മെയ് ഒന്ന് ചിക്കാഗോയില്‍ ആരോഗ്യ ദിനമായത് എങ്ങനെ?

 
 
 
 
ചിക്കാഗോ സമരത്തിന്റെ സ്മരണകള്‍ നെഞ്ചിലേറ്റേണ്ട അമേരിക്കന്‍ തൊഴിലാളി സംഘടനകള്‍ എന്ത് കൊണ്ട് അവരുടെ പൂര്‍വികരുടെ രക്തം പുരണ്ട ചിക്കാഗോ സമര ദിനം (മേയ് ഒന്ന്) തൊഴിലാളി ദിനമായി അംഗീകരിക്കുന്നില്ല?

 
 

അമേരിക്കയ്ക്ക് പോലും വേണ്ടാത്ത മേയ് ദിനം എന്തിനാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്? മേയ് ദിനം ഇന്ത്യയില്‍ പൊതു അവധിയാണ്. ഇന്ത്യയ്ക്ക് ഒരു ദേശീയ തൊഴിലാളി ദിനം ഇല്ലാത്തത് കൊണ്ടാണോ മേയ് ദിനത്തിന് ഇത്ര പ്രാധാന്യം നല്‍കപ്പെടുന്നത്? കേന്ദ്ര അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ളിസിറ്റി ഡയറക്ടറേറ്റിന്റെ രേഖകള്‍ പ്രകാരം മേയ് അഞ്ചാം തീയതി ദേശീയ തൊഴിലാളി ദിനമാണ്. ഇന്ത്യയിലെ തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ത്യാഗോജ്ജ്വല സമര ചരിത്രത്തിന്റെ ഓര്‍മ്മ ദിവസമായി കണക്കാക്കേണ്ട മേയ് അഞ്ചിന് ദേശീയ തൊഴിലാളി ദിനാചരണങ്ങള്‍ നടക്കുന്നതായി തോന്നുന്നില്ല. അതേ ദിവസം ഇന്ത്യയില്‍ പൊതു അവധിയുമല്ല. കാരണമെന്തായിരിക്കും-സജികുമാര്‍. എസ് ചോദിക്കുന്നു

 

 

മേയ് ഒന്നാം തീയതിയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികളും തൊഴിലാളി പ്രസ്ഥാനങ്ങളും അന്തരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത് . 1886 ല്‍ ചിക്കാഗോയില്‍ നടന്ന രക്തരൂക്ഷിതമായ തൊഴിലാളി സമരത്തിന്റെ അനുസ്മരണമായാണ് തൊഴിലാളികള്‍ മേയ് ദിന യോഗങ്ങളും പ്രകടനങ്ങളും നടത്തി വരുന്നത്. എന്നാല്‍, ചിക്കാഗോ ഉള്‍പ്പെടുന്ന അമേരിക്കയില്‍ മേയ് ഒന്ന് ശിശു^ആരോഗ്യ ദിനമാണ്. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതിയായിരുന്നു ‘തൊഴിലാളി ദിനം’.

ചിക്കാഗോ സമരത്തിന്റെ സ്മരണകള്‍ നെഞ്ചിലേറ്റേണ്ട അമേരിക്കന്‍ തൊഴിലാളി സംഘടനകള്‍ എന്ത് കൊണ്ട് അവരൂടെ പൂര്‍വികരുടെ രകരം പുരണ്ട ചിക്കാഗോ സമര ദിനം (മേയ് ഒന്ന്) തൊഴിലാളി ദിനമായി അംഗീകരിക്കുന്നില്ല? എന്ത് കൊണ്ട് ചിക്കാഗോ സമര ദിനം പില്‍ക്കാലത്ത് അമേരിക്കയില്‍ ശിശു^ആരോഗ്യ ദിനമായി മാറ്റിയെഴുതപ്പെട്ടു? ആരാണു ലോകതൊഴിലാളി പ്രസ്ഥാനത്തിന്റെ വിപ്ലവ സ്മരണകളിലെ ചുവന്ന നക്ഷത്രത്തിന്റെ ഭാഗധേയം തിരുത്തി എഴുതിയത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള ശ്രമമാണു ഈ ലേഖനം.

മേയ് ദിനം അഥവാ അന്താരാഷ്ട്ര തൊഴിലാളി ദിനവും അമേരിക്കന്‍ തൊഴിലാളി ചരിത്രവും പരസ്പരം ഇഴ ചേര്‍ന്നു കിടക്കുകയാണെങ്കിലും, അമേരിക്കന്‍ ഭരണ കൂടങ്ങള്‍ ആ ചരിത്രത്തെ വക്രീകരിക്കാനും അംഗീകാരം നല്‍കാതിരിക്കാനും ശ്രമിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് സംസ്കാരം, ചരിത്രം തുടങ്ങിയവയെ അതേപടി അംഗീകരിക്കാന്‍ മടിയാണെന്നു വേണം പറയാന്‍. മറ്റ് രാജ്യങ്ങള്‍ പിന്തുടരുന്ന രീതികളും നിയമങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണു അമേരിക്കയുടെ വിദേശ നയം പോലും എഴുതപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെയും, ഇറാഖിലെയും ഭരണഘടനകളെയും, നിയമങ്ങളെയും അമേരിക്ക അംഗീകരിക്കാത്തത് കൊണ്ടാണു ആ രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കി ‘പാവ സര്‍ക്കാരുകളെ’ അവിടെ അവരോധിച്ചത്.

സംസ്കാരത്തിലോ, സാംസ്കാരിക പൈത്യകത്തിലോ അമേരിക്ക വിശ്വസിക്കാത്തത് കൊണ്ടാണ് ചിരപുരാതനമായ മെസപ്പൊട്ടേമിയന്‍ സംസ്ക്കാരത്തിന്റെ ശേഷിപ്പുകളെ തകര്‍ത്തെറിഞ്ഞതും അവയെ യൂറോപ്യന്‍ കമ്പോളത്തില്‍ വില്‍പനക്ക് വച്ചതും. സ്വന്തം രാജ്യ താല്‍പര്യങ്ങള്‍ (ഭരണവര്‍ഗ സാമ്രാജ്യത്വ )താല്‍പര്യങ്ങള്‍ സം രക്ഷിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. ചരിത്രവും (രേഖപ്പെടുത്തിയതും അല്ലാത്തതും) സംസ്കാരവുമെല്ലാം അമേരിക്ക സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തിയെഴുതും.

സജികുമാര്‍. എസ്


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യപ്പെട്ട കാറുകളുടെ വര്‍ദ്ധിച്ച് വന്ന വ്യാപാരത്തിനു മുന്നില്‍ ഫോര്‍ഡ് കമ്പനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അമേരിക്ക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത്, ഇടത് വശ ഡ്രൈവിങ് എന്ന രീതി നടപ്പിലാക്കുകയും അതു വഴി വലതു വശ ഡ്രൈവിങ് അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട വിദേശകാറുകള്‍ക്ക് അമേരിക്കന്‍ വിപണി ലഭിക്കാത്ത സാഹചര്യം സ്യഷ്ടിക്കുകയും ചെയ്തു. ഇതേ രീതിയില്‍ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രവും നിയമങ്ങളും കീഴവഴക്കങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണു, അമേരിക്കന്‍ ഭരണകൂടത്തെയും അവിടെ നിലനിന്ന ചൂഷണാടിസ്ഥാനത്തിലുള്ള തൊഴില്‍ വ്യവസ്ഥകളെയും കടപുഴകിയെറിയാന്‍ ശ്രമിച്ച സമരത്തിന്റെ ചരിത്ര ത്തെയും, മേയ് ദിനത്തെയും, അമേരിക്കന്‍ തൊഴിലാളി ദിനത്തേയും വിലയിരുത്തേണ്ടത്.


 
മേയ് ദിനത്തിന്റെ ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയിലും കാനഡയിലും മറ്റ് മുതലാളിത്ത രാജ്യങ്ങളിലും ലക്ഷക്കണക്കിനു തൊഴിലാളികള്‍ വളരെ മോശമായ തൊഴില്‍ സാഹചര്യങ്ങളില്‍ കഠിനമായ ചൂഷണങ്ങള്‍ക്ക് വിധേയരായി പണിയെടുത്തിരുന്നു. ദിവസവും ഇവരുടെ ജോലി സമയം പതിനാറു മണിക്കൂറിനും മുകളിലായിരുന്നു. ഇത്തരം ചൂഷണങ്ങള്‍ക്കെതിരായി തൊഴിലാളികള്‍ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധത്തിന്റെ ഓര്‍മ്മപ്പെടുത്തലാണു മേയ് ദിനം. ‘എട്ട് മണിക്കൂര്‍ ജോലി’ എന്ന മുദ്രാവാക്യത്തിന്‍ കീഴില്‍ ലോകത്ത് ആദ്യമായി പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത് ആസ്ട്രേലിയയിലായിരുന്നു. തുടര്‍ന്ന് 1856 ഏപ്രില്‍ 21 നു ബംഗാളിലെ റെയില്‍വേ തൊഴിലാളികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി.

1862 മേയ് മാസത്തില്‍ 1200 തൊഴിലാളികള്‍ ഹൌറ സ്റ്റേഷനില്‍ രണ്ട് ദിവസം നീണ്ട സമരം നടത്തിയെങ്കിലും അതിന്റെ അലയൊലികള്‍ ആ പ്രദേശത്തിനു പുറത്തെത്തിയില്ല എന്നു വേണം പറയാന്‍. 1866 ആഗസ്റ്റ് 20 നു ബാല്‍ട്ടിമൂറില്‍ ചേര്‍ന്ന നാഷണല്‍ ലേബര്‍ യൂണിയന്റെ സ്ഥാപക സമ്മേളന അംഗീകരിച്ച പ്രമേയത്തില്‍ എട്ട് മണിക്കൂര്‍ പ്രവ്യത്തി ദിനം അമേരിക്കന്‍ സംസ്ഥാനങ്ങളിലാകെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ നടപ്പിലാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണു മേയ് ദിന സംഭവങ്ങള്‍ക്ക് കാരണമായത്. 1866 സെപ്റ്റംബറില്‍ ജനീവയില്‍ ചേര്‍ന്ന ഒന്നാം ഇന്റര്‍നാഷണലിന്റെ കോണ്‍ഗ്രസ്സ് ‘എട്ട് മണിക്കൂര്‍ ജോല’ എന്ന ആശയം എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളുടെ പൊതുവായ അവകാശമായി അംഗീകരിച്ചു.

തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് 1860 മുതല്‍ പല സമരങ്ങളും നടന്നിട്ടുണ്ടെങ്കിലും 1880ല്‍ മാത്രമാണു തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറാണെന്നു സ്വയം പ്രഖ്യാപിക്കാനുള്ള ധൈര്യം അമേരിക്കയിലെ തൊഴിലാളി സംഘടനകള്‍ക്കുണ്ടായത്. ഈ പ്രഖ്യാപനം തൊഴിലുടമകളുടെ സമ്മതത്തോടെ അല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണു. പത്തൊമ്പതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് ചിന്തകരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഈ സമരത്തില്‍ സമൂഹത്തിന്റെ കീഴ്ശ്രേണിയിലുള്ള തൊഴിലാളികളുടെയും സാധാരണക്കാരുടെയും സാന്നിദ്ധ്യം ശക്തമായിരുന്നു.

1870 കളില്‍ അമേരിക്കയിലും ഇതര മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ഭരണകൂടങ്ങള്‍ ഉരുക്കു മുഷ്ടി പ്രയോഗിച്ചു കൊണ്ട് തൊഴിലാളി സമരങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണുണ്ടായത്. 1873 ല്‍ നടന്നതും സോഷ്യലിസ്റ്റ് അനുകൂല സംഘടനകള്‍ നടത്തിയതുമായ സമരങ്ങളെ ‘റൊട്ടി സമരങ്ങള്‍’ എന്നാണു അമേരിക്കന്‍ ഭരണപക്ഷ പത്രങ്ങളും സര്‍ക്കാരും വിളിച്ചത്. കഠിനമായ ചൂഷണങ്ങള്‍ക്ക് ഇരയായി കുറഞ്ഞ കൂലിക്ക് പണിയെടുത്ത് പട്ടിണി കിടക്കേണ്ടി വരുന്നതിനേക്കാള്‍ നേരിട്ട് പട്ടിണി കിടക്കുന്നതാണു ഉചിതമെന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചു.

1877ല്‍ വെസ്റ്റ് വെര്‍ജീനിയയില്‍ ആഞ്ഞു വീശിയ പ്രക്ഷോഭത്തിന്റെ കാറ്റ്, കുംബര്‍ലാന്റ്, ന്യൂയോര്‍ക്ക്, ബാല്‍ട്ടിമൂര്‍, പിറ്റ്സ്ബര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഭരണ വര്‍ഗത്തിന്റെ തോക്കുകളും ലാത്തികളു തൊഴിലാളികളുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ പല സമയത്തും അപ്രസക്തമായി. അമേരിക്കന്‍ പത്രങ്ങളും ഇടത് പക്ഷ സ്വാധീനമുള്ള സമരങ്ങളെ വിമര്‍ശിച്ചു കൊണ്ട് മുഖപ്രസംഗം എഴുതി സര്‍ക്കാരിന്റെ കൈയടി നേടി. പട്ടാളത്തിന്റെ സഹായത്തോടെ സമരത്തെ അടിച്ചമര്‍ത്തുകയും നേതാക്കളെ ജയിലിലടക്കുകയും ചെയ്യപ്പെട്ടു. 1884ലെ സമ്മേളനത്തില്‍ വച്ചു അമേരിക്കന്‍ തൊഴിലാളി ഫെഡറേഷന്‍ 1886 മെയ് മാസം ഒന്നാം തീയതി മുതല്‍ തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറായിരിക്കും എന്നു പ്രഖ്യാപിച്ചു.

 


 
ചോരച്ചുവപ്പുള്ള മെയ്
ഇതിന്റെ പ്രതിഫലനമെന്നോണം 1886 മേയ് ഒന്നാം തീയതി അമേരിക്കയില്‍ മൂന്ന് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ജോലി ബഹിഷ്കരിച്ചു തെരുവിലിറങ്ങി പ്രകടനം നടത്തി. 1886 മേയ് 1നു ആരംഭിച്ച പണിമുടക്കുകളില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ പങ്കെടുക്കുകയും പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കപ്പെടുകയും ചെയ്തു. മേയ് 3ന് സെന്‍ട്രല്‍ ലേബര്‍ യുണിയന്‍ സംഘടിപ്പിച്ച റാലിയില്‍ ഓഗസ്റ്റ് സ്പൈസ് പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന സമയത്ത് സമരം പൊളിക്കാനെത്തിയ കരിങ്കാലികളുടെയും ഒത്താശ ചെയ്ത പോലീസിന്റെയും സംഹാര താണ്ഡവത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു വീണു.

ഇതിന്റെ പ്രതിഷേധമെന്ന നിലയില്‍ തൊട്ടടുത്ത ദിവസം ഹേയ് മാര്‍ക്കറ്റ് സ്ക്വയറില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാന്‍ യൂണിയന്‍ തീരുമാനിച്ചു. സ്പൈസ് തന്റെ ലേഖനത്തില്‍ കിരാതമായ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു. യജമാനന്മാരുടെ ചൂഷണത്തിനെതിരെ ശബ്ദമുയത്തുന്നവരെ കൊല്ലുമെന്നാണു ഭീഷണി. ഇതു സഹിച്ച് തൊഴിലാളികള്‍ എത്ര കാലം പട്ടിണി സഹിച്ച് പിടിച്ചു നില്‍ക്കും? ജീവിതത്തിനും പട്ടിണി മൂലമുള്ള സാവകാശമരണത്തെക്കാള്‍ സമരം ചെയ്ത്് രക്തസാക്ഷിയാകുന്നതാണെന്ന് തൊഴിലാളികള്‍ കരുതി.

ഒരു സായുധ സമരത്തിനൊന്നുമല്ല ഹെയ് മാര്‍ക്കറ്റ് സ്ക്വയറില്‍ തൊഴിലാളികള്‍ സംഘടിച്ചത്. അവരുടെ സഖാക്കളുടെ വിയോഗത്തില്‍ പ്രതിഷേധിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ പ്രതിഷേധ യോഗത്തെ പൊളിക്കുന്നതിനു ഭരണവര്‍ഗ^മുതലാളിത്ത ശക്തികള്‍ എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ആല്‍ബെര്‍ട്ട് പാര്‍സണ്‍സ്, ജോഹാന്‍ മോസ്റ്റ്, ആഗസ്റ്റ് സ്പൈസ്, ലൂയിസ് ലിന്‍ഗ് തുടങ്ങിയവരായിരുന്നു സമരത്തിന്റെ മുന്നണിയില്‍. യോഗത്തിലെ അവസാന പ്രസംഗം നടക്കുന്ന സമയത്ത് പോലീസ് യോഗം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയും മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ എവിടുന്നോ ഒരു ബോംബു വീണു പൊട്ടുകയും, പോലീസ് യോഗത്തിലെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

തുടര്‍ന്നു ചിക്കാഗോ നഗരം കണ്ടത് തൊഴിലാളി സമര ചരിത്രത്തിലെ ഏറ്റവും വലിയ നരനായാട്ട് തന്നെയായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് നാലു തൊഴിലാളികളും ഏഴു പോലീസുകാരും മരിച്ചു. നൂറു കണക്കിനു തൊഴിലാളികള്‍ക്ക് പരിക്കു പറ്റി. അമേരിക്കയില്‍ തൊഴിലാളി പ്രസ്ഥാനത്തെ തന്നെ വന്ധീകരിക്കുന്നതിനുള്ള അവസരം ഒത്തു കിട്ടിയ ഭരണ വര്‍ഗ്ഗ മുതലാളിത്ത കൂട്ടുകെട്ട് ഇരുന്നൂറോളം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സ്പൈസ്, ഫീല്‍ഡന്‍, ഫിഷര്‍, ഏംഗല്‍, ലിംഗ്, ഷ്വാബ്, നീബെ തുടങ്ങി 31 നേതാക്കള്‍ക്കെതിരെ പോലീസുദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണു ചാര്‍ത്തിയത്.

തുടര്‍ന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെയും മുതലാളിമാരുടെയും അവിശുദ്ധ ബന്ധത്തില്‍ പിറന്ന സന്തതിയെപ്പോലെ പക്ഷപാതപരമായി നടന്ന വിചാരണയ്ക്കൊടുവില്‍ അന്നത്തെ ജനകീയരായ തൊഴിലാളി നേതാക്കളില്‍ നല്ലൊരു ഭാഗം ഇല്ലായ്മ ചെയ്യപ്പെടുകയും അമേരിക്കയില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും ഇടതു പക്ഷ പ്രസ്ഥാനങ്ങളും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെട്ടു. അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് ഏംഗല്‍, ആല്‍ബര്‍ട്ട് പാഴ്സന്‍സ്, ആഗ്സ്റ്റ് സ്പൈസ് എന്നീ നേതാക്കളെ തൂക്കിക്കൊല്ലുകയും, ലൂയി കിംഗ് തടവറയില്‍ വച്ച് കൊല്ലപ്പെടുകയും, സമുവല്‍ ഫീല്‍ഡന്‍, ഓസ്കാര്‍ നീബെ, മൈക്കിള്‍ ഷ്വാബ് എന്നിവര്‍ക്ക് ജീവപര്യന്തം കഠിന തടവു ലഭിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികള്‍ ചിക്കാഗോ സമര നായകര്‍ക്ക് വേണ്ടി ഒപ്പുശേഖരണം നടത്തുകയും ദയാഹര്‍ജികള്‍ സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും അമേരിക്കന്‍ ഭരണകൂടം അവയെ ത്യണവത്ഗണിച്ചു കൊണ്ട് തങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച അജണ്ട നടപ്പിലാക്കുക തന്നെ ചെയ്തു.

 

 
ആദ്യത്തെ തൊഴിലാളി ദിനാഘോഷം
ന്യുയോര്‍ക്കിലാണു ആദ്യത്തെ തൊഴിലാളി ദിനാഘോഷം നടന്നതായി രേഖകളുള്ളത്. ഇതു നടന്നത് 1882 സെപ്റ്റംബര്‍ അഞ്ചിനാണ്. ന്യൂയോര്‍ക്കിലെ കേന്ദ്ര തൊഴിലാളി യൂണിയനാണു തൊഴിലാളി ദിനം സംഘടിപ്പിച്ചത്. തുടര്‍ന്നു 1883 സെപ്റ്റംബര്‍ അഞ്ചിനും തൊഴിലാളി ദിനാഘോഷങ്ങള്‍ നടന്നു. എന്നാല്‍, 1884 മുതല്‍ സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആചരിച്ചു വന്നു. ന്യൂയോര്‍ക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനം ആചരിച്ചു തുടങ്ങി. 1886 മേയ് മാസത്തിലെ ചിക്കാഗോ സമരത്തിനു ശേഷം,ക്യത്യമായി പറഞ്ഞാല്‍, 1890 മുതല്‍ എല്ലാ മേയ് ഒന്നാം തിയതിയും അമേരിക്കയിലെ തൊഴിലാളികള്‍ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കണമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ 1888 ഡിസംബറില്‍ തീരുമാനിച്ചു. 1889 ജൂലൈ 14 നു പാരീസില്‍ വച്ചു നടന്ന സോഷ്യലിസ്റ്റുകളുടെ കോണ്‍ഗ്രസ്സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെയ് ഒന്നിനു പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍ തീരുമാനിച്ചു.

മേയ് ദിന പ്രസക്തിയെക്കുറിച്ച്, ഫ്രഡറിക് ഏംഗല്‍സ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാമത്തെ ജര്‍മന്‍ പതിപ്പിനുള്ള ആമുഖമായി, 1890 മേയ് 1ന്, ഇങ്ങനെയെഴുതി: “ഞാന്‍ ഈ വരികള്‍ എഴുതുമ്പോഴേയ്ക്കും അമേരിക്കയിലെയും യൂറോപ്പിലെയും തൊഴിലാളി വര്‍ഗ്ഗം അവരുടെ ശക്തി തെളിയിക്കുകയായിരിക്കും; അവര്‍ ആദ്യമായി ഒരു സേനയായി, നിയമപരമായി സ്ഥാപിക്കപ്പെട്ട ഒരു കുടക്കീഴില്‍, ഒരു ലക്ഷ്യത്തിനായി (എട്ടു മണിക്കൂര്‍ ജോലി) പോരാടുന്നു. ഇന്നു നാം കാണുന്ന ശ്രദ്ധേയമായ കാഴ്ച ലോകമെമ്പാടുമുള്ള മുതലാളിമാരും ഭൂവുടമകളും തൊഴിലാളി വര്‍ഗ ഐക്യത്തെ തിരിച്ചറിയുന്നതാണ്. ഇതു കാണാന്‍ മാര്‍ക്സ് എന്നോടൊപ്പം ഇല്ലാതെ പോയി”.

മാര്‍ക്സിയന്‍ ചിന്തകരായ ലെനിന്‍, റോസ ലക്സംബര്‍ഗ് തുടങ്ങിയവരെല്ലാം മേയ് ദിന സ്മരണകളുടെയും തൊഴിലാളി വര്‍ഗ്ഗ ഐക്യത്തെക്കുറിച്ചും എഴുതുകയും ലോകം മുഴുവനും മേയ് ദിന സന്ദേശങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തൊഴിലാളി പ്രസ്ഥാനങ്ങളും ഇടതു പക്ഷ പ്രസ്ഥാനങ്ങളും ശക്തമായ സാന്നിദ്ധ്യമറിയിച്ച രാജ്യങ്ങളിലെല്ലാം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മേയ് ഒന്നിന് ലോക തൊഴിലാളി ദിനം ആചരിക്കപ്പെട്ടു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ചരിത്രം അട്ടിമറിക്കപ്പെട്ടു.
 

 
അട്ടിമറിക്കപ്പെട്ട ചരിത്രം
1917 ലെ റഷ്യന്‍ വിപ്ലവം വരെ അമേരിക്കയില്‍ മേയ് ദിനാഘോഷങ്ങളും പ്രകടനങ്ങളും നടന്നു വന്നു. കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലും വര്‍ഗ്ഗ സമരത്തിലും തൊഴിലാളി വിപ്ലവത്തിലും വിശ്വസിക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും ഈ കാല ഘട്ടത്തില്‍ രൂപം കൊണ്ടു. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇത്തരത്തിലെ വളര്‍ച്ച മുതലാളിത്തം എന്ന സാമൂഹിക വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയാകുമെന്ന് തിരിച്ചരിഞ്ഞ അമേരിക്കന്‍ ഭരണകൂടവും മുതലാളിമാരും തൊഴിലാളി പ്രസ്ഥാനങ്ങളെ ഷണ്ഡീകരിക്കുന്നതിനുള്ള ഗൂഢാലോചനകള്‍ നടത്തി.

അമേരിക്കയിലെയും ഇതര രാജ്യങ്ങളിലെയും തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വേരോടുന്നതിന്റെ അപകടം മണത്ത മുതലാളിത്ത അനുകൂലികള്‍ ചിക്കാഗോ സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളെത്തന്നെ മായ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഈ കാലഘട്ടങ്ങളിലെ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ നേതാക്കള്‍ കമ്മ്യുണിസ്റ്റുകാരില്‍ നിന്ന് അകലം പാലിക്കാന്‍ ആഗ്രഹിക്കുകയോ അമേരിക്കന്‍ സര്‍ക്കാരിന്റെയോ കുത്തക മുതലാളിമാരുടെയോ സ്വാധീന വലയത്തില്‍പ്പെടുകയോ ചെയ്തിരുന്നുവെന്നു കരുതാന്‍ തക്ക കാരണങ്ങളുണ്ട്.

 

 

അട്ടിമറി
ഇതിനായി അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറില്‍ തന്നെ ഒരു വിമത ഗ്രൂപ്പ് സ്യഷ്ടിച്ച് ഫെഡറേഷന്റെ നിയന്ത്രണം ഭരണ വര്‍ഗ്ഗ മുതലാളിത്ത പിന്തുണയുണ്ടായിരുന്ന ‘പാവ നേതാക്കള്‍’ ഏറ്റെടുത്തു. തുടര്‍ന്ന്, കമ്മ്യൂണിസ്റ്റ് ചായ്വുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഈ അഭിനവ നേതാക്കള്‍ വിലയിരുത്തുകയും കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ നിന്ന് അകലം പാലിക്കാന്‍ തീരുമാനിക്കുകയും ചെയരു. 1888 ഡിസംബറിലെ തീരുമാനത്തിനു വിരുദ്ധമായി, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ കണ്‍വെന്‍ഷന്‍ എക്സിക്യുട്ടിവ് കമ്മിറ്റി 1928 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു.

‘കമ്മ്യൂണിസ്റ്റ്കാര്‍ ഇപ്പോഴും മേയ് ഒന്നു തൊഴിലാളി ദിനമായി ആചരിക്കുന്നു. (അമേരിക്കന്‍) കോണ്‍ഗ്രസ്സ് പാസ്സാക്കിയ പ്രമേയമനുസരിച്ച് പ്രസിഡന്റ് അമേരിക്കന്‍ ഐക്യ നാടുകളിലെ ജനങ്ങളോട് മേയ് ഒന്ന് ശിശു^ആരോഗ്യ ദിനമായി ആചരിക്കാന്‍ വിളംബരം ചെയരതനുസരിച്ച് ഇനി മുതല്‍ മേയ് ഒന്ന് ശിശു^ആരോഗ്യ ദിനമായി അറിയപ്പെടും. ഇതിന്റെ ലക്ഷ്യം വര്‍ഷം മുഴുവന്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണമെന്ന വികാരം സ്യഷ്ടിക്കുകയാണ്. ഇതൊരു ഏറ്റവും വിലപ്പെട്ട ലക്ഷ്യമാണ്. അതോടൊപ്പം തന്നെ ഇനിമേല്‍ മേയ് ഒന്ന് ‘സമര ദിന’മെന്നോ ‘കമ്മ്യൂണിസ്റ്റ് ദിന’മെന്നോ അറിയപ്പെടുകയില്ല” (സമ്പത്ത്, 2007, മേയ് ദിനം:ചരിത്രവും രാഷ്ട്രീയവും).

മേയ് ദിന സമരത്തിന്റെ ഓര്‍മ്മകള്‍ മായ്ച്ചു കളയുന്നതിന്റെ അടുത്ത പടിയായി, ഫെഡറേഷന്‍ മുന്‍പ് ഉപേക്ഷിച്ച സെപ്റ്റംബറിലെ തൊഴിലാളി ദിനത്തെ പൊടി തട്ടിയെടുക്കുകയും മേയ് ദിനത്തിനു ബദലായി പ്രയോഗിക്കുകയും ചെയ്തു. അന്നു മുതല്‍ അമേരിക്കയിലെ തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്. അമേരിക്കന്‍ ഭരണകൂടം ഈ ദിവസം നിര്‍ബന്ധിത ഒഴിവു ദിനമായി പ്രഖ്യാപിച്ചു കൊണ്ട് അവരുടെ തൊഴിലാളി സ്നേഹം പ്രകടിപ്പിച്ചു. സ്വന്തം സമര ചരിത്രത്തെത്തന്നെ അന്യവത്കരിച്ചു കൊണ്ട് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ ഈ തീരുമാനമെടുത്തതിനു അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകാം.

എന്നാല്‍, ചിക്കാഗോ സമര ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി സമരങ്ങള്‍ നടക്കുകയും, മേയ് ദിനം ഇപ്പോഴും ആചരിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ചിക്കാഗോ രകരസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ ആശയങ്ങള്‍ കൊണ്ടു തന്നെയായിരിക്കും. അമേരിക്കന്‍ തൊഴിലാളി ചരിത്രത്തില്‍ ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന മേയ് ദിന സമരത്തെ അമേരിക്കന്‍ പൌരസമൂഹവും തൊഴിലാളി സംഘടനകളും എങ്ങനെ വിലയിരുത്തിയാലും ലോക രാജ്യങ്ങളിലെ തൊഴിലാളി സംഘടനകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചിക്കാഗോ സമര സ്മരണകള്‍ സ്വന്തം ഹ്യദയത്തില്‍പ്പേറുന്നതിന്റെ തെളിവാണു ലോകമെമ്പാടും മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കപ്പെടുന്നത്.

 

 

ബാക്കിയായ ചില ചോദ്യങ്ങള്‍
എന്നാല്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അമേരിക്കയ്ക്ക് പോലും വേണ്ടാത്ത മേയ് ദിനം എന്തിനാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്? മേയ് ദിനം ഇന്ത്യയില്‍ പൊതു അവധിയാണ്. ഇന്ത്യയ്ക്ക് ഒരു ദേശീയ തൊഴിലാളി ദിനം ഇല്ലാത്തത് കൊണ്ടാണോ മേയ് ദിനത്തിന് ഇത്ര പ്രാധാന്യം നല്‍കപ്പെടുന്നത്? കേന്ദ്ര അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ളിസിറ്റി ഡയറക്ടറേറ്റിന്റെ രേഖകള്‍ പ്രകാരം മേയ് അഞ്ചാം തീയതി ദേശീയ തൊഴിലാളി ദിനമാണ്.

ഇന്ത്യയിലെ തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ത്യാഗോജ്ജ്വല സമര ചരിത്രത്തിന്റെ ഓര്‍മ്മ ദിവസമായി കണക്കാക്കേണ്ട മേയ് അഞ്ചിന് ദേശീയ തൊഴിലാളി ദിനാചരണങ്ങള്‍ നടക്കുന്നതായി തോന്നുന്നില്ല. അതേ ദിവസം ഇന്ത്യയില്‍ പൊതു അവധിയുമല്ല. കാരണമെന്തായിരിക്കും? അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഏറ്റെടുക്കാത്തത് കൊണ്ടാണോ? ഇന്ത്യയില്‍ നടന്ന തൊഴിലാളി സമരങ്ങള്‍ക്ക് മേയ് ദിനത്തിന്റെ അത്ര ഗ്ലാമര്‍ പോര എന്നാണോ? അതോ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്ര ബോധമില്ലാത്തതു കൊണ്ടാണോ? അതോ എല്ലാ സമരങ്ങളും ആന്റി അമേരിക്കന്‍ ആയിരിക്കണമെന്ന് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ടായിരിക്കുമോ? നമുക്ക് ചിന്തിക്കാം.

References:
1.Babu P Remesh,2005, Labour Day in September : The History and Contemporary, Labour File, Vol.3No.5, pp 43 45
2. Trachtenberg, A, 1932, The History of May Day, International Pamphlets (Marxist internet archive)
3. Luxemburg, R, On May Day (Marxist internet archive)
4. സമ്പത്ത്, 2007, മേയ് ദിനം: ചരിത്രവും രാഷ്ട്രീയവും

One thought on “മെയ് ഒന്ന് ചിക്കാഗോയില്‍ ആരോഗ്യ ദിനമായത് എങ്ങനെ?

 1. മെയ്‌ ദിനത്തിന്റെ ചരിത്രത്തെ കുറിച്ച് സാമാന്യമായി വിവരിക്ക്കുന്ന ലേഖനം എന്നാല്‍ അവസാന ഭാഗത്ത് അര്‍ത്ഥമില്ലാത്ത ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് കണ്ടു .

  “എന്നാല്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അമേരിക്കയ്ക്ക് പോലും വേണ്ടാത്ത മേയ് ദിനം എന്തിനാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്?”….

  അതിനു കുറച്ചു സാധ്യത ഉത്തരങ്ങളും ലേഖകന്‍ തരുന്നു.

  “ഇന്ത്യയില്‍ നടന്ന തൊഴിലാളി സമരങ്ങള്‍ക്ക് മേയ് ദിനത്തിന്റെ അത്ര ഗ്ലാമര്‍ പോര എന്നാണോ? അതോ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്ര ബോധമില്ലാത്തതു കൊണ്ടാണോ? അതോ എല്ലാ സമരങ്ങളും ആന്റി അമേരിക്കന്‍ ആയിരിക്കണമെന്ന് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ടായിരിക്കുമോ? നമുക്ക് ചിന്തിക്കാം.”

  ലേഖനം വായിച്ചു തീര്‍ത്ത ആര്‍ക്കും തന്നെ മെയ്‌ ഒന്നിന്റെ സാര്‍വലോക പ്രസക്തിയെ കുറിച്ച് സംശയം പ്രകടിപ്പിക്കാനില്ല. മെയ്‌ അഞ്ചിനേക്കാള്‍ ചരിത്ര പരമായി തന്നെ മെയ്‌ ദിനം രാജ്യമെമ്പാടും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ പണ്ട് മുതല്‍ തന്നെ വില കൊടുത്തിരുന്നു.

  ” അതോ എല്ലാ സമരങ്ങളും ആന്റി അമേരിക്കന്‍ ആയിരിക്കണമെന്ന് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ടായിരിക്കുമോ?”

  അങ്ങനെയെങ്കില്‍ യൂറോപ്പിലുള്ള ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോ ? അവരും അമേരിക്കന്‍ വിരോധം മൂലമാണോ മെയ്‌ ദിനം ആഘോഷിക്കുന്നത് ? മെയ്‌ ദിനത്തിന്റെ രാഷ്ട്രീയവും തൊഴിലാളി ഐക്യത്തിന്റെയും സാരാംശവും ചോര്‍ത്തി കളയുന്നതിനു മാത്രം ആയിരുന്നു അമേരിക്ക അടക്കം വിരലില്‍ എണ്ണാവുന്ന രാജ്യങ്ങള്‍ അവരുടെ തൊഴിലാളി ദിനം കലണ്ടരില്‍ മാറ്റി ഇട്ടതു . അല്ലാതെ അവരുടെ ചരിത്ര ബോധം പ്രദര്ഷിപ്പിക്കാവുന്ന സന്ദര്‍ഭം ആയിട്ടല്ല അതിനെ കണ്ടത്.
  അതിനാല്‍ താങ്ങളുടെ ചോദ്യം ” അതോ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്ര ബോധമില്ലാത്തതു കൊണ്ടാണോ?” തീര്‍ത്തു അപ്രസക്തവും ഉപരിപ്ലവവും ആണ് .

Leave a Reply

Your email address will not be published. Required fields are marked *