ബിജാപ്പൂരിന് കുടിവെള്ളം മുട്ടിയ വിധം അഥവാ, ജലാശയങ്ങളുടെ മതവും ജാതിയും

 
 
 
 
മതവൈരം ഒരു പ്രദേശത്തിന്റെ കുടിവെള്ളം മുട്ടിച്ച്, ചരിത്ര സ്മാരകങ്ങളെ തകര്‍ത്തത് എങ്ങിനെ? ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ എസ് മുഹമ്മദ് ഇര്‍ഷാദിന്റെ ബിജാപൂര്‍ യാത്രാനുഭവം

 
 
1600 ല്‍ പൂര്‍ത്തിയാക്കിയ ജലവിതരണ പദ്ധതികള്‍ ആണ് ഈ പ്രദേശത്തിന്റെ ഉറവകളെ നിലനിര്‍ത്തിയിരുന്നത്. 19 റിസര്‍വോയറുകളും അവയില്‍നിന്ന് വെള്ളം സൌജന്യമായി കൃഷിയിടത്തില്‍ എത്തിക്കുന്നതിന് കനാലുകളുടെ ശൃംഖലയും ഉണ്ടായിരുന്നു. ഇതുകൂടാതെ 250 ഓളം പൊതു കിണറുകളും. ഈ റിസര്‍വോയറുകളും കുളങ്ങളും മുസ്ലിം ആധിപത്യത്തിന്റെ തിരുശേഷിപ്പുകളായി കണ്ടു അവഗണിച്ചതാണ് ഈ പ്രദേശത്തിന്റെ ജലക്ഷാമത്തിന് കാരണം. ഈ പൈതൃക കിണറുകള്‍ ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. അല്ലാത്തവ കൈയേറി കെട്ടിടം പണിതു കഴിഞ്ഞു. ജലസ്രോതസുകള്‍ എല്ലാം തന്നെ നശിച്ചു. ഓരോ കൊല്ലം കഴിയുന്തോറും വരള്‍ച്ചയുടെ തീവ്രത കൂടിവരികയാണ് ^കര്‍ണാടകയിലെ ബിജാപ്പൂരില്‍നിന്നുള്ള ചില അസാധാരണ കാഴ്ചകള്‍. എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 

 

മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ കര്‍ണാടകയിലെ ബിജാപൂര്‍ ജില്ല ഏറെ പ്രാധാന്യം ഉള്ളതാണ്. ഇതിനുകാരണം ശിവജി ^അഫ്സല്‍ ഖാന്‍ യുദ്ധമാണ്. ശിവജി അഫ്സല്‍ഖാനെ കൊന്നതും മറാത്ത രാജ്യബോധം ഉടലെടുത്തതിന്റെയും ചരിത്രമാണ്.

എസ് മുഹമ്മദ് ഇര്‍ഷാദ്

ശിവജി അഫ്സല്‍ ഖാനെ ചതിച്ചുകൊന്നു എന്നാണ് ചരിത്രം. ബിജാപുരിന് ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് അവിടേയ്ക്ക് പുറപ്പെട്ടത്. ഇത്തരം ചരിത്രാന്വേഷണം ആയിരുന്നില്ല യാത്രയുടെ ഉദ്ദേശ്യവും. ചരിത്രകാരന്‍ അല്ലാത്തതുകൊണ്ടും, സ്ഥലപരിമിതി മൂലവും ഈ പ്രദേശത്തിന്റെ ചരിത്രവും അതിന്റെ സംഭാവനകളും വിശദീകരിക്കാനുള്ള ശ്രമമല്ല ഈ കുറിപ്പ്.
ഈ പ്രദേശത്തിന്റെ വളര്‍ച്ചയും, ജലവിതരണ പ്രശ്നങ്ങളും പഠിക്കാനുള്ള തുടക്കം തേടിയായിരുന്നു യാത്ര. ഇന്ത്യയിലെ വളര്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ഒന്നാണ് ബിജാപൂരം. രാമായണത്തില്‍ പറയപ്പെടുന്ന ദണ്ഡകാരണ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടം ഭരിച്ചിരുന്ന ആദിവാസി രാജാക്കന്മാരായിരുന്ന അഹോളിയും വട്ടാപ്പിയും അക്കാലത്ത് വടക്കുനിന്നുള്ള അധിനിവേശ ശക്തികള്‍ക്ക് ഭീഷണിയായിരുന്നു. ആഗസ്യന്‍ കീഴടക്കുന്നതുവരെ അവര്‍ അജയ്യശക്തി കള്‍ ആയിരുന്നു.

