമിഴ് നാട്ടിലുമൊക്കെ ‘ഇപ്പോഴും’ നിലനിൽക്കുന്നതുമായ ഒരു കാര്യമായി മനസ്സിലാക്കുന്ന, ‘മലയാളി’യുടെ അഹങ്കാരത്തെ തകർക്കുക എന്നൊരു ദൗത്യം ചെറുതായെങ്കിലും നിർവ്വഹിക്കുന്നുണ്ടെങ്കിൽ അത്രയും നല്ലത് എന്നും ഞാൻ കരുതുന്നു. കേരളത്തിനു പുറത്തുനിന്നുള്ള ദളിത്‌ പീഡനങ്ങളുടെ റിപ്പോർട്ടുകൾ / വിഷ്വലുകൾ കണ്ട് ‘അതാ ദളിത്‌ പീഡനം’ എന്ന് നമുക്ക്‌ രോഷം കൊണ്ട് കോൾമയിർ കൊള്ളുന്ന അത്ര സുഖമുള്ള കാര്യമല്ലല്ലോ കേരളത്തിൽ നടക്കുന്ന പീഡനങ്ങളെ കാണുകയും കേൾക്കുകയും പറയുകയും ചെയ്യേണ്ടിവരുന്നത്.

(ടുണീഷ്യൻ ‘മുല്ലപ്പൂ’ വിപ്ലവത്തിൽ ഒരു വീഡിയോ പരക്കെ ഷെയർ ചെയ്തുകൊണ്ടുള്ള ഒരു കമന്റ് ഓർമ്മയിലെത്തുന്നു : “You don’t want to see this, it’s horrible, but you must. You have a moral obligation to look at what is happening in your country.’“John Pollock, How Egyptian and Tunisian youth hacked the Arab Spring )

 

 

രാഷ്ട്രീയമോ സിനിമയോ കൂടുതൽ ജീവനുള്ളത്?

ദിലീപ് രാജ് തന്റെ കുറിപ്പില്‍ പറയുന്ന മറ്റൊരു കാര്യം, “ഇവിടെ ഈ സിനിമയേക്കാള്‍ ഒക്കെ സജീവവും സര്‍ഗാത്മകവുമായ ദളിത് രാഷ്ട്രീയം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.” അത് കേള്‍ക്കുമ്പോള്‍ എന്റെ ആദ്യത്തെ സംശയം, ഈ ‘താരതമ്യ’ത്തിന് എന്തെങ്കിലും സാംഗത്യമുണ്ടോ എന്നുതന്നെയാണ്. സജീവവും സര്‍ഗാത്മകവുമായ ദളിത് രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നത് കാണുന്ന (ദളിതനല്ലാത്ത) ഒരു നിരീക്ഷകന്‍ ഈ ഉരുത്തിരിയലുകളെ തന്റേതായ രീതിയില്‍ മനസ്സിലാക്കാനും രേഖപ്പെടുത്താനും നടത്തുന്ന ഒരു ശ്രമമായിട്ടാണ് ഞാന്‍ ഈ സിനിമയെ മനസ്സിലാക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ആ രാഷ്ട്രീയത്തെക്കാള്‍ സജീവമോ സര്‍ഗ്ഗാത്മകമോ ആകണം സിനിമ എന്നൊരു പ്രതീക്ഷയ്ക്ക് (അങ്ങനെ ഒരു പ്രതീക്ഷയില്‍ നിന്നാണ് ഈ വാചകം വരുന്നതെങ്കില്‍) അര്‍ത്ഥമുണ്ടോ? അതുകൊണ്ടുതന്നെ, സമരങ്ങളെ അപേക്ഷിച്ച് സിനിമ പൊതുബോധം കുറെയൊക്കെ പിന്‍പറ്റുന്നതായോ എന്ന തോന്നലും വലിയ കാര്യമുള്ളതായി എനിക്ക് തോന്നുന്നില്ല. അതും തീര്‍ത്തും സ്വാഭാവികമല്ലേ? (ആ കുറിപ്പിനടിയിലെ കമന്റുകളിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു).

 

 

നമ്പൂതിരിപ്പാടിനെ നമ്പൂതിരി എന്ന് വിളിക്കുകയോ?!
മുഖ്യധാരാ ഇടതുപക്ഷത്തിനെതിരെയുള്ള വിമർശനം വല്ലാതെ മയപ്പെട്ടുപോയി എന്നാണ് തന്റെ ലേഖനത്തിൽ അജിത്‌ ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം. എന്നാൽ മയത്തിലുള്ള ഒരു വിമർശനം പോലും സഹിക്കാൻ പറ്റാത്ത ഒരു മുഖ്യധാരാ ഇടതുപക്ഷവും ആ ‘പക്ഷം’ നിർമ്മിച്ചെടുത്ത പല ധാരണകളെയും സ്വന്തം രക്തത്തിൽ അലിയിച്ചെടുത്ത ഒരു ജനതയും ഉള്ള ഈ നാട്ടിൽ ആ ധാരണകളെ ചോദ്യം ചെയ്യുന്നത്, അതെത്രതന്നെ മയത്തിലായാലും, ഏറെ പ്രസക്തമാണ് എന്നെനിക്കു തോന്നുന്നു.

