ഒരു പാതിരാപൂവിന്റെ കഥ

 
 
 
 
കെ.യു അബ്ദുല്‍ ഖാദറിന്റെ കഥ.  ഒരു പാതിരാപൂവിന്റെ കഥ.
1960 ഒക്ടോബര്‍ രണ്ട് ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

 
 
“വളരെ നേരം പ്രാര്‍ത്ഥിച്ചു കരഞ്ഞിട്ടാണ് കഴിഞ്ഞ രാത്രി അവള്‍ ഉറങ്ങിയത്. വയലിന്‍ കമ്പികള്‍ വിറച്ചുണ്ടായതുപോലെ ഇമ്പമുള്ള ശബ്ദം എങ്ങുനിന്നോ പുറപ്പെട്ടുകൊണ്ടിരുന്നു. അവള്‍ നീന്തുന്ന സുവര്‍ണ്ണ മേഘങ്ങള്‍ക്കിടയിലാണ്. സ്വര്‍ണ്ണച്ചിറകുകള്‍ ധരിച്ച മാലാഖമാര്‍ മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പാടിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ക്കു മുമ്പില്‍ നക്ഷത്രങ്ങള്‍ പാറിപ്പറക്കുകയായിരുന്നു. അമ്പിളിക്കലയിലെ കതകു തുറന്ന് ദൈവപുത്രന്‍ ഇറങ്ങി വരുന്നത് അവള്‍ കണ്ടു. കരുണ വഴിയുന്ന കണ്ണുകള്‍ വിരിയിച്ച് യേശു അവളെ നോക്കി. പുഞ്ചിരി പൊഴിച്ചുകൊണ്ട് അതിലോലമായ സ്വരത്തില്‍ അദ്ദേഹം കല്പിച്ചു: ”ലില്ലി നൃത്തം ചെയ്തോളൂ!””

 

 

മണല്‍ തൂവിയ മുറ്റത്ത് ഏഴിലംപാല പൂത്തു നില്‍ക്കുന്നുണ്ട്. തൂങ്ങിക്കിടക്കുന്ന പൂച്ചെണ്ടില്‍ തങ്ങിയിരുന്നു് ഒരു പച്ചത്തത്ത ഊഞ്ഞാലാടുന്നത് ഞാന്‍ നോക്കിക്കൊണ്ടിരുന്നു. കാറ്റത്ത് ഞെട്ടറ്റുവീഴുന്ന പരുത്തിപ്പൂക്കളെ തുടുത്ത ജലനാളങ്ങളിലെടുത്തുകൊണ്ട് നൂറുവാര അപ്പുറത്തുകൂടി പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ആറ്റിന് വളരെ മുകളിലായി ഏകാകിയായ ഒരു പരുന്ത് ചരടുപൊട്ടിയ പട്ടം പോലെ ചുറ്റുന്നുണ്ട്.

കാറ്റ് കൊഴിച്ചിട്ട മുല്ലപ്പൂക്കള്‍കൊണ്ട് മുറ്റം മൂടിയിരിക്കുകയാണ്.

ഈ ചെറിയ വീടിന്റെ വരാന്തയിലിരുന്ന് എത്ര നേരം സ്വപ്നം കാണും? എനിയ്ക്ക് ദുസ്സഹമായ ഏകാന്തത തോന്നും. ആഫീസിലെ മുഷിപ്പിക്കുന്ന ജോലി കഴിഞ്ഞ് ഈ മരവിച്ച ഏകാന്തതയുടെ അന്തരീക്ഷത്തിലേക്ക് വരേണ്ടിയിരുന്നില്ല. എപ്പോഴാണ് മനുഷ്യ ശബ്ദം കേള്‍ക്കാന്‍ കഴിയുക?

പുഴയിലേക്ക് വളഞ്ഞുനില്‍ക്കുന്ന തെങ്ങിന്റെ മുതുകിലിരുന്ന് ഒരു മരംകൊത്തി ചുറുചുറുക്കോടെ ആഞ്ഞാഞ്ഞു മേടുന്ന ശബ്ദം ഞാന്‍ ശ്രദ്ധിച്ചു. താളനിബദ്ധമല്ലെങ്കിലും കൂട്ടുകാരീ, നീ ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കൂ! ഈ അസഹ്യമായ ഏകാന്തതയില്‍ നിന്റെ പിഴച്ച താളം സംഗീതാത്മകമായി തോന്നുന്നു.

പക്ഷേ, അധികം വൈകാതെ കുപ്പിവളകളുടെ സംഗീതമോലുന്ന ശബ്ദം ഞാന്‍ കേട്ടു. നവോഢയുടെ കൊഞ്ചല്‍ പോലെ, മെല്ലെ മെല്ലെ ലോലമായി.

തൊട്ടടുത്ത വീടിന്റെ ജനലഴികള്‍ക്കപ്പുറത്തു നിന്നാണ്. ഒരു പുഞ്ചിരിയുടെ ശാലീനമായ മാതൃകപോലെ ഒരു പനിനീര്‍പ്പൂവ് ഞെരുക്കമുള്ള തലമുടിയില്‍ തങ്ങിയിരുപ്പുണ്ട്. വര്‍ണ്ണപ്പകിട്ട് പൊലിഞ്ഞുതുടങ്ങിയ ചുവന്ന റിബ്ബണില്‍ ചിതറി വിടരാന്‍ വെമ്പുന്ന തലമുടി ഞെരുങ്ങുകയാണ്.

