എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

 
 
 
 
പിതാവ് എന്ന നിലയില്‍ കെ.യു അബ്ദുല്‍ ഖാദറിന്റെ ജീവിതം. മകള്‍ ഡോ. നസീം എഴുതുന്നു
 
 
“സാഹിത്യപരമായ കാര്യങ്ങളൊന്നും ആ ചര്‍ച്ചകളില്‍ വന്നിരുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. എഴുത്തുകാരന്‍ എന്നത് വാപ്പയില്‍ കുഴിച്ചുമൂടപ്പെട്ട ഒരു ഐഡന്റിറ്റിയായിരിക്കണം. ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടില്ല. സംസാരം അങ്ങോട്ടേക്ക് നീളുന്നുവെന്ന് തോന്നിയാല്‍ അപ്പോള്‍തന്നെ അതില്‍നിന്ന് രക്ഷപ്പെടുമായിരുന്നു. എറിയാട് താമസിക്കുന്ന കാലത്തും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്ത പലരും അവരിലുണ്ടായിരുന്നു. ആത്മീയതയും മറ്റുമായിരുന്നു സംസാരവിഷയം.

എറിയാട് വിശ്രമജീവിതം നയിക്കുന്ന സമയത്ത് അവിടത്തെ ഒരു സംഘടന വാപ്പയെ എഴുത്തുകാരന്‍ എന്ന നിലയില്‍ ആദരിക്കാന്‍ പരിപാടിയിട്ടിരുന്നു. എന്നാല്‍, അദ്ദേഹം അതിനു നിന്നുകൊടുത്തില്ല”

 

 
കഥയെഴുത്തില്‍ കത്തിനില്‍ക്കുന്ന ഒരു കാലത്ത് എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?
കെ.യു അബ്ദുല്‍ ഖാദര്‍ എന്ന എന്റെ വാപ്പ മരിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ ഉള്ളില്‍ നിറയുന്ന ചോദ്യങ്ങളില്‍ ആദ്യം മുന്നിലെത്തി നില്‍ക്കുന്നത് അതുതന്നെയാണ്. ഭാര്യയും മക്കളായ ഞങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ജീവിതംകൊണ്ട് അറിഞ്ഞുപോന്ന ആ ഒരാള്‍ മാത്രമായിരുന്നില്ല അദ്ദേഹം.

ഡോ. നസീം

എഴുത്തു തുടര്‍ന്നിരുന്നെങ്കില്‍ മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരില്‍ ഒരാളാവുമായിരുന്നു. വായിച്ചുകൂട്ടിയ ദാര്‍ശനിക ഗ്രന്ഥങ്ങളും ചിന്തിച്ചുകൂട്ടിയ ആത്മീയലോകങ്ങളും എഴുത്തായി മാറിയെങ്കില്‍ കനപ്പെട്ട പുസ്തകങ്ങള്‍ ആ വഴിക്കും വന്നേനെ. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഒന്നുമുണ്ടായില്ല. എഴുത്തുകാരനെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യൌവനത്തില്‍ തന്നെ അദ്ദേഹം എഴുത്തു നിര്‍ത്തി. അതുമായി ബന്ധപ്പെട്ട എല്ലാ വഴികളുമടച്ചു. പുസ്തകങ്ങള്‍ ഒരു പാട് വായിച്ചുകൂട്ടിയെങ്കിലും സാഹിത്യത്തിലേക്ക് ഒരിക്കലും തിരിഞ്ഞുനോക്കിയതേയില്ല.
എന്നിട്ടും കാര്യങ്ങള്‍ ഇപ്പോള്‍ ആ വഴിക്ക് തിരിയുക തന്നെയാണ്. ജീവിതകാലത്ത് എഴുത്തുകാരനെന്ന് തിരിച്ചറിയപ്പെടാതെപോയ അദ്ദേഹത്തിന്റെ കഥകളില്‍ ചിലത് സമാഹരിച്ച് ഗ്രീന്‍ ബുക്സ് ഒരു പുസ്തകം ഇറക്കുന്നു. മറവിയെടുത്ത ആ കഥകളില്‍ ചിലത് നാലഞ്ച് പതിറ്റാണ്ടിനുശേഷം നാലാമിടം പ്രസിദ്ധീകരിക്കുന്നു. ആരായിരുന്നു ആ മനുഷ്യനെന്നും ഇത്ര നല്ല എഴുത്തുകാരനായിട്ടും എന്തുകൊണ്ട് അദ്ദേഹം എഴുത്തു നിര്‍ത്തിയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഞാനിങ്ങനെ ഒരു മറുപടി എഴുതേണ്ടിവരുന്നു. സാഹിത്യത്തെക്കുറിച്ച് ഒന്നും സംസാരിക്കാറില്ലാത്ത, പതിറ്റാണ്ടുകളായി സാഹിത്യം വായിക്കാതിരുന്ന, എഴുത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശം വന്നാല്‍ അപ്പോള്‍ തന്നെ സംസാരം നിര്‍ത്തുന്ന ഒരു മനുഷ്യനെ എഴുത്തിന്റെ പേരില്‍ പില്‍ക്കാലം തിരിച്ചറിയുന്നു. രാഷ്ട്രീയത്തില്‍ കാര്യമായ താല്‍പ്പര്യം കാട്ടാതിരുന്ന അദ്ദേഹത്തിന് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആഴത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചില ദീര്‍ഘകാല സുഹൃത്തുക്കള്‍ തന്നെ വെളിപ്പെടുത്തുന്നു. ആരായിരുന്നു യഥാര്‍ത്ഥത്തില്‍ അദ്ദേഹമെന്ന ചോദ്യത്തിന്റെ അമ്പരപ്പിക്കുന്ന ഹൈവേയിലാണ് ഇപ്പോള്‍ ഞാന്‍.