 

 

ചരിത്ര വഴികള്‍
1312 ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ജനറല്‍ ആയിരുന്ന മാലിക് കഫുര്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ശങ്കര്‍ദേവിനെ യുദ്ധത്തില്‍ കൊലപ്പെടുത്തിയതോടെയാണ് ബിജാപുരിന്റെ ചരിത്രം മറ്റൊന്നായി തീര്‍ന്നത്. 1347 ല്‍ ഡക്കാന്‍ ദേശത്തെ മുസ്ലിം രാജവംശം സ്ഥാപിച്ചത് അലാവുദ്ദീന്‍ ഹസന്‍ ഗംഗു ബഹ്മാനി ആയിരുന്നു. പിന്നീട് ബിജാപുര്‍ പ്രദേശം യുസഫ് ആദില്‍ഖാന്റെ നേതൃത്വത്തിലും മാലിക് അഹമ്മദിന്റെ കീഴില്‍ അഹമദ് നഗറും, ഖുത്തബ് ഉല്‍ ഹഖിന്റെ കീഴില്‍ ഗോല്‍കൊണ്ടയും ബരിദിന്റെ കീഴില്‍ ബിദാറും, ഫത്താനുല്ല ഉമാദ് ഷായുടെ കീഴില്‍ ബിരാര്‍ പ്രദേശവും വിഘടിക്കപ്പെട്ടു. ആദില്‍ ഷായില്‍നിന്ന് തുടങ്ങി അഫ്സല്‍ ഖാന്‍ വരെയുള്ളവരുടെ കാലത്തിന്റെ അടയാളങ്ങള്‍ ബിജാപുരിന്റെ ഏതു കോണിലും കാണാന്‍ കഴിയും.

ചരിത്രസ്മാരകങ്ങളെ കാണാതെ ഈ പ്രദേശത്തുകൂടി സഞ്ചരിക്കാന്‍ കഴിയില്ല. ഓരോ സ്മാരകങ്ങളും അക്കാലത്തെ അധികാരത്തിന്റെ ചിഹ്നങ്ങള്‍ കൂടിയാണ്. ചരിത്രത്തിന്റെ ഭാഗമായി മാത്രമേ ഓരോ സഞ്ചാരിക്കും ബിജാപുര്‍ കടന്നുപോകാന്‍ കഴിയൂ. ചരിത്രത്തിന് പുറത്തുനിന്നുളള കേവലം കാഴ്ചകള്‍ ഇവിടെ സാധ്യമല്ല. കാരണം, ഞാന്‍ കണ്ട സ്മാരകങ്ങള്‍ ഒന്നും തന്നെ കേവലം അധികാരചിഹ്നങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച് ഒരു പ്രദേശത്തിന്റെ പരിസ്ഥിതിയും ജീവിതവും സംരക്ഷിക്കപ്പെട്ടതിന്റെ തെളിവുകള്‍ കൂടിയായിരുന്നു.

 

Photo: Irshad


 

കുടിവെള്ളം മുട്ടിയ വിധം
എന്റെ ആതിഥേയന്‍ പീറ്റര്‍ അലക്സാണ്ടര്‍ എന്ന പ്രകൃതി സ്നേഹിയുടെ പ്രവര്‍ത്തന മേഖലയില്‍ പഠിക്കാനുള്ള യാത്രയായതുകൊണ്ട്, അദ്ദേഹം കാണിച്ചുതന്ന പ്രദേശങ്ങള്‍ പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ചു പുതിയ വെളിപാടുകളിലേക്ക് എന്നെ കൂട്ടുകൊണ്ടുപോയി. ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന ഈ പ്രദേശം ഇന്ന് വറ്റി വരണ്ടതിന്റെ പിന്നില്‍ പ്രകൃതി ചൂഷണത്തോടൊപ്പം സമ്പന്നമായ ഒരു വികസന ചരിത്രത്തിന്റെ നിഷേധവും ഉണ്ട്. ഇവിടുത്തെ ജലവിതരണത്തിന്റെ ചരിത്രവും, വര്‍ത്തമാന പ്രശ്നങ്ങളും ആയിരുന്നു എന്റെ പഠനമേഖല. അതുകൊണ്ട് പ്രദേശത്തെ ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രധാന അന്വേഷണങ്ങളില്‍ ഒന്നായിരുന്നു.