ശാന്തിയുടെ പ്രതീകമായ യേശുവിന്റെ വലിയ പടം ചുമരില്‍ അല്പം ചരിച്ചുവെച്ചിട്ടുണ്ട്. നിറയെ പൂക്കളുമായി വെളുത്തു മെലിഞ്ഞ ഒരു കൈ അതിനു നേരെ ഉയരുന്നത് ഞാന്‍ നോക്കിക്കൊണ്ടിരുന്നു. കൈത്തണ്ട നിറയെ കുപ്പിവളകള്‍.

യേശുവിന്റെ മുഖത്തിനു നേരെ ഉയര്‍ത്തിയ അവളുടെ കണ്ണുകളില്‍ നിഷ്കപടമായ വെളിച്ചം സ്ഫുരിയ്ക്കുന്നത് ഞാന്‍ കണ്ടു. ചക്രം ഘടിപ്പിച്ച കസേരയില്‍ നിശ്ചലമായിരുന്നു് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട് അവളെന്തോ പിറുപിറുത്തു. അവ്യക്തമാണെങ്കിലും വയലിനില്‍ അതിമൃദുവായി സ്പര്‍ശിയ്ക്കുമ്പോളുള്ള സ്വരമാധുര്യം എനിയ്ക്കനുഭവപ്പെട്ടു. മിശിഹായോട് അവളെന്തോ രഹസ്യം പറയുകയാണ്. അലിവിന്റെ വെളിച്ചമുള്ള മിശിഹായുടെ കണ്ണുകളില്‍ നനവൂറുന്നുണ്ടെന്ന് എനിയ്ക്കു തോന്നി.

 

മേശയില്‍ ചാരിവെച്ചിരുന്ന രണ്ട് ഊന്നുവടികള്‍ തപ്പിയെടുത്ത് പ്രയാസത്തോടെ കക്ഷത്തില്‍ ചേര്‍ത്തുവെച്ച് അവള്‍ യാന്ത്രികമായ ചലനങ്ങളോടെ ചാടിച്ചാടി പോയി. എന്റെ മിടിയ്ക്കുന്ന ഹൃദയം അനുകമ്പയോടെ കേണു, വിശുദ്ധയായ മാലാഖേ! സ്വര്‍ണ്ണച്ചിറകകള്‍ക്കു പകരം ചക്രമുള്ള കസേരയും ഊന്നുവടികളും നിനക്കു വിധിച്ചതാരാണ്? Painting: Melissa


 

അവളുടെ വെളുത്ത കവിളിലൂടെ കണ്ണുനീരൊഴുകി പൊട്ടിവീഴുന്നത് ഞാന്‍ കണ്ടു. നനവുപൂണ്ട പനിനീരിതള്‍ പോലെ അവളുടെ കവിള്‍ത്തടം തുടുത്തു. മഞ്ഞുതുള്ളികള്‍ തങ്ങിയ ശംഖുപുഷ്പം പോലെ ആര്‍ദ്രവും നിര്‍മ്മലവുമായ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി എന്റെ മനസ്സിനുള്ളില്‍ ഞാന്‍ ചോദിച്ചു, കൊച്ചുമാലാഖേ? നിന്റെ കരളിലെ വേദനയെന്താണ്?

നെഞ്ചില്‍ കുരിശു വരച്ചിട്ട് അവള്‍ തിരിഞ്ഞപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു. അവള്‍ ഞെട്ടിയെന്ന് എനിക്കു തോന്നി. അവളുടെ മുഖത്ത് ലജ്ജയും വിളര്‍ച്ചയുമുണ്ടായി. ഞാനെന്തോ കുറ്റം ചെയ്തെന്ന് എന്റെ ഹൃദയം അവ്യക്തമായി മന്ത്രിച്ചു.

മേശയില്‍ ചാരിവെച്ചിരുന്ന രണ്ട് ഊന്നുവടികള്‍ തപ്പിയെടുത്ത് പ്രയാസത്തോടെ കക്ഷത്തില്‍ ചേര്‍ത്തുവെച്ച് അവള്‍ യാന്ത്രികമായ ചലനങ്ങളോടെ ചാടിച്ചാടി പോയി. എന്റെ മിടിയ്ക്കുന്ന ഹൃദയം അനുകമ്പയോടെ കേണു, വിശുദ്ധയായ മാലാഖേ! സ്വര്‍ണ്ണച്ചിറകകള്‍ക്കു പകരം ചക്രമുള്ള കസേരയും ഊന്നുവടികളും നിനക്കു വിധിച്ചതാരാണ്?

രാത്രി ഏകാന്തത ദുസ്സഹമായി തോന്നി. ഏഴിലംപാലയുടെ പൂച്ചെണ്ടിലിരുന്ന് ഊഞ്ഞാലാടിയിരുന്ന പച്ചത്തത്ത എങ്ങോ പോയി. തെങ്ങിന്റെ മുതുകില്‍ കൊക്കുകൊണ്ടു തട്ടി താളമിട്ടിരുന്ന മരംകൊത്തി വിശ്രമിക്കുകയും ചെയ്തു. മരവിച്ച മൂകതയില്‍ പാലയിലകളില്‍ കാറ്റേറ്റുണ്ടായ മര്‍മ്മരം മാത്രം പോറലേല്‍പ്പിച്ചുകൊണ്ടിരുന്നു. പാലപ്പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന സുഗന്ധം പൂശിയ കാറ്റ് മന്ദം വീശി. നിലാവില്‍ പ്രസന്നഭാവം പൂണ്ട് ആറ്റിലേക്ക് നോക്കിക്കൊണ്ട് ഞാന്‍ കിടന്നു.

