പ്ലാച്ചിമട സമരത്തെ കേരളം ഒറ്റിക്കൊടുത്ത വിധം

 
 
 
 
കേരളം ഒരുമിച്ചു നിന്നെന്നു തോന്നലുണ്ടാക്കിയ പ്ലാച്ചിമടയിലെ കൊക്കകോള സമരത്തെ കേരളീയ സമൂഹം ഒറ്റിക്കൊടുത്തതിന്റെ പച്ചയായ സത്യങ്ങള്‍. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം
 
 

പ്ലാച്ചിമടയിലെ കോളവിരുദ്ധസമരത്തിന്റെ അന്ത:സത്തയ്ക്ക് വിരുദ്ധമായി കോളക്കമ്പനിക്കനുകൂലമായി സോഷ്യലിസ്റ്റ് ജനത സംസ്ഥാനപ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍ പ്രവര്‍ത്തിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതോടെ പ്ലാച്ചിമടയിലടക്കം കേരളത്തിലെ ചെറുകിട സമരമുന്നണിയിലെ സാധാരണ ജനതയുടെ മനസ്സില്‍ ഉരുത്തിരിഞ്ഞേക്കാവുന്നത് അനേകം സംശയങ്ങളാണ്. അനുദിനം അരാഷ്ട്രീയബോധം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഇടത് വലത് മുന്നണികള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് സോഷ്യലിസ്റ്റ് ജനതയിലെ വിഴുപ്പലക്കലിനെ തുടര്‍ന്ന് ഒളിപ്പിച്ചുവെച്ച സത്യങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ കോളവിരുദ്ധസമരം നേരിടുന്ന പ്രതിസന്ധിയും അതിനോട് മുഖ്യധാരാരാഷ്ട്രീയക്കാര്‍ എടുക്കുന്ന സമീപനവും എവ്വിധമാണെന്ന് പരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ്-പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം. മാധ്യമപ്രവര്‍ത്തകനായ പി.എം ജയന്‍ എഴുതുന്നു

 

 
‘മുഖ്യധാരാ രാഷ്ട്രീയക്കാരെ സൂക്ഷിക്കണം’. കേരളത്തില്‍ നടന്നുവരുന്ന ജനകീയ സമരപന്തലുകളില്‍ നാട്ടാന്‍ ഇങ്ങനെയൊരു ബോര്‍ഡ് ആവശ്യമായി വന്നിരിക്കുന്നു. ഒറ്റപ്പെട്ട സംഘടനകളും പ്രാദേശിക ന്യൂനപക്ഷവും ഉയര്‍ത്തിക്കൊണ്ടുവരുന്ന സമരങ്ങളിലേക്ക് ഏതു നിമിഷവും നുഴഞ്ഞുകയറി, നേതൃസ്ഥാനംവരെ ഏറ്റെടുത്തേക്കും ഇക്കൂട്ടര്‍. ഒടുക്കം ഒറ്റുകാരന്റെയും കൂട്ടിക്കൊടുപ്പുകാരന്റെയും വേഷമണിഞ്ഞ് വന്‍കിടകോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയും മറ്റും സമരത്തെ അപ്പാടെ പൊളിച്ചടുക്കാനുമിടയുണ്ട് ഈ മുഖ്യധാരകള്‍!

പി.എം ജയന്‍


ലോകമേറ്റെടുത്ത പാലക്കാട് പ്ലാച്ചിമടയിലെ കോളവിരുദ്ധസമരത്തിന്റെ അന്ത:സത്തയ്ക്ക് വിരുദ്ധമായി കോളക്കമ്പനിക്കനുകൂലമായി സോഷ്യലിസ്റ്റ് ജനത സംസ്ഥാനപ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍ പ്രവര്‍ത്തിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതോടെ പ്ലാച്ചിമടയിലടക്കം കേരളത്തിലെ ചെറുകിട സമരമുന്നണിയിലെ സാധാരണ ജനതയുടെ മനസ്സില്‍ ഉരുത്തിരിഞ്ഞേക്കാവുന്ന സംശയമാണ് മുകളില്‍ സൂചിപ്പിച്ചത്. അനുദിനം അരാഷ്ട്രീയബോധം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഇടത് വലത് മുന്നണികള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് സോഷ്യലിസ്റ്റ് ജനതയിലെ വിഴുപ്പലക്കലിനെ തുടര്‍ന്ന് ഒളിപ്പിച്ചുവെച്ച സത്യങ്ങള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ കോളവിരുദ്ധസമരം നേരിടുന്ന പ്രതിസന്ധിയും അതിനോട് മുഖ്യധാരാരാഷ്ട്രീയക്കാര്‍ എടുക്കുന്ന സമീപനവും എവ്വിധമാണെന്നും പരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ്.

 

അപ്പോള്‍ ഒപ്പമുണ്ടെന്ന് കോളവിരുദ്ധ സമരക്കാര്‍ കരുതിപ്പോന്നിരുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിലെ രണ്ട് വമ്പന്മാരും ഒരേ നാണയത്തിന്റെ രണ്ടുവശം പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തം. കോളവിരുദ്ധ സമരത്തില്‍ ഇപ്പോഴും സജീവമായി നിലയുറപ്പിക്കുന്നവരുടെ വിലയിരുത്തലും ഇതുതന്നെയാണ്.