1600 ല്‍ പൂര്‍ത്തിയാക്കിയ ജലവിതരണ പദ്ധതികള്‍ ആണ് ഈ പ്രദേശത്തിന്റെ ഉറവകളെ നിലനിര്‍ത്തിയിരുന്നത്. ഇത്തരം 19 റിസര്‍വോയറുകള്‍ കൃത്യമായ പഠനം അര്‍ഹിക്കുന്നുണ്ട്. ഈ 19 റിസര്‍വോയറുകളും ആരാധനാലയങ്ങള്‍ ആണ് എന്നത് മറ്റൊരു വസ്തുത. ഇതില്‍ പള്ളികളും അമ്പലങ്ങളും ഉണ്ട്. റിസര്‍വോയറില്‍ നിന്നുള്ള വെള്ളം സൌജന്യമായി കൃഷിയിടത്തില്‍ എത്തിക്കുന്നതിന് കനാലുകളുടെ ശൃംഖല തന്നെ ഉണ്ടായിരുന്നു. ഇതുകൂടാതെ 250 ഓളം പൊതു കിണറുകളും 1600 ല്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇത്തരം റിസര്‍വോയറുകളും, പൊതു കിണറുകളുമെല്ലാം തന്നെ നിര്‍മ്മിച്ചത് അമ്പലങ്ങളുടെയും പള്ളികളുടെയും ഓരം ചേര്‍ന്നായിരുന്നു. ഇത് സമൂഹത്തിന്റെ കൃഷിയും കുടിവെള്ളവും ഉറപ്പുവരുത്തുകയായിരുന്നു ഇതിലൂടെ. എന്നാല്‍ ബിജാപൂരില്‍ സംഭവിച്ചത് മറ്റൊന്നാണ്. അഫ്സല്‍ ഖാന്‍ എന്ന രാജാവിനോട് ശിവജി എന്ന രാജാവിനുണ്ടായിരുന്ന ശത്രുതയില്‍ അധികാരത്തിന്റെ പ്രശ്നം കൂടിയുണ്ടായിരുന്നു. എന്നാല്‍ അഫ്സല്‍ ഖാന്‍ എന്ന ഭരണാധികാരി പിന്തുടര്‍ന്ന വികസന മാതൃക മൊത്തം മറാത്ത പ്രദേശത്തിന് പ്രയോജനപ്രദമായിരുന്നു.

 

Photo: Irshad


 

ജലാശയങ്ങളുടെ മതം
ഇത്തരം റിസര്‍വോയറുകളും കുളങ്ങളും മുസ്ലിം ആധിപത്യത്തിന്റെ തിരുശേഷിപ്പുകളായി കണ്ടു അവഗണിച്ചതാണ് ഈ പ്രദേശത്തിന്റെ ജലക്ഷാമത്തിന് കാരണം എന്ന് പീറ്റര്‍ അലക്സാണ്ടറിന്റെ വിലയിരുത്തലില്‍ വസ്തുതയുണ്ട്. ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ കര്‍ണാടക ഭരിച്ച ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ല. ഒരു കാലത്ത് ഒരു ജനപഥത്തിന്റെ ദാഹം നിലനിര്‍ത്തിയിരുന്ന പൈതൃക കിണറുകള്‍ ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ ആയി മാറിക്കഴിഞ്ഞു. ചരിത്ര സ്മാരകങ്ങളുടെ 100 മീറ്റര്‍ പരിധിയില്‍ കെട്ടിടങ്ങള്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തി കൈയ്യേറ്റങ്ങളും വ്യാപകമാണ്.

അലി ഒന്നാമന്റെ കാലത്ത് പണിത രാമലിംഗ റിസര്‍വോയര്‍ പുനരുദ്ധരിക്കാതെ മുടി മുറിയ്ക്കുകയോ, താടി വടിക്കുകയോ ചെയ്യില്ല എന്ന ശപഥം ചെയ്ത് ജീവിക്കുന്ന പീറ്റര്‍ അലക്സാണ്ടര്‍ എന്ന മനുഷ്യന് ഈ റിസര്‍വോയര്‍ ചരിത്രസ്മാരകം മാത്രമല്ല. ഈ പ്രദേശത്തിന്റെ ആത്മാവ് കൂടിയാണ്. ഈ റിസര്‍വോയര്‍ തകര്‍ത്തുകൊണ്ട് സ്ഥാപിയ്ക്കപ്പെട്ട പാര്‍പ്പിട സമുച്ചയം ഇന്ന് ചരിത്രത്തെ വെല്ലുവിളിക്കുകയാണ്. രാമന്റെ പേരിലെ ഈ അമ്പലവും റിസര്‍വോയറും തകര്‍ക്കാന്‍ കൂടുതല്‍ ശ്രമിച്ചത് കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ ആയിരുന്നു എന്നത് മറ്റൊരു വസ്തുത.

 

 

ആര്‍ക്കും വേണ്ടാതെ ഈ രാമക്ഷേത്രം
ഇവിടെ രാമന്‍ വിശ്വാസം മാത്രമല്ല, പ്രകൃതിസംരക്ഷണത്തിന്റെ പ്രഭവകേന്ദ്രം കൂടിയാണ്. അത്തരമൊരു രാമനെ എന്തായാലും ബി.ജെ.പി.യ്ക്ക് സ്വീകാര്യമല്ല. കാരണം ഈ റിസര്‍വോയറിന്റെ സംരക്ഷണം ബി.ജെ.പി.യുടെ വികസന മാതൃകയ്ക്ക് വിരുദ്ധമാണ്, മാത്രവുമല്ല, ഈ രാമക്ഷേത്രനിര്‍മ്മിതിയ്ക്ക് പിന്നില്‍ മുഗളന്മാരാണ് എന്നത് ബി.ജെ.പി.യുടെ രാഷ്ട്രീയ താല്പര്യത്തിന് എതിരാണ്. അതുകൊണ്ടായിരിക്കണം രാമലിംഗ റിസര്‍വോയറും ക്ഷേത്രവും സംരക്ഷിക്കണം എന്ന ആശയത്തോട് വിമുഖതകാണിക്കുന്നത്. കര്‍ണാടക ഭരിച്ച കോണ്‍ഗ്രസ് ജനതാദള്‍ സര്‍ക്കാരുകളുടെ സമീപനവും വ്യത്യസ്തമായിരുന്നില്ല.

പ്രദേശത്ത് സ്വന്തമായുണ്ടായിരുന്ന ജലസ്രോതസുകള്‍ എല്ലാം തന്നെ നശിച്ചു. കാവേരി നദിയെ ആശ്രയിച്ചാണ് ഇവിടുത്തെ ജലസേചനവും കുടിവെള്ള വിതരണവും ഇപ്പോള്‍ നടക്കുന്നത്. ഓരോ കൊല്ലം കഴിയുന്തോറും വരള്‍ച്ചയുടെ തീവ്രത കൂടിവരികയാണ്. പീറ്റര്‍ അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ മുട്ടാത്ത വാതിലുകള്‍ ഇല്ലെന്നു തന്നെ പറയാം.

 

Photo: Irshad


 

ചരിത്രപരമായ ബാധ്യത
ഈ പ്രദേശത്തിന്റെ നീരുറവകളെ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ബാധ്യത കൂടിയാണ്. കാരണം ഇത്രയും കൂടുതല്‍ ചരിത്രസ്മാരകങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശം ഒരു പക്ഷെ ഇന്ത്യയില്‍ അധികം കാണില്ല. ഇവിടെ എത്തുന്ന ഓരോ സഞ്ചാരിയെയും സ്വാഗതം ചെയ്യുന്നത് രാജവാഴ്ചയുടെ കേവല പ്രതീകങ്ങള്‍ മാത്രമല്ല, മറിച്ച് പ്രകൃതിയെ അതിന്റെ സന്തുലനാവസ്ഥയില്‍ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥിതിയുടെ അടയാളങ്ങള്‍ കൂടിയാണ്. നൂറ്റാണ്ടുകളോളം ജലസേചനം നടത്തിയിട്ടും ഇവിടുത്തെ ജലസ്രോതസുകള്‍ക്ക് കുറവ് ഉണ്ടായിട്ടില്ല. എന്നാല്‍, ചരിത്രത്തിന്റെ നിഷേധം ഒരു രാഷ്ട്രീയ അജണ്ടയായി മാറിയതോടെ നഷ്ടപ്പെട്ടത് ജീവന്‍ നിലനിര്‍ത്താനുള്ള സ്രോതസ് മാത്രമല്ല ജീവിതം തന്നെയാണ്.
 
 
 
 

3 thoughts on “ബിജാപ്പൂരിന് കുടിവെള്ളം മുട്ടിയ വിധം അഥവാ, ജലാശയങ്ങളുടെ മതവും ജാതിയും

  1. ഇത്തരം ഒരു “ചരിത്രമുണർന്നിരിക്കുന്ന”സ്ഥലം നമ്മുടെ ഭാരതമണ്ണിലുണ്ടെന്നറിയിച്ചതിൻ ഏറെ നന്ദി.വികസനവും രാഷ്ട്രീയവും കൂടി കൊന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലത്തെ രക്ഷിക്കാൻ പീറ്റര്‍ അലക്സാണ്ടര്‍ പോലെയുള്ള പരിസ്ഥിതിസ്നേഹികൾ നടത്തുന്ന പോരാട്ടം ഏറെ സന്തോഷം പകരുന്നതാണ്.അവർക്ക് എന്റെ അഭിവാദ്യങ്ങൾ.

  2. സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പുസ്തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത് ബീജാപ്പൂര്‍ സുല്‍ത്താന്‍ ആയിരുന്ന അലി ആദില്‍ ഷാ ഒന്നാമനായിരുന്നു എന്നത് ഓര്‍ക്കുന്നു. ഇന്ത്യയില്‍ ആ കാലത്ത് നട്ടെല്ലുള്ള ഒരേയൊരു ഭരണാധികാരി എന്നോ മറ്റോ ആണ് സൈനുദ്ദീന്‍ മഖ്ദൂം ഇതിനു കാരണമായി പറഞ്ഞത് എന്ന് തോന്നുന്നു.

  3. കർണാടകയുടെ മനസ്സിൽ ഉണങ്ങാത്ത മുറിവായി കിടക്കുന്ന ആ കാപാലിക ദിനങ്ങൾ തന്നെ ആയിരിക്കും ഇതിന്റെ കാരണം .ചരിത്രത്തിൽ വേറിട്ട സ്ഥാനം ലഭിക്കുമായിരുന്ന താമരക്കൊട്ടരം , ശീതീകരണ സംവിധാനം തുടങ്ങിയ സവിശേഷകൾ പേറി ഇന്നും തല ഉയർത്തി നിൽക്കുമായിരുന്ന ഹൂബ്ലിയിലെ കൃഷ്ണദേവരായരുടെ കൊട്ടാരവും മറ്റും മുസ്ലിം ഭരണാധികാരികൾ കീഴടക്ക്കുകയും തുടർന്ന് ഒരു മാസം മാലിക് കാഫൂർ പട്ടാളക്കാരെ ഉപയോഗിച്ച് നരക തുല്യമായ തച്ചു തകർക്കൽ അവിടെ നടത്തുകയും ചെയ്തില്ലേ.??? ബ്രിട്ടിഷ് കാര് പോലും നടത്താത്ത ക്രൂര നശീകരണപാതകം!!! .ഇന്നും ആ അവശിഷ്ടങ്ങൾ കാലത്തിന്റെ കയ്യൊപ്പ് പോലെ അവിടെ അവശേഷിക്കുന്നു …!!!

Leave a Reply

Your email address will not be published. Required fields are marked *