തൊഴിലില്ലായ്മയുടെ കേരളവും മറുനാടന്‍ തൊഴിലാളി പ്രവാഹവും

 
 
 
 
കേരളത്തില്‍ തൊഴിലില്ലായ്മയും ആഭ്യന്തര കുടിയേറ്റവും ഒന്നിച്ചു പോവുന്നതെങ്ങനെ? സജികുമാര്‍ എസ് നടത്തുന്ന അന്വേഷണം
 
 

കേരളത്തില്‍ ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയും ഉയര്‍ന്ന ആഭ്യന്തര കുടിയേറ്റവും അസംഘടിത മേഖലകളില്‍ തൊഴിലാളികളുടെ ലഭ്യതക്കുറവും ഒരുമിച്ച് നിലനില്‍ക്കുന്നതിന്റെ കാരണം എന്താണ് ? ഈ വിരോധാഭങ്ങള്‍ എങ്ങനെ വിശദീകരിക്കാം? തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായ സംസ്ഥാനത്ത് വന്‍ തോതിലുള്ള കുടിയേറ്റങ്ങള്‍ക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നോ പൊതു സമൂഹത്തില്‍ നിന്നോ തൊഴില്‍ നഷ്ടപ്പെടുന്നതിനെതിരെ പ്രക്ഷോഭങ്ങളോ ചെറുത്തു നില്പ്പുകളോ സംഭവിക്കാത്തത് എന്തു കൊണ്ട്? സജികുമാര്‍ എസ് നടത്തുന്ന അന്വേഷണം.
 

 

2012^13 ലെ സാമ്പത്തിക സര്‍വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കേരളത്തില്‍ ഓരോ ആയിരം പേരിലും 73 പേര്‍ നഗരങ്ങളിലും 75 പേര്‍ ഗ്രാമങ്ങളിലും തൊഴില്‍ രഹിതരാണ്. കൂടാതെ, 2012 ലെ കേരള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ ഏകദേശം 46 ലക്ഷം തൊഴിലന്വേഷകരുമുണ്ട്.

അസാധാരണമെന്നു തോന്നുന്ന മറ്റൊരു വസ്തുത കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. അത് കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഗുലാത്തി ഇന്‍സ്ററിറ്റ്യൂട്ട് 2013 ല്‍ നടത്തിയ പഠനമാണ്. കേരളത്തില്‍ ഏകദേശം 25 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് ആ പഠനം വെളിപ്പെടുത്തുന്നത്.

സജികുമാര്‍ എസ്


ഒരു വശത്ത് ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മ. മറുവശത്ത് ഉയര്‍ന്ന തോതിലുള്ള ആഭ്യന്തര കുടിയേറ്റം. ഈ അവസ്ഥ നിലനില്‍ക്കുന്നത് വിരോധാഭാസമാണ്. കേരള മോഡലിനെ ചുറ്റിപ്പറ്റി നിരവധി സാമ്പത്തിക ശാസ്ത്രപരമായ വിരോധാഭാസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തൊഴിലില്ലായ്മയും ആഭ്യന്തര കുടിയേറ്റവും തമ്മില്‍ ചേര്‍ത്തുള്ള ചര്‍ച്ചകള്‍ കുറവാണ് എന്ന് കാണാം.

1980 കള്‍ക്ക് ശേഷം കേരളത്തിലെ തൊഴിലില്ലായ്മ സംബന്ധിച്ച ചര്‍ച്ചകളില്‍ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും, മലയാളികളുടെ അന്താരാഷ്ട്ര കുടിയേറ്റവുമായിരുന്നു പ്രധാന വിഷയങ്ങള്‍. കേരളത്തില്‍ ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയും ഉയര്‍ന്ന ആഭ്യന്തര കുടിയേറ്റവും അസംഘടിത മേഖലകളില്‍ തൊഴിലാളികളുടെ ലഭ്യതക്കുറവും ഒരുമിച്ച് നിലനില്‍ക്കുന്നതിന്റെ കാരണം എന്താണ് ? ഈ വിരോധാഭങ്ങള്‍ എങ്ങനെ വിശദീകരിക്കാം? തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായ സംസ്ഥാനത്ത് വന്‍ തോതിലുള്ള കുടിയേറ്റങ്ങള്‍ക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നോ പൊതു സമൂഹത്തില്‍ നിന്നോ തൊഴില്‍ നഷ്ടപ്പെടുന്നതിനെതിരെ പ്രക്ഷോഭങ്ങളോ ചെറുത്തു നില്പ്പുകളോ സംഭവിക്കാത്തത് എന്തു കൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളാണു ഈ ലേഖനത്തില്‍.

 

 
തൊഴിലില്ലായ്മയും ‘തൊഴില്‍ ചെയ്യായ്മ’യും

എന്താണ് തൊഴിലില്ലായ്മ? സാധാരണ ഗതിയില്‍ അത്, തൊഴിലവസരങ്ങളുടെ അഭാവമോ തൊഴിലന്വേഷകര്‍ക്ക് യഥാസമയം അവ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമോ ആണ്. കേരളത്തില്‍ തൊഴിലവസരങ്ങളുടെ അഭാവമല്ല, മറിച്ച് തൊഴിലാളികളുടെ ലഭ്യതക്കുറവാണു പ്രധാന പ്രത്യേകത. കേരളത്തിലെ തൊഴിലില്ലായ്മയെ ദാരിദ്യ്രവുമായും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുമായും നേരിട്ട് ബന്ധിപ്പിക്കാനാവില്ല.

കാരണം, കേരളത്തിലെ തൊഴില്‍ രഹിതരില്‍ ഭൂരിഭാഗവും തൊഴില്‍രഹിതരായി തുടരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇഷ്ടമുള്ള ജോലി ലഭിക്കുന്നതുവരെ തൊഴില്‍ രഹിതരായി തുടരാനാണു ഇവര്‍ക്കിഷ്ടം. ഒരു വിഭാഗം ‘തൊഴില്‍ രഹിതര്‍’ പലതരം സ്വയം തൊഴിലുകളിലൂടെ വരുമാനം കണ്ടെത്തുന്നവരുമാണ്. ഈ രണ്ട് വിഭാഗവും സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തൊഴിലന്വേഷകര്‍ ആണ്. കേരളത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്ററര്‍ ചെയ്തവരുടെ കണക്കുകളാണു സര്‍ക്കാര്‍ ഭാഷയില്‍ തൊഴില്‍ രഹിതര്‍. ഇവര്‍ മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്നത് കണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ തൊഴിലില്ലായ്മ അളക്കുവാനുള്ള അളവുകോലല്ല.

കൂടാതെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക് താല്‍ക്കാലിക ജീവനക്കാരെ തെരഞ്ഞെടുക്കുന്ന ഒരു ഏജന്‍സി മാത്രമാണ്. ശരാശരി മലയാളിയുടെ സ്വപ്നമാണ്, താല്കാലികമെങ്കിലും ഒരു സര്‍ക്കാര്‍ ജോലി. ഇതേ തലത്തില്‍ തന്നെയാണു കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സരപരീക്ഷകളിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തെയും കാണേണ്ടത്. കൂടാതെ, കേരളത്തിലെ തൊഴില്‍രഹിതരില്‍ 60 ശതമാനത്തിലധികവും സ്ത്രീകളാണു എന്നതും ശ്രദ്ധേയമാണു. ഇതിനുപുറമേ സ്വകാര്യ മേഖലയിലും അസംഘടിതമേഖലകളിലും ജോലി ചെയ്യുന്നവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ ജോലിയുടെ സ്ഥിരതയും സുരക്ഷിതത്വവും കൊണ്ടാണ്. സര്‍ക്കാര്‍ തൊഴിലന്വേഷകര്‍ക്കിടയില്‍ വിദ്യാഭ്യാസം കുറഞ്ഞവരും (എസ്.എസ്.എല്‍.സി യ്ക്ക് താഴെ)പിന്നോക്ക ജില്ലകളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരും കുറവാണു എന്നത് കേരളത്തിലെ തൊഴിലന്വേഷകരുടെ സ്വഭാവം വ്യക്തമാക്കുന്നു. കേരളത്തില്‍ തൊഴിലിലായ്മ എന്നാല്‍ പഠനത്തിന്റെയും സര്‍ക്കാര്‍ ജോലി നേടലിന്റെയും ഇടയിലുള്ള ഒരു ‘സ്പേസ്’ മാത്രമായാണു കണക്കാക്കേണ്ടത്.

കേരളത്തിലെ തൊഴിലില്ലായ്മ ദാരിദ്യ്രത്തിന്റെയോ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയെയോ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയെയോ അല്ല പ്രതിഫലിപ്പിക്കുന്നത്. മറിച്ച് കായികാദ്ധ്വാനം ആവശ്യമായ ജോലികളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാനുള്ള മലയാളിയുടെ ബോധപൂര്‍വമായ ശ്രമത്തെയാണു കാണിക്കുന്നത്. അതേ സമയം അസംഘടിത മേഖലയില്‍ ഇപ്പോഴും ജോലി ചെയ്യുന്ന മലയാളികള്‍ സാമ്പത്തികമായും സമൂഹികമായും പിന്നോക്കം നില്ക്കുന്നവര്‍ തന്നെയാണ്. അതായത് കഠിനമായ ദാരിദ്യ്രം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് കഠിനമായി അധ്വാനിച്ചില്ലെങ്കില്‍ ജീവിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ദാരിദ്യ്രം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറവായി കാണുന്നത്.

2012 ലെ കേരള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് ദരിദ്രര്‍ കൂടുതലായുള്ള വയനാട്, ഇടുക്കി, പാലക്കാട്, കാസറഗോഡ് തുടങ്ങിയ ജില്ലകളില്‍ തൊഴിലില്ലായ്മയും തൊഴിലന്വേഷകരും കുറവാണു. അതേ സമയം ദരിദ്യ്രം കുറവായി കാണപ്പെടുന്ന തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ തൊഴില്ലായ്മയും തൊഴിലന്വേഷകരും വളരെ കൂടുതലാകുന്നതിന്റെ കാരണവൂം മറ്റൊന്നല്ല. കഴിഞ്ഞ ദശാബ്ദത്തോടെ കേരളത്തില്‍ സജീവ സാന്നിദ്ധ്യമായി മാറിയ പി.എസ്.സി കോച്ചിങ്ങ് സെന്ററുകളുടെ അഭൂത പൂര്‍വ്വമായ വളര്‍ച്ചയും പ്രസ്തുത സ്ഥാപനങ്ങള്‍ കൈവരിച്ച വന്‍ സാമ്പത്തിക നേട്ടങ്ങളും മലയാളികള്‍ സര്‍ക്കാര്‍ ജോലിയ്ക്ക് വേണ്ടി നടത്തുന്ന പണച്ചെലവിനെ പ്രതിഫലിപ്പിക്കുന്നു. മൂന്നോ നാലോ വര്‍ഷം മറ്റ് ജോലികള്‍ ചെയ്യാതെ സര്‍ക്കാര്‍ ജോലിയ്ക്കു വേണ്ടി ശ്രമിക്കുന്ന മലയാളി യൌവ്വനത്തെ എങ്ങനെ തൊഴിലില്ലാത്തവരായി കണക്കാക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ അവര്‍ തൊഴില്‍ ചെയ്യാത്തവര്‍ തന്നെയല്ലേ? തൊഴില്‍ ചെയ്യായ്മ എന്നാല്‍ കേരളത്തില്‍ മലയാളികള്‍ കൂലിപ്പണി ചെയ്യില്ല എന്നത് തന്നെയാണ്.

 

 

കൂലിപ്പണിയുടെ ചരിത്ര പശ്ചാത്തലം
എന്തുകൊണ്ട് മലയാളികള്‍ കായികാധ്വാനം ആവശ്യമായ ജോലികളില്‍ നിന്നും മാറി നില്‍ക്കുന്നു? പ്രതി ദിനം 600 മുതല്‍ 1000 രൂപ വരെ വേതനം ലഭിക്കുന്ന കൂലിപ്പണികളില്‍ നിനും ഒഴിഞ്ഞുമാറി മലയാളി കുറഞ്ഞ വേതനതില്‍ സേവന മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യം കാണിക്കുന്നതെന്തു കൊണ്ട്?

മലയാളികള്‍ക്ക് കായികാധ്വാനം ചെയ്യാനുള്ള ആരോഗ്യമോ കായിക ശേഷിയോ ഇല്ലാത്തതല്ല കാരണം. താല്പര്യക്കുറവ് തന്നെയാണ്. കേരളത്തിലെ കൂലിപ്പണിയുടെ ചരിത്ര പശ്ചാത്തലം പരിശോധിച്ചാല്‍ ഒരു പക്ഷേ ഇതിനുള്ള മറുപടി കണ്ടെത്താനാകും.

കേരളത്തിലെ കൂലിപ്പണിയുടെ ചരിത്രം ജാതിയുടെയും, അടിമത്തത്തിന്റെയും ഫ്യൂഡല്‍ ബന്ധങ്ങളുടെയും ചരിത്രം കൂടിയാണ്.ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ കായികാധ്വാനം ആവശ്യമായ ജോലികള്‍ ചെയ്യിച്ചിരുന്നത് അടിമ ജാതിക്കാരെക്കൊണ്ടാണ്. ജാതീയതയുടെയും ഫ്യൂഡലിസത്തിന്റെയും ബന്ധനങ്ങളായിരുന്നു അക്കാലത്തെ തൊഴില്‍ ബന്ധങ്ങള്‍. ജോലി ചെയ്യാതിരിക്കാനോ കൂലി ചോദിക്കാനോ സാധ്യമല്ല. അങ്ങനെ സംഭവിച്ചാല്‍ കൊടിയ ശാരീരിക പീഡനമോ മരണമോ ഉറപ്പാണു.

ഇതു കൂടാതെ രാജ കല്പനയനുസരിച്ച് സര്‍ക്കാരിനു വേണ്ടി ‘ഊഴിയം’ ജോലികള്‍ ചെയ്യേണ്ടിയിരുന്നതും അടിമ ജാതിക്കാരും അയിത്ത ജാതിക്കാരുമായിരുന്നു. ആദ്യകാലത്ത് ക്രിസ്തീയ മതം സ്വീകരിച്ചവര്‍ക്ക് അടിമ വേലകളില്‍ നിന്നും വിടുതല്‍ ലഭിച്ചിരുന്നു. ഇതില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു നല്ല പങ്ക് വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് അടിമത്തം നിരോധിക്കപ്പെട്ടതും കമ്മ}ണിസ്ററ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഒക്കെ കൂലിപ്പണിയുടെ സ്വഭാവത്തെ മാറ്റിമറിച്ചു.

കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനം കീഴാള വര്‍ഗ്ഗത്തിനു ഒരു പുതിയ ലോകവും സാമൂഹ്യ ക്രമവുമാണു വാഗ്ദാനം ചെയ്തത്. ഇതിന്റെ ഫലമായി കൂടുതല്‍ കൂലി ആവശ്യപ്പെടാനും ജോലി സമയം ക്രമീകരിക്കാനും സ്വന്തം അവകാശങ്ങള്‍ക്കായി സമരം ചെയ്യാനും കൂലിത്തൊഴിലാളികള്‍ ശക്തരായി. എന്നാല്‍, ഇതേ കൂലിത്തൊഴിലാളികള്‍ തങ്ങളുടെ പുതിയ തലമുറയെ , ജാതീയതയുടെയും അടിമത്തത്തിന്റെയും ചരിത്രം പേറുന്ന, കൂലിപ്പണികളില്‍ നിന്നും ഒഴിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മികച്ച വിദ്യാഭ്യാസം നല്കാനും അതുവഴി പുതിയ ജീവിത മാര്‍ഗങ്ങള്‍ കണ്ടെത്താനും അവര്‍ മക്കളെ പ്രോത്സാഹിപ്പിച്ചു. പഴയ അടിമ ജാതിക്കാര്‍ക്കും അയിത്ത ജാതിക്കാര്‍ക്കും ഭരണഘടനാധിഷ്ടിതമായി വിദ്യാഭ്യാസതൊഴില്‍ മേഖലകളില്‍ സംവരണം ലഭിച്ചതും, സേവന മേഖലയിലെ വളര്‍ച്ചയും പുതിയ തൊഴിലവസരങ്ങളും ഒക്കെ ചേര്‍ന്ന് പുതിയ തലമുറയ്ക്ക് മുന്നില്‍ പുതിയ ലോകം തുറന്നു. കെരളത്തില്‍ ഇന്നു 60 ശതമാനം പേരും സേവനമേഖലയിലാണു ജോലി ചെയ്യുന്നത്. അതുകൊണ്ടാണു കാര്‍ഷികകാര്‍ഷികേതര, നിര്‍മ്മാണ മേഖലകളില്‍ വന്‍ തോതിലുള്ള തൊഴിലാളി ദാരിദ്യം അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണു കേരളത്തിലേയ്ക്ക് അന്യ സംസ്ഥാന തൊഴിലാളികള്‍ വന്‍ തോതില്‍ കുടിയേറുന്നത്.

