ഭാഷ മാത്രം ശ്രേഷ്ഠമായാല്‍ മതിയോ, അക്ഷരങ്ങള്‍ വേണ്ടേ?

 
 
 
 
ശ്രേഷ്ഠഭാഷാ കാലത്ത് മലയാള ലിപിയ്ക്ക് പറയാനുള്ളത്. കെ.എച്ച് ഹുസൈന്‍ എഴുതുന്നു
 
 
ശ്രേഷ്ഠ ഭാഷാ പ്രഖ്യാപനത്തോടെ സംവാദങ്ങളുടെ പെരുവഴിയിലാണ് നമ്മുടെ മലയാളം. ഭാഷയുടെ പല തലങ്ങള്‍ സൂക്ഷ്മമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അതിലൊന്നും ഇടം കിട്ടാതെ ഒരു സുപ്രധാന വിഷയം ദൂരെ മാറി നില്‍ക്കുന്നുണ്ട് -മലയാളത്തിന്റെ അക്ഷരങ്ങള്‍. പൊതു ചര്‍ച്ചകള്‍ക്കോ അഭിപ്രായ സമന്വയങ്ങള്‍ക്കോ ഇടം നല്‍കാതെ ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്ക് മാറ്റിയ ലിപി ഇന്നും നമ്മുടെ ചര്‍ച്ചകളുടെ പുറത്താണ്.

എന്നാല്‍, ഭാവിയുടെ മലയാള ലിപി എന്താവണമെന്ന ചര്‍ച്ച അനിവാര്യമായ സന്ധിയിലാണ് നമ്മള്‍. പുതിയ ലിപിയെന്നു പറഞ്ഞ് പാഠപുസ്തകങ്ങളിലൂടെ സര്‍ക്കാര്‍ പോറ്റിവളര്‍ത്തിയ അക്ഷര സഞ്ചയങ്ങള്‍ ഭാഷാ സാങ്കേതികതയുടെ കാലത്ത് പിന്നിലേക്കു പോവുകയാണ്. പഴയതെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ ലിപി ഒരു സംഘം ഭാഷാപ്രേമികളുടെ മുന്‍കൈയില്‍ വിവരവിനിമയങ്ങളുടെ പാതയിലേക്ക് ഉജ്വലമായി തിരിച്ചെത്തുകയുമാണ്. ഇ-ബുക്കുകളുടെയും ഇ-റീഡറുകളുടെയും ഓപ്റ്റിക്കല്‍ കാരക്റ്റര്‍ റെകഗ്നിഷന്റെയും യാന്ത്രിക വിവര്‍ത്തനത്തിന്റെയും ഭാവിയിലേക്ക് ലിപികളെ സജ്ജമാക്കേണ്ട നേരമാണിത്. പുതുതായി രൂപം കൊണ്ട മലയാള സര്‍വ്വകലാശാലയുടെ ആലോചനകളില്‍ പോലും ഇതില്ല.

ഈ പശ്ചാത്തലത്തില്‍, ഗൌരവമേറിയ ഈ വിഷയം കേരളത്തിന്റെ പരിഗണനയ്ക്ക് വെക്കുകയാണ്, മലയാള ഭാഷാ സാങ്കേതികതയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ പ്രധാനിയായ കെ.എച്ച് ഹുസൈന്‍.
 
 

 
 
ഭാഷയുടെ പഴമ ഒരു ഭാഷാസമൂഹത്തിന്റെ ആഴങ്ങളാണ്. മലയാളം ശ്രേഷ്ഠമാകുമ്പോള്‍ കടന്നുപോന്ന കാലത്തിന്റെ വിസ്തൃതിയോളം മലയാളി വലുതാകുന്നു.

കെ.എച്ച്. ഹുസൈന്‍


ശ്രേഷ്ഠഭാഷാപദവി കിട്ടുന്നതിനായി പല സംഘടനകളുടെയും പണ്ഡിതരുടേയും അക്ഷീണശ്രമങ്ങളുണ്ടായിട്ടുണ്ട്. മലയാളം അംഗീകരിക്കപ്പെടാനുള്ള സാദ്ധ്യതകള്‍ ഇതരഭാഷാപ്രേമികളുടെ ഇടപെടല്‍മൂലം പലപ്പോഴും മങ്ങിപ്പോയിരുന്നു. അതൊക്കെ മറികടന്നാണ് നമ്മുടെ മാതൃഭാഷ ഔദ്യോഗികമായി ശ്രേഷ്ഠപദവിയിലേക്കുയര്‍ത്തപ്പെടുന്നത്. വര്‍ഗ്ഗ-ജാതിഭേദങ്ങളെ ഭാഷ അതിവര്‍ത്തിക്കുമ്പോഴും അതെത്രമാത്രം കക്ഷിരാഷ്ട്രീയപരിഗണനകള്‍ക്ക് വിധേയമാണ് എന്നു കൂടി ഈ സന്ദര്‍ഭം വെളിവാക്കുന്നു.

