‘താരങ്ങളേ, ഐ.പി.എല്‍ ചന്തയില്‍ ചത്തുതൂങ്ങേണ്ടവരല്ല നിങ്ങള്‍’

 
 
 
 
വാണിഭച്ചന്തയിലെ ഐ.പി.എല്‍ ബഹളങ്ങള്‍ക്കിടെ ഒരു ക്രിക്കറ്റ് ആരാധകന് പറയാനുള്ളത് .സംഗീത് ശേഖര്‍ എഴുതുന്നു
 
 

എന്തിനാണ് റിക്കി പോണ്ടിംഗ് ഈ ഭാരം ചുമക്കുന്നത്? നിങ്ങളും ടെണ്ടുല്‍ക്കറും ലക്ഷ്മണും ലാറയും ദ്രാവിഡും ഇന്‍സമാമും ഒക്കെ അടങ്ങിയ ഒരു തലമുറയാണ് ഞങ്ങളെപ്പോലുള്ളവരെ ഈ കളിയോട് അടുപ്പിച്ചു നിര്‍ത്തിയത്. ഇത്രയും നാള്‍ കൊണ്ട് നിങ്ങള്‍ നേടിയെടുത്ത ആദരവും സല്‍പ്പേരും ഈ കാര്‍ണിവല്‍ നടത്തിപ്പുകാരുടെ പക്കല്‍ നിങ്ങള്‍ പണയം വെക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ വേദനിക്കുന്നു. പണമാണോ പ്രശസ്തിയാണോ നിങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് ? ഇത് രണ്ടും ആവശ്യത്തിലധികം നേടിയവരല്ലേ നിങ്ങള്‍? ഇന്നലെ ലക്ഷ്മണ്‍, ഇന്ന് പോണ്ടിംഗ,നാളെ അത് സച്ചിന്‍ ആകാതിരിക്കട്ടെ-സംഗീത് ശേഖര്‍ എഴുതുന്നു

 

 

ഐ .പി.എല്‍ കാര്‍ണിവല്‍ അരങ്ങു തകര്‍ക്കുകയാണ്.ചിയര്‍ ഗേള്‍സും താര ലേലവും ഒത്തുകളിയും എല്ലാം കൊഴുക്കുന്നു. തീര്‍ച്ചയായും ഐ.പി.എല്‍ എന്ററര്‍ടെയിന്റ്മെന്റ് തന്നെയാണ്. പക്ഷെ ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിക്കുന്ന ഒരു മറുവശം കൂടെയുണ്ട് ഈ മാമാങ്കത്തിന്. ക്രിക്കറ്റ് എന്ന ഗെയിം തന്നെ വിഷലിപ്തമായിരിക്കുന്നു. ജന്റില്‍ മാന്‍സ് ഗെയിം എന്നാണ് ഈ കളി ഒരിക്കല്‍ അറിയപ്പെട്ടിരുന്നത്. മാന്യന്മാരുടെ കളി. ഇപ്പോള്‍ മാന്യത ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. പണമെറിഞ്ഞു പണം വാരുന്ന ഒരു ബിസിനസ് മാത്രമാണിന്നു ക്രിക്കറ്റ്. ഒത്തുകളി കൂടുതല്‍ വ്യാപകമാകുന്നത് ഐ.പി.എല്ലിന്റെ വരവോടെയാണ്.

സംഗീത് ശേഖര്‍

മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഏറ്റവും പുതിയ ഒത്തുകളി വിവാദം ഐ .പി .എല്ലിന്റെ മുഖം കൂടുതല്‍ വിക്യ്രതമാക്കിക്കഴിഞ്ഞു. കാണികളും മാറികൊണ്ടിരിക്കുന്നു. ഏകദിനങ്ങളോ ടെസ്റ് മത്സരങ്ങളോ ഇപ്പോള്‍ അവരില്‍ ആവേശം ഉണര്‍ത്തുന്നില്ല.എല്ലാവര്‍ക്കും വേണ്ടത് കുട്ടി ക്രിക്കറ്റിന്റെ ഈ പുതിയ മുഖം തന്നെ. 40 ഓവര്‍ കൊണ്ട് അവസാനിക്കുന്ന മത്സരങ്ങള്‍. കാണികള്‍ പ്രതീക്ഷിക്കുന്നത് സിക്സറുകളും ബൌണ്ടറികളും മാത്രം. അല്‍പമൊന്നു സ്കോറിംഗ് റേറ്റ് കുറച്ചാല്‍ ആ ബാറ്റ്സ്മാന് നേരെ കൂരമ്പുകള്‍ പ്രവഹിക്കുന്നു. എന്തും സംഹരിക്കാന്‍ തക്ക കരുത്തുമായി ക്രിസ് ഗെയിലിനെ പോലുള്ളവര്‍ നില്‍ക്കുമ്പോള്‍ തികഞ്ഞ ബൌളിംഗ് പിച്ചുകളില്‍ ഒഴികെ ബൌളര്‍മാര്‍ക്ക് കാര്യമായ റോള്‍ ഒന്നുമില്ല.

മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ചിലേക്കൊന്നു നോക്കിയപ്പോള്‍ അറിയാതെ ഉള്ളു കാളിപോയി.ബഹിഷ്കരിക്കപ്പെട്ടവനെപ്പോലെ അവിടെ ഇരിക്കുന്നത് സാക്ഷാല്‍ റിക്കി പോണ്ടിംഗ് ആയിരുന്നു. ബ്രാഡ്മാന് ശേഷം ഓസ്ട്രേലിയ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദരിക്കപ്പെടുന്ന ഒരു പേരാണ് റിക്കി പോണ്ടിംഗ്. അഗ്ഗ്രസ്സീവ് ബാറ്റ്സ്മാന്‍ഷിപ്പിന്റെ പ്രതീകം.

മനസ്സില്‍ ഒരേയൊരു ചോദ്യം മാത്രം. എന്തിനാണ് റിക്കി ഈ ഭാരം നിങ്ങള്‍ ചുമക്കുന്നത്? നിങ്ങളും ടെണ്ടുല്‍ക്കറും ലക്ഷ്മണും ലാറയും ദ്രാവിഡും ഇന്‍സമാമും ഒക്കെ അടങ്ങിയ ഒരു തലമുറയാണ് ഞങ്ങളെപ്പോലുള്ളവരെ ഈ കളിയോട് അടുപ്പിച്ചു നിര്‍ത്തിയത്. ഇത്രയും നാള്‍ കൊണ്ട് നിങ്ങള്‍ നേടിയെടുത്ത ആദരവും സല്‍പ്പേരും ഈ കാര്‍ണിവല്‍ നടത്തിപ്പുകാരുടെ പക്കല്‍ നിങ്ങള്‍ പണയം വെക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ വേദനിക്കുന്നു. പണമാണോ പ്രശസ്തിയാണോ നിങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് ? ഇത് രണ്ടും ആവശ്യത്തിലധികം നേടിയവരല്ലേ നിങ്ങള്‍? ഇന്നലെ ലക്ഷ്മണ്‍, ഇന്ന് പോണ്ടിംഗ്,നാളെ അത് സച്ചിന്‍ ആകാതിരിക്കട്ടെ.

 

മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ചിലേക്കൊന്നു നോക്കിയപ്പോള്‍ അറിയാതെ ഉള്ളു കാളിപോയി.ബഹിഷ്കരിക്കപ്പെട്ടവനെപ്പോലെ അവിടെ ഇരിക്കുന്നത് സാക്ഷാല്‍ റിക്കി പോണ്ടിംഗ് ആയിരുന്നു.


 
പോണ്ടിംഗ്, മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ച്
അല്ല നിങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം

പ്രിയപ്പെട്ട റിക്കി തോമസ് പോണ്ടിംഗ്, ആ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ആ പഴയ നല്ല നാളുകളെക്കുറിച്ചൊന്നു ചിന്തിക്കുക. നിങ്ങള്‍ ഒരു പക്ഷെ മറന്നിരിക്കാം പക്ഷെ ഞങ്ങള്‍ എങ്ങിനെ മറക്കും 2003 ലോകകപ്പിന്റെ ഫൈനല്‍ .കോടിക്കണക്കിനു ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ ചവിട്ടി മെതിച്ച നിങ്ങളുടെ ആ ഇന്നിംഗ്സ്. ശ്വാസം നിലച്ചു പോകുന്ന രീതിയിലുള്ള നിങ്ങളുടെ തകര്‍പ്പന്‍ പുള്‍ ഷോട്ടുകള്‍ ബൌണ്ടറി ലൈനിനു മീതെ കൂടെ പറന്നു പോയ ആ ദിവസം .എന്തൊരു ഇന്നിംഗ്സ് ആയിരുന്നു അത് . ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും ആശിഷ് നെഹ്രയും ഹര്‍ഭജനും അടങ്ങിയ ഇന്ത്യന്‍ ബൌെളിംഗ് നിര ആ കൊടുങ്കാറ്റില്‍ പറന്നു പോയി .’കാര്‍ണേജ്’ എന്നാണ് ആ ഇന്നിംഗ്സ് ഒറ്റ വാക്കില്‍ വിശേഷിക്കപ്പെട്ടത് .

ഒരൊറ്റ ഇന്നിംഗ്സ് കൊണ്ട് നിങ്ങള്‍ ഇന്ത്യയെ അന്ന് ലോകകപ്പില്‍ നിന്നും അകറ്റി. നിങ്ങളുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ പരാജയം സമ്മതിച്ചിരുന്നു. അതാണ് ഞങ്ങളുടെ മനസ്സിലുള്ള റിക്കി പോണ്ടിംഗ്. യാതൊരു കാരുണ്യവും കൂടാതെ ഇന്ത്യന്‍ ബൌെളര്‍മാരെ പ്രഹരിച്ച നിങ്ങളെ അന്ന് ഞങ്ങള്‍ വെറുത്തിരുന്നു. പിന്നീട് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങള്‍ നിങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞത്.

ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ബഞ്ചില്‍ നിസ്സഹായനായി ഇരിക്കുന്നത് ആ പഴയ പോണ്ടിംഗിന്റെ നിഴല്‍ മാത്രം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല എന്നൊരു ചൊല്ലുണ്ട്, പക്ഷെ നിങ്ങള്‍ സ്വയം തൊഴുത്തില്‍ പോയി നിന്നല്ലോ സുഹ്യ്രത്തെ. നിങ്ങളുടെ 17 കൊല്ലത്തെ വിയര്‍പ്പിന്റെ മൂല്യം അംബാനിക്ക് വിലപറഞ്ഞു വില്‍ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു പോണ്ടിംഗ് ? റിക്കി പോണ്ടിംഗിന്റെ പുള്‍ ഷോട്ടുകള്‍ എന്നൊരു പദം തന്നെ ക്രിക്കറ്റ് ഡിക്ഷണറിയില്‍ എഴുതി ചേര്‍ത്ത മഹാനായ ബാറ്റ്സ്മാന്‍ എന്ന ലേബല്‍ മാത്രം മതി നിങ്ങള്‍ക്ക് ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കാന്‍. തീര്‍ച്ചയായും മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ച് അല്ല നിങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം .

 

കഴുത്തില്‍ ഒരു പ്രൈസ് ടാഗുമായി കളിക്കാര്‍ നില്‍ക്കുന്നു. ടെണ്ടുല്‍ക്കര്‍,ഗാംഗുലി, ലക്ഷ്മണ്‍,പോണ്ടിംഗ്, മുരളി തുടങ്ങിയ ഇതിഹാസങ്ങളും അവരിലുണ്ട്. അംബാനിമാരും മല്യമാരും തങ്ങളുടെ ശിങ്കിടികള്‍ക്കൊപ്പം ശീതികരിച്ച ലേലഹാളില്‍ ഇരുന്നു കൊണ്ട് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെ വില പേശി വാങ്ങുന്നു. Image Courtesy: Holdingwilleys.com


 

