കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

 
 
 
 
കെ.യു അബ്ദുല്‍ഖാദറിന്റെ കഥ. കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി.
1963 ഡിസംബര്‍ എട്ട് ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

 
 
“ഒരു ദിവസം അവളുടെ പേരില്‍ പാര്‍സല്‍ വന്നു. ജീവിതത്തില്‍ ഒരു സുപ്രധാനസംഭവം. തുറന്നു നോക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ബ്ലൗസ്സും പാവാടയും പൂവുകള്‍ തുന്നിപ്പിടിപ്പിച്ച അരഡസന്‍ തൂവാലകളുമാണ്. കൂടെ നക്ഷത്രങ്ങളുടെ ചന്തമുള്ള അക്ഷരങ്ങളില്‍ ഒരെഴുത്തും: ”കൊച്ചു നാത്തൂന്‍ അവര്‍കള്‍ക്ക് ഞാന്‍ തന്നെ തയ്ച്ച ബ്ലൗസ്സും പാവാടയും തൂവാലകളും അയയ്ക്കുന്നു. അണിഞ്ഞ് ഒരു പൂമ്പാറ്റയെപ്പോലെ നൃത്തം ചെയ്യണേ!”

”എന്നെ അടിക്കാനുള്ള ചൂല് ബലമുള്ള ഈര്‍ക്കില്‍ കൊണ്ട് വലിയ സൈസില്‍ തന്നെ തയ്യാറാക്കി വെച്ചരിക്കണം എന്ന് സലീം രാജകുമാരന്‍ കല്പിച്ചിരിക്കുന്നു.”

”ചാമ്പയ്ക്കക്കവിളില്‍ ഒരുമ്മം തരാന്‍ കൊതിയായിട്ട് അടങ്ങിയിരിക്കാന്‍ വയ്യ, കേട്ടോ!” – മേരി.

എഴുത്തു നൂറുതവണ വായിച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ബ്ലൗസ്സും പാവാടയും അണിഞ്ഞപ്പോള്‍ അത്ഭുതകരമായി ഇണങ്ങിയിരിക്കുന്നു. മേലില്‍ സലീം എന്ന മഹാപുരുഷന് പീറത്തുണികളെടുക്കാനേ കഴിയൂ എന്ന് തീരുമാനിക്കുകയും ചെയ്തു.”

 

 

മാഞ്ചുവട്ടില്‍ മാങ്ങ വീണിട്ടുണ്ടോ എന്നു നോക്കാന്‍ ചെന്നതായിരുന്നു. കണ്ടപ്പോള്‍ വിസ്മയംകൊണ്ട് തുള്ളിച്ചാടാന്‍ തോന്നിപ്പോയി. വലിയ തുകല്‍പ്പെട്ടി തൂക്കിപ്പിടിച്ച്, ചുണ്ടില്‍ പരിഭ്രമം കലര്‍ന്ന പുഞ്ചിരിയുമായി അയാള്‍ ഗേറ്റിനപ്പുറം വന്നു നില്‍ക്കുന്നു. വെളുത്ത ദേഹം രക്തകാന്തി കലര്‍ന്നു കൊഴുത്തു തടിച്ചിരിക്കുന്നു. കവിളുകള്‍ പണ്ടത്തേതിലും തുടുക്കുകയും കണ്ണുകളില്‍ പൊലിയാതെ നിന്നിരുന്ന കുസൃതിയുടേതായ ആ പ്രകാശം ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്.

”ഇക്ക!” ആരോടെന്നില്ലാതെ സാഹ്ലാദം മന്ത്രിച്ചുകൊണ്ട്, ചിറകിനു പുതുജീവന്‍ കിട്ടിയ ഒരു പൂമ്പാറ്റയെപ്പോലെ ഓടിച്ചെന്നു, അവള്‍ ഗേറ്റു തുറന്നു. ഭാരമുള്ള തുകല്‍പ്പെട്ടി അനായാസമായി തൂക്കിപ്പിടിച്ചുകൊണ്ട്, ചുവന്ന ചരലിലൂടെ മന്ദം നടക്കുമ്പോള്‍ അവളുടെ ചുരുണ്ട തലമുടിയില്‍ തടവി വാത്സല്യപൂര്‍വ്വം അയാള്‍ പറഞ്ഞു. ”ഒന്നരക്കൊല്ലം കൊണ്ട് നീ വളര്‍ന്ന് ഒരു പെണ്ണായിക്കളഞ്ഞല്ലൊ!”

അവള്‍ ലജ്ജയോടെ ചിരിച്ചുകൊണ്ട് മുഖം കുനിച്ചു. അവളുടെ ഹൃദയത്തില്‍ ഒരു ചെറിയ നീറലും അനുഭവപ്പെട്ടു. പ്രിയപ്പെട്ട ഇക്കയെ കണ്ടിട്ട് ഒന്നരവര്‍ഷമാകുന്നു. അവസാനം വന്നുപോകുമ്പോള്‍ വെളുത്ത ദേഹം നന്നെ നേര്‍ത്തിരുന്നു. കവിളുകള്‍ രക്തകാന്തി കലര്‍ന്നു തുടുത്തിരുന്നില്ല. ഇത്ര ഓജസ്സും കുസൃതിയുടെ നെയ്ത്തിരി കത്തുന്ന കണ്ണുകളുമുണ്ടായിരുന്നില്ല.

എപ്പോഴും പുഞ്ചിരി തൂവുകയും പാട്ടു മൂളുകയും ചെയ്യുന്ന ഇക്കയെപ്പറ്റി ഓര്‍ത്തപ്പോള്‍ വേദനയും ആഹ്ലാദവും കലര്‍ന്ന വികാരമുണ്ടായി. ആ വെളുത്തു നീണ്ട വിരലുകള്‍ കൊണ്ട് തലമുടിയില്‍ തലോടിയിട്ട്, ചെറിയ നുണക്കുഴിയില്‍ കിക്കിളിക്കൊള്ളുമാറ് നുള്ളിയിട്ട്, അതിമനോഹരമായി പാട്ടു പാടിക്കേള്‍പ്പിച്ചിട്ട് കാലമെത്രയായി!

എപ്പോഴും തടിച്ച പുസ്തകവും നോക്കി ഇരിക്കുന്ന ഇക്കയെ മഹാന്‍ എന്നു് അവള്‍ വിളിക്കുമായിരുന്നു. അപ്പോള്‍ ഇക്ക പറയും: ”ചാമ്പയ്ക്കേ! നീ വളരുമ്പോള്‍ ഞാന്‍ നിന്നെയൊരു ഡാന്‍സുകാരിയാക്കും.”

”ഡാന്‍സ് എന്നു വെച്ചാലെന്താ?” അവള്‍ നിഷ്ക്കളങ്കമായി ചോദിച്ചു.

പെട്ടെന്നു വിരിഞ്ഞ ചെറിയ നുണക്കുഴികളില്‍ അരുമയായി നുള്ളിക്കൊണ്ട് കുസൃതിച്ചിരിയോടെ പറഞ്ഞു: ”അഴകുള്ള പെണ്‍കുട്ടികളുടെ വളരെ ഭംഗിയേറിയ അപസ്മാരമിളക്കമാണ് ഡാന്‍സ്.”

അവള്‍ക്കു അപമാനബോധമുണ്ടായി. ചുണ്ടുകള്‍ കൂര്‍പ്പിച്ചു് പിണങ്ങിനിന്നുകൊണ്ട് പറഞ്ഞു: ”ഞാനതു ചെയ്യൂല. മനസ്സില്ല.”

ഇക്ക വീണ്ടും നുണക്കുഴിയില്‍ നുള്ളി ഒരു കൊച്ചു ചന്ദ്രക്കലയുണ്ടാക്കി. ”ശരി, ഭവതിയുടെ ഇഷ്ടം. വളര്‍ന്നു പെണ്ണാകുമ്പോള്‍ ഞാന്‍ നിന്നെ ഒരു മുഴുവന്‍ ഒട്ടകത്തെ നിര്‍ത്തിപ്പൊരിച്ച് വിഴുങ്ങുന്ന മൂന്നു കെട്ടിയ ഒരു മുട്ടന്‍ അറബിക്ക് കെട്ടിച്ചു കൊള്ളാം. സമ്മതിച്ചോ?”

”പോ, ഇക്കാ!”

അവള്‍ ആകെ ലജ്ജിച്ചു ചുവക്കുകയും ദേഷ്യം കൊണ്ട് കാന്താരി മുളകുപോലെ എരിയുകയും ചെയ്തു. ഇക്കായ്ക്ക് കുസൃതി വളരെ കൂടിപ്പോകുന്നു.

ദൂരെയുള്ള ജോലിസ്ഥലത്തുനിന്നു് ആഴ്ചയിലൊരിക്കല്‍ വരുമ്പോള്‍ സലീം ചിത്രാങ്കിതമായ മധുരബിസ്ക്കറ്റുകള്‍ വര്‍ണ്ണചിത്രങ്ങളുള്ള ടിന്നില്‍ അവള്‍ക്കായി കൊണ്ടുവരും. ഇടയ്ക്കെല്ലാം വളരെ മനോഹരമായ പാവാടയും ബ്ലൗസ്സും തയ്പിച്ചു കൊണ്ടുവരികയും ചെയ്യും. അവളുടെ ചാമ്പയ്ക്കാനിറത്തിനിണങ്ങിയ ശീല തിരഞ്ഞെടുക്കാന്‍ ലോകത്തില്‍ സലീം എന്ന മഹാനു മാത്രമെ കഴിയൂ എന്നു പൂര്‍ണ്ണവിശ്വാസമായിരുന്നു. മറ്റുള്ളവര്‍, ബാപ്പയെന്ന ഗംഭീരന്‍ ഉള്‍പ്പെടെ, കൊണ്ടുവരുന്ന പീറത്തുണികളും വികൃതമായ ആഭരണങ്ങളും അണിഞ്ഞു മുമ്പില്‍ ചെല്ലുമ്പോള്‍ ഇക്കാ പറയുമായിരുന്നു: ”നീയിപ്പോള്‍ പഞ്ചന്‍ലാമയുടെ പ്രജയെപ്പോലിരിക്കുന്നു.”

മഹാന്‍ സംസാരിക്കുമ്പോള്‍ വിചിത്രഭാഷയുടെ സാരം മുഴുവന്‍ എപ്പോഴും മനസ്സിലാകാറില്ല. ആ ഭാഷയിലേ സംസാരിക്കൂ. തുകല്‍ സഞ്ചി തുറന്നു് മിനുങ്ങുന്ന ബ്ലൗസ്സും പൂവുംപൂമ്പാറ്റയും നിറയെയുള്ള ഞെറിച്ചു തുന്നിയ പാവാടയും നക്ഷത്രത്തിന്റെ പ്രകാശമുള്ള കല്ലുപതിച്ച കണ്ഠാഭരണവും എടുത്തു കൊടുത്തിട്ട് ഇക്ക പറഞ്ഞു: ”അകത്തുപോയി അണിഞ്ഞു് ഒരു മലയാളിപ്പെണ്ണായി വരൂ!”

വസ്ത്രം ധരിച്ചു്, കണ്‍മഷിയെഴുതി, കണ്ഠാഭരണവുമണിഞ്ഞു് ലജ്ജിച്ചു മുമ്പില്‍ വന്നപ്പോള്‍ ഇക്കാ ബഹുകുസൃതിയോടെ ചിരിച്ചു: ”ചാമ്പയ്ക്കേ! നീയിപ്പോള്‍ ശലമോന്റെ നിധികുംഭങ്ങള്‍ക്കു സൃഷ്ടിക്കാന്‍ കഴിയാത്ത ആമ്പല്‍പ്പൂവിനേക്കാളും മനോഹരിയാണ്.”

”പോ ഇക്കാ!” നിന്നു ചുവന്നുപോയി.

”പോ ചാമ്പയ്ക്കേ!”

രക്ഷയില്ല. ഓടി അകത്തു കയറിക്കളഞ്ഞു. സലീം എന്ന മഹാപുരുഷന്റെ പൊട്ടിച്ചിരി തന്റെനേരെ ഊരിയെറിഞ്ഞ മണിച്ചിലങ്കകള്‍പോലെ പിന്തുടര്‍ന്നെത്തുകയും ചെയ്തു.