 

ഒപ്പം നിന്ന സോഷ്യലിസ്റുകളും
കോളയുടെ വരുതിയില്‍

കോളവിരുദ്ധസമരത്തില്‍ ഒരു പ്രത്യേകഘട്ടം മുതല്‍ സമരത്തെ പൂര്‍ണ്ണമായി പിന്തുണച്ചിരുന്ന രാഷ്ട്രീയപാര്‍ട്ടി തന്നെ കോളകമ്പനിക്കുവേണ്ടി ഒത്താശ ചെയ്ത് സമരം പൊളിക്കാന്‍ മുന്‍കൈ എടുത്തു എന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

പ്ലാച്ചിമടയിലെ കോളക്കമ്പനി തുറപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചിരുന്നെന്നാണ് മുന്‍ എം.എല്‍.എയും സോഷ്യലിസ്റ് ജനത സീനിയര്‍ വൈസ്പ്രസിഡന്റുമായിരുന്ന കെ. കൃഷ്ണന്‍കുട്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോള്‍ വെളിപ്പെടുത്തിയത്. ‘കോളക്കമ്പനി ലെയ്സണ്‍ ഓഫീസര്‍ അഗര്‍വാളിനൊപ്പമായിരുന്നു ഈ കൂടിക്കാഴ്ച. കോളക്കമ്പനിക്ക് പകരം പഴച്ചാര്‍കമ്പനി തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്. എന്നാല്‍, കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി പഞ്ചായത്തിന്റെ പഴയ നിലപാടില്‍നിന്ന് മാറാനാവില്ലെന്ന മറുപടിയാണ് നല്‍കിയത്. കോളക്കമ്പനിക്കെതിരായ കേസില്‍ പഞ്ചായത്തിന്റെ അഭിഭാഷകനെ മാറ്റി പകരം അവര്‍ നിര്‍ദേശിക്കുന്നയാളെ നിയോഗിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ഇതിന് അവര്‍ പെരുമാട്ടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന് രണ്ടുകോടി രൂപയും ബാംഗ്ലൂരില്‍ ഫ്ളാറ്റും വാഗ്ദാനം നല്‍കിയിട്ടും കൃഷ്ണന്‍ വഴങ്ങാത്തിടത്ത് കമ്പനിയുടെ പുതിയ ആവശ്യം അംഗീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനിയുടെ ഒരു യൂണിറ്റ് പ്രതിഷേധത്തെത്തുടര്‍ന്ന് അടഞ്ഞുകിടക്കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന ന്യായവും വീരേന്ദ്രകുമാര്‍ ഉന്നയിച്ചിരുന്നു…’

കൃഷ്ണന്‍കുട്ടിയുടെ ഈ ആരോപണത്തിന് മറുപടിയെന്നോണം വീരേന്ദ്രകുമാര്‍ നടത്തിയ പത്രസമ്മേളനവും വിശകലനവിധേയമാക്കേണ്ടതാണ്. ചിറ്റൂരിലെ ഫാംഹൌസില്‍നിന്ന് കൊക്കകോളയ്ക്കുവേണ്ടി വെള്ളം വിറ്റ കെ. കൃഷ്ണന്‍കുട്ടിയാണ് ഇപ്പോള്‍ തനിക്കെതിരെ വിലകുറഞ്ഞ, നിരുത്തരവാദപരമായ ആരോപണം ഉന്നയിക്കുന്നതെന്നാണ് വീരേന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ആദിവാസികള്‍ക്ക് വെള്ളം വിറ്റിരുന്നതായും അതിന് കൊക്കകോള കമ്പനിയാണ് തനിക്ക് പണം നല്‍കിയതെന്നും പെരുമാട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ. കൃഷ്ണനോടൊപ്പം 2003 ആഗസ്ത് ഒന്നിന് നടത്തിയ പത്രസമ്മേളനത്തില്‍ കൃഷ്ണന്‍കുട്ടി സമ്മതിച്ചിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറയുന്നു. 2003 ആഗസ്ത് 2ന്റെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപ്പത്രത്തിലെ വാര്‍ത്ത ഈ ആരോപണം സ്ഥിരീകരിക്കുന്നുമുണ്ട്. ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിക്ക് ചിറ്റൂരിലെ തന്റെ കൃഷിസ്ഥലത്തെ കിണറുകളില്‍ നിന്ന് ആദിവാസി കോളനികളിയിലേക്ക് വെള്ളം വിറ്റിരുന്നുവെന്നും ഒരു ടാങ്കര്‍ ലോറി വെള്ളത്തിന് 15 രൂപയായിരുന്നു കോളക്കമ്പനി തനിക്ക് തന്നിരുന്നതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞതായും അന്നത്തെ വാര്‍ത്തയില്‍ വ്യക്തം.

അപ്പോള്‍ ഒപ്പമുണ്ടെന്ന് കോളവിരുദ്ധ സമരക്കാര്‍ കരുതിപ്പോന്നിരുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിലെ രണ്ട് വമ്പന്മാരും ഒരേ നാണയത്തിന്റെ രണ്ടുവശം പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തം. കോളവിരുദ്ധ സമരത്തില്‍ ഇപ്പോഴും സജീവമായി നിലയുറപ്പിക്കുന്നവരുടെ വിലയിരുത്തലും ഇതുതന്നെയാണ്.

 

കൃഷ്ണന്‍ കുട്ടിയുടെ ആരോപണം ശരി വെക്കുന്നതാണ് ഇന്ന് പ്ലാച്ചിമട കോളവിരുദ്ധ സമരിസമിതി നടത്തിയ വാര്‍ത്താ സമ്മേളനം. എം.പി വീരേന്ദ്രകുമാര്‍ കമ്പനിക്കു വേണ്ടി ഇടപെട്ടിരുന്നതായാണ് സമിതി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.


 

വിളയോടിയെ കണ്ടതെന്തിന്?
കൃഷ്ണന്‍ കുട്ടിയുടെ ആരോപണം ശരി വെക്കുന്നതാണ് ഇന്ന് പ്ലാച്ചിമട കോളവിരുദ്ധ സമര സമിതി നടത്തിയ വാര്‍ത്താ സമ്മേളനം. എം.പി വീരേന്ദ്രകുമാര്‍ കമ്പനിക്കു വേണ്ടി ഇടപെട്ടിരുന്നതായാണ് സമിതി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. അവരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ഐക്യദാര്‍ഢ്യസമിതിയുടെയും സമരസമിതിയുടെയും പ്രവര്‍ത്തകരുമായി ‘മാമ്പഴച്ചാര്‍ കമ്പനി’ വിഷയം സംസാരിക്കാനായി ഒരു ദിവസം കൃഷ്ണന്‍കുട്ടി വന്നിരുന്നു. അന്നുതന്നെ ഈ നിര്‍ദേശത്തെ ഏവരും തള്ളിക്കളയുകയായിരുന്നു. ഇതിനുശേഷം സമരനേതാവ് വിളയോടി വേണുഗോപാലിനെ എം.പി. വീരേന്ദ്രകുമാര്‍ പാലക്കാട് ഇന്ദ്രപ്രസ്ഥം ഹോട്ടലില്‍ വിളിപ്പിച്ചിരുന്നു. പഴച്ചാര്‍ കമ്പനി എന്ന നിര്‍ദേശത്തിന് വഴങ്ങാനായി അന്ന് വീരേന്ദ്രകുമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയുമുണ്ടായി. എന്നാല്‍ കോളയെ സംരക്ഷിക്കാനുള്ള നടപടിയുമായി യോജിക്കാനാകില്ലെന്ന് സമരക്കാര്‍ ഒന്നടങ്കം വ്യക്തമാക്കുകയായിരുന്നു. കൊക്കക്കോള വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയുടെ മുന്‍ ചെയര്‍പേഴ്സണ്‍ എന്‍.പി. ജോണ്‍സണ്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു.