സിനിമാസംവിധായകൻ കൂടിയായ സനൽകുമാർ ശശിധരൻ എഴുതിയ കുറിപ്പിൽ ഈ എം എസ്സിനെ സിനിമയിൽ ‘നമ്പൂതിരി’ എന്നു വിളിയ്ക്കുന്നതിനോടുള്ള പ്രതിഷേധം അണപൊട്ടിയൊഴുകുന്നത് എന്റെ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. (“..കേരളത്തിന്റെ സാമൂഹികസാംസ്കാരിക ചരിത്രം ഇത്തിരിയെങ്കിലും അറിയാവുന്ന ആർക്കും പൂണൂൽ പൊട്ടിച്ചെറിഞ്ഞ് സ്വന്തം തറവാടു സ്വത്ത് തൊഴിലാളിസംഘടനയ്ക്ക് തീറെഴുതിയ ഈ മനുഷ്യനെ നമ്പൂതിരി എന്ന ഒറ്റവാക്കുകൊണ്ട് ന്യൂനീകരിക്കാൻ സാധ്യമാണെന്ന് തോന്നുന്നില്ല.. സ്വത്വരാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ സ്വന്തം അണികളോട് ചരിത്രം മറച്ചുപിടിച്ച് അന്ധമായ ജാതി/സമുദായ സ്നേഹം കുത്തിവെച്ചുകൊണ്ട് ഇയാൾ നമ്പൂതിരിയാണെന്നും അതിനാൽ ശത്രുപക്ഷത്താണെന്നും ചൂണ്ടിപ്പറയുന്നുണ്ടാവും. അത് മനസിലാക്കാൻ പ്രയാസമൊന്നുമില്ല. എന്നാൽ രാഷ്ട്രീയനിലപാടുകളുള്ളതെന്ന് അവകാശവാദമുന്നയിക്കുന്ന ഒരു സിനിമയ്ക്ക് വസ്തുതകളെ ചവുട്ടിത്താഴ്ത്തി ഇഎംഎസിനെ നമ്പൂതിരിയും ഗാന്ധിജിയെ സ്വവർഗഭോഗിയും സവർണ നേതാവുമാക്കി മാറ്റാൻ എങ്ങനെ കഴിയുമെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല..”, പാപിലിയോ ബുദ്ധ എന്ന കുബുദ്ധിജീവി സിനിമ)

സിനിമയിൽ ഈ എം എസ്സിനെ നമ്പൂതിരി എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കുകയല്ല ചെയ്യുന്നത്. ഭൂമി വിതരണം ചെയ്യുന്ന സമയം വന്നപ്പോൾ അങ്ങേർ നമ്പൂതിരിയും നമ്മൾ പുലയന്മാരുമായി എന്നോ മറ്റോ ആണ് കരിയേട്ടൻ പറയുന്നത്. കേരളത്തിൽ കൊട്ടിഗ്ഘോഷിക്കപ്പെട്ട ഭൂപരിഷ്കരണത്തിനെതിരെ വസ്തുതകൾ ഉദ്ധരിച്ചുകൊണ്ടുതന്നെയാണ് (മറച്ചുവെച്ചുകൊണ്ടല്ല) ഈ ഒരു വിമർശനം ഉയർന്നിട്ടുള്ളത്. മുകുന്ദൻ പെരുവട്ടൂർ എഴുതിയ “കേരള ഭൂപരിഷ്കരണ നിയമം : ‘മാർക്സിസ്റ്റുകൾ’ തൊഴിലാളിവർഗ്ഗത്തെ വഞ്ചിച്ച ചരിത്രം” എന്ന പുസ്തകം വായിക്കപ്പെടേണ്ട ഒന്നാണ് എന്ന് ഞാൻ കരുതുന്നു. (ആ പേര് കേട്ടിട്ടില്ല എന്നോർത്ത് വിഷമിക്കേണ്ട — ഇതെഴുതുമ്പോൾ ഗൂഗിളിൽ തപ്പി നോക്കിയപ്പോഴും ഈ പുസ്തകത്തെപ്പറ്റി ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നതാണ് സ്ഥിതി).

ആദിവാസികളുടെ ഭൂമിവിഷയവും ഇതര ദളിതരുടെ ഭൂമിവിഷയവും ക്കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല, അവയെ രണ്ടായിത്തന്നെ കാണണം എന്നൊരു വാദവും സനൽകുമാർ ഉന്നയിക്കുന്നുണ്ട്‌. അതിൽ കാര്യമുണ്ടെന്നുതന്നെ ഞാനും കരുതുന്നു. എന്നാൽ ആദിവാസികൾ ‘പാവങ്ങളായ / നിസ്സഹായരായ മണ്ണിന്റെ മക്കൾ’ എന്നും ‘ബുദ്ധിജീവിക’ളാണ് ദളിത്‌ സ്വത്വരാഷ്ട്രീയത്തെ ആദിവാസി വിഷയവുമായി ഇല്ലാത്ത ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നുമൊക്കെയുള്ള ‘നിഷ്കളങ്കമായ’ അല്ലെങ്കിൽ ചരിത്രവിരുദ്ധമായ ആവലാതികളിൽ ചുറ്റിക്കറങ്ങുക വഴി ആ വിമർശനം ഗൗരവമുള്ള ഒന്നായി അനുഭവപ്പെടാതെ പോവുന്നു. (ഈയിടെ മുംബയിൽ നടന്ന ദളിത്‌ / ആദിവാസി സ്ത്രീകളുടെ സമ്മേളനത്തെപ്പറ്റി ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന ലേഖനം ഇവിടെ വായിക്കാം).

 

 

പ്രത്യക്ഷമാവുന്ന ജാതി

അജിത്‌ കുമാർ തന്റെ ലേഖനത്തിൽ നടത്തുന്ന മറ്റൊരു നിരീക്ഷണം ശ്രദ്ധേയമാണ് : “Everyone seems to be against caste as if all the progressives suddenly understand caste now.. it is a form of restructuring or crisis management of the modern-secular–liberal upper castes. All this points to the dilemmas and disturbances that the Dalit, Adivasi and Muslim political assertions have created in the political /cultural sphere in Kerala.” സിനിമകളിൽ പെട്ടെന്ന് പ്രത്യക്ഷമാവാൻ തുടങ്ങിയ ‘ജാതി’യെപ്പറ്റി മാത്രമല്ല, ‘ജാതിരഹിത കേരളം’ എന്ന മുദ്രാവാക്യം മുഖ്യധാരയിൽത്തന്നെ ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനെയും അജിത്‌ ഇതോടുചേർത്ത് വായിക്കുന്നുണ്ട്.

‘ജാതി’ എന്നത് തങ്ങൾക്ക് ഇനിയും കണ്ണടയ്ക്കാൻ കഴിയാത്ത ഒരു യഥാർത്ഥ പ്രശ്നമാണ് എന്നും വർഗ്ഗസമരം വിജയിക്കുന്നതോടെ ജാതിവിവേചനവും ഇല്ലാതാവും എന്ന പറഞ്ഞുപഴകിയ പല്ലവിയ്ക്ക് ഇനിയും ആളെക്കൂട്ടാൻ കഴിയില്ല എന്നുമുള്ള ഈ മതേതര / ആധുനിക / ഇടതുപക്ഷത്തിന്റെ തിരിച്ചറിവിനെ വേറൊരു വിധത്തിൽ അടയാളപ്പെടുത്തുക തന്നെയാണ് ആനന്ദ് പട്വർദ്ധന്റെ ‘ജയ്‌ ഭീം കോമ്രേഡ് ‘ എന്ന സിനിമയും ചെയ്തത്.

 

 

ബോധോദയങ്ങൾ

പപ്പീലിയോ ബുദ്ധയെപ്പറ്റി വായിച്ച കുറിപ്പുകളില്‍ / ലേഖനങ്ങളില്‍ എനിക്ക് പ്രസക്തമായി തോന്നിയ വേറൊന്ന് ജീവചൈതന്യന്‍ ശിവാനന്ദന്‍ നടത്തുന്ന നിരീക്ഷണമാണ് :

“..”ഞങ്ങളുടെ ആള്‍ക്കാരോ??” എന്ന് ചോദിച്ചു കൊണ്ട് ശങ്കര്‍ ഇറങ്ങി പോകുന്നു.. ആ ഇറങ്ങി പോക്ക്, ബോധോദയം കിട്ടിയ ബുദ്ധന്റെ ഇറങ്ങിപ്പോക്കിന് തുല്യമാണ്. അതുവരെ താന്‍ സത്യമാണ് എന്ന് കരുതിയിരുന്ന ലോകത്തില്‍ നിന്നും ശങ്കര്‍ യഥാര്‍ത്ഥ ലോകത്തേക്ക് ഇറങ്ങിപ്പോയി..” (Papilio Budha – a Review). ഈ എം എസ്സിന്റെ ഫോട്ടോ മാറ്റിവയ്ക്കാൻ തീരുമാനിക്കുന്ന കരിയാനും ബലാൽസംഗത്തിനിരയാവുന്ന മഞ്ജുശ്രീയ്ക്കുമൊക്കെ ഇങ്ങനെ ‘ബോധോദയങ്ങള്‍’ ഉണ്ടാവുകയാണ് എന്നും ശ്രീ ശിവാനന്ദന്‍ നിരീക്ഷിക്കുന്നു.

ഈ ബോധോദയങ്ങൾ / തിരിച്ചറിവുകൾ സിനിമ പ്രേക്ഷകരിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തിരിച്ചറിവുകളല്ല, മറിച്ച് ഇത്തരം തിരിച്ചറിവുകളുടെ ഒരു documentation ആണ് എന്നെനിക്കു തോന്നുന്നു. കല്ലറ സുകുമാരൻ എഴുതിയ ‘വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം’ എന്ന ഗ്രന്ഥം ഇത്തരം തിരിച്ചറിവുകളെ വളരെ നേരത്തേ തന്നെ അടയാളപ്പെടുത്തിയിരുന്നു. (പുസ്തകം പ്രസിദ്ധീകരിച്ചത് 1986-ൽ.) പ്രസ്തുത ഗ്രന്ഥത്തിലെ “കമ്മ്യൂണിസം എന്ന കമ്മ്യൂണലിസം” എന്ന ലേഖനം ഇവിടെ).

 

 

ക്ലീഷേകൾ

സിനിമയില്‍ വളരെ ബോറായി, ക്ലീഷേ ആയി എനിക്ക് തോന്നിയ ചില കാര്യങ്ങളുണ്ട്.

ഒന്ന്, voice of the voiceles എന്ന പ്രയോഗം. ആ പ്രയോഗത്തിന് ഒരര്‍ത്ഥവും ഇല്ലെന്നും വെറും മണ്ടത്തരമാണെന്നും ഇന്ത്യയിലെ ദളിത്‌ രാഷ്ട്രീയം പറയാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. അരുന്ധതി അടക്കമുള്ള ‘നിരീക്ഷകരും’ അത് മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. (“There are no voiceless people. There are deliberately-silenced people.” – അരുന്ധതി റോയ്)

ഗ്ലോബലൈസേഷന്‍, ഇംപീരിയലിസം എന്നൊക്കെയുള്ള സ്ഥിരം ‘ഇടതു’ ജാര്‍ഗണുകള്‍. “You must see the bigger picture..” എന്നോ മറ്റോ തുടങ്ങുന്ന ഒരു ഡയലോഗുണ്ട് സിനിമയിൽ. ജാതീയമായ വിവേചനങ്ങളൊക്കെ ഒരു വിഷയമാണ്, എന്നാൽ പ്രധാന പ്രശ്നം ഇംപീരിയലിസം / സാമ്രാജ്യത്വം തന്നെയാണ് എന്നൊക്കെ ധ്വനിയുള്ള ഒന്ന്. ചില മാർക്സിസ്റ്റുകാർക്കെങ്കിലും ഈ സിനിമ ഒരു ‘സംഭവ’മാണ് എന്നു തോന്നാൻ കാരണവും അതായിരിക്കാം.

പിന്നെ ‘വേദനകള്‍ കല്ലിച്ച മുല’ ഡയലോഗ്, ആ സീന്‍ മൊത്തത്തിലും. (അജിത്‌ ആ ഡയലോഗിനെപ്പറ്റി തന്റെ സ്റ്റാറ്റസ് മെസേജിൽ എഴുതിയിട്ടുണ്ട് : “ദലിത് സ്ത്രീയുടെ മുലകള്‍ മാത്രം വേദനകള്‍ കല്ലിച്ചതാണെന്നു പറയുമ്പോള്‍ ദലിത് സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത നിലനിൽപ്പുകളെ നിഷേധിക്കുകയല്ലേ?”)

 

 

പലായനം

ലക്ഷ്യമില്ലാതെ എന്നവണ്ണം പലായനം ചെയ്യുന്ന ദളിതരെയും ആദിവാസികളെയും കാണിക്കുന്ന അവസാന ഷോട്ടായിരുന്നു മറ്റൊരു കല്ലുകടി. ആ രംഗം സൂചിപ്പിക്കും പോലെ നിരാശാജനകമാണോ കേരളത്തിലെ ദളിത്‌ / ആദിവാസി രാഷ്ട്രീയത്തിന്റെ അവസ്ഥ? അല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

 
 
(ശ്രീ ടി ടി ശ്രീകുമാറിന്റേതടക്കമുള്ള പല ലേഖനങ്ങളും പങ്കുവെച്ച കാഴ്ചകൾ ഇവിടെ പരാമർശിക്കാത്തത് സമയവും സ്ഥലവും കുറവായതുകൊണ്ടുമാത്രമാണ്.)

