‘കാതിക്കുടത്ത് നടന്നത് പൊലീസ് ഭീകരത’

 
 
 
 
കാതിക്കുടത്ത് ഇന്ന് നടന്നതെന്ത്? സമരമുഖത്തു നിന്നും ഒരു അനുഭവ സാക്ഷ്യം.
 
 
മൂന്നു പതിറ്റാണ്ടായി തങ്ങളെ വിഷത്തില്‍ മുക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ കാതിക്കുടം ഗ്രാമം നടത്തിയ സമരം ഇന്ന് ചോരയില്‍ മുങ്ങി. പൊലീസ് മര്‍ദ്ദനമേറ്റ നിരവധി പേര്‍ ആശുപത്രിയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം ഒരു പാട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്. പല വീടുകളിലും ഭീതി കത്തുകയാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും പതിവു പോലെ മൌനം പാലിക്കുന്ന സാഹചര്യത്തില്‍ എന്താണ് അവിടെ നടന്നതെന്ന് സമരമുഖത്തുള്ളവര്‍ തന്നെ പറയുന്നു. സമരത്തില്‍ സജീവമായി പങ്കെടുത്ത് ഇപ്പോള്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന ഇ.കെ ശ്രീനിവാസന്‍ സംസാരിക്കുന്നു
 

 
“ആകെ ഭീതിയുടെ അന്തരീക്ഷമാണ്. പൊതുസമൂഹവും മാധ്യമങ്ങളും അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ അവസ്ഥ ഭീകരമാവും. പാവപ്പെട്ട ഈ മനുഷ്യര്‍ക്കു വേണ്ടി അടിയന്തിരമായി എന്തെങ്കിലും ചെയ്യാന്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കളോടും സമരസമിതിക്കു വേണ്ടി അഭ്യര്‍ത്ഥിക്കുകയാണ്. കേരളത്തിന്റെ മുഴുവന്‍ പിന്തുണ ആവശ്യമുള്ള നേരമാണിത്. മരിക്കാതിരിക്കാനാണ്, ജീവിക്കാനാണ് ഈ പോരാട്ടം.”
 
 

 
 
ശ്രീനിവാസന്‍ ഇപ്പോള്‍ എവിടെയാണ്?
ഞാനിപ്പോള്‍ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലാണ്. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ നിരവധി പേരാണ് ഇവിടെയുള്ളത്. അവര്‍ക്കൊപ്പമാണുള്ളത്. കാതിക്കുടത്ത് നടക്കുന്ന വിവരങ്ങള്‍ ഓരോന്നായി അറിയുന്നുണ്ട്.

കാതിക്കുടത്ത് ഇപ്പോള്‍ എന്താണ് അവസ്ഥ?
സമാധാനപരമായി സമരം നടത്തിയ കാതിക്കുടത്തെയും പരിസര പ്രദേശങ്ങളിലെയും മനുഷ്യരെ ശത്രു രാജ്യക്കാരെ പോലെ കണ്ട് 700 ലേറെ വരുന്ന പൊലീസുകാര്‍ ഭീകരത സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സമയം എട്ടരയായി. കാലത്ത് 11 മണിക്കാണ് സമരം ആരംഭിച്ചത്. വൈകിട്ട് അവര്‍ ലാത്തിച്ചാര്‍ജ് നടത്തി. കണ്ണില്‍ കണ്ടവരെ മുഴുവന്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. കണ്ണില്‍ പെട്ടവരെയല്ലാം മര്‍ദ്ദിച്ചു. വഴിയില്‍ കണ്ട വാഹനങ്ങള്‍ മുഴുവന്‍ അടിച്ചു തകര്‍ത്തു. കമ്പനിക്കടുത്ത് സമരസമിതി സ്ഥാപിച്ച സമരപ്പന്തല്‍ പൊലീസ് തച്ചു തകര്‍ത്തു. അതിനടുത്ത വീടും അക്രമിച്ചു. ഇപ്പോള്‍ ജില്ലാ കലക്ടറും ബി.ഡി ദേവസ്സി എം.എല്‍.എയും മറ്റും അവിടെയുണ്ടെന്നാണ് അറിയുന്നത്. പൊലീസ് ഭീകരതക്ക് ഇപ്പോള്‍ കുറച്ചു അയവു വന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.

 

 
കാതിക്കുടത്ത് നടക്കുന്നത് എന്താണ്?
പുറത്തുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിയാത്തതത്ര വിചിത്രമാണ് ഇവിടെയുള്ള കാര്യങ്ങള്‍. നിയമലംഘനവും കൊടും മലിനീകരണവും സര്‍ക്കാര്‍ ഭൂമി കൈയേറലും ജലമോഷണവും കൊടുംരോഗം വിതയ്ക്കലും മറ്റുമായി ഒരു കമ്പനി ഈ നാടിനെയും മനുഷ്യരെയും കൊല്ലുകയാണ്. കാലകാലങ്ങളിലുള്ള സര്‍ക്കാറും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒന്നും തിരിഞ്ഞു നോക്കാത്തതിനാല്‍ ഇവിടെയുള്ള മനുഷ്യര്‍ മുഴുവന്‍ മരിച്ചു തീരുകയാണ്. കൃത്യമായ കണക്കെടുപ്പോ ഇടപെടലുകളോ ഉണ്ടാവുന്നേയില്ല.

മൂന്ന് പതിറ്റാണ്ടിലേറെയായി കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനി എല്ലാ നിയമങ്ങളും ലംഘിച്ച് വര്‍ഷങ്ങളായി മാരകമായ വിഷമലിനീകരണം നടത്തുകയാണ്. നിരവധി പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്ന ചാലക്കുടി പുഴയിലേക്ക് കമ്പനിയില്‍നിന്നും വലിയ പൈപ്പിട്ട്, അതിമാരകമായ രാസവസ്തുക്കള്‍ ഒഴുക്കുന്നത് തുടരുകയാണ്. പ്രതിദിനം 1.2 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു അനുമതിയുമില്ലാതെ പുഴയില്‍നിന്ന് കമ്പനി എടുക്കുന്നത്. സമീപത്തുള്ള ഒരുപാട് സര്‍ക്കാര്‍ സ്ഥലം കമ്പനി കൈയേറി സ്വന്തമാക്കി വെച്ചിട്ടുണ്ട്. ഇതിനപ്പുറമാണ് ഇവിടത്തെ മാരക മലിനീകരണം. മുപ്പതിലേറെ വര്‍ഷമായി അവിടെ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, മറ്റ് പലതരം രോഗങ്ങള്‍ എന്നിവ പരത്തുകയാണ് കമ്പനി.

ഇവിടെയുള്ള ആയിരത്തിലേറെ ആളുകള്‍ മലിനീകരണം കാരണം മരിച്ചു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും രോഗികളാണ്. അവരാണ് ഇപ്പോള്‍ സമരം നടത്തുന്നത്. എത്രയോ നാളായി സമരം ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കമ്പനിയുടെ കൂടെയാണ്. പൊലീസും ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോര്‍ഡും കോടതിയുമെല്ലാം. ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളും അതേ വഴിക്കാണ്. ഞങ്ങളെന്താണ് ചെയ്യേണ്ടത്? ജീവിക്കാന്‍ കഴിയില്ലെന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് ഇവിടെയും സമീപ പ്രദേശങ്ങളിലുമുള്ള മനുഷ്യര്‍ സമരത്തിനിറങ്ങിയത്. കഴിഞ്ഞ കുറേ നാളായി ഇവിടെയുള്ളവര്‍ നിരാഹാര സമരം നടത്തുകയാണ്. എന്നിട്ടും ഒരാളും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ജനകീയാധികാരം പ്രയോഗിക്കുക എന്ന തീരുമാനത്തോടെ ചാലക്കുടി പുഴയിലേക്ക് കമ്പനി കൊടും വിഷം ഒഴുക്കുന്ന പൈപ്പ് എടുത്തു കളയാന്‍ സമരസമിതി തീരുമാനിച്ചത്.