പിന്നെ അന്തരീക്ഷം ക്രമേണ ഇരുളാന്‍ തുടങ്ങി. ബന്ധുക്കളുടെ ഇടവിടാതെയുള്ള അപവാദങ്ങളായിരുന്നു കാരണം. ഇക്ക പറയുമായിരുന്നു, ”അല്ലാഹു ബന്ധുക്കളെ പടച്ചപ്പോള്‍ എല്ലാവരിലുമായി പകര്‍ന്നുനിറച്ച വിഷത്തില്‍ ബാക്കി വന്നതു മാത്രമെ പാപികള്‍ക്ക് കിട്ടിയുള്ളു.”

 

ബാപ്പ ഗര്‍ജ്ജിച്ചു: ''എവിടെ ഇബ്ലീസിന്റെ കുതിര?'' നാലുകെട്ടില്‍നിന്നു് വിളറിയ മുഖവും കുനിച്ച്, സലീം എന്ന മഹാപുരുഷന്‍ ഒരു നവവധുവിനെപ്പോലെ മന്ദം നടന്നുവന്നു് ബാപ്പയുടെ വലിയ ചാരുകസേരയോടു ചേര്‍ന്നുനിന്നു. കവിളില്‍ ഒരു തുള്ളി ചോരയില്ല. Painting: Amritha Shergil


 

ഇക്കയുടെ ജോലിസ്ഥലമായ പട്ടണത്തില്‍ പോയി, കോടതിക്കാര്യങ്ങളും വ്യവസായങ്ങളും കഴിഞ്ഞു തിരിച്ചുവന്ന ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു: ”സലീം വഴി തെറ്റാതെ ഒന്നു സൂക്ഷിച്ചോളണം.”

ഗംഭീരനായ ബാപ്പ മെതിയടിപ്പുറത്തുനിന്നു് മലയെ ഇളക്കുന്ന ഭാവത്തില്‍ ബന്ധുവിനെ നോക്കിയിട്ട് പറഞ്ഞു: ”സലീം എന്റെ മോനാണ്, വളഞ്ഞ മാര്‍ഗ്ഗം കണ്ടാല്‍ പിന്തിരിഞ്ഞു കളയും.”

ബന്ധു സ്വല്പം പകച്ചുകൊണ്ടു തുടര്‍ന്നു: ”പക്ഷെ, മഞ്ഞമുളപോലെ നേര്‍ത്ത ഒരു ക്രിസ്ത്യാനിപ്പെണ്ണുമായി ചിരിച്ചരസിച്ച്, എന്നും പാര്‍ക്കിലെ കാറ്റുമേറ്റ് നടപ്പുണ്ട്.”

ബാപ്പ സ്തംഭിച്ചു പോയി. ”നേരു് പറ.”

”മൂന്നു ദിവസം ഞാന്‍ കണ്ടതാണ്. ആപ്പീസില്‍ അടുത്തടുത്താണ് ഇരിപ്പും.”

വീട്ടില്‍ കൊടുങ്കാറ്റിന്റെ ആരംഭമായി. ഉപദ്രവികളായ ഈ നശിച്ച ബന്ധുക്കള്‍ കള്ളം പറയുന്നു. ഇക്ക എന്ന മഹാപുരഷന്‍ ഇടയ്ക്കു പ്രാര്‍ത്ഥിക്കാറുള്ള വാചകം അവള്‍ ഓര്‍ത്തു: ”സര്‍വ്വലോകങ്ങളുടെ സ്രഷ്ടാവെ! ഈ ബന്ധുക്കളുടെ ചുംബനങ്ങളില്‍നിന്ന് അങ്ങെന്നെ കാത്തു രക്ഷിക്കേണമേ! ശത്രുക്കളുടെ വെട്ടുംകുത്തും ഞാന്‍ തടഞ്ഞുകൊള്ളാം.”

തുകല്‍സഞ്ചിയില്‍ ബിസ്ക്കറ്റുമായി ഇക്ക വന്നു കയറിയപ്പോള്‍ ഉമ്മയും ബാപ്പയും മിണ്ടിയില്ല. ഇക്ക ചിരിച്ചുകൊണ്ട് അങ്ങുമിങ്ങും നടന്നു. ക്ഷമ കെട്ടപ്പോള്‍ അവളെ വിളിച്ചു ചോദിച്ചു: ”ഉമ്മയും ബാപ്പയും ഏകാന്ത തടവുകാരെപ്പോലെ കഴിയുന്നതെന്താ?”

അവള്‍ രഹസ്യമായി സംഭവം പറഞ്ഞു. അപ്പോള്‍ സലീം എന്ന മഹാപുരുഷന്‍ ലഘുവായി വിളറിയെന്നു തോന്നി. അവളെ അണച്ചുപിടിച്ച് ഞരുക്കമുള്ള തലമുടിയില്‍ ഇളങ്കാറ്റടിക്കുന്ന പ്രതീതിയുണ്ടാകുമാറ് അതിലോലമായി തലോടിക്കൊണ്ട് ഇക്കാ പതുക്കെ ചോദിച്ചു: ”നല്ലവളായ ഒരു നാത്തൂനെ നീ ഇഷ്ടപ്പെടുകയില്ലെ?”

അവള്‍ തെല്ലുനേരം പകച്ചു നിന്നിട്ട് ആഹ്ലാദത്തോടെ ഉത്തരം കണ്ടെത്തി: ”ഇസ്ലാമാണെങ്കില്‍ കല്ല് വെച്ച ഒരു പൊന്‍മോതിരം ഞാന്‍ ഇട്ടുകൊടുക്കും.”

വിളറിയ പുഞ്ചിരിയോടെ ഇക്കാ പറഞ്ഞു: ”അവള്‍ ഈസാനബി അലഹിസ്സലാമിന്റെ ഒരു കുഞ്ഞാടാണ്. അതിനാല്‍ മോതിരം വേണ്ട. ഒരു കറുത്ത കുപ്പിവള കൊടുക്കുമോ?”

മുഖം ചുവന്നുപോയി. തിട്ടമായി പറഞ്ഞു: ”ഹില്ല. ഞാനവള്‍ക്ക് ചൂലുകൊണ്ട് ഒരസ്സലടി വെച്ചു കൊടുക്കും.”

ഇക്ക എന്ന മഹാന്‍ കുലുങ്ങിയില്ല: ”അവള്‍ മനോഹരമായി കെസ്സുപാട്ടുകള്‍ പാടും. കേള്‍ക്കുമ്പോള്‍ നിന്റെ കരളില്‍ പളുങ്കുപോലെ ഒരാലിപ്പഴം അമര്‍ന്നിരുന്നു ചിരിച്ചുചിരിച്ച് അലിയുന്നപോലെ തോന്നും.”

പറയുമ്പോള്‍ മഹാപുരുഷന്‍ കുളിരണിയുന്നുണ്ടായിരുന്നു. ഒരു പെണ്ണിനെപ്പറ്റി ഇങ്ങിനെ സ്തുതിച്ചു പറയാന്‍ നാണമില്ലല്ലോ!

പക്ഷെ ബാപ്പയും ഉമ്മയും ദിവസം മുഴുവനും തീവ്രമായ മൗനം അവലംബിക്കുകയും മുഖംവീര്‍പ്പിച്ചു കിടക്കുകയും ചെയ്തു. ഇക്ക പറഞ്ഞു: ”പുള്ളികള്‍ ശീതസമരം തുടങ്ങിയിരിക്കുന്നു. നമ്മുടെ പ്രിയ ഉമ്മബാപ്പമാരെ എപ്പോളാണ് തേള് കുത്തിയത്?”

വിളറിയ ചിരിയുമായി ഇക്ക അതിരാവിലെ പോയി.

പിന്നെ വന്നത് നാലുകെട്ടില്‍ ഉഗ്രമായ കൊടുങ്കാറ്റ് ഇളക്കിവിടാന്‍ വേണ്ടിയായിരുന്നു. ഊണു കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ പതിവുപോലെ മുഖം വീര്‍പ്പിച്ചിരിക്കുന്ന ഉമ്മയോടു ഇക്ക പുഞ്ചിരി വിടാതെതന്നെ എന്തോ പറഞ്ഞു. പെട്ടെന്നു ഉമ്മ ചാടിയെണീറ്റ് ബാപ്പയുടെ മുമ്പിലേക്കു കൊടുങ്കാറ്റുപോലെ ഓടി.

”കേട്ടോ! കുരുത്തംകെട്ട പൊന്നാരമോന്റെ തീരുമാനം.”

”ഹെന്തെന്ന് പറ.” ബാപ്പ രൂക്ഷമായി നോക്കി.

ദേഹം മുഴുവന്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ കിലുക്കിക്കൊണ്ട് ഉമ്മ പറഞ്ഞു: ”പുന്നാരമോന്‍ ആ നസ്രാണിപ്പെണ്ണിനെക്കെട്ടാമ്പോണെന്ന്!”

ബാപ്പ ഭൂകമ്പമുണ്ടായപോലെ ഞെട്ടിയിട്ട് ഉമ്മയെ തുറിച്ചുനോക്കി. ചുണ്ടിലിരുന്ന വലിയ ചുരുട്ടില്‍നിന്നു പുറപ്പെട്ട പുകപടലം ഒരു മേഘം പോലെ വരാന്തമുഴുവന്‍ തിങ്ങിനിറഞ്ഞു.

ബാപ്പ ഗര്‍ജ്ജിച്ചു: ”എവിടെ ഇബ്ലീസിന്റെ കുതിര?”

നാലുകെട്ടില്‍നിന്നു് വിളറിയ മുഖവും കുനിച്ച്, സലീം എന്ന മഹാപുരുഷന്‍ ഒരു നവവധുവിനെപ്പോലെ മന്ദം നടന്നുവന്നു് ബാപ്പയുടെ വലിയ ചാരുകസേരയോടു ചേര്‍ന്നുനിന്നു. കവിളില്‍ ഒരു തുള്ളി ചോരയില്ല.

ബാപ്പയുടെ ചോരക്കണ്ണുകള്‍ എരിഞ്ഞു.

”അപ്പൊ നീ തീരുമാനിച്ചല്ലെ?”

ഇക്ക ദയനീയമായി വിളറി. മനോഹരമായ പാട്ടുകളില്‍ ഇമ്പംചേര്‍ത്തിരുന്ന സ്വരം ഇടറി.

”അഞ്ചു കൊല്ലം അവള്‍ എന്നെ വിശ്വസിച്ചു കാത്തിരുന്നു. അവളില്‍ ഗുണങ്ങള്‍ മാത്രമെ ഞാനിക്കാലമത്രയും കണ്ടുള്ളു. ദോഷം കണ്ടില്ല. ഇനി അവളെ നീറ്റിത്തീര്‍ക്കാന്‍ എനിക്ക് കരുത്തില്ല.”

ബാപ്പ ചീറി, ”ഞായം! എന്നാല്‍ നീ അതു നടത്തി അവളുമായി ആനപ്പൊറത്തിരുന്നു ഈ പടിവാതില് കടന്നേക്കരുത്. കല്പനയാണ്. കടന്നാ തട്ടിന്മോളില്‍ ഒരു തോക്കുണ്ട്. ഒരുണ്ട നിനക്ക്. ഒരുണ്ട നിന്റെ പുന്നാരനസ്രാണിച്ചിക്കും. പൊയ്‌ക്കോ!”

മഹാപുരുഷന്‍ പൊട്ടിക്കരയുമെന്നു തോന്നി. വിളറിവെളുത്ത മുഖം മെല്ലെ ഉയര്‍ത്തി ഉമ്മയെ നോക്കി. ”ഉമ്മാ!”

ഉമ്മയില്‍നിന്ന് ഒരു വല്ലാത്ത തേങ്ങിക്കരച്ചിലും ചെറിയ അലര്‍ച്ചയും പുറപ്പെട്ടു. ”പൊയ്‌ക്കോ! നീ കെടന്ന വയറ്റത്തു കുത്തി.”

ഇക്ക വിളിച്ചു: ”ഐഷാ!”

അവള്‍ ഒന്നും തിരിയാത്ത മട്ടില്‍ ആ വെളുത്ത ദേഹത്തോടു ചേര്‍ന്നുനിന്നു. അവള്‍ കരഞ്ഞു പോകുമെന്നു തോന്നി. മെല്ലെ തലമുടിയില്‍ തടവിക്കൊണ്ട് ഇക്കാ ചോദിച്ചു: ”പോകട്ടെ?”

