മരണക്കിടക്കയില്‍ കടലിന് പറയാനുള്ളത്

 
 
 
 
ആഗോളതാപനം സമുദ്രതീര പരിസ്ഥിതിയോട് ചെയ്തത്. ഓംജി ജോണ്‍ എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ ആദ്യ ഭാഗം
 
 

വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. താപനില റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. വരള്‍ച്ചയും കുടിവെള്ളക്ഷാമവും നമ്മുടെ തൊണ്ടകളടയ്ക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിഫലനമാണ് ഇവയെല്ലാം.
എന്നാല്‍, നമ്മളല്ല ദുരന്തത്തിന്‍റെ ആദ്യ ഇരകള്‍. കാടും കടലുമാണ്. അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. എന്നാല്‍ആവലാതികള്‍ പറഞ്ഞുബോധ്യപ്പെടുത്താനാവാത്ത വിധം അവര്‍ അരികുകളിലാണ്. കാലാവസ്ഥാ മാറ്റം പിടിച്ചുലച്ച ആ അരിക് ജീവിതങ്ങളുടെ ജീവിതത്തിലേക്ക് ജാഗ്രതയുടെ കേരളീയം മാസിക നടത്തിയ അന്വേഷണം നാലാമിടം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

 
 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര^സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിച്ചത്. പ്രകടമായി കണ്ടു തുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടെയും തീരദേശ ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിക്കുന്ന ആദ്യ ലേഖനം രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. ഓംജി ജോണ്‍ എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗം.

 

 

‘പണ്ടെല്ലാം കാറ്റിന്റെ ഗതിയും കടലിലെ തിരയിളക്കവും പക്ഷികളുടെ കൂട്ടംകൂടലുമൊക്കെ നോക്കിയാണ് തോണിയിറക്കുക. ഏതുതരം മത്സ്യം എവിടെ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്നതെല്ലാം തകിടംമറിഞ്ഞിരിക്കുന്നു. കാലംതെറ്റി പെയ്യുന്ന മഴ, പെട്ടെന്ന് വീശിയടിക്കുന്ന കൊടുങ്കാറ്റ്, ഉറങ്ങിയുണരുമ്പോഴേക്കും കടലെടുത്ത് കഴിഞ്ഞിരിക്കുന്ന തീരവും വീടുകളും; ചിലയിനം മീനുകളെ കിട്ടാനേയില്ല. എങ്ങുന്നോ പുതിയ മീനുകള്‍ എത്തിച്ചേരുന്നു. തൊഴിലിന് ഒരുറപ്പും ഇല്ലാതായി’.

കോഴിക്കോട് കടപ്പുറത്തെ രവികുമാര്‍ എന്ന മത്സ്യതൊഴിലാളിയുടെ വിലാപങ്ങളാണിവ. ഇന്ത്യയുടെ തീരപ്രദേശത്തെ ഏതാണ്ടെല്ലാ മത്സ്യതൊഴിലാളികളും ഈ സന്നിഗ്ദ്ധാവസ്ഥ പങ്കുവെയ്ക്കുന്നവരാണ്. അമ്പതാണ്ട് മുമ്പുവരെ പ്രകൃതിയുടെ സൂചനകളും മുന്നറിയിപ്പുകളും നിരീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ പ്രവൃത്തികള്‍ ക്രമപ്പെടുത്തിയിരുന്നത്. ഏറെക്കുറെ കൃത്യതയുള്ളതായിരുന്നു ആ നിരീക്ഷണങ്ങള്‍. പരമ്പരാഗതവും പ്രാദേശികവുമായ അത്തരം അറിവുകള്‍ ഈ തൊഴില്‍ മേഖലയുടെ സുസ്ഥിരതയ്ക്ക് ശക്തമായ സാങ്കേതിക അടിത്തറ പാകിയിരുന്നു.

എന്നാല്‍ കഴിഞ്ഞ അഞ്ച് ദശകങ്ങള്‍ക്കിടയില്‍ തീരവും കടലും അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനിര്‍മ്മിതമായ മാറ്റങ്ങളാണ് ഇവയില്‍ മുഖ്യം. ഒപ്പം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും പ്രശ്നത്തിന്റെ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്നു. വികസനാവശ്യങ്ങള്‍ക്കായി അനിയന്ത്രിതവും അശാസ്ത്രീയവുമായ രീതിയില്‍ കടല്‍ത്തീരം ഉപയോഗപ്പെടുത്തുന്നതുവഴി തീര^സമുദ്ര പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതം കനത്തതാണ്. ആഗോളതലത്തില്‍ തന്നെ കടല്‍ത്തീരങ്ങളും അവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളും വികസനാധിഷ്ഠിത നഗരവത്ക്കരണത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും മുഖ്യ ഇടങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു.

 

Painting: Albert Bierstadt


 

ആഗോളതാപനവും
കാലാവസ്ഥാ വ്യതിയാനവും

തീരദേശത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. കേരളത്തില്‍ ഈ ദിശയിലുള്ള ആധികാരിക ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നില്ല എന്നുപറയാം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ കഴിയുന്നുണ്ട്. കടല്‍ ചൂടാകുന്നതും മത്സ്യ ഇനങ്ങള്‍ അപ്രത്യക്ഷമാകുന്നതും കടല്‍ ജലനിരപ്പ് ഉയരുന്നതും കടലാക്രമണം രൂക്ഷമാകുന്നതും പാര്‍പ്പിടങ്ങള്‍ നശിക്കുന്നതും മണ്ണൊലിപ്പ് കാരണം തീരം ഇല്ലാതാകുന്നതും എല്ലാം തീരദേശവാസികളുടെ നിത്യാനുഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ നില തുടര്‍ന്നാല്‍ 2026 ഓടെ ആഗോളതാപനം ലോകത്തിന്, പ്രത്യേകിച്ച് കടല്‍ത്തീര രാജ്യങ്ങള്‍ക്ക് വന്‍ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിന്റെ കടല്‍ത്തീരവും കടലും കഴിഞ്ഞ അഞ്ച് ദശകങ്ങളായി അഭൂതപൂര്‍വ്വമായ ഭീഷണികളെ നേരിടുകയാണ്. മനുഷ്യനിര്‍മ്മിതമായ ഇടപെടലുകളാണ് ഇതിന് പ്രധാന കാരണം. ജീവിതശൈലിയിലെ മാറ്റം, അനിയന്ത്രിതമായ ഉപഭോഗതൃഷ്ണ, വാഹനപ്പെരുപ്പം, കാടിന്റെയും കുന്നുകളുടെയും ശോഷണം, വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന വായുള്‍ജല മലിനീകരണം, ഗാര്‍ഹിക ഉപകരണങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ ഇവയെല്ലാം ചൂട് ഉയരുന്നതിനും കാലാവസ്ഥയില്‍ ക്രമരഹിതമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.

‘അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിനെ ആഗിരണം ചെയ്യാന്‍ സമുദ്രത്തിന് വളരെയധികം ശേഷിയുണ്ട്. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ അമ്ലാംശം കൂടുന്നതോടെ ഈ ശേഷി കുറയുന്നു. സമുദ്രജീവികള്‍ അവയുടെ തോടില്‍ കാത്സ്യം കാര്‍ബണേറ്റ് ശേഖരിച്ച് കാര്‍ബണ്‍ അടങ്ങിയ വാതകത്തെ കുറയ്ക്കുന്നു. ഇതൊക്കെ ഒരു ചാക്രികപ്രക്രിയപോലെ പ്രകൃതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍, അതിനെല്ലാം താളപ്പിഴകള്‍ സംഭവിച്ചുതുടങ്ങിയിരിക്കുന്നു. സമുദ്രത്തിലെ ഉപരിതലജലത്തിന്റെ അംമ്ലാംശം മുപ്പതു ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അംശം കൂടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.

സമുദ്രത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെയാകെ തകര്‍ക്കുന്നവിധത്തിലാണ് കാര്‍ബണ്‍ വര്‍ദ്ധിക്കുന്നത്. കടലിലെ പുറ്റുകളും തോടുകളുള്ള വിവിധ ജീവികളും ഈ ദുരന്തത്തില്‍പ്പെട്ട് നശിക്കുന്നു. സമുദ്രോപരിതലം ചൂടാകുന്നതു കാരണം ദിശ തെറ്റിയടിക്കുന്ന കാറ്റ് എല്‍നിനോ എന്ന പേരില്‍ അറിയപ്പെടുന്ന കൊടുങ്കാറ്റിനെ സൃഷ്ടിക്കുന്നു. അതിശക്തമായി വീശിയടിക്കുന്ന കാറ്റാണിത്. സമുദ്രസഞ്ചാരികള്‍ക്ക് ഇത് വിനയാകാറുണ്ട്. എല്‍നിനോ തീരപ്രദേശങ്ങളിലും വലിയ തോതിലുള്ള നാശമാണുണ്ടാക്കുന്നത്.” (കാലാവസ്ഥയും രാഷ്ട്രീയവും ^ഡോ. ജോര്‍ജ് വര്‍ഗ്ഗീസ്)

അനിയന്ത്രിതവും അശാസ്ത്രീയവുമായ രീതിയില്‍ കടലിന്റെ അടിത്തട്ട് പോലും ഇളക്കി മറിച്ചുള്ള മത്സ്യബന്ധനം, ആഴക്കടലിലെ ആണവ പരീക്ഷണം, തീരദേശത്തെ വികസനപദ്ധതികള്‍, മണല്‍ ഖനനം, ടൂറിസം പദ്ധതികള്‍, ഇവയെല്ലാം കടല്‍ പരിസ്ഥിതി, തീരപരിസ്ഥിതി, ആവാസവ്യവസ്ഥ എന്നിവയെ താറുമാറാക്കുന്നു. കോഴിക്കോടിനടുത്തുള്ള കൊളാവിപ്പാലം കടപ്പുറത്ത് മുട്ടയിട്ട് വിരിയിക്കാനെത്തുന്ന ഒലിവ് റിഡ്ലി ആമകളുടെ ദുരന്തകഥ ഇതിന് ഉദാഹരണമാണ്. മണല്‍ ഖനനവും കണ്ടല്‍ നശീകരണവും കടലാക്രമണവുമാണ് നൂറ്റാണ്ടുകളായി ആമകള്‍ മുട്ടയിടാനെത്തിയിരുന്ന കൊളാവിപ്പാലം ബീച്ച് അപ്രത്യക്ഷമാകാനിടയാക്കിയത്.

 

 

ടൂറിസം
സ്റേറ്റ് ഓഫ് ദി എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട്, കേരള സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ് എന്‍വയോമെന്റ് വഴി നടത്തിയ സര്‍വ്വേ പ്രകാരം ടൂറിസം വ്യവസായമാണ് മാലിന്യം തള്ളല്‍, അമിതമായ ഭൂമി ഉപയോഗം, തീരദേശ എഞ്ചിനീയറിംഗ് പ്രവൃത്തികള്‍, മണല്‍ ഖനനം തുടങ്ങിയ ഇടപെടലുകളിലൂടെ സമുദ്രത്തെയും, സമുദ്രതീര പരിസ്ഥിതിയെയും മുഖ്യമായും ചൂഷണം ചെയ്യുന്നത് എന്ന് കാണാന്‍ കഴിയുന്നു. കൊച്ചിക്കായല്‍, ആലപ്പുഴ, കായംകുളം, കൊല്ലം, പറവൂര്‍, വേളി തുടങ്ങിയ തീരങ്ങള്‍ ടൂറിസത്തിന്റെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ഥലങ്ങളാണ്. ഹൌസ് ബോട്ടുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റിക് അവശിഷ്ടങ്ങളും കായലുകളുടെ പരിസ്ഥിതി നാശത്തിന് കാരണമാകുന്നു.

സാമ്പത്തിക വികസനത്തിന് ആനുപാതികമല്ലാത്ത മനുഷ്യ (സാമൂഹിക) വികസന സൂചികയാണ് കേരളത്തിന്റെ പ്രത്യേകത. ആളോഹരി വരുമാനത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം ആളോഹരി ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണ്. ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ തുടരുന്ന ജീവിതശൈലിയും വികസനപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജ ഉപഭോഗവും അളവില്‍ക്കവിഞ്ഞ കാര്‍ബണ്‍ പുറന്തള്ളലിന് കാരണമായിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍ 0.205 ടണ്ണും കൊച്ചിയിലേത് 0.40 ടണ്ണും ആണ്. ക്രമാതീതമായി വര്‍ദ്ധിക്കുന്ന മാലിന്യങ്ങളും ഫലപ്രദമല്ലാത്ത മാലിന്യ നിര്‍മ്മാര്‍ജ്ജനവും കടല്‍ള്‍തീരപരിസ്ഥിതിയെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. വര്‍ദ്ധിച്ച തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളലിനും മലിനീകരണം കാരണമാകുന്നു.

 

 

ചൂട് കൂടുന്നു; മഴ കുറയുന്നു
കേരളത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായ അറബിക്കടല്‍ ആഗോള താപനത്തിന്റെ സ്വാധീന വലയത്തിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 1904 മുതല്‍ 1994 വരെ അറബിക്കടലിന്റെ ഉപരിതലജലവിതാനത്തില്‍ ഏകദേശം 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ താപവര്‍ദ്ധനവ് നിരീക്ഷിക്കപ്പെട്ടിട്ടു ണ്ട്. 0.25 ഡിഗ്രി വടക്കും 45^80 ഡിഗ്രി കിഴക്കും അക്ഷാംശങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന അറബിക്കടലില്‍ 1960 മുതല്‍ 1995 വരെ വളരെ ചെറിയ തോതിലുള്ള താപവര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. (International Comprehensive Ocean Atmosphere Data Set ICOADS, National Oceanic and Atmospheric Administration NOAA, KAPLAN)

