ഋതുപര്‍ണോ ഘോഷ്: ചലച്ചിത്ര ശരീരത്തില്‍നിന്ന് ഒരു കവിത മുറിഞ്ഞു വീഴുന്നു

 
 
 
 
ഋതുപര്‍ണോ ഘോഷിന്റെ വിയോഗം തീര്‍ത്ത മുറിവുകളിലൂടെ ഒരു സഞ്ചാരം. ജയ്ഹിന്ദ് ടി.വി ന്യൂസ് എഡിറ്ററായ അഭിജിത്ത് നായര്‍ എഴുതുന്നു
 
 

സ്വപ്നം കണ്ടിറങ്ങിയ പ്രതീതിയില്‍ പ്രേക്ഷകനെ നിര്‍വൃതിയിലാഴ്ത്തിയായിരുന്നു ഘോഷിന്റെ ഓരോ ചിത്രവും കടന്നുപോയത്. പ്രമേയങ്ങളുടെ ആഴത്താല്‍ വേട്ടയാടപ്പെട്ടിട്ടില്ല ആ ചലച്ചിത്ര ജീവിതം. സങ്കീര്‍ണത കൂടെപ്പിറപ്പായിരുന്ന ചോഖര്‍ബ ാലി മുതല്‍ ലളിതമായി കഥ പറഞ്ഞ റെയിന്‍കോട്ട് വരെയുള്ള ചിത്രങ്ങള്‍ നിരീക്ഷിച്ചാല്‍ ക്യാമറക്ക് പിന്നിലെ ആ മെയ്വഴക്കം വ്യക്തമാകും. ഒരേ സമയം ജീവിതത്തിന്റെ കാവ്യാത്മകതയും അസന്തുലിതത്വവുമൊക്ക പറഞ്ഞു പോയ നിരവധി ചിത്രങ്ങളാണ് ഘോഷ് ഇന്ത്യന്‍ സിനിമക്ക് സംഭാവന ചെയ്തത്-ജയ്ഹിന്ദ് ടി.വി ന്യൂസ് എഡിറ്ററായ അഭിജിത്ത് നായര്‍ എഴുതുന്നു

 

 

മരണം സൃഷ്ടിക്കുന്ന വിടവിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ പലതാണ്. കാലത്തിന് മായ്ക്കാമെന്ന് ചിലര്‍. കാലം മായ്ക്കില്ലെന്ന് മറ്റ് ചിലര്‍. അനിവാര്യമായ മടക്കം ഋതുപര്‍ണോ ഘോഷെന്ന ചലച്ചിത്ര പ്രവര്‍ത്തകനെ തേടി നേരത്തേയെത്തി. കഥകളുറങ്ങുന്ന വംഗദേശത്തിന്റെ തെരുവുകളില്‍ നിന്നും അപരിചിത ജീവിതങ്ങള്‍ കണ്ടെത്തി അഭ്രപാളികളില്‍ പകര്‍ത്തിയ പ്രതിഭ യാത്രയാകുമ്പോള്‍, സാധ്യതകളുടെ ചലച്ചിത്ര കലയില്‍ എളുപ്പം ഉണങ്ങാത്തൊരു മുറിവാണതെന്ന് നാം തിരിച്ചറിയുകയാണ്. ജീവിതത്തിന്റെ ഋതുഭേദങ്ങള്‍ പറഞ്ഞ് സിനിമയെ ജീവിത ഗന്ധിയാക്കിയ ഒരു ജീവിതം ഇനി ചരിത്രത്തിലേക്ക്.

അഭിജിത്ത് നായര്‍


കഥ കേള്‍ക്കുമ്പോള്‍ മനസിലേക്കോടിയെത്തുന്ന ഫ്രെയിമുകള്‍ അതേ പടി പകര്‍ത്താനുള്ള മികവായിരുന്നു ഋതുപര്‍ണ ഘോഷിന്റെ കരുത്ത്. ആഖ്യാനശൈലിയിലെ സ്വാതന്ത്യ്രവും പരിപൂര്‍ണതയുമാണ് ഈ കലാകാരനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. സ്വപ്നം കണ്ടിറങ്ങിയ പ്രതീതിയില്‍ പ്രേക്ഷകനെ നിര്‍വൃതിയിലാഴ്ത്തിയായിരുന്നു ഘോഷിന്റെ ഓരോ ചിത്രവും കടന്നുപോയത്. പ്രമേയങ്ങളുടെ ആഴത്താല്‍ വേട്ടയാടപ്പെട്ടിട്ടില്ല ആ ചലച്ചിത്ര ജീവിതം. സങ്കീര്‍ണത കൂടെപ്പിറപ്പായിരുന്ന ചോഖര്‍ബ ാലി മുതല്‍ ലളിതമായി കഥ പറഞ്ഞ റെയിന്‍കോട്ട് വരെയുള്ള ചിത്രങ്ങള്‍ നിരീക്ഷിച്ചാല്‍ ക്യാമറക്ക് പിന്നിലെ ആ മെയ്വഴക്കം വ്യക്തമാകും. ഒരേ സമയം ജീവിതത്തിന്റെ കാവ്യാത്മകതയും അസന്തുലിതത്വവുമൊക്ക പറഞ്ഞു പോയ നിരവധി ചിത്രങ്ങളാണ് ഘോഷ് ഇന്ത്യന്‍ സിനിമക്ക് സംഭാവന ചെയ്തത്.

പല കാലഘട്ടങ്ങള്‍ ഇളക്കിമറിച്ച ബംഗാളിജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു ഘോഷ് തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞത്. വംഗദേശത്തെ ജനത ഇരുളും വെളിച്ചവും മാറിമറിഞ്ഞ ജീവിതയാത്രയില്‍ അഭിമുഖീകരിച്ച വിരഹവും പ്രണയവും ജീവിതവുമൊക്കെ പുനര്‍ജ്ജനിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍. ജീവിതം ഉയര്‍ത്തുന്ന ദാര്‍ശനിക സന്ദേഹങ്ങളില്‍, പറയാതെയെത്തുന്ന പ്രതിസന്ധികളില്‍, സ്വപ്നങ്ങളിലും ലൈംഗികതയിലുമടക്കം ചെന്നു കയറിയ ക്യാമറയുടെ ധീരതയാണ് ഋതുപര്‍ണ ഘോഷെന്ന സംവിധായകനെ വേറിട്ടു നിര്‍ത്തുന്നത്. ഈ ധീരതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് ആ വിയോഗത്തിന്റെ വേദന ഇരട്ടിയാക്കുന്നത്.

 

 

പറഞ്ഞതിലപ്പുറം വാക്കുകള്‍
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയെങ്കിലും 24 ഫോര്‍ ഫ്രെയിംസിലെ കൂട്ടിക്കിഴിക്കലുകളോടായിരുന്നു ആ ജീവിതത്തിന്റെ പ്രണയം. സിനിമ ആഘോഷക്കാഴ്ച്ചകളുടെ പകര്‍ന്നാട്ടമല്ലെന്ന ദൃഢനിശ്ചയത്തില്‍ നിന്ന് പിറന്നത് ബംഗാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ചകള്‍. താരത്തിളക്കത്തില്‍ മേനിനടിച്ച അഭിനേതാക്കളില്‍ പലരും കഥാപാത്രങ്ങളായും ദൈനംദിന ജീവിതത്തിന്റെ പ്രതിരൂപമായും ബംഗാളി ജനതയുടെ ഹൃദയത്തിലിടം നേടിയത് ഋതുപര്‍ണഘോഷിന്റെ ചിത്രങ്ങളിലൂടെയായിരുന്നു.

സമാന്തരസിനിമാ യാത്രകളോട് അയിത്തമില്ലാത്ത ഒരു ജനത ഹൃദയം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹത്തിന്റ സിനിമകള്‍. കഥകളുടെ ലാളിത്യം മനസുകളില്‍ നിന്ന് മനസുകളിലേക്ക് പകര്‍ന്ന സിനിമാജീവിതം ശേഷിച്ചാണ് ഋതുപര്‍ണോയുടെ യാത്ര. സ്വന്തം സിനിമകളുടെ സ്വീകാര്യതയില്‍ വാചാലമായി ഒരിക്കലും ഘോഷിനെ ആരും കണ്ടിട്ടില്ല. പറഞ്ഞതിലുമപ്പുറം അനുഭവങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ച പക്വമതിയെപ്പോലെയാണ് സത്യജിത് റേയുടെ ഈ ആരാധകന്‍ പുരസ്കാര നിറവില്‍ പോലും പെരുമാറിയിരുന്നത്.

 

 

കാലത്തിന്റെ കൈരേഖ
ബംഗാളി പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയില്‍ നിന്നുള്ള ആത്മവിശ്വാസമായിരുന്നു ഋതുപര്‍ണോയെ ഇന്ത്യന്‍ സിനിമയുടെ മുഖ്യധാരയിലേക്കത്തിച്ചത്. ഡോക്യുമെന്ററി സംവിധായകനായ പിതാവിനെ പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഘോഷ് ഇന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ടുകളായി വിരിയിച്ച വിസ്മയങ്ങള്‍ നിരവധിയാണ്. ഈ ദൃശ്യഭാവനയെത്തേടി നിരവധി തവണ ദേശീയ പുരസ്കാരങ്ങളെത്തി. രാജ്യാന്തര പുരസ്കാരങ്ങള്‍ വേറേയും. കാഴ്ച്ചയുടെ നവഭാവനയൊരുക്കി ഘോഷ് സമ്മാനിച്ച ചിത്രങ്ങള്‍ ലോക സിനിമയില്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയുടെ അടയാളങ്ങളുമായി.