കണ്‍പോളകള്‍ തളര്‍ന്നടയുമ്പോള്‍ അവളുടെ ഭക്തിമയമായ പ്രാര്‍ത്ഥനാഗാനം ഞാന്‍ കേട്ടു. തളര്‍ന്ന കൈകൊണ്ട് ഞാന്‍ കുരിശു വരച്ചു. ഹൃദയമിടിപ്പിന്റെ പ്രതിധ്വനിയുള്ള അവളുടെ പ്രാര്‍ത്ഥനയില്‍ എന്റെ ഉള്ളം അലിയുകയായിരുന്നു.

മണല്‍ വിരിച്ച മുറ്റത്ത് ചക്രമുരുളുന്ന ശബ്ദം കേട്ടുകൊണ്ടാണ് രാവിലെ ഉണര്‍ന്നത്. മധുരമായ വളകിലുക്കമുണ്ട്. തളര്‍ന്ന കണ്‍പോളകള്‍ തിരുമ്മി ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ വെളിയിലേക്ക് നോക്കി. ഉരുളുന്ന കസേരയുടെ ചക്രങ്ങളില്‍ പിടിച്ച് നിരക്കിനിരക്കി ചെന്ന് ആ പെണ്‍കുട്ടി പനിനീര്‍ച്ചെടികളില്‍നിന്ന് പൂര്‍ണ്ണമായി വിടര്‍ന്ന പൂക്കള്‍ ഇറുത്തെടുക്കുകയാണ്. കുളിച്ചിട്ട് ഈര്‍പ്പം മാറാത്ത അവളുടെ ചുരുണ്ട തലമുടി മുന്തിരക്കുലയുടെ ആകൃതിയില്‍ അലങ്കരിച്ചു കെട്ടിയിരിക്കുന്നു. പൂക്കളില്‍നിന്നു പകര്‍ന്ന വിശുദ്ധമായ മന്ദഹാസം അവളുടെ മുഖത്തും കണ്ണുകളിലും ഉണ്ട്.

ഞങ്ങള്‍ പരസ്പരം നോക്കി. ലേശം പകച്ചിട്ട് ലജ്ജയോടെ അവള്‍ ചിരിച്ചു. ഞാനും ചിരിച്ചു. അവളുടെ ചുണ്ടിലെ പുഞ്ചിരി പെട്ടെന്ന് വിടര്‍ന്ന് മനോഹരമായി.

എനിക്ക് തോന്നി, സുന്ദരിയായ ഈ പതിനഞ്ചുകാരിയും ഞാനും വളരെ മുമ്പേ സുഹൃത്തുകാളായിരുന്നു. എവിടെവെച്ചോ ഞാന്‍ നിന്നെ കണ്ടിട്ടില്ലേ? പുഞ്ചിരി തത്തുന്ന നിന്റെ ചൈതന്യമുള്ള കണ്ണുകള്‍ ഞാനോര്‍ക്കുന്നു.

ഒരു വിടര്‍ന്ന പനിനീര്‍പ്പൂവില്‍ വിരല്‍ത്തുമ്പ് ചേര്‍ത്തുകൊണ്ട് അവള്‍ ചോദിച്ചു: ”പൂ ഇറുത്തോട്ടെ?”

എന്റെ കാതുകളില്‍ ജലകണങ്ങള്‍ വീഴുകയാണെന്ന് തോന്നി. ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: ”ഞാനല്ലല്ലോ തോട്ടക്കാരന്‍!”

മുഖം കുനിച്ച് ലജ്ജയോടെ അവള്‍ പറഞ്ഞു: ”ഞാനാണ് നനച്ച് വളര്‍ത്തിയതെങ്കിലും വേണ്ടെന്ന് പറഞ്ഞാല്‍ തൊടില്ല.”

ഞാന്‍ പറഞ്ഞു: ”ഇറുത്തെടുത്തോളൂ! എനിക്ക് പൂക്കള്‍ കാണുകയേ വേണ്ടു.”

ഭക്തിയുടെ ലാളിത്യം കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു: ”എനിക്ക് ഉണ്ണിയീശോവിന്റെ മുമ്പില്‍ വെക്കാനാണ്. എന്നും ഇവിടെന്നാണ് ഇറുക്കുക.”

 

അവളുടെ കണ്ണുകളില്‍നിന്ന് പ്രകാശം മങ്ങിയകലുന്നതു ഞാന്‍ കണ്ടു. ആര്‍ദ്രത ഊറിയൂറി വന്നു. ഗദ്ഗദത്തോടെ അവള്‍ പറഞ്ഞു: ''ഞാന്‍ നൃത്തം ചെയ്തിരുന്നു.'' Painting: Laurie Justus Pace


 

ലില്ലിയെന്ന് ആരോ സ്നേഹപൂര്‍വ്വം വിളിച്ചപ്പോള്‍ അവള്‍ പൂക്കള്‍ കൈക്കുമ്പിളില്‍നിന്ന് മടിയിലേക്കിട്ടു. വള കിലുങ്ങുന്ന കയ്യില്‍ ഒരു പൂ വെച്ച് ജനലഴികള്‍ക്കിടയിലൂടെ അവള്‍ എന്റെ നേരെ നീട്ടിതന്നു. അവള്‍ പുഞ്ചിരി തൂകി. ഞാന്‍ കൈനീട്ടി പൂ വാങ്ങുമ്പോള്‍ അവളുടെ വെളുത്ത കവിള്‍ത്തടം തുടിച്ചു. ഊന്നുവടികളില്‍ താങ്ങി അവള്‍ ചാടിച്ചാടി അകന്നുപോയപ്പോള്‍ ഞാനാപൂവെടുത്ത് മണത്തുകൊണ്ട് ഉള്ളില്‍ സ്വയം ചോദിച്ചു, ലില്ലിയെന്ന് നിനക്കാരാണ് പേരിട്ടത്? ലില്ലിപൂവിന്റെ വിശുദ്ധ സൗന്ദര്യം നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ അവള്‍ വരാന്തയില്‍ നില്‍പ്പുണ്ട്. എന്നെ നോക്കി അവള്‍ ഹൃദ്യമായ പുഞ്ചിരി തൂകി. ഉള്ളം മുഴുവന്‍ നിലാവു തൂകുന്ന പുഞ്ചിരി. നേര്‍ത്ത ശീലയില്‍ എന്തോ തുന്നുകയാണ്. ഊന്നുവടികള്‍ ഇല്ലായിരുന്നെങ്കില്‍, ഈ കാലുകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍, അവളെത്ര സുന്ദരിയായിരിക്കും!

