തത്ത്വജ്ഞാനിയും കഴുതയും

 
 
 
 
കെ.യു അബ്ദുല്‍ഖാദറിന്റെ കഥ. തത്വജ്ഞാനിയും കഴുതയും.
1967 ജൂണ്‍ നാല് ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

 
 
“ഉറക്കത്തില്‍ സ്വപ്നം കണ്ടു. ഏദന്‍ തോട്ടം. ആദാമും ഹവ്വയും പച്ചിലകളുടെ വസ്ത്രവും മുള്ളന്‍ വള്ളികളുടെ കീരിടവുമണിഞ്ഞുനിന്ന് ഒട്ടുവളരെ ദമ്പതികളുടെ അതിദീര്‍ഘമായ ഒരു നൃത്തസംഘത്തെ നയിക്കുന്നു. ലോകവും ബഹുശതം തലമുറകളും പ്രതിനിധീകരിക്കപ്പെടുന്ന അസംഖ്യം വേഷങ്ങള്‍. വിളറിയ മുഖവുമായി താന്‍ അവരില്‍ നിന്നകന്ന്, വിദൂരതയിലെ ശവകുടീരവും നോക്കി നടന്നുപോകുമ്പോള്‍ മനുഷ്യവംശത്തിന്റെ സര്‍വ്വപരമ്പരയും സഹതാപപൂര്‍വ്വം തന്നെ നോക്കി. തന്റെ ശിരസ്സില്‍ സാര്‍ത്രയുടെ മുഴുവന്‍ കൃതികളും അടക്കി വെച്ചിട്ടുണ്ട്. വളരെ ദൂരെനിന്ന് പഞ്ചാബിവേഷമണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു യുവതി തെച്ചിപ്പൂ ചുണ്ടുകളില്‍ പുഞ്ചിരിയും, മാറോടു ചേര്‍ത്തുപിടിച്ച ഒരു പെറിമേസണുമായി തന്റെ നേരെ വന്നു.”

 

 

പ്രപഞ്ചത്തിന്റെ സംവിധാനത്തില്‍ സംഭവിച്ചുപോയ പല വീഴ്ചകളെയും പറ്റി ഓര്‍ത്തു ദുഃഖിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആറു ദിവസം കൊണ്ടിത് തിരക്കു പിടിച്ചു പൂര്‍ത്തിയാക്കി ഏഴാം ദിവസം വിശ്രമിക്കരുതായിരുന്നു. ഒട്ടേറെ ശില്പഭംഗങ്ങള്‍! ഏഴാം ദിവസമെങ്കിലും ലേശമൊക്കെ മിനുക്കിയെടുക്കാമായിരുന്നു. പെണ്‍കിടാങ്ങളുടെ ലഘുവായ തലച്ചോറിന്റെ കാര്യം മാത്രമെടുക്കുക. മിക്കവാറും പൊള്ളയായ മണ്ടയുമായി ഈ മനോഹര കലാശില്പത്തെ അണിയറയില്‍ നിന്നു പുറത്തെടുക്കാന്‍ ഇത്ര ധൃതി വേണ്ടായിരുന്നു, തീര്‍ച്ച. ഒഥെല്ലോ ഡെസ്ഡിമോണയെ ഞെരിച്ചു കൊന്ന രംഗം ക്ലാസ്സില്‍ ലേശം വികാരതീക്ഷ്ണതയോടെ അഭിനയിച്ചു കാണിച്ചപ്പോള്‍ മൂന്നു തടിച്ച പെണ്‍കുട്ടികള്‍ക്കു ബോധക്ഷയമുണ്ടായി.

അപ്പോള്‍ ഭൂകമ്പത്തിന്റെ ആരംഭമായി. ആദ്യം ഒരു ഭ്രാന്തന്‍ പളുങ്കുപാത്രങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്ന മട്ടിലുള്ള ചിരി. പിന്നെ പ്രിയമുള്ള അല്‍സേഷ്യന്റെ പൗരുഷമുള്ള കുരയും…. തുടര്‍ന്നു് നൂറോളം പെണ്‍കുട്ടികളുടെ നടുങ്ങിയുള്ള കരച്ചില്‍. അതിനിടയില്‍നിന്നു് പ്രിയസഹോദരിയുടെ കല്‍പന വേറിട്ടു കേള്‍ക്കാമായിരുന്നു: “ചേട്ടനീ മൃഗത്തെയൊന്ന് അടക്കി നിര്‍ത്തു! ഇല്ലെങ്കില്‍ ഇവര്‍ നടുങ്ങി മരിക്കും.”

“ടാര്‍സന്‍”, ഉറക്കെ വിളിച്ചു. എന്നിട്ടു തെല്ല് അഭിമാനത്തോടെ വിചാരിച്ചു: അവനു മാത്രം മനുഷ്യാതീതമായ അനുസരണയുണ്ട്. വായാടി സഹോദരി അവനെ ഭയന്ന് തന്നോടു കേഴുന്നു. അവളുടെ ഒരു പറ്റം കൂട്ടുകാരികളുടെ പൊള്ളയായ അഹങ്കാരം അവന്റെ നിസ്സാരമായ കുരയില്‍ നടുങ്ങുന്നു. സ്നേഹിതാ! നിന്നെ സ്നേഹിച്ചത് വെറുതെയായില്ല-നിന്നെ മാത്രം.

