കൊലയാളിയെ കൊലയാളിയെന്നു വിളിക്കാന്‍ അത്രമാത്രം ആലോചിക്കേണ്ടതുണ്ടോ?

 
 
 
 
കാതിക്കുടത്തിന്റെ മുറിവുകളിലൂടെ എന്‍.എ നസീര്‍
 
 
അത്ര സങ്കീര്‍ണ്ണമായ കാര്യമാണോ കാതിക്കൂടത്തേത്? 34 വര്‍ഷം കൊണ്ട് ഒരു ഗ്രാമത്തെ, അവിടെയുള്ള മനുഷ്യരെ, ചുറ്റുമുള്ള പരിസ്ഥിതിയെ വിഷത്തില്‍ മുക്കിക്കൊന്ന ഒരു നരകശാലയുടെ വിഷയം വരുമ്പോള്‍ നമ്മള്‍ ഇത്രയൊക്കെ ബാലന്‍സ്ഡ് ആവേണ്ടതുണ്ടോ? കാതിക്കുടത്തിന്റെ മണ്ണിനെ ചോരയില്‍മുക്കിയ പൊലീസ് വേട്ടയെത്തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളും സാംസ്കാരിക രാഷ്ട്രീയ നേതൃത്വങ്ങളും ആ വിഷയം സംസാരിക്കുമ്പോള്‍ കാണിക്കുന്ന ഞാണിന്‍മേല്‍ കളി കാണുമ്പോള്‍ സ്വാഭാവികമായി ചോദിച്ചുപോവുന്നത് ഇത്രമാത്രമാണ്.

കാര്യങ്ങള്‍ വളരെ ലളിതമാണ്. മൂന്നര പതിറ്റാണ്ടോളം നിറ്റജലാറ്റിന്‍ കമ്പനി കാതിക്കുടത്ത് പ്രവര്‍ത്തിച്ചതിന്റെ വിഷമയമായ ബാക്കിപത്രമാണ് ഈ ഗ്രാമത്തില്‍നിന്ന് മരിച്ചു മറഞ്ഞ മനുഷ്യര്‍, ജീവിച്ചിരിക്കുന്ന ഉടഞ്ഞ ശരീരങ്ങള്‍. ആ ജീവിതങ്ങള്‍ ഒന്നുകണ്ടാല്‍പോരേ കമ്പനി എന്താണ് ചെയ്യുന്നത് എന്നറിയാന്‍? വിഷമലിനീകരണത്തിന്റെ 34 വര്‍ഷങ്ങള്‍ പോരേ, ഒരു കമ്പനിയുടെ കൈയിലിരിപ്പ് എന്തെന്ന് മനസ്സിലാക്കാന്‍? പൊതു മുതല്‍ കൊള്ളയടി മുതല്‍ കൊടും നിയമലംഘനങ്ങള്‍ വരെ ജീവിതവ്രതമാക്കിയ ഒരു ക്രിമിനല്‍ കമ്പനിയെ ഇനിയും ഇങ്ങനെ വെച്ചിരിക്കേണ്ടതിന്റെ ആവശ്യമെന്താണ് ? പേപ്പട്ടികളെ തല്ലിക്കൊല്ലണമെന്ന് മുറവിളികളുയരുന്ന ഒരു നാട്ടില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ മാത്രമെന്താണ് നമുക്കെല്ലാം പക്വത ഏറുന്നതെന്ന ആ പൊള്ളുന്ന ചോദ്യമാണ് നാലാമിടം പ്രബുദ്ധകേരളത്തോട് ചോദിക്കുന്നത്.

ആ ചോദ്യത്തിലേക്ക് വഴിവെച്ച ഒരിടപെടലാണിത്. കാടിന്റെ ആത്മകഥ സ്വന്തം ജീവിതം കൊണ്ട് എഴുതിക്കൊണ്ടിരിക്കുന്ന ആക്റ്റിവിസ്റ്റും വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എന്‍.എ നസീര്‍ ചോദിക്കുന്നു
 

 

ശുദ്ധമായ ജലത്തിനും വായുവിനും വേണ്ടിയായിരുന്നു അധികാരികളുടെയും ഭരണകര്‍ത്താക്കളുടെയും വാതിലുകള്‍ക്കു മുന്നില്‍ ആ ഗ്രാമീണര്‍ അവരുടെ ഊഴം കാത്തുനിന്നത്. എന്നിട്ടും എല്ലാ ചര്‍ച്ചകളും ഒത്തുതീര്‍പ്പുകളും, ഗ്രാമത്തിനുവേണ്ടാത്ത ആ നരകശാലയുടെ സുഗമമായ നടത്തിപ്പിന്റെ കീഴില്‍ത്തന്നെ തളച്ചിടാനാണ് മുകളിലുള്ളവര്‍ ശ്രമിച്ചത്.

ഗ്രാമീണ ജീവിതത്തില്‍, അതിന്റെ വിശുദ്ധിയില്‍ വിഷംകലര്‍ത്തുന്നവര്‍ക്കറിയില്ലല്ലോ ജീവിതത്തിന്റെ സുകൃതമായ ശുദ്ധജലവും മണ്ണും വിണ്ണുമൊക്കെ ഓരോരുത്തരെയും വേര്‍പിരിക്കാനാവാത്ത വിധത്തില്‍ എത്രമാത്രം ആ ഗ്രാമത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു എന്ന്.

എന്‍.എ നസീര്‍

ചാലക്കുടി പുഴയുടെ നൊമ്പരമാണിന്ന് കാതിക്കൂടം ഗ്രാമം. വ്യക്തിപരമായി, എന്റെ അലച്ചിലുകള്‍ക്കും വരികള്‍ക്കും ഫ്രെയിമുകള്‍ക്കും ഊര്‍ജം പകര്‍ന്നതും ഈ പുഴ തന്നെയായിരുന്നു. പുഴയ്ക്കു ചുറ്റുമുള്ള നിത്യഹരിതവനങ്ങളുടെ വരദാനമായിരുന്നു പുഴ. താഴേക്കൊഴുകി ഗ്രാമങ്ങളെ പച്ചയാക്കിയതും ജീവജലം പകര്‍ന്നതും ഈ പുഴ തന്നെ. എന്നിട്ടും പുഴയെ മലിനപ്പെടുത്തുവാനും ചുറ്റുപാടുകളില്‍ തീക്ഷ്ണമായി വിഷപ്പുക പടര്‍ത്തുവാനും ഒരു കമ്പനി വന്നു. ഭൂമിയോളം വിനീതരായ ഗ്രാമീണരുടെ ശാന്തമായ ജീവിതത്തെ നരകത്തിലേക്ക് വലിച്ചെറിയുന്ന നാളുകള്‍ ആരംഭിക്കുകയായിരുന്നു. ഒന്നും രണ്ടും വര്‍ഷമല്ല കഴിഞ്ഞ 34 വര്‍ഷമായി അവര്‍, വിഷമയമായിക്കൊണ്ടിരിക്കുന്ന ഈ ഗ്രാമത്തില്‍ ജീവിക്കുന്നു.

അതീവ സുന്ദരമായ ഒരു ഗ്രാമം. വയലുകളിലേക്കു മുഖംതിരിച്ചു നില്‍ക്കുന്ന പഴയ വീടുകള്‍. ഹൃദയശുദ്ധിയുള്ള ജനങ്ങള്‍. പുഴ. ഏറെ ആഹ്ലാദത്തോടെയായിരുന്നു ഈ വഴികളിലൂടെ അലഞ്ഞു നടന്നിരുന്നത്. ഒരു തെളിഞ്ഞ പ്രഭാതത്തില്‍ കൃഷി ഇടങ്ങള്‍ക്കു മുകളില്‍ തങ്ങിനില്‍ക്കുന്ന മൂടല്‍ മഞ്ഞിന്റെ നനുത്ത ആവരണത്തിനു നേരെ എന്റെ ക്യാമറ തിരിക്കുമ്പോള്‍ അത് മഞ്ഞല്ല വിഷപ്പുകയാണെന്ന് അനിലും (കാതിക്കൂടം സമരസമിതി നേതാവ് അനില്‍കുമാര്‍ -എഡിറ്റര്‍) സുഹൃത്തുക്കളും തിരുത്തിയപ്പോഴുള്ള നടുക്കം…അതിലൂടെയാണല്ലോ ഇവിടത്തെ കുഞ്ഞുങ്ങള്‍ പള്ളിക്കൂടത്തിലേക്ക് നടന്നുപോയത്. ഹൃദയത്തിലേക്ക് ആഴ്ന്നുതറഞ്ഞ ഒരു മുറിവു കണക്കെ ഇന്നും നീറുന്നുണ്ട് ആ വേദന.

വിഷപ്പുകയും അസഹ്യമായ ദുര്‍ഗന്ധവും സഹിച്ചുള്ള രാവുകളായിരുന്നു അത്. പാതിരാവിലെപ്പോഴോ അസ്വസ്ഥതയോടെ ഞെട്ടിയുണര്‍ന്നതും അനിലിന്റെ വീട്ടുവരാന്തയില്‍ ചെന്നിരുന്നതും അനിലിന്റെ അമ്മയെ ശ്വാസം മുട്ടലോടെ ആശുപത്രിയിലേക്കു കൊണ്ടുപോയതും ഇന്നും ഓര്‍മ്മയിലുണ്ട്. അങ്ങനെ എത്ര പ്രായമായവരുടെയും കുഞ്ഞുങ്ങളുടെയും നിത്യജീവിതമാണ് ഈ വിഷപ്പുകയില്‍ പെട്ടുപോയത്. വിഷം ശ്വസിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെയും ഗ്രാമത്തെയും എന്നെന്നേക്കുമായി വിട്ടുപോയവര്‍ക്ക് മരണത്തിനു തൊട്ടുമുമ്പുള്ള നേരത്തെ ശ്വാസത്തില്‍പോലും വിഷപ്പുകയായിരുന്നല്ലോ നല്‍കിയത് എന്നോര്‍ക്കുമ്പോള്‍ ഹൃദയം വിങ്ങുകയാണ്. മരിക്കാന്‍ നേരത്തെങ്കിലും കൊടുക്കാന്‍ ഇത്തിരി ശുദ്ധവായു ഇവിടെയില്ലല്ലോ എന്ന സങ്കല്‍പ്പാതീതമായ ദുരവസ്ഥ ഇവിടെ വെറും യാഥാര്‍ത്ഥ്യമാണല്ലോ…

 

 

ശുദ്ധ വായുവിനും ജലത്തിനും വേണ്ടി, അതു തങ്ങളുടെ ജന്‍മാവകാശമാണെന്നു പറയാന്‍ ശ്രമിക്കുന്ന ഒരു ഗ്രാമത്തിനുമേല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നരനായാട്ട് നടത്തുക വഴി ‘നിങ്ങള്‍ക്ക് വിഷമയമായ ജീവിതം തരാനേ ഞങ്ങള്‍ക്ക് പറ്റൂ, അത് സ്വീകരിച്ച് നിശ്ശബ്ദരായിരിക്കൂ എന്ന അന്തിമ ശാസനം നടപ്പാക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും തല്ലിത്തകര്‍ത്തും ഒരു ഗ്രാമത്തെ ഒതുക്കാമെന്നത് ആരുടെയോക്കെയോ നിഗൂഢ ലക്ഷ്യങ്ങളായിരിക്കണം. അഹിംസയുടെ മാര്‍ഗങ്ങളെ ഹിംസയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുന്നവര്‍ നമ്മള്‍ തെരഞ്ഞെടുത്ത് അയക്കുന്നവര്‍ തന്നെ എന്ന് ഓരോ സമരമുഖങ്ങളും വ്യക്തമാക്കുന്നു.

കേവലം നാണംകെട്ട കള്ളത്തരങ്ങളും അപരന്റെ സ്വകാര്യതകളിലെ അശ്ലീലതകളും മാത്രമാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ എന്ന് ഉയര്‍ത്തിക്കാണിക്കുവാന്‍ ശ്രമിക്കുമ്പോഴും വര്‍ഷങ്ങളോളം നരകയാതന അനുഭവിക്കുന്ന ഗ്രാമീണരൊന്നും ആര്‍ക്കും വിഷയമല്ല എന്നത് നമ്മള്‍ എപ്പോഴും ഉറക്കെപ്പറയുന്ന ആ ‘കേരള സംസ്കാരം’തന്നെയായിരിക്കണം.

കുഴപ്പം പിടിച്ച സ്ഥിതിവിശേഷത്തിലേക്ക് ഒരു ഗ്രാമത്തെ തള്ളിവിട്ടിട്ട് സ്വന്തം സിംഹാസനം ഉറപ്പിക്കുവാന്‍ നിമിഷംപ്രതി പൊള്ളത്തരം പറയുന്നവര്‍ക്ക് മണ്ണിനെക്കുറിച്ചും ജലത്തിനെക്കുറിച്ചും വായുവിനെക്കുറിച്ചും മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റിയും ചിന്തിക്കുവാന്‍ പോലും സ്വയം കണ്ടെത്തുവാനാകില്ല. ഭൂമിയെ സ്നേഹിക്കുവാനുള്ള മനസ്സില്ലാത്തവര്‍ക്ക് എങനെയാണ് മനുഷ്യനെ സ്നേഹിക്കുവാനാകുക?

 

 
വളരെ ആസൂത്രിതവും കൃത്യതയോടും കൂടിയ ഒരു ഹിംസ നടപ്പാക്കുകയായിരുന്നു കാതിക്കൂടത്തിനുമേല്‍. അതിനു അധികാരത്തിന്റെയും പണത്തിന്റെയും പിന്നെ നമ്മള്‍ക്കറിയാത്ത മറ്റെന്തിന്റെയൊക്കെയോ നിഗൂഢപരിവേഷം ഉണ്ടായിരുന്നു. മേല്‍ക്കൈയുള്ള രാജ്യം ശത്രുരാജ്യത്തിനുമേല്‍ കടന്നുകയറി ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യാറുണ്ട് എന്നു കേട്ടിട്ടുണ്ട്. വര്‍ഷങ്ങളായി പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയും നിസ്സഹായമായ ഒരവസ്ഥയില്‍ നില്‍ക്കുകയും ചെയ്യുന്നവര ഒന്നാകെ തച്ചുകൊല്ലുവാനും തകര്‍ത്തെറിയുവാനും, ഹൃദയത്തിനകത്ത് കരുണയുടേയോ കനിവിന്റെയോ മനുഷ്യനെന്ന അവസ്ഥയുടെയോ ഒരു കണികപോലും അവശേഷിക്കാത്തവരെ കയറൂരിവിടുന്ന ഹൃദയശൂന്യമായ പ്രവൃത്തിയെ എങ്ങിനെയാണ് ന്യായീകരിക്കുവാനാകുക? ഭരണകൂടത്തിന് കൈമോശം വന്ന നന്‍മയെക്കുറിച്ചുള്ള ആകുലതയിലായിരുന്നു, ക്ഷതങ്ങള്‍ ഏറ്റവരെ ചെന്നുകണ്ടപ്പോള്‍.

