അരുത് മാധ്യമങ്ങളേ, കരഞ്ഞുകരഞ്ഞ് ഈ സ്കൂളുകള്‍ കൂടി പൂട്ടിക്കരുത്

 
 
 
 
പൊതുവിദ്യാഭ്യാസത്തിനായുള്ള മാധ്യമ മുറവിളികളില്‍ പതിയിരിക്കുന്നതെന്ത്? മിനി എം.ബി എഴുതുന്നു
 
 
തെരഞ്ഞെടുപ്പ് അടുക്കുന്നതോടടുപ്പിച്ച്, നടക്കുന്ന അഭിപ്രായവോട്ടെടുപ്പ് പോലെ, സ്കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം പ്രചരണങ്ങളും, സമൂഹത്തില്‍ അനുരണനം ഉണ്ടാക്കുന്നു. ഇനി അടുത്ത പ്രചരണം ഉണ്ടാവുന്നത്, കുട്ടികളുടെ കണക്കെടുപ്പ് കഴിയുമ്പോഴാണ്. ഭീമമായ കൊഴിഞ്ഞുപോക്ക് എന്നോ, ആയിരം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും എന്നോ മറ്റോ ഉള്ള ഉഗ്രന്‍ തലക്കെട്ടില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, മുങ്ങാന്‍ പോകുന്ന കപ്പലില്‍, എന്റെ കുട്ടിയെ കൂടി കയറ്റണോ എന്ന നിലയില്‍ രക്ഷിതാവ് ചിന്തിക്കുന്നതില്‍ തെറ്റു പറയാന്‍ പറ്റില്ല-പൊതുവിദ്യാഭ്യാസത്തിനായുള്ള മാധ്യമ മുറവിളികളില്‍ പതിയിരിക്കുന്നതെന്ത്? മിനി എം.ബി എഴുതുന്നു

 

 

മാധ്യമങ്ങളുടെ രീതികള്‍ പലപ്പോഴും രസാവഹമാണ്. ഒരു പാലം തകര്‍ന്നാല്‍ രാജ്യത്ത് തകരാവുന്നതും, നിലനില്‍ക്കുന്നതുമായ മുഴുവന്‍ പാലങ്ങളുടെയും കണക്ക് അവര്‍ നിരത്തും. ഒരു ബോട്ട് മുങ്ങിയാല്‍ കായലിലും കടലിലുമായി ഓടുന്നതും, മുങ്ങിയതുമായ മുഴുവന്‍ ബോട്ടുകളുടെയും ചരിത്രം നമ്മുടെ മുന്നിലെത്തും. തകര്‍ന്നുകഴിഞ്ഞാണോ ഇതെല്ലാം ചെയ്യേണ്ടത് എന്ന് സ്വയം ചോദിക്കുന്നവര്‍ക്ക് എന്തറിയാം? അവരെ ഉണര്‍ത്താനായി ഇത്തരം ബലികള്‍ വേണ്ടിവരും എന്ന് കരുതി നമുക്ക് ആശ്വസിക്കാം.

സ്കൂള്‍ തുറക്കാറാകുമ്പോള്‍ പൊതുവെ എല്ലാ മാധ്യമങ്ങള്‍ക്കും പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്ക വരും. പൊതുവിദ്യാഭ്യാസം തകര്‍ച്ചയിലേക്ക് എന്ന നിലയില്‍ തന്നെയാണ്, വ്യക്തമായ നിലപാടുള്ള ഒന്നു രണ്ടു പത്രങ്ങള്‍ ഒഴിച്ചുള്ളവര്‍ എല്ലാം കൊട്ടിഘോഷിക്കുന്നത്. ഇപ്രാവശ്യവും മാറ്റമുണ്ടായില്ല, ‘പൊതുവിദ്യാഭ്യാസം പിന്‍ബെഞ്ചിലേക്ക്’ എന്ന തലക്കെട്ട് പോരേ ഉള്ളടക്കം അറിയാന്‍.

