കടല്‍ കൈവിടുന്ന കേരളം

 
 
 
 
ആഗോളതാപനം സമുദ്രതീര പരിസ്ഥിതിയോട് ചെയ്തത്. ഓംജി ജോണ്‍ എഴുതിയ ദീര്‍ഘ ലേഖനം അവസാനിക്കുന്നു
 
 
വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. താപനില റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. വരള്‍ച്ചയും കുടിവെള്ളക്ഷാമവും നമ്മുടെ തൊണ്ടകളടയ്ക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിഫലനമാണ് ഇവയെല്ലാം. എന്നാല്‍, നമ്മളല്ല ദുരന്തത്തിന്‍റെ ആദ്യ ഇരകള്‍. കാടും കടലുമാണ്. അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. എന്നാല്‍ആവലാതികള്‍ പറഞ്ഞുബോധ്യപ്പെടുത്താനാവാത്ത വിധം അവര്‍ അരികുകളിലാണ്. കാലാവസ്ഥാ മാറ്റം പിടിച്ചുലച്ച ആ അരിക് ജീവിതങ്ങളുടെ ജീവിതത്തിലേക്ക് ജാഗ്രതയുടെ കേരളീയം മാസിക നടത്തിയ അന്വേഷണം നാലാമിടം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര-സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിച്ചത്. പ്രകടമായി കണ്ടു തുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടെയും തീരദേശ ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ ഓംജി ജോണ്‍ എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗം
 

 
ആദ്യ ഭാഗം: മരണക്കിടക്കയില്‍ കടലിന് പറയാനുള്ളത്
 

 
ദൈര്‍ഘ്യമേറിയ തീരപ്രദേശമുള്ള കേരളത്തിലെ കടല്‍ജലനിരപ്പ് ഉയരുന്നതോടെ താഴ്ന്ന ഇടങ്ങളില്‍ ഉപ്പുവെള്ളം കയറുകയും കൃഷി, കുടിവെള്ളം, ഭൂഗര്‍ഭജലം എന്നിവയുടെ സ്രോതസ്സുകള്‍ മലിനവും ഉപയോഗശൂന്യവുമാവുകയും ചെയ്യും. കോഴിക്കോട് തീരത്തിന്റെ തെക്കെ അറ്റത്തുള്ള കടലുണ്ടിക്കടവ്, ചാലിയം, ബേപ്പൂര്‍, കോരപ്പുഴ, മൊറാട്ട്പുഴ എന്നിവിടങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ഉപ്പുജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കേരളം കടല്‍ ജലനിരപ്പ് ഉയരുന്നതുമൂലമുള്ള കടുത്ത ഭീഷണിയിലാണെന്ന് വ്യക്തമാക്കുന്നു.’1990 മുതല്‍ 2100 വരെ കടല്‍ ജലനിരപ്പ് 8.8 സെ.മീ മുതല്‍ 87.8 സെ.മീ വരെ ഉയരാമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത് തീരഭൂഗര്‍ഭ ജലത്തില്‍ ഉപ്പുവെള്ളം കലരുന്നതിനും ചതുപ്പുനിലങ്ങള്‍ നശിക്കുന്നതിനും തീരദേശ ഭൂമി വെള്ളപ്പൊക്കത്തില്‍ ഉപയോഗശൂന്യമാകുന്നതിനും ഇടയാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

‘പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ സമുദ്രനിരപ്പ് പരിശോധിച്ചുവന്നതിന്റെ രേഖകളുണ്ട്. സാറ്റലൈറ്റ് മുഖേന ഇന്ന് എല്ലാ ദിക്കും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയും. ഇരുപതാംനൂറ്റാണ്ടില്‍ സമുദ്രനിരപ്പ് ഉയര്‍ന്നതിന്റെ ശരാശരി, പ്രതിവര്‍ഷം 1.7 മി.മീ ആയിരുന്നു. 1993^2003 ദശകത്തില്‍ ഇത് 3.1 മി.മീ. ആയി. 2003ന് ശേഷം അല്പം താഴ്ന്ന് 2.5 മി.മീ ആയിട്ടുണ്ട്. മഞ്ഞുപാളികള്‍ ഉരുകിയുണ്ടാകുന്ന ജലപ്പെരുപ്പമാണ് ഇപ്പോള്‍ സമുദ്രനിരപ്പ് കൂടാന്‍ മുഖ്യകാരണമായി പറയുന്നത്. ഇത് തുടര്‍ന്നാല്‍ 2200 എത്തുമ്പോള്‍ മഞ്ഞുപാളികള്‍ അപ്രത്യക്ഷമാകും. കടലിരമ്പി തീരത്തെ വിഴുങ്ങും. തീരഭൂമി ഒലിച്ച് കടലിലേക്കിറങ്ങും. തീരത്തുള്ള അപൂര്‍വ സസ്യസമ്പത്തുകള്‍ എല്ലാം അപ്രത്യക്ഷമാകും. സമുദ്രം ഇറങ്ങിയുണ്ടായ കേരളത്തിന്റെ തീരഭൂമി സമുദ്രം തിരികെ വാങ്ങാന്‍ തയ്യാറായാല്‍ ഉണ്ടാകാവുന്ന ദുരന്തം വര്‍ണനാതീതമായിരിക്കും”. (കാലാവസ്ഥയും രാഷ്ട്രീയവും-ഡോ. ജോര്‍ജ് വര്‍ഗ്ഗീസ്)

ഇന്ത്യന്‍ തീരത്ത് കഴിഞ്ഞ 20 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കു നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം ശരാശരി 1.3 മി.മീ എന്ന തോതില്‍ കടല്‍ ജലനിരപ്പ് ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 54 വര്‍ഷത്തെ ലഭ്യമായ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം കൊച്ചി തീരത്തെ കടല്‍ ജലനിരപ്പ് പ്രതിവര്‍ഷം 1.75 മി.മീ തോതിലാണ് ഉയര്‍ന്നത്. കൊച്ചിയുടെ തീരമേഖലയുമായി ബന്ധപ്പെട്ട 169 ച.കി.മീ പ്രദേശം കടല്‍ ജലനിരപ്പ് ഉയരുന്നത് മൂലമുള്ള വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിക്കുന്നുണ്ട്. ഭൂഗര്‍ഭജല ഉറവിടങ്ങളിലേക്ക് ലവണജലം കിനിഞ്ഞിറങ്ങുന്നതും ചതുപ്പുനിലങ്ങളില്‍ ഉപ്പുവെള്ളം നിറയുന്നതുമാണ് ആഗോള കാലാവസ്ഥാ വ്യതിയാനം കേരളതീരത്ത് സൃഷ്ടിക്കുന്ന കടുത്ത ആഘാതങ്ങളില്‍ പ്രധാനപ്പെട്ടത് എന്ന് ത്രിവിക്രമാജി നടത്തിയ പഠനത്തില്‍ (2008) നിരീക്ഷിക്കുന്നുണ്ട്.

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണത്തില്‍ കൊച്ചി, പനങ്ങാട് കോളേജ് ഓഫ് ഫിഷറീസിലെ കെ.എസ്. പുരുഷന്‍ അഭിപ്രായപ്പടുന്നത് ഇപ്രകാരമാണ്. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പ്രതിവര്‍ഷം ശരാശരി 8^9 മി.മീ കടല്‍ നിരപ്പ് ഉയരുമെന്ന് അനുമാനിക്കപ്പെടുന്നു. ഈ നില തുടര്‍ന്നാല്‍ വരുന്ന 50 വര്‍ഷംകൊണ്ട് കടല്‍ ജലനിരപ്പ് 30-40 സെ.മീ ഉയരും. ഇന്ത്യന്‍ തീരമേഖലയിലും പ്രത്യേകിച്ച് കേരള തീരത്തും ഇത് കടുത്ത പാരിസ്ഥിതിക-മാനുഷിക ദുരന്തത്തിന് കാരണമാകും’. ഇത് പരമ്പരാഗത നെല്‍വയലുകളെയും തീരമേഖലയിലുള്ള 90,000 ഹെക്ടര്‍ ചെമ്മീന്‍ മത്സ്യകുളങ്ങളെയും നാമാവശേഷമാക്കും. തീരത്തെ ജനങ്ങളുടെ തൊഴില്‍, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഈ അവസ്ഥ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ന്നു തരിപ്പണമാകും.