സത്യജിത് റേയും ഘട്ടക്കുമടക്കമുള്ള മഹാരഥര്‍ വെളിച്ചം വിതറിയ പാതയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ദൂരം സഞ്ചരിക്കാനായതാണ് ഘോഷിന്റെ ചലച്ചിത്ര ജീവിതത്തിന്റെ വിജയം. എന്നാല്‍, ആ പാതയിലൂടെയുള്ള അലസഗമനമായിരുന്നില്ല അത്. പുതിയ കാലത്തിന്റെ കൈ രേഖ വായിക്കാന്‍ കഴിഞ്ഞൊരാളിന്റെ ചങ്കൂറ്റമുത്തോടെ അദ്ദേഹം വഴിമാറി നടന്നു.

ഉന്നിഷേ ഏപ്രില്‍ , ദഹാന്‍ എന്നിങ്ങനെ നീളുന്ന ചിത്രങ്ങളുടെ പട്ടികയിലെ പ്രമേയങ്ങളുടെ സ്വാശ്രയത്വം തന്നെ അദ്ദേഹത്തിന്റെ പ്രതിഭ വെളിപ്പെടുത്തുന്നുണ്ട്. 2007ല്‍ ഘോഷ് സംവിധാനം ചെയ്ത ദ ലാസ്റ് ഇയര്‍ പ്രമേയ വൈവിധ്യവും ആഖ്യാന ശൈലിയിലെ വേറിട്ട പാതകൊണ്ട് ഘോഷിന്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലായി മാറി. 2010ല്‍ പുറത്തിറങ്ങിയ അബോഹോമനാണ് ഘോഷിന്റെ സ്വന്തം തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം. 2012ല്‍ പുറത്തിറങ്ങിയ ചിത്രാംഗദയാണ് അവസാന ചിത്രം.

 

 

ലിംഗവിവേചനത്തിന്റെ മുറിവുകള്‍
ഭാഷയുടെ ചട്ടക്കൂടുകള്‍ക്കപ്പുറം സഞ്ചരിക്കുന്ന സിനിമകളിലൂടെയാണ് ആ ജീവിതം കടന്നുപോയത്. ജീവിതം നിര്‍വ്വചനങ്ങള്‍ക്കപ്പുറമെന്ന സത്യം വീണ്ടും വീണ്ടും പങ്ക് വെക്കുകയായിരുന്നു ഓരോ ചിത്രങ്ങളും .

ചുറ്റുപാടുകളോടുള്ള സംവേദനത്തിനൊപ്പം തന്നെ ചുറ്റുപാടുകളുടെ പ്രതികരണങ്ങളിലും ജാഗരൂകനായിരുന്നു നടനും സംവിധായകനുമൊക്കെയായ ഈ ചലച്ചിത്രകാരന്‍. കഥകള്‍ക്കപ്പുറം ആണ്‍ പെണ്‍ജീവിതങ്ങളിലേ വേര്‍തിരിവുകളെ അരങ്ങിലും ചോദ്യം ചെയ്ത അഭിനയ പ്രതിഭ കൂടിയായിരുന്നു ഘോഷ്.

ലിംഗ പരമായ അസ്തിതവ്വും സ്വത്വവും ചര്‍ച്ചയാക്കി ഋതുപര്‍ണ ഘോഷൊരുക്കിയ ചിത്രങ്ങളില്‍ നമുക്ക് ഒട്ടും പരിചിതമല്ലാത്ത പല മുള്‍മുനകളുമുണ്ടായിരുന്നു. ഇനിയും പറയാനും പകര്‍ത്താനും ഏറെയുണ്ടെന്ന് വാക്കുകളിലും നടപ്പിലും തോന്നിപ്പിച്ചുകൊണ്ടാണ് ഘോഷ് ഓരോ അഭിമുഖവും അവസാനിപ്പിച്ചിട്ടുള്ളത്. സമകാലിക ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അപൂര്‍വ്വ പ്രതിഭയുടെ മിന്നലാട്ടമായ ഒരു ജീവിതം കൂടി കാലത്തിന്റെ തിരശãീലയിലേക്ക്.

 
 
 

3 thoughts on “ഋതുപര്‍ണോ ഘോഷ്: ചലച്ചിത്ര ശരീരത്തില്‍നിന്ന് ഒരു കവിത മുറിഞ്ഞു വീഴുന്നു

  1. really he is a great loss to indian cinima. I seen him last on 3rd may at nfa with his female gusters . oh… it is very tragic moment….

  2. Ghosh left a deep imprint with everything he did as a man/women and a filmmaker. There has never been, and is unlikely to be, anyone quite like him in Indian cinema.

  3. Ghosh left a deep imprint with everything he did as a man and a filmmaker. There has never been, and is unlikely to be, anyone quite like him/her in Indian cinema.

Leave a Reply

Your email address will not be published. Required fields are marked *