സൈബര്‍ കങ്കാണിമാരും ഐ.ടി തൊഴില്‍ ബന്ധങ്ങളും

 
 
 
 
ഐ.ടി മേഖലയിലെ തൊഴില്‍ ബന്ധങ്ങളും അത് തൊഴില്‍ കമ്പോളത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും. സജികുമാര്‍. എസ് എഴുതുന്നു
 
 
തൊഴിലാളിയ്ക്ക് തൊഴിലിന്റെമേല്‍ നിയന്ത്രണങ്ങളില്ലാതാവുകയും കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിയ്ക്കപ്പെടുന്ന ‘മനുഷ്യ റോബോട്ടു’കളായി തീരുകയും ചെയ്യും. ഇത് തൊഴില്‍ തരം താഴ്ത്താനിടയാക്കുന്നു. കൂടാതെ, വ്യക്ത്യധിഷ്ഠിതമായതും മത്സരാധിഷ്ഠിതവുമായ രീതികളിലൂടെയാണ് ഐ ടി- ഐ ടി അനുബന്ധ മേഖലകളിലെ ജോലികളില്‍ ശമ്പളം നിശ്ചയിക്കപ്പെടുന്നത്. ഇത് നിലവിലുള്ള ‘നിലവാര’മുള്ള ജോലികളിലെ (standard employment) സ്കെയില്‍ പ്രകാരമുള്ളതും തുല്യ നീതി ഉറപ്പ് വരുത്തുന്നതുമായ രീതികളില്‍ നിന്നും വ്യത്യസ്തവും ചൂഷണാധിഷ്ഠിതവുമാണ്. ഇതു വഴി മികച്ചതല്ലാത്തതോ മാനേജ്മെന്റിന് അനഭിമതരോ ആയ ജീവനക്കാരെ തഴയാനും പുറത്താക്കാനും കമ്പനിക്ക് എളുപ്പമാവുന്നു. ഇന്ത്യന്‍ ഭരണ കൂടങ്ങള്‍ ഐ ടി മേഖലയ്ക്ക് നല്കുന്ന പ്രത്യേക പരിഗണനയും പദവിയും കാരണം നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയും ചെയ്യുന്നു. ഈ മേഖലയില്‍ മികച്ച തൊഴില്‍ സംഘടനകള്‍ രൂപീകരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഭിന്നിപ്പിച്ച് ഭരിയ്ക്കുന്ന തരത്തിലുള്ള മാനേജ്മെന്റ് രീതികള്‍ വിഘാതമാണ്-സജികുമാര്‍. എസ് എഴുതുന്നു

 
 

 
 
സേവന മേഖലയെ മുന്‍നിര്‍ത്തിയുള്ള ഒരു വളര്‍ച്ചാ ക്രമമാണ് (service led growth) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേടിയെടുത്തിരoക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (Gross Domestic Product GDP) അറുപത് ശതമാനത്തോളം സംഭാവന ചെയ്യുന്നത് സേവന മേഖലയാണ്. 1990 കള്‍ക്ക് ശേഷമുണ്ടായ സേവന മേഖലകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ സ്വാഭാവിക പരിണിതികളാണ് വിവര സാങ്കേതിക വിദ്യയുടെ വ്യാപനവും അതിന്റെ ആഴത്തിലുള്ള പ്രയോഗവും അവയുടെ കമ്പോളവല്കരണവും.