 

 
ഇന്ന് കാലത്തായിരുന്നോ സമരം?
അതെ, 11.30 ഓടെയാണ് സമരം ഉദ്ഘാടനം ചെയ്തത്. കാതിക്കുടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പുറത്തുമുള്ള രണ്ടായിരത്തോളം പേരാണ് സമരം ചെയ്യാനെത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും ഒക്കെ ഇതിലുണ്ടായിരുന്നു. എന്നാല്‍, ഇന്നത്തെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ വൈകിട്ടോടെ പൈപ്പ് നില്‍ക്കുന്ന പ്രദേശത്തേക്കോ പുഴയിലേക്കോ പോവാന്‍ കഴിയാത്ത വിധം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. 700ലേറെ പൊലീസുകാര്‍ യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കി. പ്രശ്നമുണ്ടാക്കുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പൈപ്പ് നീക്കുക എന്ന സമരപരിപാടി മാറ്റി കമ്പനിയുടെ മുന്നില്‍ ഉപരോധം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്. കമ്പനിയിലേക്ക് എല്ലു പൊടി കൊണ്ടുവരാനും തിരിച്ച് വിഷപദാര്‍ത്ഥങ്ങള്‍ പുറത്തേക്കു കൊണ്ടുപോവാനുമായി എത്തുന്ന വാഹനങ്ങള്‍ തടയുകയായിരുന്നു ലക്ഷ്യം. ടി.എന്‍ പ്രതാപന്‍ എം.എല്‍.എയാണ് സമരം ഉദ്ഘാടനം ചെയ്തത്. സാറാ ജോസഫ്, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.

അപ്പോഴാണോ പ്രശ്നങ്ങളുടെ തുടക്കം?
അല്ല. ആ സമയത്ത് പ്രശ്നമുണ്ടാക്കിയാല്‍ അത്രയേറെ ജനങ്ങളെ നേരിടേണ്ടി വരും. ഇതറിഞ്ഞ് പൊലീസ് മിണ്ടാതിരിക്കുകയായിരുന്നു. വൈകിട്ടാണ് അവര്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയത്. സമരം നാളത്തേക്കു വ്യാപിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചതിനെ തുടര്‍ന്ന് അപ്പോഴേക്കും കുറേയേറെ ആളുകള്‍ പിരിഞ്ഞു പോയിരുന്നു. എം.എല്‍.എ അടക്കമുള്ളവരും പോയി. മാധ്യമ പ്രവര്‍ത്തകരും മടങ്ങി. സമാധാനപരമായി സമരം തുടരുന്നതിനിടെയാണ് പൊലീസ് അക്രമണം തുടങ്ങിയത്. അപ്പോള്‍ 300 പേരോളമാണ് അവിടെ ഉണ്ടായിരുന്നത്.

 

 
പൊലീസ് എന്താണ് ചെയ്തത്?
അവര്‍ ആദ്യം സ്ത്രീകളെയും കുട്ടികളെയും മറ്റും അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. അവരായിരുന്നു മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി സമരസമിതിയുടെ രണ്ട് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പിടിച്ചുകൊണ്ടുപോവുന്നവരെയും മര്‍ദ്ദിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു പൊലീസിന്റെ ശരീരഭാഷ. അതിനാല്‍, അവിടെയുള്ള മറ്റു പ്രവര്‍ത്തകരും പൊലീസുമായി വാക്കു തര്‍ക്കമുണ്ടായി. ഉടന്‍ സമരസമിതി നേതാക്കള്‍ ഇടപെട്ട് അവരെ ശാന്തരാക്കി. ഇതിനിടെ, ചിലര്‍ പൊലീസിന്റെ ബസ്സിനു കൈ കൊണ്ടടിച്ചു. അറസ്റ്റിലായവരെ കയറ്റിയ വാഹനം നീങ്ങിയതോടെ ഈ ചെറുപ്പക്കാര്‍ക്കു നേരെ പൊലീസ് കുതിച്ചെത്തി അവരെ മര്‍ദ്ദിക്കാന്‍ തുടങ്ങി. തികച്ചും പ്രകോപനപരമായിരുന്നു ഈ നടപടി.

അപ്പോള്‍ സമരസമിതി പ്രവര്‍ത്തകര്‍ ഇടപെട്ടില്ലേ?
അതെ. അവര്‍ ഇതിനെതിരെ രംഗത്തു വന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സമര നേതാക്കള്‍ ശ്രമിക്കുന്നതിനിടെ സമരസമിതി നേതാവ് അനില്‍കുമാറിന്റെ നേരെ പൊലീസ് വന്നു. ഇതോടെ സംഘര്‍ഷമായി. തുടര്‍ന്ന് പൊലീസ് നടത്തിയത് ക്രൂരമായ മര്‍ദ്ദനമായിരുന്നു. കണ്ണില്‍ കണ്ടവരെയല്ലാം പൊലീസ് തല്ലിച്ചതച്ചു. പലരെയും വലിച്ചിഴച്ച് വണ്ടികളില്‍ കയറ്റി. ഒരു പാടു പേര്‍ക്ക് പരിക്കേറ്റു. ഇത്ര വലിയ നിയമ ലംഘനം നടത്തുന്ന കമ്പനിക്കു വേണ്ടി സമാധാന പരമായി സമരം ചെയ്ത ജനങ്ങളെ തല്ലിച്ചതക്കുകയായിരുന്നു പൊലീസ്. ഞങ്ങളെന്താ ശത്രുരാജ്യക്കാരാണോ?

 

 
പരിക്കേറ്റവര്‍ ഇപ്പോള്‍ എവിടെയാണ്?
വിവിധ ആശുപത്രികളിലാണ് പലരും. ആറേഴു പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലുണ്ട്. ഇവരില്‍ ഒരാളുടെ ബോധം ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. ബാക്കിയുള്ളവര്‍ ചാലക്കുടിയിലും കൊരട്ടിയിലും ഉള്ള സ്വകാര്യ ആശുപത്രികളിലാണ്. സമര സമിതി നേതാവ് അനില്‍ കുമാര്‍ ഇപ്പോള്‍ ഐ.സി.യുവിലാണ്. അനിലിന്റെ നെഞ്ചത്ത് ബൂട്ട് കൊണ്ട് ചവിട്ടുകയായിരുന്നു. ഹൃദയ സംബന്ധമായ രോഗമുള്ള അനിലിനെ നിരീക്ഷണത്തിനായാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കമ്പനി വക മലിനീകരണം മൂലം പല രോഗങ്ങളും അനുഭവിക്കുന്ന മനുഷ്യര്‍ക്കു നേരെയാണ് വീണ്ടും ഈ ക്രൂരത.

അതിനുശേഷവും പൊലീസ് മര്‍ദ്ദനം നടത്തിയെന്ന് പറയുന്നുണ്ടല്ലോ?
അതെ. ലാത്തിച്ചാര്‍ജില്‍നിന്ന് രക്ഷപ്പെടാന്‍ പലരും പല വീടുകളിലും ചെന്നു കയറിയിരുന്നു. പ്രദേശത്തെ വീടുകള്‍ മുഴുവന്‍ വളഞ്ഞ് പൊലീസ് ഭീകരാവസ്ഥ സൃഷ്ടിച്ചു. അവിടെ ഓടിക്കയറിയവരെ ഇറക്കി വിട്ടില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും മറ്റും ഭീഷണിപ്പെടുത്തിയും തെറി വിളിച്ചും ഭീകരത സൃഷ്ടിക്കുകയായിരുന്നു പൊലീസ്. ഒരു പാടു പേരെ ഇങ്ങനെ വീടുകളില്‍ നിന്നിറക്കി അറസ്റ്റ് ചെയ്തു. അവരെ പൊലീസ് വാഹനങ്ങളിലിട്ടും സ്റ്റേഷനിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വിവരം. ഇങ്ങനെ അറസ്റ്റ് ചെയ്ത ആറു പേരെ ഏറെ നേരത്തിനു ശേഷം പൊലീസ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ സമയത്താണോ കവി കുഴുര്‍ വില്‍സനെ പൊലീസ് മര്‍ദ്ദിച്ചത്?
അതെ, വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അത്. സമരം തുടരുന്നതിനിടെ ഉച്ചക്ക് രണ്ടരയ്ക്ക് സുഹൃത്ത് സച്ചിദാനന്ദന്‍ പുഴങ്കരയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു വില്‍സന്‍. ലാത്തിച്ചാര്‍ജിന്റെ വിവരമറിഞ്ഞ് എത്തുമ്പോള്‍ പൊലീസ് എല്ലാം തല്ലിത്തകര്‍ക്കുകയായിരുന്നു. റിപ്പോര്‍ട്ടല്‍ ചാനലിലെ ജേണലിസ്റ്റ് കൂടിയായ വില്‍സന്‍ പൊലീസ് ക്രൂരതയുടെ ഫോട്ടോ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ട് ഓടി വന്ന പൊലീസ് സുഹൃത്തിനൊപ്പം ബൈക്കിലിരിക്കുകയായിരുന്ന വില്‍സന്റെ തലക്ക് അടിക്കുകയായിരുന്നു. തലയില്‍ പരിക്കേറ്റ വില്‍സന്‍ ഇപ്പോള്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ കിടക്കുകയാണ്.

 

 
വേറെയാര്‍ക്കൊക്കെയാണ് കാര്യമായ മര്‍ദ്ദനമേറ്റത്?
പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ഹരിയെ പൊലീസ് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. വാഹനത്തിലിട്ട് സ്റ്റേഷനില്‍ എത്തുന്നതു വരെ മര്‍ദ്ദിച്ചു. വിരല്‍ അടിച്ചൊടിച്ചു. അയാളുടെ പുറം നിറയെ മര്‍ദ്ദനമേറ്റ പാടുകളാണ്. ചോര കല്ലിച്ചിട്ടുണ്ട് പലയിടത്തും. ഞാനിപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ചാലക്കുടി ഗവ. ആശുപത്രിയിലാണ്.

സമരത്തിനിടയില്‍ പാട്ടു പാടിയ ശരത് ചേലൂരിനെ പിന്നീട് പൊലീസ് ബലമായി അറസ്റ്റ് ചെയ്തു. നീ പാട്ടു പാടും അല്ലേടാ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. അയാളുടെ രണ്ടു ചെവിയും അടിച്ചു കലക്കി. ഇപ്പോള്‍ ശരത്തിനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണ്.

ശരത്തിന്റെ പാട്ടിന് തബല വായിച്ച മണിയന്‍ എന്ന കൂട്ടുകാരനെയും ക്രൂരമായി മര്‍ദ്ദിച്ചു. തബല വായിച്ചതിന്റെ കലിപ്പു തീര്‍ക്കാന്‍ മണിയന്റെ കൈകള്‍ അവര്‍ തല്ലിയൊടിച്ചുവെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ ഇപ്പോള്‍ വിളിച്ചറിയിച്ചിട്ടുണ്ട്.

ഈ സമയത്ത് മറ്റാരെയെങ്കിലും പൊലീസ് മര്‍ദ്ദിച്ചോ?
അതെ. ഇതൊന്നുമറിയാതെ അവിടെ എത്തിയവരെ പോലും പൊലീസ് വളഞ്ഞിട്ടു മര്‍ദ്ദിച്ചതായാണ് വിവരം. പത്തോളം പേരെ ഇങ്ങനെ മര്‍ദ്ദിച്ചു എന്നാണ് അവിടെയുള്ള സുഹൃത്തുക്കള്‍ അറിയിച്ചത്. ഒറ്റപ്പെട്ടവരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് കൊരട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ്.

 

 
ഈ സമയത്താണോ സമരപ്പന്തല്‍ പൊളിച്ചത്?
അതെ. ഒരു സംഘം പൊലീസുകാര്‍ കമ്പനിക്കു മുന്നിലുള്ള സമരപ്പന്തല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സമാധാനപരമായി ഇക്കാലമത്രയും സമരം ചെയ്തവരോട് പൊലീസ് ശത്രുക്കളെ പോലെയാണ് പെരുമാറിയത്. സമരപ്പന്തലിനോട് ചേര്‍ന്ന വീട് സമരസമിതി നേതാവ് അനില്‍കുമാറിന്റെ തറവാടാണ്. മാരകമായ വിഷമലിനീകരണം മൂലം രോഗിയായ അനിലിന്റെ അമ്മ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. ഈ വീട്ടിലും കയറി പൊലീസ് അക്രമം നടത്തി.

സമരപ്പന്തല്‍ പൊളിച്ച സാധനങ്ങളെല്ലാം ചേര്‍ന്ന് ഒരു പെട്ടി ഓട്ടോയിലിട്ട് പൊലസീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി എന്നു വാര്‍ത്തയുണ്ടല്ലോ?
അതെ, സമരത്തില്‍ പങ്കെടുക്കാന്‍ പല ഭാഗങ്ങളില്‍നിന്നു വന്നവര്‍ അവരുടെ ബൈക്കുകളും മറ്റു വാഹനങ്ങളും അവിടവിടെയായി നിര്‍ത്തിയിരിക്കുകയായിരുന്നു. അതു മുഴുവന്‍ പൊലീസ് തകര്‍ത്തു. അതിനു ശേഷം അതു വണ്ടിയില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ വണ്ടിയില്‍നിന്ന് ആ വാഹനങ്ങളെല്ലാം നിലത്തേക്ക് മറിച്ചിട്ടു. വിലകൂടിയ ബൈക്കുകളും മറ്റും ചവിട്ടിക്കൂട്ടിയിടുകയായിരുന്നുവെന്ന് ആ പരിസരത്തുള്ള സുഹൃത്തുക്കള്‍ പറയുന്നു.

ഇപ്പോള്‍ അവിടെ എന്താണ് അവസഥ്?
കലക്ടറും മറ്റും വന്നതോടെ പൊലീസ് അക്രമം അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, രാത്രിയില്‍ പൊലീസ് വീണ്ടും അക്രമം നടത്തുമെന്ന് നാട്ടുകാര്‍ക്ക് ഭയമുണ്ട്. സ്ത്രീകളും കുട്ടികളും പലയിടങ്ങളിലും വീടൊഴിഞ്ഞു പോവുന്നുണ്ട്. സമീപത്തെ വീടുകളിലെ പുരുഷന്‍മാരെല്ലാം പരിക്കേറ്റ് ആശുപത്രിയിലോ അറസ്റ്റിലോ ആണ്. ആകെ ഭീതിയുടെ അന്തരീക്ഷമാണ്. പൊതുസമൂഹവും മാധ്യമങ്ങളും അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ അവസ്ഥ ഭീകരമാവും. പാവപ്പെട്ട ഈ മനുഷ്യര്‍ക്കു വേണ്ടി അടിയന്തിരമായി എന്തെങ്കിലും ചെയ്യാന്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കളോടും സമരസമിതിക്കു വേണ്ടി അഭ്യര്‍ത്ഥിക്കുകയാണ്. കേരളത്തിന്റെ മുഴുവന്‍ പിന്തുണ ആവശ്യമുള്ള നേരമാണിത്. മരിക്കാതിരിക്കാനാണ്, ജീവിക്കാനാണ് ഈ പോരാട്ടം.

 

 
 
കാതിക്കുടം ഗ്രാമത്തിന്റെ തീരാമുറിവുകള്‍. അജിലാല്‍ എഴുതുന്നു

One thought on “‘കാതിക്കുടത്ത് നടന്നത് പൊലീസ് ഭീകരത’

Leave a Reply

Your email address will not be published. Required fields are marked *