 
 

പപ്പീലിയോ ബുദ്ധയെക്കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

അതിനാല്‍, പപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിക്കപ്പെടട്ടെ

ശലഭങ്ങളും ബുദ്ധനും ഭയപ്പെടുത്തുന്നതാരെ?

പാപ്പിലിയോ ബുദ്ധ ഈ കണ്ണാടിയില്‍ നിങ്ങളുടെ ദംഷ്ട്രകള്‍:

പപ്പീലിയോ ബുദ്ധ: സാങ്കേതിക ന്യായങ്ങള്‍ക്ക് ചില മറുചോദ്യങ്ങള്‍
 
 
 
 

8 thoughts on ““നമ്പൂതിരിപ്പാടിനെ നമ്പൂതിരി എന്ന് വിളിക്കുകയോ?” — ചില പപ്പീലിയോ ബുദ്ധ കാഴ്ചകൾ

 1. >ഗ്ലോബലൈസേഷന്‍, ഇംപീരിയലിസം എന്നൊക്കെയുള്ള സ്ഥിരം ‘ഇടതു’ ജാര്‍ഗണുകള്‍. “You must see the bigger picture..” എന്നോ മറ്റോ തുടങ്ങുന്ന ഒരു ഡയലോഗുണ്ട് സിനിമയിൽ. ജാതീയമായ വിവേചനങ്ങളൊക്കെ ഒരു വിഷയമാണ്, എന്നാൽ പ്രധാന പ്രശ്നം ഇംപീരിയലിസം / സാമ്രാജ്യത്വം തന്നെയാണ് എന്നൊക്കെ ധ്വനിയുള്ള ഒന്ന്.

  ലത്‌ വലിയ പ്രശ്നം അല്ലാത്തത് കൊണ്ടായിരിക്കും ചില്ലറ വില്പന മേഖലയിൽ fdi അനുവദിക്കാനുള്ള upa തീരുമാന്തെ പ്രഹസനാത്മകമായി എതിര്ത്ത് – ബീയെസ്പി ഇറങ്ങി പോയി – ആ ബില്ല് പാസാക്കിപ്പിച്ചത് ? എന്തൊരു ഉദാത്തമായ നടപടി!

  ഇടതിനെ പള്ളു വിളിക്കുന്നതു കൊള്ളാം. അത് കൊണ്ട് ആര്ക്ക് ഗുണ മെന്നൊകെ കണ്ണ് തുറന്നു നോക്കിയ കൊള്ളാം !

 2. (contd.. )

  ഗ്ലൊബലൈസെഷനൊക്കെ വെറും മാങ്ങാതൊലിയായിരുന്നെങ്കിൽ നോവാർട്ടിസിനു പേറ്റന്റു കൊടുത്ത് ഗ്ലീവക്ക് മരുന്ന് മേടിക്കാനാവാതെ ദളിതരുൾപ്പെടെയുള്ളവർ ചാകുമെന്ന ബോധവും വേണം (കോപ്പിയടിക്കുന്ന ജനറിക്ക് കംബനിയുടെ 8000-10000 വില ശരിയാണെന്നല്ല വാദം. ഗ്ലീവക്ക് ഒരുദാഹർണം മാത്രം. മറ്റേതു അവശ്യമരുന്നുമാകാം. ഗ്ലോബലൈസേഷനാണൂ ഊന്നൽ. )

  നാഴികയ്ക്ക് നാപ്പത് വട്ടം മൂക്ക് വിടർത്തിയാ മാത്രം പോര, നിയോലിബറൽ കാലഘട്ടത്തിൽ പാസാക്കിയ വിവിദ്ധ ബില്ലുകളും പോളിസി വ്യതിയാനങ്ങളും എങ്ങിനെ ദളിതരുൾപ്പെടെയുള്ളവരെ എങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്ത തീർച്ചയായും വേണം.

  ഇടതിനെ പള്ളു വിളിക്കുന്നതു കൊള്ളാം. അതൊരു ഗ്ലാമറസ് ജോബ് ആണു. എളുപ്പന്ന് ശ്രദ്ധയും കിട്ടും. നടക്കട്ടെ. പക്ഷെ അത് കൊണ്ട് ആര്ക്ക് ഗുണമെന്നൊകെ കണ്ണ് തുറന്നു നോക്കിയാ നല്ലത് !

  (ഇതേ ബീയെസ്പിയാണൂ മനുവാദി പാർട്ടിയായ ബീജെപ്പിയുടെ സപ്പൊർട്ടും തേടി അധികാരത്തിലിരുന്നത്. വർഗ്ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിയും ഇവർ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. എനിക്കദ്ഭുതമതല്ല, ഇത്രയധികം ഓപ്പർച്യൂണിസ്റ്റ് നിലപാടെടുക്കുന്ന ബീയെസ്പിയിൽ എങ്ങിനെ വിശ്വാസമർപ്പിക്കാനാകുമെന്നാണു. )

 3. പപിലിയോ ബുദ്ധ – ചില എതിർപ്പുകൾ

  ഈ സിനിമ ഒരു വിധം പട്ടിക ജാതി വർഗ സമൂഹം അന്ഗീകരിച്ചതാണ് , എന്നാൽ പൗതുവായി ഉയര്ന്നു വന്ന ഒരു വിമര്ശനം. സിനിമയിലെ ചില ലൈംഗിക സീനുകൾ ആണ്. പട്ടിക ജാതി സമൂഹത്തിലെ ചിഅൽ ആളുക ഉയര്ത്തുന്ന ആരോപണം ഇതൊക്കെ ആണ്..

  1.ചിത്രത്തിന്റെ തുടക്കത്തില കാണിക്കുന്ന , ശങ്കറും സായിപ്പും തമ്മിലുള്ള രംഗം – പട്ടിക ജാതി സമൂഹം മുഴുവൻ സ്വവര്ഗ രതിക്കാർ എന്ന് കാണിക്കുന്നു..
  2. ശങ്കറും മഞ്ഞു ശ്രീയും തമ്മിലുള ലൈംഗിക രംഗം – പട്ടിക സമൂഹം മുഴുവൻ വിവാഹ പൂർവ ലൈംഗിക ബന്ധത്തിൽ എര്പെടുന്നു.
  3. 2 – രംഗത്തിൽ ബുദ്ധ പ്രതിമ സാക്ഷിയായി വെച്ചിരിക്കുന്നത് ശരിയായില്ല – വിശുദ്ധമായ ബുദ്ധ പ്രതിമക്കു മുന്നില് ലൈഗിക ബന്ധം പാടില്ല.