പെരുമാട്ടി പഞ്ചായത്ത് പ്രസിഡണ്ടിനെ കോളക്കമ്പനി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന കാര്യം വീരേന്ദ്രകുമാര്‍ തന്നെ നേരത്തെ പല പ്രസംഗങ്ങളിലും പറഞ്ഞിരുന്നുവെന്നാണ് സമരരംഗത്തുള്ളവര്‍ പറയുന്നത്. കോളയുടെ മാമ്പഴച്ചാര്‍ അഭ്യര്‍ത്ഥന കൃഷ്ണന്‍കുട്ടി മുഖേന വന്നതെന്നാണ് നേരത്തെ പ്രചരിച്ചതെങ്കിലും പാര്‍ട്ടി പ്രസിഡന്റ് വീരേന്ദ്രകുമാര്‍ മുഖേനയാണ് ഈ അഭ്യര്‍ത്ഥന വന്നതെന്ന കെ. കൃഷ്ണന്‍കുട്ടിയുടെ ഇപ്പോഴത്തെ ആരോപണം ഏറെ ഗൌരവകരമാണെന്നാണ് കൊക്കക്കോള വിരുദ്ധ സമരപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

 

ഇതിനോടടുപ്പിച്ചാണ് ആ പാര്‍ട്ടിയുടെ നേതാവിന്റെ നിയന്ത്രണത്തിലുള്ള മുഖ്യധാരാപത്രം സമരത്തിന് ക്യാമ്പയിന്‍ സ്വഭാവത്തിലുള്ള പിന്തുണ നല്‍കിയതും. മേധാപട്ക്കറും വന്ദനാശിവയുമടക്കമുള്ള നിരവധി ദേശീയ, അന്തര്‍ദേശീയ ആക്ടിവിസ്റുകള്‍ സമരപ്പന്തലിലെത്തിയതും ലോകജല സമ്മേളനം നടത്തിയതുമൊക്കെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയ പ്രസ്തുത പത്രത്തിന് ഇക്കാലയളവില്‍ പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യതയും സര്‍ക്കുലേഷന്‍ വര്‍ധനവും ലഭിക്കുകയുണ്ടായി.


 

നിലപാടുകളിലെ
മലക്കം മറിയലുകള്‍

മലിനീകരണപ്രശ്നവും ജലചൂഷണവും മുന്‍നിര്‍ത്തി 2002ല്‍ പ്ലാച്ചിമടയിലെ ആദിവാസികളടക്കമുള്ള തദ്ദേശീയര്‍ കമ്പനിക്കെതിരെ സമരം തുടങ്ങുമ്പോള്‍ അതിനെ അംഗീകരിക്കാത്തവരായിരുന്നു ഇതേ പാര്‍ട്ടിയും അവര്‍ ഭരിക്കുന്ന പെരുമാട്ടി പഞ്ചായത്തും. പ്രദേശത്തെ പ്രമുഖനേതാവായ കൃഷ്ണന്‍കുട്ടി അന്ന് ഫാക്ടറി തൊഴിലാളികളുടെ ഭാഗത്തായിരുന്നുവെന്ന് ഇപ്പോള്‍ വീരേന്ദ്രകുമാര്‍തന്നെ സമ്മതിച്ചിരിക്കുന്നു. അന്ന് സമരക്കാര്‍ക്കെതിരെ കമ്പനിയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയോടെ കമ്പനി ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയനും സത്യാഗ്രഹം നടത്തിയിരുന്നു.

2002 ഏപ്രില്‍ 22ന് ആദിവാസിനേതാവ് സി.കെ ജാനുവിന്റെ ഉദ്ഘാടനത്തോടെയാണ് സമരം ഔദ്യോഗികമായി ആരംഭിക്കുന്നത്. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിനടുത്ത് സമയം വേണ്ടിവന്നു കൃഷ്ണന്‍കുട്ടിയും വീരേന്ദ്രകുമാറും അടക്കമുള്ളവരുടെ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിന് കമ്പനിക്കെതിരെ നിലപാട് സ്വീകരിക്കാന്‍. 2003 ഏപ്രില്‍ ഏഴിനായിരുന്നു കോളകമ്പനിയുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് പെരുമാട്ടി പഞ്ചായത്ത് തീരുമാനമെടുത്തത്. ഇതിനോടടുപ്പിച്ചാണ് ആ പാര്‍ട്ടിയുടെ നേതാവിന്റെ നിയന്ത്രണത്തിലുള്ള മുഖ്യധാരാപത്രം സമരത്തിന് ക്യാമ്പയിന്‍ സ്വഭാവത്തിലുള്ള പിന്തുണ നല്‍കിയതും. മേധാപട്ക്കറും വന്ദനാശിവയുമടക്കമുള്ള നിരവധി ദേശീയ, അന്തര്‍ദേശീയ ആക്ടിവിസ്റുകള്‍ സമരപ്പന്തലിലെത്തിയതും ലോകജല സമ്മേളനം നടത്തിയതുമൊക്കെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയ പ്രസ്തുത പത്രത്തിന് ഇക്കാലയളവില്‍ പൊതുസമൂഹത്തില്‍ വലിയ സ്വീകാര്യതയും സര്‍ക്കുലേഷന്‍ വര്‍ധനവും ലഭിക്കുകയുണ്ടായി. എന്നാല്‍ 2006ല്‍ എല്‍.ഡി.എഫ് അധികാരത്തിലേറുന്ന ഘട്ടമെത്തുമ്പോഴേക്ക് ഈ ആവേശം, പാര്‍ട്ടിക്കും പത്രത്തിനും ചോരുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് ജോണ്‍സന്‍ പറയുന്നു.