അവളുടെ മിഴികളില്‍ രണ്ടു തുള്ളികള്‍ ഉറഞ്ഞു കൂടുമ്പോള്‍ വിളറിയ മുഖം കുനിച്ചുപിടിച്ചുകൊണ്ട് ഇക്ക ഗേറ്റു കടന്നു മറയുന്നതു കണ്ടു.

രണ്ട് ദിവസം കഴിഞ്ഞു് കമ്പി വന്നു. കൊണ്ടു വന്ന ശിപായി അര്‍ത്ഥം പറഞ്ഞുകൊടുത്തു. ”മേരിയെ വിവാഹം ചെയ്തു-സലീം.”

എരിഞ്ഞുകൊണ്ടിരുന്ന വലിയ ചുരുട്ട് ബാപ്പയുടെ കയ്യില്‍നിന്നു താഴെ വീണു. തെല്ലുനേരം സ്തംഭിച്ചിരുന്നിട്ട് ഉറച്ച കാല്‍വെപ്പുകളോടെ നാലുകെട്ടിലേക്ക് കടന്നുചെന്നു. ഉമ്മ നിസ്കാരം കഴിഞ്ഞു പ്രാര്‍ത്ഥിക്കുകയായിരുന്നു: ”തമ്പുരാനെ! സലീമിന്നു നല്ല ബുദ്ധി തോന്നിക്കണേ!”

ബാപ്പ കഠിനമായ കോപത്തോടെ, കമ്പി വാചകമെഴുതിയ കടലാസ് ചുരുട്ടി ഒരു ഗോളമാക്കി ഉമ്മയുടെ വെളുത്ത മുഖത്തേക്കു ആഞ്ഞെറിഞ്ഞിട്ട് അലറി, ”നിന്റെ ദുആ അല്ലാഹു സ്വീകരിച്ചെടീ!”

ഉമ്മ ഞെട്ടിവിറച്ചു: ”ഹെന്ത്?”

”അവന്‍ നമ്മള്‍ക്കു കമ്പിയടിച്ചിരിക്കണ്. ഞാന്‍ നസ്രാണിച്ചി മേരിയെ കെട്ടി ആനപ്പുറത്തിരുത്തീട്ടുണ്ട്-പ്രിയപുത്രന്‍ സലീം, എന്ന്.”

ഉമ്മ തുറിച്ചുനോക്കി ഇരുന്നിട്ട് ബോധശൂന്യയായി വീണു. മുഖത്തു് പനിനീര്‍ തളിച്ചിട്ടും വളരെ കഴിഞ്ഞേ കണ്ണു തുറന്നുള്ളു. ദിവ്യ വെളിപാടുണ്ടായ പോലെ പറഞ്ഞു: ”അവന്‍ എന്റെ മോനല്ല.”

കനത്ത മെതിയടിയിട്ടടിച്ച് ബാപ്പ കോണിപ്പടികള്‍ കയറി മുകളിലേക്കു പോകുമ്പോള്‍ താഴെയുള്ള സര്‍വ്വവും തകര്‍ക്കുമെന്നു തോന്നി. ഭയന്നു നടുങ്ങിയ അവള്‍ ഉള്ളില്‍ വിങ്ങിപ്പൊട്ടി.

”പാവപ്പെട്ട ഇക്ക.”

ബാപ്പ പുതിയ കാഷ്മീര്‍ സാല്‍വ കൊണ്ടുതന്നെ തോക്കെടുത്തു അമര്‍ത്തിത്തുടച്ചു. മിനുക്കം തൃപ്തികരമാകാഞ്ഞിട്ട് ഒന്നുകൂടി അമര്‍ത്തി ഉഴിഞ്ഞു. മരുന്നു നിറച്ച ചെറിയ ഉണ്ടകള്‍ ഇടുന്നതു കണ്ടപ്പോള്‍ അവള്‍ ഏങ്ങിക്കരഞ്ഞു പോയി. ബാപ്പ തോക്കുമായി ഉമ്മയുടെ മുമ്പില്‍ വന്നു നിന്നു. മെതിയടി ആഞ്ഞു ചവുട്ടിക്കൊണ്ട് യുദ്ധം പ്രഖ്യാപിച്ചു, ”അവനും അവന്റെ കള്ളമൂരിയും പടി കടക്കണ നേരം ഞാനില്ലെങ്കില്‍ വിളിപ്പിക്കണം. ഒറക്കമാണെങ്കിലൊണര്‍ത്തണം. തോക്ക് നെറച്ചു വെച്ചിട്ടുണ്ട്.”

 

ബാപ്പ കഠിനമായ കോപത്തോടെ, കമ്പി വാചകമെഴുതിയ കടലാസ് ചുരുട്ടി ഒരു ഗോളമാക്കി ഉമ്മയുടെ വെളുത്ത മുഖത്തേക്കു ആഞ്ഞെറിഞ്ഞിട്ട് അലറി, ''നിന്റെ ദുആ അല്ലാഹു സ്വീകരിച്ചെടീ!'' ഉമ്മ ഞെട്ടിവിറച്ചു: ''ഹെന്ത്?'' ''അവന്‍ നമ്മള്‍ക്കു കമ്പിയടിച്ചിരിക്കണ്. ഞാന്‍ നസ്രാണിച്ചി മേരിയെ കെട്ടി ആനപ്പുറത്തിരുത്തീട്ടുണ്ട്-പ്രിയപുത്രന്‍ സലീം, എന്ന്.'' Painting: Amritha Shergil


 
പിന്നെ നാലുകെട്ടിന്നുള്ളില്‍ എപ്പോഴും ഒരു യുദ്ധത്തിന്റെ അന്തരീക്ഷം തന്നെയായിരുന്നു. ഏത്തപ്പഴത്തോളം വലിയ ചുരുട്ട് ബാപ്പ ഏഴെട്ടണ്ണം വീതം ദിവസവും വലിക്കുകയും സര്‍വ്വരോടും കോപിക്കുകയും ചെയ്തു. അവള്‍ അടുത്തു ചെല്ലുമ്പോള്‍ ദഹിപ്പിക്കാന്‍ പോകുന്നവിധം നോക്കിയിട്ട് പറയും, ”ഫോ മൂമ്പീന്ന്. അവന്റെ പുന്നാരപ്പെങ്ങളല്ലെ?”

ഇക്ക അയച്ച ആദ്യത്തെ കത്ത് അവളാണ് ആദ്യം തുറന്നു വായിച്ചത്. ”ഒരു ചെറിയ വാടകവീട്ടില്‍ ഞങ്ങള്‍ സുഖമായി ജീവിക്കുന്നു. മുറ്റത്ത് ഒരു പൂന്തോട്ടം വെച്ചു പിടിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഓഫീസില്‍ പോവുകയും വരുകയും ചെയ്യുന്നു. അവള്‍ ഭംഗിയായി പാകം ചെയ്യും. ജീവിതം പ്രതീക്ഷിച്ചതിലേറെ ഓരോ ദിവസവും സന്തോഷമേറിയതായി തോന്നുന്നതുകൊണ്ട്, അങ്ങോട്ടു വന്നു് വെടിയേറ്റു മരിച്ചുകളയുമെന്നത് ബുദ്ധിയാണോ എന്നറിയിക്കാന്‍ ദയവുണ്ടാകണം.”

എഴുത്ത് ബാപ്പയ്ക്കു കൊടുത്തു. അതിരൂക്ഷമായി ഓടിച്ചുനോക്കിയിട്ട് കീറി, പഞ്ഞിപോലെ കാറ്റില്‍ പറത്തുമ്പോള്‍ പറഞ്ഞു, ”അവളവനു പന്നിയിറച്ചി സൂപ്പ് നന്നായി വെച്ചു കൊടുക്കുന്നുണ്ടത്രെ. ഇബ്ലീസും അവന്റെ മൂരീം!”

ഒരു കൃസ്ത്യാനിപ്പെണ്ണിനെ വിശുദ്ധ ഖുര്‍ആനിലെ നിയമങ്ങള്‍ക്കു വിരുദ്ധമായി വിവാഹം ചെയ്തവന്റെ കത്ത് തൊടുകയെന്ന തെറ്റു ചെയ്തതിന്നു അദ്ദേഹം കൈ കഴുകി.

ബന്ധുക്കള്‍ പറ്റമായി വന്നു് ഉമ്മയുടേയും ബാപ്പയുടേയും ഭാഗംചേര്‍ന്നു ഏഷണി പറഞ്ഞു: ”സലീമിന്നു നട്ടെല്ലുണ്ടെന്നു തെറ്റായി വിചാരിച്ചുപോയി. ഒരു ഈര്‍ക്കില്‍ നസ്രാണിപ്പെണ്ണ് ഒരു നോട്ടത്തിന്ന് അതു വലിച്ചൂരി മടിയില്‍ വെച്ചതു കണ്ടില്ലേ?”

മറുപടി കിട്ടാതെ തന്നെ ഇക്ക സുഖവിവരങ്ങള്‍ക്ക് കത്തെഴുതിക്കൊണ്ടിരുന്നു. മുറ്റത്തു പൂന്തോട്ടം പുഞ്ചിരിക്കാന്‍ തുടങ്ങിയത്രെ. അടി, കത്തിക്കുത്ത്, അതിരുതര്‍ക്കം തുടങ്ങിയ കേസ്സുകളില്‍ വാദി പ്രതികളായി പട്ടണത്തില്‍ പോയി താമസിച്ചു തിരിച്ചുവന്ന ബന്ധുക്കള്‍ പരിഹാസപൂര്‍വ്വം പറഞ്ഞു: ”ഭാര്യയും ഭര്‍ത്താവും ഉരുമ്മിച്ചേര്‍ന്ന് പരമരസമായി ഉല്ലസിച്ച് എന്നും പാര്‍ക്കില്‍ നടപ്പുണ്ട്. സലീം തടിച്ചിട്ടുമുണ്ട്.”

ബാപ്പ പുച്ഛിച്ചു തുപ്പി, ”അവളുടെ പന്നിയിറച്ചി സൂപ്പ് അവന്റെ നട്ടെല്ലൂരിപ്പോയ തടിയ്ക്കു പിടിച്ചെന്നു സാരം.”

ഒരു ദിവസം അവളുടെ പേരില്‍ പാര്‍സല്‍ വന്നു. ജീവിതത്തില്‍ ഒരു സുപ്രധാനസംഭവം. തുറന്നു നോക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ബ്ലൗസ്സും പാവാടയും പൂവുകള്‍ തുന്നിപ്പിടിപ്പിച്ച അരഡസന്‍ തൂവാലകളുമാണ്. കൂടെ നക്ഷത്രങ്ങളുടെ ചന്തമുള്ള അക്ഷരങ്ങളില്‍ ഒരെഴുത്തും: ”കൊച്ചു നാത്തൂന്‍ അവര്‍കള്‍ക്ക് ഞാന്‍ തന്നെ തയ്ച്ച ബ്ലൗസ്സും പാവാടയും തൂവാലകളും അയയ്ക്കുന്നു. അണിഞ്ഞ് ഒരു പൂമ്പാറ്റയെപ്പോലെ നൃത്തം ചെയ്യണേ!”

”എന്നെ അടിക്കാനുള്ള ചൂല് ബലമുള്ള ഈര്‍ക്കില്‍ കൊണ്ട് വലിയ സൈസില്‍ തന്നെ തയ്യാറാക്കി വെച്ചരിക്കണം എന്ന് സലീം രാജകുമാരന്‍ കല്പിച്ചിരിക്കുന്നു.”

”ചാമ്പയ്ക്കക്കവിളില്‍ ഒരുമ്മം തരാന്‍ കൊതിയായിട്ട് അടങ്ങിയിരിക്കാന്‍ വയ്യ, കേട്ടോ!” – മേരി.

എഴുത്തു നൂറുതവണ വായിച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ബ്ലൗസ്സും പാവാടയും അണിഞ്ഞപ്പോള്‍ അത്ഭുതകരമായി ഇണങ്ങിയിരിക്കുന്നു. മേലില്‍ സലീം എന്ന മഹാപുരുഷന് പീറത്തുണികളെടുക്കാനേ കഴിയൂ എന്ന് തീരുമാനിക്കുകയും ചെയ്തു.

