അങ്ങിനെയാണ്, തിരോന്തരത്ത് വെച്ച് മൂന്നാംലോക മഹായുദ്ധം നടന്നത്…

 
 
 
 
-സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ലോകമഹായുദ്ധങ്ങളുടെ ചരിത്രത്തിലെ കോരിത്തരിപ്പിക്കുന്ന അധ്യായം. വരും കൊല്ലങ്ങളില്‍ കുട്ടികള്‍ക്ക് വായിച്ചു പഠിക്കാനുള്ളത്: കെ.എസ് ബിനു എഴുതുന്നു
 
 

കെ.എസ് ബിനു

‘ആദ്യ യുദ്ധങ്ങളുടെ കാരണങ്ങളെ നമ്മള്‍ സാമൂഹികം, സാമ്പത്തികം, മതപരം എന്നൊക്കെ പല രീതിയില്‍ വേര്‍തിരിച്ച് പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഒരു സത്യം പറയട്ടെ, മൂന്നാം ലോകമഹായുദ്ധത്തിന് അമ്മാതിരി പ്രത്യേകിച്ച് ടമാര്‍ പടാര്‍ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല! പിന്നെ പേരിന് പറയാനാണെങ്കില്‍ അന്ന് കേരളം ഭരിച്ചിരുന്ന സര്‍ക്കാറിന് ആള്‍ക്കൂട്ടം കാണുമ്പോള്‍ മുട്ടിടിക്കുന്നതും മുള്ളിപ്പോകുന്നതുമായതരം ഒരു അസുഖമുണ്ടായിരുന്നുവെന്നും ആ രോഗമാണ് ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ ഈ യുദ്ധത്തിന് കാരണമായതെന്നും പറയാം. ഇനോക്ലോഫോബിയ (ഉറക്കെ വായിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ ഈ പേര് മനസില്‍ വായിച്ചാലും മതി.) എന്ന് മനോരോഗവിദഗ്ദ്ധര്‍ വിളിക്കുന്ന ഒരു അസുഖമായിരുന്നു അത്. ആ ഒരു അസുഖം മൂലം എവിടെ നാല് ആളുകൂടുന്നത് കണ്ടാലും ആ സര്‍ക്കാരിലെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് മാത്രമേ പ്രത്യക്ഷപ്പെടാറുള്ളായിരുന്നു എന്നത് ശ്രദ്ധേയമാണ്. (കൈയിലിരിപ്പ് കൊണ്ടാണെന്നൊക്കെ അന്നത്തെ പ്രതിപക്ഷം വെറുതെ പറയുമായിരുന്നു, ചുമ്മാതാ, വെറും കുന്നായ്മയാണ്!) കരിങ്കൊടി എന്ന് ചുമ്മാ എഴുതിക്കാണിച്ചാലും ടിയാന്‍മാര്‍ക്ക് മേല്‍പ്പറഞ്ഞ ദണ്ണങ്ങള്‍ വരുമായിരുന്നത്രെ’-സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ലോകമഹായുദ്ധങ്ങളുടെ ചരിത്രത്തിലെ കോരിത്തരിപ്പിക്കുന്ന അധ്യായം- കെ.എസ് ബിനു എഴുതുന്നു

 

 

മൂന്നാംലോക മഹായുദ്ധം
(2013 ഓഗസ്റ് 12 -2013 ഓഗസ്റ് 12)

(ചരിത്രപാഠാവലി, കേരളസിലബസ്, എട്ടാം തരം, 2047 2048 അധ്യയനവര്‍ഷം)

(വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: കുട്ടികള്‍ക്ക് പഠിക്കുവാന്‍ എളുപ്പത്തിന് ഒന്നരപ്പുറത്തില്‍ കവിയാത്ത ഉപന്യാസം ആയിട്ടാണ് ഈ അധ്യായം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. യുദ്ധത്തിന്റെ കാരണങ്ങള്‍, യുദ്ധഗതി, യുദ്ധഫലങ്ങള്‍ ഇവ ഖണ്ഡിക തിരിച്ച് പ്രത്യേക തലക്കെട്ടുകളോടുകൂടിത്തന്നെ ഈ ഉപന്യാസത്തില്‍ നല്‍കിയിട്ടുണ്ട്. ഇനി വായിക്കുക.)

ലോകചരിത്രത്തില്‍ ആദ്യത്തെ രണ്ട് മഹായുദ്ധങ്ങള്‍ അടുപ്പിച്ചടുപ്പിച്ചാണ് സംഭവിച്ചതെന്ന് നമുക്കെല്ലാമറിയാം. ഐക്യരാഷ്ട്രസഭയുടെ വക വെടിനിര്‍ത്തലും, ആണവായുധനിര്‍വ്യാപന ഉമ്മാക്കികരാറുകളുമൊക്കെക്കൊണ്ട് പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഒരു ലോകമഹായുദ്ധമുണ്ടായത്. എല്ലാ ലോകമഹായുദ്ധങ്ങളും ചെറിയൊരു സംഭവത്തില്‍നിന്ന് ലോകം മുഴുവന്‍ പടരുന്ന യുദ്ധങ്ങളായി മാറുകയായിരുന്നു. മൂന്നാം ലോകമഹായുദ്ധവും അങ്ങനെതന്നെയാണ് സംഭവിച്ചത്. എങ്കിലും ആദ്യത്തെ രണ്ട് യുദ്ധങ്ങളില്‍നിന്ന് മൂന്നാമത്തെ യുദ്ധത്തിന് ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ആദ്യത്തെ വ്യത്യാസം ആദ്യ രണ്ട് യുദ്ധങ്ങള്‍ ആരംഭിക്കുവാന്‍ കാരണമായ സംഭവം നടന്നത് യൂറോപ്പിലായിരുന്നെങ്കില്‍ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചത് ഇന്ത്യാമഹാരാജ്യത്തെ ഒരു പാവക്കാസംസ്ഥാനമായ കേരളത്തിലായിരുന്നു. രണ്ടാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വ്യത്യാസം ഉപന്യാസത്തിനൊടുവില്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തമാകുന്നതായിരിക്കും.
 

(ഇന്നും കേരളത്തില്‍ സൌരോര്‍ജം കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്നത് പ്രത്യേകം ഓര്‍ക്കുക. നിരോധനാജ്ഞ ഭയന്ന് കേരളത്തില്‍ പിന്നീടൊരിക്കലും സൂര്യന്‍ ഉദിച്ചിട്ടില്ലത്രേ!


 
കാരണങ്ങള്‍ :
ആദ്യ യുദ്ധങ്ങളുടെ കാരണങ്ങളെ നമ്മള്‍ സാമൂഹികം, സാമ്പത്തികം, മതപരം എന്നൊക്കെ പല രീതിയില്‍ വേര്‍തിരിച്ച് പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഒരു സത്യം പറയട്ടെ, മൂന്നാം ലോകമഹായുദ്ധത്തിന് അമ്മാതിരി പ്രത്യേകിച്ച് ടമാര്‍ പടാര്‍ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല! പിന്നെ പേരിന് പറയാനാണെങ്കില്‍ അന്ന് കേരളം ഭരിച്ചിരുന്ന സര്‍ക്കാറിന് ആള്‍ക്കൂട്ടം കാണുമ്പോള്‍ മുട്ടിടിക്കുന്നതും മുള്ളിപ്പോകുന്നതുമായതരം ഒരു അസുഖമുണ്ടായിരുന്നുവെന്നും ആ രോഗമാണ് ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ ഈ യുദ്ധത്തിന് കാരണമായതെന്നും പറയാം. ഇനോക്ലോഫോബിയ (ഉറക്കെ വായിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ ഈ പേര് മനസില്‍ വായിച്ചാലും മതി.) എന്ന് മനോരോഗവിദഗ്ദ്ധര്‍ വിളിക്കുന്ന ഒരു അസുഖമായിരുന്നു അത്. ആ ഒരു അസുഖം മൂലം എവിടെ നാല് ആളുകൂടുന്നത് കണ്ടാലും ആ സര്‍ക്കാരിലെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് മാത്രമേ പ്രത്യക്ഷപ്പെടാറുള്ളായിരുന്നു എന്നത് ശ്രദ്ധേയമാണ്. (കൈയിലിരിപ്പ് കൊണ്ടാണെന്നൊക്കെ അന്നത്തെ പ്രതിപക്ഷം വെറുതെ പറയുമായിരുന്നു, ചുമ്മാതാ, വെറും കുന്നായ്മയാണ്!) കരിങ്കൊടി എന്ന് ചുമ്മാ എഴുതിക്കാണിച്ചാലും ടിയാന്‍മാര്‍ക്ക് മേല്‍പ്പറഞ്ഞ ദണ്ണങ്ങള്‍ വരുമായിരുന്നത്രെ.

അന്നത്തെ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ താങ്ങുന്ന മുഴുവന്‍ മന്ത്രിമാരും, മന്ത്രിമാരുടെ എം.എല്‍.എമാരും എം.എല്‍.എമാരുടെ പി.എമാരും പി.എമാരുടെ അളിയന്മാരും അളിയന്മാരുടെ അമ്മാവന്മാരും എന്നുവേണ്ട ഖദറിട്ട സകല പിള്ളേരും പിറുങ്ങണികളും വരെ, നാട്ടിലെ പാവപ്പെട്ട കുടിലുകളില്‍ വൈദ്യുതി എത്തിക്കാനുള്ള അദമ്യമായ ആഗ്രഹത്താല്‍ അഭൂതപൂര്‍വമായൊരു സൌരോര്‍ജോത്പാദനപദ്ധതിയില്‍ പങ്കാളികളായതില്‍, ഒരു കാര്യവുമില്ലാതെ കൊതിക്കെറുവ് കൊണ്ടുമാത്രം പ്രതിഷേധിച്ച് അന്നത്തെ പ്രതിപക്ഷം ഒരു സമരം നടത്താന്‍ തീരുമാനിക്കുന്നതോടെയാണ് യുദ്ധത്തിന്റെ ആദ്യ കാറ്റ് വീശുന്നത്. (ഇന്നും കേരളത്തില്‍ സൌരോര്‍ജം കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്നത് പ്രത്യേകം ഓര്‍ക്കുക. നിരോധനാജ്ഞ ഭയന്ന് കേരളത്തില്‍ പിന്നീടൊരിക്കലും സൂര്യന്‍ ഉദിച്ചിട്ടില്ലത്രേ!)
 

 
മുന്നൊരുക്കങ്ങളും ആരംഭവും:
സോളാര്‍ വിവാദത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന ആവശ്യവുമായി (ഈ ആവശ്യം ന്യായമാണോ എന്നത് ഇന്നും തര്‍ക്കവിഷയമാണ്. കേരളമുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്ന് അന്വേഷിക്കാന്‍ ഇവിടെ കേരളാപ്പോലീസില്ലേ, വെളീന്ന് ജഡ്ജ്യേമ്മാന്മാരെ കൊണ്ടുവന്നാലേ തൃപ്തിയാകുവൊള്ളോന്ന് ഇന്നും യൂത്ത് ഫ്രണ്ടിന്റെ ഒരു ബുദ്ധിജീവി കവലയില്‍ പ്രസംഗിക്കുന്നുണ്ടായിരുന്നു.) കേരളാദേശത്തിന്റെ തലസ്ഥാനനഗരിയില്‍ ഭരണസിരാകേന്ദ്രത്തിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ കുറച്ച് സഖാക്കള്‍ വരും എന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു.
 

കുഞ്ഞുവറീത് ഉണ്ടാക്കിയ ഒരു പരിപ്പുവടയ്ക്ക് തുളയുണ്ടായിരുന്നുവെന്നും അസാധാരണമായ ആ തുള സമരക്കാര്‍ക്ക് സെക്രട്ടേറിയറ്റ് ആക്രമിക്കുവാനുള്ള കോഡ് ആണെന്നും കണ്ടാല്‍ സുരേഷ് ഗോപിയേപ്പോലുള്ള സാര്‍ പിന്നീട് പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.


 
കുഞ്ഞേട്ടന്റെയും കുഞ്ഞുവറീതിന്റെയും കൂമ്പിനിടിയുടെയും കഥ
തുടര്‍ന്ന് സമരത്തിന് രണ്ട് ദിവസം മുന്നേ കാലേകൂട്ടി വന്ന, ക്ഷയരോഗിയും വലിവിന്റെ അസ്കിതയുള്ളവനുമായ എണ്‍പതുകാരന്‍ സഖാവ് കുഞ്ഞേട്ടനെ ഭയന്ന് തലസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിലൂടെയാണ് യുദ്ധത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. (കുഞ്ഞേട്ടന്‍ രണ്ട് ദിവസം മുന്‍പേ വന്നത് അവസാനകാലത്ത് രണ്ട് ദിവസമെങ്കിലും തിരുവനന്തപുരത്തേക്ക് കെട്ടിച്ചുവിട്ട മകള്‍ രമണിയുടെ ഒപ്പം താമസിക്കണമെന്ന ആഗ്രഹത്താലായിരുന്നു എന്ന് രമണിയുടെ ‘ഒരു മകള്‍ അച്ഛനുണ്ടാക്കിക്കൊടുത്ത കഷായങ്ങള്‍’ എന്ന ആത്മകഥയിലുണ്ട്.)

അന്നുതന്നെ, സമരസഖാക്കള്‍ക്ക് കട്ടങ്കാപ്പിയും പരിപ്പുവടയുമുണ്ടാക്കിക്കൊടുക്കാന്‍ തയ്യാറായിരുന്ന തമ്പാനൂര്‍ക്കാരന്‍ കുഞ്ഞുവറീതിനെ അറസ്റ് ചെയ്ത് കോണ്‍സന്‍ട്രഷന്‍ ക്യാമ്പിലേക്ക് മാറ്റി. കുഞ്ഞുവറീതിന്റെ ഉന്തുവണ്ടിയിലുള്ള ചായക്കട ഒരാഴ്ചയായി സുരേഷ് ഗോപിയേപ്പോലുള്ള ഒരു ഐ.പി.എസുകാരന്റെ നേതൃത്വത്തിലുള്ള, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ രണ്ട് ബറ്റാലിയന്‍ കമാണ്ടോകളുടെ നിരീക്ഷണത്തിലായിരുന്നു. ഈ ഉന്തുവണ്ടി കമാണ്ടോകള്‍ പിടിച്ചെടുക്കുകയും ഉന്തുവണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം നല്‍കിയ ഭാസ്ക്കരേട്ടന്റെ കൂമ്പിനിടിക്കുകയും വാട്ടിപ്പിഴിയുകയും ചെയ്തു. കുഞ്ഞുവറീത് ഉണ്ടാക്കിയ ഒരു പരിപ്പുവടയ്ക്ക് തുളയുണ്ടായിരുന്നുവെന്നും അസാധാരണമായ ആ തുള സമരക്കാര്‍ക്ക് സെക്രട്ടേറിയറ്റ് ആക്രമിക്കുവാനുള്ള കോഡ് ആണെന്നും കണ്ടാല്‍ സുരേഷ് ഗോപിയേപ്പോലുള്ള സാര്‍ പിന്നീട് പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. കുഞ്ഞുവറീതിനെ അന്നത്തെ പോലീസുമന്ത്രി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ബുള്‍ഡോസറുരുട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നും പറയപ്പെടുന്നു.

 

ഉപ്പുവെള്ളം കുടിച്ച് സഖാക്കള്‍ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ട് അറബിക്കടല്‍ വരെ അടച്ചുപൂട്ടണമെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്ത് അന്നത്തെ ഇന്ത്യയിലെ കേന്ദ്രസര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെടുകയുണ്ടായി.


 
‘അതിനാല്‍, സോണിയാജി ഇടപെട്ട്
അറബിക്കടല്‍ ഒന്നടച്ചുപൂട്ടിത്തരണം’

സമരത്തില്‍ പങ്കെടുക്കാന്‍ വരുന്ന സഖാക്കള്‍ക്ക് ബസില്‍ ടിക്കറ്റ് കൊടുക്കരുത് എന്ന് പറഞ്ഞ് പൊതുഗതാഗതസംവിധാനവും, താമസിക്കാന്‍ മുറി കൊടുക്കരുത് എന്ന് പറഞ്ഞ് ലോഡ്ജുകളും കഴിക്കാന്‍ ആഹാരം കൊടുക്കരുത് എന്ന് പറഞ്ഞ് തട്ടുകടകളും കുടിക്കാന്‍ പച്ചവെള്ളം കൊടുക്കരുത് എന്ന് പറഞ്ഞ് തിരുവനന്തപുരം ജില്ലയിലെ എല്ലാ കിണറുകളും അടപ്പിക്കുവാനും മൂടുവാനും ആഭ്യന്തരമന്ത്രി ഉത്തരവ് കൊടുക്കുകയുണ്ടായി.

ഉപ്പുവെള്ളം കുടിച്ച് സഖാക്കള്‍ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ട് അറബിക്കടല്‍ വരെ അടച്ചുപൂട്ടണമെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്ത് അന്നത്തെ ഇന്ത്യയിലെ കേന്ദ്രസര്‍ക്കാരിനോട് അടിയന്തിരമായി ആവശ്യപ്പെടുകയുണ്ടായി. (ഈ ആവശ്യപ്പെടലിനായി അന്നത്തെ കെ.പി.സി.സി പ്രസിഡണ്ട് നാല് പ്രാവശ്യവും മുഖ്യമന്ത്രി മൂന്ന് പ്രാവശ്യവും മുഖ്യമന്ത്രിയുടെ അമ്മാച്ചന്‍ രണ്ട് പ്രാവശ്യവും ഫ്ലൈറ്റില്‍ ഡല്‍ഹിക്കും തിരിച്ചും ഒറ്റദിവസം കൊണ്ട് യാത്രചെയ്യുകയുണ്ടായി.)
 

അമേരിക്ക തന്റെ കൂട്ടുകാരായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പരാഗ്വേ, കോസ്റാറിക്ക, കിമു, തുടങ്ങിയ രാജ്യങ്ങളോട് സൈനികസഹായം അഭ്യര്‍ഥിച്ചു. ഇവരൊക്കെ ഈ അഭ്യര്‍ഥനകളില്‍ പരിഭ്രാന്തരായി ലോകത്തുള്ള എല്ലാ രാജ്യങ്ങളോടും സഹായമഭ്യര്‍ത്ഥിച്ചു. അങ്ങനെ ലോകവ്യാപകമായ അഭ്യര്‍ഥനകള്‍ക്കൊടുവില്‍ ലോകം മുഴുവന്‍ തിരുവനന്തപുരത്തേയ്ക്ക് ബീമാനം കയറുകയാണ് ഉണ്ടായത്.


 
ലോകമാകെ നിന്ന് ബീമാനപ്പട
നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് മുപ്പത് കമ്പനി കേന്ദ്രസേനയെ തലസ്ഥാനത്തേക്ക് അയയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. ആ അഭ്യര്‍ഥനയില്‍ ഭയന്ന് ‘ഭാരതത്തിന്റെ വന്ദ്യവയോധികനായ സൈലന്റ് കില്ലര്‍’ എന്നറിയപ്പെടുന്ന പ്രധാനസര്‍ദാര്‍ കൂട്ടുകാരനായ അമേരിക്കയോട് സൈനികസഹായം ആവശ്യപ്പെട്ടു. ഈ അഭ്യര്‍ഥനയില്‍ ഭയന്ന് അമേരിക്ക തന്റെ കൂട്ടുകാരായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പരാഗ്വേ, കോസ്റാറിക്ക, കിമു, തുടങ്ങിയ രാജ്യങ്ങളോട് സൈനികസഹായം അഭ്യര്‍ഥിച്ചു. ഇവരൊക്കെ ഈ അഭ്യര്‍ഥനകളില്‍ പരിഭ്രാന്തരായി ലോകത്തുള്ള എല്ലാ രാജ്യങ്ങളോടും സഹായമഭ്യര്‍ത്ഥിച്ചു. അങ്ങനെ ലോകവ്യാപകമായ അഭ്യര്‍ഥനകള്‍ക്കൊടുവില്‍ ലോകം മുഴുവന്‍ തിരുവനന്തപുരത്തേയ്ക്ക് ബീമാനം കയറുകയാണ് ഉണ്ടായത്.

ചുരുക്കത്തില്‍ കേരളത്തിലെ സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുവാന്‍ തീരുമാനിച്ച ഒരു ഉപരോധസമരം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് വഴിവയ്ക്കുകയായിരുന്നു. സര്‍ക്കാറിനൊപ്പം അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഇറ്റലി, പാപ്പുവാന്യൂഗിനി (എന്തൂട്ട് പേരാണോ! ചിരിച്ചിട്ട് വയ്യ!) തുടങ്ങിയ ഐക്യനാടന്‍ അച്ചുതണ്ട് ശക്തികളും പ്രതിപക്ഷത്തിനൊപ്പം റഷ്യ, ചൈന, ക്യൂബ, വെനസ്വേല തുടങ്ങിയ ചുവപ്പന്‍ ശക്തികളും അണിനിരന്നു. കര്‍ക്കിടകവാവിന്റെ അന്നത്തെ കാക്കകളുടെ വിളയാട്ടം പോലെയായിരുന്നു കേരളത്തിന്റെ ആകാശത്തില്‍ ആ ദിവസങ്ങളില്‍ ബോംബര്‍ വിമാനങ്ങളും ഫൈറ്റര്‍ വിമാനങ്ങളും പറന്നുനടന്നത്!
 

ഇതിനെല്ലാം ശേഷം മുഖ്യമന്ത്രിയും, ആവശ്യമുള്ളതും അധികപ്പറ്റായതുമായ എല്ലാ മന്ത്രിമാരും ആ ദിവസങ്ങളില്‍ മണിക്കൂറില്‍ അറുപതുവട്ടം വാര്‍ത്താചാനലുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് "ഞങ്ങള്‍ക്കാരെയും പേടിയില്ല!, ഞങ്ങള്‍ക്കാരെയും പേടിയില്ല!" എന്ന സംഘഗാനം 876 തവണ പാടുകയും തോരെത്തോരെ വെള്ളം കുടിക്കുകയും വിയര്‍പ്പാറ്റുകയും കക്കൂസില്‍പ്പോകുകയും ചെയ്തുകൊണ്ടിരുന്നു എന്ന് അന്നത്തെ മാധ്യമദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.


 
അമലും വിമലും പ്രഷര്‍ ഗുളികകളും
നിരോധനാജ്ഞയും മഴക്കെടുതിയും മൂലം അടച്ചിട്ട സ്കൂളുകളില്‍ അച്ചുതണ്ടുശക്തികളെ താമസിപ്പിച്ചിരുന്നതിനാല്‍ അവധികിട്ടിയ, നാലാം ക്ലാസുകാരായ അമലിനെയും വിമലിനെയും വടക്കേക്കോട്ടയില്‍ ഒരു തെരുവില്‍ നിന്ന് അറസ്റ് ചെയ്ത വാര്‍ത്തയോടെയാണ് യുദ്ധത്തലേദിവസം അതായത് 2013 ഓഗസ്റ് 11 അവസാനിച്ചത്. തെരുവില്‍ ഗോട്ടി കളിക്കുകയായിരുന്നുവെന്ന് അമലും വിമലും കുറ്റസമ്മതമൊഴിയില്‍ ആവര്‍ത്തിച്ചുവെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ അച്ചുതണ്ടുശക്തികള്‍ക്കെതിരെ അണുബോംബെറിയാനുള്ള ഗൂഢനീക്കത്തിലായിരുന്നുവെന്ന് വൈറ്റ് ഹൌസില്‍ അര്‍ദ്ധരാത്രിക്ക് വിളിച്ചുചേര്‍ത്ത അടിയന്തിര പ്രസ് കോണ്‍ഫറന്‍സില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒരാക്ക് പനാമ വെളിപ്പെടുത്തി. അന്നുപുലര്‍ച്ചെ ഇന്റര്‍പോളിന്റെ കസ്റഡിയിലായ അമലും വിമലും ഇന്നും പുറംലോകം കണ്ടിട്ടില്ലെന്നത് മൂന്നാംലോകമഹായുദ്ധത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഏറ്റവും തമാശയാണ്, സോറി ഭീകരമാണ്.

ഇതിനെല്ലാം ശേഷം മുഖ്യമന്ത്രിയും, ആവശ്യമുള്ളതും അധികപ്പറ്റായതുമായ എല്ലാ മന്ത്രിമാരും ആ ദിവസങ്ങളില്‍ മണിക്കൂറില്‍ അറുപതുവട്ടം വാര്‍ത്താചാനലുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് “ഞങ്ങള്‍ക്കാരെയും പേടിയില്ല!, ഞങ്ങള്‍ക്കാരെയും പേടിയില്ല!” എന്ന സംഘഗാനം 876 തവണ പാടുകയും തോരെത്തോരെ വെള്ളം കുടിക്കുകയും വിയര്‍പ്പാറ്റുകയും കക്കൂസില്‍പ്പോകുകയും ചെയ്തുകൊണ്ടിരുന്നു എന്ന് അന്നത്തെ മാധ്യമദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. (മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മാത്രമായി കോയമ്പത്തൂരുനിന്നും പ്രഷറിന്റെ ഗുളിക പ്രത്യേകലോഡ് മൂന്നെണ്ണം മൂന്ന് ദിവസം കൊണ്ട് വരുത്തിയത്രേ!) അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ അമ്മന്‍ ചൂണ്ടി അവസാനനിമിഷം വരെയും “ഞങ്ങള്‍ക്കാരെയും പേടിയില്ല!” എന്ന് പാടിക്കൊണ്ടിരുന്നുവെന്ന് മലയാളി നമോനമ എന്ന മുഖ്യധാരാമഞ്ഞപ്പത്രം ഇന്നും മാസത്തില്‍ മൂന്നുതവണ കണ്ണീര്‍ വാര്‍ക്കുന്നുണ്ട് എന്നത് കുട്ടികള്‍ പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്.

യുദ്ധം സംഭവിക്കില്ല എന്ന് അച്ചുതണ്ടുശക്തികളുടെ ഇടയില്‍ വിശ്വസിച്ചിരുന്നത് പൂഞ്ഞാറ്റിലെ എം.എല്‍.എയും ചീഫ് വെപ്പുമായ ആയ സഖാവ് പ്ലാത്തോട്ടത്തില്‍ ജോര്‍ജ് മാത്രമായിരുന്നെന്ന് ഇത്തരുണത്തില്‍ ചരിത്രകുതുകികളെ പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. ആ ഉറപ്പിന്മേല്‍ സര്‍ക്കാറിന്റെ എല്ലാമന്ത്രിമാരെയും തന്റെ സ്വന്തക്കാരെന്നുപോലും കണക്കിലെടുക്കാതെ ജോര്‍ജേട്ടന്‍ പരിഹസിച്ചിരുന്നു എന്നത് അദ്ദേഹമഭിനയിച്ച ബ്ലോക്ക് ബസ്റര്‍ ഹാസ്യസിനിമകളുടെ ആരാധകരെ സംബന്ധിച്ച് പുതുമയൊന്നുമല്ലെങ്കിലും മൂന്നാംലോകമഹായുദ്ധചരിത്രത്തെ സംബന്ധിച്ച് കൌതുകകരമായ ഒരു ഏട് ആയിരുന്നു.
 

 
യുദ്ധം:

യുദ്ധദിവസമായ 2013 ഓഗസ്റ് 12 രാവിലെ പത്തുമണിയോട് കൂടി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്ത് വന്ന ഒരുലക്ഷത്തോളം സഖാക്കളെ അച്ചുതണ്ടുശക്തികളുടെ സേനകളുള്‍പ്പെടെയുള്ള പത്തുലക്ഷം സായുധസൈന്യം കോക്രി കാട്ടി പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ചില്ലറ അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചാല്‍ പ്രതിപക്ഷസമരം പറഞ്ഞതുമാതിരി സമാധാനപരമായി നടന്നു. (സൈനികരുടെ ആധിക്യം കാരണം തലസ്ഥാനനഗരിയില്‍ ജീവവായുവിന്റെ അഭാവമുണ്ടാവുകയും വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തലങ്ങും വിലങ്ങും കുഴഞ്ഞുവീഴലുകള്‍ സംഭവിക്കുകയും ചെയ്തുവെന്ന് അനൌദ്യോഗികമായ രഹസ്യറിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.)
 

 
യുദ്ധഫലം:

അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, കിമു, അര്‍ജന്റീന, പാപ്പുവന്യൂഗിനി (ഹിഹി!) തുടങ്ങിയ അച്ചുതണ്ട് ശക്തികള്‍ അക്കിടിപറ്റി ചമ്മിനിന്നു. അവരുടെ ബോംബര്‍ വിമാനങ്ങളും ചമ്മിപ്പറന്നു. സഖാക്കള്‍ അഞ്ചുമണിയായപ്പോള്‍ ഉപരോധം കഴിഞ്ഞ് അവരവരവരുടെ വീടുകളിലേക്ക് പോയി. ടെന്‍ഷന്‍ താങ്ങാന്‍ വയ്യാതായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അതുവരെ നിര്‍ത്താതെ പാടിക്കൊണ്ടിരുന്ന ‘ഞങ്ങള്‍ക്കാരെയും പേടിയില്ല’ എന്ന സംഘഗാനം ഒന്നു നിര്‍ത്തിക്കിട്ടാന്‍ വേണ്ടി അമേരിക്കയില്‍നിന്നു തന്നെ അപ്പോത്തിക്കിരിമാരെ വരുത്തി. ആകെ മൊത്തം ടോട്ടല്‍ ഫലം? യുദ്ധം പോയിട്ട് ഒരു ചുക്കും സംഭവിച്ചില്ല! യുദ്ധത്തിനുള്ള ഒരുക്കം മാത്രമേ നടന്നുള്ളു! (പ്രഖ്യാപിച്ചുപോയ നിരോധനാജ്ഞ എന്തുചെയ്യുമെന്നതിലുപരി, വിളിച്ചുണര്‍ത്തിയിട്ട് ചോറില്ലെന്ന് പറഞ്ഞതില്‍ കലികൊണ്ട് നില്‍ക്കുന്ന അച്ചുതണ്ടേട്ടന്മാര്‍ക്ക് തിരിച്ചുപോകാനുള്ള വണ്ടിക്കാശ് കൊടുക്കാന്‍ സൌരോര്‍ജസമ്പാദ്യം മുഴുവന്‍ ആവിയായിപ്പോകുമല്ലോ എന്ന് പെട്ടെന്ന് ഓര്‍മ്മ വന്നിട്ടാണത്രെ മുഖ്യനും ആഭ്യന്തരനും മറ്റേ പാട്ട് നിര്‍ത്തിയതത്രെ!)

വാല്‍ക്കഷ്ണം:
സമരത്തിന് മുന്നേതന്നെ അടിയന്തിരമായി വിളിച്ചുവരുത്തിയ കേന്ദ്രസേനയെ മഴക്കെടുതിയുടെ സമയത്ത് കൃത്യസമയത്ത് വരുത്തിയിരുന്നെങ്കില്‍ ഒന്നുമില്ലേലും കുറേക്കൂടി ഊര്‍ജസ്വലമായി ദുരന്തനിവാരണം നടന്നേനെയെന്ന് യുദ്ധം കാണാന്‍ തിരോന്തരത്ത് പോയി നിരാശരായി, സന്ധ്യയ്ക്ക് ശംഖുമുഖം കടപ്പുറത്ത് കടല കൊറിച്ചിരുന്ന കുമാരനും സുകുമാരനും. മഴക്കെടുതികളുടെ ദുരന്തനിവാരണത്തിന് മൂന്ന് ദിവസത്തിന് ശേഷം അടിയന്തിരമായി വന്ന കേന്ദ്രസേനയ്ക്ക് മലയിടിഞ്ഞിടങ്ങളില്‍നിന്ന് നാട്ടുകാര്‍ മണ്ണ് കോരിമാറ്റിയിടത്തെ റോഡ് വെള്ളമൊഴിച്ച് കഴുകുക മാത്രമായിരുന്നു പണിയെന്ന് രണ്ട് കടലകള്‍ക്കിടയില്‍ സുകുമാരനോട് കുമാരന്‍! കേന്ദ്രസേനയെന്താ ലാല്‍ജോസിന്റെ പട്ടാളമോ തൂത്തുവാരാനും തറകഴുകാനുമെന്ന് സുകുമാരനും! വിവരമില്ലാത്ത അരാഷ്ട്രീയകഴുതകള്‍!

 
 
 
 

Leave a Reply

Your email address will not be published. Required fields are marked *