 

മാതൃഭൂമിയില്‍ വാപ്പയുടെ കഥയ്ക്ക് വരച്ചിരുന്നത് എ എസ് ആയിരുന്നു. കാരൂര്‍,മലയാറ്റൂര്‍,പി കുഞ്ഞിരാമന്‍ നായര്‍,ഏകലവ്യന്‍ ഇവരുടെയൊക്കെ കഥകളും ആ ലക്കങ്ങളില്‍ കണ്ടു. വിലക്കപ്പെട്ട ഒരിടത്ത് ചെന്നെത്തപ്പെട്ടതിന്റെ പരിഭ്രാന്തിയോടെ പെട്ടി പെട്ടെന്നുതന്നെ അടച്ചുവെച്ചു.


 
ഇരുമ്പ് പെട്ടിയിലെ മാതൃഭൂമിക്കഥകള്‍

തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലാ കാമ്പസിലെ ഞങ്ങളുടെ വീട്ടില്‍ പണ്ട് ഒരു ഇരുമ്പു പെട്ടിയുണ്ടായിരുന്നു. വാപ്പ മാത്രമായി ഇടപഴകിയിരുന്ന, മറ്റാരും തൊടാത്ത ഒരു പഴയ പെട്ടി. കുട്ടിക്കാലത്തൊരിക്കല്‍, അക്കാലത്തിനു മാത്രം തരാന്‍ കഴിഞ്ഞ കുറുമ്പിന്റെ ധൈര്യത്തില്‍ ആ പെട്ടി രഹസ്യമായി ഞാന്‍ തുറന്നു നോക്കി. മറ്റാര്‍ക്കും കൊടുക്കാതെ സൂക്ഷിച്ച താക്കോല്‍, ആരും കാണാതെ എടുത്ത് പെട്ടി തുറക്കുകയായിരുന്നു.

അതില്‍ കുറച്ചു മാസികകളും പുസ്തകവുമായിരുന്നു. പിന്നെ കുറച്ചു കത്തുകളും. മാതൃഭൂമി വാരികയുടെ അഞ്ചു ലക്കങ്ങള്‍, വാപ്പയുടെ രണ്ട് ചെറുകഥകള്‍ മൊഴിമാറ്റി അടിച്ചുവന്ന തമിഴിലെ മന്‍ ജരി ,ഹിന്ദിയിലെ ധര്‍മയുഗ് മാസികകള്‍ എന്നിവ അതില്‍ കണ്ടു. പിന്നെ, വാപ്പയുടെ കടല്‍ എന്ന സമാഹാരം, അറിയപ്പെടുന്നവരുടെയും ആരാധകരുടെയും കുറെ കത്തുകള്‍ എന്നിവ. മാതൃഭൂമിയില്‍ വാപ്പയുടെ കഥയ്ക്ക് വരച്ചിരുന്നത് എ എസ് ആയിരുന്നു. കാരൂര്‍,മലയാറ്റൂര്‍,പി കുഞ്ഞിരാമന്‍ നായര്‍,ഏകലവ്യന്‍ ഇവരുടെയൊക്കെ കഥകളും ആ ലക്കങ്ങളില്‍ കണ്ടു. വിലക്കപ്പെട്ട ഒരിടത്ത് ചെന്നെത്തപ്പെട്ടതിന്റെ പരിഭ്രാന്തിയോടെ പെട്ടി പെട്ടെന്നുതന്നെ അടച്ചുവെച്ചു. ആ പരിഭ്രമം താല്‍ക്കാലികമായിരുന്നു; പിന്നെയും ആ പെട്ടിക്കുള്ളിലേക്ക് പല തവണ നോട്ടമെത്തി.

ഇത്തിരികൂടി മുതിര്‍ന്നപ്പോഴാണ് ആ ആഴ്ചപ്പതിപ്പുകള്‍ വായിച്ചു നോക്കിയത്. അതിലെല്ലാം ആ പേരുണ്ടായിരുന്നു – കെ.യു അബ്ദുല്‍ ഖാദര്‍! അദ്ദേഹത്തിന്റെ പേരുള്ള കഥകളോടൊപ്പം എ.എസ് എന്ന ഇംഗ്ലീഷ് പേര് അടിയില്‍ എഴുതിയ ചിത്രങ്ങളുമുണ്ടായിരുന്നു. എ.എസ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച രേഖാചിത്രകാരനായിരുന്നു ആ ചിത്രങ്ങള്‍ക്കടിയില്‍ രണ്ടക്ഷരത്തില്‍ ഒതുങ്ങിക്കൂടിയതെന്ന് തിരിച്ചറിയാന്‍ പിന്നെയും കാലമെടുത്തു.

വാപ്പ പണ്ട് എഴുതുമായിരുന്നെന്ന് ഉമ്മയും വല്യുമ്മയുമൊക്കെ പറഞ്ഞ് അറിയുമായിരുന്നു. ആ അറിവ് ബലപ്പെടുത്തുന്നതായിരുന്നു ഇരുമ്പു പെട്ടിയിലെ അച്ചടിച്ച കടലാസുകള്‍. പെട്ടിയിലുണ്ടായിരുന്ന കത്തുകള്‍ എഴുത്തുകാരുമായുള്ള സൌഹൃദബന്ധങ്ങളുടെ തെളിവായിരുന്നു. പാറപ്പുറത്ത്, കാക്കനാടന്‍, പൊന്‍കുന്നം വര്‍ക്കി എന്നിവരുമൊക്കെയായി ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധമുള്ളതിന്റെ സൂചനകളൊന്നും കണ്ടില്ല.

അപ്പോഴത്തേയ്ക്കും എനിക്കും വായനയുടെ ലഹരി ബാധിച്ചിരുന്നു. കിട്ടുന്നതെല്ലാം ആര്‍ത്തിയോടെ വായിക്കാന്‍ തുടങ്ങി. വീട്ടില്‍ പുസ്തകങ്ങള്‍ കുറേ ഉണ്ടായിരുന്നെങ്കിലും സാഹിത്യ കൃതികള്‍ കുറവായിരുന്നു. അതില്‍ത്തന്നെ മലയാള പുസ്തകങ്ങള്‍ ഇല്ലേയില്ല. അതിനാല്‍ ലൈബ്രറികളായിരുന്നു ആശ്രയം. ആദ്യം എറിയാട്ടെ ലൈബ്രറിയിലായിരുന്നു. തൃശൂരിലേക്ക് താമസം മാറിയപ്പോള്‍ പബ്ലിക് ലൈബ്രറിയായി ആശ്രയം.

എഴുത്തുകാരനായിരുന്ന, ഒരിക്കല്‍ കഥകള്‍ എഴുതിയിരുന്ന ഒരാളെന്ന നിലയില്‍ വാപ്പയെ ഒരിക്കലും കണ്ടിട്ടേയില്ല. എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കണമെന്ന് ആഗ്രഹമുണ്ടയിരുന്നു. എന്നാല്‍ ഒരിക്കലും അതിനുള്ള ഇടം ഉണ്ടായില്ല. ഒരിക്കലും അത്തരം ചോദ്യങ്ങള്‍ വാപ്പ ഇഷ്ടപ്പെട്ടില്ല. എന്തെങ്കിലും ചോദിച്ചാല്‍ ദേഷ്യം വരും. പിന്നെ കണ്ണുരുട്ടി ഒരു നോട്ടമാണ്. എല്ലാ സംശയവും ആവിയായി പോവും.

 

വാപ്പയുടെ പിതാവിന് പഠനത്തോടൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല. വാപ്പയ്ക്ക് ചെറുപ്പം മുതലേ പഠനത്തോടും പുസ്തകങ്ങളോടുമൊക്കെ ഇഷ്ടമുണ്ടായിരുന്നു. നല്ല ബുദ്ധിസാമര്‍ത്ഥ്യവുമുണ്ടായിരുന്നു.


 

വാപ്പ
വാപ്പയെക്കുറിച്ച് കൂടുതലും അറിഞ്ഞത് ഉമ്മയില്‍നിന്നും വല്യുമ്മയില്‍നിന്നുമാണ്. എന്നാല്‍, അവര്‍ക്കും ഒരുപാടൊന്നും അറിഞ്ഞൂകൂടായിരുന്നുവെന്ന് തോന്നുന്നു.

കൊടുങ്ങല്ലൂരിനടുത്ത എറിയാട് ഗ്രാമത്തില്‍ കൊച്ചിക്കാരന്‍ വടക്കേവീട്ടിലായിരുന്നു വാപ്പ ജനിച്ചത്. വാപ്പയുടെ പിതാവിന് പഠനത്തോടൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല. വാപ്പയ്ക്ക് ചെറുപ്പം മുതലേ പഠനത്തോടും പുസ്തകങ്ങളോടുമൊക്കെ ഇഷ്ടമുണ്ടായിരുന്നു. നല്ല ബുദ്ധിസാമര്‍ത്ഥ്യവുമുണ്ടായിരുന്നു. എറിയാട് കേരളവര്‍മ്മ ഹൈസ്കൂളിലാണ് പത്താംതരം വരെ പഠിച്ചത്. പിന്നീട് അന്നത്തെ ചെറുപ്പക്കാരുടെ ഇഷ്ടവിഷമായിരുന്ന ടൈപ്പും ഷോര്‍ട് ഹാന്റും പഠിച്ചു. ചെറുപ്പം മുതലേ വായിക്കുമായിരുന്നു. എഴുത്തുമുണ്ടായിരുന്നു. അതെന്നാണ് നിലച്ചതെന്നും എന്താണ് കാരണമായതെന്നും ആര്‍ക്കും ഇപ്പോഴും പിടിയില്ല.

1961ലാണ് വാപ്പ വിവാഹിതനായത്. ഉമ്മ അയിഷാബിയുടെ വീട് അടുത്തു തന്നെയായിരുന്നു. കല്യാണം കഴിച്ച കാലത്തൊന്നും വാപ്പ എഴുതാറുണ്ടായിരുന്നില്ല എന്നാണ് ഉമ്മ പറയുന്നത്. 1968ലൊക്കെ എഴുതിയിരുന്നതായി പറയുന്നത് കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ചോദിക്കുമ്പോള്‍ ഉമ്മ പറയുന്നു.

കല്യാണം കഴിഞ്ഞശേഷം പാലക്കാടും ആലപ്പുഴയുമൊക്കെ വാപ്പ ജോലി നോക്കിയിരുന്നു. ആ സമയത്തൊക്കെ ഉമ്മ കൊടുങ്ങല്ലൂരിലെ വീട്ടില്‍ തന്നെയായിരുന്നു. അടുത്തുള്ള ഒരു എയിഡഡ് സ്കൂളില്‍ അധ്യാപികയായി ജോലി നോക്കുന്നതിനാല്‍ വാപ്പയുടെ കൂടെ ജോലിസ്ഥലത്തൊന്നും താമസിക്കാന്‍ ഉമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല.

1975 കാലത്ത് കാര്‍ഷിക സര്‍വകലാശാലയുടെ വിസിയുടെ സെക്രട്ടറിയായി ജോലി നോക്കി. ഏറെ കാലം അവിടെയായിരുന്നു. സ്ഥലംമാറ്റമൊന്നും കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ ഉമ്മ എറിയാട് തന്നെ നിന്നു. ഞങ്ങള്‍ നാലുമക്കളും എല്‍.പി സ്കൂള്‍വരെ എറിയാടാണ് പഠിച്ചിരുന്നത്. അതു കഴിഞ്ഞ്, മണ്ണുത്തിയിലുള്ള വാപ്പയ്ക്കൊപ്പം താമസം മാറ്റി.

ഞങ്ങല്‍ നാലു മക്കളാണ്. മൂത്ത മകന്‍ നസീര്‍ കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാലില്‍ പ്ലസ് ടു അധ്യാപകനാണ്. രണ്ടാമത്തെയാളാണ് ഞാന്‍. ഇപ്പോള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലിചെയ്യുന്നു. മൂന്നാമത്തെ മകള്‍ സജീന പയ്യന്നൂരില്‍ പ്ലസ് ടു അധ്യാപിക. നാലാമത്തെ മകന്‍ സിദ്ദിഖ് ബാംഗ്ലൂരില്‍ സോഫ്റ്റ വെയര്‍ എഞ്ചിനീയറാണ്. മക്കളെ എല്ലാവരെയും നന്നായി പഠിപ്പിക്കണമെന്ന് വാപ്പയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും നന്നായി പഠിക്കുകയും ചെയ്തിരുന്നു.

 

വാപ്പയെ എനിക്കെന്നും ഭയമായിരുന്നു. ഒന്നു നോക്കിയാല്‍ മതി. മുട്ടുവിറയ്ക്കും. ഒരു കണ്ണുരുട്ടലില്‍ കരഞ്ഞുപോവും. നാലു മക്കള്‍ക്കും അതുപോലെ തന്നെയായിരുന്നു. എന്നാല്‍, അവസാന കാലമായപ്പോള്‍ വാപ്പയുടെ ഗൌരവമൊക്കെ കുറേ കുറഞ്ഞു. പക്ഷേ, ഞങ്ങളുടെ പേടി മാറിയില്ല. അതിനാല്‍, ഒരിക്കലും സ്വതന്ത്രമായി ഇടപെടാന്‍ കഴിഞ്ഞിട്ടേയില്ല.