സജികുമാര്‍. എസ്


ഇന്ത്യയിലെ വിവര സാങ്കേതിക വിദ്യ- സാങ്കേതിക വിദ്യാനുബന്ധിയായ സേവന വ്യവസായങ്ങള്‍ (IT-IT Enabled Services) ) പുതിയ ഇടത്തരം മുതലാളിമാരെയും പുതിയ സംരംഭക വര്‍ഗ്ഗത്തെയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എകദേശം ആറ് ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഐ.ടി -ഐ ടി അനുബന്ധ വ്യവസായങ്ങളാണ്. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 14 ശതമാനവും സേവന മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 10 ശതമാനവും വരും. കൂടാതെ, ഈ മേഖലയില്‍ എകദേശം 30 ലക്ഷം പേര്‍ തൊഴില്‍ ചെയ്യുന്നു എന്നും കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു. കേന്ദ്ര ഐ.ടി മന്ത്രാലയം നാസ്കോം (National Association of Software and Services Companies) പുറത്ത് വിട്ട കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ ഒരു മികച്ച തൊഴില്‍ ദാതാവായും അതു വഴി ഇന്ത്യയുടെ തിളങ്ങുന്ന വ്യവസായമായും ഐ ടി -ഐ ടി അനുബന്ധ മേഖലയെ വിശേഷിപ്പിക്കുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിച്ചിട്ടുള്ള ഐ ടി പാര്‍ക്കുകളും അവര്‍ നടപ്പിലാക്കിയ ഐ ടി നയങ്ങളും ഇന്ത്യയില്‍ ഐ ടി വ്യവസായത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഐ ടി കമ്പനികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ടതും നല്‍കപ്പെട്ടതുമായ നികുതിയിളവുകളും മറ്റ് ഇളവുകളും (വൈദ്യുതി, ഭൂമി തുടങ്ങിയവ) ഇതു വരെ മറ്റൊരു വ്യവസായത്തിനും ലഭിക്കാത്തതാണ്. ഇതിനു പുറമേ, മലിനീകരണം ഉണ്ടാക്കാത്തതും പരിസ്ഥിതി സൌഹൃദവുമാണെന്ന വാദവും തൊഴിലാളി കേന്ദ്രീകൃത വ്യവസായമെന്ന ലേബലും ഐ ടി വ്യവസായത്തിന് ഒരു ജനകീയ പരിവേഷം നല്‍കിയിട്ടുണ്ട്. കേരളം പോലെ, അഭ്യസ്തവിദ്യരുടെ ഉയര്‍ന്ന തൊഴിലില്ലായ്മ, പരിമിതമായ ഭൂലഭ്യത, ഉയര്‍ന്ന ടെലിഫോണ്‍/മൊബൈല്‍/ഇന്റര്‍നെറ്റ് സാന്ദ്രത എന്നിവയുള്ള കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായമായാണ് ഇടത് പക്ഷം പോലും ഇതിനെ കണക്കാക്കുന്നത്. ഒരു പരിധി വരെ അത് ശരിയുമാണ്. ഐ.ടി മേഖലയിലെ തൊഴില്‍ ബന്ധങ്ങളും അത് തൊഴില്‍ കമ്പോളത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് ഈ ലേഖനം അപഗ്രഥിയ്ക്കാന്‍ ശ്രമിക്കുന്നത്.

 

 
ഇന്ത്യന്‍ ഐ ടി വ്യവസായത്തിന്റെ
ഘടനയും സ്വഭാവവും

ഇന്ത്യയിലെ ഐ ടി വ്യവസായ മേഖലയിലെ കമ്പനികളില്‍ 74 ശതമാനവും ചെറുകിട കമ്പനികളാണ്. ചെറുകിട കമ്പനികള്‍ക്ക് ഒരു കോടിയില്‍ താഴെ മാത്രമായിരിക്കും വാര്‍ഷിക വരുമാനം. കൂടാതെ, ഇടത്തരം കമ്പനികള്‍ 10 ശതമാനവും വന്‍ കിട കമ്പനികള്‍ 7.4 ശതമാനവുമാണുള്ളത്. ഇവയ്ക്ക് പുറമെ 8 ശതമാനം ഇന്‍സ്റിറ്റ്യൂഷണല്‍ കമ്പനികളുമുണ്ടെന്ന് നാസ്കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ ടി കമ്പനികളുടെ ഘടനയോ വലുപ്പമോ ഉടമസ്ഥതയോ വ്യത്യാസപ്പെട്ടിരിക്കാം. എന്നാല്‍, കമ്പനികളില്‍ ബഹു ഭൂരിപക്ഷവും കയറ്റുമതി അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്നവയാണ്.

അതായത്, സോഫ്റ്റ് വെയര്‍ കമ്പനികള്‍, ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ പുറം കരാര്‍ കമ്പനികള്‍ (Business Process Outsourcing BPO), മറ്റ് സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനികള്‍ തുടങ്ങി ഐ. ടി -ഐ ടി അനുബന്ധ മേഖലകളിലെ ഏറിയ പങ്കും കമ്പനികള്‍ പുറം കരാര്‍ പണികള്‍ (Outsourced work) ഏറ്റെടുത്ത് ചെയ്യുന്നവരാണ്. സ്വന്തം കമ്പനികളിലെ കാമ്പുള്ള (core) ജോലികള്‍ക്ക് പുറമേയുള്ള സഹായ സേവനങ്ങള്‍ മൂന്നാം പാര്‍ട്ടി സേവന ദാതാക്കള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്ന രീതിയാണ് ‘ഔട്ട്സോഴ്സിംഗ് ‘ എന്ന പേരിലറിയപ്പെടുന്നത്. ചെലവ് ചുരുക്കലിനായി ഇന്നു ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത ബിസിനസ് മാതൃകകളിലൊന്നായി ഇത് കണക്കാക്കപ്പെടുകയും ചെയ്യുന്നു.

അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും വരെ സ്വന്തം ജോലികള്‍ ഔട്ട്സോഴ്സ് ചെയ്തു വരുന്നു. ഔട്ട്സോഴ്സിംഗ് ചെലവ് ചുരുക്കലിന്റെ വാര്‍പ്പ് മാതൃകയായാണ് കണക്കാക്കപ്പെടുന്നത്. ഉദാഹരണത്തിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കമ്പനിയുടെ ഉപഭോക്തൃ സേവനങ്ങള്‍ ഇന്ത്യയിലെ ഒരു മൂന്നാം പാര്‍ട്ടി കമ്പനിയ്ക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിലൂടെ, പ്രസ്തുത സേവനം അമേരിക്കന്‍ തൊഴിലാളികളെ ഉപയോഗിച്ച് നല്‍കുമെങ്കില്‍ ഉണ്ടാകുമായിരുന്ന മൊത്തം ചെലവിന്റെ പത്തിലൊരംശം ചെലവില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്കാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് കഴിയുന്നു. ചെലവും ജീവനക്കാരുടെ എണ്ണവും ഗണ്യമായി കുറയ്ക്കാനും അമേരിക്കന്‍ എയര്‍ലൈന്‍സിന് സാധിക്കുന്നു.

അതേ സമയം ഇന്ത്യയിലെ കരാര്‍ കമ്പനിയിലെ ജീവനക്കാര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ജീവനക്കാരല്ലാത്തതിനാല്‍ ഭാവിയില്‍ ഒരു ബാധ്യതയും ഉണ്ടാകുന്നില്ല. ഒപ്പം ഇന്ത്യയിലെ മൂന്നാം പാര്‍ട്ടി സേവന ദാതാവായ കമ്പനിയില്‍ ഒരു കൂട്ടം ‘അസ്ഥിര തൊഴിലാളികള്‍’ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതു മൂലം സ്ഥിര ജോലിക്കാരുടെ (permanant workers) എണ്ണം കുറയ്ക്കുന്നതിനും തൊഴിലിന്റെയും ജോലിയുടെയും സ്വഭാവത്തില്‍ വ്യത്യാസം വരുത്തുന്നതിനും തൊഴില്‍ ബന്ധങ്ങളെ മാറ്റിയെഴുതുന്നതിനും ഔട്ട്സോഴ്സിംഗിന് കഴിയുന്നു.

 

 

സൈബര്‍ കങ്കാണിമാര്‍
ഇന്ത്യയിലെ ഐ ടി -ഐ ടി അനുബന്ധ വ്യവസായങ്ങള്‍ ഔട്ട്സോഴ്സിംഗ് ഉടമ്പടികള്‍ക്ക് വിധേയമായാണ് നിലനില്‍ക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇന്ത്യയിലെ ഐ ടി -ഐ ടി അനുബന്ധ മേഖലകളിലെ കമ്പനികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പഴയ കാലത്തെ ‘കങ്കാണി’കളുടേതിന് സമാനമാണ്. തൊഴില്‍ കമ്പോളത്തിലെ മധ്യവര്‍ത്തികളായിരുന്നു കങ്കാണികള്‍. തൊഴിലുടമകള്‍ക്ക് വേണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുക, അവരെക്കൊണ്ട് തൊഴില്‍ ചെയ്യിക്കുക, നിയന്ത്രിക്കുക, ശാസിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു പോന്നിരുന്നത് കങ്കാണിമാരായിരുന്നു.

ഇന്ത്യയിലെ സൈബര്‍ ലോകത്ത് മാനം മുട്ടി നില്ക്കുന്ന വന്‍കിട ഐ ടി കമ്പനികള്‍ വരെ അന്താരാഷ്ട്ര തൊഴില്‍ കമ്പോളത്തിന് വേണ്ടി തൊഴിലാളികളെ തെരഞ്ഞെടുക്കല്‍, പരിശീലനം, തൊഴില്‍ ചെയ്യിക്കല്‍, നിയന്ത്രണം മുതലായവ ചെയ്തു നല്കുന്ന കങ്കാണികള്‍ തന്നെയാണ്. ഇന്ത്യയിലെ ഐ ടി കമ്പനി ജീവനക്കാര്‍ ഒരു തൊഴില്‍ കമ്പോള മധ്യവര്‍ത്തിയുടെ (labour market intermediary) കീഴില്‍ ജോലി ചെയ്യുന്ന കരാര്‍ പണിക്കാരാണ് എന്നതാണ് വസ്തുത. ഐ ടി കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കുന്ന നിയമന ഉത്തരവ് തന്നെ ഇതിന് തെളിവാണ്. ഐ ടി മേഖലകളില്‍ ത്രികോണ രൂപത്തിലെ തൊഴില്‍ ബന്ധങ്ങളാണ് നിലനില്ക്കുന്നത്. നേരിട്ടുള്ള തൊഴില്‍ ബന്ധങ്ങള്‍ക്ക് പകരം പരോക്ഷവും അദൃശ്യവുമായ ബന്ധങ്ങളാണ് പുതിയ തരം ജോലികളില്‍ കാണുന്നത്.

കരാര്‍ കമ്പനിയ്ക്ക് ഒരു വലിയ കരാര്‍ നഷ്ടപ്പെട്ടാല്‍ അവിടത്തെ ജീവനക്കാരെ പിരിച്ചു വിടാതെ പറ്റില്ലല്ലോ? സോഫ്റ്റ് വെയര്‍ പോലുള്ള ഉല്പാദനാധിഷ്ഠിതമായ മേഖലകളില്‍പ്പോലും സ്ഥിതി മോശമാണ്. അപ്പോള്‍ പിന്നെ ബി.പി.ഒ (Business Process Outsourcing) പോലുള്ള സേവനാധിഷ്ഠിത മേഖലകളില്‍ സ്ഥിതി വളരെ ഭീകരമാണ്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്താരഷ്ട്ര കമ്പനികള്‍ക്ക് വേണ്ടി ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിലാളികളെക്കൊണ്ട് ഇന്ത്യന്‍ മധ്യ വര്‍ത്തി കമ്പനികള്‍ സേവനജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ പ്രദാനം ചെയ്യുമ്പോള്‍ തൊഴിലും തൊഴില്‍ ബന്ധങ്ങളും ‘നിലവാരം ഇല്ലാത്തത്’ (nonstandard )ആയി മാറുന്നു.

 

 

വരയ്ക്കപ്പുറത്തും ഇപ്പുറത്തും
വിരമിയ്ക്കല്‍ പ്രായം വരെയുള്ള സ്ഥിരവും നിലവാരമുള്ളതുമായ ജോലിയ്ക്ക് പകരം ഇന്ന് മുതലാളിത്ത കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും പ്രാവര്‍ത്തികമാക്കുന്നതും കരാര്‍ വ്യവസ്ഥയിലും പ്രോജക്ട് വ്യവസ്ഥയിലുമുള്ള അസ്ഥിര ജോലികളാണ്. ചെലവ് ചുരുക്കല്‍ എന്ന ധനശാസ്ത്ര സംജ്ഞയുടെ മറുവശത്ത് തൊഴില്‍ ബന്ധങ്ങള്‍ മാറ്റപ്പെടുകയും തൊഴിലവകാശങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നു.

ഉല്പാദനത്തില്‍ തൊഴില്‍ (labour) എന്ന പ്രക്രിയ അതിന്റെ നടത്തിപ്പിലൂടെയാണ് (execution) മനസ്സിലാക്കേണ്ടത്. തൊഴിലിന്റെ മേല്‍ തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം (control over labour) അടിസ്ഥാനമാക്കിയാണ് തൊഴിലിന്റെ മേന്മ കണക്കാക്കുന്നത് ആധുനിക സേവന മേഖലകളിലെല്ലാം തന്നെ തൊഴിലാളികള്‍ക്ക് തൊഴിലിന്‍മേലുള്ള നിയന്ത്രണം കുറവായാണ് കാണുന്നത്. വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള നേരിട്ടുള്ള നിയന്ത്രണങ്ങളും ഉപഭോക്താക്കളെ ഉപയോഗിച്ചുള്ള പരോക്ഷമായ നിയന്ത്രണങ്ങളും സേവന മേഖലയില്‍ കൂടുതലാണ്. മാനേജീരിയല്‍ നിയന്തണങ്ങള്‍ പരമാവധി അദൃശ്യമാക്കി ഒരു തൊഴിലാളി സൌഹാര്‍ദ്ദ അന്തരീക്ഷമെന്ന പുകമറ സൃഷ്ടിക്കുക വഴി ആധുനിക ഓഫീസുകളില്‍ തൊഴില്‍ ബന്ധങ്ങളില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്കുള്ള സാധ്യത കുറയ്ക്കപ്പെടുന്നു.

സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളില്‍ പലരും തങ്ങള്‍ക്ക് ‘സ്ഥിരം’ ജോലിയാണ് എന്ന് അവകാശപ്പെടുമെങ്കിലും അവര്‍ക്ക് ലഭിയ്ക്കുന്ന ദൌത്യം പലപ്പോഴും ഒരു പ്രോജക്ട് അടിസ്ഥാനത്തിലായിരിക്കും. കമ്പനിയ്ക്ക് വീണ്ടും പുതിയ കരാര്‍ ലഭിയ്ക്കും എന്ന വിശ്വാസമാണ് സ്ഥിരം ജോലി എന്ന സങ്കല്പത്തിന് അവരെ പ്രേരിപ്പിക്കുന്നത്. പ്രോജക്ടുകളുടെ സമയ പരിധി പാലിയ്ക്കുന്നതിനായി സാധാരണയിലും വളരെ ദൈര്‍ഘ്യമേറിയ ജോലി സമയം ഈ മേഖലകളില്‍ സാധാരണമാണ്. ദൈര്‍ഘ്യമേറിയ ജോലി സമയം സ്വകാര്യ സമയത്തെയും കുടുംബത്തിനും സാമൂഹ്യ ബന്ധങ്ങള്‍ക്കുമുള്ള സമയത്തെയും കവരുന്നു. ഇത് ശിഥിലമായ കുടുംബ ബന്ധങ്ങളിലേയ്ക്കും വരണ്ടുണങ്ങിയതും സ്വയം കേന്ദ്രീകൃതവുമായ സമൂഹ്യ ബന്ധങ്ങളിലേയ്ക്കും വഴി തെളിക്കുന്നു.

കാള്‍ സെന്ററുകള്‍ പോലുള്ള തൊഴിലിടങ്ങളില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനങ്ങളാണ് തൊഴിലിനെ നിയന്ത്രിയ്ക്കുന്നത്. കാള്‍ സെന്ററുകളില്‍ അറ്റന്റ് ചെയ്യുന്ന കാളിന്റെ ദൈര്‍ഘ്യവും അതിന്റെ ഗുണവും നിരന്തരം രേഖപ്പെടുത്തുന്ന സംവിധാനങ്ങളാണ് നിലവിലുള്ളത്. ഒരേ സമയം കാള്‍ ദൈര്‍ഘ്യം പരമാവധി കുറഞ്ഞിരിയ്ക്കുകയും ഉപഭോക്താവിന് നല്കുന്ന സേവനം കൂടുതല്‍ ഗുണമേന്മയുള്ളതുമായിരിക്കണം. ഇതിന് പുറമേ പ്രതിദിന ലക്ഷ്യങ്ങളും (daily targets) തൊഴിലാളിയ്ക്ക് പൂര്‍ത്തീകരിക്കേണ്ടി വരുന്നു.

ഒരു തൊഴിലാളി ഒരു ദിവസം ചെയ്യേണ്ട ജോലിയുടെ അളവ് നിശ്ചയിക്കുന്നത് കരാര്‍ നല്കുന്ന മുതലാളിക്കമ്പനിയാണ്. അതുകൊണ്ട് കരാര്‍ കമ്പനിയ്ക്കും അവിടത്തെ കരാര്‍ ജീവനക്കാരനും ഒരേ സമയം കാള്‍ ദൈര്‍ഘ്യം കുറയ്ക്കുകയും ഒപ്പം ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പാക്കേണ്ടതുമാണ്. മറിച്ച് സംഭവിയ്ക്കുന്ന പക്ഷം കരാര്‍ കമ്പനിയ്ക്ക് കരാറും ജീവനക്കാരന് ജോലിയും നഷ്ടമാകും. കാള്‍ സെന്ററുകളിലെ സ്വയം നിയന്ത്രിത കാള്‍ വിതരണ യന്ത്രം (automatic call distribution system) അകത്തേയ്ക്ക് വരുന്ന കാളുകളെ ക്യൂവില്‍ നിര്‍ത്തുകയും ബന്ധപ്പെട്ട ജീവനക്കാരന് കണക്ട് ചെയ്യുകയും ചെയ്യുന്നു. ഒരു കാള്‍ കഴിഞ്ഞാലുടന്‍ തന്നെ കമ്പ്യൂട്ടര്‍ അടുത്ത കാള്‍ ജീവനക്കാരന് കണക്ട് ചെയ്ത് കഴിഞ്ഞിരിയ്ക്കും. ഇതേ രീതിയില്‍ കമ്പ്യൂട്ടര്‍ ഡാറ്റാബേസിലുള്ള നമ്പറുകള്‍ കമ്പ്യൂട്ടര്‍ സ്വയം ഡയല്‍ ചെയ്ത് തൊഴിലാളിയ്ക്ക് കണക്ട് ചെയ്തു നല്കുന്ന predictive dialing എന്ന സാങ്കേതിക വിദ്യയും തൊഴിലാളിയെക്കൊണ്ട് ‘പണിയെടുപ്പിക്കുന്ന’ കണ്ടുപിടിത്തങ്ങളാണ്.

ചുരുക്കത്തില്‍ തൊഴിലാളിയ്ക്ക് തൊഴിലിന്റെമേല്‍ നിയന്ത്രണങ്ങളില്ലാതാവുകയും കമ്പ്യൂട്ടറുകളാല്‍ നിയന്ത്രിയ്ക്കപ്പെടുന്ന ‘മനുഷ്യ റോബോട്ടു’കളായി തീരുകയും ചെയ്യും. ഇത് തൊഴില്‍ തരം താഴ്ത്താനിടയാക്കുന്നു. കൂടാതെ, വ്യക്ത്യധിഷ്ഠിതമായതും മത്സരാധിഷ്ഠിതവുമായ രീതികളിലൂടെയാണ് ഐ ടി- ഐ ടി അനുബന്ധ മേഖലകളിലെ ജോലികളില്‍ ശമ്പളം നിശ്ചയിക്കപ്പെടുന്നത്. ഇത് നിലവിലുള്ള ‘നിലവാര’മുള്ള ജോലികളിലെ (standard employment) സ്കെയില്‍ പ്രകാരമുള്ളതും തുല്യ നീതി ഉറപ്പ് വരുത്തുന്നതുമായ രീതികളില്‍ നിന്നും വ്യത്യസ്തവും ചൂഷണാധിഷ്ഠിതവുമാണ്.

ഇതു വഴി മികച്ചതല്ലാത്തതോ മാനേജ്മെന്റിന് അനഭിമതരോ ആയ ജീവനക്കാരെ തഴയാനും പുറത്താക്കാനും കമ്പനിക്ക് എളുപ്പമാവുന്നു. ഇന്ത്യന്‍ ഭരണ കൂടങ്ങള്‍ ഐ ടി മേഖലയ്ക്ക് നല്കുന്ന പ്രത്യേക പരിഗണനയും പദവിയും കാരണം നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയും ചെയ്യുന്നു. ഈ മേഖലയില്‍ മികച്ച തൊഴില്‍ സംഘടനകള്‍ രൂപീകരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഭിന്നിപ്പിച്ച് ഭരിയ്ക്കുന്ന തരത്തിലുള്ള മാനേജ്മെന്റ് രീതികള്‍ വിഘാതമാണ്.
 
 
 
 

3 thoughts on “സൈബര്‍ കങ്കാണിമാരും ഐ.ടി തൊഴില്‍ ബന്ധങ്ങളും

  1. വളരെ നിരുത്തരവാദപരമായ ലേഖനം. ലേഖകന് IT മേഖലയെ ക്കുറിച്ച് പത്രങ്ങളില്‍ നിന്നും വായിച്ചുള്ള അറിവേ ഉള്ളു എന്ന് വളരെ വ്യക്തമാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ മികച്ച രീതിയില്‍ നിര്‍മ്മിച്ച്‌ വിതരണം ചെയ്യുക എന്ന അടിസ്ഥാന തത്വം മാത്രമേ ഭൂരിഭാഗം സോഫ്റ്റ്‌വെയര്‍ കമ്പനികളും പിന്തുടരുന്നത്. നിവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും വളരെ വേഗം പുരന്തള്ളപ്പെടുമെന്നതിനാല്‍ (For Eg: IE Browser) കഴിവുള്ളവരെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. അല്ലാതെ സമയം വെറുതെ കളഞ്ഞു വെറുതെ ശമ്പളം മേടിച്ചു കൊണ്ടിരിക്കാന്‍ ഇത് സര്‍ക്കാര്‍ ഒഫ്ഫിസോന്നുമല്ല. ഇവടെ എവടെ ആണ് ഭിന്നിപ്പിച്ചു ഭരിക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.

  2. ലേഖകന്‍ പറഞ്ഞത് ശരിയാണ്. കങ്കാണിമാരാണ് ഈ രംഗം ഭരിക്കുന്നത്. കെട്ടിടം, ഉപകരണങ്ങള്‍, തൊഴിലാളികള്‍ എന്നിവയെ വാടക്ക് കൊടുക്കുന്നവര്‍. പണിയെടുക്കുന്നവര്‍ക്ക് അവര്‍ തൊഴിലാളികളാണെന്ന ബോധം ഇല്ലാതാക്കുന്ന തരത്തിലുള്ള സ്വപ്ന ലോകത്തില്‍ അടച്ചിടാന്‍ കഴിയുന്നത് കങ്കാണിമാരുടേയും മാധ്യമ, സിനിമ, പരസ്യ മുതലാളിമാരുടേയും വിജയം.

Leave a Reply

Your email address will not be published. Required fields are marked *