അസംബിള്‍ഡ് ഇന്‍ ജബല്‍ അലി

 
 
 
 

സമകാലീന കലയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന അറബ് കലാകാരന്‍ ഹസന്‍ ഷരീഫിന്റെ കലാ ജീവിതം ഇതാദ്യമായി മലയാളത്തില്‍.. സര്‍ജു എഴുതുന്ന ദീര്‍ഘ ലേഖനത്തിന്റെ അവസാന ഭാഗം
 
 

കാര്‍ട്ടൂണിസ്റ്, പെയിന്റര്‍, ശില്‍പി, ആശായാധിഷ്ഠിത കലയുടെ വക്താവ്, കലാചിന്തകന്‍, സമകാലിക കലാകാരന്‍ ഇങ്ങനെ ലോകം ഹസന്‍ ഷരീഫിന് പല വിശേഷണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈജിപ്റ്റ്, ലബനോന്‍,ഖത്തര്‍, നെതര്‍ലാന്റ്, ജര്‍മ്മനി,ക്യൂബ, ന്യൂയോര്‍ക്ക്, ജപ്പാന്‍ തുടങ്ങി നിരവധി ദേശങ്ങളിലെ കലാപ്രദര്‍ശനങ്ങളിലൂടെ അറബ് ലോകത്തെ ഏറ്റവും പ്രമുഖനായ സമകാലിക കലാകാരന്‍ എന്ന ഖ്യാതി ഉണ്ടായിട്ടുണ്ട്. ഞാനൊരു ക്രാഫ്റ്റ്സ്മാനാണ്, എന്റെ കല ലളിതമാണ്,നിങ്ങള്‍ക്കും ഇതൊക്കെ നിര്‍മ്മിക്കാം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.അവിടെ വസ്തുലോകവും ആശയലോകവും വേര്‍പെടുന്നില്ല.സമകാല അറബ് കലയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന സലാം ഹസന്‍ ഷരീഫിന്റെ കലാ ജീവിതം. സര്‍ജു എഴുതുന്ന ദീര്‍ഘലേഖനത്തിന്റെ അവസാന ഭാഗം
 

 

ആദ്യ ഭാഗം: സലാം, ഹസന്‍ ഷരീഫ്
 
 

തന്റെ നിര്‍മ്മാണ വസ്തുക്കള്‍ എമിറാത്തിലെ ചൈനീസ്, ഇന്ത്യന്‍, ഇറാനി മാര്‍ക്കറ്റുകളില്‍ നിന്നാണ് ഹസന്‍ വാങ്ങുന്നത്. കൃഷിക്കാരുടെ വീട്ടുമുറ്റത്തു കൂമ്പാരംകൂട്ടിയ നെല്ലും തേങ്ങയും പോലെയാണ് ഹസന്റെ പല രചനകളും.അത് വ്യവസായികമായ ഉദ്പാദനത്തിന്റെ പാരഡി എന്ന് തോന്നും.മെയ്ഡ് ഇന്‍ ജപ്പാന്‍ അസംബിള്‍ഡ് ഇന്‍ മലേഷ്യ എന്ന് ഉത്പാദനം തന്നെ വിഭജിക്കപ്പെട്ട ലോകസാഹചര്യത്തില്‍ കലയിലെ അടയാളമാണ് ഹസന്റെ അസംബ്ലേജുകള്‍. ഒരേ വസ്തുക്കളെ അസാധാരണമാംവിധം കൂമ്പാരമാക്കിക്കൊണ്ട് ഒന്നിച്ചുചേര്‍ക്കലിലെ മനുഷ്യപ്രയത്നത്തെ അടയാളപ്പെടുത്തുന്നു .ഉത്പ്പാദനം എന്ന വാക്കില്‍ കാലം തീര്‍ത്ത വിള്ളല്‍, വികേന്ദ്രീകരണം സാമൂഹിക വിശകലനത്തില്‍ പുതു വഴി അനിവാര്യമാക്കുന്നു. റബര്‍കുട്ടകളുടെ ഇന്‍സ്റലേഷന് മെയ്ഡിന്‍ ഇറ്റലി എന്ന് അടിക്കുറിപ്പ് വരുന്നതും അതുകൊണ്ടാണ്.

 

Weaving


 

നെയ്ത്തുകാരന്‍

ഏത് കലാകാരനിലുമുള്ള ഏകാന്തസഞ്ചാരങ്ങള്‍ ഹസനിലും ശക്തമാണ്. പിരിമുറുക്കങ്ങള്‍ അയയുന്ന നേരങ്ങളെ അയാള്‍ പ്രത്യേക നിറത്തിലും ചന്തത്തിലും ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു.ഘടന തന്നെ മാറി മറിഞ്ഞ് ഞാത്തിയ വസ്തുക്കളുടെ ഒരു നിറമേളം. ബന്ധനത്തിന്റെ ധ്വനികളും ആശയലോകങ്ങളും അപ്പാടെ അറ്റുപോകുന്നു.അപ്പോഴത് ഒരുതരം നെയ്ത്തായി മാറുന്നു. കരവിരുതുകളിലെ സൂക്ഷ്മതയും ശ്രദ്ധയുമല്ല, സവിശേഷമായ ഏകാഗ്രത. ഒരു സൂഫിയുടെ ആന്തരികമായ നെയ്ത്ത്. ഉണങ്ങിയ പനയോലകള്‍ മെടയുന്നു. ചിലപ്പോള്‍ ചെമ്പും അലൂമിനിയവും ചേര്‍ത്തുമെനയുന്നു.ആകെ കുരുങ്ങിയവയില്‍ നിന്നു ചില പുതുചന്തങ്ങള്‍ വരുന്നു. കെട്ടുവള്ളികള്‍ക്കുപകരം ചെമ്പുകമ്പികളും കേബിളുകളുമൊക്കെ അത്ര കണ്ടിണങ്ങാത്ത വസ്തുക്കളെ സുന്ദരമായൊരു പാരസ്പര്യത്തിലേയ്ക്ക് മുറുക്കുന്നു. ഉരുക്കിന്റെ അരിപ്പകളും കരണ്ടികളും ചെമ്പുകൊണ്ടു കോര്‍ത്ത വലിയ പുതിയ ഉരുവങ്ങളുണ്ടാകുന്നു. കത്തിയും ഫോര്‍ക്കും കരണ്ടിയും അലുമീനിയവും ചെമ്പുമായി ചേരുന്ന പുതിയ ഒരു നിര്‍മ്മിതി നിലം തൊടാതെ നില്‍ക്കുന്നു.

അറുത്തുമുറിച്ച നീലച്ചെരിപ്പുകള്‍, നിസാര വസ്തുക്കളെ, ലോകം ചവിട്ടിത്തേയ്ക്കുന്നവയെ ഒന്നിപ്പിച്ച് ഒരു കൂട്ടായ്മയും പുതുസ്വത്വവും ഉണ്ടാക്കുന്നു. മരക്കഷണങ്ങളും ചെമ്പു കമ്പികളും ചേര്‍ത്തുള്ള ശില്‍പ്പം, ഒന്നായ് നില്‍ക്കുന്നതിന്റെ സവിശേഷമായ അഴകാകുന്നു. കല്ലും കളിമണ്‍ പാത്രവും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും കൊണ്ട് പല ദ്വീപുകളുള്ള കടല്‍. ഫോം റബറും ചെമ്പുകമ്പിയും കൊണ്ട് നിറങ്ങളുടെ ഉത്സവം^ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ സ്ഥലവുമായുള്ള ബന്ധവും വ്യത്യസ്തമാണ്. നിലത്തു വിരിച്ചവ, കൂട്ടിയിട്ടവ, ഞാത്തിയവ. വസ്തുക്കളുടെ ഘടനയും സ്വഭാവവും അനുസരിച്ച് ഈ ബന്ധത്തിനും ഭിന്നരീതികള്‍.

പ്രതിഭയെ അമാനുഷികവല്‍ക്കരിക്കുന്നതിന് എതിരേയുള്ള കലഹങ്ങള്‍ക്ക് കാലപ്പഴക്കമുണ്ട്. കലയിലെ മനുഷ്യപ്രയത്നത്തെ, അദ്ധ്വാനത്തെ കാഴ്ചയിലേയ്ക്ക് കൊണ്ടുവരുന്നതിലൂടെ, പ്രവര്‍ത്തനങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് ആ നിര്‍മ്മിതികള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു.ഹസന്റെ പണിശാല ഒരു സ്റുഡിയോ അല്ല , ശരിക്കും ഒരു വര്‍ക് ഷോപ് .അത് അദ്ധ്വാനത്തില്‍ ആണ്ടുപോയിരിക്കുന്നു.കലയിലെ മനുഷ്യാദ്ധ്വാനത്തെക്കുറിച്ചുള്ള അസാധാരണമായ ആഖ്യാനമാണ് ഹസന്‍ ഷരീഫ് എന്ന ആര്‍ട്ടിസ്റിന്റെ നിര്‍മ്മിതികളുടെ മഹത്വവും മൌെലികമായ കരുത്തും.

ആശാരി , മൂശാരി, കല്ലന്‍, കൊല്ലന്‍, കൊശവന്‍, കൊത്തുകാര്‍, നെയ്ത്തുകാര്‍ തുടങ്ങി എണ്ണമറ്റ മനുഷ്യകുലങ്ങളുടെ സിദ്ധികളെ ആവാഹിക്കാനും ഒന്നിപ്പിക്കാനും ഒരു അറബി നടത്തുന്ന ആഭിചാരമല്ലിത്. Marcel Duchampലും Paul kleeയിലും നിന്നു നീളുന്ന ആധുനികതയുടെ ഒരു തുടര്‍ച്ചയാകുന്നു. വസന്തത്തിലേയ്ക്ക് പുറപ്പെട്ട ഒരു അറബ് പാത. ആവിഷ്കാരങ്ങള്‍ക്കൊപ്പം തന്റെ മാര്‍ഗത്തെ കലാകൂട്ടായ്മകള്‍, ശില്‍പ്പശാലകള്‍, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, തുടങ്ങി പല രീതികളിലൂടെ ഹസന്‍ ഷരീഫ് വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്താണ് പുതിയ കല?. പുതിയ കലാസങ്കല്‍പ്പങ്ങള്‍, കലയുടെ ആവിഷ്കാരരീതികള്‍, ഇവയെ മുന്‍നിര്‍ത്തി മൂന്ന് ഗ്രന്ഥങ്ങള്‍ ഷരീഫിന്റേതായുണ്ട്. ഇമിറേറ്റ്സ് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ദുബായ് ആര്‍ട്ട് അറ്റ് ലിയെര്‍, സമകാലിക കലയ്ക്കായുള്ള ഫ്ലൈയിംഗ് ഹൌസ് എന്നിവ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു.

 

Weaving

 

ഷാര്‍ജ ബിനാലെ
നൃത്തത്തിന്റെയും സംഗീതത്തിന്റെയും യാത്രകളായിരുന്നു പൊതുവില്‍ കലയുടെ ദേശാന്തര സഞ്ചാരം. അത് പാരമ്പര്യ സംഗീതവും പാരമ്പര്യനൃത്തവുമൊക്കെ ആയിരിക്കാന്‍ സര്‍ക്കാരുകള്‍ എല്ലാ കാലത്തും ഉത്സാഹിച്ചിട്ടുണ്ട്. ദൂരേയ്ക്ക് പോകുമ്പോള്‍ ദേശത്തേയും വര്‍ത്തമാനകാലത്തേയുംകുറിച്ചുള്ള മൌനം ഉറപ്പാക്കാന്‍ എന്നും വ്യഗ്രതയുണ്ടായിരുന്നു. ആര്‍ട്ട് ബിനാലെകളും ചലച്ചിത്രോത്സവങ്ങളുമൊക്കെയാണ് ഇതിന് മാറ്റംകുറിച്ചത്. വിവിധ ദേശക്കാരായ നൂറോളം ആര്‍ട്ടിസ്റുകള്‍ പങ്കെടുക്കുന്ന പതിനൊന്നാമത് ഷാര്‍ജ ബിനാലെ 2013 മാര്‍ച്ച് 13 ന് തുടങ്ങി മെയ് 13ന് അവസാനിക്കും.1993ലായിരുന്നു ആദ്യത്തെ ബിനാലെ. ഇക്കാര്യത്തില്‍ മാത്രം ഈ ദേശത്തിന് ഇരുപത് വര്‍ഷത്തെ അനുഭവ പാഠങ്ങളുണ്ട്.

