ഹൂറി

 
 
 
 
കെ.യു അബ്ദുല്‍ ഖാദറിന്റെ കഥ. ഹൂറി.
എഴുപതുകളുടെ പകുതിയില്‍ പ്രസിദ്ധീകരിച്ച കടല്‍ എന്ന കഥാസമാഹാരത്തില്‍ നിന്ന്

 
 
“പ്രഭാതത്തില്‍ മുറിക്കുള്ളില്‍ കിടന്ന് ഇയ്യ ഞരങ്ങുന്നതു കേട്ടു. ചാരിയ വാതിലിനരികിലൂടെ പല്ലു കടിച്ചു തലമുടി അള്ളിപ്പറിച്ചുകൊണ്ട് അമ്മായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. കോപംകൊണ്ട് അവര്‍ എരിയുകയാണ്. മൂന്നുദിവസം അങ്ങിനെ ഇയ്യയെ പുറത്തു കണ്ടില്ല. മുറിക്കുള്ളില്‍നിന്നു ഞരക്കം പുറപ്പെട്ടുകൊണ്ടിരുന്നു. കിണറ്റുവക്കില്‍ നിന്ന ചില വേലക്കാരികള്‍ ഇയ്യയുടെ പേര്‍ പറഞ്ഞ് അടക്കിച്ചിരിച്ചു. മുറിയില്‍നിന്നു ചോരനിറം പുരണ്ട വസ്ത്രങ്ങള്‍ പിന്നേയും പിന്നേയും പുറത്തേയ്ക്കു കൊണ്ടുപോയി. ആരേയും അകത്തു കയറ്റിയില്ല. ഞാന്‍പോലും വാതില്‍ക്കല്‍ ചെന്നപ്പോള്‍ അമ്മായി ഒരു തട്ടു തന്നു.
ഒടുവില്‍ ഇയ്യ ഇഴഞ്ഞിഴഞ്ഞു പുറത്തു വന്നു. തീയില്‍ വീണ പൂപോലെ അവര്‍ വാടിയിട്ടുണ്ട്. ഏങ്ങിയേങ്ങി കരയുകയാണ്. കണ്ണുകളും കവിളെല്ലുകളും തുറിച്ചുവരുന്നു. മാറിടം ഒട്ടിയിട്ടില്ലേ? എഴുന്നേല്ക്കാന്‍ തീരെ വയ്യ.”

 

 

അന്നു ഞാന്‍ ശുണ്ഠിയും കുസൃതിയുമുള്ള ഒരു കൊഴുത്തുരുണ്ട കുട്ടിയായിരുന്നു.

ചെറുപ്പത്തില്‍ എന്റെ താമസം നാട്ടില്‍നിന്നു കുറെ അകലെയുള്ള അമ്മാവന്റെ വീട്ടിലായിരുന്നു.. അവര്‍ക്ക് ആണ്‍കുട്ടികളില്ല. ഒട്ടധികം നേര്‍ച്ചകളും അന്നദാനവും കഴിഞ്ഞിട്ടും ഒരാണ്‍കുട്ടി പിറവിയെടുത്തില്ല പോലും! ചെറുപ്പക്കാരനും മഹാകുസൃതിയുമായ എന്റെ അമ്മാവന്‍ വളരെ യാത്രകള്‍ ചെയ്ത്, ആവശ്യപ്പെട്ടിട്ടാണ് വീട്ടുകാര്‍ ശുണ്ഠിക്കാരനായ എന്നെ അങ്ങോട്ടയച്ചത്. പട്ടണത്തിലെ സ്കൂളില്‍ പഠിക്കുകയും ചെയ്യാമല്ലോ! അതും കാറില്‍ പോകയും ചെയ്യാം. എന്തു സുഖകരമായ രസികന്‍ ജീവിതം!

പട്ടണത്തില്‍നിന്ന് അല്പം അകലെ സുന്ദരമായ ഒരു ഭാഗത്താണ് അമ്മാവന്റെ വീട്. വെളുവെളുത്ത ഒരു കൂറ്റന്‍മതില്‍ക്കെട്ട് ആദ്യം കാണാം. അതിനുള്ളിലാണ് സൂര്യനോടൊപ്പം വെട്ടിത്തിളങ്ങുന്ന ചില്ലുജാലകങ്ങളുള്ള വലിയ മാളിക. മാളികയ്ക്കു പുറമേ കുളിപ്പുര, കളപ്പുര, അറപ്പുര തുടങ്ങി വേറെ പല കെട്ടിടങ്ങളുമുണ്ട്. കാലിത്തൊഴുത്തുപോലും അതിവിശേഷം. അമ്മാവനെ കാണാന്‍ വരുന്ന മാന്യന്മാരെ സല്‍ക്കരിക്കാനായി ഒരു പ്രത്യേക കെട്ടിടമുണ്ട്. അതില്‍ നിറയെ കണ്ണാടിപോലെ മിനുമിനുത്ത മാര്‍ബിള്‍ മേശകളും ചായമിട്ടു മിനുക്കിയ കസേരകളുമാണ്. ചുവരുകളില്‍ നാണമില്ലാത്ത കുറെ പെണ്ണുങ്ങളുടെ ചിത്രങ്ങളടക്കം പലതും ചില്ലിട്ടു തൂക്കിയിരിക്കുന്നു. ചരല്‍വിരിച്ച വെണ്‍മുറ്റത്തു മനോഹരമായ ഒരു കൊച്ചുപൂന്തോട്ടം തന്നെയുണ്ട്. അതു നിറയെ പൂക്കളുടെ രോമാഞ്ചമണിഞ്ഞു പുഞ്ചിരിതൂകുന്ന ചെടികള്‍ ഇടതിങ്ങി നില്‍ക്കുന്നു. ചെറിയ കാറ്റടിച്ചാല്‍പോലും പനിനീര്‍ നുരഞ്ഞു പ്രവഹിക്കുന്നപോലെ സൗരഭ്യം വീശും. റോഡില്‍നിന്ന് അതിഥി സല്‍ക്കാരമുറിവരെയുള്ള വഴിക്ക് ഇരുപുറവുമായി പീലിവിരുത്തിയാടുന്ന മയിലുകള്‍പോലെ കാറ്റാടിമരങ്ങള്‍ നിരന്നു നില്ക്കുന്നു. വീണുരുണ്ടു കളിക്കാന്‍ തോന്നുന്ന ആനന്ദകരമായ സ്ഥലംതന്നെ.

അവിടെവെച്ചാണ് ഞാനെന്റെ പ്രിയപ്പെട്ട ഇയ്യയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്.

 

Painting: Anjolie Ela Menon


 

താരാട്ടി വളര്‍ത്തുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മുസ്ലിംവേലക്കാരികളെ ഞങ്ങള്‍ കൊച്ചുകുട്ടികള്‍ ‘ഇയ്യ’ എന്ന തേന്‍വഴിയുന്ന പേര്‍കൊണ്ടാണ് വിളിക്കാറ്. കുട്ടികളെ എടുത്തു വളര്‍ത്തിയ കനത്ത തഴമ്പ് അവരുടെ പാര്‍ശ്വഭാഗങ്ങളില്‍ കാണാമത്രേ! അമ്മാവന്റെ വീട്ടിലെ ഇയ്യ മറ്റു നോക്കുകാരികളെപ്പോലെയല്ല. അവര്‍ യുവതിയാണ്. അരണ്ട പൂനിലാവിന്റെ നിറമുള്ള സുന്ദരിയുമാണ്. ചിരിക്കുമ്പോള്‍ തേനിന്റെ നിറമുള്ള ചുണ്ടുകളില്‍ നിന്ന് അരിമുല്ലക്കുലകള്‍ അടര്‍ന്നുവീഴുന്നപോലെ തോന്നും. അവരുടെ ഇടത്തെ കവിളില്‍ ഒരു കരിംപുള്ളിയുണ്ടെങ്കില്‍ത്തന്നെയെന്തു്, അത് അവരുടെ അഴകിനു ചാന്തുപൊട്ടിടുന്നതേയുള്ളു!

ഞാന്‍ ഒരിക്കലും അടങ്ങാത്ത വലിയ ശുണ്ഠിക്കാരനാണ്. സദാസമയവും ബഹളംകൂട്ടിയില്ലെങ്കില്‍ യാതൊരു തൃപ്തിയുമില്ല. ഉറക്കെ അലറി കരയുകയും വേണം. എന്തെങ്കിലും പറ്റിയില്ലെങ്കില്‍ അന്നവിടെ വലിയ കുഴപ്പങ്ങളുണ്ടാകാതിരിക്കാന്‍ സാദ്ധ്യമല്ല. ‘ടോയ്’ കാറില്‍നിന്നു മറിഞ്ഞുവീണെന്നിരിക്കട്ടെ. ചുരുങ്ങിയതു മൂന്നു പളുങ്കുപാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുകയും സകലവേലക്കാരികളേയും ഇടിക്കുകയും വേണം. മുഖം വീര്‍പ്പിച്ച് ഒരു പട്ടിണിയിരിപ്പും ശക്തിയുള്ള ഒരു കരച്ചിലും കഴിക്കും. തീന്‍പാത്രങ്ങള്‍ തട്ടിക്കളയുകയും നിലത്തു കിടന്നുരുളുകയും ചെയ്യും. പൊന്നിന്റെ തോരണവും അത്തറിന്റെ മണവുമായി അമ്മായി വന്നിരുന്നു കൊഞ്ചാന്‍ തുടങ്ങും, ‘അയ്യേ! അഞ്ചഞ്ചരവയസ്സൊള്ള ഒരാങ്ങുട്ട്യല്ലേ കെടന്നീ കരയണത്. നാണമില്ലല്ലോ?’ എണീറ്റുനിന്ന് അമ്മായിയുടെ പേരയ്ക്കാമൂക്കിന് അസ്സലൊരു കടി സമ്മാനിച്ചിട്ടു ഞാന്‍ വീണ്ടും മെഴുമെഴുപ്പുള്ള തിണ്ണയില്‍ കിടന്നുരുളാന്‍തുടങ്ങും. രണ്ടാമത്തെ തവണ കൊണ്ടുവന്ന തീന്‍പാത്രങ്ങളും തട്ടിയെറിഞ്ഞിരിക്കുകയാണ്.

ഒടുവില്‍ ചുണ്ടില്‍ മുല്ലച്ചെണ്ടുമായി എന്റെ പ്രിയപ്പെട്ട ഇയ്യ ഓടിയെത്തും. അണഞ്ഞിരുന്നു കിടന്നുപിടയ്ക്കുന്ന എന്നെ വാരിയെടുത്തു മെയ്യിലെ പൊടി തൂത്തുകളഞ്ഞു മാറോടണച്ചുനിര്‍ത്തിയിട്ട് അലിവൂറുന്ന മൃദുസ്വരത്തില്‍ അവള്‍ ചോദിക്കും:

‘മോന്‍ ഇയ്യോടും പെണക്കോണ?’

‘ഹതേ!’ എന്നു പറയാന്‍ തോന്നുമെങ്കിലും ആ വെളിച്ചംപരന്ന കണ്ണുകളിലേയ്ക്കു നോക്കി അങ്ങനെ പറയാമോ? അവര്‍ എന്നെ തുളുമ്പുന്ന മാറില്‍ അണച്ചുപിടിച്ചു നീര്‍തുളുമ്പുന്ന മിഴികളിലേയ്ക്കു നോക്കി പുഞ്ചിരിതൂകും. പിടിച്ചുകുലുക്കിക്കൊണ്ട് അവര്‍ ചോദിക്കുകയാണ്: ‘ഇയ്യ മോന് എന്തു ചെയ്ത്?’

‘ങ്ഹും’ അവരുടെ കവിളിലെ കറുത്ത പുള്ളിയില്‍ കടിച്ചുനോവിക്കാന്‍ തോന്നുമെങ്കിലും ചുണ്ടുകള്‍ വിടരുകയില്ല. അവര്‍ എന്റെ നീരൊഴുകുന്ന കവിളുകളില്‍ തേന്‍ തുളുമ്പുന്ന ചുണ്ടമര്‍ത്തി ചുംബിക്കും. അപ്പോള്‍ കോപംകൊണ്ടു ചൂടുപിടിച്ച എന്റെ കരള്‍ ‘ശീ’ എന്നു കുളിര്‍ത്തു പോകും.

‘മോന്‍ ചോറുതിന്നോ! ഇയ്യാടെ കരളല്ലേ!’

അവര്‍ ചോറു കുഴച്ചു കൊച്ചുകൊച്ചു ഗോളങ്ങളാക്കി എന്റെ ചുണ്ടുകളില്‍ വെച്ചുതരും. അവ കുളിരോടെ തൊണ്ടയിലൂടെ ഇറങ്ങി മറയുകയും ചെയ്യും. എന്റെ ശുണ്ഠി അവരുടെ അലിവു പുരട്ടുന്ന തഴുകലില്‍ മന്ദം അലിഞ്ഞു തീരെ ഇല്ലാതെയാകും. ഇയ്യയുടെ തഴമ്പിച്ച കൈകൊണ്ടു തഴുകിയാല്‍ ആര്‍ക്കാണ് കുളിരുണ്ടാകാതിരിക്കുക?

അവര്‍ക്ക് ഒരുപാടു ജോലികള്‍ തനിച്ചു ചെയ്തുതീര്‍ക്കാനുണ്ട്. ജോലിയില്‍നിന്നൊഴിഞ്ഞ് ഒരു നിമിഷവും അവരുമായി കളിക്കാന്‍ പറ്റുകയില്ല. അമ്മായിയും അമ്മാവനും കൊതുവലയ്ക്കുള്ളിലെ മൃദുവായ മെത്തകളില്‍നിന്നെഴുന്നേല്ക്കുന്നതിനു വളരെ മുമ്പേ അവര്‍ എഴുന്നേറ്റുചെന്നു വേല തുടങ്ങിക്കൊള്ളണം. കിണറ്റില്‍നിന്നു വെള്ളം വലിച്ചുകയറ്റി പാത്രങ്ങള്‍ കഴുകി ശുദ്ധിയാക്കണം. ഇയ്യയുടെ വിരല്‍തട്ടിയ പാത്രത്തില്‍ ഒരു കരടുപോലും കാണുകയില്ല. പ്രാതലിനു വിറകുകീറലും അവര്‍തന്നെയാണ്. അതോടൊപ്പം കൊഴുത്തുതടിച്ച കന്നുകാലികള്‍ക്കു വെള്ളവും തീറ്റിയും കൊടുക്കണം. അമ്മാവനു കുളിക്കാന്‍ പാകത്തില്‍ വെള്ളം കോരി ഹൃദ്യമായി ചൂടു പിടിപ്പിച്ചിടണം. ഉച്ചഭക്ഷണം രണ്ടു മൂന്ന് അടുപ്പുകളില്‍ കിടന്നു വേവുമ്പോള്‍ അമ്മായിയുടെ ഇമ്പമുള്ള ശബ്ദം കേള്‍ക്കാം: ‘എടീ ഐശാ! ചെന്നീ തുണിയൊക്കെ സോപ്പുതേച്ചു തിരുമ്മിട്!’ പുകഞ്ഞ കണ്ണുകള്‍ തിരുമ്മിക്കൊണ്ടു വന്നു നോക്കുമ്പോള്‍ അഴുക്കുവസ്ത്രങ്ങളുടെ ഒരു വലിയ കൂമ്പാരം!കിണറ്റുവക്കിലെ കല്ലിനുമീതെ കുനിഞ്ഞുനിന്ന് അവര്‍ ഉടുപ്പുകള്‍ അലക്കി ശുദ്ധമാക്കാന്‍ തുടങ്ങും. പെട്ടെന്നൊന്നും അവസാനിക്കുന്ന തൊഴിലല്ല അത്. കുനിഞ്ഞുനിന്ന് അവര്‍ ആഞ്ഞാഞ്ഞു മുണ്ടടിക്കുമ്പോള്‍ മര്‍ദ്ദനമേറ്റു കരിങ്കല്ലു നുറുങ്ങുമെന്നു തോന്നും. നട്ടെല്ലു കഷണമാകുകയില്ലേ? ഞാന്‍ ശുണ്ഠിയെടുത്തു ചോദിക്കും: ‘ഇയ്യ അതവട വലിച്ചെറിഞ്ഞട്ടിങ്ങട് വരണുണ്ടോ?’

‘മോനെന്താണ് വേണ്ടത്? ഇയ്യ ഇതൊന്നലക്കിത്തീര്‍ന്നിട്ട് ദേ വരണ്’, കുതിര്‍ന്നു വീര്‍ത്ത അമ്മായിയുടെ നിസ്ക്കാര കുപ്പായം കല്ലില്‍ ആഞ്ഞടിച്ചുകൊണ്ട് അവര്‍ പറയും.

‘ഇങ്ങനെ പണ്യെടുത്തു ചാവണ്ട. മതി വന്നാട്ടെ!’

അവര്‍ പുഞ്ചിരിതൂകിക്കൊണ്ടു പിന്നേയും അലക്കാന്‍ തുടങ്ങും. വേലകള്‍ ഇനിയും കാത്തിരിക്കുകയല്ലേ?

 

റോസാപ്പൂവിതളുകളുടെ മാര്‍ദ്ദവമുള്ള കിടക്കയില്‍നിന്നു ഞാന്‍ ഇറങ്ങി ഇയ്യയുടെ അഴുക്കുപുരണ്ട കീറപ്പായയില്‍ കിടക്കും. മാര്‍ദ്ദവം തുളുമ്പുന്ന മാറിടത്തിന്റെ മിടിപ്പോട് അവര്‍ എന്നെ ചേര്‍ത്തുപിടിച്ചു ശ്വാസത്തിന്റെ ചൂടേല്പിപിച്ചുകിടത്തും. ആ തേന്‍ ചുണ്ടുകള്‍ എന്റെ തുടുത്ത കവിളില്‍ വിശ്രമിക്കുമ്പോള്‍ എന്തൊരു സംതൃപ്തിയാണ്! Painting: Anjolie Ela Menon


 

പാതിരയോടടുക്കുമ്പോള്‍, അമ്മായിയുടെ കാല്‍ തിരുമ്മിക്കഴിഞ്ഞ് അവര്‍ കിടക്കാന്‍ വരും. അവര്‍ തനിച്ചു കിടക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല. ഞാന്‍ കിടക്കുന്ന മുറിയില്‍ അവരും കീറപ്പായ വിരിച്ചു കിടക്കും. വേലക്കാരികളെ കട്ടിലില്‍ തൊടാന്‍പോലും സമ്മതിക്കരുതെന്നാണ് അമ്മായിയുടെ കല്പന. പായയില്‍ അര്‍ദ്ധമയക്കത്തില്‍ ലയിച്ചുകിടന്ന് ഇയ്യ കഥകള്‍ പറയാന്‍ തുടങ്ങും. അതിവിശേഷമായ കഥകള്‍. എന്റെ കുഞ്ഞുഹൃദയം അവരുടെ മൃദുശബ്ദത്തിലൂടെ ഇറങ്ങിവരുന്ന മായാലോകത്തില്‍ മന്ദം ലയിച്ചുപോകും.

‘ഇയ്യാക്ക് ബാപ്പേം ഉമ്മേം ഇല്ലേ?’ പാതി മയങ്ങിക്കിടക്കുന്ന അവരോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു.

‘ഇല്ലല്ലോ മോനേ!’

‘മരിച്ചുപോയോ?’

‘അള്ള ബിളിച്ചാ പൂവ്വാതൊക്ക്വാ?’ അവരുടെ മൃദുസ്വരത്തില്‍ വേദനയുടെ ഇടര്‍ച്ച കലര്‍ന്നു.

‘ഇയ്യ ഇവിടെ നിക്കാന്‍ തൊടങ്ങ്യേതെന്ന്?’

‘മോനക്കാട്ടീം കൊച്ചായിരുന്നപ്പ.’

‘ഓ! ഒരുപാടു പണ്യെടുത്തല്ലേ?’

അവരാണ് എനിക്ക് അള്ളായുടെ മഹാശക്തി വിവരിച്ചുതന്നത്. ചുമലിലിരുന്നു് നന്മതിന്മകളുടെ കണക്കുകള്‍ മുറതെറ്റാതെ എഴുതുന്ന അദൃശ്യരായ ‘മലക്കു’കളെപ്പറ്റി അവര്‍ പറയുമ്പോള്‍ ഏതു വീരനാണ് പേടിക്കാത്തത്? ‘മലക്കു’കള്‍ക്കു തീനും കുടിയുമൊന്നും ഇല്ലപോലും! ‘കിയാമ’ത്തിനുശേഷം മൃതദേഹങ്ങള്‍ ഉയിര്‍ത്തെഴുന്നേല്ക്കുമ്പോള്‍ നീതിമാനായ അള്ളാഹു കണക്കുപുസ്തകങ്ങളുടെ തൂക്കം നോക്കി ശിക്ഷ വിധിക്കും. തിന്മയുടെ കണക്കുപുസ്തകത്തിനാണ് തൂക്കം അധികമെങ്കില്‍ വിറകും എണ്ണയുമില്ലാതെ തീകാളുന്ന നരകത്തില്‍ എന്നും കിടന്നുകൊള്ളണം. എത്ര വെന്തുകരിഞ്ഞാലും മരിക്കുകയില്ല. എല്ലാവരുടേയും തിന്മയുടെ പുസ്തകത്തിനാണ് തൂക്കം അധികമുണ്ടാവുക. ‘ഖബറി’ലെ ഘോരാനുഭവങ്ങള്‍ പറയുമ്പോളും, ‘ജിബ്രീല്‍’ എന്ന മഹാശക്തനായ ‘മലക്കി’ന്റെ കാലദണ്ഡുകൊണ്ടുള്ള പ്രഹരം വിവരിക്കുമ്പോളും ഞാന്‍ പേടികൊണ്ടു വിറച്ചുപോകും.

‘ഇയ്യാ! എനിക്ക് പേട്യാവണ്!’

‘മോനെന്തേ പേടിക്കണ്? ഇയ്യല്ലേ ചേരത്തന്നെ കെടക്കണത്?’

‘പോര! ഞാനും എറങ്ങിവന്നു കെടക്കും!’

റോസാപ്പൂവിതളുകളുടെ മാര്‍ദ്ദവമുള്ള കിടക്കയില്‍നിന്നു ഞാന്‍ ഇറങ്ങി ഇയ്യയുടെ അഴുക്കുപുരണ്ട കീറപ്പായയില്‍ കിടക്കും. മാര്‍ദ്ദവം തുളുമ്പുന്ന മാറിടത്തിന്റെ മിടിപ്പോട് അവര്‍ എന്നെ ചേര്‍ത്തുപിടിച്ചു ശ്വാസത്തിന്റെ ചൂടേല്പിപിച്ചുകിടത്തും. ആ തേന്‍ ചുണ്ടുകള്‍ എന്റെ തുടുത്ത കവിളില്‍ വിശ്രമിക്കുമ്പോള്‍ എന്തൊരു സംതൃപ്തിയാണ്!

സ്വര്‍ഗ്ഗത്തിലെ സുന്ദരിമാരായ ‘ഹൂറി’കളുടെ അത്ഭുതകഥകള്‍ അവര്‍ പറയുമ്പോള്‍ ആനന്ദംകൊണ്ട് എന്റെ ഇളയ ഹൃദയം തുടിക്കും. ഹൂറികള്‍ അതിസുന്ദരികളാണ്. ഇരുളില്‍ അവര്‍ പുഞ്ചിരിച്ചാല്‍ അവിടമാകെ പൂനിലാവു പരന്നപോലെയാണ്. എഴുപതു വസ്ത്രങ്ങള്‍ ഒന്നിനുമീതെ ഒന്നായി അണിഞ്ഞാലും വര്‍ണ്ണരശ്മികള്‍ പുറത്തേയ്ക്കു പ്രസരിച്ചുകൊണ്ടിരിക്കും. കണ്ണുകള്‍ നീലനക്ഷത്രങ്ങളാണ്. മാറില്‍ ഇളര്‍നീര്‍ക്കുടങ്ങള്‍ തുളുമ്പിക്കൊണ്ടിരിക്കും. ‘ദുനിയാ’വില്‍ വിശുദ്ധകര്‍മ്മങ്ങള്‍ ചെയ്യുന്ന എല്ലാ മുസ്ലിംപെണ്ണുങ്ങളും സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടങ്ങളില്‍ ഹൂറികളായി ഉയിര്‍ത്തെഴുന്നേല്ക്കപ്പെടും.

‘എന്റെ ഇയ്യ ഹൂറിനപ്പോലേണ്, അല്ലേ?’ നുണക്കുഴികള്‍ വിരിഞ്ഞ അവരുടെ കവിളില്‍ ചെറുവിരലിളക്കിക്കൊണ്ടു നിഷ്കളങ്കതയോടെ ഞാന്‍ ചോദിച്ചു.

അവര്‍ എന്നെ ചുംബിച്ചു: ‘ദുനിയാവില് അള്ള പറേണത് കേട്ട് നടന്നാലേ ഹൂര്‍ലിങ്ങളാവൊള്ളു.’

‘നല്ല ശീലമൊള്ള പെണ്ണിനായിക്കൂടേ?’

‘പിന്നെ! അവരല്ലേ ഹൂര്‍ലീങ്ങള്!’

‘ആരേം കുറ്റം പറയാത്തോരിക്കും?’

‘ഓഹോ!’

‘നല്ല ഈമാനൊള്ളോരിക്ക്?’

‘അവരും ഹൂര്‍ലീങ്ങളീപ്പെടും.’