കേരളത്തിന്റെ ആകെ തീരത്തില്‍ ഏതാണ്ട് 1.3 ശതമാനം മണ്ണൊലിപ്പ് ബാധിതമാണ്. കടല്‍ഭിത്തിപോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏതാണ്ട് 310 കി.മീ. ഓളം നിര്‍മ്മിച്ചിട്ടുണ്ട്. കേരള തീരവുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ താഴെ പറയും പ്രകാരമാണ്. മണ്ണൊലിപ്പ് കൂടിയ മേഖലയുടെ വ്യാപ്തി 2.3 കി.മീ ഉം (0.40%) മിതമായ മണ്ണൊലിപ്പ് മേഖല 9.2 കി.മീ ഉം (1.57%) മണ്ണൊലിപ്പ് കുറഞ്ഞ മേഖല 49.2 കി.മീ ഉം (8.37%) കൃത്രിമതീരം 309.7 കി.മീ ഉം (52.69%) സുസ്ഥിര തീരം 46.3 കി.മീ ഉം (7.87%) ആണ്. (കടപ്പാട്: നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റയിനബിള്‍ കോസ്റല്‍ മാനേജ്മെന്റ് ).

 

കണ്ടല്‍ക്കാടുകളുടെ ഒരു കലവറ തന്നെയായിരുന്നു ഒരു കാലത്ത് ഈ തീരഭൂമി. നിലംപറ്റി വളരുന്ന വള്ളിച്ചെടികളും പച്ചപുതച്ച മണല്‍ കൂനകളും ചെറുതീരവനങ്ങളും കാവുകളും എല്ലാം തീരസുരക്ഷയ്ക്ക് ആവശ്യം വേണ്ടിയിരുന്ന ജൈവകവചങ്ങളായിരുന്നു.


 
ജൈവസമ്പത്തിന്റെ നാശം
അമൂല്യമായ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ് അറബിക്കടലും കേരള തീരവും. കണ്ടല്‍ക്കാടുകളുടെ ഒരു കലവറ തന്നെയായിരുന്നു ഒരു കാലത്ത് ഈ തീരഭൂമി. നിലംപറ്റി വളരുന്ന വള്ളിച്ചെടികളും പച്ചപുതച്ച മണല്‍ കൂനകളും ചെറുതീരവനങ്ങളും കാവുകളും എല്ലാം തീരസുരക്ഷയ്ക്ക് ആവശ്യം വേണ്ടിയിരുന്ന ജൈവകവചങ്ങളായിരുന്നു. കടലിലെ പ്ലവകങ്ങളും അസംഖ്യം മത്സ്യഇനങ്ങളും ഈ ജൈവ സംഘാതത്തിന്റെ ചലനാത്മകസാന്നിധ്യമാണ്.

ഒരു കാലത്ത് ഏകദേശം 700 ച.കി.മീ വിസ്തൃതിയില്‍ വ്യാപിച്ചു കിടന്ന കേരളത്തിലെ കണ്ടല്‍ക്കാടുകള്‍ മനുഷ്യന്റെ അജ്ഞതയും ആര്‍ത്തിയും കാരണം 17 ച.കി.മീ ആയി കുറഞ്ഞിരിക്കുന്നു. കേരളത്തിലെ കണ്ടല്‍ക്കാടുകളുടെ ജില്ലാതല വിതരണം ഹെക്ടര്‍ കണക്കില്‍ ഇപ്രകാരമാണ്. തിരുവനന്തപുരം-23, കൊല്ലം-58, ആലപ്പുഴ-90, എറണാകുളം-260, തൃശൂര്‍-21, മലപ്പുറം-12, കോഴിക്കോട്-293, കണ്ണൂ-755, കാസര്‍ഗോഡ-79, ആകെ വിസ്തീര്‍ണം -1671 ഹെക്ടര്‍. (കടപ്പാട്: കേരള വനംവകുപ്പ്).

കേരളത്തിലെ ഏകദേശം 88 ശതമാനം കണ്ടല്‍ക്കാടുകളും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണുള്ളത്. അതുകൊണ്ടുതന്നെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം അസാധ്യമാണ്. പരിസ്ഥിതി സന്തുലനത്തിലുപരി ലാഭവും മറ്റ് താല്പര്യങ്ങളുമാണ് ഈ സ്വകാര്യ ഉടമകളെ സ്വാധീനിക്കുന്നത്. മനുഷ്യന്റെ കടന്നാക്രമണത്തിനൊപ്പം കടല്‍ നിരപ്പുയരുന്നതും കണ്ടല്‍ക്കാടുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.

 

കടല്‍ ജലനിരപ്പ് ഉയരുന്നതും അപ്രതീക്ഷിതമായ കടലാക്രമണവും തീരം ഒലിച്ചുപോകുന്നതിനിടയാക്കുകയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഇടം നഷ്ടപ്പെടുകയും ചെയ്യുന്നു.


 
തകരുന്ന തൊഴില്‍ മേഖല
590 കി.മീ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ തീരപ്രദേശത്തെ ജനങ്ങളുടെ തൊഴില്‍ മേഖലയെ കാലാവസ്ഥാ വ്യതിയാനം ഏറെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ തീരപ്രദേശത്തിന്റെ ഏതാണ്ട് 10 ശതമാനം മാത്രമാണ് കേരളതീരം, അതേസമയം രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളുടെ 25 ശതമാനവും കേരളത്തിലാണ്. ഇതിന് ആനുപാതികമാണ് കേരളത്തിലെ മത്സ്യ ഉല്‍പ്പാദനവും.

കാലാവസ്ഥാവ്യതിയാനം മത്സ്യബന്ധന തൊഴിലിനെ പലവിധത്തിലാണ് ബാധിക്കുന്നത്. കടല്‍ ജലനിരപ്പ് ഉയരുന്നതും അപ്രതീക്ഷിതമായ കടലാക്രമണവും തീരം ഒലിച്ചുപോകുന്നതിനിടയാക്കുകയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഇടം നഷ്ടപ്പെടുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ മുഖദാര്‍, നൈനാംവളപ്പ് പ്രദേശങ്ങള്‍ രൂക്ഷമായ കടലാക്രമണത്തിന്റെയും തൊഴില്‍ നഷ്ടത്തിന്റെയും ഇരകളാണ്. തിരുവനന്തപുരം ജില്ലയിലെ വേളി തീരഗ്രാമം മറ്റൊരു ഉദാഹരണമാണ്. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള അറുപതോളം വീടുകളാണ് ഏതാനും വര്‍ഷം മുമ്പുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മൂന്ന് ദിവസംകൊണ്ട് നാമാവശേഷമായത്.

 

മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ഉല്പാദനവും വിതരണവും കാലാവസ്ഥാ വ്യതിയാനം മൂലം തകിടം മറിഞ്ഞിട്ടുണ്ട്. ചരിത്രപരമായി മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ തെക്കുപടിഞ്ഞാറന്‍ തീരമായ (80-160 ഡിഗ്രി ഉത്തര അക്ഷാംശം) മലബാര്‍ കടല്‍ മേഖലയിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ 1989ന് ശേഷം ഇവയുടെ വ്യാപനത്തില്‍ സുവ്യക്തമായ ഒരു മാറ്റം നിരീക്ഷിക്കുകയുണ്ടായി


 
മത്തിക്കും അയലക്കും സംഭവിക്കുന്നതെന്ത്?
മത്സ്യ ഇനങ്ങളുടെ വൈവിധ്യത്തിലും ലഭ്യതയിലും ഉണ്ടായിട്ടുള്ള ഏറ്റക്കുറച്ചിലുകളും തൊഴില്‍ മേഖലയുടെ മുരടിപ്പിന് കാരണമായിട്ടുണ്ട്. കേരള തീരത്ത് സമൃദ്ധമായിട്ടുളള പെലാജിക് ഇനത്തില്‍പ്പെട്ട മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കടലിന്റെ താപനിലയിലുണ്ടായ വ്യതിയാനം മൂലം മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയോ കടലിന്റെ അടിത്തട്ടിലേക്ക് മാറിപ്പോകുകയോ ചെയ്യുന്നതായി ശാസ്ത്രീയ നിരീക്ഷണങ്ങളും മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങളും വെളിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ തീരത്ത് നിന്ന് നെയ്ച്ചാള കൂട്ടത്തോടെ കിഴക്കന്‍ തീരത്തേക്കും വടക്കുപടിഞ്ഞാറന്‍ തീരത്തേക്കും നീങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മത്സ്യലഭ്യതയിലുണ്ടായ ഈ കുറവ് തൊഴില്‍-വിപണി മേഖലകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചില മത്സ്യ ഇനങ്ങളുടെ ഒഴിഞ്ഞുപോകലും പുതിയ ഇനങ്ങളുടെ വരവും പരിചിതമല്ലാത്ത പ്രതിഭാസമായതിനാല്‍ എങ്ങനെ നേരിടണമെന്ന് മത്സ്യത്തൊഴിലാളികള്‍ പഠിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിനൊപ്പം കടല്‍ താപനില ഉയരുകയും മത്സ്യ ഇനങ്ങളുടെ ലഭ്യതയിലുള്ള അവ്യവസ്ഥ ക്രമാതീതവും വേഗത്തിലും ആയിത്തീരുമെന്ന് ശാസ്ത്രജ്ഞന്മാര്‍ മുറിയിപ്പ് നല്‍കുന്നു. (സി.എം.എഫ്.ആര്‍.ഐ. പഠനം)

വാണിജ്യ പ്രാധാന്യമുള്ള പെലാജിക് വര്‍ഗ്ഗത്തില്‍പ്പെട്ട മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ഉല്പാദനവും വിതരണവും കാലാവസ്ഥാ വ്യതിയാനം മൂലം തകിടം മറിഞ്ഞിട്ടുണ്ട്. ചരിത്രപരമായി മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ തെക്കുപടിഞ്ഞാറന്‍ തീരമായ (80-160 ഡിഗ്രി ഉത്തര അക്ഷാംശം) മലബാര്‍ കടല്‍ മേഖലയിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ 1989ന് ശേഷം ഇവയുടെ വ്യാപനത്തില്‍ സുവ്യക്തമായ ഒരു മാറ്റം നിരീക്ഷിക്കുകയുണ്ടായി. ഇന്ത്യയുടെ തെക്കുകിഴക്കന്‍ തീരക്കടലിലെ ഒരു പ്രധാന ഇനമായി നെയ്മത്തി മാറുകയും അയല മത്സ്യം വടക്കുപടിഞ്ഞാറന്‍ കടല്‍ മേഖലയിലേക്ക് പലായനം ചെയ്യുകയുമുണ്ടായി. മറ്റ് ഉഷ്ണമേഖല പെലാജിക് മത്സ്യങ്ങളെപ്പോലെ ഈ രണ്ട് ഇനങ്ങളുടെ കാര്യത്തിലും ഉല്പാദന ക്ഷയവും ഉല്പാദന വര്‍ദ്ധനവും മാറിമാറി പ്രത്യക്ഷപ്പെട്ടു.

‘പണ്ടുള്ള പോലൊരു ചിട്ട, മത്സ്യം കിട്ടുന്ന കാര്യത്തില്‍ ഇന്നില്ല, പിടിക്കുന്ന മത്സ്യത്തിന്റെ അളവ് കൂടുതലും കുറവുമായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കച്ചവടത്തിന്റെ കാര്യത്തില്‍ ഒരു നിശ്ചയവുമില്ല’-കോഴിക്കോട് കടപ്പുറത്തെ ബഷീര്‍ എന്ന മത്സ്യത്തൊഴിലാളിയുടെ പരാതിയാണിത്.
പെലാജിക് ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമാണുള്ളതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മത്തി, അയല തുടങ്ങിയവയുടെ ആവാസമേഖലയായ പെലാജിക് തീരകടലില്‍ ക്രമാതീതമായ തോതില്‍ താപവ്യതിയാനം ഉണ്ടാവുകയും അത് ഈ മത്സ്യ ഇനങ്ങളുടെ കൂട്ടപലായനത്തിനോ നാശത്തിനോ കാരണമാകുകയും ചെയ്യുന്നു. നാളിതുവരെ ഉണ്ടാകാത്ത വിധം കടല്‍ താപനിലയില്‍ സംഭവിക്കുന്ന അവ്യവസ്ഥിതമായ ഏറ്റക്കുറച്ചിലുകള്‍ ഏല്‍നിനോ, ലാനിന കാറ്റുകളെയും ബാധിക്കുന്നുണ്ട്െ നിരീക്ഷിക്കപ്പെടുന്നു. എല്‍നിനോ വേണ്ടവിധം രൂപപ്പെടാത്തതാണ് 2012ല്‍ കാലവര്‍ഷത്തെ പിന്നോട്ടടിച്ചതെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. ഈ പ്രതിഭാസങ്ങളും തീരക്കടലിലെ മത്സ്യസമ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നുണ്ട്.

 

'കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന ചിക്കുഗുനിയ, ഡെങ്കു, മലേറിയ എന്നീ രോഗങ്ങളുടെ പ്രധാന കാരണം ആഗോള താപനമാണ്. ഈ വൈറസ് ജന്യരോഗങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശക്തി പ്രാപിക്കുകയും കൂടുതല്‍ ജനങ്ങളും പുതിയ പ്രദേശങ്ങളും അതിന് ഇരയായിത്തീരുകയും ചെയ്യും'


 
കേരളം രോഗാതുരം
കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിവിധ പഠനങ്ങള്‍ അടിവരയിടുന്നു. ഡങ്കിപനി, ജപ്പാന്‍ ജ്വരം, ചിക്കുഗുനിയ, മന്ത് തുടങ്ങിയവ കേരളത്തില്‍ മിക്കയിടങ്ങളിലും, പ്രത്യേകിച്ച് തീരദേശ ജില്ലകളില്‍ പടര്‍ന്നു പിടിക്കുകയും ഒട്ടേറെ ജീവന്‍ കവരുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് ഈ പകര്‍ച്ചവ്യാധികളെന്ന് ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. ‘കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന ചിക്കുഗുനിയ, ഡെങ്കു, മലേറിയ എന്നീ രോഗങ്ങളുടെ പ്രധാന കാരണം ആഗോള താപനമാണ്. ഈ വൈറസ് ജന്യരോഗങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശക്തി പ്രാപിക്കുകയും കൂടുതല്‍ ജനങ്ങളും പുതിയ പ്രദേശങ്ങളും അതിന് ഇരയായിത്തീരുകയും ചെയ്യും’-2008ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

എങ്ങനെ നേരിടാം?
രണ്ട് സമീപനങ്ങള്‍ അവശ്യം വേണ്ടതുണ്ട്. ഒന്ന്, ദുരന്തത്തിന്റെ ആഘാതം കുറയ്ക്കല്‍. രണ്ട്, കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ദുരിതാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവ് നേടല്‍. തങ്ങളുടേതല്ലാത്ത കാരണത്താലാണ് തീരദേശ ജനസമൂഹവും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലങ്ങള്‍ നേരിടുന്നത്. എത്ര തടയാന്‍ ശ്രമിച്ചാലും ഈ ദുരന്തം അവരുടെ പടിവാതിലില്‍ എത്തും. ആധുനിക സാങ്കേതിക വിദ്യകളും അശാസ്ത്രീയമായ പദ്ധതികളും പരാജയപ്പെടുന്നിടത്ത് പരമ്പരാഗതമായ നാട്ടറിവുകളും സങ്കേതങ്ങളും വിജയിക്കുന്നത് ചരിത്ര പാഠമാണ്. ആ രീതിയിലുള്ള ചില ശ്രമങ്ങള്‍ തീരപ്രദേശത്തെ പരിസ്ഥിതിയിലും ജനസമൂഹങ്ങള്‍ക്കിടയിലും തുടങ്ങിവച്ചിട്ടുണ്ട്.

 

കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്നത് വ്യാപകമാക്കുക; അഴിമുഖത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മറ്റ് ചതുപ്പ് പ്രദേശങ്ങളിലും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുക.


 
ചില നിര്‍ദ്ദേശങ്ങള്‍
1. കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്നത് വ്യാപകമാക്കുക; അഴിമുഖത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മറ്റ് ചതുപ്പ് പ്രദേശങ്ങളിലും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുക.
2. മണല്‍പ്പരപ്പില്‍ വ്യാപകമായി വളര്‍ന്നിരുന്ന അടമ്പുവള്ളി പോലുള്ള വള്ളിച്ചെടികള്‍ വളര്‍ത്തുക.
3. സ്വഭാവിക തീരവനങ്ങള്‍, മണല്‍ക്കൂനകള്‍ എന്നിവ സംരക്ഷിക്കുക.
4. കേരളതീരം മുഴുവന്‍ ഒരു ജൈവ കവചം മെനഞ്ഞെടുക്കുക.
5. തീരനിയന്ത്രണമേഖല വിജ്ഞാപനം കര്‍ശനമായി നടപ്പിലാക്കുക; കടലിനോട് ചേര്‍ന്ന് അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കുക.
6. മത്സ്യത്തൊഴിലാളികള്‍ കടലില്‍നിന്ന് കഴിയുന്നത്ര അകലത്തില്‍, സുരക്ഷിത സ്ഥാനത്ത് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുക.
7. ക്രമരഹിതവും അവ്യവസ്ഥിതവുമായ മത്സ്യഉത്്പാദനത്തിന്റെ ഭീഷണി തിരിച്ചറിയുക.
8. മാറിയ സാഹചര്യത്തില്‍ സാമൂഹ്യ മാനേജ്മെന്റ് സംവിധാനങ്ങള്‍ക്ക് രൂപം കൊടുത്ത് വിപണിയില്‍ സക്രിയമായി ഇടപെടാന്‍ ശ്രമിക്കുക.
9. മത്സ്യബന്ധനത്തിന് പോകുമ്പോഴുള്ള ദുരന്തത്തെ നേരിടാന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടുക.
10. മത്സ്യം ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ സാങ്കേതികജ്ഞാനം നേടുക. സഹകരണ സംഘങ്ങള്‍, കുടുംബശ്രീ എന്നിവ വഴി ഉല്പാദനവും വിപണനവും ഏകോപിപ്പിക്കുക.
11. അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് മുന്‍ക്കൂട്ടി അറിയാന്‍ കമ്മ്യൂണിറ്റി റേഡിയോ, ടി.വി തുടങ്ങിയ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിഭവള്‍വിവര കേന്ദ്രങ്ങളും തുടങ്ങുക.
12. ദുരന്തകാലത്തേക്കുള്ള ഭക്ഷണം, ശുദ്ധജലം എന്നിവ കാലേക്കൂട്ടി സംഭരിച്ചുവയ്ക്കുവാനുള്ള സംവിധാനങ്ങള്‍ക്ക് രൂപംനല്‍കുക.
13. കടലില്‍ മാലിന്യം തള്ളുന്നതിനെ എതിര്‍ക്കുക.
 
 
ആദ്യ ഭാഗം: മരണക്കിടക്കയില്‍ കടലിന് പറയാനുള്ളത്
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *