നീതി എന്നാണ് നോമ്പുതുറക്കാന്‍ വരിക?

 
 
 
 
ഖാലിദ് മുജാഹിദിന്റെ ജീവിതവും മരണവും നമ്മോട് പറയുന്നതെന്ത്^ മാധ്യമ പ്രവര്‍ത്തകനായ സവാദ് റഹ്മാന്‍ എഴുതുന്നു
 
 

ഇതോടെ നിമേഷ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാമെന്നായി സര്‍ക്കാര്‍. കുറ്റക്കാരായ പൊലീസുകാര്‍ പുറത്താക്കപ്പെടുകയും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തടവറയില്‍ തള്ളിനീക്കിയ നിരപരാധികള്‍ പുറത്തിറങ്ങുകയും ചെയ്യുന്ന വാര്‍ത്ത കാത്തിരുന്നവര്‍ പിന്നെ കേള്‍ക്കുന്നത് ഖാലിദ് മുജാഹിദിന്റെ മരണവാര്‍ത്തയാണ്. കോടതിയില്‍ ഹാജരാക്കി മടങ്ങവെ ബോധരഹിതനായ ഖാലിദ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ കണ്ട അടിയുടെയും മുറിവിന്റെയും പാടുകള്‍ സാക്ഷിപറയും, പൊലീസ് വീണ്ടും കള്ളം ചമക്കുകയാണെന്ന്. ഖാലിദിനെ വ്യാജ ഏറ്റുമുട്ടലില്‍ തീര്‍ത്തുകളയുമെന്ന് പലവട്ടം ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുള്ളതായി അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ് വെളിപ്പെടുത്തുന്നു^മാധ്യമ പ്രവര്‍ത്തകനായ സവാദ് റഹ്മാന്‍ എഴുതുന്നു

 

 

പിരിശം കൊണ്ട് മിയാകളും അരിശം കൊണ്ട് രാഷ്ട്രീയ എതിരാളികളും മൌലാനാ സിംഗ് യാദവ് എന്ന് വിളിച്ചിരുന്ന മുലായം സിംഗിന്റെ പുത്രന്‍ അഖിലേഷ് ഭരിക്കുന്ന നാട്ടില്‍ ഇത് സംഭവിക്കുമെന്ന് നിനച്ചതല്ല, പക്ഷെ സംഭവിക്കുന്നത് ദൌര്‍ഭാഗ്യകരമായ കാര്യങ്ങളെന്ന് ഖാലിദ് മുജാഹിദിന്റെ ചേതനയറ്റ ശരീരവും അഡ്വ. മുഹമ്മദ് സലീമിന്റെ ചോരയൊലിക്കുന്ന മുഖവും നമ്മോട് പറയുന്നു. പൊലീസ് സ്റ്റേറ്റ് എന്ന ലക്ഷ്യം ഇന്ത്യ എത്രയും വേഗമാണ് പൂര്‍ത്തീകരിക്കുന്നത് എന്ന് കാണുക.

ഫൈസാബാദ്, ഗോരഖ്പൂര്‍, ലഖ്നൌ കോടതി സ്ഫോടനങ്ങളുടെ കുറ്റം ചുമത്തിയാണ് 2007ല്‍ മൌലാനാ ഖാലിദ് മുജാഹിദിനെയും സുഹൃത്ത് ഹക്കീം താരിഖ് ഖാസിമിയെയും പ്രത്യേക ദൌത്യസംഘം (എസ്.ടി.എഫ്) പിടികൂടുന്നത്. തല്‍കാലത്തേക്ക് വര്‍ഷം മാത്രം ഓര്‍ക്കുക, നീതി^നിയമ സംവിധാനത്തില്‍ ഉത്തമ വിശ്വാസമുള്ള പൌരജനങ്ങളെങ്കില്‍ ദിവസമേതെന്ന് ചോദിക്കാതിരിക്കുക.

അന്ന് ബഹന്‍ജി മായാവതി യൂ.പി വാണിടും കാലം. പിടിയിലായവര്‍ നിരപരാധികളാണ് എന്ന ജനകീയ മുറവിളിക്കൊടുവില്‍ അതിന്റെ കഴമ്പന്വേഷിക്കാന്‍ ഏകാംഗ കമീഷനെ ചുമതലപ്പെടുത്തി മായാവതി. ഡിസംബര്‍ 22ന് ബാരാബങ്കിയില്‍ വെച്ച് അറസ്റ്റ് ചെയ്തെന്നാണ് എസ്.ടി.എഫ് പറഞ്ഞു നടന്നത്. എന്നാല്‍ കേസിന്റെ അസ്വാഭാവികത അന്വേഷിച്ച ജസ്റ്റിസ് ആര്‍.ഡി. നിമേഷ് കമീഷന്‍ ഇത് കള്ളമെന്ന് കണ്ടെത്തി.

ഒരാഴ്ച മുന്‍പേ ജാന്‍പൂരില്‍ വെച്ച് മഫ്തി പൊലീസ് പിടികൂടി തടവില്‍ വെച്ചിരിക്കുകയായിരുന്നു ഖാലിദിനെ. അതിനും നാലുനാള്‍ മുന്‍പ് അഅ്സംഗഡില്‍ നിന്ന് പിടികൂടിയ താരിഖിനെയും അന്യായ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തെ അന്വേഷണങ്ങള്‍ക്കുശേഷം കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കള്ളക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ശിപാര്‍ശയുണ്ടായിരുന്നു. പാദസേവകരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തുവിടാന്‍ മടിച്ച റിപ്പോര്‍ട്ട് ചില പൌരാവകാശ സംഘങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തു.

ഇതോടെ നിമേഷ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാമെന്നായി സര്‍ക്കാര്‍. കുറ്റക്കാരായ പൊലീസുകാര്‍ പുറത്താക്കപ്പെടുകയും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തടവറയില്‍ തള്ളിനീക്കിയ നിരപരാധികള്‍ പുറത്തിറങ്ങുകയും ചെയ്യുന്ന വാര്‍ത്ത ക്ധാിരുന്നവര്‍ പിന്നെ കേള്‍ക്കുന്നത് ഖാലിദ് മുജാഹിദിന്റെ മരണവാര്‍ത്തയാണ്. കോടതിയില്‍ ഹാജരാക്കി മടങ്ങവെ ബോധരഹിതനായ ഖാലിദ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ കണ്ട അടിയുടെയും മുറിവിന്റെയും പാടുകള്‍ സാക്ഷിപറയും, പൊലീസ് വീണ്ടും കള്ളം ചമക്കുകയാണെന്ന്. ഖാലിദിനെ വ്യാജ ഏറ്റുമുട്ടലില്‍ തീര്‍ത്തുകളയുമെന്ന് പലവട്ടം ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുള്ളതായി അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ് വെളിപ്പെടുത്തുന്നു.
 

 
ഭരണകൂടത്തിലും പൊലീസിലുമൊതുങ്ങുന്നില്ല ഈ ചോരപ്പാടുകള്‍.
 
ഖാലിദിന്റെ മരണം ഒരു പൊലീസ് കുറ്റകൃത്യമാണെന്നാരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രകടനത്തിന് പിന്നാലെ ഖാലിദിന്റെ അഭിഭാഷകരായ മുഹമ്മദ് സലീമും ഷുഹൈബും അക്രമിക്കപ്പെട്ടു. ചെയ്തത് കാക്കി ധരിച്ച പൊലീസുകാരോ കര്‍സേവകരോ അല്ല, നീതിയുടെ കറുത്ത കോട്ടണിഞ്ഞ അഭിഭാഷക സുഹൃത്തുക്കള്‍!. കോടതി അക്രമണ കേസ് പ്രതിയുടെ കേസ് വാദിച്ച പാപത്തിനുള്ള ശമ്പളം !

അഞ്ചര വര്‍ഷം നീണ്ട അന്യായ ജയില്‍വാസത്തിനും പൊലീസ് കസ്റ്റഡിയിലെ ‘വധശിക്ഷ’ക്കും ശേഷം ഖാലിദിന്റെ ജീവന് ആറു ലക്ഷം രൂപ വിലയിട്ടു അഖിലേഷ് സര്‍ക്കാര്‍. വ്യാജ ആരോപണം അടിച്ചേല്‍പ്പിക്കുകയും അടിച്ചുകൊല്ലുകയും ചെയ്ത അതേ ഭരണകൂടം നല്‍കുന്ന നഷ്ടപരിഹാരം വാങ്ങുക വഴി അവന്റെ ആത്മാവിനോട് ദ്രോഹം ചെയ്യാനില്ലെന്ന് തീര്‍ത്തു പറഞ്ഞു വീട്ടിലെത്തിയ അധികാരികളോട് അമ്മാവന്‍ സഹീര്‍ ആലം ഫലാഹി. ഖാലിദ് മുജാഹിദിന്റെ ഗ്രാമം സന്ദര്‍ശിച്ച മുന്‍ പാര്‍ലമെന്റംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സുഭാഷിണി അലി ഇന്‍ഡ്യയിലെ രാഷ്ട്രീയ പൌരാവകാശ പ്രവര്‍ത്തകര്‍ക്കയച്ച കത്തില്‍ വിവരിക്കുന്നുണ്ട് അറസ്റ്റിനു ശേഷം ആ കുടുംബം അനുഭവിച്ച ദുരന്തങ്ങളും വേദനകളും.
 

 
മരണം അന്വേഷിക്കുമെന്ന് ആണയിടുന്ന അഖിലേഷ് സിംഗ് യാദവിന് ഖാലിദിന്റെ വ്യാജ കേസിനും മരണത്തിനും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയാന്‍ ഉള്ളു കിടുങ്ങുന്നു. ജസ്റ്റിസ് നരേഷ് റിപ്പോര്‍ട്ട് നടപ്പാക്കലും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് അന്യായ തടവിനും ഭരണകൂട അതിക്രമങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന റിഹായി മഞ്ച് എന്ന പൌരാവകാശ സംഘടന യു.പി. വിധാന്‍ സഭക്കു മുന്നില്‍ 76 ദിവസമായി നടത്തുന്ന സത്യഗ്രഹ സമരത്തിന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ. എം.എല്‍^ലിബറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, തുടങ്ങിയ നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.
 

 
ഖാലിദിനെയും താരിഖിനെയും പോലെ നൂറു കണക്കിന് നിരപരാധികളായ ചെറുപ്പക്കാര്‍ യു.പിയിലെ ജയിലുകളിലും ഐ.ബിയുടെ തടങ്കല്‍ പാളയങ്ങളിലുമുണ്ടെന്നാണ് സമരപ്പന്തലില്‍ പ്രസംഗിച്ച ഉത്തര്‍ പ്രദേശ് മുന്‍ പൊലീസ് ഐ.ജി. എസ്.ആര്‍. ദാരാപൂരി വെളിപ്പെടുത്തിയത്. എന്നാല്‍ ചുരുക്കം ചിലരൊഴിച്ചാല്‍ യു.പിയിലെ മൂസ്ലിം നേതാക്കളാരും ഈ അവകാശ സമരത്തെ തിരിഞ്ഞു നോക്കിയില്ല. ഇന്ത്യന്‍ മുസ്ലിംകളുടെ കുത്തകപ്പാട്ടം അവകാശപ്പെടുന്ന അഖിലേന്ത്യാ മുസ്ലിം പെഴ്സനല്‍ ലോ ബോര്‍ഡ് പ്രതിനിധികളടക്കമുള്ള നേതാക്കളാവട്ടെ അഖിലേഷ് സിംഗിന്റെ നോമ്പുതുറ സല്‍ക്കാരം കഴിച്ച് വാ തുറക്കാനാവാത്ത നിലയിലാണ്.
 

 
സത്യഗ്രഹ സമരത്തിന്റെ 75ാം ദിവസമായ ഞായറാഴ്ച റിഹായി മഞ്ച് വിധാന്‍ സഭക്കു മുന്നില്‍ ഒരു നോമ്പു തുറ നടത്തി. ഒരിക്കലും നിറയാത്ത അധികാരകൊതിയുടെ പാത്രങ്ങളുമേന്തി നേതാക്കള്‍ നിരന്നു നില്‍ക്കുന്ന പൊളിറ്റിക്കല്‍ ഇഫ്താറുകളും ബോളിവുഡിലെ രണ്ടു ഖാന്‍മാര്‍ ഇഫ്താര്‍ വിരുന്നില്‍ ആലിംഗനം ചെയ്തതിന്റെ വിശേഷങ്ങളും പകര്‍ത്തുന്ന തിരക്കിനിടയില്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞ ഈ ഇഫ്താര്‍ മാധ്യമങ്ങളാരും കണ്ടില്ല. ഇഫ്താറില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു, പ്രാര്‍ഥിച്ചു ^പക്ഷെ മുഖ്യാതിഥിയായി പ്രതീക്ഷിച്ച നീതി മാത്രം വന്നില്ല. നീതി എന്നാണ് ഇനി നോമ്പു തുറക്കാന്‍ വരിക?
 
 

Courtesy: National foundation for India

കൂടുതല്‍ വായനയ്ക്ക്

1. തെഹല്‍ക്ക

2. ഇന്ത്യന്‍ എക്സ്പ്രസ്സ്

3. ഐ ബി എന്‍ ലൈവ്

4. ഇന്ത്യ ടുഡേ

5. കാഫില

Leave a Reply

Your email address will not be published. Required fields are marked *