എന്നാല്‍ 1995ന് ശേഷമാണ് കടലിലെ ഉപരിതല ജലത്തിന്റെ ചൂട് കൂടുന്നതായി നിരീക്ഷിക്കപ്പെട്ടത്. 1995 വരെ സൂര്യന്റെ ചാക്രികഗതിക്കനുസരിച്ചാണ് താപവ്യതിയാനം അനുഭവപ്പെട്ടിരുന്നത്. 95ന്ശേഷം താപനിലയില്‍ മുമ്പ് ഇല്ലാത്തവിധം മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. സൂര്യതാപം കുറഞ്ഞ കാലയളവിലും ജലോപരിതല താപത്തില്‍ (SST) കുറവ് അനുഭവപ്പെട്ടിട്ടില്ല. നേരേമറിച്ച് താപനില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതായി കാണുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതായി ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1995 വരെ കാര്‍ബണ്‍ഡയോക്സൈഡിന്റെ തോത് ശ്രദ്ധേയമായിരുന്നില്ല. 1995 മുതല്‍ 2005 വരെയുള്ള ഒരു ദശകത്തില്‍ മാത്രം 20 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഒരു മാറ്റമാണ് ഇത്. ഇക്കാരണങ്ങളാല്‍ അറബിക്കടലിലെ ഉപരിതല ജലത്തിന്റെ താപനിലയിലുണ്ടായ വര്‍ദ്ധനവ് കാര്‍ബണ്‍ അനുബന്ധ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സ്വാധീനത്താലാണെന്ന് ന്യായമായും അനുമാനിക്കാം. (S. Prasannakumar, Response of the Arabian Sea to global warming and associated regional climate shift)

പൂനെയിലുള്ള ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജി വടക്കന്‍ കേരളത്തിലെ കോഴിക്കോട്, തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ 1901 മുതല്‍ 2007 വരെ ഉണ്ടായ താപനില വര്‍ദ്ധനവ് പഠന വിധേയമാക്കുകയുണ്ടായി. വടക്കന്‍ കേരളത്തില്‍ 100 വര്‍ഷത്തിനിടയില്‍ പരമാവധി വാര്‍ഷിക താപനില 1.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചു. തെക്കന്‍ കേരളത്തില്‍ 100 വര്‍ഷത്തിനിടയില്‍ പരമാവധി വാര്‍ഷിക താപനില 1.0 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകൊണ്ട് താപനിലയിലുണ്ടായ വര്‍ദ്ധനവ് 0.4 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ (ഐ.എം.ഡി) പൂനയിലെ നാഷണല്‍ ഡേറ്റാ സെന്റര്‍ കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ ഏഴ് ഇടങ്ങളില്‍ നിന്ന് ശേഖരിച്ച താപനില സ്ഥിതിവിവരക്കണക്കുപ്രകാരം 0.64 സെല്‍ഷ്യസിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 1950ന് ശേഷം ആഗോളതാപനനില 0.7 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെട്രോളിയവും കല്‍ക്കരിയും പോലെയുള്ള ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ ക്രമാതീതമായ തോതില്‍ വ്യാപിക്കുന്നതാണ് ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്നത്. കേരളത്തിന്റെ ഉപരിതല താപനിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഐ.എം.ഡിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

1901 മുതല്‍ 2007 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ മണ്‍സൂണ്‍ വര്‍ഷപാത സ്ഥിതി വിവരക്കണക്ക് പ്രകാരം കേരളത്തിലെ മഴലഭ്യത കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഭൂഗര്‍ഭജല ലഭ്യതയുടെ കാര്യവും ആശങ്കാജനകമാണ്. ചില സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് അപകടകരമാംവിധം കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. തീരപ്രദേശത്തെ മഴയുടെ ലഭ്യതയിലുണ്ടാകാവുന്ന ഏറ്റക്കുറച്ചിലുകളും പഠനവിധേയമായിട്ടുണ്ട്. പടിഞ്ഞാറന്‍ തീരത്തെ മഴയുടെ ലഭ്യതയിലുണ്ടായ വ്യതിയാനം 965+185.33 മില്ലിമീറ്റര്‍ മുതല്‍ 1794+247 മില്ലിമീറ്റര്‍ വരെയാണ്; 6 ശതമാനം മുതല്‍ 8 ശതമാനം വരെ വര്‍ദ്ധനവ്. ജൂണ്‍, ജൂലൈ, ഓഗസ്റ് മാസങ്ങളിലെ കാലവര്‍ഷ ലഭ്യതയില്‍ 1970 നെ അപേക്ഷിച്ച് 2030ഓടെ ശരാശരി 8 മി.മി. വര്‍ദ്ധനവ് പ്രതീക്ഷിക്കാം. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ മഴയുടെ ലഭ്യതയില്‍ ശരാശരി 19 മി.മി കുറവ് പ്രതീക്ഷിക്കുന്നു. 1970നെ അപേക്ഷിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ മഴയുടെ ലഭ്യതയിലും കുറവ് ഉണ്ടാകുമെന്നാണ് സൂചന.

രണ്ടാം ഭാഗം അടുത്ത ആഴ്ച

Leave a Reply

Your email address will not be published. Required fields are marked *