‘അതു കൊണ്ടാണ്, ഈ കാടുവിട്ട് ഞങ്ങളെങ്ങും പോകാത്തത്’

 
 
 
 
ആഗോളതാപനം കാടിനോടും കാടരോടും ചെയ്തത്. രഞ്ജിത് കാവുങ്കര എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗം.
 
 
വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. താപനില റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. വരള്‍ച്ചയും കുടിവെള്ളക്ഷാമവും നമ്മുടെ തൊണ്ടകളടയ്ക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിഫലനമാണ് ഇവയെല്ലാം. എന്നാല്‍, നമ്മളല്ല ദുരന്തത്തിന്‍റെ ആദ്യ ഇരകള്‍. കാടും കടലുമാണ്. അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. എന്നാല്‍ ആവലാതികള്‍ പറഞ്ഞുബോധ്യപ്പെടുത്താനാവാത്ത വിധം അവര്‍ അരികുകളിലാണ്. കാലാവസ്ഥാ മാറ്റം പിടിച്ചുലച്ച ആ അരിക് ജീവിതങ്ങളുടെ ജീവിതത്തിലേക്ക് ജാഗ്രതയുടെ കേരളീയം മാസിക നടത്തിയ അന്വേഷണം നാലാമിടം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

 
 

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് കാടിനും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ആദിമ വിഭാഗങ്ങള്‍ക്കിടയിലും ഏല്‍പ്പിച്ചത്. സഹ്യാദ്രി മലനിരകളുടെ തെക്കന്‍ ഭാഗങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം ഭാഗങ്ങളില്‍ കഴിയുന്ന കേരളത്തിലെ അഞ്ച് പ്രാക്തന ഗോത്രങ്ങളില്‍ ഒന്നായ കാടര്‍ ആദിവാസികള്‍ അവരില്‍ പെടുന്നു. ചാലക്കുടി നദീതടത്തിലാണ് 200ല്‍ താഴെയുള്ള കാടര്‍ ആദിവാസികള്‍ വസിക്കുന്നത്. കാടര്‍ക്കിടയില്‍ പ്രകടമായി കണ്ടു തുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിക്കുന്ന ലേഖനം രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. രഞ്ജിത് കാവുങ്കര എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗം.

 

 

‘ചൂടാണ് സാറേ… ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ചൂട് തീരെ സഹിക്കന്‍ പറ്റൂല. നാട്ടുകാര്‍ക്ക് ചൂട് വല്ല്യ പ്രശ്നമല്ല. പക്ഷെ കാടനങ്ങനെയല്ല. ഒരിത്തിരി ചൂട് കൂടിയാല്‍പോലും ഞങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥതയാ. അതുകൊണ്ടാ ഈ കാടു വിട്ട് ഞങ്ങളെങ്ങും പോകാത്തത’.

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ബാലന്‍ കുട്ടിമാമന്‍ വേഗം വാചാലനായെങ്കിലും താളപ്പിഴകള്‍ നിറയുന്ന പ്രകൃതി ആ വാക്കുകളില്‍ ഇടറിനില്‍പ്പുണ്ടായിരുന്നു. 75 വയസ്സുള്ള ബാലന്‍ കുട്ടിമാമന്‍ വാഴച്ചാല്‍ കാടര്‍ കോളനിയിലെ എറ്റവും പ്രായം കൂടിയ കാടര്‍ ആദിവാസിയാണ്. ആദ്യം സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന ബാലന്‍ കുട്ടിമാമന്‍, ഒരു കാടന്റെ നിഷ്കളങ്കമായ ലജ്ജ മാറി സംഭാഷണത്തിലേക്കെത്താന്‍ ഒരുപാട് സമയമെടുത്തു. പക്ഷെ സംസാരം തുടങ്ങിയപ്പോള്‍, ഭൂമിക്കോ പ്രകൃതിക്കോ മുറിവൊന്നുമേല്‍പ്പിക്കാതെ, അത്യന്തം കരുതലോടെ ജീവിക്കുന്ന പ്രാക്തനമായ ഒരു മനുഷ്യവിഭാഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ എങ്ങനെയൊക്കെയാണ് അനുഭവിക്കുന്നത് എന്നതിന്റെ നേര്‍ സാക്ഷ്യങ്ങള്‍ വേദനകളായി പുറത്തുവന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വ്യത്യസ്ത സമൂഹങ്ങള്‍ എങ്ങനെയെല്ലാമാണ് അനുഭവിക്കാന്‍ പോകുന്നതെന്ന്, അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇനിയും വേണ്ടത്ര മനസ്സിലാക്കിത്തുടങ്ങിയിട്ടില്ല. പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടും നേരിട്ട് ഇടപഴകുന്ന ജനവിഭാഗങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഭീകരമായി ബാധിക്കുന്നത് എന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഇന്റര്‍ ഗവണ്‍െമന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ച് (Intergovernmental Panel on Climate Change IPCC) പറയുന്നത്.

പ്രകൃതിയുടെ ഭാഗമായി ജീവിച്ചിരുന്ന ജനത നാഗരികതകള്‍ പടുത്തുയര്‍ത്തി ആര്‍ഭാട സൌകര്യങ്ങളിലേക്കും വേഗതകളിലേക്കും കുടിയേറിപാര്‍ത്തെങ്കിലും ചെറിയൊരു വിഭാഗം മനുഷ്യര്‍ ഇപ്പോഴും കാടിന്റെയും മലകളുടെയും പുഴകളുടേയും ആര്‍ദ്രതയില്‍ തന്നെ ജീവിതം തുടരുന്നുണ്ട്. കാടര്‍ അക്കൂട്ടത്തില്‍പ്പെടുന്ന ഒരു ആദിവാസി വിഭാഗമാണ്. അമൂല്യമായ ജൈവസമ്പത്തും അതുമായി ബന്ധപ്പെട്ട അപാരമായ പാരിസ്ഥിതിക വിജ്ഞാനവും തലമുറകളായി കൈമാറി സൂക്ഷിക്കുന്നവര്‍. ചോലക്കാടുകളെ സംരക്ഷിച്ച് പുഴകളെ സമ്പന്നമാക്കുന്നവര്‍. താഴ്വാരങ്ങള്‍ക്കും തീരങ്ങള്‍ക്കും വേണ്ടി മലകളില്‍ നിന്നും പുഴകളെ താഴേക്ക് ഒഴുക്കുന്നവര്‍, അപൂര്‍വ്വതകളുടേയും നിഗൂഢതകളുടേയും കാവല്‍ക്കാര്‍. കാട് തങ്ങളുടേതാണ് എന്ന് ഒരിക്കലും പറയാതെ, തങ്ങള്‍ കാടിന്റേതാണെന്ന ബോധത്തില്‍ ജീവിതം തുടരുന്നവര്‍.

സഹ്യാദ്രി മലനിരകളുടെ തെക്കന്‍ ഭാഗങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം ഭാഗങ്ങളിലാണ് കാടര്‍ ആദിവാസികള്‍ ജീവിച്ചുവരുന്നത്. കേരളത്തിലെ അഞ്ച് പ്രാക്തന ഗോത്രങ്ങളില്‍ ഒന്നാണിവര്‍. ചാലക്കുടി നദീതടത്തിലാണ് 200ല്‍ താഴെയുള്ള കാടര്‍ ആദിവാസികള്‍ വസിക്കുന്നത്. ജീവസന്ധാരണത്തിന് കാടിനേയും പുഴയേയും ആശ്രയിക്കുന്ന ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം മീന്‍പിടുത്തവും വനവിഭവശേഖരണവുമാണ്. ഭക്ഷണം, ആരാധന, വിവാഹം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ ജീവിതത്തിലെ എല്ലാ ചെറിയ, വലിയ കാര്യങ്ങള്‍ക്കും അവര്‍ പുഴയേയും കാടിനേയും കൂടെക്കൂട്ടുന്നു. പുഴയില്‍ മീനിനോ കാട്ടിലെ തേനിനോ ചെറിയ കുറവുണ്ടായാല്‍ പോലും ഒരു കാടന്റെ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കും.

കേരളത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രം കാണപ്പെടുന്ന ഇവര്‍ കാലക്രമേണ പുഴയുടെ വഴിയേ സഞ്ചരിച്ച് അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലകളില്‍ എത്തിപ്പെടുകയായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്തും പെരിങ്ങല്‍ക്കുത്ത് ചോലയാര്‍ മേഖലകളിലും പുഴയോരത്ത് ഇവര്‍ ജീവിതം തമ്പടിച്ചു. 1980 കള്‍ക്ക് ശേഷം അതിരപ്പിള്ളിയില്‍ നിന്നും കയറി വാച്ചുമരം, പൊകലപ്പാറ എന്നീ പ്രദേശങ്ങളിലേക്ക് വാസസ്ഥലങ്ങള്‍ മാറ്റുകയും പിന്നീട് മാറിവന്ന നിയമ പശ്ചാത്തലത്തില്‍ ഊരുകളായി താമസിച്ചുതുടങ്ങുകയും ചെയ്തു. 1940ല്‍ കാടര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം താമസിച്ചതിന് തെളിവുകള്‍ ലഭ്യമാണ്.

 

ഫോട്ടോ: രജനീഷ്


 

കാടരും പുഴയും
കാടരുടെ ജീവിതത്തില്‍ കാടിനുള്ള അത്രതന്നെ പ്രാധാന്യമുണ്ട് പുഴയ്ക്കും. കാടരുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പുഴത്തീരങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ വാസസ്ഥലങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് എന്ന് കാണാന്‍ കഴിയും. കുടിക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കുന്നത് മുതല്‍ തങ്ങളുടെ സവിശേഷമായ ആചാരങ്ങള്‍ക്കുവരെ ഇവര്‍ പുഴയെ ആശ്രയിക്കുന്നു. കാലാവസ്ഥ മാറുന്നതുമൂലം പുഴയുടെ ഒഴുക്കിന്റെ തനത് താളം ആകെ മാറിമറയുന്നു. വെള്ളത്തിന്റെ ഗുണനിലവാരത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഈ മാറ്റങ്ങള്‍ കാടരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ഏതൊരു മനുഷ്യന്റെയും ജീവിത ചര്യകള്‍ക്ക് ഒരു ക്രമമുണ്ടാകും. ഒരു സാധാരണ മനുഷ്യന് രാവിലെ വെള്ളം ആവശ്യമായിവരുന്നത് പ്രാഥമിക കൃത്യങ്ങള്‍ക്കാണ്. രാവിലെ പുഴയിലൂടെ വെള്ളം ഒഴുകുന്നില്ലെങ്കില്‍ അഥവാ ഒഴുകുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ പ്രാഥമിക കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. ഇങ്ങനെ ഓരോരോ സമയത്തും ആവശ്യത്തിന് വെള്ളമില്ലാത്തത് പുഴയുമായി ബന്ധപ്പെട്ട് കാടര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളേയും ബാധിക്കുന്നു.

കാടര്‍ ആശ്രയിക്കുന്ന ചാലക്കുടിപുഴയില്‍ ആ പുഴക്ക് താങ്ങാവുന്നതിലധികം അണക്കെട്ടുകളും ജലസേചന പദ്ധതികളും ഉണ്ട്. ആവശ്യത്തിന് മഴ പെയ്താല്‍ മാത്രമേ ഈ അണക്കെട്ടുകളും ജലസേചന പദ്ധതികളും ഒക്കെ കടന്ന് കാടര്‍ക്ക് ആവശ്യമുള്ള വെള്ളം ലഭിക്കൂ. വിഭവ ദൌര്‍ലഭ്യമുണ്ടാകുമ്പോള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഏറ്റവും പിന്നിലായിരിക്കും കാടരുടെ സ്ഥാനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ലിംഗപരമായ പക്ഷപാതിത്വം പ്രസിദ്ധമാണ്. അതായത് കാലാവസ്ഥാ വ്യതിയാനക്കെടുതികള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്.

പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍ മുതല്‍ അനാരോഗ്യകരമായ സ്ത്രീപുരുഷ ബന്ധത്തിലേക്ക് വരെ ഇതു നീളുന്നുണ്ട്. ‘കാടര്‍ ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന വഴക്കിന് വരെ കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്’ ചാലക്കുടിപുഴ സംരക്ഷണ സമിതിയില്‍ ജോലിചെയ്യുന്ന രജനീഷ് പറയുന്നു.

‘പുഴയില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ വീടുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് പ്രയാസം നേരിടുന്നു. സമയത്തിന് ഭക്ഷണമുണ്ടാക്കാനും മറ്റും വൈകുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കിന് കാരണമാകുന്നുണ്ട്. ശുദ്ധജലത്തിന്റെ അഭാവം കാരണം വയറിളക്കം പോലെയുള്ള രോഗങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പതിവായി കാണുന്നുണ്ട്’.

 

 

ഉപജീവനം
കാടരുടെ പ്രധാനപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങളെല്ലാം തന്നെ കാടുമായി ബന്ധപ്പെട്ടുള്ളതാണ്. വനവിഭവ ശേഖരണവും മീന്‍ പിടുത്തവുമാണ് ഇതില്‍ പ്രധാനം. കാലാവസ്ഥാ വ്യതിയാനം വനവിഭവങ്ങളിലുണ്ടാക്കിയ കുറവും വനത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണവും ഇവര്‍ക്ക് കാടിന് പുറത്ത് പോയി ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചു.

ഉപജീവനത്തിനായി കാടര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന വനവിഭവമാണ് തേന്‍. തേനും തേനീച്ചയുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയിലുള്ള അനേകം കഥകളും ചൊല്ലുകളും കാടരുടെ ജീവിതത്തില്‍ തേനിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. തേനിനെയും തേനീച്ചകളെയും തേനെടുക്കേണ്ട രീതികളെയും കുറിച്ച് അപാരമായ ജ്ഞാനമുള്ളവരാണ് കാടര്‍. തേന്‍ കയ്യിലെടുത്ത് പരിശോധിച്ച് ഏതേത് പൂവില്‍നിന്നെടുത്ത തേനാണ് അതെന്ന് വരെ കാടര്‍ക്ക് പറയാനാകും.

ലേഖകന്‍ ഒരിക്കല്‍ രുചിച്ച തേനിന്റെ സുഗന്ധത്തെ പറ്റി ചോദിച്ചപ്പോള്‍ കാടരുടെ മറുപടി ‘ചുരുളി പൂത്താല്‍ തേന്‍ മണക്കും’ എന്നായിരുന്നു. അതായത് ചുരുളി എന്ന കാട്ടുചെടി പൂത്തുകഴിഞ്ഞാല്‍ ആ പൂക്കളില്‍ നിന്നും തേനീച്ചകള്‍ ധാരാളമായി തേന്‍ ശേഖരിക്കും. ചുരുളിപ്പൂവിന്റെ തേനായതുകൊണ്ടാണ് അതിന് സുഗന്ധമുണ്ടായത്. ‘വെള്ളപ്പൈന്‍ പൂത്താല്‍ കുരുന്തേന്‍ കുത്തും’ എന്നത് ഇവര്‍ക്കിടയിലുള്ള മറ്റൊരു ചൊല്ലാണ്. കുറുന്തേനീച്ചയുടെ പ്രജനന കാലത്താണ് വെള്ളപൈന്‍ പൂക്കുന്നത് എന്ന അറിവാണ് മേല്‍പറഞ്ഞ ചൊല്ലിലൂടെ കാടര്‍ തലമുറകളിലേക്ക് കൈമാറുന്നത്.

തേന്‍ എന്ന വസ്തു ഉണ്ടാകണമെങ്കില്‍ തേനീച്ച ഉണ്ടാകണമെന്നും, തേനീച്ചക്ക് തേന്‍ ശേഖരിക്കണമെങ്കില്‍ കാട്ടില്‍ പൂക്കളുണ്ടാകണമെന്നും കാട്ടുചെടികള്‍ പൂക്കണമെങ്കില്‍ കാലാവസ്ഥ കൃത്യമാകണമെന്നുമുള്ള മഹത്തായ പാരിസ്ഥിതിക വിവേകത്താല്‍ അനുഗൃഹീതരാണ് ഈ മനുഷ്യര്‍. ഇത്തവണ കാലവര്‍ഷം വല്ലാതെ വൈകി. മഴ പെയ്യേണ്ടപ്പോള്‍ പെയ്തില്ല. കാട്ടുചെടികള്‍ പൂത്തതുമില്ല. അതുകൊണ്ട് ഉള്‍ക്കാട്ടിലല്ലാതെ മറ്റെവിടെയും ഇത്തവണ തേനില്ല. ‘ഇതു പറയുമ്പോള്‍ വാഴച്ചാല്‍ കോളനിയിലെ സുരേഷിന്റെ ശബ്ദത്തില്‍ നിരാശയും നിസ്സഹായതയും പ്രകടമായിരുന്നു.

കാടര്‍ എടുക്കുന്ന തേനിന് ആവശ്യക്കാര്‍ ഏറെയാണ്. പക്ഷെ താളം തെറ്റിപ്പെയ്യുന്ന മഴ കാടിനേയും കാടരേയും പ്രതിസന്ധിയിലാക്കുന്നു. മഴ തെറ്റിപ്പെയ്താല്‍ പൂക്കളും തേനും കുറയുന്നത് മാത്രമല്ല പ്രശ്നം. ഇക്കുറി വൈകിവന്ന കാലവര്‍ഷം ഇരട്ട പ്രഹരമാണ് കാടര്‍ക്ക് ഏല്‍പ്പിച്ചത്. തേനെടുക്കേണ്ട സമയത്താണ് ഇത്തവണ മഴ പെയ്തത്. ആകെപ്പാടെ ഉണ്ടായിരുന്ന തേനും മഴകൊണ്ട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തേനടകളില്‍ വെള്ളം നിറഞ്ഞു. ‘മഴപെയ്തു തുടങ്ങിയാല്‍ തേനീച്ചകള്‍ തന്നെ തേന്‍ കുടിച്ച് തീര്‍ക്കും. ഊര്‍ജ്ജനഷ്ടം സംഭവിക്കാതിരിക്കാനാണിത്. കാലാവസ്ഥ മാറുമ്പോള്‍ വലിയതോതില്‍ നാശം സംഭവിക്കുന്ന വനവിഭവമാണ് തേന്‍’. കാടര്‍ക്കിടയില്‍ അനേകവര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡോ. അമിതാ ബച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു.
 
 
 
 

One thought on “‘അതു കൊണ്ടാണ്, ഈ കാടുവിട്ട് ഞങ്ങളെങ്ങും പോകാത്തത്’

  1. രഞ്ജിത്ത്,

    കാടരുടെ ജനസംഖ്യ 200ല്‍ താഴെയല്ല. വഴച്ചാലിലും, പറമ്പിക്കുളത്തും കൂടി 1500ല്‍ താഴെയാണ് ഇവരുടെ ജനസംഖ്യ.

Leave a Reply

Your email address will not be published. Required fields are marked *