അടുത്ത കാലത്തായി പൊതുമാദ്ധ്യമങ്ങളില്‍ ശ്രേഷ്ഠഭാഷാപദവിയെകുറിച്ച് ധാരാളം ചര്‍ച്ചകളും അഭിമുഖങ്ങളും നാം കണ്ടു. സാഹിത്യകാരന്മാരും ഭാഷാവിദഗ്ദ്ധരും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ ഇതില്‍ പങ്കെടുത്തു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും അനുമാനങ്ങളും ചരിത്രവസ്തുതകളും അവതരിപ്പിക്കപ്പെട്ടു. അത്ഭുതകരമെന്നുപറയട്ടെ പലരും പറയാന്‍ വിട്ടുപോയ ഒരു കാര്യമുണ്ട്. നമ്മുടെ അക്ഷരങ്ങളെക്കുറിച്ച്. അതേതു കോലത്തിലായാലും വേണ്ടിയില്ല, ശ്രേഷ്ഠപദവി കിട്ടിയാല്‍ മതി എന്നുവരെ തോന്നിച്ചു അക്ഷരത്തെക്കുറിച്ചുള്ള മൗനം. നൂറുകണക്കിനു സംവാദങ്ങളില്‍നിന്നും ഒറ്റപ്പെട്ട് സി. രാധാകൃഷ്ണന്‍ മാത്രം ‘മലയാള’ത്തിലെ പംക്തിയില്‍ ലിപിയെ സ്പര്‍ശിച്ചെഴുതി. വിവിധ സോഫ്റ്റ്‌വെയറുകളിലും പ്രയോഗങ്ങളിലും അക്ഷരങ്ങളുടെ ഏകീകരണം സാദ്ധ്യമാക്കണമെന്ന പ്രധാനപ്പെട്ട ഒരു തത്വം അദ്ദേഹം ഉന്നയിച്ചു.

അക്ഷരങ്ങളുടെ രൂപത്തെക്കുറിച്ച് ഈയിടെ ഒരു തമിഴ് പണ്ഡിതനുമായി സംസാരിക്കാനിടയായി. അക്ഷരങ്ങള്‍ക്ക് രൂപങ്ങള്‍ കൈവരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം ‘ശബ്ദത്തില്‍ത്തന്നെ രൂപം അടങ്ങിയിരിക്കുന്നു, രൂപം ശബ്ദത്തിന്റെ പ്രതിബിംബമാണ്’ എന്നൊക്കെയായിരുന്നു. മലയാളിയ്ക്ക് ഇത് വിചിത്രവും അസംബന്ധവുമായ വാദങ്ങളാണ് എന്ന് ഞാന്‍ പറഞ്ഞു. അക്ഷരങ്ങളുടെ രൂപങ്ങള്‍ക്ക് അത്ര പ്രാധാന്യമില്ലെന്നും, ആശയങ്ങളും അര്‍ത്ഥങ്ങളുമാണ് ഞങ്ങള്‍ക്ക് വലുത് എന്നും കൂട്ടിച്ചേര്‍ത്തു. അക്ഷരങ്ങള്‍ കാലാകാലങ്ങളില്‍ പരിഷ്കരിക്കാമെന്നും അനാവശ്യമെന്നു തോന്നുന്നവ നഖം ചെത്തിമിനുക്കുന്നതുപോലെ ഒതുക്കിയെടുക്കാമെന്നും ആ വഴിക്കുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ നാല്പതുവര്‍ഷമായി കഠിനമായി മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും അദ്ദേഹത്തെ അറിയിച്ചു. തമിഴ് പണ്ഡിതന് ഇതൊന്നും ആലോചിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല. തര്‍ക്കിക്കാനോ തിരുത്താനോ അദ്ദേഹം മുതിര്‍ന്നതുമില്ല. സംസാരത്തിന്റെ അവസാനം ഒന്നുമാത്രം പറഞ്ഞു: “നിങ്ങളുടെ ഭാഷയ്ക്ക് അധികം ആയുസ്സില്ല.”
 
 

 
 
ലിപിയുടെ തനിമയും സമഗ്രതയും

1999 ല്‍ എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞതും ഇതുതന്നെയായിരുന്നു. “ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴി അതിന്റെ ലിപി മാറ്റലാണ്.” മലയാളം കമ്പ്യൂട്ടിംഗില്‍ മാതൃഭാഷയുടെ നഷ്ടപ്പെട്ടുപോയ എല്ലാ ലിപിരൂപങ്ങളും പുനഃസൃഷ്ടിക്കാന്‍ കഴിയും എന്ന് വാദിച്ച രചന അക്ഷരവേദിയുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ഈ അഭിപ്രായപ്രകടനം ഉണ്ടായത്. “നമ്മുടെ ഭാഷയ്ക്ക് നമ്മുടെ ലിപി” എന്നതായിരുന്നു രചനയുടെ സന്ദേശം. പതിനാലു വര്‍ഷങ്ങള്‍കൊണ്ട് മലയാളഭാഷാസാങ്കേതികത കൈവരിച്ച വളര്‍ച്ചയുടെ ദിശാബോധം നിര്‍ണ്ണയിച്ചത് ചിത്രജകുമാറിന്റെ നേതൃത്വത്തിലാരംഭിച്ച രചന അക്ഷരവേദിയായിരുന്നു. പിന്നീടതിന്റെ പ്രവര്‍ത്തനങ്ങള്‍ ‘സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് ‘ വിപുലപ്പെടുത്തുകയും ഭാഷാസാങ്കേതികതയുടെ വികസനത്തില്‍ സുപ്രധാന സംഭാവനകള്‍ നല്കുകയും ചെയ്തു.

ഈയടുത്തകാലംവരെ കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട് രചനയെ്ക്കതിരായിരുന്നു. ലിപിപരിഷ്കരണത്തിന് നേതൃത്വം വഹിച്ചവരെന്നനിലയ്ക്ക് അവരുടെ എതിര്‍പ്പ് സ്വാഭാവികവുമായിരുന്നു. ഭാഷാസാങ്കേതികത ഇന്നെത്തിനില്ക്കുന്ന വളര്‍ച്ച നിരീക്ഷിക്കുമ്പോള്‍ മലയാളത്തിന്റെ എല്ലാ കൂട്ടക്ഷരങ്ങളും പ്രത്യേക സ്വരരൂപങ്ങളും ഉള്‍ക്കൊണ്ട് രചന അവതരിപ്പിച്ച സമഗ്രലിപിസഞ്ചയം ഭാഷാവ്യവഹാരത്തിന്റെ അടിസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുകാണാം. മലയാളത്തിലെ ക്ലാസ്സിക് ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും രചന ഉപയോഗിച്ച് തനതുലിപിയില്‍ ഇതിനകം അച്ചടിച്ചുകഴിഞ്ഞു.

ആദ്ധ്യാത്മരാമായണം (ഡി.സി.), ദശോപനിഷത്ത് (ഡി.സി.), ചതുര്‍വ്വേദം (മാതൃഭൂമി), സത്യവേദപുസ്തകം-ബൈബിള്‍ (ഗോസ്പല്‍ ഫോര്‍ ഏഷ്യ), യതിചരിതം (മലയാള പഠന ഗവേഷണകേന്ദ്രം) തുടങ്ങി ഇരുന്നൂറോളം ബൃഹത്ഗ്രന്ഥങ്ങളാണ് ഈ നിരയിലുള്ളത്. യൂണികോഡ് ഭാഷാസാങ്കേതികതയുടെ വരവോടെ മലയാളത്തിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളൊക്കെ തനതുലിപി സാദ്ധ്യമാക്കുന്ന രചന, മീര എന്നീ ഫോണ്ടുകളിലാണ് പ്രസാധനം ചെയ്യപ്പെടുന്നത്. പ്രമുഖ പത്രങ്ങളായ മാതൃഭൂമി, മംഗളം, ദേശാഭിമാനി, ചന്ദ്രിക എന്നിവ ഇതിലുള്‍പ്പെടും. യൂറോപ്യന്‍ ഭാഷകളേക്കാള്‍ പേജ്‌ഡെപ്ത്തില്‍ മുന്നില്‍ നില്ക്കുന്ന മലയാളം വിക്കിപീഡിയ സ്വന്തം അക്ഷരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളത്തിന്റെ തനതുലിപിയാണ്. രചനയും മീരയുമാണ് അതിന്റെ ‘ഡിഫോള്‍ട്ട് ഫോണ്ടുകള്‍’.
 
 

 
 
പഴയത്, പരിഷ്കരിച്ചത്, ഏറ്റവും പുതിയത്

‘പഴയലിപി’ അങ്ങനെ മലയാളത്തിന്റെ ‘ഏറ്റവും പുതിയ ലിപി’യായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴെട്ടുവര്‍ഷങ്ങളായി ഐടി അറ്റ് സ്കൂള്‍ ലിനക്‌സി (it@schoollinux) ലൂടെ മുപ്പത് ലക്ഷത്തിലേറെ കുട്ടികള്‍ രചനയും മീരയും ഉപയോഗിച്ച് മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെട്ടുകഴിഞ്ഞു. കേരള ഐടി മിഷന്റെ കീഴിലുള്ള മലയാളം കമ്പ്യൂട്ടിംഗ് കോഴ്‌സ് മീര ഉപയോഗിച്ച് തനതുലിപിയിലാണ് പഠിപ്പിക്കുന്നത്. പാഠപുസ്തകങ്ങളെല്ലാം പരിഷ്കരിച്ച ലിപിയിലാണെന്നതോ, ഒന്നാംക്ലാസ്സുമുതല്‍ പഠിക്കുന്നത് ‘പുതിയ ലിപി’യിലാണെന്നതോ വിദ്യാര്‍ത്ഥികള്‍ക്ക് തനതുലിപി പരിചയിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നുള്ളതാണ് കൗതുകകരം.

മലയാളിയുടെ ചരിത്രബോധത്തിനും സൗന്ദര്യബോധത്തിനും ഇണങ്ങിയ യഥാര്‍ത്ഥ ലിപിരൂപം അന്യംനിന്നുപോകില്ലെന്ന രചനയുടെ വാദം ശരിവയ്ക്കുകയാണ് പുതിയ തലമുറ. നാലോ അഞ്ചോ വര്‍ഷത്തെ ശ്രമവും ശ്രദ്ധയുമുണ്ടെങ്കില്‍ 40 വര്‍ഷത്തെ ലിപിസ്ഖലിതങ്ങളെ നേരെയാക്കിയെടുക്കാമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളം അച്ചടിയില്‍ വരാന്‍പോകുന്ന വമ്പിച്ചമാറ്റം ക്ലാസിക്കല്‍ അക്ഷരരൂപങ്ങളുടെ പുനഃസ്ഥാപനത്തിനു വേഗം കൂട്ടും. മലയാളം ടൈപ്പ്‌സെറ്റിംഗിന് വ്യാപകമായി ഉപയോഗിക്കുന്ന അഡോബ് പേജ്‌മേക്കര്‍ യൂണീകോഡിലേക്കുള്ള ചുവടുവെയ്പാരംഭിച്ചിട്ട് ഒരു വര്‍ഷം കഴിയുന്നു. അഡോബ് ഇന്‍ഡിസൈന്‍ സിസി7 (Adobe InDesign CC7) ല്‍ മലയാള അക്ഷരങ്ങളുടെ രൂപപ്പെടലി (Rendering) ലുണ്ടായ അപാകതകളൊക്കെ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിലെ രജീഷ് കെ. നമ്പ്യാരുടേയും അഡോബിലെ വിനോദ് ബാലകൃഷ്ണന്റേയും ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ മലയാളത്തിന്റെ ആയിരത്തോളം വരുന്ന എല്ലാ അക്ഷരരൂപങ്ങളും അനായാസമായി പേജ് ലേഔട്ടില്‍ ആവിഷ്കക്കരിക്കാമെന്നിടത്തെത്തിയിരിക്കുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷങ്ങളായി ഡിറ്റിപിയില്‍ ചോദ്യംചെയ്യപ്പെടാതെ നിലനിന്ന ISM ഗിസ്റ്റിന്റേയും പരിഷ്കരിച്ച ലിപിയുടേയും പ്രഭവകാലം അസ്തമിക്കുകയാണ്.

സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ അനേകായിരം കമ്പ്യൂട്ടറുകളില്‍ വേഡ്‌പ്രൊസസ്സിംഗില്‍ മീര ഫോണ്ടിന്റെ പ്രായോഗക്ഷമത ഇന്ന് അംഗീരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റിലെ മലയാളം സൈറ്റുകളിലും ബ്ലോഗുകളിലും തനതുലിപിയുടെ സ്വീകാര്യത ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. സ്കൂളുകളിലും അക്ഷയകേന്ദ്രങ്ങളിലും തനതുലിപിയിലുള്ള മലയാളം കമ്പ്യൂട്ടിംഗ് പഠനം പൂര്‍വ്വാധികം വ്യാപകമാകുകയാണ്. പത്രമാസികകള്‍ പഴയ ലിപിയിലിറങ്ങാനുള്ള ഡിറ്റിപിയിലെ മുന്നൊരുക്കങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്കകം പ്രസാധനവ്യവസായത്തെ അടിമുടി മാറ്റിമറിക്കും. ഇതിനൊക്കെ ആസ്പദമായ ഭാഷാസാങ്കേതികത മലയാളത്തിന്റെ ക്ലാസിക്കല്‍ അക്ഷരങ്ങളുടെ ആവിഷ്കാരത്തിനായി പൂര്‍ണ്ണത നേടിക്കൊണ്ടിരിക്കുകയാണ്.

ആഹ്ലാദകരമായ ഇത്തരമൊരവസ്ഥ, മറ്റൊരു മേഖലയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍, സന്നിഗ്ദ്ധാവസ്ഥകളും സൃഷ്ടിക്കും. ഭാഷാസാങ്കേതികതയിലെ മാറ്റങ്ങള്‍ കണക്കാക്കാതെ പാഠപുസ്തകങ്ങള്‍ പഴഞ്ചനായ പരിഷ്കരിച്ച ലിപിയില്‍ത്തന്നെ അച്ചടിച്ചിറക്കാനുള്ള സംവിധാനങ്ങളും മനോഭാവങ്ങളുമാണ് ഇപ്പോഴുമുള്ളത് . ഈ വര്‍ഷംമുതല്‍ പരിഷ്കരിക്കാന്‍പോകുന്ന മലയാളത്തിലെ പാഠപുസ്തകങ്ങള്‍ തനതുലിപിയില്‍ അച്ചടിച്ച് ശ്രേഷ്ഠപദവിയെയും വരുംതലമുറയെയും നാം ആദരിക്കാന്‍ തയ്യാറാകണം. അതിനാവശ്യമായ എല്ലാ സാങ്കേതിക മികവും മലയാളം ഇന്ന് കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്.

ആയിരക്കണക്കിനുവരുന്ന വര്‍ഷങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് നാം ശ്രേഷ്ഠപദവി നേടിയെടുത്തത് . മലയാള അക്ഷരരൂപങ്ങളുടെ വ്യക്തമായ പരിണാമം ആരംഭിക്കുന്നത് 8-ാം നൂറ്റാണ്ടുമുതലാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. വട്ടെഴുത്തും കോലെഴുത്തും ഗ്രന്ഥമെഴുത്തും ‘നാനംമോന’വുമൊക്കെയായി മലയാള അക്ഷരങ്ങളുടെ രൂപങ്ങള്‍ പരിണമിക്കുകയും വികാസം പ്രാപിക്കുകയും ചെയ്ത ആയിരം വര്‍ഷങ്ങളില്‍ ദേവനാഗരിയിലുള്ള സംസ്കൃതഗ്രന്ഥങ്ങളുടെ മലയാളത്തിലേക്കുള്ള ലിപ്യന്തരണം കൂട്ടക്ഷരങ്ങളുടെ സമ്പന്നതയ്ക്ക് വഴിയൊരുക്കി. 1824 ല്‍ ബെഞ്ചമിന്‍ ബെയ്‌ലി അച്ചടിക്കായി ലോഹടൈപ്പുകളുണ്ടാക്കുന്നതോടെ അക്ഷരരൂപങ്ങള്‍ സ്ഥിരപ്പെടുകയും പുസ്തകപ്രസാധനത്തിലൂടെ കേരള ജനത സ്വന്തം അക്ഷരങ്ങള്‍ വ്യാപകമായി വായിക്കാനും പഠിക്കാനും ഇടവരികയും ചെയ്തു. ഭാരതീയഭാഷകളുടെ ലിപികള്‍ ബ്രഹ്മിലിപിയുടെ താവഴിയില്‍ പിറന്നതും പരിണമിച്ചതുമാണ്. സംയുക്താക്ഷരങ്ങളുടെ ഘടനയ്ക്കും വ്യജ്ഞന-സ്വരബന്ധങ്ങള്‍ക്കും ഒരു ദേശീയസ്വഭാവം കണ്ടെത്താന്‍ കഴിയും. ഈയൊരു ദേശീയതയെ മാനിച്ചുകൊണ്ടാണ് ബെയ്‌ലി മലയാള അക്ഷരങ്ങള്‍ രൂപകല്പനചെയ്തത്.

മലയാളത്തിന്റെ ക്ലാസിസ്സിസം വ്യക്തമായി അടയാളപ്പെടുന്നത് നമ്മുടെ തനതുലിപിയിലാണ്. ഒന്നരനൂറ്റാണ്ടോളം സ്വയംപൂര്‍ണ്ണമായി വ്യവസ്ഥപ്പെട്ട് പ്രചരിച്ച് മലയാളിയുടെ സ്വന്തം അക്ഷരങ്ങളായി അത് മാറുകയും ചെയ്തു. 1970 കള്‍ക്കുശേഷം പരിഷ്കരിച്ച ലിപി പ്രചാരത്തിലായെങ്കിലും 2000ത്തോടെ ക്ലാസ്സിക് അക്ഷരങ്ങളിലേക്ക് വീണ്ടും മലയാളം എത്തിപ്പെട്ടു. ഇത് പഴയതിന്റെ പുനരാവാഹനമല്ല. ഭാഷയുടെ നേര്‍രൂപങ്ങളുടെ കണ്ടെത്തലാണ്. പരിഷ്കരിച്ച ലിപിമൂലം അവ്യവസ്ഥമാക്കപ്പെട്ട ഭാഷാപഠനവും പ്രയോഗങ്ങളും നേര്‍വഴിക്കാക്കാന്‍ തനതുലിപിയേ്ക്ക കഴിയൂ എന്ന് ഭാഷാപണ്ഡിതരും സാഹിത്യകാരന്മാരും അദ്ധ്യാപകരും ഇന്ന് തിരിച്ചറിയുന്നുണ്ട്.
 
 

 
 
അക്ഷരവും വിദ്യാഭ്യാസവും
മലയാളത്തിനായി ഒരു സര്‍വ്വകലാശാല സ്ഥാപിതമായ സമയത്തു തന്നെയാണ് മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്നത് എന്നത് ശുഭസൂചകമാണ്. അക്ഷരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില ചിന്തകള്‍ ഈയവസരത്തില്‍ പ്രസക്തമാണ്. ലോകത്ത് ഏഴായിരം ഭാഷകളുള്ളതില്‍ 700 ഭാഷാസമൂഹങ്ങളില്‍ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നിലനില്ക്കുന്നുള്ളു. ഇതിന്റെ ഏകകാരണം 700 ഭാഷകള്‍ക്കേ ലിഖിതരൂപങ്ങളുള്ളൂ എന്നുള്ളതാണ്. വിദ്യാഭ്യാസവും സിലബസ്സും സ്കൂളുകളും സര്‍വ്വകലാശാലകളും നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനശില അതിനാല്‍ അക്ഷരങ്ങളാണ്. മറ്റുവിഷയങ്ങള്‍ രേഖപ്പെടുത്തുന്നതും പഠനവിധേയമാകുന്നതും തലമുറകളിലേയ്ക്ക് കൈമാറുന്നതും അക്ഷരങ്ങളിലൂടെയാണ്.

കമ്പ്യൂട്ടറിന്റെ വരവോടെ അക്ഷരങ്ങളുടെ മാദ്ധ്യമങ്ങളും പ്രയോഗങ്ങളും വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അച്ചടിക്കപ്പെടുന്നതെന്തും കമ്പ്യൂട്ടറിലൂടെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തെ മലയാളത്തിലെ കമ്പ്യൂട്ടര്‍ പ്രയോഗങ്ങള്‍ കേവലം വേഡ്‌പ്രോസസ്സിംഗിലും ഡിറ്റിപിയിലും ഒതുങ്ങിനില്ക്കുകയായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. യൂണികോഡ് മലയാളത്തിന്റെ വരവോടെ വിപുലമായ വിവരവ്യവസ്ഥകള്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മലയാളത്തിന്റെ അക്ഷരങ്ങളില്‍ത്തന്നെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. മലയാളം വിക്കിയും ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളും ഇതിന് ഉദാഹരണങ്ങളാണ്.
 
 

 
 
മാറുന്ന വായന, മാറാത്ത അക്ഷരങ്ങള്‍

കടലാസ്സിലെ അച്ചടിയും പ്രസാധനവും ഇനിയും നൂറ്റാണ്ടുകള്‍ അതേപടി നിലനില്ക്കും എന്ന വാദത്തിന് ഗൃഹാതുരത്വത്തിന്റെ പിന്‍ബലമേയുള്ളു. ഒരു ദശകത്തിനകം ലോകത്തിലെ പുസ്തകപ്രസാധനത്തിലെ വലിയൊരു പങ്ക് ഇ-ബുക്കുകളിലേയ്ക്കും ഇ-റീഡറുകളിലേയ്ക്കും ചേക്കേറും. ഇ-ബുക്കുകളുടേത് ഒരു ഹരിതസാങ്കേതികതയാണെന്നുള്ളതാണ് കാരണം. പേപ്പര്‍ പള്‍പ്പിനുവേണ്ടിയുള്ള മരങ്ങളുടേയും വനങ്ങളുടേയും വന്‍തോതിലുള്ള നശീകരണം അധികകാലം മനുഷ്യനും ഭൂമിക്കും താങ്ങാന്‍ കഴിയില്ല. ഒരു പുസ്തകം വിപണിയിലിറക്കാനുള്ള സമയവും അദ്ധ്വാനവും പണവും നൂറിലൊന്നായി ചുരുകൂന്നതും ഇ-ബുക്ക്/റീഡറുകളുടെ വര്‍ദ്ധനവിന് കാരണമാണ്. പകല്‍ വെളിച്ചത്തില്‍ കടലാസ്സില്‍ അച്ചടിക്കപ്പെട്ട അക്ഷരങ്ങളേക്കാള്‍ തെളിമയും വ്യക്തതയും ഇന്ന് ഇ-റീഡറുകള്‍ക്കുണ്ട്. അക്ഷരങ്ങളുടെ വലിപ്പം കൂട്ടാനും കുറയ്ക്കാനും പേജുകള്‍ മറിക്കാനും ബുക്ക്മാര്‍ക്ക് ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ നിരവധിയാണ്.

ഇരുട്ടില്‍ വായിക്കാന്‍ വിളക്കിന്റെ ആവശ്യവുമില്ല. അക്ഷരം ശബ്ദമായി രൂപാന്തരപ്പെടുത്തുന്ന ഇ-സ്പീക് സാങ്കേതികതയുടെ പൂര്‍ണ്ണതക്കായി മലയാളത്തിലുള്‍പ്പെടെ സാര്‍ത്ഥകമായ ഗവേഷണങ്ങള്‍ നടക്കുന്നു. കണ്ണുപയോഗിച്ച് വായിക്കാതെ കാതുകൊണ്ട് വായിക്കാന്‍/കേള്‍ക്കാന്‍ കഴിയുന്ന അവസ്ഥ ആദ്യഘട്ടത്തില്‍ ഉപകാരപ്പെടുക കണ്ണുകാണാത്തവര്‍ക്കായിരിക്കും. വായനയുടെ പരമ്പരാഗതശീലങ്ങള്‍ ഇന്റര്‍നെറ്റും ഹൈപ്പര്‍ലിക്കൃം കഴിഞ്ഞ ഒരു ദശകത്തിനകത്ത് അട്ടിമറിച്ചതിന്റെ തുടര്‍ച്ച ‘ശ്രവണപാരായണ’ത്തിലേക്ക് സംക്രമിക്കുകയാണ്. വിവരസാങ്കേതികതയുടെ ഈയൊരു മുന്നേറ്റത്തില്‍ പരമ്പരാഗതമാധ്യമങ്ങള്‍ സങ്കല്പങ്ങള്‍ക്കതീതമായി രൂപാന്തരപ്പെടുകയും പോപ്പുലറൈസ് ചെയ്യുകയും ചെയ്യുമ്പോള്‍ മാറാതെ നില്ക്കുന്ന ഒന്നേയുള്ളൂ – അക്ഷരങ്ങള്‍. അവയില്ലാതെ ഇന്‍ഫര്‍മേഷന്‍ ടെകേ്‌നാളജിയില്ല. അതിന്റെ അനന്ത സാദ്ധ്യതകളുമില്ല.

മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകാശന-വിതരണരൂപങ്ങള്‍ ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോവുകതന്നെ ചെയ്യും. അച്ചടി പ്രചാരത്തിലായപ്പോള്‍ ഓലയിലെഴുത്ത് അപ്രത്യക്ഷമായതിനേക്കാള്‍ വേഗത്തിലാണിത് സംഭവിക്കുക. അച്ചടിച്ച അക്ഷരങ്ങളെ ടെക്‌സ്റ്റ് ആയി പരിവര്‍ത്തനപ്പെടുത്തുന്ന ഓപ്റ്റിക്കല്‍ കാരക്ടര്‍ റെകഗ്നിഷന്‍ (OCR) , ഇതര ഭാരതീയഭാഷകളേക്കാള്‍ അത്യന്തം സങ്കീര്‍ണ്ണമായ പദസംയോജനങ്ങളുടേയും വര്‍ണ്ണങ്ങളുടേയും വെല്ലുവിളികള്‍ നേരിടുന്ന സെ്പല്‍ചെക്‌സിസ്റ്റം, ഇനിയും ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത യാന്ത്രിക വിവര്‍ത്തനം (Automatic Translation) . . . മലയാളം കടന്നുപോകേണ്ട വളര്‍ച്ചയുടെ പടവുകള്‍ നിരവധിയാണ്.