മിനി എം.ബി


സ്കൂള്‍ കച്ചവടം
യഥാര്‍ത്ഥപ്രശ്നങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള ഈ ഒളിച്ചുകളിയില്‍ പലപ്പോഴും അത്ഭുതം തോന്നും. പണ്ട്, കുട്ടികളെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യം മാത്രമായിരുന്നു, സ്കൂളുകള്‍ തുടങ്ങുന്നതിന്റെ പിന്നില്‍. പക്ഷെ, ഇപ്പോള്‍, കശുവണ്ടിക്കമ്പനിപൂട്ടി, പകരം ഒരു സ്കൂള്‍ തുടങ്ങുന്നു, കൂടുതല്‍ നല്ല ബിസിനസ് അതാണെന്ന് തോന്നാന്‍ കാരണം എന്ത്? വളരെ എളുപ്പമുള്ള ഉത്തരം ഉണ്ട്. എയ്ഡഡ്സ്കൂള്‍ നിയമനം നടത്താന്‍ മാനേജര്‍ക്ക് അധികാരം ഉണ്ട്. ശമ്പളം സര്‍ക്കാര്‍ കൊടുക്കും. 15 ലക്ഷം വരെ യു.പി സ്കൂളിലെ നിയമനത്തിനും, 25 ലക്ഷം വരെ ഹൈസ്കൂള്‍ നിയമനത്തിനും വാങ്ങുന്നുണ്ട്. ഹയര്‍ സെക്കന്ററിയില്‍ അതിലും കൂടുതല്‍ ആണ് വാങ്ങുന്നത്.

ഇത്രയും പൈസ കൊടുത്ത് ജോലിയില്‍ കേറുമ്പോള്‍ പിന്നെ അത് പെട്ടന്ന് കൈവിട്ടുപോകാതിരിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാവും, അധ്യാപകരും, മാനേജറും. ഓണക്കാലത്തെ ഓഫര്‍ പോലെ, വാഹനം, ബാഗ്, കുട എന്നിങ്ങനെ സൌജന്യമായി കൊടുത്ത് സ്വന്തം സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ മത്സരിക്കും, അവര്‍.പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയില്‍ ഖേദിക്കുന്നവര്‍, എന്തുകൊണ്ട്, ഏകീകൃതമായ വിദ്യാഭ്യാസപദ്ധതി നിലവില്‍ വരുത്തണമെന്ന് പറയുന്നില്ല? സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന പോസ്റുകളില്‍, നിയമനം നടത്തേണ്ടത് സര്‍ക്കാര്‍ തന്നെയല്ലേ? ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ ഒന്നു ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതുവരെ പരസ്പരം മുഖം തിരിച്ചുനടക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്ന സാമുദായികസംഘടനകള്‍ പൊടുന്നനെ ഒറ്റക്കെട്ടാവുന്നതും അതിനെ എതിര്‍ക്കുന്നതും കാണാം.

 

 
മക്കള്‍ എ.സിയിലാണ്
യാതൊരു നിയന്ത്രണവുമില്ലാതെ അണ്‍എയ്ഡഡ്, സി ബി എസ് സി സ്കൂളുകള്‍ അനുവദിക്കുന്നത് പരോക്ഷമായി, പൊതുവിദ്യാലയങ്ങള്‍ ഇല്ലാതാക്കുവാനുള്ള പ്രവര്‍ത്തനം തന്നെയാണ്. നിശ്ചിതയോഗ്യത ഇല്ലാത്തവരാണ് പല അണ്‍എയ്ഡഡ് സ്കൂളുകളിലും പഠിപ്പിക്കുന്നത്. വാഹനം, മികച്ച കെട്ടിടങ്ങള്‍, മികച്ച സൌകര്യങ്ങള്‍ എന്നിവ തന്നെയാണ് ഇത്തരം സ്കൂളുകളുടെ മുഖ്യ ആകര്‍ഷണം. ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏക മകനെ ചേര്‍ത്ത എന്റെ ഒരു പരിചയക്കാരിയോട്, എന്താണ് ആ സ്കൂളിന്റെ മികവ് എന്ന് ചോദിച്ചപ്പോള്‍, മുഴുവന്‍ ക്ലാസ് റൂമുകളും എ.സി ആണ് എന്നതാണ് കിട്ടിയ മറുപടി.

മാസം നാലായിരം ഫീസ് വാങ്ങുന്ന ആ വിദ്യാലയത്തിലും, ബി. എഡ് യോഗ്യത ഉള്ളവര്‍ ചുരുക്കമാണെന്നാണ് കേട്ടത്. അല്ലെങ്കിലും മികച്ച യോഗ്യത ഉള്ളവര്‍ മെച്ചപ്പെട്ട ജോലി നോക്കിപ്പോകുമ്പോള്‍ ഇത്തരം സ്കൂളുകളില്‍ നിലനില്‍ക്കുന്ന അധ്യാപകരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്താണ്, ഉടമകള്‍ കൊഴുക്കുന്നത്.അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കുള്ള പ്രവാഹം, വെറും പുറംമോടി കണ്ടിട്ടുള്ളതാണ്. അങ്ങനെ ചേര്‍ത്തവരില്‍ പലരും മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവിടെ നിന്ന് ടി.സി വാങ്ങി പൊതുവിദ്യാലയങ്ങളിലേക്ക് വരാറുമുണ്ട്.

 

 
പ്രചാരണങ്ങളുടെ ഉന്നം
തെരഞ്ഞെടുപ്പ് അടുക്കുന്നതോടടുപ്പിച്ച്, നടക്കുന്ന അഭിപ്രായവോട്ടെടുപ്പ് പോലെ, സ്കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം പ്രചരണങ്ങളും, സമൂഹത്തില്‍ അനുരണനം ഉണ്ടാക്കുന്നു. ഇനി അടുത്ത പ്രചരണം ഉണ്ടാവുന്നത്, കുട്ടികളുടെ കണക്കെടുപ്പ് കഴിയുമ്പോഴാണ്. ഭീമമായ കൊഴിഞ്ഞുപോക്ക് എന്നോ, ആയിരം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും എന്നോ മറ്റോ ഉള്ള ഉഗ്രന്‍ തലക്കെട്ടില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, മുങ്ങാന്‍ പോകുന്ന കപ്പലില്‍, എന്റെ കുട്ടിയെ കൂടി കയറ്റണോ എന്ന നിലയില്‍ രക്ഷിതാവ് ചിന്തിക്കുന്നതില്‍ തെറ്റു പറയാന്‍ പറ്റില്ല.

‘അണ്‍എക്കണോമിക്’ ആയ കച്ചവടമായി വിദ്യാഭ്യാസത്തെ കരുതുന്ന സര്‍ക്കാറും, പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസം മോശമെന്ന് കൊട്ടിഘോഷിക്കുന്ന പത്രങ്ങളും, ഇതിനിടയില്‍ ശരിയും തെറ്റും തിരിച്ചറിയാനാവാതെ നട്ടം തിരിയുന്ന ജനങ്ങളും ചേര്‍ന്ന് തീര്‍ക്കുന്ന ഈ ഊരാക്കുടുക്കിനിടയില്‍ സ്വന്തം നില ഭദ്രമാക്കുക എന്നത് കൂടാതെ ഒരു മഹത്തായ സംസ്കാരത്തിന്റെ അന്ത്യം തന്റെ കാലത്താവരുതെന്ന് ആഗ്രഹിക്കുന്ന പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും കൂടി ചേരുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു.

 

 

ഇരിക്കുന്ന കൊമ്പ് വെട്ടരുത്
തെറ്റുകളും, കുറവുകളും പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം ഇരിക്കുന്ന കൊമ്പ് വെട്ടാനായി വാളോങ്ങുകയാണ് എല്ലാവരും. പി എസ് സി എഴുതിക്കയറിയവരുടെ ജോലി പോകുമോ എന്ന് ഉറപ്പില്ല, പക്ഷെ ഇത്തരം പൊതു സ്ഥാപനങ്ങള്‍ ഇല്ലാതാവുമ്പോള്‍, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഒളിപ്പിച്ചുവെച്ച ദംഷ്ട്രകള്‍ വെളിയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല.

പണ്ട് ജാതിയുടെ പേരില്‍ മാറിനിന്നും, വെളിയില്‍ നിന്നും, വിദ്യ അഭ്യസിച്ച ആ ചരിത്രം, നോട്ടുകെട്ടുകളുടെ കനക്കുറവ് മൂലം പുറത്തുനില്‍ക്കേണ്ടിവരുന്ന തലമുറയിലേക്ക് പകര്‍ന്നാടും. സാര്‍വത്രികവും, സൌജന്യവുമായ വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണെന്ന നിയമം ചിതലരിച്ച പുസ്തകത്താളില്‍ ആരുമറിയാതെ ദ്രവിക്കുന്നതിന് കാരണക്കാരായവര്‍ക്ക് ചരിത്രം മാപ്പുനല്‍കുകയില്ല.
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *