കേരളമേ, മൌനം തുടരുക, കുടിവെള്ളം മുട്ടാറായി

 
 
 
 
കുടിവെള്ള വിതരണത്തിന് പുതിയ കമ്പനി രൂപികരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം എന്തു മാറ്റമുണ്ടാക്കും? എസ് . മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 
 

കുടിവെള്ള വിതരണത്തിന് പുതിയ കമ്പനി രൂപികരിച്ചുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം കേരളത്തില്‍ ഒരു തരത്തിലും ഉള്ള ചര്‍ച്ചകളോ, പ്രതിഷേധങ്ങളോ ഉണ്ടാക്കിയില്ല എന്നത് തികച്ചും അത്ഭുകരമാണ്. ഒറ്റപ്പെട്ട ചില ശബ്ദങ്ങളെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്. കേരളത്തിലെ കുടിവെള്ള മേഖലയെ പ്രത്യേകിച്ച് കേരള വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖല സ്ഥാപനത്തെ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് അടര്‍ത്തിമാറ്റി സ്വതന്ത്രമായ ഒരു സംവിധാനമാക്കി മാറ്റാനുള്ള ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്ന കുടിവെള്ള പരിഷ്കരണങ്ങള്‍ -വരാനിരിക്കുന്ന കൊടും വിപത്തിനെക്കുറിച്ച് ഒരു മുന്നറിയിപ്പ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ എസ് . മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 

 

കുടിവെള്ള വിതരണത്തിന് പുതിയ കമ്പനി രൂപികരിച്ചുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം കേരളത്തില്‍ ഒരു തരത്തിലും ഉള്ള ചര്‍ച്ചകളോ, പ്രതിഷേധങ്ങളോ ഉണ്ടാക്കിയില്ല എന്നത് തികച്ചും അത്ഭുകരമാണ്.

എസ് മുഹമ്മദ് ഇര്‍ഷാദ്

ഒറ്റപ്പെട്ട ചില ശബ്ദങ്ങളെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്. കേരളത്തിലെ കുടിവെള്ള മേഖലയെ പ്രത്യേകിച്ച് കേരള വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖല സ്ഥാപനത്തെ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് അടര്‍ത്തിമാറ്റി സ്വതന്ത്രമായ ഒരു സംവിധാനമാക്കി മാറ്റാനുള്ള ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്ന കുടിവെള്ള പരിഷ്കരണങ്ങള്‍.

പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 1985 ല്‍ കേരളാ വാട്ടര്‍ അതോറിറ്റി എന്ന സ്ഥാപനത്തിലേക്ക് രൂപ പരിണാമം ചെയ്തത് തന്നെ വാട്ടര്‍ അതോറിറ്റിക്ക് കുടുതല്‍ വിദേശ മൂലധനം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി പഠിച്ചാല്‍ മനസ്സിലാവുന്ന കാര്യം, 1985 മുതല്‍ 1995 വരെ പത്ത് വര്‍ഷവും അതിന് ശേഷമുള്ള കാലഘട്ടവും വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, കേരളത്തിലെ കുടിവെള്ള വിതരണ സംവിധാനത്തെ തന്നെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്.

 

Cartoon: Balraj


 
ജലനിധി ചെയ്തത്
കേരളത്തിലെ കുടിവെള്ള വിതരണ സംവിധാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച, ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ, ജലനിധി പദ്ധതി കേരളത്തിലെ കുടിവെള്ള വിതരണ മേഖലയില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ ഇനിയും ഗൌരവമായി വിലയിരുത്തിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പദ്ധതി നിര്‍വഹണ ചിലവ് വരുന്ന ഗ്രാമീണ കുടിവെള്ള വിതരണമേഖല പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് അടര്‍ത്തിമാറ്റി എന്നതാണ് ഇതിന്റെ പ്രത്യേകത.

1997 മുതല്‍ 2007 വരെ കാലയളവില്‍ നാല് ജില്ലകളിലെ 99 പഞ്ചായത്തുകളിലും, പരീക്ഷണാടിസ്ഥാനത്തില്‍ മറ്റ് ജില്ലകളിലെ രണ്ട് പഞ്ചായത്തുകളിലും നടപ്പിലാക്കിയ പദ്ധതിക്ക് ചിലവാക്കിയ തുക മാത്രമാണ്. ഈ കാലയളവില്‍ ഗ്രാമീണ കുടിവെള്ള വിതരണമേഖലയില്‍ ചിലവാക്കിയ തുക. മറ്റ് ഗ്രാമീണ ശുദ്ധ ജല വിതരണ സംവിധാനങ്ങളെ, ജലനിധിയുടെ രണ്ടാം ഘട്ടത്തിന് വേണ്ടി തയ്യാറാക്കുകയായിരുന്നു.

സര്‍ക്കാര്‍ അവതരിപ്പിച്ച സ്വകാര്യവല്‍ക്കരണ പദ്ധതിയാണ് ജലനിധി. ഇവിടെ പൊതു സമൂഹം ഇല്ല പകരം, 35 മുതല്‍ 55 വരെയുള്ള കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്. 75 ശതമാനം മൂലധന ചിലവോടെ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍മാറുകയാണ് പിന്നിട ് ഇത് ഒരു സ്വകാര്യ സംരംഭമായി മാറുന്നു. ഈ സ്വകാര്യ സംരംഭത്തിന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് കിട്ടിയ പിന്തുണ മറ്റൊരു സംരംഭത്തിനും കിട്ടിയിട്ടുണ്ടാവില്ല.

കുടിവെള്ള വിതരണത്തിന് സ്വകാര്യ കമ്പനി എന്ന ആശയം ജലനിധിയുടെ മാത്രം സംഭാവനയല്ല. ഇതിന് പിന്നില്‍ ജപ്പാന്‍ ബാങ്ക് ഓഫ് ഇന്റനാഷണലിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പിന്തുണയും ഉണ്ട്. ഈ പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ കൊടുത്തതാണ് കേരളവാട്ടര്‍ അതോറിട്ടിയുടെ ശാക്തീകരണം എന്നത്. ഈ ശാക്തികരണത്തിന ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച വാട്ടര്‍ അതോറിറ്റിയിലെ ഇടതുപക്ഷ സംഘടനകള്‍ പിന്നീട് ഇതിന്റെ വക്താക്കളായത് മറ്റൊരു സത്യം.

 

 
അണിയറയില്‍ ഒരുങ്ങുന്നത്
കേരള സര്‍ക്കാറിന്റെ ഏറ്റവും പുതിയ ഉത്തരവില്‍ പറയുന്നത് (ഏ.ഛ.(ങട)ചീ.31/2013/ണഞഉ) കേരള സര്‍ക്കാര്‍ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിലാണ് കുടിവെള്ള വിതരണത്തിന് കമ്പനി രൂപികരിക്കുന്നത് എന്നാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ആദ്യത്തെ പൊതു സ്വകാര്യ സഹകരണ വിമാനത്താവളമാണ്. വിദേശ ഇന്‍ഡ്യക്കാരാണ് ഇതില്‍ പ്രധാനമായും മുതല്‍ മുടക്കിയിരിക്കുന്നത്. ഒരു വിമാനത്താവളത്തിന്റെ ലാഭം എന്നത് വിമാനങ്ങളുടെ ലാന്റിംഗ് ഫീസും, വിമാനത്താവളത്തിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന ഫീസും ആണ്.

കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന വന്‍ സ്വകാര്യവല്‍കരണ പദ്ധതികള്‍ ആണ് കൃത്യമായി പറഞ്ഞാല്‍ വിമാനത്താവളത്തെ നിലനിര്‍ത്തുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രധാന്യം ഇതും കൂടിയാണ്. ഇതേ സംവിധാനം കുടിവെള്ള മേഖലയില്‍ നടപ്പിലാക്കുന്നതിന് നിരവധി പ്രായോഗിക തടസ്സങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം, സര്‍ക്കാര്‍ ഉത്തരവ് സൂചിപ്പിക്കുന്നത് പോലെ, കേരള വാട്ടര്‍ അതോറിറ്റിക്ക് സമാന്തരമായി ഒര് സ്ഥാപനം സ്ഥാപിക്കുക എന്നതാണ്.

സര്‍ക്കാറിന് 26 ശതമാനം പങ്കാളിത്തവും, വാട്ടര്‍ അതോറിറ്റിക്ക് 23 ശതമാനം പങ്കാളിത്തവും, ബാക്കി സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളുമാണ് നിക്ഷേപിക്കുന്നത്. മൊത്തത്തില്‍ 49 ശതമാനം മൂലധനമാണ് ഇതില്‍ പൊതുമേഖലയില്‍ വരുന്നത്, അതായത് സാങ്കേതികമായി സ്വകാര്യ മേഖലയ്ക്ക് പ്രധാന്യം. ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു വസ്തുത, ഉത്തരവ് പ്രകാരം വാട്ടര്‍ അതോറിറ്റിയുടെ ഒരു ജല സ്രോതസ്സും ഉപയോഗിക്കില്ല എന്നതാണ്.

ഇവിടെയാണ് ഇതിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നം അടങ്ങിയിരിക്കുന്നത്. കാരണം എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടായി രുന്നാലും കേരള വാട്ടര്‍ അതോറിറ്റി ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിന് വ്യക്തമായ ചില രീതികളുണ്ട്. മാത്രമല്ല. വാട്ടര്‍ അതോറിറ്റി കാരണം കേരളത്തില്‍ ജല സ്രോതസ്സുകള്‍ വറ്റിയതായി എടുത്ത പറയത്തക്ക തെളിവുകള്‍ ഒന്നും തന്നെയില്ല താനും. കേരളത്തിലെ കടല്‍ ഒഴികെയുള്ള ജലാശയങ്ങളില്‍ നിന്ന് വാട്ടര്‍ അതോറിറ്റി വെള്ളം, എടുക്കുന്നുണ്ടായിരുന്നു.

 

 
ജലചതി
ഇതിന് മാറ്റം സംഭവിച്ചത് ജലനിധിയുടെ വരവോട് കൂടിയാണ്. കേരളത്തിന് വന്‍തോതില്‍ ഭൂഗര്‍ഭജല സ്രോതസ്സുകളും കുഴല്‍കിണറുകളും വ്യാപകമാകുന്നത് ജലനിധിയുടെ വരവോടു കൂടിയാണ്. സര്‍ക്കാര്‍ ഉത്തരവ് വിശ്വാസിക്കാമെങ്കില്‍ പുതിയ കുടിവെള്ള വിതരണ കമ്പനിയ്ക്ക്, വന്‍തോതില്‍ ഭൂഗര്‍ഭ ജലത്തെ ആശ്രയിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ വറ്റികൊണ്ടിരിക്കുന്ന കേരളത്തില്‍ ഇതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം പഠന വിധേയമാക്കിയിട്ടില്ല.

ഇതുകൂടാതെ, ആദ്യം സൂചിപ്പിച്ചത് പോലെ വാട്ടര്‍ അതോറിറ്റിയുടെ താരിഫ് അനുസരിച്ച് സ്വകാര്യ കമ്പനിയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിന് പകരം പുതിയ താരിഫ് പ്രഖ്യാപിക്കിേവരും. 51 ശതമാനം വരുന്ന സ്വകാര്യ മൂലധനത്തിനെങ്കിലും ലാഭം ഉറപ്പുവരുത്തിയില്ല എങ്കില്‍ സ്ഥാപനം നിര്‍ത്തിവയ്ക്കേണ്ടിവരും. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പ്രകാരം 2021 ഓടെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കണമെങ്കില്‍ വാട്ടര്‍ അതോറിറ്റിയുടെ നിലവിലുള്ള പദ്ധതികള്‍ കൂടി പുതിയ സ്വകാര്യ കമ്പനിക്ക് കൈമാറ്റം ചെയ്യേണ്ടിവരും അല്ലാത്ത പക്ഷം പദ്ധതി ലാഭകരമാകില്ല.

 

 
ആ പൊതുടാപ്പുകള്‍ എവിടെ?
കേരളത്തില്‍ ജലവിതരണ രംഗത്ത് സ്വകാര്യ വല്‍കരണം നിലവില്‍ വന്നു കഴിഞ്ഞതിന്റെ തെളിവാണ് അതിവേഗത്തില്‍ അപ്രത്യക്ഷമാകുന്ന പൊതു ടാപ്പുകളുടെ എണ്ണവും ഇക്കാര്യത്തില്‍ അധികൃതര്‍ക്കുള്ള അജ്ഞതയും.

കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ മേഖലാ ഓഫീസുകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം 2012 നവംബര്‍ മാസം ഈ ലേഖകന്‍ ശേഖരിച്ച കണക്ക് പ്രകാരം കേരളത്തിലെ പൊതുടാപ്പുകളുടെ എണ്ണം 36328 മാത്രമാണ്. എന്നാല്‍, ഇതല്ല സര്‍ക്കാറിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും മറ്റും കണക്ക്. കേരള സര്‍ക്കാറിന്റെ ഇതേ കാലയളവിലെ കണക്കുപ്രകാരം കേരളത്തില്‍ 2,07871 പൊതുടാപ്പുകള്‍ ഉണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ഇക്കാലയളവിലെ കണക്കില്‍ ഇത് 2,05502 ആണ്. എന്നാല്‍, വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കണ്‍സോര്‍ഷ്യത്തിന്റെ കണക്കു ഒരു ലക്ഷത്തിലധികം പൊതുടാപ്പുകള്‍ എന്നാണ്.

ഇത് വ്യക്തമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, കേരള സര്‍ക്കാറിനോ, വാട്ടര്‍ അതോറിറ്റിക്കോ ജീവനക്കാര്‍ക്കോ, ഇതിനെക്കുറിച്ച് വൃക്തമായ ധാരണയില്ല. ഈ അജ്ഞതയാണ് സര്‍ക്കാറിനെ സ്വകാര്യ വല്‍ക്കരണത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നത്. രണ്ടാമത്തേത്, സര്‍ക്കാറിന്റെ കൈയിലുള്ള കണക്കിലെ ടാപ്പുകളില്‍ വലിയൊരു പങ്കും ഇന്ന് വെള്ളം ചുരത്തുന്നില്ല. അവ ഏട്ടിലെ ടാപ്പുകള്‍ മാത്രമാണ്.

 

 
ജലനിധിയുടെ പ്രതിസന്ധി
ഇതിനൊടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ജലനിധി പദ്ധതിയുടെ പ്രതിസന്ധിയും. ജലനിധി പദ്ധതി ഒന്നാംഘട്ടത്തില്‍ നടപ്പിലാക്കിയത് 569 പദ്ധതികളായിരുന്നു. 2009 ല്‍ ഈ ലേഖകന്‍ ഈ പദ്ധതികളെക്കുറിച്ച് പഠനം നടത്തിയിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം അതായത് 2012 ല്‍ ഇതേ പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ എത്തിപ്പെട്ടത് ഞെട്ടിക്കുന്ന ഒരറിവിലേക്കാണ്. ഇതില്‍ 328 പദ്ധതികളും രൂക്ഷമായ പ്രതിസന്ധിയിലാണ്. ഏതു നിമിഷവും നിര്‍ത്തിവയ്ക്കാവുന്ന അവസ്ഥയിലാണ് അവ. ജലസ്രോതസ്സിന്റെ ലഭ്യതക്കുറവും വര്‍ദ്ധിച്ച ചിലവുമാണ് ഇതിനു കാരണമായി പറയുന്നത്.

ജലനിധിയുടെ രണ്ടാം ഘട്ട പദ്ധതികളും, വാട്ടര്‍ അതോറിറ്റിയുടെ മൂലധനചിലവിലെ കുറവും സ്വകാര്യ കമ്പനിയുടെ വരവും ഒന്നിച്ചു വന്നാല്‍ സംഭവിക്കാവുന്നത് മനസ്സിലാക്കാന്‍ ലളിതമായ കാര്യമാണ്. കേരളത്തിലെ കുടിവെള്ളം സ്വകാര്യ വല്‍ക്കരിക്കപ്പെടും. കനത്ത വരള്‍ച്ച അനുഭവിക്കുന്ന കേരളം കുടിവെള്ളം വന്‍ വിലകൊടുത്തു വാങ്ങേണ്ടി വരും
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *