അതിനാല്‍, നമുക്ക് റിയല്‍എസ്റ്റേറ്റ് സ്വര്‍ഗങ്ങളില്‍ രാപ്പാര്‍ക്കാം

 
 
 
 
എന്തു തരം വികസനമാണ്, നാം വരും തലമുറയ്ക്കായി കാത്തുവെക്കുന്നത് – വാണി പ്രശാന്ത് എഴുതുന്നു
 
 
സെക്കന്റുകള്‍ വെച്ചു വില കയറുന്ന ഭൂമിയും വില കയറ്റി വിടുന്ന ബ്രോക്കറും പുതിയ അനുഭവം തന്നെയായിരുന്നു. പലചരക്കു കടക്കാരന്‍ മുതല്‍, കോട്ടും സ്യൂട്ടും ഇട്ടു റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാന്‍ വരെ എല്ലാവരും ബ്രോക്കര്‍മാര്‍ ! നാടു നീളെ ബ്രോക്കര്‍മാരുടെ നെടുങ്കന്‍ കണ്ണികള്‍. ചുറ്റും കാണുന്ന തോടും, പാടവും , കാടും വെട്ടി വെടിപ്പാക്കി നിമിഷ നേരം കൊണ്ട് വില്ല കമ്മ്യൂണിറ്റികള്‍ തീര്‍ക്കുന്ന മായാജാലങ്ങള്‍! മണ്ണും, കല്ലും, മരവും വിറ്റ് ഭൂമി നിരപ്പാക്കി , സിമന്റ് ഇഷ്ടിക കൊട്ടാരങ്ങള്‍ പണിത്, വിത്ത് ഓള്‍ അമിനിറ്റീസ് ലേബല്‍ ഇട്ടു കോടികള്‍ കൊയ്യുന്ന പുതുപ്പണക്കാര്‍ ! ഒത്താശയ്ക്ക് ചെറുകിട , വന്‍കിട രാഷ്ട്രീയക്കാര്‍ ! മുന്നില്‍ നിരന്നത്, പണ്ടിവിടെ നിന്ന് പോവുമ്പോള്‍ ചിന്തിക്കാന്‍ പോലുമാവാതിരുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു-വാണി പ്രശാന്ത് എഴുതുന്നു

 

 

“അത് നോക്കണ്ട, മാഡം , അടുത്ത വര്‍ഷം ഈ ടൈം ആകുമ്പൊളേയ്ക്കും അതെല്ലാം വെട്ടി നിരപ്പാക്കി ,പ്ലോട്ട് തിരിച്ചിട്ടുണ്ടാകും. ” ^തൊട്ടുമുന്നില്‍ പച്ച കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ഇത്തിരി തുണ്ട് മണ്ണ് കാണിച്ച് , വെളുത്തു തടിച്ച അയാള്‍ ഉറപ്പു പറഞ്ഞു. .

നാട്ടില്‍ തിരികെയെത്തി വീട് വെച്ച് ജീവിക്കുക എന്ന ഏതു പ്രവാസിയുടെയും സ്വപ്നം തന്നെ ആയിരുന്നു അവിടെയെമ്പോള്‍ ഞങ്ങള്‍ക്കും. ജോലി സാധ്യതയാണ് അപരിചിത ദേശത്തുനിന്നും വീണ്ടും കൊച്ചിയില്‍ എത്തിച്ചത്. അവിടെ നിന്നാണ്, സ്വന്തമായി മനോഹരമായ കൂടു വേണമെന്ന ആഗ്രഹം കനത്തത്. പലയിടങ്ങളില്‍ അതിനായി തിരഞ്ഞത്. എത്തിപ്പെട്ടത്, പുറമേ കാണാനാവാത്ത വിചിത്രമായ ചില ലോകങ്ങളിലേക്കു കൂടിയായിരുന്നു.

സെക്കന്റുകള്‍ വെച്ചു വില കയറുന്ന ഭൂമിയും വില കയറ്റി വിടുന്ന ബ്രോക്കറും പുതിയ അനുഭവം തന്നെയായിരുന്നു. പലചരക്കു കടക്കാരന്‍ മുതല്‍, കോട്ടും സ്യൂട്ടും ഇട്ടു റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാന്‍ വരെ എല്ലാവരും ബ്രോക്കര്‍മാര്‍ ! നാടു നീളെ ബ്രോക്കര്‍മാരുടെ നെടുങ്കന്‍ കണ്ണികള്‍. ചുറ്റും കാണുന്ന തോടും, പാടവും , കാടും വെട്ടി വെടിപ്പാക്കി നിമിഷ നേരം കൊണ്ട് വില്ല കമ്മ്യൂണിറ്റികള്‍ തീര്‍ക്കുന്ന മായാജാലങ്ങള്‍! മണ്ണും, കല്ലും, മരവും വിറ്റ് ഭൂമി നിരപ്പാക്കി , സിമന്റ് ഇഷ്ടിക കൊട്ടാരങ്ങള്‍ പണിത്, വിത്ത് ഓള്‍ അമിനിറ്റീസ് ലേബല്‍ ഇട്ടു കോടികള്‍ കൊയ്യുന്ന പുതുപ്പണക്കാര്‍ ! ഒത്താശയ്ക്ക് ചെറുകിട , വന്‍കിട രാഷ്ട്രീയക്കാര്‍ ! മുന്നില്‍ നിരന്നത്, പണ്ടിവിടെ നിന്ന് പോവുമ്പോള്‍ ചിന്തിക്കാന്‍ പോലുമാവാതിരുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു.

വാണി പ്രശാന്ത്


തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവമാണ് . “മുമ്പൊക്കെ ആ അമ്പലത്തിലെ പാട്ടും മേളവുമെല്ലാം ഞങ്ങള്‍ക്ക് നന്നായി കേള്‍ക്കാമായിരുന്നു. ഈ പാടം അങ്ങ് കടന്നാല്‍ അമ്പലമായി. നാടകമൊക്കെ ഞങ്ങള്‍ വീട്ടില്‍ ഇരുന്നു മുഴുവന്‍ കേള്‍ക്കുമായിരുന്നു .”മായ പറഞ്ഞു. മായയുടെ വീട് ഈ പാടശേഖരത്തിന്റെ പിറകിലാണ്. ഇന്ന് ആ പാടം നിറയെ വില്ലകള്‍. കുട്ടികള്‍ കളിച്ച പറമ്പിനും നീല ആമ്പല്‍ നിറഞ്ഞ കുളത്തിനും ഇന്ന് വെവ്വേറെ നമ്പറുകളുണ്ട്.

മാറ്റങ്ങള്‍ അനിവാര്യമാണ്. തടുക്കാന്‍ ഒട്ടുമെളുപ്പമല്ല. എങ്കിലും, ലാഭത്തിന്റെ പ്രായോഗിക കണക്കുകളില്‍ മാത്രം മുഖം പൂഴ്ത്തി നാം നടന്നു ചെല്ലുന്നത് അത്ര സുഖകരമായ കാലത്തേക്കാവില്ല. ഇത്തിരി ഭൂമിക്കായുള്ള അലച്ചിലിനിടെ തിരിച്ചറിഞ്ഞത് ഈയൊരു കാര്യമാണ്.

ഇരിക്കുന്ന കൊമ്പു മുറിഞ്ഞ്, വീഴാറാവുന്നത് കാണാനാവുന്നു. പാടങ്ങള്‍ ഏതാണ്ട് നികത്തപ്പെട്ടു കഴിഞ്ഞു. മലകള്‍ ഇത്തിരി നേരം ഇല്ലാതാവുന്ന മാജിക്. പുഴകള്‍ മണല്‍ കുഴികളും ചെറു ജലാശയങ്ങള്‍ മാലിന്യക്കൂനയുമായി അതിവേഗം മാറുന്നു. കാടുകള്‍ ഇക്കോ ടൂറിസ്റ്റുകള്‍ക്ക് നൊസ്റ്റാല്‍ജിയ ചര്‍ദ്ദിക്കാള്ള ഇടങ്ങള്‍ മാത്രം. നമ്മുടെ കാലാവസ്ഥയെ, ജൈവസമൃദ്ധിയെ നിലനിര്‍ത്തുന്ന പശ്ചിമഘട്ടം പതിയെ പതിയെ മരണത്തിലേക്കു വീഴുന്നു. എന്തു തരം വികസനമാണ്, നാം വരും തലമുറയ്ക്കായി കാത്തുവെക്കുന്നത്?
 

 

നാട് എന്ന പ്ലോട്ട്
വികസനത്തിന് അത്ര അടുത്തായിരുന്നില്ല എരിവേലി. മനോഹരമായ ഒരിടം. ഞങ്ങള്‍ ആദ്യം ചെല്ലുമ്പോള്‍ അവിടമാകെ ഹരിതാഭയുടെ ഉല്‍സവമായിരുന്നു. ചെറിയ മലകള്‍. തോട്ടങ്ങള്‍. പാടങ്ങള്‍. എന്നാല്‍, ചുരുക്കം വര്‍ഷങ്ങള്‍ക്കുശേഷം അവിടെയത്തിയപ്പോള്‍ ഈ പ്രദേശമാകെ മാറി കഴിഞ്ഞു. നമ്മുടെ പദാവലികളനുസരിച്ച് വികസനം. മലയിലെ മരങ്ങള്‍ ആദ്യം നാടു നീങ്ങി. പിന്നെ വെട്ടുകല്ല് ,മണ്ണ് എല്ലാം വിറ്റു മല നിരപ്പാക്കി. ഇപ്പോള്‍ അത് അഞ്ചും, പത്തും സെന്റുകളാക്കിയ പ്ലോട്ടുകളാണ്. മുന്നില്‍ ഒരു ഗേറ്റും, സെക്യുരിറ്റി കാബിനും. ഇത്രയുമായാല്‍, സ്ഘല വില കുതിച്ചു കയറുമെന്നാണ്. സെന്റിനു അഞ്ചു ലക്ഷം വരെ പറയാം . അവിടെ കണ്ട റിയല്‍ എസ്റ്റേറ്റു കച്ചവടക്കാരന്‍ അക്കാര്യം ആവേശത്തോടെ പറഞ്ഞു.

എരിവേലി മാത്രമല്ല, കേരളത്തില്‍ ബാക്കിയായ പച്ചപ്പുകളെല്ലാം ഇപ്പോള്‍ പ്ലോട്ടുകളാവാനുള്ള തിടുക്കത്തിലാണ്. എത്രയും വേഗം പരമാവധി കാശുണ്ടാക്കാനുള്ള തിടുക്കത്തില്‍ മനുഷ്യര്‍. റിയല്‍ എസ്റ്റേറ്റ് മാഫിയയെന്ന് വിളിക്കുന്നവര്‍ മാത്രമല്ല, സാധാരണക്കാരും ഭാഗ്യാന്വേഷണത്തിന്റെ ചൂണ്ടകളുമായാണ് നടക്കുന്നത്. ആരെയും പറ്റിക്കാനും കാശുണ്ടാക്കാനുമുള്ള മനോഭാവമാണ് ഈ റിയല്‍ എസ്റ്റേറ്റ് കാലം മനസ്സുകളില്‍ തീര്‍ത്തത്. ഈയടുത്തു വരെ, നിഷിദ്ധമെന്ന് പൊതുസമൂഹം പുച്ഛിച്ചു തള്ളിയ കാര്യങ്ങളെല്ലാം ഇന്ന് സ്വീകാര്യമാണ്. നന്‍മ എന്നും മനുഷ്യപ്പറ്റ് എന്നൊക്കെ വിളിച്ച് ഈ ദേശം നെഞ്ചേറ്റിയതെല്ലാം ജീവിക്കാന്‍ അറിയില്ല എന്നതിനുള്ള സാക്ഷ്യപത്രങ്ങളാണ്. സത്യത്തില്‍ മാറിയത് മനോഭാവമാണ്. ജീവിത വീക്ഷണം തന്നെയാണ്.

 

 
പ്രകൃതി ജീവനം എന്ന കെണി
മാറി വരുന്ന പാര്‍പ്പിട സങ്കല്‍പ്പങ്ങളെ അപ്പാടെ തള്ളി പറയുകയല്ല. മറിച്ച്, നെയ്ചര്‍ ലിവിങ്, ഗ്രീന്‍ ലിവിങ് എന്നൊക്കെ മിനുത്ത ഭാഷയില്‍ പൊലിപ്പിച്ച് ഈ കച്ചവടക്കാര്‍ നമ്മുടെ മുന്നിലേക്ക് നീട്ടുന്ന പുതു പാര്‍പ്പിട ക്രമത്തിനകത്ത് പൊള്ളത്തരങ്ങള്‍ക്കു കൂടി ഒരു മുറിയുണ്ടെന്ന് സൂചിപ്പിക്കുകയാണ്. കുടുംബ ബന്ധങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് , സൌഹൃദ കൂട്ടായ്മകളിലേക്ക് ജിവിതം മാറിയത് ജോലി സദ്ധ്യതകളേയും, സ്ഥല സൌകര്യങ്ങളെയും മുന്‍ നിര്‍ത്തിയാണ് . സാമൂഹിക അന്തരീക്ഷം പലപ്പോളും കമ്മ്യുണിറ്റി ലൈഫിനു പ്രാധാന്യം നല്‍കുന്നതുമാണ്. എന്നാല്‍, ലാഭമെന്ന ഒറ്റ വിത്തില്‍നിന്നു പിറക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് വായ്ത്താരികള്‍ക്ക് ആ വാക്കുകളുടെ ഉള്ളു കാണാനേ കഴിയില്ല. സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് , നാടിനെ , പ്രകൃതിയെ ഊറ്റിയെടുത്ത് നടത്തുന്ന ഈ കപട നേച്ചര്‍ ഫ്രണ്ട്ലി റിയല്‍ എസ്റ്റേറ്റ് മാമാങ്കം നാശത്തിലേക്കുള്ള കവാടം തന്നെയാണ്.

ഇതു മാത്രമല്ല, ഇക്കൂട്ടര്‍ നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിലടക്കം മുന്നിട്ടു നില്‍ക്കുന്നത് തട്ടിപ്പുകളും പണക്കൊതിയും തന്നെയാണ്. ലക്ഷങ്ങളുടെ / കോടികളുടെ വില്ലകളില്‍ ഓഫര്‍ ചെയ്യുന്ന ലക്ഷ്വറി അമിനിറ്റീസില്‍ പകുതിയും പണി തീരുമ്പോള്‍ ഉണ്ടാകില്ല. എന്ന് മാത്രമല്ല നിര്‍മ്മാണ സാമഗ്രികളുടെ ഗുണ നിലവാരവും ദയനീയം. എന്നിട്ടും ഇന്‍വെസ്റ്മെന്റ് എന്ന പേരില്‍ നാടിന്റെ മുക്കിലും മൂലയിലും വില്ലകളും പ്ലോട്ടും ഫ്ലാറ്റും വാങ്ങി കൂട്ടാന്‍ മല്‍സരമാണ് . നൊസ്റ്റാല്‍ജിയയുടെ കുഴലൂത്തുകാരനു പിന്നാലെ എത്തുന്ന എന്‍. ആര്‍. ഐ മണിക്കായി വാ പിളര്‍ന്നിരിക്കുന്ന ലാഭക്കൊതി പൊളിച്ചടുക്കുന്നത് നാടിനെ മാത്രമല്ല, നമ്മുടെ ജീവിതങ്ങളെ കൂടിയാണ്.

 

 

നിയമലംഘനമെന്ന കളി
നിയമം തെറ്റിക്കലാണ് എല്ലാത്തിന്റെയും പ്രധാന യോഗ്യത. നേരേ ചൊവ്വേ നടക്കുന്നതിനു പോലും അങ്ങോട്ട് ചെന്ന് കൈക്കൂലി നല്‍കണം. സമയവും തരവും നോക്കി നിയമം ലംഘിക്കുന്നതാണ് ഹരം. നമ്മുടെ നിര്‍മ്മാണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം നിയമ ലംഘനമായി മാറിയതിനു പിന്നില്‍, ഈ ഒളിച്ചു കളിയുടെ ത്രില്‍ കൂടിയുണ്ട് എന്നു തോന്നുന്നു.

മലകളും പാടങ്ങളും ,എന്തിനു കനാലുകള്‍ വരെ നികത്തി പ്ലോട്ടുകള്‍ ആക്കുമ്പോഴും ആരുടെയും പുരികം ചുളിയാത്തതത് ഈ കളിയുടെ ഭാഗമായി മനുഷ്യരെല്ലാം മാറിയതു കൊണ്ടാണ്. കൂണുകള്‍ പോലെ പെരുകുന്ന റിയല്‍ എസറ്റേറ്റു കമ്പനികള്‍ സാധാരണക്കാരന്റെ ജീവിതത്തെ തന്നെ പിഴുതെറിയുമ്പോള്‍ ആര്‍ക്കും അതില്‍ അതിശയം തോന്നാത്തതും അതാണ്. റിയല്‍ എസ്റ്റേറ്റുകാരും അവര്‍ പുറന്തള്ളുന്നവരും അവിടെ പുതിയ കൂടൊരുക്കുന്നവരും എല്ലാത്തിന്റെ ലാഭം കോഴകളായി കൈപ്പറ്റുന്നവരും ചിലപ്പോഴൊക്കെ പ്രതിഷേധിക്കുന്നവരുമെല്ലാം കറന്‍സി നോട്ടുകള്‍ തിന്ന് വയറു നിറക്കേണ്ട ഈ കളിയിലെ പല കഥാപാത്രങ്ങള്‍ മാത്രമാണ്.

 

Painting: Peter Zokosky


 

വീട് എന്ന ഇന്‍വെസ്റ്റ്മെന്റ്
എപ്പോഴാണ് വീട് ഏറ്റവും നല്ല ഇന്‍വെസ്റ്മെന്റ് പദ്ധതി ആയി മാറിയത് ? മനുഷ്യന്റെ ആത്യന്തിക ആവശ്യങ്ങളില്‍ ഒന്ന് എന്നതില്‍ നിന്ന് അവന്റെ സമ്പാദ്യ കുടുക്കയായി വീട് ചെന്ന് വീണത് എന്നാണ് ? സ്വപ്ന ഗേഹം പണിയാന്‍ ജീവിതത്തിലെ നല്ലൊരു പങ്കു വിയര്‍പ്പും നല്കി , ആത്മാവില്‍ തൊട്ട് തീര്‍ക്കുന്ന വീടിന്,വീട്ടുകാരുടെ സന്തോഷവും സന്താപവും എന്തിനു ജീവിത ഗതിയെ തന്നെ നിയന്ത്രിക്കാന്‍ ആകുമെന്ന് വിശ്വസിക്കുന്ന മഹത്തായ ഒരു വാസ്തു പാരമ്പര്യം ഉള്ള നാടാണ് നമ്മുടെത്. മരത്തിനോടും, അതിലെ ജീവജാലങ്ങളോടും, മണ്ണിനോടും അനുവാദം വാങ്ങി മാത്രം മണ്ണ് തൊട്ട പാരമ്പര്യമുള്ള ദേശം.

എന്നാല്‍ ഇന്ന് വിപരീതങ്ങളുടെ കളികളാണ്. ബിസിനസുകാരും ബ്രോക്കര്‍മാരും ഓഫീസര്‍മാരും, രാഷ്ട്രീയക്കാരുമെല്ലാം അരങ്ങു തകര്‍ക്കുന്ന കളിയരങ്ങാണിന്ന് പാര്‍പ്പിടങ്ങള്‍. പണക്കൊതി അല്ലാതെ യാതൊന്നും ഇതിനിടയിലില്ല. ആര്‍ത്തി പെരുത്ത് , മണ്ണും മരവും, വെള്ളവും , എന്തിനു സഹജീവികളെ പോലും വില്‍പ്പനച്ചരക്കാക്കി നടത്തുന്ന കളികളുടെ ശേഷപത്രം എന്തായിരിക്കും?

ഇറ്റുവെള്ളമില്ലാത്ത നാട്ടിലെ പൊറുതിയുടെ പേരില്‍ നാളെ ,നമ്മുടെ മക്കള്‍ കെട്ടിപ്പൊക്കിയ സിമന്റു മാളികകളിലിരുന്നു നമ്മെത്തന്നെ ശപിക്കും. പച്ചപ്പു ചോര്‍ന്നുപോയ കോണ്‍ക്രീറ്റ് വനങ്ങളിലിരുന്ന്, അതിജീവനത്തിന്റെ പ്രകൃതി പാഠങ്ങള്‍ക്കായി അവര്‍ മണ്ണിലിറങ്ങേണ്ടി വരും. അന്നേരം, തിരിച്ചു പിടിക്കാനാവാത്ത വിധം മാറിപ്പോയ ഒരു കാലത്തിലിരുന്ന്, അവര്‍ക്ക് നമ്മുടെ കണക്കൂകൂട്ടലുകളെ പറഞ്ഞു പുച്ഛിക്കേണ്ടി വരും.
 
 
 
 

3 thoughts on “അതിനാല്‍, നമുക്ക് റിയല്‍എസ്റ്റേറ്റ് സ്വര്‍ഗങ്ങളില്‍ രാപ്പാര്‍ക്കാം

  1. പ്രവാസികൾ തന്നെ തന്നെ വിദേശിക്കു വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു ….നമ്മൾ മണ്ണും …രണ്ടും നാടിനു ദോഷം തന്നെ അല്ലെ ?

Leave a Reply

Your email address will not be published. Required fields are marked *