ചാപ്പകുത്തിയ കാലികളും
ഐ.പി.എല്‍ കങ്കാണിമാരും

കന്നുകാലികളെ വില പേശി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു ചന്ത പോലെ തോന്നിച്ചു ഐ.പി.എല്‍ ലേല ഹാള്‍. കഴുത്തില്‍ ഒരു പ്രൈസ് ടാഗുമായി കളിക്കാര്‍ നില്‍ക്കുന്നു. ടെണ്ടുല്‍ക്കര്‍,ഗാംഗുലി, ലക്ഷ്മണ്‍,പോണ്ടിംഗ്, മുരളി തുടങ്ങിയ ഇതിഹാസങ്ങളും അവരിലുണ്ട്. അംബാനിമാരും മല്യമാരും തങ്ങളുടെ ശിങ്കിടികള്‍ക്കൊപ്പം ശീതികരിച്ച ലേലഹാളില്‍ ഇരുന്നു കൊണ്ട് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെ വില പേശി വാങ്ങുന്നു. ഗാംഗുലിയും ലക്ഷ്മണും ആര്‍ക്കും വേണ്ടാത്തവര്‍ ആയിരിക്കുന്നു. വി.വി.എസ് സത്യത്തില്‍ ട്വെന്റി ട്വെന്റി ക്ക് പറ്റിയ കളിക്കാരനല്ല.എന്നിട്ടും അയാള്‍ക്കെന്തോ തെളിയിക്കാന്‍ ഉള്ളത് പോലെ തോന്നിച്ചു. കൊല്‍ക്കത്തയിലെ ഒരൊറ്റ ഇന്നിംഗ്സ് മതി ക്രിക്കറ്റ് നിലനില്‍ക്കുന്ന കാലത്തോളം അയാളെ ഓര്‍ക്കാന്‍. എന്നിട്ടും ഈ വിലപേശലിനു നിന്ന് കൊടുക്കാന്‍ അയാള്‍ തയ്യാറായി എന്നത് വിശ്വസിക്കാനാകുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൌെളിംഗ് നിരയുമായി ക്രിക്കറ്റ് ലോകം അടക്കി വാണ ഓസ്ട്രേലിയന്‍ മേല്‍ക്കോയ്മക്ക് നേരെ വര്‍ഷങ്ങളോളം ഒറ്റയാള്‍ പോരാട്ടം നടത്തിയ റിസ്റ് മാന്ത്രികന്‍ കറിവേപ്പില പോലെ വലിച്ചെറിയപ്പെടും എന്നറിഞ്ഞു കൊണ്ട് തന്നെ അതിനു നിന്ന് കൊടുക്കുന്നു .

ആദം ഗില്‍ക്രിസ്റിന്റെ സുവര്‍ണ കാലത്ത് അയാളുടെ നേരെ ഒരു ഷോര്‍ട്ട് പിച്ച് പന്ത് എറിയാന്‍ ധൈര്യമുള്ള ഒരു ബൌെളറും ഉണ്ടായിരുന്നില്ല. തന്റെ നിഴല്‍ മാത്രമായ ഇന്നത്തെ ഗില്ലിക്ക് നേരെ പന്തെറിയുന്ന ഇപ്പോഴത്തെ കുട്ടികള്‍ അയാള്‍ ബീറ്റണ്‍ ആകുമ്പോള്‍ ആക്രോശിക്കുന്ന കാഴ്ച ദയനീയമാണ്. ഇവരൊക്കെ ഗില്ലിയുടെ നല്ല കാലത്ത് അയാള്‍ക്ക് നേരെ പന്തെറിഞ്ഞിരുന്നു എങ്കില്‍ പന്ത് ഗാലറിയില്‍ നിന്നും പെറുക്കാനേ നേരമുണ്ടാകുമായിരുന്നുള്ളൂ . മുംബൈ ഇന്ത്യന്‍സിന്റെ ഒരു മത്സരത്തില്‍ ഇന്നിംഗ്സിന്റെ അവസാന പന്ത് മാത്രം ബാക്കി നില്‍ക്കെ ഫീല്‍ഡിങ്ങിനിടെ പൊള്ളാര്‍ഡിനു പരിക്കേറ്റു . ആ ഒരൊറ്റ പന്തിനു വേണ്ടി പകരം ഫീല്‍ഡ് ചെയ്യാന്‍ വന്നയാളെ കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന സംശയം ബാക്കിയായി. വന്നത് മറ്റാരുമല്ല സാക്ഷാല്‍ റിക്കി പോണ്ടിംഗ് തന്നെ.
 

ലക്ഷ്മണ്‍ അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ച ദയനീയമായിരുന്നു. അയാള്‍ക്ക് സ്വാഭാവികമായി വരുന്ന ഒന്നായിരുനില്ല വെടിക്കെട്ട് ബാറ്റിംഗ്. തന്നിലെ ക്ളാസ് ബലി കഴിച്ചു കൊണ്ട് അന്ന് ലക്ഷ്മണ്‍ കളിച്ച രീതിവേദനിപ്പിച്ചു


 

പ്രിയ താരങ്ങളെ, ഞങ്ങളെ
ഓര്‍മ്മിക്കാന്‍ അനുവദിക്കുക

വേദി കൊച്ചി. 2011 ഐ.പി.എല്‍ ,കൊച്ചിന്‍ ടസ്കേഴ്സ് ബാംഗളൂരിനെ നേരിടുന്നു. കൊച്ചിയുടെ ഓപ്പണര്‍മാര്‍ ഇറങ്ങിവരുന്നു. ബ്രെണ്ടന്‍ മക്കലവും വി.വി.എസ് ലക്ഷ്മണും. ബ്രെണ്ടന്‍ മക്കല്ലം എന്ന ബെല്ലെ ഡാന്‍സറിനൊപ്പം ലക്ഷ്മണ്‍ എന്ന ക്ളാസിക്കല്‍ ഡാന്‍സര്‍ ഇറങ്ങി വരുന്നു. പതിവ് പോലെ മക്കല്ലം തന്റെ വെടിക്കെട്ട് തുടങ്ങി . ലക്ഷ്മണ്‍ അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ച ദയനീയമായിരുന്നു. അയാള്‍ക്ക് സ്വാഭാവികമായി വരുന്ന ഒന്നായിരുനില്ല വെടിക്കെട്ട് ബാറ്റിംഗ്. തന്നിലെ ക്ളാസ് ബലി കഴിച്ചു കൊണ്ട് അന്ന് ലക്ഷ്മണ്‍ കളിച്ച രീതി ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിച്ചു . തുടക്കത്തിലെ കുറച്ചു മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹം പതിയെ ബഞ്ചിലൊതുങ്ങി.ഐ .പി.എല്‍ ഒരിക്കലും കഴിവിന്റെ മാറ്റുരക്കുന്ന വേദിയായിരുന്നില്ല .

പണ്ട് നെറ്റ്സില്‍ ലക്ഷ്മണ്‍ ബാറ്റ് ചെയ്യുന്ന സമയം അന്നത്തെ ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ് ഇന്ത്യയുടെ യുവ താരങ്ങളോട് പറഞ്ഞത് ഓര്‍മ വരുന്നു .”അയാള്‍ ബാറ്റ് ചെയ്യുന്നത് കാണുക ,അയാളെ ആരാധിക്കുക .ഒരിക്കലും അയാളെ അനുകരിക്കാന്‍ ശ്രമിക്കരുത് .കാരണം അത് പോലെ ബാറ്റ് ചെയ്യാന്‍ അയാള്‍ക്ക് മാത്രമേ സാധിക്കൂ “. ഞങ്ങള്‍ ഇന്നും ആരാധിക്കുന്ന നിങ്ങളുടെയൊക്കെ പഴയ കളികളുടെ വീഡിയോകള്‍ ഇന്നും യൂ ട്യൂബില്‍ തിരഞ്ഞു പിടിച്ചു കണ്ടു കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധി ആയത് കൊണ്ട് മാത്രം പറഞ്ഞു പോകുന്നു , ഞങ്ങള്‍ ഓര്‍മകളില്‍ ജീവിക്കാന്‍ ഇഷ്ടപെടുന്നു, ദയവായി ഞങ്ങളെ അതിനനുവദിക്കുക .
 
 
 
 

2 thoughts on “‘താരങ്ങളേ, ഐ.പി.എല്‍ ചന്തയില്‍ ചത്തുതൂങ്ങേണ്ടവരല്ല നിങ്ങള്‍’

  1. ക്ലാസികല്‍ ഡാന്‍സ് ? ബെല്ലി ഡാന്‍സ് ? ദയവായി ഇത് രണ്ടും മനസിലാകി യിട്ട് പോരെ താരതമ്യം ചെയ്യാന്‍. പക്ഷെ ലേഖനം നന്നായിരുന്നു !

Leave a Reply

Your email address will not be published. Required fields are marked *