ഇത് ലോകത്തിലെ സമകാലിക കലയെ ഇമിറേറ്റ്സിലേയ്ക്ക് കൊണ്ടുവരികയും തദ്ദേശീയരായ ആര്‍ട്ടിസ്റുകളെ ദേശാന്തരങ്ങളിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, അബ്ദുള്ള അല്‍ സാദി, മുഹമ്മദ് കാസിം, ഹസന്റെ സഹോദരനായ ഹുസൈന്‍ ഷരീഫ് തുടങ്ങി ശ്രദ്ധേയരായ നിരവധി കലാകാരന്മാരുണ്ട്. കമര്‍ കാന്റി എന്ന കഴുതയേയും ഒരു നായയെയും കൂട്ടി വടക്കന്‍ എമിറേറ്റ്സിലൂടെയും ഒമാനിലൂടെയും നടത്തിയ ഇരുപതു ദിവസത്തെ യാത്രയില്‍ പിന്നിട്ട ഭുപ്രദേശങ്ങളെ ജലച്ചായച്ചിത്രങ്ങളിലും ഫോട്ടോഗ്രാഫുകളിലും വീഡിയോയിലുംകൂടി ആവിഷ്കരിക്കുകയായിരുന്നു കഴിഞ്ഞ ബിനാലെയില്‍ അബ്ദുള്ള അല്‍സാദി.

 

After Press Conference


 

പ്രസ് കോണ്‍ഫറന്‍സ്

ചുരുട്ടിക്കെട്ടിമുറുക്കിയ പത്രങ്ങളുടെ കൂനയായിരുന്നു ഹസന്റെ ‘പ്രസ് കോണ്‍ഫറന്‍സ്’ എന്ന ഇന്‍സ്റലേഷന്‍.ഡിക്റ്റേറ്റ് ചെയ്യപ്പെട്ടവയുടെ പകര്‍പ്പ് കെട്ട്. ഇത് അറബ് ലോകത്തിന്റെ മാത്രം മാധ്യമാവസ്ഥയല്ല. ജനാധിപത്യദേശങ്ങളിലും തികഞ്ഞ കച്ചോടക്കാരും തരകുകാരും കങ്കാണിമാരും ഗൂഢാലോചനക്കാരുമായ മാധ്യമ ജീവികള്‍ സാധാരണമാണ്.

‘പത്രസമ്മേളനത്തിനു ശേഷം’ എന്നൊരു പെയിന്റിംഗ് ആകട്ടെ വലിച്ചെറിയപ്പെട്ടതില്‍ നിന്ന് അകത്താക്കിയവയെ തുറന്നു കാണിക്കുന്നുണ്ട്.മാധ്യമ ജീവിതം ഉണ്ടായിരുന്ന ഒരാളെന്ന നിലയില്‍ സ്വയം വിമര്‍ശനത്തിന്റെ നിറങ്ങളുള്ള ഒരു പെയിന്റിംഗാണിത്. നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്യ്രം എന്നപോലെ നിര്‍മ്മിക്കപ്പെടുന്ന സ്വാതന്ത്യ്രവും പ്രധാനമാണ്.

കല അതാവിഷ്കരിക്കുന്ന താത്ക്കാലികമായൊരു മനോനിലയിലാണ് മുഖ്യമായും ആശ്രയിക്കുന്നത്. അതൊരാളിലുണര്‍ത്തുന്ന അഴകും ആനന്ദവും താത്ക്കാലിക മനോനിലതന്നെ. അതിനാല്‍ ഹസന്‍ ഷരീഫിന് ശാശ്വതമായ അഴക് നിയമങ്ങള്‍ ഇല്ല. ക്ലാസിക്കുകള്‍ എന്ന് ഹസന്‍ പേരിട്ടിട്ടുള്ള രണ്ട് ഇന്‍സ്റലേഷനുകളുണ്ട്. ഒന്ന് പേപ്പര്‍ക്കെട്ടുകള്‍ സ്റീലും ചെമ്പുകമ്പികളും കൊണ്ട് മുറുക്കിയത്.മറ്റൊന്ന് പാഴ് വസ്തുക്കള്‍ ഒന്നിപ്പിച്ചുണ്ടാക്കിയത്.

