വിനയചന്ദ്രന്‍ മാഷ്

 
 
 
 
കവി മാത്രമായിരുന്നില്ല, ഒരുപാട് തലമുറയെ ജീവിതത്തിലുറപ്പിച്ചു നിര്‍ത്തിയ ഗുരു കൂടിയായിരുന്നു ഡി.വിനയചന്ദ്രന്‍. കോട്ടയം എം.ജി സര്‍വകലാശാലാ കാമ്പസിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലായിരുന്നു അധ്യാപകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന കാലം. ആ കാലം സജീവമായി കടന്നുവരുന്ന ഓര്‍മ്മക്കുറിപ്പ്. കവിയും കാലിക്കറ്റ് സര്‍വകാലാശാലയില്‍ അധ്യാപകനുമായ എം.ബി മനോജ് എഴുതുന്നു

 
 

വ്യാഴാഴ്ച ഉച്ചകഴിയുമ്പോള്‍ സ്വന്തം മുറിയുടെ വാതില്‍ക്കല്‍ നിന്നും നടുത്തളത്തില്‍ നിന്നും നീട്ടിക്കൂവിക്കൊണ്ടാവും തുടക്കം. ചിലപ്പോള്‍ ഹാരിസ് മാഷും തീയറ്ററിലെ സുഹൃത്തുക്കളും കൂവാനുണ്ടാവും. ആ നീട്ടിക്കൂവല്‍ എനിയ്ക്കു പരിചിതമായിരുന്നു. എന്റെ വീട് വനത്തോട് ചേര്‍ന്നാണ്. വര്‍ഷാവര്‍ഷം ആനവരികയും ഞങ്ങളുടെ കൃഷി നശിപ്പിക്കുകയും ചെയ്തുവന്നു. രാത്രികാലങ്ങളില്‍ ആനയെ ഓടിക്കുവാനായി ഞങ്ങള്‍ നീട്ടിക്കൂവാറുണ്ട്. സാറിന്റെ കൂവലുകള്‍ക്ക് അതിനോട് സാദൃശ്യമുണ്ട്. എഴുതിയ പല കവിതകളും ആദ്യമായിവായിക്കുന്ന ഒരു കളരിയായിരുന്നു എനിക്കത്. ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവന്ന് ഇരിയ്ക്കുന്നവര്‍ക്ക് കൊടുക്കും. അവര്‍ക്കും ഇടപെടാം. പി.ബാലചന്ദ്രന്‍ മാഷാവട്ടെ, നാടകത്തിന്റെ ചെറുപരിശീലനങ്ങളും നടത്തിയിട്ടുണ്ട്. അധ്യാപകരും ഓഫീസ് സ്റാഫുകളും എത്തും-ഡോ.എംബി. മനോജ് എഴുതുന്നു

 

 

ഡി.വിനയചന്ദ്രന്‍ മാഷിന്റെ കവിതകള്‍ പരിചയപ്പെടുത്തിത്തന്നത് ഇടുക്കി മുണ്ടിയെരുമ സ്വദേശി ഷായെന്ന ചിത്രകാരനാണ്. കട്ടപ്പനയിലെ ആര്‍ട്ടിസ്റ് ചിത്രാഷാജിയുടെ ബാനറെഴുത്തുമുറിയില്‍ കുറേക്കാലം കഴിഞ്ഞുകൂടുകയുണ്ടായി. സി.ആര്‍.സി.സിപി.ഐ.എം. എല്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലും അതിന്റെ വിദ്യാര്‍ത്ഥി ബഹുജനഘടകങ്ങളിലും പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. അക്കൂടെത്തന്നെ പ്രീഡിഗ്രി വിദ്യാഭ്യാസവും നടത്തിയിരുന്നു. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍, സാഹിത്യമത്സരങ്ങളില്‍, പാടുവാനായി ഷാ പറഞ്ഞുതന്ന കവിതകളിലൊന്നായിരുന്നു “യാത്രപ്പാട്ട്’. രാത്രിയില്‍ പരസ്യബോര്‍ഡ് എഴുതിക്കൊണ്ടിരിയ്ക്കെ അടുത്തിരുന്ന് കവിതകളെഴുതിയെടുത്തുകൊണ്ടേയിരുന്നു. പിന്നീട് സുഹൃത്തുക്കളിലൂടെ “വീട്ടിലേയ്ക്കുള്ള വഴി’യുടെ കയ്യെഴുത്തുപകര്‍പ്പ് കിട്ടി.

സച്ചിദാനന്ദന്റെ “വിശപ്പ്,’ “കയറ്റം’, എന്നീ കവിതകള്‍, “അന്തര്‍ദ്ദേശീയ തൊഴിലാളിവര്‍ഗ്ഗഗാനം’, കുഞ്ഞപ്പ പട്ടാനൂരിന്റെ ചില കവിതകള്‍, ചുള്ളിക്കാടിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ പരിചയപ്പെട്ടു. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും കവിതയാലപിച്ചിരുന്നു അക്കാലത്ത്. ഇടുക്കി തടിയമ്പാടുള്ള ബാര്‍ബര്‍ഷോപ്പില്‍ കവിത കേള്‍ക്കുന്ന ഒരു സുഹൃദ് വലയം അക്കാലത്തുണ്ട്. അവര്‍ പ്രായം കൊണ്ട് മുതിര്‍ന്നവരുമായിരുന്നു.

 

 

മഴയുടെ കലണ്ടര്‍
ഡിഗ്രിപഠനകാലത്ത് എറണാകുളത്ത് മഹാരാജാസിലെത്തുമ്പോള്‍ പരിചിത കവിതകളില്‍ നിന്നും വ്യത്യസ്തമായ കുറച്ചുകവിതകള്‍ മനസ്സിലാക്കിത്തുടങ്ങി. കെ.ജി.എസ്സിന്റെ കവിതകളും ആറ്റൂരിന്റെ കവിതകളും അതിലുണ്ട്. അതേസമയത്തുത്തന്നെയാണ് വിനയചന്ദ്രന്‍മാഷിന്റെ “വാക്ക്’, “മഴയുടെ കലണ്ടര്‍’ തുടങ്ങിയ കവിതകള്‍ “സമകാലിന കവിത’ യെന്നും “കേരളപഠനങ്ങള്‍’ എന്നുമുള്ള ആനുകാലികങ്ങളും പരിചയപ്പെടുന്നത്. ഇക്കവിതകളൊക്കെയും എന്റെ വീട്ടില്‍ ചിരപരിചിതമായിരുന്നു. വീട്ടിലെ അംഗങ്ങളെല്ലാം തന്നെ കവിതയെഴുതുകയൊ, വായിക്കുകയൊ, ചര്‍ച്ചചെയ്യുകയൊ ചെയ്യുന്നവരായിരുന്നു. ഔപചാരിക വിദ്യാഭ്യാസമല്ല കവിതയുടെ സൌന്ദര്യമളക്കുന്നത് കവിതയെ മനസ്സിലാക്കിക്കുന്നത് എന്ന് അന്നെനിക്കുമനസിലായി.

പ്രൊഫ. ടി.എം. യേശുദാസന്‍സാറിന്റെയും ആന്റി (ലൌലിസ്റീഫന്‍) യുടെയും സാമ്പത്തിക സഹായത്താലും സംരക്ഷണയാലുമാണ് ഞാന്‍ എം.എ പഠനത്തിനായി, എം. ജി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെത്തുന്നത്. ആദ്യമായി വിനയചന്ദ്രന്‍മാഷിനെ കണ്ടുമുട്ടുന്നത് അവിടെവെച്ചാണ്. അന്ന് നേരിട്ട് പരിചയപ്പെടാന്‍ കഴിയാതെ പോയവരും, അവിടെ പഠിക്കുകയും വന്നു പോവുകയും ചെയ്യുന്നവരുമായിരുന്നു അന്‍വര്‍ അലി, എസ്. ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ ഒരു പറ്റം കവികള്‍.

 

 

സ്കൂള്‍ ഓഫ് ലെറ്റേഴ്സ്
അവിടുത്തെ എം.എ പദ്ധതിയുടെ, രണ്ടാം സംഘത്തിലായിരുന്നു ഞങ്ങള്‍. പി.കെ. ശ്രീകുമാര്‍, ശ്രീജിത്ത് പെരുന്തച്ചന്‍, ടോം മാത്യു, ധന്യ തുടങ്ങി സാഹിത്യത്തെ ശ്രദ്ധയോടെ നിരീക്ഷിയ്ക്കുന്ന ഒരു സംഘമായിരുന്നു ഞങ്ങളുടേത്. അജയ് ശേഖര്‍ അടക്കമുള്ളവരുടെ ഇംഗ്ലീഷ് ബാച്ചും വന്നു. അന്‍വര്‍ അബ്ദുള്ളയും രതീഷും അടങ്ങുന്നവര്‍ ഞങ്ങള്‍ക്ക് മേലുള്ളവരും, എം. ഫിലില്‍, ശ്രീനാഥ്, ശ്രീജേഷ്, പി.എസ്. ദേവരാജന്‍, ആര്‍.ഐ പ്രശാന്ത് അടങ്ങുന്ന ഒരു സജീവവൃന്ദവും അവിടെയക്കാലത്തുണ്ട്.

സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ പഴയകെട്ടിടമായ ഹസന്‍ മന്‍സിലില്‍ കവിതയുടെ ക്ലാസ്സ് എടുത്തുകൊണ്ട്, വിനയചന്ദ്രന്‍ മാഷ് ഞങ്ങളെ അഭിസംബോധന ചെയ്തു. സാര്‍ അന്ന് ഡയറക്ടര്‍ ആയിരുന്നു. സാറിന്റെ ക്ലാസ്സുകള്‍ അപ്പാടെ ഞാന്‍ എഴുതിയെടുത്തിരുന്നു. മാഷിന് അതില്‍ താല്‍പര്യമില്ലായിരുന്നു. ക്ലാസ്സ് കേട്ടിരിയ്ക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഞാന്‍ മുറിഞ്ഞുപോവാതെ എഴുതിയെടുത്തുകൊണ്ടേയിരുന്നു.

 

 

ചെടികളും മരത്തൈയ്കളും

അവധിയിലായിരുന്ന നരേന്ദ്രപ്രസാദ് സാറ് തിരികെവന്നതും അക്കാലത്താണ്. പിന്നീട് ഞങ്ങള്‍ കാമ്പസ്സിനുള്ളിലെ പുതിയ കെട്ടിടത്തിലേക്ക് മാറി. അന്ന് ഞങ്ങളുടെ ലെറ്റേഴ്സ് പുതുമണ്ണിനു നടുവിലുള്ള രണ്ടുനിലക്കെട്ടിടമായിരുന്നു. അവിടുത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന്. ആസമയം വി.സി.യുടെ ഓഫീസ് പഴയകെട്ടിടത്തിലാണു താനും. ലെറ്റേഴ്സിന്റെ ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതായിരുന്നു ഒന്നാം സെമസ്ററുകാരായ ഞങ്ങളുടെ ജോലി. വിനയചന്ദ്രന്‍ മാഷ് പൈപ്പും ഓസും വാങ്ങി പലയിടത്തുനിന്നായി ചെടികളും മരത്തയ്യുകളും കൊണ്ടുവന്നു. പലപ്പോഴായി യാത്രയിലൊക്കെപ്പോയിവരുമ്പോള്‍ അക്കാലത്ത് തൈകള്‍ കൊണ്ടുവന്നിരുന്നു. നനയ്ക്കേണ്ട ചുമതല കുട്ടികളെയേല്പിച്ചു. ലെറ്റേഴ്സിനുചുറ്റും ഞങ്ങള്‍ പലതരം മരത്തൈയ്കള്‍ നട്ടു. സങ്കല്പിക്കാത്തതിലും വലുതായിക്കൊണ്ട് അവ വളര്‍ന്നു, ഇരുനിലകള്‍ക്കും തണലായിക്കൊണ്ട്, അവ പൂക്കുകയും കായ്ക്കുകയും ഇലപൊഴിക്കുകയും ചെയ്തു.

മാഷ് ഇടയ്ക്കൊക്കെപ്പറയും അപൂര്‍വ്വം ശലഭങ്ങള്‍ ഇവിടെ വരാറുണ്ട്. നാലുമണിക്ക് എല്ലാവരും പോയശേഷം എത്തുന്ന പ്രത്യേകതരം ശലഭക്കൂട്ടമുണ്ട്. ചില ചെറു പക്ഷികളുമുണ്ട്. അതോടൊപ്പം പാമ്പും ഉണ്ടായിരുന്നു. ലൈബ്രറിയിലും വിനയന്‍ മാഷിന്റെ മുറിയിലുമടക്കം പാമ്പ് വന്നിട്ടുണ്ട്. ചിലതിനെ ഓടിച്ചുവിട്ടിട്ടുണ്ട്. ഏറെയെണ്ണത്തിനെയും തല്ലിക്കൊന്നു.

 

വ്യാഴവട്ടങ്ങളിലൊന്ന് Image Courtesy: School of Letters Blog


 

വ്യാഴവട്ടം
“വ്യാഴവട്ടം’ എന്ന സാഹിത്യക്കൂട്ടായ്മ ലെറ്റേഴ്സിനെ സമ്പന്നമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിയുമ്പോള്‍ സ്വന്തം മുറിയുടെ വാതില്‍ക്കല്‍ നിന്നും നടുത്തളത്തില്‍ നിന്നും നീട്ടിക്കൂവിക്കൊണ്ടാവും തുടക്കം. ചിലപ്പോള്‍ ഹാരിസ് മാഷും തീയറ്ററിലെ സുഹൃത്തുക്കളും കൂവാനുണ്ടാവും. ആ നീട്ടിക്കൂവല്‍ എനിയ്ക്കു പരിചിതമായിരുന്നു. എന്റെ വീട് വനത്തോട് ചേര്‍ന്നാണ്. വര്‍ഷാവര്‍ഷം ആനവരികയും ഞങ്ങളുടെ കൃഷി നശിപ്പിക്കുകയും ചെയ്തുവന്നു. രാത്രികാലങ്ങളില്‍ ആനയെ ഓടിക്കുവാനായി ഞങ്ങള്‍ നീട്ടിക്കൂവാറുണ്ട്. സാറിന്റെ കൂവലുകള്‍ക്ക് അതിനോട് സാദൃശ്യമുണ്ട്. എഴുതിയ പല കവിതകളും ആദ്യമായിവായിക്കുന്ന ഒരു കളരിയായിരുന്നു എനിക്കത്. ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവന്ന് ഇരിയ്ക്കുന്നവര്‍ക്ക് കൊടുക്കും. അവര്‍ക്കും ഇടപെടാം. പി.ബാലചന്ദ്രന്‍ മാഷാവട്ടെ, നാടകത്തിന്റെ ചെറുപരിശീലനങ്ങളും നടത്തിയിട്ടുണ്ട്. അധ്യാപകരും ഓഫീസ് സ്റാഫുകളും എത്തും. കാമ്പസിലെത്തന്നെ മറ്റെഴുത്തുകാര്‍, ജെ. ആര്‍. കുറുപ്പ്, രാജു വള്ളിക്കുന്നം, പ്രിയ എ.എസ്, അജീര്‍ കുട്ടി തുടങ്ങി പലരും മറ്റു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നെത്തുന്ന കുട്ടികളും ഒക്കെക്കൊണ്ടവിടം നിറയും.

കോട്ടയത്ത് എത്തുന്ന എഴുത്തുകാരെ കിട്ടിയാല്‍ അവരെ കൂട്ടിക്കൊണ്ടുവരുന്നതിനും മാഷ് ശ്രദ്ധിക്കും. ജോര്‍ജ്ജ് ജോസഫ്.കെ. അയപ്പപ്പണിക്കര്‍ സാറ്, ഭാസ്കരന്‍, അങ്ങനെയോത്രയോ പേര്‍. മാഷ് രൂപം കൊടുത്ത സിലബസ്സുകള്‍ പലതും പുതുമയുള്ളതായിരുന്നു. ലോകകവിതകളുടെ സിലബസ്സ് ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. ലോകകവിതകളെയും ലോകസാഹിത്യത്തെയും രാഷ്ട്രീയത്തെയും വിശദീകരിച്ചു. “കറുത്ത കവിത’, “സൂര്യശില’ തുടങ്ങിയവ മുമ്പുതന്നെ പരിചയപ്പെട്ടിരുന്നു. നസ്സിംഹിക്മത്ത്, വോള്‍സോയിങ്ക, ലോര്‍ക്ക, റില്‍ക്കെ, ബേദ്ലെയര്‍, നിക്കാനോര്‍പാറാ സെസാര്‍വയഹോ, അയ്മെസെസെയര്‍, നിക്കോളാസ് ഗിയന്‍, ലാങ്സറ്റന്‍ ഹ്യൂാഗ്സ്, ഗബ്രിയേല്‍ ഒകാറ എന്നിങ്ങനെ വ്യാപിച്ചുകിടന്ന കവിതയുടെ ലോകം.

ഇന്ത്യന്‍ കവിതകളില്‍ത്തന്നെ, ജീവനാനന്ദദാസ്, പുതുമൈപ്പിത്തന്‍, നിരവധി കാവ്യപ്രസ്ഥാനങ്ങള്‍, ഇതരഭാഷാകവികള്‍, കവിതകള്‍. കവിതാചര്‍ച്ചകള്‍ക്കിടയിലാവാം യാത്ര വന്നുപെടാറുള്ളത്. കാഞ്ചിയിലെയും ബനാറസ്സിലെയും പണ്ടകളെക്കുറിച്ച്, അവര്‍ ഒരു തരം ഗുണ്ടകളാണെന്നുള്ള സാറിന്റെ കമന്റ്, സാറിനെ അവര്‍ തടഞ്ഞിട്ടുണ്ടാവാം എന്ന ഞങ്ങളുടെ പിറുപിറുക്കല്‍. തന്നെ തടഞ്ഞുവെന്നും, ഈശ്വവാസ്യവും ഗായത്രിമന്ത്രവും മറ്റും താന്‍ ചൊല്ലുന്നതുകേട്ട് അവന്മാരുടെ കണ്ണ് തള്ളിപ്പോയെന്നുമൊക്കെപ്പറയും സുഹൃത്തുക്കളോടെന്നപോലെ. ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല, മനോഹരമായശില്പങ്ങള്‍, കൊത്തുപണികള്‍, ചുവര്‍ചിത്രങ്ങള്‍ അവയൊക്കെയുണ്ട്. അവിടെയൊള്ളവര്‍ക്കൊന്നും അതിന്റെ പ്രാധാന്യമറിയില്ല. വെളക്ക് കത്തിച്ച് വെറുതേ കരിച്ച് പൊകച്ചുകളയും. മാര്‍ത്താണ്ഡം കന്യാകുമാരിയാത്രയുടെ പ്രാധാന്യം പറഞ്ഞത്, തമിഴ്നാടിന്റെ കാര്‍ഷികസമൃദ്ധിയുടെ തിരിച്ചറിവുമായി ചേര്‍ത്തായിരുന്നു. വാഴത്തോട്ടങ്ങളുടെ സമൃദ്ധി, പഴത്തോട്ടങ്ങള്‍ അങ്ങനെ പലതും.

ഞങ്ങള്‍ക്കുപുറകെയും ഊര്‍ജ്ജസ്വരായ സംഘങ്ങളാണ് വന്നു കൊണ്ടിരുന്നത്. കെ.പി. ജയകുമാര്‍, കെ.പി. റഷീദ്, വര്‍ഗ്ഗീസാന്റണി, ഇ. സനീഷ്, ഒ.കെ സന്തോഷ് അഞ്ജുരാജ് എന്നിങ്ങനെയത് നീളുന്നു. അതുകൊണ്ടുതന്നെ സാറിന് കൂടുതല്‍ സജീവമാവാന്‍ കഴിഞ്ഞു. ഇതിനിടയിലെന്നെ വിളിപ്പിച്ചിട്ട്, സര്‍വ്വകലാശാലയ്ക്കായി ദളിത് സാഹിത്യത്തിന് ഒരു പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി ഒരു ദിവസമിരിയ്ക്കണമെന്നു പറഞ്ഞു. എനിക്കറിയാവുന്ന എഴുത്തുകാരുടെയും കൃതികളുടെയും പേര് ഞാനെഴുതിക്കൊടുത്തു, കേരളത്തിലെ സര്‍വ്വകലാശാലകളില്‍ത്തന്നെ ദളിത് സാഹിത്യത്തിന് ഒരു പാഠ്യരൂപം ആദ്യമുണ്ടാവുന്നത് ആ സമയത്താണെന്നുതോന്നുന്നു. ദളിത് എഴുത്തിന് ദളിത് സമൂഹങ്ങളിലുള്ളവര്‍ക്ക് പ്രാധാന്യവും കൂടാതെ ദളിത്പക്ഷ എഴുത്ത് എന്ന ഒരുപിന്‍ബലവും ചേര്‍ത്തുകൊണ്ടുള്ള ഒരു രൂപരേഖയായിരുന്നു മാഷ് അന്ന് തയ്യാറാക്കിയത്. അത് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കുകയും പലപ്പോഴായി ഉള്‍പ്പെടുത്തുകയും ചെയ്തുവന്നു.

എം.എ പാഠപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവസാനപാദ ചെറുഗവേഷണത്തിനായി അമ്പത് ദളിത്ള്‍ആദിവാസി കവിതകളും പാട്ടുകളും ഞാന്‍ വിവര്‍ത്തനം ചെയ്യുകയും പിന്നീട് സഹോദരന്‍ പ്രസിദ്ധീകരണം അത് പുസ്തകമാക്കുകയും ചെയ്തു.

എം.ബി മനോജ്


സമസ്ത കേരളം പി.ഒ
സാറിന്റെ കവിത, സമസ്തകേരളം പി.ഒ. പുസ്തകമാവുമ്പോള്‍ ഞങ്ങള്‍ പി.ജി കഴിഞ്ഞിരുന്നില്ല. സംക്രാന്തി അമ്പലത്തിലെ ഹാളില്‍ കവിതചര്‍ച്ചയും വായനയും നടന്നു. നരേന്ദ്രപ്രസാദ് സാറും, കെ.എം., വേണുഗോപാല്‍ അടക്കമുള്ളവരും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം അക്കാലത്ത് കവിതയില്‍ കൂടുതല്‍ ലഹരിയുള്ളവരായി. കേരളകവിതയില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ കുട്ടികളില്‍ നിന്ന് കവിതവാങ്ങിയിരുന്നു. പണക്കുറവുകൊണ്ടൊക്കെ അക്കാലത്ത് പ്രകാശനത്തിനൊന്നും പോകുമായിരുന്നില്ല. മാഷ് ഞങ്ങള്‍ക്കുള്ള കോപ്പികള്‍ കൈപ്പറ്റിക്കൊണ്ടുവന്നിരുന്നു. അക്കാലത്ത്, കുങ്കുമം വാരികയില്‍ കരുതല്‍ എന്ന കോളം ചെയ്തിരുന്നു, മാഷ്. എന്റെ ഒരു കവിതയും ഒപ്പം ശാന്തന്റെ കവിതയും അതില്‍ ഉള്‍പ്പെടുത്തുകയും ഞങ്ങളെ പുതുകവികള്‍ എന്ന നിലയില്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

ബി.എഡിന് ചേരാനും, മാസച്ചിലവിനും എനിക്ക് പണം കുറവായിരുന്നു. കെ.എം. കൃഷ്ണന്‍മാഷും കുര്യാസ് മാഷും ആദ്യ സമയത്ത് സഹായിച്ചു. വിനയചന്ദ്രന്‍സാര്‍ എനിക്ക് കുറച്ചു രൂപതന്നു. ഒരു തിരക്കുള്ളതിനാല്‍ മാഷ് എവിടെയോപ്പോയിരുന്നു. എന്നോട് എത്താന്‍ പറഞ്ഞ ദിവസം മാഷിനെ അവിടെ കണ്ടില്ല. അടുത്തവീട്ടില്‍, ഡി.വൈ.എസ്.പി. ചെല്ലപ്പന്‍ സാറിന്റെ വശം കവറില്‍ പണം ഏല്‍പ്പിച്ച് പേരും എഴുതിക്കൊടുത്തിട്ടായിരുന്നു മാഷ് പോയിരുന്നത്. ഇതിനിടയില്‍ സാറിന്റെ റിട്ടയര്‍മെന്റ് കഴിഞ്ഞു. വിസിറ്റിംഗ് പ്രൊഫസറായി എത്തുവാന്‍ മാഷിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും സര്‍വ്വകലാശാല അധികാരികള്‍ക്ക് അതില്‍ താല്പര്യമില്ലായിരുന്നു. തിരുവനന്തപുരത്ത് സരസ്വതി കൃഷ്ണയില്‍വെച്ച് അപൂര്‍വ്വമായി കണ്ടു. മാഷിന്റെ കയ്യൊപ്പോടുകൂടിയ ഒരു ടെസ്റിമോണിയല്‍ സ്വന്തമാക്കിവെച്ചു. സോവിയറ്റ്/റഷ്യന്‍ കവിതയുടെ വിവര്‍ത്തനത്തിന്റെ ഒരു കോപ്പി പിന്നീടൊരിക്കല്‍ തന്നു. സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പൊതുവാചാപരീക്ഷകള്‍ക്കായി വന്നപ്പോഴും അധികം സമയം നില്‍ക്കാറില്ലായിരുന്നു. ഞാന്‍ ലെറ്റേഴ്സില്‍ ഗവേഷണവും അതിഥി അധ്യാപനവും നടത്തി.

 

സ്കൂള്‍ ഓഫ് ലെറ്റഴ്സിലെ എം.എ ബാച്ചിന്റെ പഠന യാത്രക്കിടെ ഡി.വിനയചന്ദ്രന്‍. സഫിയയുടെ ഫോട്ടോ ശേഖരത്തില്‍ നിന്ന്


 

കാടും പച്ചപ്പും
കാടുകളോടും പച്ചപ്പിനോടുമുള്ള പ്രത്യേക അറിവുകളായിരുന്നു എനിക്ക് മാഷിലുള്ള മറ്റൊരു പുതുമ. മരങ്ങളുടെ പേരുകള്‍, പൂക്കള്‍ നിറഞ്ഞ കല്‍ക്കുഴികള്‍ക്കകത്തെ നിശ്ചലജലം പലമട്ടിലുള്ള നില്പ്പുകള്‍, പൂക്കുന്ന കാലങ്ങള്‍, പൂക്കള്‍ വീണു നിറയുന്ന ഞങ്ങളുടെ തോടുകളിലെ ചെറുകുഴിജലം, വന്യജീവികള്‍ മേല് ഉരച്ചമരങ്ങള്‍, കാട്ടുപന്നി ഉഴുതുമറിച്ച മണ്ണ്, പുല്‍ക്കാടുകള്‍, നീണ്ടപാറകള്‍, സഹ്യനേക്കാള്‍ തലപ്പൊക്കം എന്നൊക്കെ മാഷ് കവിത ചൊല്ലുമ്പോള്‍ അവ എനിയ്ക്ക് ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളായിരുന്നല്ലൊ. എന്റെ ജീവിത പരിസരമായിരുന്നല്ലൊ.

ഹൈറേഞ്ചിനെക്കുറിച്ചും മാഷിന് നല്ല അറിവുണ്ടായിരുന്നു. മഴകള്‍, പലതരം മഴകള്‍, മഞ്ഞ്, പലതരം മഞ്ഞ്, വിവരണങ്ങള്‍, ഭൂമിയുടെയറ്റത്തോളം ചെന്നെത്തുന്ന വിവരണങ്ങള്‍. ഒന്നൊന്നുബന്ധിച്ച്, അതിപുരാതനം മുതല്‍ സമകാലികതവരെയെത്തുന്ന ഒന്നിനൊന്നെന്ന അതേസമയം അവയുടേതായ വ്യതിരിക്തതകള്‍ വിശകലനം ചെയ്യുന്ന വൈകരികവും ചടുലവും ശാന്തവും സമതലപരവുമായ വിവരണങ്ങള്‍. ഗില്‍ഗിലമേഷിന്റെ കഥയില്‍, യുദ്ധത്തില്‍ മരിച്ച പൂര്‍വ്വികരുടെ അസ്ഥികള്‍ എലികള്‍ കൊണ്ടുവരുമെന്നു കരുതുന്ന കുട്ടികളുടെ കഥയില്‍, കുറുങ്കവിതകളില്‍, മഹാകാവ്യങ്ങളില്‍ എന്നിങ്ങനെ ഭൂമിയുടെ നട്ടെല്ലോളം പോകുന്ന അധ്യായനങ്ങള്‍, പാഠ്യായാനങ്ങള്‍.

 


 

ശബ്ദമുഖരിതം
കാണികളുടെ ആന്തരികതയെ സ്പര്‍ശിയ്ക്കും വിധത്തിലുള്ള ശബ്ദമുഖരിതമായ ക്ലാസുകള്‍, അതിന്റെ അവര്‍ണ്ണനീയ വേലിയേറ്റം താളം ശബ്ദവീചികള്‍ ഈണത്തിലുള്ള ചൊല്ലലുകള്‍ കവിതയുടെ വിഭിന്നസ്വരസ്ഥാനങ്ങള്‍. “മേലിലുച്ചലം വാനം താഴ്ന്നുവന്നതായ് തോന്നി’ എന്നു ചെല്ലുമ്പോള്‍ സുഗതകുമാരി ടീച്ചര്‍ അടുത്തിരിയ്ക്കുന്നതായി തോന്നും. അപൂര്‍വ്വമായെങ്കിലും വത്സലകുമാരി ടീച്ചര്‍ അത് കേട്ടുകൊണ്ടു നില്‍ക്കും. “അമേരിക്ക നിന്റെ ഹൃദയരേഖയെവിടെയാണെന്ന്’ ചോദിക്കുമ്പോള്‍ അയ്യപ്പപ്പണിക്കരെയും ബുഷിനെയും സദ്ദാമിനെയും ക്ലാസ്മുറിയില്‍ കൊണ്ടുവരും. “അമേരിക്ക വീണ്ടും അമേരിക്കയാവട്ടെ എന്ന’ കോഫി അവന്യൂറിന്റെ കവിതയൊ, “എബ്രഹാംലിങ്കണ്‍ ന്യൂ ഓര്‍ലിന്‍സിലേയ്ക്ക് പോയപ്പോള്‍, മിസ്സിസ്സിപ്പി ചിരിക്കുന്നതു ഞാന്‍ കണ്ടു’ എന്ന ലാങ്സ്റണ്‍ ഹ്യൂഗ്സിന്റെ വരികളൊ അക്കൂടെ ഓര്‍മ്മിപ്പിയ്ക്കും. പ്രരോദനം പഠിപ്പിക്കുമ്പോള്‍ ഭാരതപ്പുഴയുടെ കൊടുംചൂടും മുരിക്കും പൂവുകള്‍ തീഷ്ണമായ മണല്‍ക്കാടുകളും ക്ലാസിക് കവികളുടെ സാന്നിധ്യങ്ങളും കാട്ടിത്തരും. സച്ചിദാനന്ദന്റെയും മാഷിന്റെയും കവിതകളിലെത്തുമ്പോള്‍ നിങ്ങള്‍ സ്വന്തമായി പഠിച്ചോളാന്‍ പറയും. കവിതയാലപിച്ചു നടന്ന ഇടുക്കി ജില്ലയിലെ ബസ് സ്റോപ്പുകളെ ഞാന്‍ ഓര്‍മ്മിയ്ക്കും. അവിടെ ഞാന്‍ ആലപിച്ചിട്ടുള്ള കവിതകളെ, താമസസ്ഥലത്തുപോയി അതേയീണത്തില്‍ നീട്ടിയാലപിയ്ക്കും.

അന്‍വര്‍ അലിയുടെ “മഴക്കാലം’ ഇറങ്ങിയതൊക്കെ അങ്ങേയറ്റം സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു മാഷ് ഞങ്ങളോടു പറഞ്ഞിരുന്നത്. ഉത്തരാധുനിക കവിത എന്ന നിലയില്‍, അത് ചര്‍ച്ചചെയ്യുകയും ഉത്തരാധുനികതയെ പഠിയ്ക്കാന്‍ പി.പി രവീന്ദ്രന്‍ മാഷിനെക്കേട്ടിരിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന നിലയിലും ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പുതുകവിതകള്‍ പഠിച്ചു.

 


 

പുറം കവിതകള്‍
ഗബ്രിയേല്‍ ഒകാറയുടെ പിയാനോവും ചെണ്ടകളും ഞാന്‍ കാണാതെ പഠിച്ചിരുന്നു. “പുലരിയില്‍ പുഴയോരത്ത്’ എന്നു തുടങ്ങുന്ന കവിത, സാറിന്റെ ആവശ്യപ്രകാരം പലയിടത്തും ഞാനത് ചൊല്ലിയിട്ടുണ്ട്. ഞങ്ങളുടെ വാചാപരീക്ഷയ്ക്കുവന്നത് ദേശമംഗലം രാമകൃഷ്ണന്‍ സാറായിരുന്നു. അവിടെവെച്ചും വിനയചന്ദ്രന്‍ മാഷ് എന്നോടാവശ്യപ്പെട്ടത് ആ കവിത ചൊല്ലാനായിരുന്നു. ഞാന്‍ അവര്‍ക്കുമുന്നിലാക്കവിത ചൊല്ലിക്കേള്‍പ്പിച്ചു. എന്റെ വാചാപരീക്ഷ കഴിഞ്ഞു. അക്കാലത്ത് നെഗ്രിറ്റ്യൂഡിനെക്കുറിച്ച് വിശദമായ ഒരു പഠനം തയ്യാറാക്കി പല മാസികകള്‍ക്കും അയച്ചെങ്കിലും ആരും പ്രസീദ്ധീകരിച്ചില്ല.

“ഡേഡന്‍ കിമത്തിയെന്ന’ നാടകം, ഉബുമ്പായുടെ ജീവിതം, ന്‍ഗൂഗിവാത്തി ഓംഗോ, സാരോമുഗോ, ഡെറിക് വാല്‍ക്കോട്ട്, സെങ്കോര്‍, “റോഡ് ‘എന്ന നെല്‍സണ്‍ മണ്ടേലയുടെ ജീവചരിത്രം അടക്കം ഒരു പിടി ബ്ലാക്ക് എഴുത്തുകാര്‍ അവരെ അടുത്തറിയുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ലൈബ്രറിയും മെയിന്‍ ലൈബ്രറിയും യേശുദാസന്‍ സാറിന്റെ സ്വകാര്യലൈബ്രറിയും കൂടുതലായി ആശ്രയിച്ചതും അക്കാലത്താണ്. മാഷിന്റെ പ്രേരണ അതിനു പിന്നില്‍ അറിയാതെയുണ്ടായിരുന്നു. “ഗ്രെയ്ന്‍ ഓഫ് വീറ്റി’ന്റെ പ്രാധാന്യം ഒരു ചര്‍ച്ചയില്‍ മാഷ് പറയുകയും മറ്റൊരുസമയം യേശുദാസന്‍ മാഷില്‍നിന്നും കേള്‍ക്കുകയും ചെയ്തതുമോര്‍ക്കുന്നു. എന്റെ സുഹൃത്ത് ജി.ശശി മധുരവേലിയോട് ബ്ലാക്ക് കവികള്‍ക്കു സമാനമായി താങ്കളെ ഞാന്‍ കാണുന്നു എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. ജി.ശശിയെ ഓര്‍മ്മയുണ്ടെന്ന് മാഷ് പറഞ്ഞത് അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു.

എസ്.ജോസഫിന്റെ വീടന്വേഷിച്ച്, ഒരു ദിവസം ഞാനും എം.ആര്‍, രേണുകുമാറും പട്ടിത്താനം മുഴുവന്‍ കറങ്ങി. ഒരുവിധത്തില്‍ കണ്ടുപിടിച്ച് വീട്ടിലെത്തിയപ്പോള്‍ അദ്ദേഹമവിടെയില്ലായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാനുള്ള യാത്രയായിരുന്നു അത്. യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത് എന്നു പറഞ്ഞപ്പോള്‍ വിനയചന്ദ്രന്‍ സാറുണ്ടോ അവിടെ എന്ന ആകാംക്ഷയിലായി ജോസഫ് സാറിന്റെ അമ്മ. സാറിനെക്കുറിച്ച് ആ അമ്മയ്ക്ക് നൂറുനാവായിരുന്നു. സാറാണ് അവനെ ഈ നിലയ്ക്ക് വളര്‍ത്തിയത് എന്നും ജോസഫ് സാറിന്റെ അമ്മ പറഞ്ഞു. അതിരമ്പുഴയില്‍ മാഷ് താമസിച്ചിരുന്നിടത്ത്, മാഷിന്റെ കവിതകളും നോവലുകളും മറ്റും പകര്‍ത്തിയെഴുതിക്കൊടുത്തിരുന്ന ഒരു പെണ്‍കുട്ടിയെയും പരിചയപ്പെടാന്‍ ഇടയായി. അവര്‍ക്കും കുടുംബത്തിനും സാറെന്നു പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. കോട്ടയത്ത് കവിത വളരില്ല, റബ്ബറ് മാത്രമേ വളരൂ എന്നൊക്കെ സാറ് ഇടയ്ക്ക് പറയും.

 

 

കാഴ്ചപ്പാടുകള്‍
രസസിദ്ധാന്തത്തെ വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ അനുബന്ധപാഠപ്രവര്‍ത്തനത്തിന്, അത്തരം വിമര്‍ശനങ്ങള്‍ വികസിച്ചുവരണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ആസ്വാദനത്തിന്റെ അടിസ്ഥാനം രസമോ/ബോധമോ എന്ന നിലയില്‍ രണ്ടു വ്യത്യസ്തഘടകങ്ങളെ പരിശോധിക്കുവാനാണ് ശ്രമിച്ചത്. ഈ നിലയ്ക്കുള്ള അന്വേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു, പ്രധാനമായും ബ്ലാക്ക് സാഹിത്യ നിരൂപണത്തില്‍ ചില പുതുവഴികളുണ്ട് എന്നിങ്ങനെ ഒരു കുറിപ്പോടെയാണ് എനിയ്ക്ക് മടക്കിത്തന്നത്.

ചങ്ങമ്പുഴയെ പറയുമ്പോഴും അദ്ദേഹത്തിന്റെ രചനയുടെ വിപുലതയെ മനസ്സിലാക്കാതെ മദ്യപാനിയെന്നമട്ടിലുള്ള കുറ്റപ്പെടുത്തലുകളെ വിനയന്‍മാഷ് വിമര്‍ശിച്ചിരുന്നു. ചങ്ങമ്പുഴയുടെ ദീര്‍ഘമായ കവിതയെഴുത്ത്, വിവര്‍ത്തനം പഠനം അവയുടെ വ്യാപ്തിയെ ചിന്തിയ്ക്കാതെയുള്ള ഏകപക്ഷീയതയ്ക്ക് പകരം ചങ്ങമ്പുഴയെ പിന്തുണച്ചത് കേസരിയെപ്പോലെ ചിലരെയുള്ളു എന്നൊക്കെ പറയുമ്പോള്‍, മാഷും വികാരധീനനാകും.

കൂടുതല്‍ പഠിയ്ക്കേണ്ടതും പാഠ്യപദ്ധതികള്‍ അവഗണിച്ചതും കേരളത്തിനു കൂടി അവകാശപ്പെട്ടതുമായ തിണസിദ്ധാന്തങ്ങളെക്കുറിച്ച് മാഷ് നിരന്തരം പറഞ്ഞിരുന്നു. തിണയുടെ പുതിയ അംശങ്ങളെ പരിചയപ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. മലയാളപണ്ഡിതര്‍ തിണയെ കാലപരമായി ചുരുക്കിക്കളയുകയും മലയാള സാഹിത്യത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതിനെ മാഷ് പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.

രാഷ്ട്രീയമായി അപൂര്‍വ്വം ചില സന്ദര്‍ഭങ്ങള്‍ക്കു മാത്രമേ ഞങ്ങള്‍ നിന്നു കൊടുത്തിട്ടുള്ളൂ. എന്റെ ആക്ടിവിസത്തെക്കുറിച്ചൊന്നും ഒന്നും പറഞ്ഞിട്ടില്ല. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിനെക്കുറിച്ചൊരു ദിവസം പറഞ്ഞു. അത് ശരിയായില്ല എന്ന അഭിപ്രായമായിരുന്നു സാറിന്റേത്. അത് എന്തുകൊണ്ട് ശരിയായില്ല എന്ന എന്റെ സംശയത്തിന് സാറ് മറുപടിയൊന്നും തന്നില്ല. ഇന്ത്യന്‍ സാംസ്കാരികാടിത്തറയില്‍ ബുദ്ധന്, പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പുനര്‍ജന്മത്തില്‍ വിശ്വാസമില്ലെന്നും ഉണ്ടെങ്കില്‍ത്തന്നെ അടുത്ത ജന്മത്തില്‍ ബുദ്ധനാവണമെന്നും മറ്റൊരുഘട്ടത്തില്‍ മാഷ് പറഞ്ഞിട്ടുണ്ട

സാറിന്റെ കവിത “വീട്ടിലേയ്ക്കുള്ള വഴി’യില്‍, “ഗംഗയില്‍നിന്ന് മുങ്ങിയെടുത്ത നൂറ്റെട്ടുശിലയും, അമ്മൂമ്മ ഉണ്ണിക്കു നല്‍കിയ രാമായണം കിളിപ്പാട്ടും’ മതപരമായാണോ കാണേണ്ടത് എന്നായിരുന്നു മറ്റൊരവസരത്തില്‍ എന്റെ സംശയം, മതാതീതമായി അതിനെക്കാണണമെന്നും ഒരു സാംസ്കാരിക സാന്നിധ്യമായിട്ടാണ് അതിനെ കാണുന്നതെന്നും അത്തരം അന്വേഷണങ്ങള്‍ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നും മാഷ് വ്യക്തമാക്കുകയും ചെയ്തു.

 

 

ലെറ്റേഴ്സിലെ കവികള്‍
തൃശãൂര്‍ കേരളവര്‍മ്മ കോളേജില്‍, “അഞ്ചിതള്‍ വിനായകം’പഠിപ്പിച്ചപ്പോള്‍, സാറിനോട് അതിനെക്കുറിച്ച് ചോദിച്ചു. ലഡാക്കിലെ കാഴ്ചകളും നിറങ്ങളുമാണ് അതിനു പ്രേരിപ്പിച്ചത് എന്നായിരുന്നു മറുപടി. കാലചക്രവുമായി അതിനെ ബന്ധപ്പിയ്ക്കാമെന്ന് പറയുമ്പോഴേയ്ക്കും അദ്ദേഹം ഏതോ യാത്രയിലായിരുന്നതിനാല്‍ ഫോണ്‍ ഇടമുറിഞ്ഞുപോവുകയും ചെയ്തു. അധ്യാപക ജോലിക്ക് മാത്രമായി കാത്തിരുന്ന് സമയം കളയരുത് എന്നും. നല്ല ഒറ്റ പോസ്റുകള്‍ വരുമെന്നും അവിടെ കയറണമെന്നും ഡിപ്പാര്‍ട്ട്മെന്റ് വണ്ടിയും ഒക്കെയുള്ള നല്ല പോസ്റുകളുണ്ട് എന്നും അവിടെച്ചെന്നാലും കവിതയെഴുതാമെന്നും അത് കുറേക്കൂടി നല്ല കവിതകളായിരിക്കുമെന്നും കൂടെക്കൂടെ പറഞ്ഞിരുന്നു. കവിത, ജീവിതത്തെയട്ടിമറിയ്ക്കരുതെന്ന് പറയുന്നതുപോലെ തോന്നിച്ചിട്ടുണ്ട്.

ബിനു സചിവോത്തമപുരത്തിന്റെ താല്പര്യപ്രകാരം “ലെറ്റേഴ്സിലെ കവികള്‍’ എന്ന നിലയില്‍ ഒരു പുസ്തകത്തിന് ശ്രമിക്കുകയും അതിലേയ്ക്ക് “ലെറ്റേഴ്സിലെ ഓര്‍മ്മകള്‍’ എന്ന നിലയില്‍ ഒരു കുറിപ്പ് മാഷില്‍നിന്ന് എഴുതിവാങ്ങുകയും ചെയ്തു. അതില്‍ കൈപ്പേറിയ ഒരു പാട് അനുഭവങ്ങളും സംഭവങ്ങളും ഉണ്ട് എന്നതിനാല്‍ ആ കുറിപ്പ് ഒരിടത്തും പ്രസിദ്ധീകരിയ്ക്കാന്‍ കൊടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പ്രസ്തുത പുസ്തകത്തിന്റെ പ്രവര്‍ത്തനവും ഇടയ്ക്ക് നിലച്ചുപോയി.

 

സ്കൂള്‍ ഓഫ് ലെറ്റഴ്സിലെ എം.എ ബാച്ചിന്റെ പഠന യാത്രക്കിടെ ഡി.വിനയചന്ദ്രന്‍. സഫിയയുടെ ഫോട്ടോ ശേഖരത്തില്‍ നിന്ന്


 

അപരിചിത ഭാവുകത്വം
കവിത അതിന്റെ ഗദ്യംവിട്ട് പുറത്തുവരണം എന്ന് മാഷ് പറഞ്ഞിരുന്നു. “ഏരി ഏരേരോ’ എന്ന നാടന്‍ പാട്ടുമുതല്‍ നിരവധി നാടന്‍ പാട്ടുകള്‍ “ആര്‍പ്പോ ഇര്‍ര്‍റോ’വരെ അദ്ദേഹം കുട്ടികളോട് ചേര്‍ന്ന് പാടിയിരുന്നു. അതിന്റെ സാമൂഹ്യമാനങ്ങള്‍ വിശദീകരിച്ചിരുന്നു. ഏതെങ്കിലുമൊക്കെ പുതുകവികളെ പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു. സര്‍വ്വകലാശാലയുടെ സാഹിത്യക്യാമ്പുകള്‍ നോക്കി നടത്തിയിരുന്നു. “ആദ്യം ആരും ശ്രദ്ധിച്ചില്ല’. (ചരിത്രം) എന്ന കവിതയുടെ ആലാപനത്തില്‍ ശരീരം പ്രത്യേകമായി ക്രമീകരിച്ചിരുന്നു. പദങ്ങളും സ്വരങ്ങളും കൊണ്ടുള്ള ശില്പനിര്‍മ്മിതി ആ കവിതയുടെ ഓരോ വരികളിലുമുണ്ട്. ചരിത്രത്തിന്മേലുള്ള പുനരെഴുത്തായിരുന്നു ആ കവിത. “മൂര്‍ത്തി’ എന്ന കവിതയില്‍ “ചരിത്രം’ എന്ന കവിതയുടെ തുടര്‍ച്ചയുണ്ട്. “പിച്ചക്കാര പിച്ചക്കാര പിച്ചച്ചട്ടിയിലെന്തുണ്ട്’, തുടങ്ങിയ കവിതകളിലെത്തുമ്പോള്‍ മലയാള കവിത അതുവരെ പറയാതിരുന്ന മറ്റൊരു ഭാവുകത്വത്തെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഹിന്ദുസ്ഥാനി/കര്‍ണാടിക് ഗാനങ്ങളുടെ ചിട്ടപ്പെടുത്തിയ ഈണങ്ങളല്ല കവിതയുടെ താളം എന്ന് അദ്ദേഹം നിരന്തരം പറഞ്ഞു.

വായ്ത്താരികള്‍, താളങ്ങള്‍, പദങ്ങളുടെ പ്രത്യേകതയാര്‍ന്ന നിരത്തലുകള്‍, ആശയസംക്രമണങ്ങള്‍ക്കായുള്ള ചേര്‍ക്കലുകള്‍, വാക്കുകള്‍ക്കുള്ളിലെ ആന്തരാശയങ്ങള്‍, ഈണങ്ങള്‍, വിഭജിത പദരീതികള്‍, എഴുത്തിന്റെ രാഷ്ട്രീയം, കവിതയിഷ്ടമില്ലാത്തവര്‍ക്കായുള്ള മറുപടികള്‍, ഭാഷയെന്നാല്‍ അത് കച്ചവടച്ചരക്കുകാരുടെ ലാഭക്കൊതിയല്ലെന്ന ഉത്തരങ്ങള്‍, ദേശത്തിന്റെ രാഷ്ട്രീയം, ഒരുവന്‍ എത്രയോ പുറത്തേയ്ക്കുണ്ടൊ അത്രയും തന്നെ അകത്തേയ്ക്കുമുണ്ടെന്ന കാഴ്ചകള്‍, രചനയുടെ അപാരസ്ഥലികള്‍, നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരിക്കുക, പുസ്തകങ്ങളെ പരിചയപ്പെടുത്തുക, വ്യക്തികള്‍ കടന്നുവരിക, കമന്റു പറഞ്ഞ് സ്വയം ചുരുങ്ങിക്കൂടിക്കൊണ്ട് ചിരിയ്ക്കുക, കണ്ണുകള്‍ ഒരു പ്രത്യേകതയാലെ പുറത്തേയ്ക്ക് തുറിപ്പിച്ചുകൊണ്ട് കളി തമാശ പറയുക, കല്‍ക്കണ്ടമൊ പുസ്തകമോ പരിചിതര്‍ക്ക് കൊടുക്കുക, അങ്ങനെയുള്ള വിനയചന്ദ്രന്‍മാഷ്.

 

വ്യാഴവട്ടങ്ങളിലൊന്ന് Image Courtesy: School of Letters Blog


 

ശബ്ദമിടറുന്നു
കോഴിക്കോട് ഓള്‍ ഇന്ത്യ റേഡിയോ 2013 ഒക്ടോബറില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണത്തിന് ഒരു ചിത്രീകരണം തയ്യാറാക്കുന്നതിനായി എന്നോട് ഒരു സ്ക്രിപ്റ്റ് ആവശ്യപ്പെട്ടിരുന്നു. അതില്‍ വയലാറിനെക്കുറിച്ച് സംസാരിയ്ക്കാനായി ഞാന്‍ മാഷിനോട് ആവശ്യപ്പെട്ടു വിളിച്ചു. മറ്റൊരാള്‍ കാരശേãരി മാഷായിരുന്നു. അന്ന് വിനയ ചന്ദ്രന്‍ മാഷിന്റെ ശബ്ദത്തിന് പതിവ് ഉറപ്പും വേഗതയും കുറഞ്ഞിരുന്നതായി തോന്നി.

സാര്‍, ശബ്ദത്തിനെന്തു പറ്റിയെന്നു ഞാന്‍ ചോദിച്ചു. കുറച്ചു പ്രശ്നങ്ങളൊക്കെയുണ്ടെന്ന് മറുപടിയും പറഞ്ഞു. സാര്‍ മരുന്ന് വാങ്ങിയ്ക്കണം എന്നും ഞാന്‍ പറഞ്ഞു. റേഡിയോയില്‍ നിന്നുവിളിച്ചോളാന്‍ പറ എന്നും സാറ് പറഞ്ഞു. നവംബറില്‍ വിശ്വമലയാള സമ്മേളനത്തിന് “ഇലകള്‍ പൊഴിയുന്നു’ എന്ന കവിത ശബ്ദശില്പത്തെ /ശില്പങ്ങളെ ശരീരം കൊണ്ട്, കൈകള്‍കൊണ്ട് രൂപപ്പെടുത്തി ആലപിക്കുന്നതും ആള്‍ക്കൂട്ടത്തിലിരുന്ന് കണ്ടു.

തുടര്‍ന്ന് ബുക്പോര്‍ട്ട് നടത്തിയ, ബെന്‍ ഒക്രിയുമായുള്ള സംവാദത്തില്‍ കവിതകള്‍ക്കുള്ള നിര്‍വചനം ആവശ്യപ്പെട്ടു. സച്ചിദാനന്ദന്‍ മാഷടക്കം നിരവധിയാളുകള്‍ അഭിപ്രായം പറഞ്ഞു. കവിതകള്‍ കുട്ടികളെപ്പോലെ നിഷ്കളങ്കമാവണം എന്ന് വിനയചന്ദ്രന്‍ മാഷ് പറഞ്ഞത്. ബെന്‍ ഒക്രിയക്കും അത് ഇഷ്ടപ്പെട്ടു. ഓരോരുത്തരോടും രണ്ടു വരികള്‍ ചൊല്ലുവാനാവശ്യപ്പെട്ടു. “ഏനിന്നലെ ചൊപ്പനംകണ്ടപ്പാ ചൊപ്പനം കണ്ടേ കൂനനുറുമ്പണിചേര്‍ന്നൊരാനയെ കൊന്നേ’ എന്ന പാട്ടാണ് മാഷ് പാടിയത്. മാഷിന് മാഷിന്റേതായ ഒരു ജീവിതവും ചിട്ടയും ഭക്ഷണവും ഒക്കെയുണ്ടായിരുന്നു. സ്വന്തമായി എണ്ണകാച്ചിയാണ് തലയില്‍ പുരട്ടുന്നത് എന്നതടക്കം സാറിന്റേതായ ഒരു ലോകം വേറെയുണ്ടായിരുന്നു.
 
 
 
 

3 thoughts on “വിനയചന്ദ്രന്‍ മാഷ്

  1. അടുത്തറിഞ്ഞ് ആഴത്തിലറിഞ്ഞുള്ള അറിവിന്റെ പങ്കുവയ്ക്കലുകള്‍. മറഞ്ഞുപോയ മാഷിന് ഉപരിവിപ്ലവമായ പൊങ്ങച്ചങ്ങള്‍ക്കപ്പുറത്ത് മണ്ണിന്റെ മണമുള്ള മനസിന്റെ ഓര്‍മ്മകള്‍.

  2. ഒത്തിരി ഓർമ്മ തിരകൾ ഒന്നിച്ചു ഒരു കടലിരംബത്തോടെ മനസ്സിനെ നനച്ചു കടന്നു പോയി. ലെറ്റർസ് ,വ്യാഴവട്ടം, നടകകളരി, സൌഹൃദങ്ങൾ , വിനയചന്ദ്രൻ സർ, പ്രസാദ്‌ സർ, ഹാരിസ് സർ, ബാലചന്ദ്രൻ, കൃഷ്ണൻ സർ, ഒക്കെ …!

Leave a Reply

Your email address will not be published. Required fields are marked *