നേര്‍ത്ത ശീല താഴെ വെച്ചിട്ട് ഊന്നുവടികളില്‍ താങ്ങി അവള്‍ ചാടിച്ചാടി വന്നു. ചുരുണ്ട തലമുടിയില്‍നിന്ന് ഒരു പാളി ചിതറി അവളുടെ വെളുത്ത കവിളില്‍ തലോടിക്കൊണ്ടിരുന്നു.

ഇത്ര വേഗം അവള്‍ എന്റെ സുഹൃത്തായിക്കഴിഞ്ഞോ?

”പ്രാര്‍ത്ഥന കഴിഞ്ഞോ?” ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

അവള്‍ പുഞ്ചിരി തൂകിക്കൊണ്ട് തലകുലുക്കി.

വരാന്തയില്‍ തൂണോടു ചേര്‍ന്ന് ഒരു പൂത്ത ലത പോലെ അവള്‍ പറ്റി നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു: ”ലില്ലി മിശിഹായോട് പറഞ്ഞതെന്താണ്?”

അവള്‍ എന്റെ മുഖത്തേയ്ക്കു് ലജ്ജയോടെ നോക്കി. മുഖം കുനിച്ചിട്ട് അവള്‍ മെല്ലെ പറഞ്ഞു: ”എന്റെ കാലിന് സ്വാധീനം തരണേയെന്ന്.”

പറക്കാന്‍ തുടങ്ങിയ പക്ഷി ചിറകറ്റ് കാറ്റില്‍ കിടന്നു പിടയ്ക്കുന്ന ചിത്രം ഞാനോര്‍മ്മിച്ചു. നന്നെ വേദന തോന്നി. വെളിച്ചത്തിന്റേയും മാധുര്യത്തിന്റേയും ഈ കാലഘട്ടത്തില്‍ ഈ പ്രതികാരം നിന്നോട് ചെയ്തതാരാണ്?

അവളുടെ കണ്ണുകളില്‍നിന്ന് പ്രകാശം മങ്ങിയകലുന്നതു ഞാന്‍ കണ്ടു. ആര്‍ദ്രത ഊറിയൂറി വന്നു. ഗദ്ഗദത്തോടെ അവള്‍ പറഞ്ഞു: ”ഞാന്‍ നൃത്തം ചെയ്തിരുന്നു.”

ഊറാന്‍ തുടങ്ങിയ അവളുടെ കണ്ണുകളിലേക്ക് ഞാന്‍ നോക്കിക്കൊണ്ടിരുന്നു. മരവിച്ച കാലുകള്‍ ചലിപ്പിച്ച് അവള്‍ നൃത്തം ചെയ്യുന്ന രംഗം സഹതാപത്തോടെ വിഭാവനം ചെയ്തു.

വിശുദ്ധിയുടെ കൈത്തിരിപോലെ പ്രകാശിക്കുന്ന അവളുടെ കണ്ണുകള്‍ നനഞ്ഞു. ഇടര്‍ച്ചയോടെ, അവള്‍ നൃത്തം ചെയ്തിരുന്ന കഥ പറഞ്ഞു.

അവള്‍ക്കു നൃത്തം ചെയ്യാന്‍ ഇഷ്ടമായിരുന്നു. സംഗീതം സ്വരധാരകള്‍ പെയ്യുന്ന അന്തരീക്ഷത്തില്‍ അവള്‍ മയങ്ങി കോരിത്തരിച്ച് താളനിബിഡമായ ചലനങ്ങളോടെ നൃത്തം ചെയ്യും. തിരശ്ശീല വീഴുമ്പോള്‍ ആയിരം കൈകള്‍ ആഹ്ലാദത്തോടെ കൂട്ടിയടിക്കുന്ന ശബ്ദം കേള്‍ക്കാം.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ അവസാനമായി നൃത്തം ചെയ്തു. മഴക്കാറുകള്‍ കണ്ട ഒരു മയിലിന്റെ കഥ.

അടുത്ത ദിവസം അവള്‍ക്കു പനി തുടങ്ങി. പനി മാറിയപ്പോള്‍ കാലുകള്‍ അനങ്ങിയില്ല. തൊട്ടിട്ട് അറിയുന്നില്ല. മരവിച്ചുപോയി.

നീലശംഖുപുഷ്പം പോലെ നിര്‍മ്മലമായ അവളുടെ കണ്ണുകള്‍ നിറയുന്നതു കണ്ടപ്പോള്‍ എന്റെ ഹൃദയം വേദന കൊണ്ടു വിങ്ങി.

ഇടര്‍ച്ചയോടെ അവള്‍ പ്രാര്‍ത്ഥിച്ചു: ”ഈശോമിശിഹാതമ്പുരാന്‍ എന്റെ കാലുകള്‍ക്ക് ജീവന്‍ തന്നിരുന്നെങ്കില്‍…. ഒന്നനക്കാറായെങ്കില്‍!”

എന്റെ ഹൃദയം അവളുടെ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു.

രാത്രി അവള്‍ പ്രാര്‍ത്ഥന ചൊല്ലുന്നത് ഞാന്‍ കേട്ടു. എന്റെ ഹൃദയം നൊന്തുനൊന്തു അവളോടൊപ്പം പ്രാര്‍ത്ഥിച്ചു; മാലാഖകളുടെ താരാട്ട് കേട്ടവനേ! ഈ ഭാരമുള്ള കുരിശ് ഇവളില്‍ നിന്ന് വേര്‍പെടുത്തേണമേ!

സെയിന്റ് മാത്യുവിലെ വരികള്‍ ഞാനോര്‍മ്മിച്ചു: ”ആന്റ് ബിഹാള്‍ഡ്, ദേ ബ്രാട്ട് ടു ഹിം എ മാന്‍ സിക് ആഫ് ദ പാല്‍സി , ലയിംഗ് ഓണ്‍ എ ബെഡ്……”

”എഴുന്നേല്‍പ്പിന്‍!” എന്ന് യേശു പറഞ്ഞപ്പോള്‍ രോഗി എഴുന്നേറ്റു പോയി!

ഉണര്‍ന്ന് ജാലകത്തിലൂടെ പനിനീര്‍ച്ചെടികള്‍ നിറഞ്ഞ മുറ്റത്തേക്കു നോക്കുമ്പോള്‍ ആദ്യം കാണുക ചക്രമുള്ള കസേരയിലിരുന്ന് പൂവിറുക്കുന്ന അവളെയാണ്. പ്രപഞ്ചം മുഴുവന്‍ പുഞ്ചിരി തൂകുന്നുവെന്നും എവിടെ നിന്നോ സംഗീതം ഒഴുകി വരുന്നുവെന്നും തോന്നും. പക്ഷേ എവിടെയോ കണ്ണീരിന്റെ നനവുണ്ട്. എവിടെയോ ഗദ്ഗദവുമുണ്ട്.

 

ഉള്‍നാട്ടിലെ എന്റെ പ്രേമഭാജനത്തിനു ഞാനെഴുതി: ''ഇഡിയറ്റ്! എനിയ്ക്കിവിടെ ഒരു കൂട്ടുകാരിയെ കിട്ടിയിരിയ്ക്കുന്നു. നിനക്കു വര്‍ഗ്ഗസഹജമായ അസൂയയുണ്ടോ?'' (മറുപടിയില്‍ അവള്‍ എഴുതി: ''അപ്പോള്‍ ഞാന്‍ മാത്രമല്ല മഠയി.'')


 

നേര്‍ത്ത ശീലയില്‍ ലളിതവും സുന്ദരവുമായ ഓരാശയം തുന്നിപ്പിടിപ്പിച്ചുകൊണ്ട് അവള്‍ എന്നോട് വര്‍ത്തമാനം പറഞ്ഞു, അവള്‍ ചെയ്തിട്ടുള്ള നൃത്തങ്ങളെ പറ്റിയാണ്. അസ്തമിക്കുന്ന സൂര്യഗോളം. നിരങ്ങിയിറങ്ങുന്ന ചക്രവാളം. ഇരുളിന്റെ ചിറകുകള്‍ക്കിടയില്‍ മറഞ്ഞുതുടങ്ങുന്ന കടല്‍ത്തീരം. അവള്‍ കടല്‍ത്തീരത്തുനിന്ന് അകലേയ്ക്കു നോക്കി. കടലില്‍ പോയ മുക്കുവന്‍ ഇനിയും വന്നില്ല. കാത്തുകാത്ത് കാല്‍ തളര്‍ന്നു. പിന്നെ……. നക്ഷത്രങ്ങളുടെ പ്രകാശത്തില്‍ ഒരൊഴിഞ്ഞ തോണിമാത്രം, കരയിലണയുമ്പോള്‍ അവള്‍ തളര്‍ന്നു വീഴുന്നു.

അവള്‍ സാഭിമാനം പറഞ്ഞു: ”അതിനെനിയ്ക്കു പത്തു സമ്മാനങ്ങള്‍ കിട്ടി.”

”ജലദേവത” എന്ന നൃത്തം അവള്‍ക്കു ചെയ്യാന്‍ കഴിഞ്ഞില്ല. പരിശീലിച്ചപ്പോഴേക്കും കാലുകള്‍ മരവിച്ചുപോയി. ഓളങ്ങള്‍ക്കിടയില്‍ വിടര്‍ന്നുവരുന്ന താമരയില്‍നിന്ന് ജലദേവത ജലപുഷ്പങ്ങള്‍ ചൂടി ആടിത്തുടങ്ങും. ഒരു നീരൊഴുക്കിന്റെ ചലനം പോലെയാണ്. നുര തുപ്പുന്ന ജലപാതകള്‍ കൊണ്ടാണ് വസ്ത്രമണിഞ്ഞിരിയ്ക്കുക. തലമുടി ജലമുകുളങ്ങള്‍പോലെ തുടിച്ചുകൊണ്ടിരിയ്ക്കും.

അവള്‍ എന്റെ മുമ്പില്‍ നിന്ന് ജലദേവതയുടെ നൃത്തം ചെയ്യാന്‍ ഞാനാശിച്ചു.

നദിയിലേയ്ക്കു വളഞ്ഞു നില്‍ക്കുന്ന തെങ്ങിന്റെ മുതുകിലിരുന്ന് താളം കൊത്തിയുണ്ടാക്കുന്ന നശിച്ച മരംകൊത്തിയെ ഞാന്‍ ശപിച്ചു. അതിന്റെ ശബ്ദം എനിയ്ക്കിനി കേള്‍ക്കണ്ട. ഏഴിലംപാലയുടെ പൂച്ചെണ്ടിലിരുന്ന് തത്ത ഊഞ്ഞാലാടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു: ”നിനക്ക് നൃത്തം ചെയ്യാന്‍ വശമില്ല. ശല്യം ചെയ്യാതെ കടന്നു പോകൂ!”