സഹോദരിയും കൂട്ടവും ലേശം മെലിഞ്ഞ ഒരു വെളുത്ത പെണ്ണിനെ കരുതലോടെ താങ്ങിയെടുത്തുകൊണ്ട് അകത്തേക്ക് കയറി. പൂ പോലെയായ നിന്റെ അചുംബിതമായ അരുമദളങ്ങളില്‍ പോറലേല്‍ക്കരുതേ എന്ന മട്ടില്‍. ധൃതിയില്‍ കിടക്ക വിരിക്കുന്ന കോലാഹലം കേട്ടു. വെളുത്ത പെണ്ണിനെ ബലം പ്രയോഗിച്ചു കിടത്തുന്നു. ശബ്ദമുണ്ടാക്കരുത് എന്നു് നൂറു പേരും ഉറക്കെ പറഞ്ഞു വഴക്കിടുകയും ചെയ്തു. അതിനിടയില്‍നിന്നൂരി വന്നു് സഹോദരി അറിയിച്ചു, “ഷീലക്കു സുഖമില്ലാത്തതുകൊണ്ട് ഞങ്ങള്‍ ഇങ്ങോട്ട് കൊണ്ടുപോന്നു. ഹോസ്റ്റലിലായാല്‍ ഇവളെ വധിച്ചു കളയും.”

നൂറുപേര്‍ വെളുത്ത പെണ്ണിനെ ഒരുമിച്ചു ചുംബിക്കുന്ന ശബ്ദം. എന്നിട്ട് ഒരു സേനാദളം മാര്‍ച്ച്ചെയ്തു് അകലുകയായി. പിന്നെ എങ്ങോ വളപ്പൊട്ടുകള്‍ മാര്‍ബിള്‍ തറയില്‍ വീഴുന്നതു പോലുള്ള ശബ്ദവും പരിമള തൈലവും പൂച്ചെണ്ടുകളും ഉരുമ്മി വരുന്ന ഇളംകാറ്റും. ഭൂകമ്പത്തിന്റെ അവസാനമാകാം.

രാത്രി മുഴുവന്‍ വിദൂരതയില്‍ നിന്നെന്നോണം വെളുത്ത പെണ്ണിന്റെ ഞരക്കം കേള്‍ക്കാമായിരുന്നു. സഹോദരിയുടെ ദുസ്സഹമായ ഇംഗ്ലീഷ് താരാട്ടും. ഇവളുടെ പാട്ടില്ലെങ്കില്‍ ലോകം അത്രത്തോളമെങ്കിലും ഭേദപ്പെടുമായിരുന്നു.

പതിവുപോലെ കൃത്യം ഒമ്പതരയായപ്പോള്‍ ഉണര്‍ന്നു. ലോകം വേണ്ടത്ര വെളിച്ചം അപ്പോഴേ സമ്പാദിക്കുന്നുള്ളു എന്ന തന്റെ പ്രബലമായ വാദം അങ്ങേയറ്റം എതിര്‍ക്കപ്പെട്ടിട്ടും ഈ കൃത്യനിഷ്ഠയില്‍ മാറ്റം വന്നിട്ടില്ല. താന്‍ പൂവന്‍കോഴിയൊന്നുമാകാന്‍ ഭാവമില്ല.

സഹോദരി അണിഞ്ഞൊരുങ്ങി കോളേജിലേക്കുള്ള സുന്ദരമായ യാത്രയാണ്. അവള്‍ വാതിലിനു മുമ്പില്‍ വന്നുനിന്നു പറഞ്ഞു, “ഞാന്‍ കോളേജില്‍ പോകുന്നു. ചേട്ടന്‍ ഷീലക്കു വേണ്ടതെല്ലാം നോക്കിക്കൊള്ളണം. അവള്‍ രാജകുമാരിയെപ്പോലെ ജീവിച്ചു ശീലിച്ചവളാണ്. എന്റെ വീട്ടില്‍ ഹോസ്പിറ്റാലിറ്റിയില്ലെന്നു മാത്രം അവള്‍ പറയാനിടവരരുത്.”

പരുഷമായിത്തന്നെ പറഞ്ഞു: “ക്ഷമിക്കണം ശ്രീമതി. എനിക്കും കോളേജില്‍ പോകണം, ഭവതിക്കുള്ളതില്‍ കവിഞ്ഞ ഉത്തരവാദിത്വത്തോടെ.”

“എന്നെ ശ്രീമതിയെന്ന് വിളിക്കരുത്.”

“വ്യസനിക്കുന്നു, കുമാരി.”

“സാര്‍! ഉച്ചയ്ക്കു ശേഷമല്ലേ ക്ലാസ്സുള്ളൂ? അതുവരെ ആതിഥേയമര്യാദയില്‍ ഒരു പരിശീലനമാകട്ടെ.”

“നോണ്‍സെന്‍സ്!”

അതു കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ ഓടിപ്പോയി. തലോലിച്ചു വളര്‍ത്തിയതുകൊണ്ട് അവള്‍ക്ക് തന്നെയിട്ട് കറക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഭാവം. ഉപദേശിക്കാന്‍ അച്ഛനും അമ്മയുമില്ലല്ലോ. തന്റെ വിജ്ഞാനം, സ്വതന്ത്ര ചിന്ത, സ്ത്രീ വിദ്വേഷം എന്നീ ഗുണങ്ങള്‍ അവള്‍ മാനിക്കുന്നില്ല. എന്നാലും അപരിചതയായ ഈ രോഗിണിയെ ശുശ്രൂഷിക്കാനുള്ള ഭാരം അവള്‍ എന്നെ ഏല്‍പ്പിക്കരുതായിരുന്നു. വഴങ്ങുന്നില്ല. സാര്‍ത്രെയുടെ എക്‌സിസ്റ്റെന്‍ഷ്യലിസത്തെ പറ്റി ഉടന്‍ ഒരു തീവ്രപഠനം തുടങ്ങുകയായി. അതു തടയാന്‍ ആരേയും അനുവദിക്കുകയില്ല. പത്രാസുകാരി സഹോദരിയേയോ, അപസ്വരം പുറപ്പെടുവിക്കുന്ന സ്വര്‍ണ്ണവീണ പോലുള്ള ആ വെളുത്ത പെണ്‍കിടാവിനേയോ, പ്രിയപ്പെട്ട ടാര്‍സനെപ്പോലും. ഞങ്ങളിനിയും കടുത്ത സ്ത്രീവിദ്വേഷിയായിത്തന്നെ തുടരും.

അപ്പോള്‍ അപസ്വരമുണ്ടായി: “ഒരു കപ്പ് വെള്ളം കൊണ്ടുവന്നു തരാന്‍ ഇവിടെ ഒരു മനുഷ്യജീവിയുമില്ലേ?”

നാശം! വായിച്ചു കഴിഞ്ഞ ഖണ്ഡിക വീണ്ടും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇവള്‍ക്കു വല്ല സമുദ്രതീരത്തും ചെന്നു താമസിക്കാമായിരുന്നു ദാഹശമനത്തിന്.

ഏതാനും നിമിഷങ്ങള്‍ക്കുശേഷം കഠിനകോപത്തിനു താളംതെറ്റിയ നൃത്തരൂപം നല്‍കിക്കൊണ്ട് വെളുത്ത പെണ്ണ് വാതില്‍ കടന്നുവന്നു. ജ്വലിക്കുന്നുണ്ട്.

“മഹാത്മാവേ! ഒരു കപ്പ് വെള്ളം കൊണ്ടുവന്നു തരാന്‍ ദയവുണ്ടാകുമോ?”

“ക്ഷമിക്കണം, ഭവതി നില്‍ക്കുന്നത് ഹോട്ടലിലല്ല” എന്നു പറയാന്‍ തോന്നി. പക്ഷെ, വാക്കുകള്‍ സ്തംഭിച്ചു കഴിഞ്ഞു. അടുക്കളയില്‍ പോയി ഗ്ലാസ്സ് വൃത്തിയായി കഴുകി പളുങ്കപോലുള്ള വെള്ളവുമായി വന്നു. രാജകുമാരിയാണല്ലോ. അവളത് തെച്ചിപ്പൂവിന്റെ ചുവപ്പുള്ള ചുണ്ടുകളോട് ചേര്‍ക്കുകയും സുന്ദരമായി മന്ദംമന്ദം വലിച്ചു കുടിക്കുകയും, കോപത്തോടെ നന്ദി പറഞ്ഞു് വെട്ടിത്തിരിഞ്ഞ് നടന്നുപോവുകയും ചെയ്തു.

 

പ്രപഞ്ചത്തിന്റെ സംവിധാനത്തില്‍ സംഭവിച്ചുപോയ പല വീഴ്ചകളെയും പറ്റി ഓര്‍ത്തു ദുഃഖിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആറു ദിവസം കൊണ്ടിത് തിരക്കു പിടിച്ചു പൂര്‍ത്തിയാക്കി ഏഴാം ദിവസം വിശ്രമിക്കരുതായിരുന്നു. ഒട്ടേറെ ശില്പഭംഗങ്ങള്‍! ഏഴാം ദിവസമെങ്കിലും ലേശമൊക്കെ മിനുക്കിയെടുക്കാമായിരുന്നു. പെണ്‍കിടാങ്ങളുടെ ലഘുവായ തലച്ചോറിന്റെ കാര്യം മാത്രമെടുക്കുക. മിക്കവാറും പൊള്ളയായ മണ്ടയുമായി ഈ മനോഹര കലാശില്പത്തെ അണിയറയില്‍ നിന്നു പുറത്തെടുക്കാന്‍ ഇത്ര ധൃതി വേണ്ടായിരുന്നു, തീര്‍ച്ച. Painting: Salvador Dali


 

പിന്നെ ഉച്ചഭക്ഷണത്തിന്റെ നേരംവരെ പ്രശാന്തമായിരുന്നു. ഇടയ്ക്കു് വരാന്തയിലൂടെ കടന്നുപോയപ്പോള്‍ അകത്തേക്കു നോക്കി. അവള്‍ ഒരു പെറിമേസണില്‍ ലയിച്ചു കിടപ്പാണ്. ചുരുണ്ട തലമുടി കിടക്ക മുഴുവന്‍ ഒരു കരിന്തിരപോലെ ചിതറിക്കിടന്നിരുന്നു. കാതില്‍ കൊരുത്തിട്ട വെളിച്ചത്തിന്റെ സാരാംശംപോലുള്ള രത്നമൊട്ടുകള്‍ തൂങ്ങിയിറങ്ങി അവളുടെ മാര്‍ബിള്‍ കവിളുകളില്‍ തുള്ളിക്കളിച്ചുകൊണ്ടിരുന്നു.

സുന്ദരീ, നീ എന്റെ മുമ്പില്‍ തോല്‍ക്കുന്നുവല്ലോ! ഏതു രാജധാനിയേയും നിന്റെ സാന്നിദ്ധ്യം അലങ്കരിക്കും. പക്ഷെ, പെറിമേസണുമായി നിനക്കൊരിക്കലും എന്റെ ഹൃദയത്തിലേക്കു കടന്നുവരാനാവുകയില്ല.

ഉച്ചഭക്ഷണത്തിന്റെ നേരത്ത് യുദ്ധമുണ്ടായി. നാടന്‍ മട്ടുകള്‍ മാത്രമറിയുന്ന സാധു വേലക്കാരിയോടാണ്. ഒരു പാത്രം വീണു തകരുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് യുദ്ധരംഗത്തേക്കുള്ള വരവായി. “പട്ടിണി കിടക്കാന്‍ പ്രത്യേക സൗകര്യമുള്ളതുകൊണ്ടാണോ ആ ധിക്കാരി എന്നെയിങ്ങോട്ട് ക്ഷണിച്ചുകൊണ്ടു വന്നത്.”

‘ഭവതിയുടെ വിനീതദാസ’ എന്ന ഭാവം വരുത്താന്‍ നന്നെ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “ദയവായി എന്തപകടമുണ്ടായെന്നു പറയൂ.”

“നോണ്‍സെന്‍സ്! ക്ഷണിച്ചു വരുത്തിയവരെ എങ്ങിനെ സ്വീകരിക്കണമെന്ന് ഒരു ലക്ചററെ ഞാന്‍ പഠിപ്പിച്ചുതരണമെന്നില്ല. എനിക്കു തീരെ സുഖമില്ല. കലശലായ തലവേദന. മരിച്ചു പോവുമെന്നു തോന്നുന്നു. ഓട്‌സും ഗ്ലൂകോ ബിസ്ക്കറ്റും മാത്രമേ കഴിക്കാവൂ എന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുള്ളപ്പോള്‍ നിങ്ങളുടെ വിഡ്ഢി വേലക്കാരി ചോറും സാമ്പാറുമായി എഴുന്നള്ളിയിരിക്കുന്നു.”

“ദയവായി ഇത്തിരി നേരം ക്ഷമിക്കുക.”

എന്നിട്ട് കുടയുമായി ജ്വലിക്കുന്ന വെയിലിലേക്കു ഇറങ്ങി. ഈ സമയത്ത് ബസ്സില്ല. ടാക്‌സി കിട്ടാനില്ല. ഒരു നാഴിക ദൂരമുള്ള നഗരഹൃദയത്തിലേക്ക് നടന്നു. നാലു പാക്കറ്റ് ബിസ്ക്കറ്റും ഒരു വലിയ ടിന്‍ ഓട്‌സും വാങ്ങി തിരിച്ചുനടന്നു. ജ്വാലകള്‍ കാല്‍ഭാഗം കഷണ്ടിയായ തലയില്‍ നക്കിക്കൊണ്ടിരുന്നപ്പോള്‍ പല്ല് ഞെരിച്ചുകൊണ്ട് മന്ത്രിച്ചു: “രാജകുമാരി! നിന്നെ ഞാന്‍ വെറുത്തതു പോലെ രൂക്ഷമായി ഒരു ദുഷ്ടകഥാപാത്രവും ആരേയും വെറുത്തിട്ടില്ല.”

സ്റ്റവ്വില്‍ ഓട്‌സ് പാകംചെയ്തു് വലിയ പളുങ്കുപാത്രത്തില്‍ പകര്‍ന്നു് കൊണ്ടുപോയി വെച്ചു. വലിയ താലം നിറയെ കലാഭംഗിയുള്ള ബിസ്ക്കറ്റുകളും.

രണ്ടു ബിസ്കറ്റുകളും ഏതാനും സ്പൂണ്‍ ഓട്‌സും കഴിച്ചു് എഴുന്നേറ്റുകൊണ്ട് അവള്‍ പറഞ്ഞു: “സാര്‍! നരകത്തില്‍ പോലും നിങ്ങളൊരു വെപ്പുകാരന്റെ ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെടും. എന്നിട്ട് അവള്‍ പൊട്ടിച്ചിരിച്ചു. വെള്ളയരിപോലുള്ള പല്ലുകള്‍, മുന്തിരിത്തുടുപ്പുള്ള ചുണ്ടുകള്‍. തടവില്‍ കിടന്നു ഞെരുങ്ങുന്ന മാറ്. അതിനാല്‍ ദേഷ്യം കടിച്ചൊതുക്കി പിന്‍വാങ്ങി.

ക്ലാസ്സ് ഭംഗിയായില്ല. കുരങ്ങു കോര്‍ത്ത മാലപോലെ പദസമൂഹം ശിഥിലമായിപ്പോയി.

പ്രിയ സഹോദരി വന്നപ്പോള്‍ കോപം മുഴുവന്‍ കണ്ണുകളിലൊതുക്കി തുറിച്ചു നോക്കുകമാത്രം ചെയ്തു.

ടാര്‍സനെ തഴുകി. അവന്റെ ശിരസ്സില്‍ ചുംബിച്ചു. പുലിയെ നടുക്കുന്ന അവന്റെ കണ്ണുകളില്‍ സ്നേഹമുണ്ടായിരുന്നു. അവനുമായി പാര്‍ക്കില്‍ നടക്കാന്‍ പോയി. സുഹൃത്തേ! നീയൊരിക്കലും എന്നെ പിരിയരുത്. നീ മരിക്കുകയും അരുത്. യുഗങ്ങള്‍ നിന്നെ തഴുകാതെ ഒഴിഞ്ഞു പോകാട്ടെ. നീ മരിച്ചാല്‍ നീ അര്‍ഹിക്കുന്ന താജ്മഹല്‍ പണിയാന്‍ എന്റെ പക്കല്‍ പണവുമില്ല.

തലയോട്ടില്‍ ആണിയടിക്കുന്നതു പോലുള്ള മുട്ടു കേട്ടുകൊണ്ട് രാവിലെ ഒമ്പതരയാകുന്നതിനു മുമ്പ് ഉണര്‍ന്നു. കഠിന കോപത്തോടെ എഴുന്നേറ്റ് ആടിയാടിച്ചെന്നു വാതില്‍ തുറന്നു.

അവള്‍ പഞ്ചാബിവേഷവുമണിഞ്ഞുനിന്ന് ചിരിച്ചുകൊണ്ടു ചോദിച്ചു: “ഒരിക്കലും ഉദയം കണ്ടിട്ടില്ലേ?”

ഒന്നും മിണ്ടിയില്ല. ഇവളെ ബിരിയാണിയാക്കി സ്വര്‍ണ്ണത്തളികയിലാക്കി ഒരു സുല്‍ത്താനെപോലെ ഇരുന്നു ഭക്ഷിച്ചു കളയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു മാംസഭോജിയല്ലാതായിപ്പോയി. ഉദയം കണ്ടിട്ട് ഒരു നൂറ്റാണ്ടോളമായിക്കാണും. അതിനായി കന്യാകുമാരിയില്‍ ചെന്നു് താമസിക്കുകയും ചെയ്തതാണ്. പക്ഷെ, അന്ന് പത്തു മണിക്കേ ഉണരാന്‍ സാധിച്ചുള്ളു. എങ്കിലും ഒരു പ്രസിദ്ധ ചിത്രകാരന്‍ വരച്ച ഉദയത്തിന്റെ ആബ്‌സ്ട്രാക്ട് ചിത്രം മുറിയില്‍ ചില്ലിട്ട് വെച്ചിട്ടുള്ളത് ഉണര്‍ന്നാല്‍ കാണുന്നുണ്ട്. ‘സൂര്യന്‍ കിഴക്കുദിക്കുന്നു’. പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ തന്നെ ഉരുമ്മി അകത്തേക്കു കടന്നു. ദിവസത്തിന്റെ ആരംഭംതന്നെ തെറ്റിയാണല്ലോ.

മൂന്നു സ്റ്റൂളുകള്‍ അടുക്കിയിട്ട് അതിന്മേല്‍ കയറിനിന്ന് അവള്‍ ഷെല്‍ഫുകളില്‍ എന്തോ തിരയുന്ന തിരക്കിലാണ്. ജീവിതത്തില്‍ പണം സമ്പാദിച്ചിട്ടില്ല. ഒട്ടു വളരെ പുസ്തകങ്ങളേ സമ്പാദിച്ചുള്ളു. അതില്‍നിന്നു് ഒന്നുപോലും ആരും അപഹരിക്കാതിരിക്കാന്‍ ഇതുവരെ ശ്രദ്ധിച്ചു. ഇപ്പോള്‍ ഞാനിതാ തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

പ്രതിഷേധിച്ചു് വെളിയില്‍ പോയി നിന്നു. അനുവാദം കൂടാതെ സ്ത്രീ തന്റെ ജീവിതത്തിലേക്ക് അതിക്രമിച്ചുകടന്നു് സംഹാരം തുടങ്ങിയിരിക്കുന്നു.

അവള്‍ പുറത്തു വന്നു് കഠിനമായ നിരാശയോടെ പറഞ്ഞു: “ഒറ്റ പെറിമേസണ്‍ പോലുമില്ല. പരമദരിദ്രം. ഞാനിനി എന്താണ് വായിക്കുക? എന്റെ വീട്ടില്‍ സര്‍വ്വ പെറിമേസണുമുണ്ട്. ന്യൂയോര്‍ക്കില്‍നിന്ന് ചൂടോടെ വാങ്ങി അയക്കാന്‍ എന്റെ പെന്‍ഫ്രന്റുണ്ട്.”

അകത്തേക്കു കടന്ന് ഷെല്‍ഫുകളെ അനുകമ്പയോടെ നോക്കി. അടുക്കും ക്രമവും തെറ്റി. ഒരു നെടുവീര്‍പ്പോടെ പ്രിയപ്പെട്ട ഗ്രന്ഥങ്ങളെ യഥാസ്ഥാനങ്ങളില്‍ പുനഃപ്രതിഷ്ഠിക്കാന്‍ തുടങ്ങി.

കോളേജിലേക്കു പോകാനിറങ്ങുമ്പോള്‍ അവള്‍ വന്നു പറഞ്ഞു: “വരുമ്പോള്‍ മൂന്നു നാല് ജെയിംസ് ബോണ്ടും ഒരു ഫെമിനയും കൊണ്ടുവരണം.”

അവ ആവശ്യപ്പെട്ടപ്പോള്‍, തന്നെ നന്നായിട്ടറിയുന്ന പുസ്തകക്കടക്കാരന്‍ ആശ്ചര്യപൂര്‍വ്വം നോക്കി. അപ്പോള്‍ ഘനം വിടാതെ പറഞ്ഞു: “അര ഡസന്‍ ഒടുവിലത്തെ പെറിമേസണ്‍ കൂടിയിരിക്കട്ടെ.”