ഞാനവരെ കെട്ടിപ്പിടിച്ചു. പുകപുരണ്ട ആ ഇടതൂര്‍ന്ന തലമുടിയില്‍ മൂക്കും കവിളും പൂഴ്ത്തിക്കൊണ്ടു ഞാന്‍ പൂര്‍ണ്ണ നിഷ്കളങ്കതയോടെ പറഞ്ഞു: ‘എന്റെ ഇയ്യ അസ്സലൊര് ഹൂറിയാവും. അള്ളാണേ നേര്!’

അവര്‍ക്കു വയസ്സ് പതിനേഴാണ്. വെളുത്തവാവിലെ അമ്പിളിപോലെ അഴകൊഴുകുന്ന മുഖം. എന്റെ ഇയ്യ അഴകിന്റെ ഉച്ചിയിലെത്തിയിരിക്കയാണ്. വല്ലാതെ നാണക്കാരിയാണ്. തേന്‍പൊട്ടാറായ ചുണ്ടുകളില്‍ നിന്നു പൂനിലാവ് ഒഴുകിക്കൊണ്ടിരിക്കും.

അമ്മാവന്റെ മുമ്പില്‍ അവര്‍ പോകുകയില്ല. ലജ്ജയോ പേടിയോ ഒക്കെക്കൂടി അവരെ പിന്നോട്ടു പിടിച്ചുവലിക്കുന്നു. അമ്മാവന്റെ കട കത്തുന്ന കണ്ണുകള്‍ അവരില്‍ പാറിക്കളിക്കുമ്പോള്‍ ഇയ്യ അമ്പുകൊണ്ടപോലെ പിടഞ്ഞുമാറും.

ഞാന്‍ ചോദിച്ചു: ‘എന്താണിത്ര പേടിക്കാന്‍? മാമ ഇയ്യാന തിന്ന് കളയോ?’

അവര്‍ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ ചുണ്ടില്‍ ചിരി പൊട്ടിയില്ല. ശബ്ദം അല്പം പതറിയിരുന്നു. ‘ഹറാമാണ് മോനേ! പെണ്ണുങ്ങ ആണുങ്ങട നുമ്പീ പോയാ അള്ള പൊറുക്കൂല.’

ചുണ്ടിലെ മലര്‍ക്കുലകള്‍ക്കു വാട്ടംതട്ടിയപോലെ തോന്നി. അവര്‍ക്കു മിക്കപ്പോഴും ഏതോ കിനാവില്‍ ലയിച്ചിരിക്കണം……എന്താണിത്ര നോവുന്ന ചിന്തകള്‍? നെല്ലുകുത്തി നടുവൊടിയുമ്പോഴും എന്തോ നോവുന്ന തപ്തചിന്തകളില്‍ മുഴുകി അവര്‍ നില്ക്കുന്നതു കാണാം. അവരുടെ പ്രസാദം മന്ദം മാഞ്ഞുവരികയാണ്. ഇത്ര അഴകുണ്ടായിട്ടും എന്റെ പ്രിയപ്പെട്ട ഇയ്യക്ക് എന്താണിത്ര ഖേദിക്കാന്‍? പാതിരാവിന്റെ നിശ്ശബ്ദതില്‍ രോമാഞ്ചം പകര്‍ന്നുകൊണ്ട് അവര്‍ എന്റെ ചെവിയില്‍ കഥകള്‍ പറയുമ്പോള്‍ അവരുടെ മൃദുശബ്ദം വല്ലാതെ ഇടറുന്നു.

ഒരു ദിവസം പാതിരയ്ക്ക് കിടപ്പുമുറിയുടെ വാതില്‍ക്കല്‍ ചെരിപ്പിന്റെ വളരെ പതിഞ്ഞ ശബ്ദംകേട്ടു. മാത്രമല്ല എന്തോ കുശുകുശുക്കലുമുണ്ട്.

‘എന്താണിയ്യാ അത്?’

‘പട്ടാണ്യാണ്. മോന്‍ മുണ്ടാതെ കെടന്നേ!’ അവരുടെ ശബ്ദം പതറി. അവര്‍ കരയാന്‍ പോകുന്നപോലെ തോന്നി. ഇയ്യയ്ക്കും പേടിയുണ്ടോ?

കുളക്കരയില്‍നിന്ന് അവര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മഹാ കുസൃതിയായ അമ്മാവന്‍ ഇയ്യയെ നോക്കി. അതിവനര്‍ പല്ലു ഞെരിച്ചു കൊണ്ട് കുളിക്കാതെ കയറിപ്പോകുന്നതെന്തിന്?

പാതിരാവിന്റെ നിശ്ശബ്ദതയില്‍ ഞങ്ങളുടെ കിടപ്പുമുറിക്കരികെ ചെരിപ്പിന്റെ പതിഞ്ഞ ശബ്ദം പിന്നേയും കേട്ടു. വാതില്‍പഴുതില്‍ ചുണ്ടുചേര്‍ത്ത് ആരോ കുശുകുശുക്കുന്നപോലെ. അപ്പോഴെല്ലാം ഇയ്യയുടെ നെഞ്ച് പുലിക്കൂട്ടില്‍പ്പെട്ട മാന്‍കിടാവിന്റേതുപോലെ മിടിക്കും. വലിയവര്‍ക്കും പേടിയുണ്ടെന്നോ?

അവരുടെ നീലക്കണ്ണിണകളില്‍നിന്നു കിരണങ്ങള്‍ പൊലിഞ്ഞു പോയി. അവിടെ നിഴല്‍ വീണു.

‘അള്ളാനെയോര്‍ത്ത് ഇങ്ങനെ വരല്ലേ! ഒരു പാവത്തിനെ ഇങ്ങനെ മുക്കിക്കൊല്ലല്ലേ!’ പാതിരയ്ക്ക് ഇയ്യ ഒറ്റയ്ക്കു കിടന്ന് തേങ്ങുന്നത് കേട്ടാണ് ഞാനുണര്‍ന്നത്. വാതില്ക്കല്‍ കുശുകുശുക്കലും ചെരുപ്പിന്റെ കിറുക്കവും.

‘റബ്ബിനെ വിചാരിച്ച് ഒന്നു പോ. ആരും നോക്കാനില്ലാത്ത ഒരു പൊട്ടപ്പെണ്ണിനെ നരകത്തിലാക്കല്ലേ!’ ഇയ്യ പൊട്ടിക്കരഞ്ഞു. ഹൃദയത്തില്‍ ഈര്‍ച്ചവാളിട്ടു വലിക്കുന്ന വേദനയില്‍നിന്ന് ഉയരുന്ന പൊട്ടിക്കരച്ചില്‍.

ചെരിപ്പിന്റെ കിറുക്കം മന്ദം അകന്നു!

‘എന്താണിയ്യാ, അത്?’ പേടികൊണ്ട് കിടുകിടുക്കുന്ന ഹൃദയത്തില്‍ കയ്യമര്‍ത്തിപ്പിടച്ചു ഞാന്‍ ചോദിച്ചു.

‘മുണ്ടാണ്ട് കെടക്ക്? മോന്‍ കിനാവുകണ്ടതാണ്.’

പക്ഷേ ഇയ്യയുടെ കവിളില്‍ ഞാന്‍ തൊട്ടപ്പോള്‍ അവിടെ ചൂടാറാത്ത കണ്ണീരുണ്ടായിരുന്നു. അതും കിനാവാണോ?

അവര്‍ക്കൊരു ഉന്മേഷവുമില്ല. ചുണ്ടില്‍നിന്നു മുല്ലച്ചെണ്ടുകള്‍ ഉതിര്‍ന്നു വീഴാറില്ല. ചിരിക്കാറേ ഇല്ല. എപ്പൊഴും അവര്‍ നെടുവീര്‍പ്പുവിട്ടുകൊണ്ടിരിക്കും. വേദനയുടെ അദൃശ്യമായ കുമിളകള്‍ പൊട്ടിച്ചാടുന്നതായി തോന്നും. അവര്‍ എന്നെ പാട്ടുപാടികേള്‍പ്പിക്കാറില്ല. കഥകള്‍ തന്നെ ഒരുവിധം മുക്കി മൂളി പുറത്താക്കുകയേയുള്ളു. എന്നാലും അവരെ സ്‌നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക?

ഒരു പാതിരാവില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ അരികെ ഇയ്യയുടെ പൊടിപോലും കാണാനില്ല. പേടിയോടെ ഞാന്‍ വിളിച്ചു:

‘ഇയ്യാ!’

മറുപടിയില്ല. അല്പം കഴിഞ്ഞിട്ടും മറുപടിയോ അനക്കമോ കേള്‍ക്കാനില്ല. പേടികൊണ്ടു ഞാന്‍ വിറച്ചുപോയി. കുറെ കഴിഞ്ഞപ്പോള്‍ വാതില്‍ പുറത്തുനിന്നു കരുതലോടെ തുറന്ന് ആരോ അകത്തു കടന്നു.

‘ഇയ്യാ!’

അവര്‍ ഞെട്ടി. പതറിയ സ്വരത്തില്‍ അവര്‍ പതുക്കെ ചോദിച്ചു: ‘എന്തായി മോനെ?’

‘എവിടെപ്പോയിരുന്നു. എന്നെ ഒറ്റയ്ക്കിട്ടിട്ട്? ഞാന്‍ പേടിച്ചുപോയില്ലേ?’ ഞാന്‍ വിതുമ്മിക്കരയുമെന്നു തോന്നി. അവര്‍ എന്നെ ഒറ്റയ്ക്കിട്ടു പോയിരിക്കുന്നു!

‘ഇയ്യ എങ്ങും പോയില്ലല്ലോ മോനേ!’

‘പോയില്ലേ? പിന്നെ ഇപ്പ വന്നതെവടന്ന്?’

‘മുണ്ടാതെ കെടക്ക്!’ അവര്‍ മന്ത്രിച്ചു. എന്താണ് മിണ്ടിയാല്‍? അവര്‍ പായയില്‍ കമഴ്ന്നുകിടന്നു പൊട്ടിക്കരയുകയാണ്. തലമുടി പാറിക്കിടക്കുന്നു.

‘എന്തേ കരയണിയ്യാ?’ അമ്പരപ്പോടെ ഞാന്‍ ചോദിച്ചു.

അവര്‍ എന്റെ വായ പൊത്തിപ്പിടിച്ചു: ‘അമ്മായി കേക്കും. മോനും ഇയ്യാനെ കൊല്ലിക്കല്ലേ!’ അവര്‍ ഏങ്ങിയേങ്ങി കരയുകയാണ്. മാറിടം ഉയരുകയും താഴുകയും ചെയ്തു. തിരമാലയില്‍പ്പെട്ട ഇളനീര്‍ക്കുടങ്ങള്‍പോലെ.

രണ്ടുമൂന്നു രാത്രികളില്‍ അതാവര്‍ത്തിച്ചു. ശബ്ദം കേട്ടു ഞെട്ടിയുണരുമ്പോള്‍ വളരെ കരുതലോടെ പുറത്തുനിന്നു കതകുതുറന്നു ഇയ്യ കടന്നുവരും. ഹൃദയം ഉറക്കെയുറക്കെ മിടിക്കുന്നതു കേള്‍ക്കാം. തലമുടി കെട്ടുപിണഞ്ഞു പാറിക്കിടക്കുകയായിരിക്കും. പായില്‍ തളര്‍ന്നുവീണ് അവര്‍ ഏങ്ങിയേങ്ങി കരയും.

‘ഇയ്യ കരയണതെന്തേ?’ ചുടുനീര്‍ ഒലിക്കുന്ന കവിളില്‍ കവിള്‍ ചേര്‍ത്തുകൊണ്ടു ഞാന്‍ ചോദിച്ചു.

‘മുണ്ടല്ലേ! അമ്മായി കേട്ടാ ഇയ്യാന കൊല്ലും!’

 

ഒടുവില്‍ കിടപ്പുമുറിയുടെ വാതില്‍ക്കല്‍ പിന്നേയും ചെരിപ്പിന്റെ പതിഞ്ഞ ശബ്ദം കേള്‍ക്കാന്‍തുടങ്ങി; വാതിലിന്റെ വിടവില്‍ ചുണ്ടു ചേര്‍ത്തു കുശുകുശുക്കുന്ന ശബ്ദവും. പിശാചുക്കള്‍ക്കു നല്ല മനുഷ്യരുടെ ശബ്ദമുണ്ടെന്നോ? ശബ്ദം കേള്‍ക്കുമ്പോള്‍ ഇയ്യയുടെ ഹൃദയം ഉറക്കെ മിടിക്കും. അവര്‍ മരിച്ചമാതിരി അനക്കമറ്റു കിടക്കും.


 

അവര്‍ ചിലപ്പോള്‍ യാതൊരു കാരണവുമില്ലാതെ പൊട്ടിക്കരയും. കിണറ്റുവക്കില്‍ വളരെ നേരം നിന്നു തേങ്ങും. അവര്‍ രാത്രി തീരെ ഉറങ്ങാറില്ല. പായയില്‍ കിടന്നരുണ്ടു കരയും. ഇടയ്ക്കിടയ്ക്കു വാതില്ക്കല്‍ ചെരുപ്പിന്റെ ശബ്ദവും കുശുകുശുക്കലും കേള്‍ക്കാം.

ഒരു ദിവസം പ്രഭാതത്തില്‍ ഇയ്യ തൂണില്‍ ചാരി തല ചായ്ച്ചുനിന്ന് ഏങ്ങിയേങ്ങിക്കരയുമ്പോള്‍ ആഭരണങ്ങള്‍ കിലുക്കിക്കൊണ്ട് അമ്മായി എത്തി. തെല്ലു കോപത്തോടെ അവര്‍ ചോദിച്ചു: ‘എന്തേടീ കരയണ്?’

ഇയ്യ മിണ്ടിയില്ല. മുഖം തൂണിലമര്‍ത്തി ശക്തിയായി ഏങ്ങലടിച്ചു.

അമ്മായി വായ ഗുഹപോലെ പിളര്‍ത്തിയിട്ട് അടുത്തു ചെന്നു. ഇയ്യയുടെ കുപ്പായം ചുരുട്ടിക്കയറ്റിനോക്കി. എന്നിട്ടു വലിയ ഒരലര്‍ച്ച: ‘യാ അര്‍റഹമുര്‍ റാഹിമീനായ റബ്ബേ! ഇതെന്താണീ കാണണത്?’

ഭ്രാന്തുപിടിച്ചപോലെ അമ്മായി തേങ്ങയുടെ തൊണ്ടടര്‍ത്തുന്ന പാറക്കോലെടുത്ത് ഇയ്യയെ ആഞ്ഞാഞ്ഞു പ്രഹരിച്ചു. അവര്‍ തടുക്കുകയോ മാറിനില്ക്കുകയോ ചെയ്തില്ല. പ്രഹരമേറ്റ് അവര്‍ പിടഞ്ഞുപോയി. ഇയ്യ സഹിക്കാനാവാത്ത വേദനയോടെ പുളഞ്ഞു. അന്ന് അവരുടെ കണ്ണുകള്‍ തോര്‍ന്നില്ല.

അമ്മായി മൂന്നു ദിവസം ഉപവാസവും ബഹളവുമായി കഴിഞ്ഞു. അമ്മാവന്‍ വന്നു താലോലിച്ചിട്ടു വഴങ്ങിയില്ല. ഒടുവില്‍ കലിതുള്ളിക്കൊണ്ട് അമ്മായി പറഞ്ഞു: ‘ഹെന്ന കുടുമ്മത്തു കുണ്ടാക്കീട്ട് ആ ഹറാമ്പറന്നോളായിട്ട് പാര്‍ത്തോ!’ എന്നിട്ട് അമ്മായി ഇയ്യയുടെ മേല്‍ ചാടി വീണ് അവരെ കണ്ടമാനം തല്ലി.

ഒരു രാത്രി ഇയ്യയെ കിടക്കാന്‍ കണ്ടില്ല. അടുത്ത ഒരു മുറിയില്‍നിന്നു വെളിച്ചവും അടക്കിയ കരച്ചിലും പുറപ്പെട്ടു. അമ്മായിയുടെ അലര്‍ച്ച മൂന്നു പ്രാവശ്യം കേട്ടു: ‘കുടിക്കെടി തേവിടിശ്ശി.’ അവസാനം ‘ഹെന്റള്ളോ!’ എന്ന വിലാപത്തോടെ ആരോ തളര്‍ന്നു വീഴുന്നു. ഇയ്യയുടെ കരച്ചിലല്ലേ അത്?

പ്രഭാതത്തില്‍ മുറിക്കുള്ളില്‍ കിടന്ന് ഇയ്യ ഞരങ്ങുന്നതു കേട്ടു. ചാരിയ വാതിലിനരികിലൂടെ പല്ലു കടിച്ചു തലമുടി അള്ളിപ്പറിച്ചുകൊണ്ട് അമ്മായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. കോപംകൊണ്ട് അവര്‍ എരിയുകയാണ്. മൂന്നുദിവസം അങ്ങിനെ ഇയ്യയെ പുറത്തു കണ്ടില്ല. മുറിക്കുള്ളില്‍നിന്നു ഞരക്കം പുറപ്പെട്ടുകൊണ്ടിരുന്നു. കിണറ്റുവക്കില്‍ നിന്ന ചില വേലക്കാരികള്‍ ഇയ്യയുടെ പേര്‍ പറഞ്ഞ് അടക്കിച്ചിരിച്ചു. മുറിയില്‍നിന്നു ചോരനിറം പുരണ്ട വസ്ത്രങ്ങള്‍ പിന്നേയും പിന്നേയും പുറത്തേയ്ക്കു കൊണ്ടുപോയി. ആരേയും അകത്തു കയറ്റിയില്ല. ഞാന്‍പോലും വാതില്‍ക്കല്‍ ചെന്നപ്പോള്‍ അമ്മായി ഒരു തട്ടു തന്നു.

ഒടുവില്‍ ഇയ്യ ഇഴഞ്ഞിഴഞ്ഞു പുറത്തു വന്നു. തീയില്‍ വീണ പൂപോലെ അവര്‍ വാടിയിട്ടുണ്ട്. ഏങ്ങിയേങ്ങി കരയുകയാണ്. കണ്ണുകളും കവിളെല്ലുകളും തുറിച്ചുവരുന്നു. മാറിടം ഒട്ടിയിട്ടില്ലേ? എഴുന്നേല്ക്കാന്‍ തീരെ വയ്യ.

‘പോടി ഹറാമ്പറന്ന തേവിടിശ്ശി!’ അമ്മായി പല്ലുഞെരിച്ചുകൊണ്ട് അലറി. ഇയ്യ അടുക്കള മൂലയിലെ കീറപ്പായയില്‍ കുഴഞ്ഞു വീണു കിടന്നു.

‘ഇയ്യാ!’ കരച്ചില്‍ കലര്‍ന്ന സ്വരത്തില്‍ ഞാന്‍ വിളിച്ചു.

അവര്‍ വാടിയ മിഴികളുയര്‍ത്തി നോക്കി. അവയില്‍ നീരുറഞ്ഞുവരുകയാണ് അവര്‍ പായയില്‍ മുഖമമര്‍ത്തി ഏങ്ങലടിച്ചു: ‘മോന്‍ പോയ്‌ക്കോ. ഇയ്യോടു മുണ്ടണ്ട. ഇഞ്ഞിയ്യാന ഒന്നിനും കൊള്ളൂല. ഒന്നിനും…..’

വളരെ ദിവസങ്ങള്‍ അവര്‍ തളര്‍ന്നുകിടന്നു. പിന്നെ സാവധാനം എണീറ്റ് അടുക്കളയുടെ ഇറയത്തു ചെന്നിരുന്നുതുടങ്ങി. കരള്‍ കാറുന്ന ചിന്തകളില്‍ മുഴുകി എപ്പോഴും ആ മരവിച്ച ഇരിപ്പുതന്നെ. എഴുന്നേറ്റു ചെന്നു പണിയെടുക്കാന്‍ വയ്യ. സിരകളില്‍ ചോരയില്ല. ചുണ്ടിലെ മുല്ലപ്പൂക്കള്‍ തീരെ പൊഴിഞ്ഞുപോയതെങ്ങിനെ? അംഗങ്ങള്‍ ഇങ്ങിനെ എല്ലിക്കാന്‍ കാരണം?

ഇറയത്തേയ്ക്കു മൂട്ടില്‍ അല്പം വറ്റുള്ള പാത്രം നീക്കി വെച്ചുകൊടുത്തുകൊണ്ട് അമ്മായി പറയും: ‘വാരിക്കേറ്റടീ! ഇഞ്ഞീം ചോരവെച്ചട്ട് വേണ്ടേ നിന്റെ തൊയില് തൊടങ്ങാന്‍?’

കുറേശ്ശെയായി അവര്‍ പണിചെയ്തുതുടങ്ങി. പാത്രങ്ങള്‍ മുഴുവന്‍ തനിച്ചു കഴുകി വൃത്തിയാക്കി. അടുക്കളയിലിരുന്നു തീ ഊതി ഭക്ഷണം പാകമാക്കും. വേലയില്‍ അലസത കാണുമ്പോള്‍ അമ്മായി കലികൊള്ളും: ‘വെറകുകീറി പാട്ടിന് ചോറു വെയ്‌ക്കെടീ! നിന്നെ തീറ്റി തന്ന് കെടയ്ക്കേ കേറ്റിക്കെടത്താനിവട ആളില്ല!’

അവര്‍ കുറച്ചു ഭേദപ്പെട്ടു. എല്ലിച്ച അംഗങ്ങള്‍ക്കു കുറേശ്ശെ ശക്തി വീണ്ടുകിട്ടി. അവര്‍ നെല്ലുകുത്തുകയും മുണ്ടലക്കുകയും ചെയ്തു. കുമ്പാരമായി കൂട്ടുന്ന അഴുക്കുവസ്ത്രങ്ങള്‍ തനിച്ച് അലക്കിവെളുപ്പിച്ചു. പക്ഷേ ആ ചുണ്ടുകളിലെ തേനണിഞ്ഞ മുല്ലമൊട്ടുകള്‍ പൊഴിഞ്ഞുപോയതെങ്ങിനെ?

അവര്‍ അധികമൊന്നും സംസാരിക്കാറില്ല. അരികെയായി ചെന്നുനില്‍ക്കുമ്പോള്‍ അവര്‍ വേദനവിങ്ങുന്ന കണ്ണുകള്‍ തിരിച്ചുകളയും.

‘ഇയ്യ എന്നോട് മുണ്ടാത്തതെന്തേ?’

ചോദിച്ചപ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.

അവര്‍ എന്നെ നോക്കി. കണ്ണുകള്‍ കരയാന്‍ വെമ്പി. മെയ്യോടു ചേര്‍ത്തു പിടിച്ചിട്ടു അവര്‍ പറയുകയാണ്: ‘ഇയ്യാനെ മാമ കൊന്ന് ചേലിനാക്കിയില്ലേ, മോനേ? കരളീ തീ കോരിയിട്ടില്ലേ?’

അമ്മാവന്‍ കൊല്ലാനാക്കിയെന്നോ? അസ്സലായി.

സിരകളില്‍ വീണ്ടും ചോര ഉറഞ്ഞുവന്നു. ദേഹത്തില്‍ പിന്നേയും മഴവില്ലു തത്തിക്കളിക്കാന്‍ തുടങ്ങുന്നപോലെ തോന്നി. എങ്കിലും അതെന്റെ പണ്ടത്തെ ഇയ്യയല്ല. ആണെങ്കില്‍ അവരെന്തേ ഹൂറിമാരുടെ കഥകള്‍ പറഞ്ഞു കേള്‍പ്പിക്കാത്തത്?

വേലകള്‍ തനിയേ ഭംഗിയായി ചെയ്യാന്‍ അവര്‍ പ്രാപ്തയായി. അറയിലെ നെല്ലു കുത്തി അരിയാക്കാനും മാവുണ്ടാക്കാനും അവര്‍തന്നെ വേണം. അപ്പോള്‍ നീര്‍വറ്റിയ മാതളനാരങ്ങകള്‍പോലെ മാറിടം തുളുമ്പും. എങ്കിലും അവരെന്റെ മുമ്പത്തെ ഇയ്യയല്ല. ആണെങ്കില്‍ അവര്‍ക്കു പാട്ടുപാടി എന്നെ കേള്‍പ്പിച്ചാലെന്താണ്?

കിടപ്പുമുറിയിലെ കീറപ്പായയില്‍ കിടന്നു അവര്‍ നെടുവീര്‍പ്പിട്ടു. ഉറക്കമില്ല. എന്നാല്‍ അവര്‍ക്കു കഥ പറഞ്ഞു തന്നുകൂടെന്നുണ്ടോ? അതുമില്ല! അമ്മാവന്റെ മുമ്പിലാണെങ്കില്‍ തീരെ പോകുകയുമില്ല. അവരെ എന്റെ അമ്മാവന്‍ വിഴുങ്ങിക്കളയുമോ?

ഒടുവില്‍ കിടപ്പുമുറിയുടെ വാതില്‍ക്കല്‍ പിന്നേയും ചെരിപ്പിന്റെ പതിഞ്ഞ ശബ്ദം കേള്‍ക്കാന്‍തുടങ്ങി; വാതിലിന്റെ വിടവില്‍ ചുണ്ടു ചേര്‍ത്തു കുശുകുശുക്കുന്ന ശബ്ദവും. പിശാചുക്കള്‍ക്കു നല്ല മനുഷ്യരുടെ ശബ്ദമുണ്ടെന്നോ? ശബ്ദം കേള്‍ക്കുമ്പോള്‍ ഇയ്യയുടെ ഹൃദയം ഉറക്കെ മിടിക്കും. അവര്‍ മരിച്ചമാതിരി അനക്കമറ്റു കിടക്കും. ഒരിക്കല്‍ വാതില്‍ക്കല്‍ കുശുകുശുക്കല്‍ മുറുകിയപ്പോള്‍ കരച്ചില്‍ കടിച്ചമര്‍ത്തിക്കൊണ്ട് അവര്‍ പറയുകയാണ്: ‘വേണെങ്കി കയുത്തങ്ങ് അറുത്തെടുത്തേയ്ക്ക്! വെശം തന്നു കൊന്നേയ്ക്ക്! എന്നാലും പടച്ചോന്‍കൂടി നോക്കാനില്ലാത്ത ഒരു പൊട്ടപ്പെണ്ണിനെ ഹറാമിലേയ്ക്ക് പിടിച്ചി വലിക്കല്ലേ! ഹോ റബ്ബേ!’

പാതിരയോടടുക്കുമ്പോള്‍ പിന്നേയും പിന്നേയും ചെരുപ്പിന്റെ ശബ്ദം കേള്‍ക്കാന്‍തുടങ്ങി. കുശുകുശുക്കല്‍ മുറുകുന്നു. ആരോ അരുമയോടെ ‘കണ്ണേ!’ എന്നു വിളിക്കുകയാണ്. അതോ ‘കരളേ!’ എന്നോ? അതുകേള്‍ക്കുമ്പോള്‍ ഇയ്യ ഭ്രാന്തുപിടിച്ചമാതിരി തലമുടി അള്ളിപ്പറിച്ചുകൊണ്ടു തേങ്ങും: ‘ഹോ റബ്ബേ! ന്റായസ്സിന ചുരുക്ക്! അള്ളാന വിജാരിച്ചി പോ! മലക്കുകള് കണക്കെയ്തൂലേ? ഒരു പാവം പെണ്ണിന കയിത്ത് ഞെക്കി കൊല്ലല്ലേ!’ പക്ഷേ ചെരുപ്പിന്റെ കിറുക്കം വിട്ടുമാറിയില്ല. രാത്രിയില്‍ രണ്ടുംമൂന്നും പ്രാവശ്യം അതു കേള്‍ക്കാം. അമ്മായി ഗര്‍ഭിണിയാണ്. ഗര്‍ഭണികളുള്ളിടത്തു പിശാചുക്കളുടെ ഉപദ്രവം ഉണ്ടാകാറുണ്ടുപോലും! പക്ഷേ എന്റെ ഇയ്യ ഇത്രമാത്രം പേടിക്കാനും കരയാനും കാരണമെന്താണ്? ഇങ്ങിനെ ഭയപ്പെട്ടാലോ?

ഒടുവില്‍ ഒരു രാത്രി വളരെ നേരം ചെരുപ്പിന്റെ പതിഞ്ഞ ശബ്ദവും കുശുകുശുക്കലും കേട്ടു. ഇയ്യ എങ്ങിയേങ്ങി കരഞ്ഞെങ്കിലും ശബ്ദം നിലച്ചില്ല. കരള്‍ പൊട്ടിവന്ന നെടുവീര്‍പ്പോടെ അവസാനം അവര്‍ വാതില്‍ തുറന്നു പുറത്തേയ്ക്കു പോയി.

ഒട്ടുനേരം കഴിഞ്ഞു കരുതലോടെ വാതില്‍ തുറന്ന് അവര്‍ പായയില്‍ കമിഴ്ന്നുവീണു കിടന്ന് ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങി. നേരം വെളുക്കുന്നതുവരെ അവര്‍ കരഞ്ഞുകൊണ്ടേയിരുന്നു. രാവിലെ മുഖം വല്ലാതെ വീര്‍ത്തു കണ്ടു.

പിന്നേയും പിന്നേയും ചെരുപ്പിന്റെ ശബ്ദം വാതില്‍ക്കല്‍ കേട്ടു. തലമുടി അള്ളിപ്പറിച്ചുകൊണ്ട് ഇയ്യ എണീറ്റു പോകും. അല്പം കഴിഞ്ഞു വാതില്‍ കരുതലോടെ തുറന്നു പായയില്‍ വീണു കിടന്ന് ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങും. അവസാനമില്ലാത്ത ഏങ്ങലും നോവുതിന്നലും തന്നെ. ഇതേ തൊഴിലുള്ളുവെന്നോ?

 

ഇരുട്ടില്‍ മുങ്ങിയ ഒരു പാതിരാവില്‍, അടുക്കളയുടെ ഇറയത്തെ കീറപ്പായയില്‍ കിടന്ന് ഇയ്യ കരളില്‍ ഈര്‍ച്ചവാള്‍ പിളര്‍ന്നുകടന്ന വേദനയോടെ കരയുന്ന ശബ്ദം കേട്ടു. ഇറയത്തു വെളിച്ചമുണ്ട്. അപസ്മാരബാധയുള്ളതുപോലെ അമ്മായി തലമുടി അള്ളിപ്പറിച്ചുകൊണ്ടു പേപറഞ്ഞു. തെക്കെ അറ്റത്തെ മുറിയില്‍ അമ്മാവന്‍ കൈവിരല്‍ ഞെരിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു, പല്ലു കടിച്ചു ഞെരിക്കുന്നു. ആരെയോ ശപിക്കുന്നുമുണ്ട്.


 

ഒടുവില്‍ മുമ്പത്തേതുപോലെ പെണ്ണുങ്ങള്‍ അവരെ നോക്കി ചിരിക്കാനും കുത്തുവാക്കുകള്‍ പറയാനും തുടങ്ങി: ‘അവ്ക്ക് പിന്നേം വയറ്റിലുണ്ടെന്ന്! നാണൂല്ലാത്ത ജന്തു!’

ഒരു പാതിരയ്ക്ക് അടുത്തൊരു മുറിയില്‍ വെളിച്ചം കണ്ടു. ഇയ്യ കീറപ്പായയിലില്ല. അമ്മാവന്‍ അമര്‍ത്തിയ സ്വരത്തില്‍ പറയുകയാണ് ‘ഐശാ, ഇതു കുടിക്ക്! ഇത്തറവാട്ടിനു നീ നാണക്കേടു വരുത്തല്ലേ!’

ഹൃദയം തൊണ്ടയിലേയ്ക്കു തേട്ടിവരുന്നപോലെ ഇയ്യ ഏങ്ങുന്നു: ‘ഇക്കാക്ക! ഹെന്ന ബേണേങ്കി കൊന്നേയ്ക്ക്! എന്നാലും ഇതു വേണ്ട! വേണ്ട!’

പിന്നേയും അമ്മാവന്റെ ശബ്ദം. ശുണ്ഠിയെടുത്ത ഒരു ഓമനക്കുഞ്ഞിനെ വശപ്പെടുത്തുന്നപോലെ. അവസാനം അമ്മായിയുടെ അലര്‍ച്ചയാണ്: ‘കുടിക്കെടീ, ഹറാമ്പറന്നോളേ!അരിഞ്ഞുകളേം നിന്ന!ആരോടാണ്ടീ കളിക്കണത്?’

ശുണ്ഠിയെടുത്ത പൈതല്‍’ വഴങ്ങുന്നില്ല. ആരോ ആഞ്ഞാഞ്ഞു പ്രഹരിക്കുന്ന ശബ്ദം. ഇയ്യയുടെ കരച്ചില്‍. അവസാനം അമ്മായിയുടെ തൊണ്ട പൊട്ടിച്ചാടുന്ന അലര്‍ച്ച: ‘നോക്ക് റബ്ബേ! ചെയ്ത്താന്റെ മോള് കുപ്പി വലിച്ചെറിഞ്ഞി! കൊല്ല് ദെജ്ജാലിന! ചതയ്ക്ക്!’ ഹോ!അവരെ മര്‍ദ്ദിക്കുകയാണോ? അവര്‍ എന്റെ ഇയ്യയെ കൊല്ലുകയാണോ?

ഇയ്യയുടെ ദേഹമാകെ കുറേശ്ശെ നീരുവന്നു വിങ്ങി…..അവരുടെ കവിളുകള്‍ ചീര്‍ത്തു. നോക്കുമ്പോള്‍ കരയാന്‍ പോകുന്നപോലെ ഒരു പാരവശ്യം. എഴുന്നേല്‍ക്കുമ്പോള്‍ താഴെ വീഴ്ത്തുന്ന തളര്‍ച്ച. അടുക്കളയുടെ ചളിഞ്ഞ ഇറയത്തു കീറപ്പായയില്‍ ഇയ്യ തളര്‍ന്നു വീണുകിടക്കുമ്പോള്‍ അമ്മായി അലറും: ‘ദെജ്ജാലേ, ഈ നല്ല തറവാട്ടിന്റെ മാനം കെടുത്താണ്ട് നീയൊന്നു പോ!’

ഇയ്യയുടെ വയര്‍ വീര്‍ത്തു. അപ്പോള്‍ ഭര്‍ത്താക്കന്മാരില്ലാത്തവര്‍ക്കു കുഞ്ഞുണ്ടാകുകയില്ലെന്നു പറയുന്നതു ശുദ്ധ നുണയാണല്ലോ! ഇയ്യയുടെ കുപ്പായത്തിനുള്ളില്‍ വയര്‍ വീര്‍ത്തു വിങ്ങിയപ്പോള്‍ പെണ്ണുങ്ങള്‍ അവരെ നോക്കി പരിഹസിച്ചു: ‘അവ്ക്കടെ വെയറ്റില് വളരണ് ണ്ട്. ഇത്തവണ ഉരുക്കിക്കളയാന്‍ പറ്റീല. എന്നാലും ഒരു തറവാട്ടുകാരന്‍ ചെക്കനെ പെറ്റുകിട്ടണതു ചില്ലറ ബാഗ്യോണ?’

ഇയ്യയ്ക്ക് എഴുന്നേല്ക്കാന്‍പോലും ശേഷിയില്ല. എങ്കിലും അവര്‍ പണിയെടുത്തു. കിതച്ചുകിതച്ചു നെല്ലു കുത്തുമ്പോള്‍ അമ്മായി അലറും: ‘പൊയ്‌ക്കോടീ, ദെജ്ജാലേ! ആരേണ് നിയ്യിങ്ങനെ മാനംകെടുത്താന്‍ പോണത്?’ ഇയ്യ ഏങ്ങിയേങ്ങിക്കരഞ്ഞു. പാവപ്പെട്ടവളേ, അസ്ഥിയില്‍ വയര്‍ തൂക്കിയിട്ട് എന്തിനിങ്ങനെ പണിയെടുക്കുന്നു?

അമ്മാവനും അമ്മായിയും ഭ്രാന്തു പിടിച്ചമാതിരിയാണ്. അമ്മായി ഇയ്യയെ പാറക്കോലെടുത്തു പ്രഹരിക്കാത്ത ദിവസമില്ല. അവര്‍ മരിക്കാറായിട്ടും ഇങ്ങിനെ അടിക്കാന്‍ തോന്നുന്നല്ലോ!

ഇരുട്ടില്‍ മുങ്ങിയ ഒരു പാതിരാവില്‍, അടുക്കളയുടെ ഇറയത്തെ കീറപ്പായയില്‍ കിടന്ന് ഇയ്യ കരളില്‍ ഈര്‍ച്ചവാള്‍ പിളര്‍ന്നുകടന്ന വേദനയോടെ കരയുന്ന ശബ്ദം കേട്ടു. ഇറയത്തു വെളിച്ചമുണ്ട്. അപസ്മാരബാധയുള്ളതുപോലെ അമ്മായി തലമുടി അള്ളിപ്പറിച്ചുകൊണ്ടു പേപറഞ്ഞു. തെക്കെ അറ്റത്തെ മുറിയില്‍ അമ്മാവന്‍ കൈവിരല്‍ ഞെരിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു, പല്ലു കടിച്ചു ഞെരിക്കുന്നു. ആരെയോ ശപിക്കുന്നുമുണ്ട്.

അമ്മായിയുടെ അപസ്മാരചേഷ്ടകള്‍ ഏറി. പ്രാണവേദനയോടെ പിടഞ്ഞു. കരളില്‍ സിംഹത്തിന്റെ പല്ലുകള്‍ കാറുന്നപോലെ വേദനയുടെ തേക്കവും. അസ്ഥിയുരുകുന്ന എരിപൊരിക്കൊള്ളല്‍. മിന്നലേറ്റ മാന്‍പേടയെപ്പോലെ ഇയ്യ കിടന്നു പുളഞ്ഞു. ഒരു വേലക്കാരി ചോദിച്ചു: ‘വെയറ്റാട്ടി വേണ്ടേ?’

അമ്മായി പല്ലു ഞെരിച്ചുകൊണ്ടു ഗര്‍ജ്ജിച്ചു: ‘ദുനിയാവാകെ ചെണ്ടകൊട്ടി നടന്ന് ഈ നല്ല തറവാടിന്റെ മാനം കളയണോടീ, പഹച്ചീ?’

പ്രാണവേദനയോടെ രണ്ടുമൂന്നു ഞരങ്ങല്‍-പാതിരയുടെ ഹൃദയത്തില്‍ കിടുകിടുപ്പുണ്ടാക്കിക്കൊണ്ട് ഒരു അരുമക്കുഞ്ഞിന്റെ കരച്ചില്‍ അലയടിച്ചു.

അമ്മാവനും അമ്മായിയുംകൂടി വളരെനേരം അടക്കം പറഞ്ഞു. കേട്ടാല്‍ അവര്‍ക്കു ശുദ്ധഭ്രാന്താണെന്നു തോന്നും. രണ്ടുപേരും ഇറയത്തേയ്ക്കു വന്നു. ഒരു പുത്തന്‍നോട്ടെടുത്ത് ഇയ്യയുടെ നേരെ നീട്ടിക്കൊണ്ട് അമ്മായി മൃദുസ്വരത്തില്‍ പറയുകയാണ്: ‘ഐശാ! നിന്റുമ്മേം ബാപ്പേം ഇത്തറവാടിനൊരു മാനക്കേടും വരുത്തീട്ടില്ല. നിയ്യായിട്ടെന്തിന് കുരുത്തക്കേട് കാണിക്കണ്? ദേ! ഈ കായി പിടിച്ചോ! കുട്ടിക്ക് മരുന്നും പാലും മേടിച്ചു കൊടുക്ക്. ഇപ്പത്തന്നെ ഇവടന്നു പോവേണ് നല്ലത്. നേരം വെളുത്താ ആളോളെന്തു പറയും?’

ഇയ്യ എണീറ്റു. പക്ഷങ്ങളറ്റുപോയ പറവയെപ്പോലെ ക്ഷീണമുണ്ട്. ഒരു പഴന്തുണിക്കീറില്‍ അവര്‍ അരുമയായ കുഞ്ഞിനെ പൊതിഞ്ഞു. കണ്ണുകളില്‍നിന്നു ചൂടുനീര്‍ ഉറവ പൊട്ടിയൊഴുകി.

നോട്ടു നീട്ടിക്കൊണ്ട് അമ്മായി വീണ്ടും പറഞ്ഞു: ‘കായി പിടിച്ചോ! ഇപ്പച്ചെന്നാ ആദ്യത്തെ കടത്തുവഞ്ചിക്കു പൂവ്വാലോ!’

അവര്‍ നോട്ടു വാങ്ങിയില്ല. വിറകലര്‍ന്ന സ്വരത്തില്‍ അവര്‍ പറഞ്ഞു: ‘വേണ്ട ഇത്താത്ത, ഞാനായിട്ട് ഇവ്ടയ്‌ക്കെന്തിനു നശ്ടം വര്ണ്?’ കരള്‍ തേട്ടിത്തേട്ടി തൊണ്ടയില്‍ വന്നമാതിരി ഇയ്യ ഏങ്ങലടിച്ചു കരഞ്ഞു. ഇടറുന്ന കാല്‍വെപ്പോടെ അവര്‍ ഇരുട്ടിലേയ്ക്കു മന്ദം ഇറങ്ങി നടന്നു. പഴന്തുണിയില്‍ പൊതിഞ്ഞ കുഞ്ഞ് കൈത്തണ്ടയില്‍ക്കിടന്ന് ഇരുട്ടു നടുങ്ങുമാറു കരഞ്ഞു. വെണ്ണയുടെ നിറവും മാര്‍ദ്ദവ്വവുമുള്ള ഓമനയായ ഒരു പിഞ്ചുപൈതല്‍.

കൈത്തണ്ടകളില്‍ കരയുന്ന പൈതലുമായി ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട്, ഇടറുന്ന കാല്‍വെപ്പോടെ, അവര്‍ ഇരുട്ടിലേയ്ക്കു നടന്നു മറഞ്ഞു.

(എഴുപതുകളുടെ പകുതിയില്‍ പ്രസിദ്ധീകരിച്ച കടല്‍ എന്ന കഥാസമാഹാരത്തില്‍ നിന്ന്)
 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 

6 thoughts on “ഹൂറി

  1. എന്തിനായിരുന്നു പ്രിയപ്പെട്ട കെ.യു, നിങ്ങള്‍ എഴുത്തു നിര്‍ത്തിയത്?

  2. ശരിക്കും കണ്ണു നിറഞ്ഞു. മറ്റൊന്നും വായിക്കാനേ തോന്നുന്നില്ല.

  3. എത്ര പതിററാണ്ടുകള്‍ കഴി​ഞ്ഞെ​ന്നോര്‍മ്മയില്ലായിരുന്നു, ഒരു ‘കഥ’ വായിച്ചിട്ട്. ഇ​പ്പോഴറിയാം, അഞ്ചുമിനിററായി

Leave a Reply

Your email address will not be published. Required fields are marked *