കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

 
 
 
 

എന്തുകൊണ്ട് കെ.യു അബ്ദുല്‍ ഖാദര്‍? നാലാമിടത്തിന് പറയാനുള്ളത്.
 

 

ഈവരുന്ന 17ന് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തൃശൂര്‍ കേരളാ സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളില്‍ ഒരു പുസ്തക പ്രകാശനം നടക്കുകയാണ്. 1934ല്‍ ജനിച്ച് കഴിഞ്ഞ വര്‍ഷം മരിച്ച കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി കെ.യു അബ്ദുല്‍ഖാദറിന്റെ തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനം. ഗ്രീന്‍ബുക്സ് പുറത്തിറക്കുന്ന കഥാസമാഹാരത്തിന്റെ പ്രകാശനം വൈശാഖനാണ് നിര്‍വഹിക്കുന്നത്.

നടപ്പ് രീതികള്‍ വെച്ച് നോക്കിയാല്‍ അത്ര അസാധാരണമൊന്നുമല്ല അത്. വെറുമൊരു പുസ്തക പ്രകാശനം. അതും ഇപ്പോഴില്ലാത്ത, അധികമാരും ഓര്‍ക്കാത്ത, വളരെക്കുറച്ച് , അതും വളരെക്കുറച്ച് കാലം മാത്രം എഴുതിയ ഒരെഴുത്തുകാരന്റെ പുസ്തകം. പത്തു കഥയെഴുതിയാല്‍, പതിനൊന്നാമത്തേത് എഴുതുംമുമ്പ് പുസ്തകമാക്കി അച്ചടിച്ചിറക്കുന്നവരുടെ നാട്ടില്‍ പുസ്തകപ്രകാശനത്തേക്കാള്‍ അതിസാധാരണമായി മറ്റെന്തുണ്ട്? എന്നാല്‍, ഇവിടെ കഥ വേറെയാണ്. എഴുത്തിന്റെ മലയാള വഴികളെ സംബന്ധിച്ചിടത്തോളം അത്ര അപ്രധാനമല്ലാത്ത ഒരു പുസ്തകമാണ് പ്രകാശനം ചെയ്യപ്പെടുന്നത്. എഴുത്തുകാരന്റെ ദുരൂഹ മൌനവും ജീവിതവും കൊണ്ടുള്ള പ്രാധാന്യമല്ല, കഥ എന്ന നിലയ്ക്കുള്ള പ്രധാന്യം. അക്കാലങ്ങള്‍ പങ്കുവെയ്ക്കുന്ന ഭാവുകത്വത്തെ അനായാസം മറികടക്കുന്ന ഒരു മാന്ത്രികത ആ കഥകളില്ലൊം എളുപ്പം കണ്ടെടുക്കാം. അമ്പതുകളുടെ അവസാനവും അറുപതുകളുടെ ആദ്യവും എഴുതിയ ആ കഥകള്‍ പുതിയ കാലത്തോട് അനായാസം സംവദിക്കുന്നവ കൂടിയാണ്.

നിരൂപകനായ ഡോ.കെ.എസ് രവികുമാറിന്റെ അഭിപ്രായത്തില്‍ ആ കഥകളിങ്ങനെ: ‘കാവ്യാത്മകാഖ്യാനം തന്നെയായി മാറിത്തുടങ്ങിയ കാലയളവില്‍ രംഗത്തുവന്ന കഥാകാരനാണ് കെ.യു അബ്ദുല്‍ ഖാദര്‍. മലയാള ചെറുകഥയുടെ ചരിത്രതില്‍ വേണ്ടവണ്ണം അടയാളപ്പെടാതെ പോയ ഈ എഴുത്തുകാരന്റെ രചനകള്‍ അടിസ്ഥാനപരമായിത്തന്നെ ലിറിക്കല്‍ റിയലിസ്റ്റ് രചനാരീതിയുടെ സ്വഭാവം പുലര്‍ത്തുന്നവയായിരുന്നു. ഭാഷ അതീവം കാവ്യാത്മകവും ഭാവഭരിതവുമാകുന്ന രചനാരീതിയാണ് അദ്ദേഹത്തിന്റേത്, പലപ്പോഴും അത് ഗദ്യത്തിലുള്ള ഭാവഗീതികയായി മാറുന്നു’

 

 

ആരായിരുന്നു ആ എഴുത്തുകാരന്‍?
1957 മുതല്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന, എഴുത്തുകാരന്‍ കെ.എം ലെനിന്റെ ഈ വാക്കുകള്‍ ആ ചോദ്യത്തിന് മറുപടിയാവുന്നു: ‘സുഹൃത്തുക്കള്‍ കെ.യു. എന്നു വിളിക്കുന്ന കെ.യു.അബ്ദുള്‍ ഖാദര്‍ പുതിയ തലമുറക്ക് ആരുമല്ല. കാരണം എഴുത്തുകാരനെന്ന നിലയില്‍ നാലര പതിറ്റാണ്ടുമുമ്പേ അദ്ദേഹം അന്തരിച്ചുകഴിഞ്ഞിരുന്നു. 1950കളിലും 60കളിലും നവയുഗം, ജനയുഗം, മാതൃഭൂമി, കെ.ബാലകൃഷ്ണന്റെ കൌമുദി എന്നീ വാരികകളില്‍ പ്രസിദ്ധീകരിച്ചിരുന്ന കഥകള്‍ക്ക് അന്ന് ഏറെ വായനക്കാരുണ്ടായിരുന്നു. 1954 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കഥാസമാഹാരവും എം.ടി.യുടെ പുസ്തകവും ഒന്നിച്ചായിരുന്നു ഗ്രന്ഥാലോകം മാസികയില്‍ നിരൂപണം ചെയ്യപ്പെട്ടതെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. എം.ടി.യുടെയും അബ്ദുള്‍ ഖാദറിന്റെയും കഥകളാണെങ്കില്‍ വായനക്കാര്‍ക്ക് ഹരമാണ് എന്ന് അര്‍ത്ഥം വരുന്ന വാക്കുകളില്‍ എം.ടി.യോടൊപ്പം നിര്‍ത്തി അദ്ദേഹത്തെ നിരൂപകന്‍ പ്രശംസിക്കുകയുണ്ടായി.

1952നും 1956നും ഇടയിലുള്ള നാല് വര്‍ഷമാണ് ഏറ്റവുമധികം കഥകള്‍ അദ്ദേഹം എഴുതിയത്. 18 വയസ്സിനും 22 വയസ്സിനുമിടയിലായിരുന്നു സര്‍ഗാത്മകത അദ്ദേഹത്തിന്റെ ഭാവനയെ കാര്യമായി ആശ്ലേഷിച്ചിരുന്നതെന്ന് തോന്നുന്നു. അധികവും പ്രസിദ്ധീകരിച്ചുവന്നത് കൌമുദിയിലും നവയുഗത്തിലുമായിരുന്നു. ചെന്നൈയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം വാരികയിലും അദ്ദേഹം കഥകളെഴുതിയിരുന്നു. അന്ന് ജയകേരളം പത്രാധിപസമിതിയംഗമായിരുന്ന പവനന്‍ തന്റെ ആത്മകഥയില്‍ ഖാദറിന്റെ കഥകളെപറ്റി പരാമര്‍ശിച്ചത് വായിച്ചതായി ഓര്‍ക്കുന്നു. 1968 വരെ ചുരുക്കമായെങ്കിലും പില്ക്കാലത്തും അബ്ദുള്‍ ഖാദര്‍ കഥകളെഴുതിയിരുന്നു. 60 കളില്‍ വല്ലപ്പോഴുമെഴുതിയിരന്ന അദ്ദേഹത്തിന്റെ കഥകള്‍ ഇടം കണ്ടെത്തിയിരുന്നത് മാതൃഭൂമി വാരികയിലായിരുന്നു. എന്നാല്‍ ജനയുഗത്തിന്റെയും നവയുഗത്തിന്റെയും വിശേഷാല്‍ പതിപ്പുകളില്‍ സ്ഥിരമായി ആ കഥകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി ഓര്‍ക്കുന്നു.

1957ല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചതോടെ ആയിരിക്കണം നിരന്തരമായ എഴുത്ത് ഇല്ലാതായത്. ആദ്യ കമ്യൂണിസ്റ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി സി.അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിശ്ചയിച്ചത് ഖാദറിനെ ആയിരുന്നു. 1959 ജൂലായ് 31ന് കേന്ദ്രസര്‍ക്കാര്‍ ആദ്യ ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടുന്നതുവരെ അദ്ദേഹം ആ ജോലി സ്തുത്യര്‍ഹമായി നിര്‍വഹിച്ചിരുന്നു. 1990ല്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഖാദര്‍ കേരള കാര്‍ഷിക സര്‍വകാലാശാല വൈസ് ചാന്‍സലറുടെ സെക്രട്ടറി ആയിരുന്നു.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ മലയാളവിഭാഗത്തില്‍ ‘കെ.യു.അബ്ദുള്‍ ഖാദര്‍’ എന്നെഴുതിവെച്ച ഒരു പുസ്തക കോര്‍ണര്‍ കണ്ടതായി ഓര്‍ക്കുന്നു. വെറും പെണ്ണ്, കാട്ടുചോല, കടല്‍, നിലാവും പൂക്കളും,ടാജ് മഹള്‍ എന്നീ കഥാസമാഹാരങ്ങളേ അദ്ദേഹത്തിന്റേതായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. അവയുടെ നിരവധി കോപ്പികള്‍ അടുക്കിവെച്ചാണ് ആ പുസ്തക കോര്‍ണര്‍ സംവിധാനം ചെയ്തിരുന്നത്’

 

കെ.യു അബ്ദുല്‍ ഖാദര്‍


 
പിന്നെ എന്തു സംഭവിച്ചു അബ്ദുള്‍ ഖാദറിലെ കഥാകൃത്തിന്?
ഒരു പാട് ഉത്തരങ്ങളുള്ള ഒരു ചോദ്യമാണത്. പുറമേ സുതാര്യമെങ്കിലും ദുരൂഹതയുടെ ഗൂഢലിപികളാല്‍ പൊതിഞ്ഞു വെച്ച ആ ജീവിതത്തെക്കുറിച്ച് ഉറ്റവര്‍ക്ക് പറയാനുള്ളത് പല കഥകളാണ്. വ്യത്യസ്തമായ ഉത്തരങ്ങള്‍. ആ ഉത്തരങ്ങളില്‍ പലതും സഞ്ചരിക്കുന്നത് അതിന്റേതു മാത്രമായ പാതകളിലാണ്. ഓരോരുത്തര്‍ക്കും ഓരോന്നായിരുന്നു, ദുരൂഹതകള്‍ ഏറെ അവശേഷിപ്പിച്ച ആ ജീവിതം. അസാധാരണങ്ങളായ കഥകള്‍ എഴുതിയ മികച്ച ഈ എഴുത്തുകാരന്‍ സ്വയം എടുത്തണിഞ്ഞ മൌനം അദ്ദേഹത്തിന്റെ ജീവിതകാലത്ത് തുറക്കാന്‍ ആര്‍ക്കും കഴിയാതിരുന്നതും ഇക്കാരണങ്ങളാലാവാം.

ഇത്തരം അനേകം ചോദ്യങ്ങളിലേക്കും വിചിത്രമായ ഉത്തരങ്ങളിലേക്കുമാണ്, മരിച്ച് ഒരു വര്‍ഷം തികയുന്ന വേളയില്‍ ആ കഥകള്‍ വീണ്ടുമെത്തുന്നത്. എന്നാല്‍, കഥകളില്‍ ദുരൂഹത ഒട്ടുമില്ല. ഒരു തവണ ആ കഥകളിലൂടെ നടന്നുപോയാലറിയാം ആരായിരുന്നു ആ മനുഷ്യനെന്ന്. എന്തായിരുന്നു അയാള്‍ക്ക് എഴുത്തെന്ന്. ഒരുപക്ഷേ, മലയാള കഥയുടെ വരുംകാലങ്ങളായിരിക്കും ആ കഥകളിലേക്ക് ആഴ്ന്നിറങ്ങുക.

ഈ സവിശേഷമായ പശ്ചാത്തലത്തിലാണ്, നാലാമിടം കെ.യുഅബ്ദുല്‍ ഖാദറിലേക്കും അദ്ദേഹത്തിന്റെ കഥകളിലേക്കും വീണ്ടും സഞ്ചരിക്കുന്നത്. ജീവിച്ച കാലത്തൊന്നും നമുക്ക് വേണ്ടത്ര തിരിച്ചറിയാനാവാതിരുന്ന ആ വലിയ എഴുത്തുകാരനുള്ള ആദരമാണ് ഈ പ്രത്യേക പാക്കേജ്. കെ.യു അബ്ദുല്‍ ഖാദര്‍ എഴുതിയ നാലു കഥകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഒപ്പം, ആ ജീവിതത്തെ അടുത്തറിഞ്ഞ മൂന്നു പേരുടെ കുറിപ്പുകളുമുണ്ട്. മകളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. നസീം, അരനൂറ്റാണ്ടിലേറെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന കെ.എം ലെനിന്‍, അദ്ദേഹത്തിന്റെ നാട്ടുകാരന്‍ കൂടിയായ കെ.എച്ച് ഹുസൈന്‍ എന്നിവരുടെ കുറിപ്പുകള്‍.

കെ.യു അബ്ദുല്‍ഖാദറിന്റെ ലോകത്തേക്ക് നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ടീം നാലാമിടം
 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 
 
 

One thought on “കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

  1. Sri.K.U. Abdulkhadar ,we respectfully used to “kaadar saar” was close to me for over two decades as a friend and a colleague in the Kerala Agricultural University .But , never I could “identify” him as the author of a few stories I had read long back in Mathrubhumi written by ‘one’ Mr. K.U . Abdulkhadaer . A treasure house of knowledge and a voracious reader Mr. AbdulKhadar loved to be left alone in his own world -a world of letters and books .I have very fond memories of beautiful moments we spent together in the University and also of attempting to help a Vice-Chancellor in putting his “House” in order, a task no other person would ever dare to perform.Mr. Khadar knew only to love and to help others . Loved and respected by all the Vice-Chancellors he served ,right from Mr. Kaleeswaran , had great confidence in him and they shared with him many confidential matters in confidence. Mr. Abdukhadar will live for ever in the memories of his friends and loved ones.

Leave a Reply

Your email address will not be published. Required fields are marked *