അക്ഷരങ്ങളുടെ കാലിഗ്രാഫിക് പാരമ്പര്യങ്ങളേയും ഇനിയും കണ്ടെത്തേണ്ട ടൈപ്പോഗ്രാഫിക് ജ്യാമിതികളേയും സംയോജിപ്പിച്ച് ഫോണ്ടുകള്‍ ഡിസൈന്‍ ചെയ്യാനുള്ള പദ്ധതികള്‍ക്ക് ഇതുവരെ തുടക്കമായിട്ടില്ല. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മലയാളഭാഷാ സാങ്കേതികതയിലുണ്ടായ വളര്‍ച്ചയില്‍ സര്‍ഗ്ഗാത്മകമായ സംഭാവനകള്‍ നല്കിയത് സര്‍ക്കാര്‍ ഏജന്‍സികളല്ല, സന്നദ്ധപ്രവര്‍ത്തകരാണ്. മലയാളം സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതെല്ലാം സമഗ്രമായി അവലോകനം ചെയ്യപ്പെടുമെന്നും ഉചിതമായ പദ്ധതികളാവിഷ്കരിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുമെന്നുമുള്ള പ്രതീക്ഷ സൈബര്‍/ ഇ-മലയാളരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടായിരുന്നു. പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സൈബര്‍ സാഹിത്യവും പഠനങ്ങളും അധികൃതരെ സ്പര്‍ശിച്ച മട്ടുകാണുന്നില്ല.

കമ്പ്യൂട്ടേഷനല്‍ ലിംഗിസ്റ്റിക്‌സിനും മലയാള അക്ഷരങ്ങളുടെ പരിപോഷണത്തിനും ഒരു ഫാക്കല്‍റ്റി മലയാളം സര്‍വ്വകലാശാലയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് ആശങ്കകള്‍ക്ക് ഇടനല്കുന്നു. ശ്രേഷ്ഠമാക്കപ്പെടുമ്പോള്‍ ലഭിക്കുന്ന കോടികളില്‍ ഒരു രൂപയുടെ പരിഗണനപോലും മലയാള അക്ഷരസാങ്കേതികതയ്ക്ക് വേണ്ടതില്ലെന്നാണോ വിദ്യാഭ്യാസവിചക്ഷണര്‍ കരുതുന്നത് ? ഇനി അഥവാ ഏതെങ്കിലും പ്രോജക്ടുകളുടെ ഭാഗമായി ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ പണം വകയിരുത്തിയാല്‍ ഏതക്ഷരങ്ങള്‍ക്കുവേണ്ടിയത് വിനിയോഗിക്കും? കാലവും സാങ്കേതികതയും മലയാളിയും തള്ളിക്കളഞ്ഞ അംഗവൈകല്യം ബാധിച്ച അക്ഷരങ്ങള്‍ക്കുവേണ്ടിയോ?

കാബിനറ്റ് ഡിസിഷനിലും നൂറുകോടിയിലുമല്ല ശ്രേഷ്ഠത തിരയേണ്ടത്. അക്ഷരങ്ങളിലാണ്. ഒരിക്കലും നശിക്കില്ലെന്ന് നാം അര്‍ത്ഥമോതുന്ന അക്ഷരങ്ങളില്‍ .

 
 
 
ലിപിയുമായി ബന്ധപ്പെട്ട് നാലാമിടം നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ദീപ ഷാജി എഴുതുന്നു: ‘ബ്യാരി’പോലാവുമോ മലയാളം?

മുഹമ്മദ് കുട്ടി എഴുതുന്നു: Manglish കൊണ്ട് മരിക്കില്ല, മലയാളം

കെ.എച്ച് ഹുസൈന്‍ എഴുതുന്നു: ലിപി കുത്തിവരയല്ല

മുഹമ്മദ് കുട്ടി എഴുതുന്നു: മലയാള ലിപി:ആശങ്കകള്‍ അസ്ഥാനത്ത്

ചന്ദ്രകാന്തന്‍ എഴുതുന്നു: മലയാളം: മാറ്റങ്ങളെ ഭയക്കുന്നതെന്തിന്?

 
 
(കടപ്പാട്: സമകാലിക മലയാളം വാരിക)

One thought on “ഭാഷ മാത്രം ശ്രേഷ്ഠമായാല്‍ മതിയോ, അക്ഷരങ്ങള്‍ വേണ്ടേ?

  1. പാഠപുസ്തകപരിഷ്കരണത്തിന്റെ ഘട്ടത്തില്‍ തീര്‍ച്ചയായും ശ്രേഷ്ടലിപിയിലേക്ക് പിന്മാറാനുള്ള സ്ഥൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങയുടെ ലേഖനം ശ്രവണപാരായണമായിട്ടെങ്കിലും എത്തേണ്ടിടങ്ങളിലേക്ക് വ്യാപരിക്കുമെന്ന് പ്രത്യാശിക്കുന്നു.
    നന്ദി.

Leave a Reply

Your email address will not be published. Required fields are marked *