 

 
മലയാളി എന്ന സാമ്പത്തിക വിദഗ്ദന്‍
മലയാളികള്‍ പ്രവാസ ത്വരയുള്ള കൂട്ടരാണു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മലയാളികള്‍ കുടിയേറാത്ത ഭൂഖണ്ഡങ്ങളോ നാടുകളോ ഇല്ല. മികച്ച അവസരങ്ങള്‍ തേടിയുള്ള മലയാളിയുടെ യാത്ര അവന്റെ മികച്ച സാമ്പത്തിക ബോധത്തെയാണു പ്രതിഫലിപ്പിക്കുന്നത്. മികച്ച ജോലി, ഭേദപ്പെട്ട ജോലി സമയം, ഉയര്‍ന്ന കൂലി, സമൂഹ്യ സുരക്ഷ പദ്ധതികള്‍ എന്നിവ ലഭിക്കുന്ന ജോലികള്‍ നേടിയെടുക്കുന്നതില്‍ മലയാളികള്‍ ശ്രദ്ധാലുക്കളാണ്.

കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയും അല്ലാതെയും സംഘടിതരല്ലാത്ത തൊഴിലാളി വിഭാഗങ്ങള്‍ കുറവാണ്. കേരളത്തില്‍ ഇടത് വലത് ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴിലാളി സംഘടനകള്‍ രൂപീകരിച്ചതും എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഉയര്‍ന്ന വേതനവും സമൂഹ്യ സുരക്ഷാ പദ്ധതികളും ലഭിക്കാനിടയാക്കി. ഇത് മലയാളിയ്ക്ക് തൊഴിലിനോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു. അതു കൊണ്ടാണു ഇന്ത്യയില്‍ തന്നെ എല്ലാ വിഭാഗം അസംഘടിത തൊഴിലാളികള്‍ക്കും ക്ഷേമ നിധിയും ക്ഷേമ പെന്‍ഷനുകളും ഉള്ള പ്രദേശമായി കേരളം മാറിയത്.

ഏറ്റവും ഒടുവില്‍ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ വേണമെന്ന മുറവിളി കേരളത്തില്‍ ഉയര്‍ന്ന് വന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതിനു പുറമേ മികച്ച ശമ്പളം കേരളത്തിനു പുറത്ത് ലഭിച്ചാലും മലയാളി സന്തോഷത്തോടെ സ്വീകരിക്കും. കൂടുതല്‍ അധ്വാനിക്കാനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും പ്രവാസി മലയാളികള്‍ (പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫിലും) പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നു വേണം കരുതാന്‍.

അധ്വാനിച്ചാല്‍ മികച്ച വേതനം ലഭിക്കണം. അതിനാലാണ് മലയാളി കേരളത്തെക്കാള്‍ വേതനമുള്ള മറ്റ് പ്രദേശങ്ങള്‍ അന്വേഷിക്കുന്നത്. ഇതു തന്നെയാണ് അവനെ പൊള്ളുന്ന വെയിലില്‍ മണലാരണ്യങ്ങളില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കേരളത്തില്‍ അതേ ജോലി ചെയ്യുന്നതില്‍ നിന്നും തടയുന്നതും. ഇതേ സാമ്പത്തിക ശാസ്ത്ര ലോജിക് അനുസരിച്ച് അവന്‍ കുറഞ്ഞ വേതനത്തിനു അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സ്വന്തം ജോലികള്‍ ചെയ്യിക്കുകയും ചെയ്യുന്നു. ഗള്‍ഫിലെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി കേരളീയന്‍ കേരളത്തില്‍ നിര്‍മ്മിക്കുന്ന വീട് നിര്‍മ്മിക്കുന്നത് ബംഗാളിലോ, ഒഡീഷയിലോ, ആസ്സാമിലോ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാകുന്നതിലെ വിരോധാഭാസത്തിന്റെയും കാരണം ഇതു തന്നെയാണു.

ഒരേ സമയം കായികാധ്വാനം കൂടുതല്‍ ആവശ്യമുള്ള ജോലികളില്‍ നിന്നും മലയാളികള്‍ മാറി നില്ക്കുകയും നിലവിലുള്ള അസംഘടിത തൊഴിലാളികള്‍ വന്‍ തോതില്‍ അന്യ രാജ്യങ്ങളിലേയ്ക്ക് കുടിയേറുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍ കമ്പോളത്തിലുണ്ടാക്കിയ ഒരു ശൂന്യതയും, കേരളത്തിലെ ഉയര്‍ന്ന വേതന നിരക്കും വിദൂര സംസ്ഥാനങ്ങളില്‍ നിന്നു പോലും വന്‍ തോതില്‍ തൊഴിലാളികള്‍ കേരളത്തിലേയ്ക്ക് എത്തിപ്പെടാന്‍ കാരണമായി. കൂടാതെ ഇന്ത്യയുടെ, വടക്കന്‍, കിഴക്കന്‍, വടക്ക്കിഴക്ക് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ചയും ആഭ്യന്തര ക്രമസമാധാന പ്രശ്നങ്ങളും അതുവഴി ജീവനോപാധികളില്‍ വന്ന തകര്‍ച്ചയും ഈ മേഖലയിലെ ജനങ്ങളെ കൂടുതല്‍ സമ്പന്നമായ പ്രദേശങ്ങളിലേയ്ക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകാം.