ഒരു ദിവസം കമ്പി വന്നു: ”പേരക്കുട്ടി പിറന്നു. ഓമനക്കുട്ടന്‍ സൗഖ്യമായിരിക്കുന്നു.”

ബാപ്പ കമ്പിവാചകം കുറിച്ച കടലാസ് ആറായി കീറി മുറപ്രകാരം കാറ്റില്‍ പറത്തി. എന്നിട്ട് അലമാര തുറന്ന് തോക്കെടുത്തു അത്തര്‍ പുരട്ടിയ കാശ്മീര്‍ ഷാള്‍ കൊണ്ടുതന്നെ അമര്‍ത്തിത്തുടച്ച് യഥാസ്ഥാനത്ത് വച്ചു.

കാര്യം മുന്‍കൂറായി എങ്ങിനെയോ ഗ്രഹിച്ച് കയ്പും മധുരവും ചേര്‍ന്ന എന്തോ പാനീയം കഴിച്ച ഭാവത്തില്‍ നില്‍ക്കുന്ന ഉമ്മയോട് ബാപ്പ പറഞ്ഞു, ”നിന്റെ മരുമകള്‍ മൂരി ഒരാണ്‍കൂട്ടീന പെറ്റു.”

വളരെ നാളുകള്‍ക്ക് ശേഷം കരച്ചിലും ചിരിയും കലര്‍ന്ന മുഖഭാവത്തോടെ ഉമ്മ പരിഭവപൂര്‍വ്വം പറഞ്ഞു, ”അതിനെ വെടിവെക്കാന്‍ തോക്കു തുടച്ചപ്പ കൈ വിറച്ചില്ലല്ലോ!”

ബാപ്പ ധൈര്യം വിടാതെ ചോരക്കണ്ണുകള്‍ കൊണ്ട് നോക്കി. എന്നിട്ട് മുഖം തിരിച്ചുകളഞ്ഞു. ചുരുട്ടു കറ പിടിച്ച തടിയന്‍ വിരലുകള്‍ തകൃതിയായി ഞെരിച്ചൊടിക്കുന്ന ശബ്ദം മാത്രം കേട്ടു.

 

തുകല്‍പ്പെട്ടി നിലത്തുവെച്ചിട്ട് ഇക്ക പുഞ്ചിരി തൂകി, ''ബാപ്പയുണ്ടോ?'' കുസൃതിച്ചിരിയോടെ ഇക്ക പറഞ്ഞു: ''നിര്‍ത്തിപ്പൊരിച്ച ഒരൊട്ടകത്തെ പ്രാതലിന്നു ശാപ്പിടുന്ന മൂന്നു കെട്ടിയ അറബിയെ തിരക്കുന്നുണ്ട്. കണ്ടെത്തിയാല്‍ ഒരു തോല അറബിപ്പൊന്നു റൊക്കം വിലക്ക് നിന്നെ പിടിച്ച് വില്‍ക്കുന്നുണ്ട്.''


 

അന്നു രാത്രി കുഞ്ഞിക്കൈകള്‍ ഇളക്കിക്കളിക്കുന്ന ഒരിളം പൈതലിനെ വാരിയെടുക്കുന്നതായി അവള്‍ സ്വപ്നം കണ്ടു. തക്കാളിക്കവിളുകളും ഞാവല്‍പ്പഴമിഴികളുമുള്ള ഒരോമനക്കുട്ടന്‍. വെളുത്തതോ കറുത്തതോ എന്നു മാത്രം ഓര്‍മ്മയില്ല. പക്ഷെ, കുഞ്ഞുവിരലുകള്‍ കവിളത്തു തട്ടി ദേഹമാകെ പൊട്ടിപ്പരന്ന രോമാഞ്ചം ഉണര്‍ന്നപ്പോഴും ഉണ്ടായിരുന്നു.

തുകല്‍പ്പെട്ടി നിലത്തുവെച്ചിട്ട് ഇക്ക പുഞ്ചിരി തൂകി, ”ബാപ്പയുണ്ടോ?”

കുസൃതിച്ചിരിയോടെ ഇക്ക പറഞ്ഞു: ”നിര്‍ത്തിപ്പൊരിച്ച ഒരൊട്ടകത്തെ പ്രാതലിന്നു ശാപ്പിടുന്ന മൂന്നു കെട്ടിയ അറബിയെ തിരക്കുന്നുണ്ട്. കണ്ടെത്തിയാല്‍ ഒരു തോല അറബിപ്പൊന്നു റൊക്കം വിലക്ക് നിന്നെ പിടിച്ച് വില്‍ക്കുന്നുണ്ട്.”

അവള്‍ നന്നെ ലജ്ജിച്ചുപോയി. എങ്കിലും ഉറക്കെ വിളിച്ചു പറഞ്ഞു: ”ഉമ്മാ, ഇക്ക വന്നു. വെളുത്ത് തടിച്ചിരിക്കണ്.”

കല്‍ക്കണ്ടം മേമ്പൊടി ചേര്‍ത്ത് സ്വല്പം തിക്തക കഷായം നുണഞ്ഞ ഭാവത്തില്‍ ഉമ്മ പ്രത്യക്ഷപ്പെട്ടു. മകനെ അടിമുടി ഉഴിഞ്ഞു നോക്കി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളില്‍ വളരെ മെല്ലെ ഒരു പുഞ്ചിരിയുടെ മൊട്ട് വിരിഞ്ഞു, ക്രമേണ വിടര്‍ന്നു.

”മോനേ! നീ ഞങ്ങളെ മറന്നെന്നു കരുതിപ്പോയി.”

സലീം എന്ന മഹാ പുരുഷന്‍ പറഞ്ഞു: ”അതിന് എന്നെ വെടിവെച്ചു കൊന്നാലേ പറ്റു.”

ഉമ്മ അതിവാത്സല്യത്തോടെ മകന്റെ കവിളില്‍ തടവി. എന്നിട്ട് മടിച്ചുമടിച്ചു ചോദിച്ചു: ”എന്റെ പേരക്കിടാവിനെ നീ കൊണ്ടു വന്നില്ലേ?”

മകന്‍ മുഖം കുനിച്ചു നില്‍ക്കുക മാത്രം ചെയ്തു. പുഞ്ചിരി തൂകുന്നുണ്ട്.

”പറയൂലേ? ഞാനൊന്നെടുത്ത് പുന്നാരിച്ചിട്ട് നീ കൊണ്ട് പൊയ്‌ക്കോ!”

മകന്‍ മുഖമുയര്‍ത്താതെ ഹൃദ്യമായി പുഞ്ചിരി തൂകിക്കൊണ്ട് ഗേറ്റിനു നേരെ നടന്നുചെന്നു. എന്നിട്ട് പുറത്തേക്കു നോക്കി വിളിച്ചു, ”മഠയിപ്പെണ്ണേ!”

വര്‍ണ്ണോജ്വലമായ സാരിയണിഞ്ഞ്, ചുമന്ന ചുണ്ടില്‍ പൂവിന്റെ നൈര്‍മ്മല്യവും മനോഹാരിതയുള്ള പുഞ്ചിരിയുമായി വെളുത്തുമെലിഞ്ഞ്, ഹൂറിയെപ്പോലെ സുന്ദരിയായ ഒരു യുവതി മെല്ലെ നടന്നുവന്നു. മാറോട് ചേര്‍ന്ന് കുഞ്ഞുടുപ്പുകളണിഞ്ഞ വെളുത്തതുടുത്ത ഒരാണ്‍കുഞ്ഞ്.

മകന്‍ പറഞ്ഞു: ”അവള്‍ മതിലിന്നപ്പുറം പേടിച്ചുവിറച്ചു നില്‍ക്കുകയായിരുന്നു-വെടിയുടെ ശബ്ദവും ശ്രദ്ധിച്ചുകൊണ്ട്.”

ഉമ്മ വെളുത്തുതുടുത്ത കുഞ്ഞിനെ നോക്കി. എന്നിട്ട് ആര്‍ത്തിയോടെ വാരിയെടുത്തു. കൊച്ചു ഞാവല്‍പ്പഴക്കണ്ണുകളിലേക്ക് കൊതിയോടെ നോക്കിയിട്ട്, കവിളില്‍ ചുംബിക്കുമ്പോള്‍ ഉമ്മ വിളിച്ചു, ”കുഞ്ഞിക്കരളേ!”

ബാപ്പ വിസ്തരിച്ച തേച്ചുകുളി കഴിഞ്ഞു വരുമ്പോള്‍ നാലുകെട്ട് മുഴുവന്‍ ഉമ്മ ചിരിച്ചാര്‍ത്തു നടക്കുകയാണ്. മാറോട് പറ്റിച്ചേര്‍ന്ന് വെളുത്തതുടുത്ത കുഞ്ഞും.

രണ്ടുനിമിഷം പകച്ചുനോക്കി നിന്നിട്ട് ബാപ്പ ഗംഭീരമായി ചോദിച്ചു: ”അപ്പൊ, നീ ഞങ്ങളെ മറന്നിട്ടില്ല?”

ഉമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്നിരുന്നു കുണുങ്ങിയിരുന്ന വെളുത്തതുടുത്ത കുഞ്ഞ് ബാപ്പയുടെ നേരെ കൊഴുത്ത കുഞ്ഞിക്കൈകള്‍ നീട്ടി. തുടുത്ത ഇളംവിരലുകളും തക്കാളിക്കവിളുകളും. ഇളം ചുണ്ടുകളില്‍ പളുങ്കൊലി ചിതറുന്ന ചിരിയുടെ പൂരം.

ബാപ്പ ഗംഭീരമായി ചോദിച്ചു: ”എന്റെ പേരക്കൂട്ടീടെ പേരെന്ത്?”

മകന്‍ പുഞ്ചിരിയോടെ പറഞ്ഞു: ”കുഞ്ഞുമോന്‍.”

ബാപ്പ വെണ്ണക്കിടാവിനെ ബലിഷ്ഠമായ കൈകള്‍കൊണ്ട് വാരിയെടുത്തു. വിരിമാറില്‍ പറ്റിച്ചേര്‍ന്നിരുന്നു പിഞ്ചുകൈകള്‍കൊണ്ട് മാറിലെ രോമക്കൂട്ടം ഇറുക്കി വലിച്ചു രസിച്ചപ്പോള്‍ ബാപ്പ പറഞ്ഞു: ”മിടുക്കന്‍!”

ബാപ്പ ഉമ്മയുടെ നേരെ നോക്കി ഗൗരവപൂര്‍വ്വം ചോദിച്ചു: ”കറിക്ക് ഇറച്ചി കിട്ടിയോ?”

”ഹില്ല.”

ബാപ്പ മകന്റെ നേരെ നോക്കി ഒരു നിമിഷം നിന്നിട്ട് മുഖം കുനിച്ചുകൊണ്ട് വളരെ പതുക്കെ പറഞ്ഞു: ”മാവിന്മേല്‍ പോണക്കൂട്ടമിരിപ്പുണ്ട്. രണ്ടെണ്ണത്തെ വെടിവെക്കാം. നീ തോക്കെടുത്ത് കൂടെ വാ……….. നിറയുള്ള തോക്കാണ് സൂക്ഷിച്ചെടുക്കണം.”

കുഞ്ഞിനെ മാറില്‍നിന്ന് മടിയോടെ എടുത്ത് മരുമകളെ ഏല്‍പ്പിക്കുമ്പോള്‍, ബാപ്പയുടെ ചോരക്കണ്ണുകളില്‍ രണ്ടു പനിനീര്‍ത്തുള്ളികള്‍ ഊറിക്കൂടുന്നത് കണ്ടു.

സലീം തോക്കെടുക്കാന്‍ പോകുമ്പോള്‍, മേരി കണ്ണുകളില്‍ നനവുമായി തിരിഞ്ഞുനിന്നു് സൂത്രത്തില്‍ കുരിശു വരയ്ക്കുകയായിരുന്നു.

 
(1963 ഡിസംബര്‍ എട്ട് ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 

2 thoughts on “കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

  1. എത്ര ലളിതം,എത്ര മനോഹരം.എത്ര ഗംഭീരം……മലയാളത്തിന്റെ മഹാഭാഗ്യം! സർഗപ്രതിഭയുടെ സ്ഫുരണം ഓരോ വാക്കിലും വരിയിലും.. കഥയുടെ പേരു മുതൽ അവസാന കുരിശു വര വരെ..

Leave a Reply

Your email address will not be published. Required fields are marked *