 

ചിരിച്ചാല്‍, കണ്ണുരുട്ടുന്ന ഒരാള്‍

വാപ്പ എഴുതിയ കഥകളില്‍ പലതിലും നര്‍മബോധം തുളുമ്പുന്നത് കാണാം. എന്നാല്‍, വീട്ടില്‍ അങ്ങനെയൊരാളേ ആയിരുന്നില്ല. സദാ ഗൌരവം. കളി തമാശകളോ ചിരിയോ കൊച്ചുവര്‍ത്തമാനങ്ങളോ ഇല്ല.

വാപ്പയെ എനിക്കെന്നും ഭയമായിരുന്നു. ഒന്നു നോക്കിയാല്‍ മതി. മുട്ടുവിറയ്ക്കും. ഒരു കണ്ണുരുട്ടലില്‍ കരഞ്ഞുപോവും. നാലു മക്കള്‍ക്കും അതുപോലെ തന്നെയായിരുന്നു. എന്നാല്‍, അവസാന കാലമായപ്പോള്‍ വാപ്പയുടെ ഗൌരവമൊക്കെ കുറേ കുറഞ്ഞു. പക്ഷേ, ഞങ്ങളുടെ പേടി മാറിയില്ല. അതിനാല്‍, ഒരിക്കലും സ്വതന്ത്രമായി ഇടപെടാന്‍ കഴിഞ്ഞിട്ടേയില്ല. എന്തുകൊണ്ടാണ് എഴുത്തു നിര്‍ത്തിയതെന്നും, വാപ്പയ്ക്ക് ഇനിയും എഴുതിക്കൂടേയെന്നുമൊക്കെ ചോദിക്കണം എന്ന് പില്‍ക്കാലത്ത് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍, ഒരിക്കലും നാവുയര്‍ന്നില്ല.

ഉമ്മയോടും ഇതേപോലെയായിരുന്നു പെരുമാറ്റം. അധികമൊന്നും സംസാരിക്കില്ല. പെട്ടെന്ന് ദേഷ്യം വരും, ചൂടാവും. എന്നാല്‍, ഞങ്ങളുടെ മക്കളോട് ഇങ്ങനെയൊന്നുമായിരുന്നില്ല വാപ്പ. അവരോട് സ്നേഹം പ്രകടിപ്പിച്ചു. വാല്‍സല്യത്തോടെ പെരുമാറി.

തിരിച്ചറിവിന്റെ കാലത്തേ ഞങ്ങള്‍ക്ക് വാപ്പയുടെ പെരുമാറ്റം അറിയാമായിരുന്നു. എല്ലാ തരത്തിലും ഒരകലം ഞങ്ങള്‍ വാപ്പയുമായി സൂക്ഷിച്ചു. ഇതിനര്‍ത്ഥം അദ്ദേഹം ഞങ്ങളെ പൂര്‍ണ്ണമായി അവഗണിച്ചു എന്നേയല്ല.

മക്കള്‍ എന്നനിലയിലുള്ള കൊച്ചുവര്‍ത്തമാനങ്ങളും മറ്റുമാണ് അദ്ദേഹം ഒഴിവാക്കിയിരുന്നത്. മറ്റെല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ പഠിത്തക്കാര്യത്തിലും മറ്റും. ഞങ്ങള്‍ക്ക് അസുഖമൊക്കെ വന്നാല്‍, വല്ലാതെ അസ്വസ്ഥനാകുമായിരുന്നു. ഉമ്മയേക്കാളും അക്കാര്യത്തില്‍ ടെന്‍ഷന്‍ വാപ്പയ്ക്കായിരുന്നു. ക്ലാസ് കഴിഞ്ഞു് വരാനൊക്കെ വൈകിയാല്‍ ആകെ ഉല്‍ക്കണ്ഠപ്പെടും. ഞങ്ങളുടെ ഭാവിയെക്കുറിച്ചു് തികഞ്ഞ ശ്രദ്ധയുണ്ടായിരുന്നു.

വീട്ടിലെ കാര്യങ്ങളില്‍ വാക്കുകള്‍ കൊണ്ട് ഇടപെട്ടിരുന്നില്ലെങ്കിലും എല്ലാ കാര്യങ്ങളും അദ്ദേഹം അറിയുകയും ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. സ്കൂള്‍ അഡ്മിഷന്‍ പോലുള്ള കാര്യങ്ങളിലൊക്കെ ശ്രദ്ധവെച്ചിരുന്നു. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തു സംശയം ചോദിക്കുന്നതും ഇഷ്ടമായിരുന്നു. അടുത്തിരുന്ന് എന്താ വാപ്പാ എന്നൊക്കെ ലാഘവത്തോടെ പറയാനാവുന്ന ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ല എന്ന് മാത്രം.

എനിക്ക് മെഡിസിന് കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു അദ്ദേഹം. പണ്ടേ അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്ന ഫീല്‍ഡാണ്. മേഡേണ്‍ മെഡിസിന്റെ പുസ്തകങ്ങളൊക്കെ കാര്യമായി വായിച്ചിരുന്നു. ഒരു അണ്ടര്‍ഗ്രാജ്വേറ്റ് ഡോക്ടര്‍ക്കു വേണ്ട തിയററ്റിക്കല്‍ അറിവൊക്കെ അദ്ദേഹത്തിന് അന്നേ ഉണ്ടായിരുന്നു. എന്നാല്‍, വെറും പുസ്തകപ്പുഴുവൊന്നുമായിരുന്നില്ല. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ മുന്‍കൈയിലാണ് നടന്നത്. ഫൈനല്‍ ഇയറിനു പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ് അധ്യാപകനായ പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി അബൂബക്കറാണ് എന്റെ ഭര്‍ത്താവ്. വിവാഹാലോചന മുതലുള്ള എല്ലാ കാര്യങ്ങളും വാപ്പ തന്നെയാണ് കൈകാര്യം ചെയ്തത്.

 

മണ്ണുത്തിയിലെ സുഹൃത്തുക്കള്‍ക്കൊന്നും എന്നാല്‍, വാപ്പ എഴുതിയിരുന്നു എന്ന വിവരമൊന്നും അറിയുമായിരുന്നില്ല. ഞങ്ങള്‍ക്ക് ഈ സംസാരങ്ങളിലൊന്നും പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഞാനവരുടെ സംഭാഷണങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനിന്ന് കേള്‍ക്കാറുണ്ടായിരുന്നു.


 

എഴുത്തോ, ഞാനോ…?

എല്ലാ കാലത്തും വാപ്പയ്ക്ക് ധാരാളം കൂട്ടുകാരുണ്ടായിരുന്നു. ഞങ്ങളോടുള്ളതു പോലെയായിരുന്നില്ല അവരോടൊക്കെ. ചിരിച്ചും തമാശപറഞ്ഞുമൊക്കെയാണ് സംസാരിക്കുക. മണ്ണുത്തിയിലെ വീട്ടില്‍ കൂട്ടുകാര്‍ വന്നാല്‍, വാപ്പ ഏറെ നേരം സംസാരിക്കും. കെ.എം. ലെനിന്‍ മാഷൊക്കെ അന്ന് വീട്ടില്‍ വന്നിരുന്നതായി ഓര്‍മ്മയുണ്ട്. മണ്ണുത്തിയിലെ സുഹൃത്തുക്കള്‍ക്കൊന്നും എന്നാല്‍, വാപ്പ എഴുതിയിരുന്നു എന്ന വിവരമൊന്നും അറിയുമായിരുന്നില്ല. ഞങ്ങള്‍ക്ക് ഈ സംസാരങ്ങളിലൊന്നും പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഞാനവരുടെ സംഭാഷണങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനിന്ന് കേള്‍ക്കാറുണ്ടായിരുന്നു.

സാഹിത്യപരമായ കാര്യങ്ങളൊന്നും ആ ചര്‍ച്ചകളില്‍ വന്നിരുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. എഴുത്തുകാരന്‍ എന്നത് വാപ്പയില്‍ കുഴിച്ചുമൂടപ്പെട്ട ഒരു ഐഡന്റിറ്റിയായിരിക്കണം. ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടില്ല. സംസാരം അങ്ങോട്ടേക്ക് നീളുന്നുവെന്ന് തോന്നിയാല്‍ അപ്പോള്‍തന്നെ അതില്‍നിന്ന് രക്ഷപ്പെടുമായിരുന്നു. എറിയാട് താമസിക്കുന്ന കാലത്തും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്ത പലരും അവരിലുണ്ടായിരുന്നു. ആത്മീയതയും മറ്റുമായിരുന്നു സംസാരവിഷയം.

എറിയാട് വിശ്രമജീവിതം നയിക്കുന്ന സമയത്ത് അവിടത്തെ ഒരു സംഘടന വാപ്പയെ എഴുത്തുകാരന്‍ എന്ന നിലയില്‍ ആദരിക്കാന്‍ പരിപാടിയിട്ടിരുന്നു. എന്നാല്‍, അദ്ദേഹം അതിനു നിന്നുകൊടുത്തില്ല.

മനോഹരമായ കഥകളാണ് അദ്ദേഹം എഴുതിയത്. മുതിര്‍ന്നപ്പോള്‍ ഇക്കാര്യം എനിക്ക് തിരിച്ചറിയാനായി. ഭാഷയിലും ക്രാഫ്റ്റിലും ആഖ്യാനത്തിലുമെല്ലാം സവിശേഷതകളുണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്. എഴുതുന്ന കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു അദ്ദേഹമെന്ന് ലെനിന്‍ മാഷൊക്കെ പറയാറുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അദ്ദേഹമത് അവസാനിപ്പിച്ചു. എഴുത്തോ, ഏയ് ഇല്ലേയില്ല എന്ന മട്ടായിരുന്നു എപ്പോഴും വാപ്പയ്ക്ക്.

 

ആത്മീയമായ വഴിയില്‍ അതീവ തല്‍പ്പരനായിരുന്നു അദ്ദേഹം. എന്നാല്‍, അത് മതപരമായിരുന്നില്ല. ഒരിക്കലും ഒരു പ്രാക്റ്റീസിങ് മുസ്ലിം ആയിരുന്നില്ല അദ്ദേഹം. സര്‍വീസില്‍നിന്ന് വിരമിച്ച് എറിയാട് വിശ്രമജീവിതം നയിക്കുന്ന കാലത്ത് വെള്ളിയാഴ്ചകളില്‍ മാത്രം അദ്ദേഹം പള്ളിയില്‍ പോവുന്നത് കണ്ടിട്ടുണ്ട്.


 

ആത്മീയ വഴിയില്‍ ഒരു സന്ദേഹി

ഓര്‍മ്മവെച്ച കാലം മുതല്‍ വാപ്പ പുസ്തകം വായിക്കുന്നത് കാണാം. ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു വീട്ടില്‍. ഒരുകാലത്ത് ധാരാളം കഥകളെഴുതിയിരുന്നുവെങ്കിലും സാഹിത്യം അദ്ദേഹത്തിന്റെ വായനയില്‍ കടന്നുവന്നതേയില്ല. ആത്മീയത, തത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിലെ പുസ്തകങ്ങളായിരുന്നു ശേഖരത്തിലുള്ളത്.

കിടന്നിട്ടാണ് വായന. തലയിണ പൊക്കിവെച്ച് ചെരിഞ്ഞുകിടന്ന് കൈകൊണ്ടു താങ്ങും. വായനക്കിടയില്‍ ചില വരികള്‍ക്ക് അടിവരയിടും. കുറച്ചുനേരം വായിച്ചശേഷം ഏറെനേരം ആലോചിക്കും.

ആത്മീയമായ വഴിയില്‍ അതീവ തല്‍പ്പരനായിരുന്നു അദ്ദേഹം. എന്നാല്‍, അത് മതപരമായിരുന്നില്ല. ഒരിക്കലും ഒരു പ്രാക്റ്റീസിങ് മുസ്ലിം ആയിരുന്നില്ല അദ്ദേഹം. സര്‍വീസില്‍നിന്ന് വിരമിച്ച് എറിയാട് വിശ്രമജീവിതം നയിക്കുന്ന കാലത്ത് വെള്ളിയാഴ്ചകളില്‍ മാത്രം അദ്ദേഹം പള്ളിയില്‍ പോവുന്നത് കണ്ടിട്ടുണ്ട്.

എല്ലാ മതങ്ങളുടെയും ദര്‍ശനങ്ങളുടെയും ശരികളന്വേഷിക്കുന്ന ഒരു സന്ദേഹി അദ്ദേഹത്തില്‍ സദാ പാര്‍ത്തിരുന്നു. അടങ്ങാത്ത ആത്മീയ അന്വേഷണങ്ങള്‍ ജീവിത്തിലുടനീളം ഉണ്ടായിരുന്നു. സൂഫി വഴികളിലൂടെ സഞ്ചരിച്ച ജലാലുദ്ദീന്‍ റൂമിയെ പോലുള്ളവരെ ഇഷ്ടമായിരുന്നു. ഹിന്ദു ആത്മീയതകളിലും ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമത്തില്‍ പണ്ട് പതിവായി സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. അരബിന്ദോ ആശ്രമത്തിലെ ധാരാളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. നിത്യചൈതന്യയതിയുമായും കത്തിടപാടുകള്‍ ഉണ്ടായിരുന്നു.

വിലാസിനിയുടെ അവകാശികള്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് രസകരമായ ഒരോര്‍മ്മ എനിക്കുണ്ട്. വായനയുടെ ആവേശം കയറിയ ചെറുപ്പത്തില്‍ നടന്ന സംഭവമാണ്. അവകാശികള്‍ക്ക് നാല് വാള്യങ്ങളുണ്ടായിരുന്നു. അതില്‍ മൂന്നാമത്തെ വാള്യം എനിക്ക് കിട്ടിയില്ല. അതു കിട്ടണമെന്ന് ആഗ്രഹം കലശലായപ്പോള്‍ വാപ്പയെ സമീപിച്ചു. ‘ മലയാളം നോവലൊക്കെ ആരെങ്കിലും കാശുകൊടുത്തു വാങ്ങുമോ’ എന്നായിരുന്നു മറുപടി. ഒപ്പം കണ്ണുരുട്ടലും. അവിടെ തീര്‍ന്നു എന്റെ ചോദ്യം.

ഞാന്‍ വായിക്കുന്ന കാര്യമൊക്കെ വാപ്പയ്ക്ക് അറിയാമായിരുന്നു. എന്നാല്‍, അതൊന്നും കണ്ടതായി അദ്ദേഹം നടിച്ചില്ല. വായനാഭിരുചി വളര്‍ന്ന സമയത്ത് അതിനെക്കുറിച്ചൊക്കെ വാപ്പയോട് സംസാരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരിക്കലും അതിനുള്ള ധൈര്യമുണ്ടായിട്ടില്ല.

 

കഥയെഴുത്തിന്റെ സാദ്ധ്യതകള്‍ മുഴവന്‍ അടച്ചുകളഞ്ഞ് സ്വന്തം ഷെല്ലിനകത്ത് ഒതുങ്ങുകയായിരുന്നു അദ്ദേഹം. എന്താവാം അതിനു കാരണമെന്ന് എനിക്കറിയില്ല. എഴുത്തു നിര്‍ത്തി എന്നു മാത്രമല്ല, ആ കാര്യംതന്നെ മറച്ചുവെക്കുകയായിരുന്നു വാപ്പ. ഒരിക്കലും അതിന്റെ ലാഞ്ചനപോലും കാണിച്ചില്ല. എഴുത്തുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും അദ്ദേഹം നിരുല്‍സാഹപ്പെടുത്തി. ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഈ കഥകളൊന്നും പുനഃപ്രസിദ്ധീകരിക്കാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.


 

അവസാന കാലം

അവസാന കാലത്തും വായനയുണ്ടായിരുന്നു. അസുഖം വന്നതോടെ ശരീരം വല്ലാതെ ക്ഷീണിച്ചു. ഏഴെട്ടു വര്‍ഷംമുമ്പു വന്ന പ്രമേഹമായിരുന്നു വാപ്പയെ കീഴടക്കിയത്. പ്രമേഹം വര്‍ദ്ധിച്ചതോടെ അത് കിഡ്നിയെ ബാധിച്ചു. നിരന്തരം ഡയാലിസിസിസ് ചെയ്യേണ്ടിവന്നു.

അത്ര ധീരമായല്ല വാപ്പ രോഗത്തെ നേരിട്ടത്. അസുഖം അദ്ദേഹത്തെ പരിക്ഷീണനാക്കി. മാനസികമായും വല്ലാതെ തളര്‍ത്തി. രോഗവിവരങ്ങളില്‍ ഏറെ ആശങ്കാകുലനായിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ കാലത്തെയും ആഗ്രഹം.

അഞ്ചുവര്‍ഷം മുമ്പ് കിഡ്നിക്ക് രോഗം ബാധിച്ചപ്പോള്‍ മുതല്‍ കോഴിക്കോടായിരുന്നു ചികില്‍സ. ചികില്‍സക്കു വന്നാല്‍ കുറച്ചുനാള്‍ തിരൂരങ്ങാടിയില്‍ എന്റെ വീട്ടില്‍ നില്‍ക്കും. ഉമ്മയും കൂടെ വരും. അതുകഴിഞ്ഞാല്‍ എറിയാട്ടെ വീട്ടിലേക്കു തന്നെ മടങ്ങും. അതിനിടയ്ക്കാണ് കഴിഞ്ഞ വര്‍ഷം ജുലൈ 24ന് മരണം. കിഡ്നി തകരാറായിരുന്നു മരണകാരണം.

അപാരമായ സാദ്ധ്യതയുള്ള എഴുത്തുകാരനായിരുന്നു വാപ്പയെന്ന് സുഹൃത്തുക്കളൊക്കെ പറയാറുണ്ട്. വായിച്ച കഥകള്‍ വെച്ച് എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നതു്. കഥയെഴുത്തിന്റെ സാദ്ധ്യതകള്‍ മുഴവന്‍ അടച്ചുകളഞ്ഞ് സ്വന്തം ഷെല്ലിനകത്ത് ഒതുങ്ങുകയായിരുന്നു അദ്ദേഹം. എന്താവാം അതിനു കാരണമെന്ന് എനിക്കറിയില്ല. എഴുത്തു നിര്‍ത്തി എന്നു മാത്രമല്ല, ആ കാര്യംതന്നെ മറച്ചുവെക്കുകയായിരുന്നു വാപ്പ. ഒരിക്കലും അതിന്റെ ലാഞ്ചനപോലും കാണിച്ചില്ല. എഴുത്തുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും അദ്ദേഹം നിരുല്‍സാഹപ്പെടുത്തി. ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഈ കഥകളൊന്നും പുനഃപ്രസിദ്ധീകരിക്കാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.
 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 

Leave a Reply

Your email address will not be published. Required fields are marked *