 

 
കുടിയേറ്റത്തിന്റെ ഭാവി

കേരളത്തിലേയ്ക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് 1970 കള്‍ മുതലാണു പഠനവിഷയമായിട്ടുള്ളത്. 70 കളിലെയും 80 കളിലെയും തമിഴ് തൊഴിലാളികളുടെ കുടിയേറ്റം അടുത്ത ദശാബ്ദത്തില്‍ കുറഞ്ഞതായി കാണുന്നു. ഒപ്പം 1970 കള്‍ മുതല്‍ കേരളത്തിലേയ്ക്കൊഴുകാന്‍ തുടങ്ങിയ ഗള്‍ഫ് പണത്തിന്റെയും മറ്റ് ആഭ്യന്തര മാറ്റങ്ങളുടെയും ഭാഗമായി കേരളത്തിലെ നിര്‍മ്മാണ മേഖല വന്‍ തോതില്‍ വികസിക്കാന്‍ തുടങ്ങിയതും കേരളത്തിലെ തൊഴിലാളി ക്ഷാമവും വിദൂര സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വന്‍ കിട നിര്‍മ്മാണ കമ്പനികളെ പ്രേരിപ്പിച്ചു.

2000മാണ്ടിനു ശേഷമാണു ബംഗാളി തൊഴിലാളികളെ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതെന്ന് കാണാം. ആദ്യ കാലത്ത് ഇടനിലക്കാര്‍ വഴി വിദൂര ഗ്രാമങ്ങളില്‍ നിന്ന് അടിമ വ്യാപാരത്തിനു തുല്യമായ രീതികളിലൂടെ കേരളത്തിലേയ്ക്ക് എത്തിയ തൊഴിലാളികള്‍ കൊടിയ ചൂഷണമാണ് ഏറ്റുവാങ്ങിയത്. കൂലി നല്കാതിരിക്കുക, ദിവസം 18 മണിക്കൂറോളം പണിയെടുപ്പിക്കുക, മോശമായ സാഹചര്യങ്ങളില്‍ (പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൌെകര്യമില്ലാതെ) പാര്‍പ്പിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍.

എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കേരളത്തിലെ ജോലി സാധ്യതകള്‍ മനസ്സിലാക്കിയ കുറേപ്പേര്‍ സ്വന്തം ബന്ധനം ഛേദിച്ച് കേരളത്തില്‍ സ്വന്തമായി തൊഴില്‍ കണ്ടെത്തുകയും മാന്യമായ വേതനം വാങ്ങുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ തൊഴിലാളികള്‍ സ്വന്തം നിലയ്ക്ക് കുടിയേറാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിലെത്തുന്ന തൊഴിലാളികളില്‍ 60 ശതമാനത്തിനു മുകളില്‍ തൊഴിലാളികള്‍ സ്വന്തം നിലയ്ക്ക് കുടിയേറുന്നവരാണു. കുറച്ച് കഴിയുമ്പോള്‍ ഇവരില്‍ ചിലര്‍ കുടുംബത്തോടെ കുടിയേറാനും സ്വന്തമായി വസ്തുവകകള്‍ വാങ്ങാനും സ്ഥിരതാമസക്കാരാകാനും ഇടയുണ്ട്. അതോടെ കേരളത്തിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ രൂപവും, ഘടനയും സ്വഭാവവും ഒക്കെ വ്യത്യസ്തമാകും. അപ്പോള്‍ പുതിയ തരത്തിലുള്ള പ്രശ്നങ്ങളാവും കേരളത്തിനു അഭിമുഖീകരിക്കേണ്ടി വരുന്നത്.
 
 
 
 
കുടിയേറ്റ തൊഴിലാളികളും കേരളത്തിലെ പൊതു ഇടങ്ങളും

Leave a Reply

Your email address will not be published. Required fields are marked *