വാക്കുകളുടെ മുറുക്കങ്ങളിലെന്ന പോലെ വസ്തുലോകത്തിന്റെ മുറുക്കങ്ങളില്‍ അഭിരമിക്കുന്ന ഒരു കവി ഹസനിലുണ്ട്. നാരുകള്‍പോലെ നേര്‍ത്തു സൂക്ഷ്മമാകുന്നവയുടെ ബലതന്ത്രങ്ങളറിയുന്ന അയാള്‍ ഉരുവങ്ങള്‍ ഞെരുങ്ങി അടുങ്ങിയിരിക്കുന്ന ഗുഡ്സ് വാഗണില്‍ കൊടിവീശുന്നുണ്ട്.ഹസന്റെ കലയില്‍ ലോകം വിപുലമാകുന്നത് വസ്തുലോകത്തിന്റെ വളര്‍ച്ചയിലൂടെയും അതുപുതുക്കപ്പെടുന്നത് അയാള്‍ നിര്‍മ്മിക്കുന്ന മുമ്പില്ലാത്ത ഉരുവങ്ങളിലൂടെയുമാണ്.

ആദ്യകാല ഗള്‍ഫ്കാരുടെ വാമൊഴിക്കഥകളുടെ കലവറകളും ഭൌതികമായ പുറം മോടികളുമാണ് ഇപ്പോഴും ഗള്‍ഫിനെക്കുറിച്ചുള്ള കേരളീയ പൊതുബോധത്തിന്റെ അടിത്തറ. കേരളത്തില്‍ പ്രചാരം ലഭിച്ചിട്ടുള്ള ഗള്‍ഫ് സാഹിത്യം പോലും കാട്ടറബികളുടെ കഥകളാണ്. കുടിയേറ്റ പഠനങ്ങളുടെ സമഗ്രതയ്ക്ക് ആതിഥേയ സമൂഹങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അനിവാര്യമാണെങ്കിലും ആ വഴി നമുക്കിനിയും പ്രിയമുള്ളതായിട്ടില്ല.

# ജബല്‍ അലി : ദുബായ് ഇന്‍ഡസ്ട്രിയല്‍ സോണ്‍

 
 

ആദ്യ ഭാഗം: സലാം, ഹസന്‍ ഷരീഫ്
 
 
 
 

Wedding


 
 

The Highest Peak

 
 

Suspented Objects


 
 

Sobar tea fork


 
 

Shavel


 
 

Sea With Many Islands


 
 

 
 

Press Conferance


 
 

Made in Italy

 
 

Flying House


 
 

Coir


 
 

Classic Copper Steel Card


 
 

Classic


 
 

Cars


 
 

Card board and Glue


 
 

Button Cloth


 
 

Brush


 
 

Boxes Objects


 
 

Blue Slippers


 
 

Blanket


 
 

Barriers Karima


 
 

 
 
 
 

7 thoughts on “അസംബിള്‍ഡ് ഇന്‍ ജബല്‍ അലി

  1. അറബ്യേയില്‍നിന്ന് പലതും ഇവിടെയെത്തിയിട്ടുണ്ട്. പണവും വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും ഈയടുത്ത കാലത്തായി അവിടത്തെ സാഹിത്യവും. എന്നാല്‍, അവിടത്തെ കലാരംഗത്തെക്കുറിച്ച് കാര്യമായി അറിയില്ല. ഇനിയും ഇത്തരം ലേഖനങ്ങള്‍ ഉണ്ടാവണം.

  2. മഹാനായ ഒരു കലാകാരനെ പരിചയപ്പെടുത്തി. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *