സത്യത്തില്‍ ആരായിരുന്നു കെ. യു?

 
 
 
 
എഴുത്തുകാരന്‍ എന്ന നിലയില്‍ കെ.യു അബ്ദുല്‍ ഖാദറിന്റെ ജീവിതം. സുഹൃത്ത് കെ.എം ലെനിന്‍ എഴുതുന്നു 
 
 
ആ ആത്മീയസംഘര്‍ഷങ്ങള്‍ സര്‍ഗരചനയ്ക്ക് വിഷയമാക്കിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ ആശിച്ചുപോയിട്ടുണ്ട്. തീര്‍ച്ചയായും കെ.യു. എഴുതിയതിലേക്കും വെച്ച് ഏറ്റവും മഹത്തരമാകുമായിരുന്നു അത്. ദസ്തയേവ്‌സ്കി സര്‍ഗരചനയിലൂടെ അത്തരമൊരു അന്വേഷണം നടത്തിയതിന്റെ ഫലമായിരുന്നല്ലോ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതി-‘കരമസോവ് സഹോദരന്മാര്‍’. എന്നാല്‍ കെ.യു.വിനെ സംബന്ധിച്ചിടത്തോളം സര്‍ഗാത്മകതയുടെ അന്ത്യമായിരുന്നോ ആത്മീയത?

യഥാര്‍ത്ഥ ആത്മീയത മതേതര നിലപാടിനോ പുരോഗമന ചിന്തയ്‌ക്കോ തടസ്സമായി ഖാദര്‍ ഒരിക്കലും കണ്ടിരുന്നില്ല. അതിനുപകരം ആചാരങ്ങളില്‍ ഊന്നല്‍ കൊടുത്ത് മതോന്മാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനോട് എന്നും അദ്ദേഹം വിയോജിച്ചിരുന്നു.

 

 

എന്റെ പ്രിയങ്കരനായ കെ.യു.വിനെപറ്റി ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടിവന്നത് ഹൃദയഭേദകമാണ്. ദിവസവും മൂന്നോ നാലോ പ്രാവശ്യം നടത്തുന്ന ഡയാലിസിസിന്റെ സഹായത്തോടെയാണ് അദ്ദേഹം ഏതാനും മാസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അങ്ങനെയൊക്കെ മരണം അപ്രതീക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു ദിവസങ്ങള്‍ കടന്നുപോയത്. എന്നാലും കെ.യു. ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി സങ്കല്പിക്കുമ്പോള്‍ സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം എന്തൊക്കെയോ അപൂര്‍ണതകള്‍ അവശേഷിക്കുന്നു.

കെ.എം ലെനിന്‍


സുഹൃത്തുക്കള്‍ കെ.യു. എന്നു വിളിക്കുന്ന കെ.യു.അബ്ദുള്‍ ഖാദര്‍ പുതിയ തലമുറക്ക് ആരുമല്ല. കാരണം എഴുത്തുകാരനെന്ന നിലയില്‍ നാലര പതിറ്റാണ്ടുമുമ്പേ അദ്ദേഹം അന്തരിച്ചുകഴിഞ്ഞിരുന്നു. കോവിലന്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നത് ഓര്‍ത്തുപോവുകയാണ്: ‘ജീവിച്ചിരിക്കുമ്പോള്‍ മരിച്ചുപോവുന്ന പണിയാണ് എഴുത്തുകാരന്റേത്.’ എന്നാല്‍ 1950കളിലും 60കളിലും നവയുഗം, ജനയുഗം, മാതൃഭൂമി, കെ.ബാലകൃഷ്ണന്റെ കൗമുദി എന്നീ വാരികകളില്‍ പ്രസിദ്ധീകരിച്ചിരുന്ന കഥകള്‍ക്ക് അന്ന് ഏറെ വായനക്കാരുണ്ടായിരുന്നു. 1954 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കഥാസമാഹാരവും എം.ടി.യുടെ പുസ്തകവും ഒന്നിച്ചായിരുന്നു ഗ്രന്ഥാലോകം മാസികയില്‍ നിരൂപണം ചെയ്യപ്പെട്ടതെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. എം.ടി.യുടെയും അബ്ദുള്‍ ഖാദറിന്റെയും കഥകളാണെങ്കില്‍ വായനക്കാര്‍ക്ക് ഹരമാണ് എന്ന് അര്‍ത്ഥം വരുന്ന വാക്കുകളില്‍ എം.ടി.യോടൊപ്പം നിര്‍ത്തി അദ്ദേഹത്തെ നിരൂപകന്‍ പ്രശംസിക്കുകയുണ്ടായി.

 

1957ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചതോടെ ആയിരിക്കണം നിരന്തരമായ എഴുത്ത് ഇല്ലാതായത്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി സി.അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിശ്ചയിച്ചത് ഖാദറിനെ ആയിരുന്നു.


 
പിന്നെ എന്തു സംഭവിച്ചു അബ്ദുള്‍ ഖാദറിലെ കഥാകൃത്തിന്?

1952നും 1956നും ഇടയിലുള്ള നാല് വര്‍ഷമാണ് ഏറ്റവുമധികം കഥകള്‍ അദ്ദേഹം എഴുതിയത്. 18 വയസ്സിനും 22 വയസ്സിനുമിടയിലായിരുന്നു സര്‍ഗാത്മകത അദ്ദേഹത്തിന്റെ ഭാവനയെ കാര്യമായി ആശ്ലേഷിച്ചിരുന്നതെന്ന് തോന്നുന്നു. അധികവും പ്രസിദ്ധീകരിച്ചുവന്നത് കൗമുദിയിലും നവയുഗത്തിലുമായിരുന്നു. ചെന്നൈയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം വാരികയിലും അദ്ദേഹം കഥകളെഴുതിയിരുന്നു. അന്ന് ജയകേരളം പത്രാധിപസമിതിയംഗമായിരുന്ന പവനന്‍ തന്റെ ആത്മകഥയില്‍ ഖാദറിന്റെ കഥകളെപറ്റി പരാമര്‍ശിച്ചത് വായിച്ചതായി ഓര്‍ക്കുന്നു.

1957ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചതോടെ ആയിരിക്കണം നിരന്തരമായ എഴുത്ത് ഇല്ലാതായത്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി സി.അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിശ്ചയിച്ചത് ഖാദറിനെ ആയിരുന്നു. 1959 ജൂലായ് 31ന് കേന്ദ്രസര്‍ക്കാര്‍ ആദ്യ ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടുന്നതുവരെ അദ്ദേഹം ആ ജോലി സ്തുത്യര്‍ഹമായി നിര്‍വഹിച്ചിരുന്നു. 1990ല്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഖാദര്‍ കേരള കാര്‍ഷിക സര്‍വകാലാശാല വൈസ് ചാന്‍സലറുടെ സെക്രട്ടറി ആയിരുന്നു.

1968 വരെ ചുരുക്കമായെങ്കിലും പില്ക്കാലത്തും അബ്ദുള്‍ ഖാദര്‍ കഥകളെഴുതിയിരുന്നു. 60 കളില്‍ വല്ലപ്പോഴുമെഴുതിയിരന്ന അദ്ദേഹത്തിന്റെ കഥകള്‍ ഇടം കണ്ടെത്തിയിരുന്നത് മാതൃഭൂമി വാരികയിലായിരുന്നു. എന്നാല്‍ ജനയുഗത്തിന്റെയും നവയുഗത്തിന്റെയും വിശേഷാല്‍ പതിപ്പുകളില്‍ സ്ഥിരമായി ആ കഥകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി ഓര്‍ക്കുന്നു.

1963ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി’ എന്ന കഥ ശീര്‍ഷകത്തിലെന്ന പോലെ ഉള്ളടക്കത്തിലും ശ്രദ്ധേയമായിരുന്നു. കൃസ്തീയ യുവതിയെ പ്രണയിച്ച് വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹം കഴിച്ച മുസ്ലിം യുവാവിന്റെ ജീവിതസംഘര്‍ഷമാണ് പ്രമേയം. മകന്‍ ഇനി വീട്ടിലെത്തിയാല്‍ വെടിവെച്ചുകൊല്ലാനായി തോക്ക് നിറച്ചുവെച്ച പിതാവ് കുറെ നാളുകള്‍ക്ക് ശേഷം ഒരു പിഞ്ചോമനയോടും ഭാര്യയോടുമൊന്നിച്ച് വീട്ടിലെത്തിയ മകനെ കണ്ടപ്പോള്‍ തോക്കെടുക്കാന്‍ പറയുന്നുണ്ട്. എന്നാല്‍ മകന്റെ നേരെ നിറയൊഴിക്കാനായിരുന്നില്ല, മകനും കുടുംബത്തിനും ഉച്ചയൂണിനൊപ്പം ഇറച്ചിക്കറിക്ക് പക്ഷികളെ വെടിവെച്ചിടാനാണെന്ന് വ്യക്തമാക്കപ്പെടുന്നതിലൂടെ ഒരു കൊല്ലത്തിലേറെക്കാലം ആ കുടുംബാന്തരീക്ഷത്തെ വലയം ചെയ്തിരുന്ന സംഘര്‍ഷത്തിന്റെ മഞ്ഞ് ഉരുകിപ്പോവുകയാണ്.

നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ലക്ഷക്കണക്കിനാളുകള്‍ കൂട്ടക്കശാപ്പിനിരയായ, ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുണ്ടായ ചരിത്രത്തിലെ കുരിശുയുദ്ധത്തെപ്പറ്റി കഥയിലൊരിടത്തും പരാമര്‍ശമില്ല. അതേസമയം ആ ശീര്‍ഷകം നല്കുന്ന അര്‍ത്ഥധ്വനി ചരിത്രവീഥികളില്‍ മതത്തിന്റെ പേരില്‍ കുമിഞ്ഞുകൂടിയ കബന്ധങ്ങളുടെയും അസ്ഥിപഞ്ജരങ്ങളുടെയും അര്‍ഥശൂന്യത അഭിവ്യക്തമാക്കുന്നു. ഒപ്പംതന്നെ കഥയുടെ പര്യവസാനത്തെ അര്‍ത്ഥവത്തും ഫലിതമയവുമാക്കുന്നു. പിന്നെയും ഏതാനും കഥകള്‍ മാതൃഭൂമിയില്‍ വന്നതായി ഓര്‍ക്കുന്നു. ഏറ്റവുമൊടുവിലത്തേത് 1968ല്‍ പ്രസിദ്ധീകരിച്ച ‘ആരോ ഒരാള്‍’ ആണെന്നു തോന്നുന്നു. ‘

 

 

ഏറെ വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു അബ്ദുള്‍ ഖാദര്‍. 1980ല്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ മലയാളവിഭാഗത്തില്‍ ‘കെ.യു.അബ്ദുള്‍ ഖാദര്‍’ എന്നെഴുതിവെച്ച ഒരു പുസ്തക കോര്‍ണര്‍ കണ്ടതായി ഓര്‍ക്കുന്നു. വെറും പെണ്ണ്, കാട്ടുചോല, കടല്‍, നിലാവും പൂക്കളും,’ടാജ് മഹള്‍ എന്നീ കഥാസമാഹാരങ്ങളേ അദ്ദേഹത്തിന്റേതായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. അവയുടെ നിരവധി കോപ്പികള്‍ അടുക്കിവെച്ചാണ് ആ പുസ്തക കോര്‍ണര്‍ സംവിധാനം ചെയ്തിരുന്നത്. അപ്പോഴേക്കും അദ്ദേഹം എഴുത്ത് നിര്‍ത്തിയിട്ട് ഒരു വ്യാഴവട്ടമെങ്കിലും കടന്നുപോയിരുന്നു. പുസ്തകങ്ങള്‍ എല്ലാം പല കൈകള്‍ മറിഞ്ഞ് മുഷിഞ്ഞും പേജുകള്‍ ഇളകിയും പോയിരുന്നു. പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ ഇറക്കാനോ സമാഹരിക്കപ്പെടാതെ ഉണ്ടായിരുന്ന കഥകള്‍ പുസ്തകമാക്കാനോ താല്‍പര്യം കാണിക്കാതിരുന്ന ആ ഗ്രന്ഥകാരന്റെ കോര്‍ണര്‍ പിന്നെയും അഞ്ചാറ് വര്‍ഷംകൂടി നിലനിന്നിരുന്നു. ഒടുവില്‍ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ പഴകി ദ്രവിച്ച് ഉപയോഗശൂന്യമായപ്പോള്‍ മാത്രമാണ് ആ കോര്‍ണര്‍ അപ്രത്യക്ഷമായത്.

തന്റെ വെറും പെണ്ണ് എന്ന ആദ്യ പുസ്തകം യാദൃച്ഛികമായി ഒന്നുകൂടി വായിക്കാനിടയായ അനുഭവത്തെപ്പറ്റി 1960കളില്‍ എപ്പോഴോ അദ്ദേഹത്തിന്റെ ഒരു കത്തിലെ സൂചന ഓര്‍മ്മയിലെത്തുന്നു. തന്റെ ബാല്യത്തില്‍ എഴുതിയ അപക്വമായ ആ കഥകള്‍ പുസ്തകമാക്കാനിടയായതിനെ സംബന്ധച്ച വിഷമം ആ വരികളിലുണ്ടായിരുന്നു.

എന്തുകൊണ്ട് ഖാദര്‍ നീണ്ട 45 വര്‍ഷം ഒരുതരത്തിലുമുള്ള സര്‍ഗരചനയിലേര്‍പ്പെടാതെ മൗനത്തിന്റെ വാല്മീകത്തിലൊളിച്ചു? ഓഫീസ് ജോലികള്‍ അദ്ദേഹത്തിലെ എഴുത്തുകാരനെ മുരടിപ്പിച്ചതായിരിക്കുമോ? എന്നാല്‍ ജോലിയില്‍ പ്രവേശിച്ച 1957ന് ശേഷവും എണ്ണത്തില്‍ കുറവാണെങ്കിലും രചനകള്‍ ഉണ്ടായിട്ടുണ്ട്.

1952 മുതല്‍ 1957 വരെ ജന്മനാടായ കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഖാദര്‍ പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തെയും മറ്റും പറ്റി ആഴത്തില്‍ പഠിക്കാന്‍ അക്കാലത്ത് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ഞാന്‍ അദ്ദേഹവുമായി അടുക്കുന്നത് 1957 മുതലാണ്. അപ്പോള്‍ ഈശ്വരവിശ്വാസി ആയിരുന്നില്ലെങ്കിലും ഈശ്വരനെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരുന്നു. ആ അന്വേഷണത്തിലെ വിഹ്വലത നാള്‍ചെല്ലുന്തോറും ഏറിവരുന്നതായി തോന്നി. അക്കാലത്ത് അതീന്ദ്രിയമായ ചില അനുഭവങ്ങള്‍ പറയാറുണ്ടായിരുന്നു. ‘ഹലൂസിനേഷന്‍’ ആയിരിക്കാം എന്നുപറഞ്ഞ് ഞാന്‍ അത് തള്ളിക്കളയാന്‍ ശ്രമിച്ചിരുന്നപ്പോഴെല്ലാം സഹജമായ പുഞ്ചിരിയോടെ അദ്ദേഹം വിയോജിച്ചിരുന്നു. പിന്നീട് ഈശ്വരനെ കണ്ടെത്താനുള്ള ആത്മാര്‍ഥവും തീവ്രവുമായ അന്വേഷണത്തിലായിരുന്നു ഖാദര്‍. അന്ധമായ വിശ്വാസം അദ്ദേഹത്തിന് പ്രയാസമായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി ഗ്രന്ഥങ്ങളിലൂടെ ഈ കാലയളവില്‍ അദ്ദേഹം കടന്നുപോയി. നിത്യചൈതന്യയതിയുമായി ദീര്‍ഘകാലം നടത്തിയ കത്തിടപാടുകളിലൂടെ അദ്ദേഹം തന്റെ ആത്മീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചതായി തോന്നുന്നു. എല്ലാ മതഗ്രന്ഥങ്ങളും സമഗ്രമായി പഠിച്ച യതി ഖുര്‍ആനിലൂടെതന്നെ ഈശ്വര സാക്ഷാല്‍ക്കാരം നേടാമെന്ന് ഉപദേശിച്ചതായി ഖാദര്‍ പറഞ്ഞിരുന്നു.

 

 
അവസാനകാലം ഖാദര്‍ പരപ്പനങ്ങാടിയില്‍ താമസിക്കുന്ന മകള്‍ ഡോ.നസീമിന്റെ കൂടെയായിരുന്നു. എന്തുകൊണ്ട് നാലര പതിറ്റാണ്ട് എഴുത്ത് മാറ്റിവെച്ചു എന്ന് മരിക്കുന്നതിന് ഏതാനും മാസം മുമ്പ് പരപ്പനങ്ങാടിയില്‍ പോയി കണ്ട സമയത്തും ഞാന്‍ ചോദിച്ചു. ആത്മീയമായ അന്വേഷണത്തിനിടയില്‍ എഴുത്ത് മാറ്റി വെച്ചു എന്നായിരുന്നു മറുപടി. ഏതെങ്കിലും ഭൗതികമായ സംഘര്‍ഷങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നതായി തോന്നിയില്ല.

ആ ആത്മീയസംഘര്‍ഷങ്ങള്‍ സര്‍ഗരചനയ്ക്ക് വിഷയമാക്കിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ ആശിച്ചുപോയിട്ടുണ്ട്. തീര്‍ച്ചയായും കെ.യു. എഴുതിയതിലേക്കും വെച്ച് ഏറ്റവും മഹത്തരമാകുമായിരുന്നു അത്. ദസ്തയേവ്‌സ്കി സര്‍ഗരചനയിലൂടെ അത്തരമൊരു അന്വേഷണം നടത്തിയതിന്റെ ഫലമായിരുന്നല്ലോ അദ്ദേഹത്തിന്റെം ഏറ്റവും മഹത്തായ കൃതി-‘കരമസോവ് സഹോദരന്മാര്‍’. എന്നാല്‍ കെ.യു.വിനെ സംബന്ധിച്ചിടത്തോളം സര്‍ഗാത്മകതയുടെ അന്ത്യമായിരുന്നോ ആത്മീയത?

യഥാര്‍ത്ഥ ആത്മീയത മതേതര നിലപാടിനോ പുരോഗമന ചിന്തയ്‌ക്കോ തടസ്സമായി ഖാദര്‍ ഒരിക്കലും കണ്ടിരുന്നില്ല. അതിനുപകരം ആചാരങ്ങളില്‍ ഊന്നല്‍ കൊടുത്ത് മതോന്മാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനോട് എന്നും അദ്ദേഹം വിയോജിച്ചിരുന്നു.
 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 

Leave a Reply

Your email address will not be published. Required fields are marked *