ഹൃദയസ്പര്‍ശിയായ ഒരു കാഴ്ചയായിരുന്നു അത്. തല്ലിച്ചതച്ചിട്ടിരിക്കുന്നവര്‍. ചിരിപ്പിക്കുവാനും സ്വയം ചിരിപ്പിക്കുാവാനും അവര്‍ക്കിടയില്‍ മനപൂര്‍വം കൊച്ചുകൊച്ചുഫലിതങ്ങള്‍ രൂപപ്പെടുത്തുമ്പോഴും മനസ്സിനെ ആര്‍ദ്രമാക്കുന്ന നിമിഷങ്ങളിലൂടയാണ് കടന്നുപോയതെന്നറിയുന്നു. കൊടിയ വേദനകളിലും അവരുടെ പുഞ്ചിരിച്ച മുഖങ്ങള്‍. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ അപ്പോഴും നേരിടുകയായിരിക്കണം. ഇനിയും കടുത്ത പരീക്ഷണങ്ങളെ അഭിമുഖീകരിക്കുവാനുള്ള കരുത്താര്‍ന്ന ഹൃദയമുണ്ട് അവര്‍ക്ക്.

അതുകൊണ്ടായിരിക്കണമല്ലോ, തീരെ വയ്യാതിരുന്നിട്ടും അവര്‍ വേദനകളെയും മുറിവുകളെയും തെല്ലും കൂസാതെ ഒന്നടങ്കം വീണ്ടും സമരഭൂമിയില്‍ എത്തിയത്. കാത്തിരിപ്പിന്റെ നീണ്ട 34 വര്‍ഷത്തിനുശേഷം വീണ്ടും കാതിക്കുടം ഗ്രാമത്തെ കേരളം അറിയുകയായിരുന്നു. മനസ്സാകെ ഉണര്‍വേകുന്ന ഒരു കൂട്ടായ്മ രൂപപ്പെട്ടുകഴിഞ്ഞു.

എന്നേക്കുമായി കമ്പനി ഇനി വിട്ടുപോയേ തീരൂ.

 

 
ഒരു ഗ്രാമം തിരിച്ചുനടക്കുവാനുള്ള കരുത്താര്‍ജ്ജിച്ചു കഴിഞ്ഞു. നമ്മള്‍ വഴി നടത്തി എത്തിച്ചവരൊക്ക നമ്മളെ അശുദ്ധമായ വഴികളിലൂടെ നടത്തുവാന്‍ ശ്രമിക്കുന്നതിന് എതിരായ പ്രതിഷേധത്തിന് ഗ്രാമീണതയുടെ നേരും നെറിയുമുണ്ട്. ഹൃദയത്തില്‍ അണച്ചുപിടിച്ച ഗ്രാമസ്നേഹമുണ്ട്. പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള ഗ്രാമീണമായ ഉല്‍ക്കണ്ഠയുണ്ട്. നിരായുധരുടെ കരുത്തുണ്ട്. ഒരു പുഴയോടുള്ള വിശുദ്ധിയുണ്ട്. എല്ലാത്തിനും മേലെ ഈ ഭൂമിയില്‍, അതിന്റെ നന്‍മയില്‍ വിശ്വസിച്ചു ജീവിക്കാനുള്ള അവകാശമുണ്ടെന്ന തിരിച്ചറിവും.

 
 

 
 

‘താന്‍ ജീവിച്ചുവന്ന മനോഹരമായ ചുറ്റപാടുകളെ, ഈ വിധം വിനാശകരമായ അവസ്ഥയിലാക്കിയല്ലോ എന്ന തിരിച്ചറിവില്‍നിന്നാണ് പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നത്. തങ്ങളുടെ കുഞ്ഞുങ്ങളുടെ ആയുസ്സിനെക്കുറിച്ച് അവര്‍ ഉല്‍ക്കണ്ഠാകുലരായിരിക്കാം. മാതാപിതാക്കളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചം ഓരോ രാവുകളിലും അവര്‍ കണ്ണീര്‍ വീഴ്ത്തിയിരിക്കാം’.
 
 

 
 

Leave a Reply

Your email address will not be published. Required fields are marked *