‘അന്ന് എല്‍.ഡി.എഫിലായിരുന്നു സോഷ്യലിസ്റ് ജനത. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് നേരത്തെ കോളക്കെതിരെ നിലപാടെടുത്ത വീരേന്ദ്രകുമാറും പാര്‍ട്ടിയും കോളയുടെ പുതിയ അഭ്യര്‍ത്ഥനയുമായി തങ്ങളെ സമീപിച്ചതെന്നും ജോണ്‍സണ്‍ പറയുന്നു. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ പാസാക്കാനുള്ള ഘട്ടമെത്തുമ്പോഴും വേണ്ടത്ര സഹായം വീരേന്ദ്രകുമാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പ്ലാച്ചിമടയില്‍ വന്ദനശിവയെ കൊണ്ടുവന്ന് ലോകജലസമ്മേളനം നടത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ചെലവ് വഹിച്ചത് മറ്റേതോ ഫൌണ്ടേഷനാണെന്ന ആക്ഷേപവും അന്ന് സജീവമായിരുന്നു.

ഇതിനെല്ലാം പുറമെ പിന്നീട് സമരനേതാവ് വിളയോടി വേണുഗോപാലിനെ മര്‍ദ്ദിച്ചതിന്റെയും സമരപ്പന്തല്‍ കത്തിച്ചതിന്റെയും സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസികളുടെ വീടുകള്‍ അടിച്ചുപൊളിച്ചതിന്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നത് ഇതേ നേതാവിന്റെ പാര്‍ട്ടിക്ക് നേരെയാണ്. ഇപ്പോഴാകട്ടെ പെരുമാട്ടി പഞ്ചായത്ത് സമരത്തിന് പരസ്യ പിന്തുണയും നല്‍കുന്നില്ല. കോളക്കമ്പനിയുടെ സ്വാധീനത്തില്‍ ഇവര്‍ അകപ്പെട്ടു എന്ന് വ്യക്തമാകാന്‍ വേറെ തെളിവുകളുടെ ആവശ്യമെന്തിന്?’-ജോണ്‍സണ്‍ കൂട്ടിചേര്‍ക്കുന്നു.

 

ഇത്രകാലമായിട്ടും സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പ്ലാച്ചിമടയില്‍ ഒരിക്കല്‍പോലും സന്ദര്‍ശനം നടത്താതെ പോയത് അതിന്റെ തെളിവാണ്. കേരളത്തിനു പുറത്ത് ലോകമാധ്യമങ്ങള്‍ പോലും ശ്രദ്ധിച്ച ഈ സമരത്തില്‍ ഒരിക്കല്‍പോലും പിണറായി പങ്കാളിയായിട്ടില്ല എന്നത് ഗൌരവാര്‍ഹമായ വിഷയമായി ഇന്നും നിലനില്‍ക്കുന്നു. ഇതിന്റെ പിന്നിലുള്ള ദുരൂഹത ചെറുതായെങ്കിലും വെളിവായത് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.എം. ഷാജഹാന്റെ വെളിപ്പെടുത്തലും വിക്കിലീക്സ് വെളിപ്പെടുത്തലും വന്നപ്പോഴാണ്.


 

എന്തുകൊണ്ട് പിണറായി
വിട്ടുനില്‍ക്കുന്നു?

പ്ലാച്ചിമട വിഷയത്തില്‍ ഈ പാര്‍ട്ടി മാത്രമല്ല ഇരട്ടത്താപ്പ് സ്വകരിച്ചത്. സി.പി.എമ്മിന്റെ ഉന്നത നേതൃത്വവും ഇതേ കളി കളിച്ചു. പ്രാദേശിക സി.പി.എം നേതൃത്വം കമ്പനിയിലെ തൊഴിലാളികളുടെ കാര്യം പറഞ്ഞ് ആദ്യമൊക്കെ അഴകൊഴമ്പന്‍ നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍, വി.എസ് അച്യുതാനന്ദന്‍ അധികം താമസിയാതെ സമരത്തിന് പിന്തുണ നല്‍കി. 2002 നവംബറിലാണ് പ്രതിപക്ഷനേതാവ് കൂടിയായിരുന്ന വി.എസ് പിന്തുണയുമായി രംഗത്തുവന്നത്. അതിനെതുടര്‍ന്നാണ് മുന്‍ പാലക്കാട് എം.പി എന്‍.എന്‍. കൃഷ്ണദാസിന്റെ മുന്‍കൈയില്‍ ഡി.വൈ.എഫ്.ഐ സമരത്തെ പിന്തുണച്ചത്. പിന്നീട് വി.എസ് പ്ലാച്ചിമട സമരപന്തല്‍ സന്ദര്‍ശിച്ചെങ്കിലും പാര്‍ട്ടി ഔദ്യോഗിക പക്ഷം സമരത്തെ വേണ്ടത്ര പ്രോത്സാഹിപ്പിച്ചിരുന്നില്ല.

പല ഘട്ടങ്ങളിലും, പരോക്ഷമായി സമരവികാരത്തെയും കോളയ്ക്കെതിരായ നീക്കത്തെയും തടയിടാനാണ് പിണറായിയും കോര്‍പ്പറേറ്റ് മൂലധനത്തോട് സന്ധിയാകാമെന്ന് പറയുന്ന അദ്ദേഹത്തിന്റെ സഹപാര്‍ട്ടിനേതാക്കളും ശ്രമിച്ചതെന്നതാണ് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. പ്ലാച്ചിമടയില്‍ സമരം നടക്കുന്നതിനിടയില്‍ കോളയുമായി ബന്ധപ്പെട്ട ഒരു കാര്യം തിരക്കാനായി പിണറായി വിജയന്‍ വിളിപ്പിച്ച കാര്യം വി.എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ കെ.എം. ഷാജഹാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘വി എസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന വേളയില്‍ ഒരിക്കല്‍ മാത്രമാണ് പിണറായി എന്നെ വിളിപ്പിച്ചത്. അന്ന് ഞായറാഴ്ചയായിരുന്നു. കൊക്കകോള വിതരണം ചെയ്ത വളത്തില്‍ മാരകവിഷം അടങ്ങിയിട്ടുണ്ടെന്ന ബി.ബി.സി റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ വിവരം ചില മാധ്യമങ്ങളെ അറിയിക്കാനും മറ്റുമായി ഞാന്‍ ഓഫീസില്‍ വന്നിരുന്നു. അതിനിടയിലാണ് ഓഫീസിലേക്ക് എ.കെ.ജി സെന്ററില്‍നിന്ന് പിണറായി വിജയന്റെ ഫോണ്‍ വന്നത്. കോളയുമായി ബന്ധപ്പെട്ട എന്തെങ്കിലും വാര്‍ത്ത വന്നിട്ടുണ്ടോ എന്നായി ഫോണില്‍ അദ്ദേഹത്തിന്റെ ചോദ്യം. അത് എല്ലാവരെയും അറിയിക്കുകയായിരിക്കും എന്നായി പിന്നീടുള്ള ചോദ്യം. കൊക്കകോളയെ സംബന്ധിച്ച് ഇത്തരം വാര്‍ത്തകള്‍ ശരിയായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ശരിയാണെന്ന് മറുപടി പറഞ്ഞു. അത് നല്ല ഇടപെടലായി എനിക്ക് തോന്നിയില്ല’- കെ എം ഷാജഹാന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഏപ്രില്‍ 11ള്‍17)

പിന്നീട് പുറത്തുവന്ന ‘വിക്കിലീക്സ്’ വെളിപ്പെടുത്തല്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ചെന്നൈയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനുമായി പിണറായി വിജയന്‍ സംസാരിച്ചതായ രഹസ്യവിവരമാണ് വിക്കിലീക്സ് പുറത്തുവിട്ടത്. സി.പി.എം നേതാക്കളുടെ അമേരിക്കന്‍ വിരുദ്ധതയും കോര്‍പ്പറേറ്റ് വിരുദ്ധതയും പൊള്ളത്തരമാണെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ ആ രേഖകളിലൂടെ മലയാളികള്‍ വായിച്ചു. പ്ലാച്ചിമടയിലെ കൊക്കകോള സമരം വെറും പ്രാദേശികസമരം മാത്രമായിരുന്നു എന്ന് പിണറായി പറഞ്ഞതായാണ് വിക്കിലീക്സ് വെളിപ്പെടുത്തിയത്. സി.പി.എം എന്ന പാര്‍ട്ടിയ്ക്ക് പ്രത്യക്ഷത്തില്‍ പങ്കില്ലെങ്കിലും ഡി.വൈ.എഫ്.ഐയും പാര്‍ട്ടി നേതാവ് എന്‍.എന്‍. കൃഷ്ണദാസും സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനുമൊക്കെ നിരവധി തവണ ഇടപെട്ട കോളസമരത്തെയാണ് വെറും പ്രാദേശിക വിഷയമാക്കി പിണറായി ചുരുക്കിക്കാട്ടിയത്.

 

2007ല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്ലാച്ചിമടയിലെ സത്യാഗ്രഹപന്തല്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും പിന്നീട് ആത്മാര്‍ത്ഥമായ ഒരു ഇടപെടലും നടത്തിയില്ല. പ്രശ്നം പഠിക്കാന്‍ നിയോഗിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയില്‍ അംഗമായിരിക്കെ വിഷയം നന്നായി മനസ്സിലാക്കിയിട്ടും രമേശ് ചെന്നിത്തല സമരത്തെ അവഗണിക്കുകയായിരുന്നു.


 

മുട്ടിലിഴയുന്ന
കോണ്‍ഗ്രസ്സ്

യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ രാഷ്ട്രീയലാഭത്തിനുവേണ്ടി ചില നീക്കങ്ങള്‍ നടത്തിയതല്ലാതെ അവസാനഘട്ടമെത്തുമ്പോള്‍ കോളയുടെ വരുതിയില്‍ വാലാട്ടി നില്‍ക്കുകയായിരുന്നു. 2007ല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്ലാച്ചിമടയിലെ സത്യാഗ്രഹപന്തല്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും പിന്നീട് ആത്മാര്‍ത്ഥമായ ഒരു ഇടപെടലും നടത്തിയില്ല. പ്രശ്നം പഠിക്കാന്‍ നിയോഗിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയില്‍ അംഗമായിരിക്കെ വിഷയം നന്നായി മനസ്സിലാക്കിയിട്ടും രമേശ് ചെന്നിത്തല സമരത്തെ അവഗണിക്കുകയായിരുന്നു.

സ്ഥാപിത താല്‍പ്പര്യമൊന്നുമില്ലാതെ സമരത്തിനെ പിന്തുണക്കുകയും പല ഘട്ടത്തില്‍ സഹായം ചെയ്യുകയും ചെയ്ത വി.എം. സുധീരനെയും വി.സി. കബീറിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ പിന്തുണ കോണ്‍ഗ്രസ്സില്‍ നിന്നുണ്ടായിട്ടില്ല. ഇടതുവലതുമുന്നണിയിലെ പ്രബല കക്ഷികള്‍ ഇത്തരത്തില്‍ സമരത്തിനോട് അഴകൊഴമ്പന്‍ സമീപനമെടുത്തിട്ടും സമരസമിതിയുടെയും പ്രാദേശിക ജനതയുടെയും സമ്മര്‍ദ്ദത്തിന്റെ ഫലയമായി പ്ലാച്ചിമടയിലെ കോളക്കമ്പനി സൃഷ്ടിച്ച മലിനീകരണപ്രശ്നവും കുടിവെള്ളപ്രശ്നവും പഠിക്കാന്‍ 2009 ഏപ്രില്‍ ഒമ്പതിന് കെ. ജയകുമാര്‍ അധ്യക്ഷനായ സമിതി നിലവില്‍ വന്നു.