ഉള്‍നാട്ടിലെ എന്റെ പ്രേമഭാജനത്തിനു ഞാനെഴുതി: ”ഇഡിയറ്റ്! എനിയ്ക്കിവിടെ ഒരു കൂട്ടുകാരിയെ കിട്ടിയിരിയ്ക്കുന്നു. നിനക്കു വര്‍ഗ്ഗസഹജമായ അസൂയയുണ്ടോ?”

(മറുപടിയില്‍ അവള്‍ എഴുതി: ”അപ്പോള്‍ ഞാന്‍ മാത്രമല്ല മഠയി.”)

അദ്ധ്യാപികയായി ജോലി ചെയ്യുന്ന അമ്മച്ചി വൈകുന്നേരമാണ് തിരിച്ചു വരിക. മദ്ധ്യവയസ്സു കഴിഞ്ഞ ആ സ്ത്രീ അവളെ തഴുകുകയും ചുംബിക്കുകയും ചെയ്യുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കും. അവര്‍ പറഞ്ഞു: ”എന്റെ ലില്ലിക്ക് ഒരു ചേട്ടനെ കിട്ടിയല്ലൊ!”

ഞങ്ങള്‍ പരസ്പരം നോക്കി. വിശുദ്ധിയുടെ കൈത്തിരിപോലെ അവളുടെ കണ്ണുകള്‍ പ്രകാശിച്ചു.

അമ്മച്ചി കണ്ണുകള്‍ ഒപ്പിക്കൊണ്ട് പറഞ്ഞു: ”ചേട്ടന് തൂവാല തുന്നലാണ് ലില്ലിയുടെ തൊഴില്‍. ഇനിയും തീര്‍ന്നില്ല.”

അപ്പന്‍ വളരെ മുമ്പേ മരിച്ചു. അമ്മച്ചിക്ക് കിട്ടുന്ന ശമ്പളം മാത്രമാണ് ആകെയുള്ള വരവ്. ഈ ചെറിയ വീട് വാടകയ്ക്കു കൊടുത്തിരുന്നില്ല. പക്ഷേ, കൊടുക്കാതെ വയ്യെന്നായിരിയ്ക്കുന്നു. ലില്ലിയെ ചികിത്സിച്ച് സുഖപ്പെടുത്താനുള്ള പണമുണ്ടാക്കാന്‍ കഴിവില്ലെങ്കില്‍ അമ്മച്ചി ജീവിച്ചിരിയ്ക്കുന്നതിനു വലിയ അര്‍ത്ഥമില്ല.

അവര്‍ അവളെ അണച്ചു പിടിച്ച് ഉമ്മകള്‍കൊണ്ട് മൂടിയിട്ട് പറഞ്ഞു: ”ചെയ്യാത്ത ചികിത്സയൊന്നുമില്ല. പണമൊക്കെ തീര്‍ന്നു.”

ഞങ്ങള്‍ മൂകമായി ഇരുന്നു. അവള്‍ മുറ്റത്ത് മുല്ലപ്പൂക്കള്‍ പൊഴിഞ്ഞു വീഴുന്നത് നോക്കി. അവളത് ഓടിച്ചെന്ന് പെറുക്കിയെടുത്തിരുന്നെങ്കില്‍! ഓടിച്ചെന്നു പെറുക്കിയെടുത്തു മുല്ലപ്പൂക്കള്‍കൊണ്ട് കൊരുത്തു തരുന്ന മാല അണച്ചുപിടിച്ച് എനിയ്ക്കൊന്ന് ആശ്വസിയ്ക്കണമെന്നുണ്ട്. അപ്പോള്‍ എന്റെ കരളില്‍ മഞ്ഞിന്‍ പരലുകള്‍ പൊഴിഞ്ഞുവീഴുന്നുവെന്നു തോന്നും.

തൂവാലയില്‍ ഭാവനയില്‍ വിരിഞ്ഞ ഒരാശയം തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം അവള്‍ ചോദിച്ചു: ”ലൂര്‍ദ് എന്നൊരിടമുണ്ടോ ചേട്ടാ?”

ചിരിച്ചുകൊണ്ട് ഞാന്‍ തലയാട്ടി.

അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശമുണ്ടായി.

”അമ്മച്ചി പറഞ്ഞു, അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ എനിക്ക് നടക്കാറാവുമെന്ന്.”

അവള്‍ മുഖം കുനിച്ചു. കവിള്‍ത്തടം ദുഃഖത്തിന്റെ നിഴല്‍ വീണു മങ്ങുകയും വിറകൊള്ളുകയും ചെയ്തു. നിരാശയോടെ അവള്‍ പറഞ്ഞു, ”ദൈവം വിധിച്ചിട്ടില്ല. അമ്മച്ചിയ്ക്കു പണമുണ്ടായിരുന്നെങ്കില്‍ പോകാമായിരുന്നു. ആശിച്ചിട്ട് ഫലമില്ല.”

”ലില്ലി ഇവിടെയിരുന്നു പ്രാര്‍ത്ഥിച്ചോളൂ!”

കാല്‍വരിയിലെ ദൈവപുത്രന്റെ പടത്തിനുമുമ്പില്‍ പൂച്ചെണ്ടര്‍പ്പിച്ച് അവള്‍ ചക്രമുള്ള കസേരയിലിരുന്നു പ്രാര്‍ത്ഥനാഗീതം പാടുന്നത് ഞാന്‍ കേട്ടു. എന്റെ ഹൃദയമിടിപ്പ് അവളുടെ ഗാനത്തിനു ലോലമായ താളിമിട്ടുകൊണ്ടിരുന്നു.

ജീസസ്! മുട്ടുവിന്‍, തുറക്കപ്പെടുമെന്ന് അങ്ങ് പ്രവചിച്ചിരുന്നുവല്ലോ! പളുങ്കുപോലെ തെളിഞ്ഞു പ്രകാശിയ്ക്കുന്ന ഈ പെണ്‍കുട്ടിയ്ക്കു ദയയുടെ വാതില്‍ തുറക്കപ്പെടുകയില്ലേ?

സെയിന്റ് ലൂക്കിലെ പത്തു കുഷ്ഠരോഗികളെ യേശു ഒരു സായാഹ്നത്തില്‍ സുഖപ്പെടുത്തിയ കഥ എനിക്കോര്‍മ്മ വന്നു.

 

ജലമുകുളങ്ങള്‍ ഉമ്മചാര്‍ത്തുന്ന താമരദളങ്ങള്‍ക്കിടയില്‍ നിന്ന് ഉലഞ്ഞു നൃത്തംചെയ്യുന്ന ജലദേവത പെട്ടെന്നു നീരാവിയായി അപ്രത്യക്ഷമാകുന്നപോലെ എനിയ്ക്കു തോന്നി.


 
ഒരു ദിവസം അമ്മച്ചി പറഞ്ഞു: ”എന്റെ ലില്ലി മെലിഞ്ഞു വരുന്നു. അവള്‍ക്ക് ആധിയാണ്.” തലയിലെ നരച്ച രോമങ്ങളില്‍ തലോടിക്കൊണ്ട് അവര്‍ ഗദ്ഗദത്തോടെ പറഞ്ഞു: ”ഞാന്‍ മരിച്ചാല്‍ എന്റെ നടക്കാത്ത മകള്‍ക്ക് ആരുമില്ല.”

ഞങ്ങള്‍ വിദൂരതയിലേക്കു നോക്കികൊണ്ടിരുന്നു. പരുത്തിയുടെ പൂക്കള്‍ ഓളങ്ങളില്‍പെട്ട് ഒലിച്ചുപോകുന്നു. ഒരു ചെറിയ വഞ്ചിയിലിരുന്ന് ഏകാകിയായ ഒരു ചൂണ്ടല്‍ക്കാരന്‍ അലസമായി തുഴയുന്നു.

വാടി ഞെട്ടറ്റു വീഴുന്ന മുല്ലപ്പൂക്കളിലേയ്ക്കു ഞാന്‍ വിങ്ങുന്ന ഹൃദയത്തോടെ നോക്കിക്കൊണ്ടിരുന്നു: പൊഴിഞ്ഞു വീഴുന്ന പൂക്കളോട് എന്റെ ഹൃദയം വിങ്ങിവിങ്ങി ചോദിച്ചു, നിങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥമെന്തായിരുന്നു? ഒരു നിമിഷത്തെ ആയുസ്സുള്ള പുഞ്ചിരിയും ഒരു ഇലയിളകിയുണ്ടാവുന്ന കാറ്റിനു നുണയാന്‍ തികയാത്ത സുഗന്ധവുമായിരുന്നോ?

ഊന്നുവടികളില്‍ തങ്ങി ചാടിച്ചാടിചെന്ന് ഉദയത്തിനു മുമ്പേ കുളിച്ചിട്ടാണ് അവള്‍ പ്രാര്‍ത്ഥന തുടങ്ങുക. മിശിഹായോട് അവള്‍ ഹൃദയവേദന അറിയിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കും. സ്വരം ഇടറും. മിശിഹാ എന്നെങ്കിലും ദയയുടെ കടാക്ഷംകൊണ്ട് അവളെ അനുഗ്രഹിയ്ക്കും. അന്നവള്‍ക്ക് ഏറ്റവും മനോഹരമായി നൃത്തം ചെയ്യാം.

ഒരു ദിവസം അവള്‍ ഉരുളുന്ന കസേരയിലിരുന്ന് വിടര്‍ന്ന ചിരിയോടെ എന്നെ സമീപിച്ചു. തയ്ച്ചു തീര്‍ത്ത തൂവാല വള കിലുങ്ങുന്ന കയ്യില്‍വെച്ച് അവളെനിക്കു നീട്ടിത്തന്നു. ആഹ്ലാദം അവളുടെ കവിളുകളെ തുടുപ്പിച്ചു.

ഞാനത് നിവര്‍ത്തി നോക്കി. വിവിധ വര്‍ണ്ണങ്ങളിലുള്ള നൂലുകൊണ്ട് അവളൊരു മനോഹരമായ ചിത്രം തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ജലമുകുളങ്ങള്‍ ഉമ്മ ചാര്‍ത്തുന്ന താമരദളങ്ങള്‍ക്കിടയില്‍ നിന്ന് ഉലഞ്ഞു നൃത്തം ചെയ്യുന്ന ജലദേവതയുടെ ചിത്രം.

മധുരവികാരം ഇരച്ചു പൊങ്ങിയപ്പോള്‍ തളര്‍ന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു: ”ഒരു വിടര്‍ന്ന താമരയില്‍ നിന്ന് ലില്ലി നൃത്തം ചെയ്ത് ഉയര്‍ന്നുവരുന്നത് എനിയ്ക്കു കാണണം.”

”കര്‍ത്താവിന്റെ അനുഗ്രഹമുണ്ടാകട്ടെ. ചേട്ടനു വേണ്ടി ഞാനൊരിക്കല്‍ നൃത്തം ചെയ്യും.” അവള്‍ ഭക്തിയോടെ കുരിശു വരച്ചു.

ആറ്റില്‍ ജലപ്പരപ്പ് പൊങ്ങുന്നത് ഞാന്‍ നോക്കിക്കൊണ്ടിരുന്നു. താമരയില്‍ പുതുതായി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. ഓളവും കാറ്റുമേറ്റ് അവ നൃത്തം ചെയ്യുന്നത് കാണാം.

രാവിലെ അവള്‍ വളരെനേരം പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. പ്രതീക്ഷയുടെ ദീപ്തി അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.

ഉരുളുന്ന കസേരയിലിരുന്ന് അവള്‍ എന്റെ നേരെ വന്നു. അവളുടെ വെളുത്ത മുഖം ഗൗരവപൂര്‍ണ്ണമായിരുന്നു.

അവള്‍ പതുക്കെ ചോദിച്ചു: ”സ്വപ്നം ഫലിയ്ക്കുമോ ചേട്ടാ?”

ഞാന്‍ അവളുടെ വെളിച്ചം തത്തുന്ന കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ട് പറഞ്ഞു: ”ചിലപ്പോള്‍, എന്താ?”

വികാരം അവളുടെ മുഖത്ത് ഇരച്ചു കയറി. അവള്‍ ആകെ രോമാഞ്ചമണിയുകയാണെന്ന് എനിയ്ക്കു തോന്നി. അവള്‍ പറഞ്ഞു, ”ഇന്നലെ രാത്രി ഞാനൊരു നല്ല സ്വപ്നം കണ്ടു.”

വളരെ നേരം പ്രാര്‍ത്ഥിച്ചു കരഞ്ഞിട്ടാണ് കഴിഞ്ഞ രാത്രി അവള്‍ ഉറങ്ങിയത്. വയലിന്‍ കമ്പികള്‍ വിറച്ചുണ്ടായതുപോലെ ഇമ്പമുള്ള ശബ്ദം എങ്ങുനിന്നോ പുറപ്പെട്ടുകൊണ്ടിരുന്നു. അവള്‍ നീന്തുന്ന സുവര്‍ണ്ണ മേഘങ്ങള്‍ക്കിടയിലാണ്. സ്വര്‍ണ്ണച്ചിറകുകള്‍ ധരിച്ച മാലാഖമാര്‍ മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പാടിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ക്കു മുമ്പില്‍ നക്ഷത്രങ്ങള്‍ പാറിപ്പറക്കുകയായിരുന്നു. അമ്പിളിക്കലയിലെ കതകു തുറന്ന് ദൈവപുത്രന്‍ ഇറങ്ങി വരുന്നത് അവള്‍ കണ്ടു. കരുണ വഴിയുന്ന കണ്ണുകള്‍ വിരിയിച്ച് യേശു അവളെ നോക്കി. പുഞ്ചിരി പൊഴിച്ചുകൊണ്ട് അതിലോലമായ സ്വരത്തില്‍ അദ്ദേഹം കല്പിച്ചു: ”ലില്ലി നൃത്തം ചെയ്തോളൂ!”

മാലാഖമാരുടെ അതിമധുരമായ പ്രാര്‍ത്ഥനാഗാനത്തിനൊപ്പം നക്ഷത്രങ്ങള്‍ക്കിടയില്‍ നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവള്‍ പുഞ്ചിരി തൂകിക്കൊണ്ട് ഉണര്‍ന്നു.

അവളുടെ നീലമിഴികളില്‍ പുഷ്യരാഗത്തിന്റെ ഒളിമിന്നല്‍ ഞാന്‍ കണ്ടു.

അവളുടെ മധുരമായ പ്രാര്‍ത്ഥനാഗാനത്തില്‍ അലിയുന്ന ഹൃദയവുമായി ഞാന്‍ കിടന്നു. ഉറക്കത്തിലെ അബോധാവസ്ഥയില്‍ വയലിന്‍ കമ്പികളില്‍ ആരോ വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി തട്ടുന്ന ശബ്ദവും വളരെ നേര്‍ത്ത ചിലമ്പൊലിയും ഞാന്‍ കേട്ടു.

എങ്ങുനിന്നോ കരച്ചില്‍ കേട്ടുകൊണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. വള കിലുങ്ങുന്ന വെളുത്ത കൈ പനിനീര്‍പ്പൂവ് നീട്ടിത്തന്നില്ല. കോരിത്തരിപ്പിയ്ക്കുന്ന പ്രാര്‍ത്ഥനാഗാനം കേള്‍ക്കുന്നില്ല.

ഞാന്‍ ഓടിച്ചെന്നു കൂട്ടത്തിനിടയിലൂടെ നിറഞ്ഞ കുളത്തിലേയ്ക്കിറങ്ങി.

ഊന്നുവടികള്‍ വെള്ളത്തില്‍ നിശ്ചലമായി പൊന്തിക്കിടപ്പുണ്ട്.

ജലമുകുളങ്ങള്‍ ഉമ്മചാര്‍ത്തുന്ന താമരദളങ്ങള്‍ക്കിടയില്‍ നിന്ന് ഉലഞ്ഞു നൃത്തംചെയ്യുന്ന ജലദേവത പെട്ടെന്നു നീരാവിയായി അപ്രത്യക്ഷമാകുന്നപോലെ എനിയ്ക്കു തോന്നി.

താമരയിലകള്‍ക്കിടയില്‍ വള്ളികളുടെ പുണരലില്‍പെട്ട് അവള്‍ മരിച്ചു കിടക്കുന്നു.
 
(1960 ഒക്ടോബര്‍ രണ്ട് ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 

Leave a Reply

Your email address will not be published. Required fields are marked *