തീപ്പിടിച്ച നേരുകളുടെ കാലത്ത് ഒരു ക്യാമറ എന്തു ചെയ്യണം?

 
 
 
 
എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, കൂടംകുളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് സംസാരിക്കുന്നു. സി.വി സിനിയ നടത്തിയ അഭിമുഖം

 

 

തീപ്പിടിച്ച നേരുകളുടെ കാലത്ത് ഒരു ക്യാമറ എന്തു ചെയ്യണം?

വാര്‍ത്തകള്‍ക്കൊപ്പമാണ് സദാ ന്യൂസ് ഫോട്ടോഗ്രാഫറുടെ ജീവിതം. വാര്‍ത്തകളെയും പത്ര ശരീരത്തെയും പൂരിപ്പിക്കുക, പല ഖണ്ഡികകളില്‍ പറയാവുന്ന വാര്‍ത്തകള്‍ ഒറ്റ ചിത്രത്തിലൂടെ പ്രകാശിപ്പിക്കുക എന്നിവയാണ് ന്യൂസ് ഫോട്ടോഗ്രാഫുകളുടെ സാധാരണ സാധ്യതകള്‍. ഇതിന്റെ ഭാഗമായി വാര്‍ത്ത നടക്കുന്ന ഇടങ്ങളില്‍ സജീവമായി നില്‍ക്കുക, വാര്‍ത്തകളുടെ പിറവിയിലും പരിണാമങ്ങളിലും ക്യാമറക്കണ്ണുമായി അനുധാവനം ചെയ്യുക എന്നീ സാധ്യതകള്‍ ഒരു ഫോട്ടോ ജേണലിസ്റ്റിനു മുന്നിലും സദാ തുറന്നു കിടക്കുന്നുണ്ട്.

സി.വി സിനിയ

എന്നാല്‍, നമ്മുടെ നാട്ടിലേതുപോലുള്ള മാധ്യമ സാഹചര്യങ്ങളില്‍ ന്യൂസ് ഫോട്ടോഗ്രാഫറുടെ റോള്‍ പലപ്പോഴും പരിമിതമാണ്. വല്ലപ്പോഴും കിട്ടുന്ന പ്രത്യേക ചിത്രങ്ങള്‍ക്കപ്പുറം പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധ്യതയില്ലാത്ത ഒരിടുങ്ങിയ വഴി കൂടിയാണ് ഇവിടെ ന്യൂസ് ഫോട്ടോഗ്രാഫി. അതിനാലാണ് കവല പ്രസംഗങ്ങളും ഉദ്ഘാടനങ്ങളും അപകടങ്ങളും അക്രമങ്ങളുമൊക്കെ സാധാരണ നിലയില്‍ പകര്‍ത്തുക എന്നതിലേക്ക് നമ്മുടെ നാട്ടിലെ ന്യൂസ്ഫോട്ടോഗ്രാഫറുടെ ദിവസങ്ങള്‍ ഒതുങ്ങിപ്പോവുന്നത്. സാധാരണ സംഭവങ്ങളെ വ്യത്യസ്തമായി പകര്‍ത്തുന്നതിലൂടെ ഈ പരിമിതികള്‍ ഉല്ലംഘിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്ന ചിലരൊഴികെ നമ്മുടെ ഫോട്ടോ ജേണലിസ്റ്റുകള്‍ മടുപ്പിന്റെ ഒരു വൃത്തത്തിലേക്കു ചുരുങ്ങിപ്പോവുന്നതും ഇതിനാലാവണം.

മലയാളി മനസ്സിന്റെ മുന്‍വിധികള്‍ക്കപ്പുറത്തേക്ക് എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, കൂടംകുളം ഇഷ്യൂകളെ തൊടുത്തുവിട്ട ഫോട്ടോഗ്രാഫുകളിലൂടെ ശ്രദ്ധേയനായ മധുരാജിനും പറയാനുണ്ടായിരുന്നത് വാര്‍ത്താ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സഹജമായുള്ള ഇത്തരം പരിമിതികള്‍ തന്നെയായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ഫോട്ടോ ജേണലിസ ജീവിതത്തില്‍ പതിനഞ്ചു വര്‍ഷവും മധുരാജ് ന്യൂസ് ബ്യൂറോയിലായിരുന്നു. എന്നാല്‍, മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ ഇത്തരം പരിമിതികള്‍ മുറിച്ചു കടക്കാന്‍ ഈ മനുഷ്യന്‍ ശ്രമങ്ങള്‍ നടത്തി. ഉള്ളിലെന്നേ വേരുറച്ച പാരിസ്ഥിതിക രാഷ്ട്രീയ ബോധവും ആക്റ്റിവിസത്തിന്റെ വിത്തുകളുമാണ്, ധര്‍ണ്ണകളുടെ പടമെടുത്ത് ഫയല്‍ ചെയ്യുന്ന സാധാരണത്വത്തില്‍നിന്ന് മുന്നോട്ടു നീങ്ങാന്‍ മധുരാജിന് തുണയായത്. ആഴത്തിലുള്ള വായനയും കുറിക്കു കൊള്ളുന്ന മനോഹരമായ എഴുത്തും ഒപ്പം ചേര്‍ന്നപ്പോള്‍ ഇന്നു നാമറിയുന്ന മധുരാജിന്റെ ചിത്രങ്ങള്‍ സാധ്യമായി. എന്നാല്‍, ഈ അഭിമുഖത്തിലൊരിടത്ത് അദ്ദേഹം പറയുന്നത് പോലെ, നിലപാടുള്ള,കാമ്പുള്ള, ദൃശ്യബോധമുള്ള ഒരെഡിറ്ററും അത്തരമാളുകള്‍ക്ക് ഇടമുള്ള ഒരു മാധ്യമസ്ഥാപനവും കൂടി ചേരുമ്പോള്‍ മാത്രമേ ഈ സാധ്യതകള്‍ പൂര്‍ണ്ണമാവുന്നുള്ളൂ.

 

മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച എന്‍ഡോസള്‍ഫാന്‍ പ്രത്യേക പതിപ്പ്


 

എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങളിലൂടെയാണ് മലയാളി മധുരാജിനെ അടുത്തറിഞ്ഞത്. എന്നാല്‍, അതിനു മുമ്പ് കണ്ണൂര്‍ ബ്യൂറോയില്‍ നില്‍ക്കുമ്പോഴേ വാര്‍ത്ത ചിത്രങ്ങള്‍ക്കകത്തെ മനുഷ്യപ്പറ്റ് കണ്ടെടുക്കപ്പെട്ട അനേകം പത്രവായനാ ദിനങ്ങളിലൂടെ മധുരാജ് മാതൃഭൂമി വായനക്കാര്‍ക്ക് സുപരിചിതനായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിതയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച അനേകം പത്രവാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും ആക്റ്റിവിസ്റ്റ് ഇടപെടലുകള്‍ക്കും മധ്യേയാണ് മധുരാജിന്റെ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ അലസനേരങ്ങള്‍ പിടിച്ചു കുലുക്കിയെത്തിയത്. ഫോട്ടോഗ്രാഫി സാങ്കേതികതയ്ക്കനുസരിച്ച് ഭംഗിയുള്ള ഫ്രെയിമുകളില്‍, നിഴലും വെളിച്ചവും ആവശ്യാനുസരണം നിറച്ച കലാസൃഷ്ടികളായിരുന്നില്ല, പച്ച ജീവിതത്തിന്റെ നേരായിരുന്നു ആ ചിത്രങ്ങളില്‍. ക്ലോസപ്പ് ചിത്രങ്ങളേക്കാള്‍ ഒബ്ജക്റ്റിന്റെ പരിസരം കൂടി കടന്നു വരുന്ന, അതിനു പിന്നിലെ രാഷ്ട്രീയം കൂടി ഭാഗഭാക്കാവുന്ന വൈഡ് ആംഗിളുകളാണ് മധുരാജ് തെരഞ്ഞെടുത്തത്. അതൊരു തരത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ നിലപാട് പ്രഖ്യാപനം കൂടിയാണ്. ഒബ്ജക്റ്റ് മാത്രമല്ല, അതിനപ്പുറവും ഇപ്പുറവുമുള്ള പരിസരം കൂടി കടന്നു വരുമ്പോഴേ ചിത്രം പൂര്‍ണ്ണമാവുന്നുള്ളൂ എന്ന പ്രഖ്യാപനം.
 
 

നാരായണ നായിക്. ഇരുപത് പിന്നിട്ട നാരായണ നായിക് എന്‍മഗജെ പഞ്ചായത്തിലാണ്. 2001ല്‍ എടുത്ത ചിത്രം.


 
 

കവിത. ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്കയിലാണ് വീട്. ഉള്ളിലേക്ക് വലിക്കാനാവാത്ത നാവാണ് കവിതയ്ക്ക്. 2010 ഡിസംബറില്‍ മരിച്ചു


 
 

മുഹമ്മദ് റഫീഖ്. ചെങ്ങറ പഞ്ചായത്തിലെ പുണ്ടൂര്‍ കോടിമൂലയിലാണ് വീട്. അഞ്ചുവയസ്സുവരെ ഒരു പ്രശ്നവുമില്ലായിരുന്നു റഫിഖിന്. കാലുവേദനയായാണ് രോഗം വന്നത്. രണ്ടു വര്‍ഷമായി സ്കൂളില്‍ പോകുന്നില്ല.


 
 

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പിന്നെയും പല ഫോട്ടോ പരമ്പരകള്‍ മധുരാജിന്റെ ക്യാമറയില്‍നിന്നു വന്നു. അതൊക്കെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു. കളി ചിരിക്കിടയിലുള്ള ഇത്തിരി നേരത്തെ അലസ വായനയുടെ നേരങ്ങളെ തീ പിടിപ്പിക്കുന്ന എന്തോ ചിലത് അതിലുണ്ടായിരുന്നു. കേരളം മുഴുവന്‍ ഒന്നിച്ച് എന്‍ഡോസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ആ നാളുകള്‍ പിറന്നത് ആ ചിത്രങ്ങള്‍ കൂടി ഇഴ നെയ്ത ഒരു സാമൂഹിക അവബോധത്തിന്റെ പുറത്തായിരുന്നു. പ്ലാച്ചിമടയിലും കൂടംകുളത്തുമെല്ലാം ആ ക്യാമറകള്‍ ഇതേ കണ്ണോടെ ചെന്നു. കാണാത്തതും അറിയാത്തതും പറയാത്തതും മാത്രമല്ല കണ്ടതിന്റെ മറച്ചു വെച്ച നേരുകളും അവ പുറത്തു കാട്ടി. പ്രാദേശിക ഗ്രൂപ്പുകളുടെ സഹായത്തോടെ നടത്തപ്പെട്ട ഫോട്ടോപ്രദര്‍ശനങ്ങള്‍ അവയെ ഒരു പാട് മനുഷ്യരില്‍ എത്തിച്ചു.

നിലപാടും അത് പറയാനുള്ള ദൃശ്യ ഭാഷയുമുണ്ടെങ്കില്‍ ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക് ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാവുന്നത് എന്തെന്ന് തെളിയിക്കുകയായിരുന്നു മധുരാജിന്റെ ചിത്രങ്ങള്‍. പുതു തലമുറയിലെ ഫോട്ടാഗ്രാഫര്‍മാര്‍ക്ക് അത്തരമൊരു വഴി തുറന്നിടാന്‍ കെല്‍പ്പുള്ള ചിത്രങ്ങള്‍. അത്തരം ചിത്രങ്ങളെടുത്ത ഒരാളോടുള്ള സാധാരണ ചോദ്യങ്ങളാണിത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാധാരണ ചോദ്യങ്ങള്‍. എന്നാല്‍, അതിനപ്പുറം, സംവാദങ്ങളുടെ വിശാലമായ സാധ്യതകള്‍ തുറന്നിടുന്നുണ്ട് ആ ഉത്തരങ്ങള്‍.

 

മധുരാജ്


 

ഫോട്ടോഗ്രാഫറായത് എങ്ങനെ?

ഫോട്ടോഗ്രാഫി ഒരു കുലതൊഴിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പയ്യന്നൂരിലെ രണ്ടാമത്തെ സ്റുഡിയോ ആയ സീക്കോ അച്ഛന്റെതായിരുന്നു. അതിനാല്‍, ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയുമായി അടുപ്പം ഉണ്ടായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫിയുടെ കാലമായിരുന്നു. 1975 മുതല്‍ 1983 വരെ സ്കൂള്‍ വിട്ട് നേരെ പോകുന്നത് അച്ഛന്റെ സ്റുഡിയോയിലേക്ക് ആണ്. ഫോട്ടോ കഴുകാനും മറ്റുമായി നിരന്തരം സ്റുഡിയോയില്‍ പോകാറുണ്ടായിരുന്നു. സ്റുഡിയോ അടച്ച് രാത്രിയില്‍ അച്ഛനൊപ്പമായിരുന്നു അന്നൊക്കെ വീട്ടിലേക്ക് വരാറ്. അച്ഛന്‍ ഒരുപാട് പുസ്തകങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. അന്നുമുതല്‍ക്കേ വായനയും ശീലമായിരുന്നു.

 

ഓര്‍മ്മക്കുറവുള്ള വിജയകുമാരിയും ബുദ്ധിമാന്ദ്യമുള്ള സഹോദരന്‍മാരും. വാണിനഗര്‍ പ്രൈമറി സ്കൂളില്‍നിന്നുള്ള ദൃശ്യം


 

ഫോട്ടോജേര്‍ണലിസത്തിലേക്ക് വന്നതെപ്പോഴാണ്?

ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയില്‍ അതിയായ താല്‍പ്പര്യം ഉണ്ടായിരുന്നു. അച്ഛന്റെ സ്റുഡിയോ അതിന് ഒരു നിമിത്തമായി. കാമ്പസിലേക്ക് വന്നതോടു കൂടി വായനയുടെ സ്വഭാവം മാറി. സിനിമാട്ടോഗ്രാഫി പഠിക്കണമെന്ന ആഗ്രഹം വന്നു. ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ വരുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു അതില്‍ നിന്നാണ് ഫോട്ടോ ജേര്‍ണലിസത്തില്‍ ആകൃഷ്ടനാകുന്നത്. വായന അപ്പോഴും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ത്യയിലെ മികച്ച ഫോട്ടോഗ്രാഫി പുസ്തകങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഈ സമയത്തായിരുന്നു.

കേരളത്തിലെ തന്നെ ആദ്യകാല പരിസ്ഥിതി കൂട്ടായ്മയായ പയ്യന്നൂരിലെ സീക്കുമായി (സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷന്‍ ഇന്‍ കേരളാ) ബന്ധപ്പെട്ടതോടെ വീണ്ടും മാറ്റമുണ്ടായി. സീക്കിന്റെ പ്രകൃതി പഠന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. വനയാത്രകള്‍ തുടങ്ങി. സീക്ക് ലൈബ്രറിയും ഏറെ ഗുണപ്രദമായിരുന്നു. ഇന്ത്യയിലെ മികച്ച ഫോട്ടോ പ്രസിദ്ധീകരണങ്ങളുമായും ഫോട്ടോകളുമായും അടുത്തിടപഴകാനും ബന്ധംസ്ഥാപിക്കാനും ഇക്കാലത്ത് സാധിച്ചു.

സ്റുഡിയോയില്‍ മാത്രം ഒതുങ്ങാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പത്രഫോട്ടോഗ്രാഫിയിലും സിനിമാട്ടോഗ്രാഫിയിലും താല്‍പ്പര്യം കൂടിക്കൊണ്ടേയിരുന്നു. പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശന പരീക്ഷ എഴുതിയെങ്കിലും ലഭിച്ചില്ല. കൊമേഴ്സില്‍ ബിരുദമെടുത്ത ശേഷം 1993ല്‍, 23ാം വയസ്സില്‍ കണ്ണൂര്‍ മാതൃഭൂമിയില്‍ പ്രവേശിച്ചു. പിന്നിടങ്ങോട്ട് 15 വര്‍ഷത്തോളം വാര്‍ത്താ ചിത്രങ്ങളെടുത്തു. ഇപ്പോള്‍ 20 വര്‍ഷമായി.

 

ഓട്ടോഡ്രൈവറായ ഹമീദിന്റെ മകന്‍ സുഹൈല്‍. സെറിബ്രല്‍ പാള്‍സിയാണ് രോഗം. മുതലപ്പാറയിലാണ് വീട്.


 

ന്യൂസ് ഫോട്ടോഗ്രാഫിയില്‍ നിന്ന് ട്രാവല്‍ ഫോട്ടോഗ്രാഫിയിലേക്ക് പോകുന്നതെപ്പോഴാണ്?

15 വര്‍ഷത്തോളം ന്യൂസ് ഫോട്ടോഗ്രാഫിയിലായിരുന്നു. 1985^86 കാലത്തിനു ശേഷമാണ് മാതൃഭൂമിയില്‍ കളര്‍ ഫോട്ടോഗ്രാഫി വരുന്നത്. ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യം ജോലിയുടെ എല്ലാ സമ്മര്‍ദ്ദങ്ങളെയും മാറ്റിനിര്‍ത്തി. അന്നൊക്കെ ഉച്ചയ്ക്ക് മുന്‍പ് ഒരു ഫോട്ടോ എടുത്ത് ഉച്ചയ്ക്ക് കോഴിക്കോട് എത്തിച്ച് അത് ഡവലപ്പ് ചെയ്ത് പ്രിന്റ് എടുത്ത് തിരിച്ച് കണ്ണൂരിലേക്ക് എത്തിച്ചാല്‍ മാത്രമേ പിറ്റേദിവസത്തെ പത്രത്തില്‍ അച്ചടിച്ചു വരികയുള്ളൂ. ഫോട്ടോഗ്രാഫിയുടെ മാറ്റങ്ങളിലൂടെ പോയൊരാളാണ് ഞാന്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് കളറിലേക്കും കളറില്‍ നിന്ന് ഡിജിറ്റലിലേക്കും ഉള്ള മാറ്റം. 2007 ലാണ് ഞാന്‍ മാതൃഭൂമി പീരിയോഡിക്കല്‍ വിഭാഗത്തിലേക്കു വരുന്നത്. ന്യൂസ് ഫോട്ടോയല്ല അവിടെ വേണ്ടത്. പല തരം മാഗസിനുകളിലേക്കുള്ള ഫീച്ചര്‍ പടങ്ങളാണ്. ‘യാത്ര’ മാഗസിന്‍ വന്നതോടെ കൂടുതലായും ട്രാവല്‍ ഫോട്ടോകളാണ്. മാതൃഭൂമി ആഴ്ചപതിപ്പിനും മറ്റ് മാസികകള്‍ക്കു വേണ്ടിയും ഫോട്ടോ എടുക്കാറുണ്ട്.

 

പ്ലാച്ചിമടയില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്


 
സോഷ്യല്‍ മീഡിയയുടെ കാലമാണല്ലോ. ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് ഫേസ്ബുക്ക് പോലുള്ള ഇടങ്ങള്‍ തരുന്ന തുറസ്സിനെപ്പറ്റി എന്ത് പറയുന്നു?

ഫേസ്ബുക്ക് ഒരു നവമാധ്യമമാണ്. മനുഷ്യന്‍ സംവേദനത്തിനായി പുതിയ പുതിയ ഇടങ്ങള്‍ കണ്ടെത്തി കൊണ്ടേയിരിക്കും. ഏതെങ്കിലുമൊന്നില്‍ അത് ഒതുങ്ങി നില്‍ക്കില്ല. സാങ്കേതികവിദ്യക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും.

ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് ഓരോവ്യക്തിയുടെയും ചിന്തകളെയും മനോഭാവത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും. അത് വ്യക്തികളുടെ താല്‍പര്യത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും. ഫേസ്ബുക്ക് ഉപയോഗിക്കുന്നതും ഓരോ വ്യക്തിയുടെ ചിന്താഗതിക്കനുസരിച്ചാണ്.

 

പ്ലാച്ചിമടയില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്


 

എന്‍ഡോസള്‍ഫാന്‍ ദുരന്തം പോലുള്ള അധികമാരും അറിയാതിരുന്ന, തികച്ചും സാങ്കേതികതയിലൂന്നിയ ഒരു സംഭവത്തെ ഒറ്റയടിക്ക് മനസ്സിലാക്കാനാവുന്ന വിധം എല്ലാ തീവ്രതയോടെയും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ മധുരാജിന്റെ ഫോട്ടോകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു നിലപാട് കൂടിയാണ്. അത്തരമൊരു മാനസികാവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്?

വളര്‍ന്നുവന്ന ചുറ്റുപാട് എന്നുതന്നെ കാരണം പറയാം. ചെറുപ്പം മുതല്‍ സീക്കില്‍ പ്രവര്‍ത്തിച്ച, പാരിസ്ഥിതിക രംഗത്തെ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം കഴിഞ്ഞ അനുഭവം ജീവിത വീക്ഷണത്തെയും സ്വാധീനിച്ചിട്ടുണ്ടാവണം. എന്റെ ഫോട്ടോഗ്രാഫുകളിലേറെയും കേന്ദ്രീകരിക്കുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവുമാണ് എന്നിപ്പോള്‍ തിരിച്ചറിയാനാവുന്നു. 2001 ല്‍ മാതൃഭൂമിയുടെ അസൈന്‍മെന്റിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഫോട്ടോ എടുക്കാന്‍ ചെന്നത്. എസ്.ഡി വേണുകുമാര്‍ എന്ന റിപ്പോര്‍ട്ടറോടൊപ്പമാണ് ഞാന്‍ അവിടെ ചെല്ലുന്നത്. മൂന്ന് ദിവസം അവിടെ താമസിച്ച് ചിത്രങ്ങളെടുത്തു. മരണവും രോഗവും വിതയ്ക്കുന്ന കീടനാശിനിക്കിരുപുറം നിസ്സഹായരായി കഴിയുന്ന മനുഷ്യരായിരുന്നു അവിടെ മുഴുവന്‍. ഞെട്ടിക്കുന്ന ആ അനുഭവം പുറത്തെത്തിക്കാനുള്ള വഴിയായി ആ ഫോട്ടോകളെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങള്‍ക്കടുത്തുള്ള മനുഷ്യരുടെ ജീവിതങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന ജീവനാശിനി എന്തുമാറ്റങ്ങളാണ് വരുത്തിയതെന്ന് ലോകത്തോടു പറയാന്‍ എനിക്കുള്ള പ്രധാന മാര്‍ഗം ആ ഫോട്ടോകളായിരുന്നു. ക്യാംപയിനിംഗ് പോലെ അത് ആളുകളിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ചിത്രം മാത്രം എടുത്ത് കാണിച്ചിട്ട് കാര്യമില്ല. നിരന്തരമായി പ്രദര്‍ശിപ്പിക്കണം. എന്നാല്‍ മാത്രമേ ആളുകളുടെ മനസ്സു മാറൂ എന്ന് തിരിച്ചറിഞ്ഞു. 2006ല്‍ വീണ്ടും കാസര്‍ഗോഡ് എത്തി ചിത്രങ്ങളെടുത്തു. മുന്‍പ് കണ്ട ആളുക്ില്‍ പലരും അപ്പോള്‍ അവിടെ ബാക്കിയുണ്ടായിരുന്നില്ല. അതിന് പകരം പുതിയ ചിലരെ കൂടി കണ്ടു. പുതിയ ഇരകള്‍.

പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി 2010ല്‍ വീണ്ടും കാസര്‍ഗോഡ് പോയി. ഇതിനകം ഒരുപാട് സ്ഥലങ്ങളില്‍ ഫോട്ടോപ്രദര്‍ശനങ്ങള്‍ നടത്താന്‍ അവസരമുണ്ടായി. മൂന്നാമത് കാസര്‍ഗോഡ് സന്ദര്‍ശിച്ചപ്പോള്‍ മൂന്ന് ദിവസം താമസിച്ച് കുറച്ച് സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രങ്ങളെടുത്ത് സര്‍വ്വെയും നടത്തിയ ശേഷമാണ് തിരിച്ച് പോരുന്നത്. അപ്പോഴേക്കും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. ആദ്യ ചിത്രങ്ങള്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതിലൂടെ ഗുണപരമായ ഒരു മാറ്റവും ഉണ്ടായി. അവിടെയുള്ള ആളുകള്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. അവര്‍ക്കെന്നെ വലിയ താല്‍പ്പര്യവുമായിരുന്നു.

എന്‍ഡോസള്‍ഫാന്‍ മാത്രമല്ല, മറ്റ് ചില പ്രധാന ഇഷ്യൂകളും ഫോക്കസ് ചെയ്ത് ഫോട്ടോകള്‍ പുറത്തുകൊണ്ടവരാന്‍ കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട, കൂടംകുളം ഇഷ്യൂകള്‍ ഉദാഹരണം. ഇതൊക്കെ മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ഇങ്ങനെ ഫോട്ടോ എടുക്കാനും പ്രദര്‍ശിപ്പിക്കാനും എനിക്ക് അവസരമുണ്ടായത് ഞാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ മാതൃഭൂമി നല്‍കുന്ന പിന്തുണയും താല്‍പ്പര്യത്താലുമാണ്.

 

പ്ലാച്ചിമടയില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്


 

ഇത്തരം ജനകീയ പ്രശ്നങ്ങള്‍ ക്യാമറയിലാക്കി കഴിഞ്ഞാല്‍, ഫോട്ടോ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ആ പ്രശ്നത്തോടുള്ള ഉത്തരവാദിത്വം അവസാനിക്കുന്നുണ്ടോ ? ഒരു ഫോട്ടോ ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം വീണ്ടും ആ പ്രശ്നത്തില്‍ അല്ലെങ്കില്‍ സമരത്തില്‍ പങ്കാളികളാവേണ്ടതുണ്ടോ?

ഇത് ഇഷ്യൂവിനോടുള്ള സമീപനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പ്രശ്നമാണ്. ഇതിനെ അടിസ്ഥാനമാക്കി ഞാനെപ്പോഴും പറയാനാഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്.

സൌത്ത് ആഫ്രിക്കന്‍ ഫോട്ടോഗ്രാഫറായ കെവിന്‍ കാര്‍ട്ടറിന്റെ ഒരനുഭവമുണ്ട്. സുഡാന്‍ സന്ദര്‍ശന വേളയില്‍ 1993 മാര്‍ച്ചില്‍ അദ്ദേഹം ഒരു പടമെടുത്തു. പട്ടിണികോലമായ ഒരു കുട്ടിയെ തിന്ന് വിശപ്പടക്കാന്‍ തക്കം നോക്കിനില്‍ക്കുന്ന ഒരു കഴുകന്റെ ചിത്രം. ആ രാജ്യത്തെ പട്ടിണിയുടെ ദയനീയ മുഖം തിരിച്ചറിയാന്‍ ആ ഒരൊറ്റ ചിത്രം മതിയായിരുന്നു. എന്നാല്‍, ഫോട്ടേ എടുക്കുന്ന നേരത്ത് ആ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

1972ലെ വിയറ്റ്നാം യുദ്ധകാലത്ത് ബോംബില്‍ നിന്ന് രക്ഷപ്പെട്ട് നഗ്നയായി ഓടിവരുന്ന പെണ്‍കുട്ടിയുടെ ചിത്രം കാണാത്തവര്‍ കുറവായിരിക്കും. അസോസിയേറ്റ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ നിക് ഉട്ട് ആ ചിത്രം പകര്‍ത്തിയതിനു ശേഷം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ ധര്‍മ സങ്കടങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഞെട്ടിക്കുന്ന ഒരു ദുരന്തത്തിന്റെ ചിത്രം എടുക്കുന്നതാണോ ആ പ്രശ്നം പരിഹരിക്കാന്‍ വല്ലതും ചെയ്യുന്നതാണോ പ്രധാനമെന്ന കാതലായ ചോദ്യമാണത്.

നമുക്ക് കിട്ടുന്ന അസൈന്‍മെന്റ് നല്ല രീതിയില്‍ ചെയ്യുക, തുടര്‍ന്നുള്ള നടപടികള്‍ ഫോട്ടോഗ്രാഫറുടെ നിലപാടിനും ജീവിത വീക്ഷണത്തിനും അനുസൃതമായിരിക്കും. ഒരു ക്ലിക്കിലൂടെയാണ് ഒരു ഫോട്ടോ ജനിക്കുന്നത്. ഫോട്ടോ എടുക്കുന്ന വ്യക്തി പോലും ഒരുപക്ഷെ അതറിഞ്ഞിട്ടുണ്ടാവില്ല. അത് ഉള്ളില്‍ നിന്നും വരുന്നതാണ്.ഒരു വ്യക്തി അതില്‍ പങ്കുചേരണമെങ്കില്‍ ആ പ്രശ്നത്തോടുള്ള കാഴ്ചപ്പാട് പോലെയിരിക്കും.

 

കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്


 

കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ഒരു മാധ്യമം എടുത്ത ഏറ്റവും ധീരമായ എഡിറ്റോറിയല്‍ തീരുമാനമായിരുന്നു മാതൃഭൂമി ആഴ്ചപതിപ്പിന്റെ എന്‍ഡോസള്‍ഫാന്‍ പ്രത്യേക പതിപ്പ്. ആ പതിപ്പില്‍ താങ്കളെടുത്ത എന്‍ഡോസള്‍ഫാന്‍ ഫോട്ടോകളും അടിക്കുറിപ്പുകളും മാത്രമായിരുന്നു. ആ അനുഭവത്തെക്കുറിച്ച് പറയാമോ?

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ കമല്‍ റാം സജീവിന്റെ തീരുമാനമായിരുന്നു അത്. ആദ്യം 50 പേജ് പ്രസിദ്ധീകരിക്കാം എന്നായിരുന്നു തീരുമാനം. അത് പിന്നീട് 100 പേജാക്കാന്‍ തീരുമാനിച്ചു. അവസാനം, 115 പേജാക്കി പുറത്തിറക്കി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അദ്ദേഹത്തിനുള്ള പ്രത്യേക താല്‍പര്യവും നിലപാടും മാത്രമാണ് ആ എന്‍ഡോസള്‍ഫാന്‍ പ്രത്യേക പതിപ്പ് സാധ്യമായത്. വളരെ അര്‍പ്പണ ബോധമുള്ള എഡിറ്റര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.

 

കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്


 

ഇത്തരം ചിത്രങ്ങള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുമ്പോഴും പ്രദര്‍ശനം നടത്തുമ്പോഴും എന്താക്കെ മാറ്റങ്ങളാണുണ്ടാവുക?

2001ഡിസംബറിലാണ് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആദ്യ എക്സിബിഷന്‍ നടത്തുന്നത്. സുഹൃത്തും പ്രശസ്ത ചിത്രകാരനുമായ ഭാഗ്യനാഥും ഞാനും ചേര്‍ന്നാണ് എക്സിബിഷന്‍ നടത്തിയത്. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായ നാരായണ നായ്കിന്റെ അച്ഛന്‍ ദേവ നായ്ക് ആയിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പ്രദര്‍ശനം തുടങ്ങി പിന്നീട് ഓരോ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ച് പ്രശ്നത്തെകുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കി. എന്‍ഡോസള്‍ഫാന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പല ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി.

അതിന് ശേഷമാണ് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളായി ചേര്‍ന്ന് സ്കൂള്‍, കോളേജ് കബുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രദര്‍ശനം നടത്താനുള്ള ശ്രമങ്ങള്‍. ഏതു വിധേനയും അത് ജനങ്ങളിലെത്തുകയായിരുന്നു വേണ്ടത്. ആവശ്യമുള്ള ഇടങ്ങളിലേക്ക് അയച്ചു കൊടുക്കാറുണ്ട്. അയച്ചുകഴിഞ്ഞ് രണ്ട്മാസം ഒക്കെ കഴിഞ്ഞാണ് ചിത്രങ്ങള്‍ തിരിച്ചുവരിക. ആദ്യത്തെ ഒരു മാസം പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ ഞാന്‍ തന്നെ കൊണ്ട് പോയി പ്രദര്‍ശിപ്പിക്കുകയാണുണ്ടായത്. ഇപ്പോഴും ഇ മെയിലിലും മറ്റുമായി സൌജന്യമായി അയച്ചു കൊടുക്കാറുണ്ട്. ആഴ്ചപതിപ്പില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായാണ് പ്രദര്‍ശനത്തോടുള്ള ആളുകളുടെ പ്രതികരണം എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍, ആഴ്ചപ്പതിപ്പില്‍ പ്രാധാന്യത്തോടെ അതു വരുമ്പോള്‍ ഉണ്ടാക്കുന്ന ഇംപാക്റ്റ് വളരെയേറെയാണ്. അഭിപ്രായ രൂപവല്‍കരണം നടത്തുന്ന വലിയ വിഭാഗത്തിലേക്കാണ് ആഴ്ചപ്പതിപ്പ് നേരിട്ടു ചെല്ലുന്നത്.

 

കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്


 

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വാര്‍ത്തകള്‍, കാംപയിനുകള്‍, സമരങ്ങള്‍ എന്നിവയ്ക്ക് ജനങ്ങളില്‍ എത്രമാത്രം അവബോധമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട? ഇതിലുപരിയായി ക്യമറയ്ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ?

ഫോട്ടോഗ്രാഫിയുടെ പ്രധാന ഗുണം പ്രകാശന സാധ്യതയാണ്. സിനിമ, ഡോക്യുമെന്ററി എന്നിവയൊക്കെ വളരെ ശക്തിയുള്ള മാധ്യമങ്ങളാണെങ്കിലും അവ പ്രദര്‍ശിപ്പിക്കാന്‍പ്രത്യേക ഇടം വേണം. ഉദാഹരണത്തിന് വിയറ്റ്നാം യുദ്ധത്തില്‍ നഗ്നമായി നിലവിളിച്ചോടിവരുന്ന പെണ്ടകുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നും ലഭ്യമാണ്. എന്നാല്‍ നിക് ഉട്ട് പകര്‍ത്തിയ സ്റില്‍ ഫോട്ടോയുടെ വ്യാപ്തി ആ വീഡിയോ ക്ലിപ്പില്‍നിന്ന് ഫീല്‍ ചെയ്യില്ല എന്ന് തോന്നുന്നു. ഒരു പ്രശ്നത്തിന്റെ ആഴം പെട്ടെന്ന് മനസ്സിലാക്കാന്‍ ഫോട്ടോഗ്രാഫിയാണ് കുറച്ചു കൂടി ശക്തം എന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം.

ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ഒരു വ്യക്തിയിലെ ഫോട്ടോഗ്രാഫറെന്ന ആര്‍ട്ടിസ്റ് , ആക്റ്റിവിസ്റ് ഇവരില്‍ ആരാണ് മുമ്പില്‍ നില്‍ക്കേണ്ടത്?

ഞാന്‍ എന്നെ തിരിച്ചറിഞ്ഞത് ഒരു ആക്റ്റിവിസ്റായാണ്. അടിസ്ഥാന പരമായി ഞാനൊരു ആക്റ്റിവിസ്റാണ്. അതുകൊണ്ട് ഒരു മീഡിയ കണ്ടെത്തി, നിരന്തരം ഫോട്ടോ എക്സിബിഷനും നടത്തിയിട്ടുണ്ട്. മാതൃഭൂമിയില്‍ നിന്നതുകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ ചെയ്യാന്‍ കഴിഞ്ഞത്. ഒരു അസൈന്‍മെന്റ് കിട്ടിയാല്‍ ഫോട്ടോ എടുക്കുക എന്നത് ഉത്തരവാദിത്തമുള്ള കാര്യമാണ്.

 

കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്


 

എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, കൂടംകുളം തുടങ്ങി താങ്കള്‍ ക്യാമറയുമായി ഇടപെട്ട പ്രശ്നങ്ങളിലെല്ലാം വികസനം ആണല്ലോ പ്രധാന വില്ലന്‍ ?

വികസനത്തിന് പലപ്പോഴും ഊന്നല്‍ നല്‍കുന്നത് മധ്യവര്‍ഗ്ഗക്കാരാണ്. അവരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും. മനുഷ്യനെ കാര്‍ന്ന് തിന്നുന്ന തരത്തിലുള്ള വികസനം നടപ്പാക്കരുത്. വികസനം എന്നു പറയുന്നത് ഓരോ മാറ്റങ്ങളാണ്. ഒരു വലിയ ശതമാനം ആളുകളെ പാപ്പരാക്കി കൊണ്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ ആധിപത്യമാണ് നമ്മളീ പറയുന്ന വികസനം. വികസനം ആവശ്യമാണ് അത് നല്ല രീതിയിലും ഗുണകരമാകുന്ന തരത്തിലും മാത്രം.
 
 
ഫോട്ടോകള്‍ക്ക് കടപ്പാട്: മാതൃഭൂമി, www.madhurajsnaps.com/
 
 

9 thoughts on “തീപ്പിടിച്ച നേരുകളുടെ കാലത്ത് ഒരു ക്യാമറ എന്തു ചെയ്യണം?

 1. ശരിയാണ്. ന്യൂസ് ഫോട്ടോഗ്രാഫിയെ ഉദാത്തമായ ഒരു ലക്ഷ്യത്തിലേക്ക് മാറ്റുകയായിരുന്നു മധുരാജ്. ആ ചിത്രങ്ങള്‍ അതിന്റെ ഉദാഹരണമായിരുന്നു.

 2. ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍
  . ഞെട്ടിപ്പോവും.

 3. ലളിതമായ അഭിമുഖമാണ്. നന്നായിട്ടുണ്ട്.

 4. കത്തുന്ന നേരുകളെ നനച്ചില്ലാതാക്കുന്ന നുണകളുടെ പെരുമഴ കാലത്തു ഒരു കാമറ എന്തു ചെയ്യണം?

 5. പ്രിയ മധുരാജ്‌, നിങ്ങളുടെ എഴുത്ത് വായിച്ചു, മനസ്സുലക്കുന്ന ഫോട്ടോകൾ കണ്ടു. നിങ്ങളുടെ സുന്ദരമായ്‌ ചിരിക്കുന്ന മുഖം അവയ്ക്കിടയിൽ വല്ലാതെ വികിര്തമായി തോന്നി. നിങ്ങളുടെ വരികളും ദുരിത ജീവിതത്തിന്റെ നേര്ചിത്രങ്ങളും മനസ്സില് സുന്ദരമായ്‌ കാഴ്ചയ്ക്ക് മറ്റൊരു നിര്വചനമീകി .

  ആ ജീവിതങ്ങലുക് മുൻപിൽ …..
  അത് പകര്ത്തി എത്തിച്ചു തന്ന താങ്കള്ക് അഭിനതനഗൽ

Leave a Reply

Your email address will not be published. Required fields are marked *