2010 മാര്‍ച്ച് 22നാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്മേല്‍ യാതൊരു നടപടിയും തുടര്‍ന്നും സര്‍ക്കാര്‍ എടുക്കാത്തത് വീണ്ടും സമരത്തിന് കാരണമായി. 2011 ഫെബ്രുവരി 24ന് നിയമസഭയില്‍ ഏകകണ്ഠമായി പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ പാസാക്കിയത് അതിനെതുടര്‍ന്നാണ്. സമരസമിതിയുടെയും ഐക്യദാര്‍ഢ്യസമിതിയുടെയും മറ്റ് നിരവധി പേരുടെയും ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് ഇടതുസര്‍ക്കാരിന്റെ അവസാനകാലയളവില്‍ ബില്‍ പാസാക്കിയതെങ്കിലും പിന്നീട് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തില്‍ അയക്കുകയും നടപടിക്രമങ്ങള്‍ നീണ്ടുപോകുകയുമായിരുന്നു. വിവിധ മന്ത്രാലയങ്ങളിലൂടെ കടന്നുപോയ ബില്‍ രാഷ്ട്രപതിയുടെ മുമ്പിലെത്തുന്നതിനു മുമ്പ് മരവിപ്പിക്കപ്പെട്ടതോടെ അതിനു പിന്നില്‍ കോളകമ്പനിയാണെന്ന് വ്യക്തമായി.

കോണ്‍ഗ്രസ് കോളയ്ക്കുമുന്നില്‍ എങ്ങനെ മുട്ടിലിഴയുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പില്‍ക്കാല അനുഭവങ്ങള്‍. വീണ്ടും സമരക്കാരും മറ്റും മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും നേരില്‍ കണ്ട് കാര്യം ബോധിപ്പിച്ചു. അതിനിടയില്‍ ബില്‍ അട്ടിമറിക്കാനായി കോളകമ്പനി തയ്യാറാക്കിയ നിയമോപദേശം കേന്ദ്രസര്‍ക്കാരില്‍ എത്തിയത് ഏറെ ഒച്ചപ്പാടിനിടയാക്കി. കോളയുടെ നിയമോപദേശത്തിനു മുന്നില്‍ കീഴടങ്ങിയ കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ നിയമസാധുത ഒന്നുകൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലേക്ക് കത്തയച്ചു (ബില്‍ മടക്കിയയക്കലിന് തുല്യം).

എന്നാല്‍ അത്തരമൊരു കത്തിന് ഉടന്‍ മറുപടി തയ്യാറാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വല്ലാത്ത അമാന്തം കാട്ടാന്‍ തുടങ്ങിയതോടെ കോളകമ്പനിയുടെ ഇടപെടല്‍ കേന്ദ്രം കടന്ന് കേരളത്തിലേക്ക് വീണ്ടും വ്യാപിക്കുകയായിരുന്നു. സമരസമിതി നേതാവ് വിളയോടി വേണുഗോപാലും സംഘവും നിരവധി തവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും കണ്ടെങ്കിലും ഒന്നിനും വേഗം കൈവരാതെ വന്നപ്പോഴാണ് കോളകമ്പനിയിലേക്ക് ശക്തമായ മാര്‍ച്ച് നടത്താന്‍ പ്ലാച്ചിമട ഐക്യദാര്‍ഡ്യസമിതി തീരുമാനിച്ചത്. ‘കോളകമ്പനിയുടെ ആസ്തി പിടിച്ചെടുക്കല്‍’ എന്ന മുദ്രാവാക്യവുമായി നടത്തിയ മാര്‍ച്ചില്‍ സ്ഥലത്തെ ആദിവാസികള്‍ അടക്കം അഞ്ഞൂറില്‍പ്പരം പേര്‍ പങ്കെടുത്തിരുന്നു. ഒടുക്കം, മാര്‍ച്ചില്‍ പങ്കെടുത്ത്, കൊക്കക്കോളയുടെ ആസ്തികള്‍ കണ്ടുകെട്ടിയ 20 ഓളം പേരെ അറസ്റ് ചെയ്താണ് സമരത്തോട് സര്‍ക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജഡ്ജ് ജാമ്യം അനുവദിച്ചെങ്കിലും സമരക്കാര്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുന്നതുവരെ അവര്‍ തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ നിരാഹാരം കിടക്കാനും തീരുമാനിച്ചു.

ഇത്രയും സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ നേരത്തെ കോളക്കെതിരെ വാര്‍ത്താ ക്യാമ്പയിന്‍ ചമച്ച പത്രമടക്കം മാധ്യമങ്ങളും പൊതുസമൂഹവും കോലാഹലവുമായി രംഗത്തുവരുമെന്നും വിഷയത്തില്‍ കേരളസര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം കൈകൊള്ളുമെന്നുമാണ് കരുതിയതെങ്കിലും അവിടെയും ഇവിടെയും ചില ഒറ്റപ്പെട്ട വാര്‍ത്തകള്‍ വന്നതല്ലാതെ വേണ്ടത്ര ഗൌരവത്തില്‍ മാധ്യമങ്ങള്‍ ആരുംതന്നെ ഇതിനെ എടുത്തില്ല. ഇതിനെല്ലാമപ്പുറം ഇടതുസര്‍ക്കാര്‍ പാസാക്കിയ സ്വന്തം ബില്‍ നിയമമാക്കുന്നതിനുവേണ്ടി ചിലര്‍ സമരം നടത്തുമ്പോള്‍ അതിനെ പിന്തുണക്കാനോ ജയിലില്‍ നിരാഹാരം കിടക്കുന്നവരെ ഒന്നു കാണാനോ സി.പി.എമ്മിന്റെ സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍ പോയിട്ട് തൃശൂരിലെ ലോക്കല്‍ നേതാവുപോലും വന്നില്ല. സി.പി.ഐ നേതാക്കളും മുന്‍ ജലവിഭവമന്ത്രി എം.കെ. പ്രമേചന്ദ്രനും വി.എം. സുധീരനെപോലുള്ള കോണ്‍ഗ്രസുകാരും ബി.ജെ.പി നേതാവുമൊക്കെ ജയില്‍ സന്ദര്‍ശിച്ചപ്പോഴും സി.പി.എമ്മിന് അതിന് കഴിയാതെ പോയതാണ് ഏവരെയും ഞെട്ടിച്ചത്. നാഴികയ്ക്ക് നൂറുവട്ടം അമേരിക്കന്‍ സാമ്രാജ്യത്വമെന്നും കോര്‍പ്പറേറ്റ് മൂലധനമെന്നും പറഞ്ഞുനടക്കുന്ന ഇവര്‍ എന്തുകൊണ്ട് ഈ സമരത്തെ അവഗണിച്ചു എന്നത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ പഠിക്കേണ്ട വിഷയം.