  ഈ സിനിമയ്യെ പറ്റി ഒരുപാട് പേരോട് സംസാരിച്ചതിൽ നിന്നും പൊതുവായി ഈ മൂന്നു കാര്യങ്ങളിൽ ആണ് പട്ടിക സമൂഹത്തിനു എതിര്പ്പ്..

  ആരോപണം #1 :- സ്വവര്ഗ രതി ഒരു മോശം കാര്യമാണ് എന്നാ പരമ്പരാഗത കാഴപാടിൽ നിന്നും ഉണ്ടാക്കുന്ന അസഹിഷ്ണുത ആന്നു എന്നെ പറയാൻ പറ്റൂ.

  ആരോപണം #2 :- വിവാഹ പൂർവ ലൈംഗിക ബന്ധം ഒരു പാപം ആണ് എന്നാ മറ്റൊരു സ്ഥിരം കാഴ്ചപാട്.

  ആരോപണം #3 :- ലൈഗികത മൊത്തത്തിൽ തന്നെ പാപം ആണ്.. ആദി പാപം എന്നാ സെമെടിക് മത കാഴ്ചപാടിനെ പിന്തുണയ്ക്കുന്ന വാദം.

  ചുരുക്കി പറഞ്ഞാൽ, സവര്നതെയും ജാതി വ്യ്വവ്സ്ഥിയെയും എതിര്ക്കുന്ന പട്ടിക സമൂഹം പക്ഷെ സാംസ്കാരിക മണ്ഡലത്തിൽ ഇന്നും സംവരണ- പരമ്പരാഗത വീഒക്ഷനം തന്നെ ആണ് വെച്ച് പുലര്ത്തുന്നത്…

 4. ഇന്നത്തെ പത്രത്തിൽ (7-4-2013, മാതൃഭൂമി ) യിൽ വയനാട് , കല്പറ്റ, ഓണിവയൽപ്രദേശത്ത് 17 പട്ടിക വർഗ കുടുംബങ്ങൾക്ക് സർക്കാർ രണ്ടു നില ഫ്ലാറ്റുകൾ നിർമിച്ചു നല്കും എന്ന്. പപീലിയോ ബുദ്ധ കണ്ടതിന്റെ ഹാങ്ങ്‌ ഓവറിലാണ് വാർത്ത വായിച്ചത്.

  എല്ലാ സോഷ്യൽ മൂവ്മെന്റ്സിനും,ഫ്യൂവൽഅയിട്ട് ഒരു ആശയം വേണം. ആ ആശയം കൂട്ടായ തിങ്കിങ്ങ് പ്രോസെസ്സ് ഇൽ കൂടി ഉണ്ടാവുന്ന ഒരു സമവായമാണ്. തിങ്കിങ്ങ് പ്രോസെസ്സ് എന്നത് ട്രെയിന്ടോ, അണ്‍ ട്രെയിന്ടോ ആവാം. അട്രെയിന്ദ് തിങ്കിങ്ങ് പ്രോസെസ്സ് ഒരു ലൂപ്പാണ്.പുറത്തേയ്ക്കുള്ള വഴി കണ്ടു പിടിയ്ക്കാനുള്ള ആവശ്യമേ ഇല്ലാതെ, വട്ടം ചുറ്റുന്ന ഒന്ന്. അത് ഒരു പ്രോബ്ലം ബെയ്സ്ഡ് തിങ്കിങ്ങ് ആണ്. മരിച്ചു ട്രെയിണ്ട് തിങ്കിങ്ങ് ഒരു സോലുഷൻ ബെയ്സ്ഡ് തിങ്കിങ്ങ് പ്രോസെസ്സ് ആണ്. പ്രശ്നങ്ങളിൽ നിന്നും, പരിഹാരതിലെയ്ക്കുള്ള വഴിയാണ് അവിടെ ആലോചിയ്ക്കുന്നത്. ചുരുക്കത്തിൽ തീവ്രവാദവും രാജ്യ തന്ത്രവും തമ്മിലുള്ള വ്യത്യാസം.
  പ്രൊഫെഷണൽ അന്ട്രെയിന്ദ് തിങ്കിങ്ങ് പ്രോസിസ്സിന്റെ ഔട്ട്‌ കം ആണ്, ഒരു തരത്തില എല്ലാ തീവ്ര വാദങ്ങളും. അത് ഹെവി അർട്ടിലരി സപ്പ്ലയ് ആവാം, സ്ത്രീകളോട് “ആണുങ്ങളെ പോലെ ” സിഗരട്ട് വലിയ്ക്കാനും, മദ്യപിയ്ക്കാനും ഷർട്ട് ഊരിക്കളയാനും പറയലാവാം , ഓടിച്ചെന്നു ഒരു കുന്നിമുകളിൽ ഭൂമി കയ്യേറി മുദ്രാവാക്യം വിളിയ്ക്കലാവാം. , അത് സൂപ്പർ ഫിഷ്യലായ ഒരു പ്രകടനമാണ് . പ്രായോഗിക രാഷ്ട്രീയം എന്ന് പറയുന്നത് ഇതിന്റെ പ്രാവർത്തികമാക്കിയ രൂപമാണ്.

  മറിച്ച് ട്രെയിണ്ട് തിങ്കിങ്ങ് പ്രോസെസ്സ് ഒരു ആന്തരികമായ പ്രോസെസ്സ് ആണ്. (അവതരിപ്പിയ്ക്കപ്പെട്ട കാലത്തെ )ആളുകളെ കൂടുതൽ റെരിന്ദ് ആയി ചിന്തിയ്ക്കാൻ പഠിപ്പിച്ചു എന്നതാണ് മാർക്സ് ചെയ്ത വലിയ കാര്യം. കാര്യം . അല്ലെങ്ങിൽ മാനിഫെസ്റ്റോ, വെറുമൊരു പ്രകടന പത്രിക മാത്രമായിപ്പോയേനെ .ഗാന്ധിയ്ക്ക് പകരം അംബെദ്ക്കരെ വെയ്ക്കാം ഈ എമ്മിന് പകരം, ബുദ്ധനെയും. ( അങ്ങനെ ചെയ്യാൻ പാടില്ല എന്ന് പറയുന്നവരോടുപോയി പണി നോക്കാൻ പറയുക ) ആലോചിയ്ക്കെണ്ടത് വ്യക്തമല്ലാത്ത ലക്ഷ്യങ്ങളെ മാർഗം സാധൂകരിയ്ക്കുന്നുണ്ടോ എന്നതാണ് . . പപീലിയോ ബുദ്ധ ( മറ്റു താല്പര്യങ്ങളെ ഒക്കെ ഒഴിച്ച് നിർത്തിയാൽ) പുറത്തേയ്ക്കുള്ള ആവഴി തേടുന്നുണ്ട്. എന്നാൽ അത് “വഴി കണ്ടു പിടിയ്ക്കാമോ?”കളി പോലെയാണ്. വളഞ്ഞു തിരിഞ്ഞു ഇപ്പോഴും വഴി തെറ്റി , തുടങ്ങിയിടത് അവസാനിയ്ക്കാവുന്ന ഒന്ന്.

  ഫ്ലാറ്റ് വാര്ത്തയും പപ്പീലിയോ ബുധയും തമ്മിലുള്ള ബന്ധം എന്തെന്ന് ചോദിച്ചാൽ, 1996il വയനാട് തരിയോടു ഭാഗത്ത്‌ കണ്ട ഒരു കാര്യം ഓര്മ വരുന്നു. ആദിവാസികല്ക്ക് താമസിയ്ക്കാൻ കുമ്മായം തേച്ച വീടുകള പണിഞ്ഞു കൊടുത്തു. മൂന്നാം ദിവസം അവർ ചുമർ നിറയെ ചാണകം തേച്ചു പിടിപ്പിച്ചു. രാത്രി വെളുത്ത ചുമരു കണ്ടു ഉറങ്ങാൻ പറ്റുന്നില്ല എന്ന്.അവര്ക്ക് വേണ്ടി നമ്മൾ ചിന്തിയ്ക്കുന്നതിനു പകരം, അവർക്ക് വേണ്ടി ചിന്തിയ്ക്കാൻ അവരെ പഠിപ്പിയ്ക്കുന്നതാണ് നല്ലത്.

  ഈ എമ്മിനെ എന്ത് വേണം ചാലും വിളിക്കാം, പണ്ട് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ “ഒന്നും കെട്ടും, രണ്ടും കെട്ടും ഈ എമ്മ എസ്സി ന്റമ്മെം കെട്ടും എന്ന് ഒരു കൂട്ടര് വിളിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. “അത് ഒഴിവാക്കേണ്ടതാണ്.

 5. ശാലിനി : “അവര്ക്ക് വേണ്ടി നമ്മൾ ചിന്തിയ്ക്കുന്നതിനു പകരം, അവർക്ക് വേണ്ടി ചിന്തിയ്ക്കാൻ അവരെ പഠിപ്പിയ്ക്കുന്നതാണ് നല്ലത്.” –> അത് ‘നമ്മൾ പഠിപ്പിക്കണം’ എന്നത് ‘നമ്മുടെ’ ഒരഹങ്കാരമല്ലേ? അതുതന്നെയല്ലേ രക്ഷാകർത്താവ് ചമഞ്ഞുകൊണ്ടുള്ള രാഷ്ട്രീയക്കളികളുടെയെല്ലാം തുടക്കം?

  രവിയ്ക്ക് ഈ ലേഖനത്തിൽ ‘ഇടതിനെ പള്ള് വിളിച്ചത്’ ഇഷ്ടപ്പെട്ടില്ല എന്നുമാത്രമാണ് അദ്ദേഹത്തിൻറെ കമന്റ് വായിച്ചിട്ട് മനസ്സിലായത്‌. ബി എസ് പി എന്നൊരു പാർട്ടിയെപ്പറ്റി ഇതിൽ എവിടെയും പറഞ്ഞിട്ടില്ലെങ്കിലും ആ പാർട്ടി എവിടെയോ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നും. (റിലയൻസിന്റെ റിട്ടെയിൽ റിലയൻസ് ഫ്രഷ് അടച്ചുപൂട്ടിച്ച ഒരേയൊരു സർക്കാർ മായാവതിയുടെ യു പി സർക്കാരാണ് എന്നൊന്നും അദ്ദേഹത്തിന് ഒരുപക്ഷെ അറിയുന്നുണ്ടാവില്ല. അല്ലെങ്കിൽ അതറിയുന്നതുകൊണ്ടാവും.)

 6. The discussion on Utharakalam can be read along with this : പാപ്പിലിയോ ബുദ്ധ കാഴ്ചയും സംവേദനവും. (“..പാപ്പിലിയോ ബുദ്ധ എന്ന സിനിമയെ ദളിത്‌ ചിന്തകരും എഴുത്തുകാരുമായ കെ കെ ബാബുരാജ്‌, എസ് ജൊസഫ് , ഒ കെ സന്തോഷ്‌ , എ കെ വാസുവും സിനിമയിലെ ദളിത്‌ കാഴ്ചകളുടെ രാഷ്ട്രീയ സാമുഹ്യ സമസ്യകളെ പപ്പിലിയോ ബുദ്ധ എങ്ങിനെ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് വ്യത്യസ്ത വീക്ഷണകോണിലൂടെ വിലയിരുത്തുവാന്‍ ശ്രമിക്കുകയാണീ ചര്‍ച്ചയില്‍..”)

 7. From a follow-up discussion on facebook:

  സനൽ കുമാർ ശശിധരൻ : സിനിമ കാണപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും സ്വാഗതം ചെയ്യേണ്ട കാര്യമാണ്. ലേഖനത്തിൽ പറയുന്ന പലതിനോടും വിയോജിപ്പുണ്ടെങ്കിലും. “ആദിവാസികളുടെ ഭൂമിവിഷയവും ഇതര ദളിതരുടെ ഭൂമിവിഷയവും ക്കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല, അവയെ രണ്ടായിത്തന്നെ കാണണം എന്നൊരു വാദവും സനൽകുമാർ ഉന്നയിക്കുന്നുണ്ട്‌. അതിൽ കാര്യമുണ്ടെന്നുതന്നെ ഞാനും കരുതുന്നു. എന്നാൽ ആദിവാസികൾ ‘പാവങ്ങളായ / നിസ്സഹായരായ മണ്ണിന്റെ മക്കൾ’ എന്നും ‘ബുദ്ധിജീവിക’ളാണ് ദളിത്‌ സ്വത്വരാഷ്ട്രീയത്തെ ആദിവാസി വിഷയവുമായി ഇല്ലാത്ത ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നുമൊക്കെയുള്ള ‘നിഷ്കളങ്കമായ’ അല്ലെങ്കിൽ ചരിത്രവിരുദ്ധമായ ആവലാതികളിൽ ചുറ്റിക്കറങ്ങുക വഴി ആ വിമർശനം ഗൗരവമുള്ള ഒന്നായി അനുഭവപ്പെടാതെ പോവുന്നു. ” എന്റെ ലേഖനത്തെ പരാമർശിക്കുന്ന ഈ ഭാഗം മനസിലായില്ല. >>>>ആദിവാസികൾ ‘പാവങ്ങളായ / നിസ്സഹായരായ മണ്ണിന്റെ മക്കൾ’ എന്നും ‘ബുദ്ധിജീവിക’ളാണ് ദളിത്‌ സ്വത്വരാഷ്ട്രീയത്തെ ആദിവാസി വിഷയവുമായി ഇല്ലാത്ത ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നുമൊക്കെയുള്ള ‘നിഷ്കളങ്കമായ’ അല്ലെങ്കിൽ ചരിത്രവിരുദ്ധമായ ആവലാതികളിൽ<<<< എന്റെ ലേഖനത്തിൽ ഇങ്ങനെയുണ്ടോ? എവിടെ?

  സുദീപ് : ശരിയാണ്, അവിടെ കുറച്ചുകൂടി വിശദീകരണം ആവശ്യമുണ്ട്..

  “ആദിവാസിയുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് വനഭൂമിയെന്നതിനാൽ വനഭൂമിയിൽ നിന്നും ഒഴിപ്പിച്ച് മറ്റെവിടെയെങ്കിലും അവരെ പറിച്ചു നട്ടുകൊണ്ട് ആ ഭൂമി സമരം ശരിയായ അർത്ഥത്തിൽ പരിഹരിക്കാൻ കഴിയില്ല. എന്നാൽ കൃഷിഭൂമിയുമായി ബന്ധപ്പെട്ട ഭൂസമരത്തിൽ സമരക്കാർക്ക് വേണ്ടത് സ്വന്തമായി മണ്ണ് എന്ന ആവശ്യം മാത്രമാണ്. മണ്ണിന്റെ മക്കൾ എന്നത് പൂർണമായ അർത്ഥത്തിൽ അവിടെ ബാധകമാവുകയുമില്ല. ചെങ്ങറ സമരത്തിൽ ഉണ്ടായ ഒത്തു തീർപ്പ് വാസയോഗ്യവും കാർഷിക യോഗ്യവുമല്ലാത്ത ഭൂമിയാണ് വാഗ്ദാനം ചെയ്തത് എന്ന കാരണത്താൽ പാളിപ്പോയതിന്റെ പ്രധാന കാരണം ഇതാണ്. എന്നാൽ മുത്തങ്ങയിൽ ആദിവാസികൾ ആവശ്യപ്പെട്ടത് കാർഷികയോഗ്യവും താമസയോഗ്യവുമായ ഭൂമിയായിരുന്നില്ല. തങ്ങൾ ജനിച്ചു വളർന്ന പരുക്കൻ ഭൂമിതന്നെയായിരുന്നു. ഒരു മീൻ സുരക്ഷിതവും സുഭിക്ഷവുമായ അക്വേറിയമല്ല അപകടങ്ങളും കുത്തൊഴുക്കും നിറഞ്ഞ പുഴയാണ് തന്റെ ആവശ്യമെന്ന് പറയുമ്പോലെയാണത്..”

  “..ഭൂമികയ്യേറി സമരം എന്നു കേട്ടപാടെ മുത്തങ്ങ സമരവും ചെങ്ങറ സമരവും ഒരേ സ്വഭാവത്തിലുള്ളതാണെന്ന് പത്രങ്ങളും രാഷ്ട്രീയക്കാരും ബുദ്ധിജീവികളും വിധിയെഴുതി. അങ്ങനെ ദുർബലരായ ആദിവാസികളുടെ ആവാസവ്യവസ്ഥയുടെ പ്രശ്നം ഇതര ഭൂസമരങ്ങളുമായി ചേർത്തു കെട്ടുകയുണ്ടായി.”

  ഈ വരികളാണ് അങ്ങനെ ഒരു മനസ്സിലാക്കലിലേയ്ക്ക് നയിച്ചത്. ഇവിടെ ആദിവാസികൾ ‘ദുർബലർ’ (as against ‘ശക്തരായ ഇതരദളിതർ’) എന്ന ഒരു ധ്വനിയുണ്ട്. കേരളത്തിന്റെ കാര്യത്തിലെങ്കിലും ഏതാണ്ട് ഒരേപോലെ ശക്തരോ ദുർബലരോ ആണ് ഈ രണ്ടു വിഭാഗങ്ങളും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ രണ്ടു വിഭാഗങ്ങളെയും ‘വോട്ടു ബാങ്കായി’ കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നു, അവരുടെ സ്വന്തം നിലയ്ക്കുള്ള രാഷ്ട്രീയസമരങ്ങളെ ഭയക്കുകയും ചെയ്യുന്നു. ആദിവാസികൾക്കു മാത്രമല്ല ഇതരദളിതർക്കും ഭൂമി ഒരു ആവാസവ്യവസ്ഥയുടെ പ്രശ്നം തന്നെയാണ്, കൃഷി ചെയ്യാൻ വേണ്ടിയാണെങ്കിലും.

  ദളിതരുടെ പ്രശ്നങ്ങളെ ആദിവാസികളുടേതുമായി ‘കൂട്ടിക്കെട്ടി’യ പ്രക്രിയ ‘പുറമേനിന്നു’ മാത്രം നടന്ന / നടക്കുന്ന ഒന്നല്ല താനും. ‘ആദിവാസി-ദളിത്‌-ബഹുജൻ’ എന്നത് ഒരു രാഷ്ട്രീയശക്തിയായി ഇന്ത്യയിൽ പലയിടത്തും പല തരത്തിൽ ഉയർന്നുവരികയും ചെയ്തിട്ടുണ്ട്.

  അജിത്‌ കുമാർ എ എസ് : എന്റെ ഏഴാമത്തെ പോയിന്റു ഇങ്ങനെയായിരുന്നു.
  ” 7) ദലിതരുടെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യുമ്പോള്‍ ഭൂപരിഷക്കരണ നിയമവും കംമ്യുനിസ്ട്ടു പാര്‍ടി ഭരണത്തെയും വിമര്‍ശിക്കാതെ പറയാന്‍ പറ്റില്ലയെന്നാണ് എന്റെ പക്ഷം. അതെ പോലെ ചെങ്ങറ സമരത്തിനു എതിരെ പ്രവര്‍ത്തിച്ചത് സി പി എമും സി ഐ ടി യു വും അല്ലെ? ഗാന്ധി വിമര്‍ശനം ഇടതു വിമര്‍ശനത്തെ ലഘുവാക്കാന്‍ വേണ്ടിയല്ലേ? അതിനാലാണോ ഇടതു ലിബറല്‍ വൃത്തങ്ങളിലും ഈ സിനിമ സ്വീകാര്യമായത്‌? ”

  “ഗാന്ധി വിമര്‍ശനം ഇടതു വിമര്‍ശനത്തെ ലഘുവാക്കാന്‍ വേണ്ടിയല്ലേ” എന്ന് ചോദിച്ചത് ചെങ്ങറ സമരമുല്പ്പടെയുള്ള ഭൂ സമരത്തിന്റെ പശ്ചാത്തലത്തിലാണ്. ഡി എച് ആര എമിന്റെ കാര്യത്തിലും ഇടതു സര്ക്കാരാണ് അടിച്ചമർത്തൽ നടത്തിയത്. ഭൂ സമരത്തിന്റെ കാര്യത്തില ഗാന്ധിയെ കൊണ്ട് വരുമ്പോൾ ഭൂ പരിഷ്കരണ നിയമമുൾപ്പടെയുള്ള വിഷയത്തിൽ കമ്യൂണിസ്റ്റുകൾ നേരിടേണ്ട വിമര്ഷനത്തെ ലക്ഹൂകരിക്കാൻ ബോധ പൂര്വമല്ലേ ഗാന്ധിയുടെ കോളം കൊണ്ട് വന്നത്? കേരളത്തിലെ സമകാലീന ഭൂമി സമരവും ഗാന്ധിയുമായുള്ള ബന്ധമെന്താണ്? ഇത് കൊണ്ടാവണം ദേശാഭിമാനി പോലൊരു മാസികയിൽ പാപിലിഒ ബുധയെ പ്രകീര്തിച്ചു കൊണ്ടുള്ള ലേഖനം വന്നത്. കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങളെയും ദലിത് വിമര്ഷനങ്ങളെയും സ്വതവ വാദമെന്നു വിമര്ശിച്ചു തള്ളുന്ന ദേശാഭിമാനിക്ക് എങ്ങിനെ പാപിലിയോ ബുദ്ധ സ്വീകാര്യമായി? ഇഅദതിനു പോലും സ്വീകാര്യമായ മൃദുവായ രാഷ്ട്രീയം കൊണ്ടല്ലേ? അത് പാപിലിയോ ബുദ്ധയുടെ ദൗർബല്യമല്ലെ?

  സുദീപ് : ‘ഗാന്ധിബന്ധത്തെ’പ്പറ്റി അജിത്‌ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നു. അത് ഇടതു വിമർശനത്തെ മയപ്പെടുത്താൻ ബോധപൂർവ്വമായി ചെയ്ത ഒരു കാര്യമായി എനിക്ക് തോന്നുന്നില്ലെങ്കിലും. ദേശാഭിമാനി ലേഖകന് പാപിലിയോ ബുദ്ധ സ്വീകാര്യമാവുന്നതിൽ അതും ഒരു പങ്കു വഹിച്ചിട്ടുണ്ടാവാം. കൂടുതൽ പങ്കുവഹിച്ചത് ‘ഇമ്പീരിയലിസം’ ഡയലോഗുകൾ ആണെന്നാണ്‌ എന്റെ ഒരു ഊഹം 🙂

  “കേരളത്തിലെ സമകാലീന ഭൂമി സമരവും ഗാന്ധിയുമായുള്ള ബന്ധമെന്താണ്?”
  –> കേരളത്തിലും ഒട്ടേറെ ‘അനുയായികളെ’ ഉണ്ടാക്കിയെടുത്ത അണ്ണാ ഹസാരെ സമരങ്ങളുടെ കാലത്ത്, കെ വേണു, സിവിക് ചന്ദ്രൻ തുടങ്ങിയ പല ‘വിപ്ലവ’ ബുദ്ധിജീവികളും പല തോതിൽ ഗാന്ധിയന്മാരായി സ്വയം അവതരിക്കുന്ന കാലത്ത്, ഗാന്ധിവിമർശനം അപ്പാടെ അസ്ഥാനത്താണ് എന്നെനിക്കു തോന്നുന്നില്ല.

 8. കുറെ അവന്മാര്ക്ക് ബുദ്ധി ജീവി ചമഞ്ഞു കാശ് പ്രഷസ്തിഉം ഉണ്ടാക്കാനല്ലാതെ ഇതു കൊണ്ടൊക്കെ എന്ത് നേട്ടം. ദളിതരുടെ പേര് പറഞ്ഞു ഫുണ്ടിംഗ് എഗേന്സികളിൽ നിന്നും കാശ് അടിക്കുന്നവന്മാർ വരെ ഉണ്ട് ഈൗ കൂട്ടത്തിൽ, ആദിവാസികല്ല്ക്ക് വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്ന എത്ര സവര്ന്ന ദത്ത് പുത്രന്മാരാണ് കേരളത്തില The fate of aadivaasis is almost sealed some will survive as the indians and aborjinees done in other countries as they come to the main stream life and learn to live as others do.

Leave a Reply

Your email address will not be published. Required fields are marked *