തിരിച്ചുചെല്ലുമ്പോള്‍ അവള്‍ കാത്തുനില്‍ക്കുകയായിരുന്നു. പുസ്തകങ്ങളുടെ കെട്ടഴിച്ചു നോക്കിയിട്ട് അവള്‍ വിസ്മയപൂര്‍വ്വം പറഞ്ഞു, “വണ്ടര്‍ഫുള്‍!” അവളിലേക്ക് ഒരു പൂമ്പാറ്റയുടെ ആത്മാവ് അരിച്ചു കടക്കുകയായിരുന്നു. സുന്ദരി തന്നെ. എന്നാലും നിന്റെ തലയില്‍ ക്വാളിഫ്ലവറാണ്.

രാത്രി മുഴുവനും അവളുടെ മുറിയില്‍ ആഹ്ലാദപ്രകടനമായിരുന്നു. തലവേദനയെന്ന മഹാവ്യാധി മാറിയോ?

പ്രിയ സഹോദരി ഇടയ്ക്കു കയറി വന്നു പറഞ്ഞു: “ചേട്ടന് സ്ത്രീകളോട് സഹതാപമുണ്ടെന്ന് ഷീല പറയുന്നു.”

“നന്ദി, ഭവതിക്കു പോകാം.”

അവളുടെ നല്ല മുഖം പരിഭവം പൂണ്ടു തുടുത്തു.

“നാളെ ചേട്ടന്റെ മുപ്പത്തിയേഴാമത്തെ പിറന്നാളാണ്.”

“വേണ്ടാത്ത കാര്യം ഓര്‍മ്മിപ്പിച്ചതിനു തല്‍ക്കാലം ശിക്ഷിക്കുന്നില്ല.”

അവളുടെ കണ്ണുകളില്‍ നേര്‍ത്ത മൂടല്‍ വീഴുന്നതു കണ്ടു. മേശപ്പുറത്തു ആകൃതിയില്ലാത്ത ചിത്രം വരച്ചുകൊണ്ട് അവള്‍ പറഞ്ഞു: “ചേട്ടന്‍ ഒരിന്ത്യാക്കാരന്റെ ശരാശരി ആയുഷ്ക്കാലത്തോളം ജിവിച്ചു കഴിഞ്ഞു. ഏകനായി. ടാര്‍സനെ മാത്രം കൂട്ടുപിടിച്ചുകൊണ്ട്.”

“സഹതാപം എനിക്കിഷ്ടമല്ലെന്ന് എന്റെ സഹോദരിയെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടോ?”

അവളുടെ നല്ല കണ്ണുകള്‍ പെട്ടെന്നു നിറഞ്ഞു. ദൗര്‍ബ്ബല്യം ഒളിക്കാന്‍ ധൃതിയില്‍ നടന്നകന്നുകൊണ്ട് അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു: “ആയുസ്സ് മുഴുവന്‍ എന്റെ ചേട്ടന്‍ ടാര്‍സനെ മാത്രം സ്നേഹിച്ചു കൊള്ളു. സ്ത്രീയെ വെറുത്തുകൊണ്ട്.”

വായിക്കാന്‍ തുടങ്ങിയ തത്ത്വശാസ്ത്രഗ്രന്ഥം അടച്ചു് കിടക്കയില്‍ മലര്‍ന്നു കിടന്നു. പെട്ടെന്ന് ക്ഷീണിച്ചു പോയി. തന്റെ ക്ഷീണാംശങ്ങളില്‍ അവള്‍ ആഞ്ഞു പ്രഹരിച്ചിരിക്കുന്നു.

 

തിരിച്ചുചെല്ലുമ്പോള്‍ അവള്‍ കാത്തുനില്‍ക്കുകയായിരുന്നു. പുസ്തകങ്ങളുടെ കെട്ടഴിച്ചു നോക്കിയിട്ട് അവള്‍ വിസ്മയപൂര്‍വ്വം പറഞ്ഞു, "വണ്ടര്‍ഫുള്‍!" അവളിലേക്ക് ഒരു പൂമ്പാറ്റയുടെ ആത്മാവ് അരിച്ചു കടക്കുകയായിരുന്നു. സുന്ദരി തന്നെ. എന്നാലും നിന്റെ തലയില്‍ ക്വാളിഫ്ലവറാണ്.Painting: Anjolie Ela Menon


 

നീലാകാശം നിറയെ പറ്റിക്കിടക്കുന്ന നക്ഷത്രങ്ങളെ നോക്കി. ഏകാന്തതയുടെ പ്രതീകം പോലെ അര്‍ദ്ധചന്ദ്രന്‍ ഒറ്റപ്പെട്ട് വിളറി നില്‍പ്പുണ്ട്.

മനസ്സ് ശൂന്യമായിരിക്കുന്നു. നിര്‍വ്വചിക്കാനാകാത്ത ഒരു സുന്ദരമായ വിശപ്പ് അവിടേക്കു പടര്‍ന്നു കയറുന്നു. അര്‍ദ്ധചന്ദ്രനും നക്ഷത്രങ്ങളും അവിടെനിന്ന് ഒഴിഞ്ഞു പോയി. ശവകുടീരം വരെ ഈ വിശപ്പിന്റെ ശൂന്യത അള്ളിപ്പിടിച്ച ആത്മാവുമായി പോകാനുള്ള ധീരത ഉണ്ടാകേണമേ! തളരാതെ, പാദമിടറാതെ.

രാവിലെ കൃത്യം ഒമ്പതരക്ക് ഉണര്‍ന്നു. വാതില്‍ തുറന്നപ്പോള്‍ സഹോദരി കാത്തുനില്‍പ്പുണ്ട്. അവള്‍ കുളിച്ചു നന്നായി വേഷം ധരിച്ചിരിക്കുന്നു. നെറ്റിയില്‍ ചന്ദനക്കുറിയും.

അകത്തേക്കു കടന്നിട്ട് അവള്‍ പറഞ്ഞു: “ഞാന്‍ ക്ഷേത്രത്തില്‍ പോയി വന്നു. ചേട്ടനു വേണ്ടി പ്രാര്‍ത്ഥിച്ചു. ടാര്‍സനു വേണ്ടിയും.”

“നിന്റെ ദേവനും ഞാനും തമ്മില്‍ വളരെ നാളായി വഴക്കാണ്. തമ്മില്‍ കാണാറില്ല. വിദ്വാന്‍ നമ്മെപ്പറ്റി എന്തരുളി?”

“ഞാന്‍ പ്രസാദമിവിടെ വെക്കാം. കുളിച്ചിട്ട് ഇഷ്ടംപോലെ ചെയ്തുകൊള്ളണം.”

കുളിച്ചുവന്നപ്പോള്‍ പെറിമേസണിന്റെ കാമുകി പഞ്ചാബിവേഷമണിഞ്ഞ് മുറിയില്‍ നില്‍പുണ്ട്. മുറി മുഴുവന്‍ പരിമളം.

തികഞ്ഞ അച്ചടക്കത്തോടെ അവള്‍ സംഗീതാത്മകമായി ചോദിച്ചു: “നെറ്റിയില്‍ സിന്ദൂരം തൊടുന്നില്ലേ?”

“ഇല്ല.”

അവള്‍ വെളുത്ത വിരല്‍തുമ്പുകൊണ്ട് സിന്ദൂരം തൊട്ടെടുത്ത് തികഞ്ഞ ധിക്കാരത്തോടെയെങ്കിലും ഒരു ചിത്രകാരന്റെ സൂക്ഷ്മതയോടെ എന്റെ വിശാലമായ നെറ്റിയില്‍ എന്തോ വരച്ചു ചേര്‍ത്തു. എന്നിട്ട് ചോദിച്ചു: “അപ്പം കഴിക്കുന്നില്ലേ?”

“നോ! ഹില്ല.”

ഒരു പന്തിന്റെ വലുപ്പമുള്ള അപ്പം വെളുത്ത കൈകൊണ്ടെടുത്ത് അവള്‍ ദേഷ്യത്തോടെ എന്റെ വായിലേക്ക് തിരുകി. ശ്വാസം മുട്ടുന്നപോലെ തോന്നി. പ്രയാസപ്പെട്ട് ചവച്ചിറക്കുമ്പോള്‍ അവള്‍ ഭംഗിയുള്ള ഒരു ചെറിയ പൊതി തന്റെ ഉള്ളം കയ്യില്‍ വെച്ച് മാറിനിന്നിട്ട് മുഗള്‍ സമ്പ്രദായത്തില്‍ തൊഴുതുകൊണ്ട് പറഞ്ഞു: “ഫിലൊസഫര്‍! അങ്ങൊരു നൂറ്റാണ്ടു കൂടി ജീവിച്ചിരിക്കട്ടെ! അങ്ങയുടെ ടാര്‍സനും.”

എന്നിട്ട് അവള്‍ മുഗള്‍ സമ്പ്രദായത്തില്‍ പിന്‍വാങ്ങി.

നീല റിബ്ബണ്‍കൊണ്ട് ഭംഗിയായി കെട്ടിയ പാക്കറ്റ് അഴിച്ചുനോക്കി. മനോഹരമായൊരു പട്ടുതൂവാല. പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ മുളം ചില്ലയിലിരുന്നു കൊക്കുരുമ്മുന്ന രണ്ട് രാപ്പാടികളെ തുന്നിചേര്‍ത്തിരിക്കുന്നു. അതോടൊപ്പം വെച്ച കുറിപ്പില്‍ വടിവുള്ള അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്: “രാത്രി മുഴുവന്‍ ഉറക്കമിളച്ച് തുന്നിയെടുത്തതാണ്. പ്രയത്നത്തെയെങ്കിലും മാനിക്കണേ!”

യൂഡികൊളോണിന്റെ ഹൃദ്യമായ ഇളംപരിമളം ചുരത്തുന്ന തൂവാല മൂക്കിനോട് ചേര്‍ത്തു. എന്നിട്ട് പൊതിഞ്ഞു മാറ്റിവെച്ചു.

ചിന്തകള്‍ അനിയന്ത്രിതമായി. ഹൃദയമിടിപ്പിന്റെ വേഗത ഏറിയോ? പഞ്ചാബി വേഷമണിഞ്ഞ സുന്ദരി ഏകാന്തതയുടെ നിശ്ചല പ്രപഞ്ചത്തിലേക്ക് ഒരു കൊടുങ്കാറ്റുമായി അനുവാദമില്ലാതെ കടന്നുവന്നിരിക്കുന്നു.

ഉറക്കത്തില്‍ സ്വപ്നം കണ്ടു. ഏദന്‍ തോട്ടം. ആദാമും ഹവ്വയും പച്ചിലകളുടെ വസ്ത്രവും മുള്ളന്‍ വള്ളികളുടെ കീരിടവുമണിഞ്ഞുനിന്ന് ഒട്ടുവളരെ ദമ്പതികളുടെ അതിദീര്‍ഘമായ ഒരു നൃത്തസംഘത്തെ നയിക്കുന്നു. ലോകവും ബഹുശതം തലമുറകളും പ്രതിനിധീകരിക്കപ്പെടുന്ന അസംഖ്യം വേഷങ്ങള്‍. വിളറിയ മുഖവുമായി താന്‍ അവരില്‍ നിന്നകന്ന്, വിദൂരതയിലെ ശവകുടീരവും നോക്കി നടന്നുപോകുമ്പോള്‍ മനുഷ്യവംശത്തിന്റെ സര്‍വ്വപരമ്പരയും സഹതാപപൂര്‍വ്വം തന്നെ നോക്കി. തന്റെ ശിരസ്സില്‍ സാര്‍ത്രയുടെ മുഴുവന്‍ കൃതികളും അടക്കി വെച്ചിട്ടുണ്ട്. വളരെ ദൂരെനിന്ന് പഞ്ചാബിവേഷമണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു യുവതി തെച്ചിപ്പൂ ചുണ്ടുകളില്‍ പുഞ്ചിരിയും, മാറോടു ചേര്‍ത്തുപിടിച്ച ഒരു പെറിമേസണുമായി തന്റെ നേരെ വന്നു.

വാതില്‍ തുറന്നു് ചരല്‍ വിരിച്ച മുറ്റത്തു പോയി നിന്നു. സ്വര്‍ണ്ണം പൂശിയ ആകാശം. വെളുത്ത ചാമ്പക്കയില്‍ കടിച്ചു തൂങ്ങിയിരുന്ന ഒരു കടവാതില്‍ ചിറകടിച്ചു പറന്നുപോയി.

വളരെ കാലത്തിനു ശേഷം ഉദയം കണ്ടു. ഗഹനമായ ആബ്‌സ്ട്രാക്റ്റ് ചിത്രത്തില്‍ കശക്കിയിട്ട കിടപ്പറ വിട്ട് അത്ഭുതകരമായ തേജസ്സോടെ വെളിച്ചത്തിന്റെ ഗോളം ഉണര്‍ന്നെഴുന്നേറ്റു.

പിന്നില്‍ വന്നുനിന്ന് അവള്‍ പറഞ്ഞു: “സൂര്യന്‍ കിഴക്കു തന്നെ ഉദിയ്ക്കുന്നു. അല്ലേ?”

അവളുടെ പുഞ്ചിരിയില്‍ ഉദയത്തിന്റെ പ്രതിഫലനമുണ്ടെന്നു തോന്നി.

അവള്‍ വളരെ പതുക്കെ പറഞ്ഞു: “ഞാനിന്ന് പോകുന്നു. പുസ്തകങ്ങള്‍ മുഴുവന്‍ തീര്‍ന്നു. രോഗവും. എല്ലാറ്റിനും വളരെ വളരെ നന്ദി.”

തന്റെ ഹൃദയമിടിപ്പിന്റെ വേഗതകൂടി. പ്രഭാതത്തിലെ ശാലീനമായ തണുപ്പിലും വിയര്‍ക്കാന്‍ തുടങ്ങുന്നു. പുഞ്ചിരിയുടെ ദേവതപോലെ നില്‍ക്കുന്ന അവളെ നോക്കി വിളിച്ചു, “രാജകുമാരി!”

അവള്‍ വിസ്മയിച്ചു നില്‍ക്കുമ്പോള്‍ വീണ്ടും പറഞ്ഞു: “ഇവിടെ ഒരു ശ്മാശനംപോലെ മരവിച്ചു കിടക്കുകയായിരുന്നു. രാജകുമാരി ഒരു ചെപ്പടി വിദ്യക്കാരിയെപ്പോലെ കടന്നുവന്നു. ഇവിടമാകെ സജീവമാക്കി. ജീവിതത്തിന്റെ താളവുമായി വിട്ടുപോകാതെ ഇവിടെ സ്ഥിരമായി ജീവിച്ചുകൂടെ എന്നു ചോദിക്കുന്നതില്‍ ക്ഷമിക്കണം.”

അവളുടെ കണ്ണുകളില്‍ വെളിച്ചമൂറി, “ഇവിടെ സ്ഥിരമായി താമസിക്കുകയോ?”

“ഇതെന്റെ കൊട്ടാരമാണ്. രാജകുമാരിക്ക് ജീവിതം മുഴുവന്‍ ഇവിടെ കഴിയാം. അനുവദിക്കുമെങ്കില്‍ എന്നോടൊപ്പം.”

വെളുത്ത കൈകള്‍ കൊണ്ട് അവള്‍ പെട്ടെന്നു തുടുത്ത മുഖം പൊത്തി. “വണ്ടര്‍ഫുള്‍! എക്സൈറ്റിങ്ങ്!” അവളുടെ വെളുത്തുതുടുത്ത കവിളില്‍ മൃദുവായി തൊട്ടുനിന്നുകൊണ്ട് ചോദിച്ചു: “പക്ഷേ, രാജകുമാരിയുടെ അച്ഛന്‍ സമ്മതിക്കുമോ?”

“ഉവ്വ്.”

“തീര്‍ച്ച?”

അവള്‍ തെച്ചിപ്പൂ ചുണ്ടുകള്‍ തന്റെ ചെവിയോടു ചേര്‍ത്തു. “തീര്‍ച്ച”.

(1967 ജൂണ്‍ നാല് ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 

Leave a Reply

Your email address will not be published. Required fields are marked *