 

'സമരത്തെ പൊളിക്കാന്‍ രാഷ്ട്രീയക്കാരെയും അതുവഴി സമരത്തിനകത്തെ നേതാക്കളെയും വരെ അവര്‍ വിലയ്ക്കെടുക്കാന്‍ നോക്കിയിട്ടുണ്ട്. വീരേന്ദ്രകുമാറും മറ്റും കോളയുടെ വരുതിയില്‍ വീഴുകയും മാമ്പഴച്ചാര്‍ കമ്പനിയെന്ന കോളയുടെ അഭ്യര്‍ത്ഥനയുമായി വന്നതുമായ ഘട്ടത്തില്‍ അതുവരെ സമരത്തിലുണ്ടായിരുന്ന ചിലരുടെ നിലപാടിലും വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു'-ജോണ്‍സണ്‍ പറയുന്നു.


 

കോര്‍പ്പറേറ്റുകള്‍
ജനാധിപത്യത്തില്‍ ഇടപെടുന്നു

ആഗോളവത്ക്കരണകാലത്ത് ലോകത്താകമാനം സാമ്രാജ്യത്വ/കോര്‍പ്പറേറ്റ് കൂട്ടുകെട്ടുകള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് രാഷ്ട്രീയക്കാരെയും അതുവഴി ജനാധിപത്യഘടനയെയും സ്വാധീനിക്കുന്നു എന്നത് അദ്ഭുതമല്ല. കേരളത്തില്‍ അത്തരത്തില്‍ ഒരു സമരത്തെ എങ്ങനെയാണ് അട്ടിമറിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിച്ചത് എന്നതിന്റെ തെളിവാണ് പ്ലാച്ചിമട.

‘സമരത്തെ പൊളിക്കാന്‍ രാഷ്ട്രീയക്കാരെയും അതുവഴി സമരത്തിനകത്തെ നേതാക്കളെയും വരെ അവര്‍ വിലയ്ക്കെടുക്കാന്‍ നോക്കിയിട്ടുണ്ട്. വീരേന്ദ്രകുമാറും മറ്റും കോളയുടെ വരുതിയില്‍ വീഴുകയും മാമ്പഴച്ചാര്‍ കമ്പനിയെന്ന കോളയുടെ അഭ്യര്‍ത്ഥനയുമായി വന്നതുമായ ഘട്ടത്തില്‍ അതുവരെ സമരത്തിലുണ്ടായിരുന്ന ചിലരുടെ നിലപാടിലും വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു’-ജോണ്‍സണ്‍ പറയുന്നു.

‘പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി കണ്‍വീനറും സി.പി.ഐ പ്രതിനിധിയുമായിരുന്ന ആര്‍. അജയനെ കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റുന്നത് ഈ സമയത്താണ്. പല ഘട്ടത്തിലും കോളവിരുദ്ധസമരത്തെ മയപ്പെടുത്താനുള്ള അജയന്റെ ശ്രമം തിരിച്ചറിഞ്ഞാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. മാമ്പഴച്ചാര്‍ കമ്പനി വരണമെന്നാവശ്യപ്പെട്ട് വര്‍ഗീസ് തൊടുപറമ്പിലെന്ന പരിസ്ഥിതി പ്രവര്‍ത്തകനും രംഗത്തുവന്നിരുന്നു. പാലക്കാട്ടെ മാമ്പഴകൃഷിക്കാരെ (ഭൂഗര്‍ഭജലം ഊറ്റിയെടുത്തതിനാല്‍ കുടിവെള്ളം മുട്ടിയ സ്ഥലത്താണ് എത്രയോ വെള്ളം വേണ്ട ജ്യൂസ്ഫാക്ടറിയുമായി വെള്ളമൂറ്റിയ അതേ കോളക്കമ്പനി വരുന്നത്!) സംഘടിപ്പിച്ചായിരുന്നു തൊടുപറമ്പിലിന്റെ നീക്കം. ഇത്തരം പ്രതിസന്ധികളെ ശക്തമായി പ്രതിരോധിച്ചാണ് സമരം മുന്നോട്ടു പോയത” ജോണ്‍സണ്‍ പറയുന്നു.

രാജ്യത്തിന്റെ നയം തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകളാകുമ്പോള്‍ ഇടതോ വലതോ എന്ന രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായുകയും പണത്തിന്റെയും സ്ഥാപിതതാല്‍പ്പര്യത്തിന്റെയും ഒരൊറ്റ രാഷ്ട്രീയം ഉയരുകയും ചെയ്യുന്നു. 2006 ല്‍ അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ അതിനേറ്റവും വലിയ തെളിവാണ്. പുത്തന്‍ കോര്‍പ്പറേറ്റ് വ്യവസായികളെ പിണക്കാതെ കാര്യങ്ങള്‍ നടത്തിക്കാന്‍ എല്ലാ രാഷ്ട്രീയക്കാരുടെയും ഇഷ്ടതോഴരായി തൊണ്ണൂറുകള്‍ക്കുശേഷം ചില ഉദ്യോഗസ്ഥര്‍ രൂപം കൊണ്ടിരുന്നു. അതിലൊരാളാണ് ഇടത് വലത് ഭരണകാലത്ത് ഒരു സ്ഥാനചലനവും സംഭവിക്കാതെ കേരളത്തില്‍ വ്യവസായവകുപ്പ് സെക്രട്ടറിയായി നിലയുറപ്പിച്ച ടി. ബാലകൃഷ്ണന്‍. യു.ഡി.എഫ് മാറി എല്‍.ഡി.എഫ് അധികാരത്തിലേറിയപ്പോഴും അദ്ദേഹം തന്നെ തുടര്‍ന്നത് വെറുതെയായിരുന്നില്ല.

പ്ലാച്ചിമടയിലെ കോളകമ്പനി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സൃഷ്ടിച്ച നാശനഷ്ടം പഠിക്കാന്‍ കെ. ജയകുമാര്‍ ഐ.എ.എസ് തലവനായുള്ള ഉന്നതാധികാര സമിതിയെ വച്ചതിനുശേഷം എല്‍.ഡി.എഫ് സര്‍ക്കാരിന്റെതന്നെ വ്യവസായവകുപ്പ് സെക്രട്ടറിയായ ബാലകൃഷ്ണന്‍ കോളയ്ക്ക് അനുകൂലമായി നിലപാട് എടുത്തത് ഏറെ ചര്‍ച്ചയ്ക്ക് കാരണമായി. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ മുഖ്യമന്ത്രി വി.എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു.

എന്നാല്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ ഒരു വികസന സെമിനാറില്‍ കോളയെ ന്യായീകരിച്ച് ബാലകൃഷ്ണന്‍ പ്രസംഗിച്ചു. ഇതിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചുട്ട മറുപടിയും കൊടുത്തു. കോളയ്ക്കു വേണ്ടി ബാലകൃഷ്ണന്റെ കളി അതുകൊണ്ടും തീര്‍ന്നില്ല.

കോള പോലുള്ള വന്‍കിട കമ്പനിയില്‍ നിന്ന് ഇത്തരത്തില്‍ നഷ്ടപരിഹാരം ഈടാക്കുന്നത് ശരിയല്ലെന്ന തരത്തിലുള്ള നോട്ട് ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ വ്യവസായവകുപ്പ് ചാര്‍ത്തികൊടുത്ത നടപടിയായിരുന്നു രണ്ടാമത്തേത്. വകുപ്പ് സെക്രട്ടറി ബാലകൃഷ്ണന്റെ ഈ നടപടിക്കെതിരെ പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ്. ഫെയ്സി പരസ്യമായി രംഗത്തുവന്ന് വിശദീകരണം നടത്തിയതോടെ രണ്ടാമത്തെ ഇടപെടലും പൊളിഞ്ഞു. ഇത്തരത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ട്രിബ്യൂണല്‍ ബില്‍ പാസാക്കിയതെന്ന് നാമോര്‍ക്കണം. കോളയ്ക്കു വേണ്ടിയുള്ള ഈ അമിതഭക്തി എല്‍.ഡി.എഫിലും യു.ഡി.എഫിലും (കെ.എം. മാണി അന്ന് ബില്ലിനെ എതിര്‍ത്തിരുന്നു) ഒരേ പോലെ പ്രകടമായിരുന്നു എന്ന് സാരം. ഇതേ ബാലകൃഷ്ണനായിരുന്നു കോളയുടെ പുതിയ അഭ്യര്‍ത്ഥന നടപ്പാക്കാന്‍ താല്‍പ്പര്യമെടുത്തതെന്നും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അന്നത്തെ വ്യവസായനയം കൂടിയാണ് കോളയുടെ മാമ്പഴച്ചാര്‍ ഫാക്ടറി എന്ന നിര്‍ദേശം.

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് പ്രസിഡന്റിന്റെ അനുമതി ലഭിക്കാത്തതില്‍ കോളയുടെ താല്‍പ്പര്യം നടപ്പാക്കാന്‍ ഇത്രമാത്രം കഷ്ടപ്പെടുന്ന നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒട്ടും വേവലാതിയില്ല. നിയമസഭ പാസാക്കിയ ഒരു ബില്ലിനെയാണ് കോളയുടെ (സ്വകാര്യകമ്പനി) നിയമോപദേശത്തിന്റെ പുറത്ത് കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്ന ബില്ലിന്റെ പകര്‍പ്പ് പ്രസിഡന്റിന്റെ ഓഫീസിലെത്തിയിട്ടില്ല. ഇത്ര അമാന്തം എന്തുകൊണ്ടെന്ന ആശങ്ക ഒരു ജനപ്രതിനിധികള്‍ക്കുമില്ലേ? കോളകമ്പനിയ്ക്കു മീതെ ഒരു ബില്ലും പറക്കില്ല എന്നാണോ അര്‍ത്ഥം?

എത്ര ചെറിയ സന്നദ്ധസംഘടനയും പ്രാദേശിക കൂട്ടവും ന്യായമായ സമരം ചെയ്താലും അതിനെ മൂര്‍ത്തമായ രാഷ്ട്രീയവിഷയമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതും പരിഹാരം കാണേണ്ടതും ജനാധിപത്യഘടനയില്‍ നിര്‍ണ്ണായകപങ്കു വഹിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളാണ്. പ്ലാച്ചിമടയിലെ ജനതയുടെ നീറുന്ന വിഷയത്തില്‍ ‘പഠനം നടത്തി ബില്ല് പാസാക്കി’ എന്ന സാഹസികമായ നടപടിയിലേക്ക് നിയമസഭ എത്തിയെങ്കിലും അതിനിടയിലുണ്ടായ സമ്മര്‍ദ്ദവും ഉള്‍പ്പിരിവുകളുമാണ് ഇവിടെ വിശദമാക്കിയത്. എന്നാല്‍ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്ന ബില്ല് അന്തിമവിജയം കോര്‍പ്പറേറ്റുകള്‍ക്കോ അതോ ജനങ്ങള്‍ക്കോ എന്ന സംശയം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

 
 
 
 
എന്തുകൊണ്ട് ഞങ്ങള്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയി?

(ജാഗ്രതയുടെ കേരളീയം പ്രസിദ്ധീകരിച്ച ലേഖനം)

One thought on “പ്ലാച്ചിമട സമരത്തെ കേരളം ഒറ്റിക്കൊടുത്ത വിധം

  1. ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ആണ് കൊക്കോകോള കമ്പനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് നളിനിക്ക് കേന്ദ്ര ഗോവെര്‍മെന്റില്‍ നമ്മുടെ ഇരുപതു എം പി മാരെകാളും നൂറ്റിനാല്പത് എം .എല്‍ എ മാരെകാളും സ്വാധീനം ഉണ്ട് പോലും .ദയനീയമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ .

Leave a Reply

Your email address will not be published. Required fields are marked *