സംശയിക്കേണ്ട സര്‍, ഇപ്പോ എന്റെ തലയിലാ കളിമണ്ണ്!

 
 
 
 
അന്നമ്മക്കുട്ടി ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെഴുതുന്നു. കളിമണ്ണിന്റെ റിവ്യൂ
 
 
എന്ത്കൊണ്ട് കളിമണ്ണ് പ്രേക്ഷകരെ സ്പര്‍ശിക്കാതെ പോകുന്നു എന്ന അന്വേഷണത്തിന്റെ കാതല്‍ ഇവിടെയാണ്. ആണ്‍ പ്രേക്ഷകരായിരുന്നു സംവിധായകന്റെ ടാര്‍ജറ്റ്. പ്രസവത്തേക്കാള്‍ സോളാര്‍ പോലുള്ള ഗോസിപ്പ് ഇതിഹാസങ്ങളിലാണ് അവമ്മാര്‍ക്ക് താല്‍പ്പര്യം എന്ന് തിരിച്ചറിഞ്ഞത് പിന്നെയാണ്. അതറിയാന്‍ സിനിമയുടെ പോസ്റ്ററുകള്‍ മാത്രം നോക്കിയാല്‍ മതി. പ്രസവ രംഗങ്ങള്‍ക്കോ ആ വിഷയത്തിനോ ആയിരുന്നില്ല പോസ്റ്ററുകളില്‍ പ്രാധാന്യം. ശ്വേതാമേനോന്റെ ശരീരവടിവുകളുടെ പ്രദര്‍ശനവും പ്രണയത്തിന്റെ ഉല്‍സവഛായയുമായിരുന്നു പോസ്റ്ററുകളില്‍ നിന്ന് കാണിയെ വിളിച്ചത് – അന്നമ്മക്കുട്ടി എഴുതുന്നു.
 

 

പ്രിയ സഹോദരീ സഹോദരന്‍മാരേ, മാതൃത്വത്തിന്റെ മഹനീയത വിളിച്ചു പറയുക എന്ന സോദ്ദേശ്യത്തോട് കൂടെ നമ്മുടെ ബ്ളെസ്സി സംവിധാനിച്ച കളിമണ്ണ് എന്ന സിനിമ കണ്ട് പിരാന്തായി പോയ നിങ്ങളുടെ കുഞ്ഞനിയത്തി അന്നമ്മക്കുട്ടി എഴുതുന്നത്. സിനിമയും വേണ്ട റിവ്യൂവും വേണ്ട എന്ന് തീരുമാനിച്ച് മമ്മൂക്കയുടെ വെള്ളിമല ഓഫ് ജവാന്‍ കണ്ട് പുറപ്പെട്ടുപോയ ഈയുള്ളവള്‍ തിരിച്ചുവരുന്നത് ഈയൊരു കന്നന്തിരിവ് കാണിച്ചാണെന്നത് എന്നെ കുറച്ചൊന്നുമല്ല നാണംകെടുത്തുന്നത്.

മുന്‍കൂട്ടി ആര്‍ക്കും പറയാവുന്നതുപോലെ, ഈ സിനിമയും തുടങ്ങുന്നത് അങ്ങ് മുംബൈയില്‍ നിന്നുതന്നെയാണ്. ഐറ്റം നമ്പര്‍ ഡാന്‍സുകാരിയുടെ ജീവിതമാണ് കഥ. അപ്പോള്‍ പശ്ചാത്തലം അറ്റ്ലീസ്റ്റ് മുംബൈയെങ്കിലുമാവണ്ടേ. ചെളി വാരിയെറിഞ്ഞ് മഴയത്ത് കുളിക്കുന്ന ഡാന്‍സിലൂടെയാണ് ബ്ളെസ്സി ശ്വേത അവതരിപ്പിക്കുന്ന മീരയെന്ന ഐറ്റം ഡാന്‍സര്‍ കഥാപാത്രത്തെ സിനിമയിലേക്ക് തള്ളിയിടുന്നത്. ലിംഗം കൊണ്ട് ചിന്തിക്കുന്ന ഏതോ ക്യാമറ ആണെന്നുതോന്നുന്നു. തലങ്ങും വിലങ്ങും ഹൈ ആംഗിളും ലോ ആംഗിളും വെച്ചുള്ള അയ്യരുകളിയാണ് സിനിമയില്‍. ശരീര പ്രദര്‍ശനമാണോയെന്നൊന്നും ആരും സംശയിക്കേണ്ടതില്ല. മാതൃത്വത്തിന്റെ മഹത്വം പറയുന്ന സിനിമയാണ്. പിന്നെ, പറയുന്നത് ഐറ്റം ഡാന്‍സുകാരിയുടെ കഥയാവുമ്പോള്‍, അതിനിച്ചിരി എരീം പുളീം ഒക്കെ സ്വഭാവികമാണ്. നീതി പുലര്‍ത്തണ്ടേ, നീതി!

എന്നാല്‍, എല്ലാരും ചെയ്യുന്നതുപോലെ ശരീരം വിറ്റു കാശാക്കാനൊന്നു നമ്മടെ ബ്ളെസ്സി സാറിനെ കിട്ടില്ല. സംഗതി കലയാണ്. കുണ്ടില്‍ കിടക്കുന്ന തവളകള്‍ക്കൊന്നും അതങ്ങ് തിരിയണമെന്നുമില്ല. ശ്വേതയുടെ ശരീരമൊന്നും അശ്ലീലമായി കാണിക്കണമെന്ന് അങ്ങോര് മനസ്സില്‍ പോലും നിരീച്ചിട്ടുണ്ടാവില്ല. കഥ വിട്ട് വേറൊരു സെറ്റപ്പില്ല പുള്ളിക്ക്. അതല്ലേ നമ്മുടെ സ്ഥിരം നമ്പറെല്ലാം അച്ചട്ടായി വന്നത്. കാമുകന്റെ ചതി , ഗര്‍ഭം അലസിപ്പിക്കല്‍ ആത്മഹത്യാ ശ്രമം ഡൈവറുടെ രക്ഷപ്പെടുത്തല്‍ , കല്യാണം ഹോ. ഇനി കഥ പറഞ്ഞുന്നും സ്പോയിലര്‍ അലര്‍ട്ട് തന്നില്ലാന്നും പറഞ്ഞ് കച്ചറയുണ്ടാക്കരുത്.
 

 
സോദ്ദേശ്യനാടക ബാലേ
പതിവുപോലെ, ഒരീസം ഭര്‍ത്താവ് അപകടത്തില്‍ പെട്ട് മസ്തിഷ്ക മരണം സംഭവിക്കുന്നു. കുട്ടുകാരിയുടേയും,കൂട്ടുകാരിയായ ഡോക്ടറിന്റെയും, ഗൂഗിളിന്റേയും സഹായത്തോടെ മീര മനസിലാക്കുന്നു, പാതി മരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞിനെ പ്രസവിക്കാമെന്ന്. നാട്ടിലെ നിയമത്തിനോടും സംസ്കാര പാലകരോടും യുദ്ധം ചെയ്ത് മീര കുഞ്ഞിനെ പ്രസവിക്കുന്നു. ശിഷ്ടകാലം ആദിവാസി കുടിലുകളില്‍ ഗര്‍ഭിണികള്‍ക്ക് മരുന്നും ഭക്ഷണവും ഉപദേശങ്ങളും വിതരണം ചെയ്ത് കാലം കഴിക്കുന്നു

കഥ കഴിഞ്ഞു .ഇനി കാര്യത്തിലേക്ക് കടക്കാം . നാളിന്നു വരെ ബ്ലെസി സംവിധാനിച്ച എല്ലാ ചിത്രങ്ങളിലും താഴേക്കിടയില്‍ പെടുത്താവുന്ന ഒരു സോദ്ദേശ നൃത്ത നാടക ബാലെ മാത്രമാണ് കളിമണ്ണ്. ഇത് പോലൊരു സിനിമയ്ക്ക് തലവച്ച ശ്വേതയോട് എല്ലാ സ്നേഹത്തോട് കൂടെയും സഹതാപം മാത്രം പറയുന്നു.

ഇത്രം കേള്‍ക്കുമ്പോ ദേ അന്നമ്മക്കുട്ടിയില്‍ ലക്ഷണമൊത്തൊരു മോറലിസ്റ്റ് തലപൊക്കുന്നുവെന്നാക്കെ ആര്‍ക്കും തോന്നാം. സ്വാഭാവികമാണ്. സാധാരണ സിനിമകളുടെ കാര്യമാണ് പറയുന്നതെങ്കില്‍ ആ നിരീക്ഷണം ഒ.കെ. ഇത് പക്ഷേ, കളിമണ്ണാണ്. മാതൃത്വത്തിന്റെ മഹത്വമാണ്. സ്ത്രീത്വത്തിന്റെ ഉയിര്‍പ്പുപെരുന്നാളാണ്. ഇത്തിരി കൂടി പിറകോട്ടുപോയാലേ അതൊക്കെ ശരിക്കങ്ങ് ബോധ്യമാവൂ. അതിനാല്‍, ഒരു ഫ്ലാഷ്ബാക്ക്. പ്രിയപ്പെട്ട വായനക്കാര്‍ അതിനുള്ള സീറ്റ്ബെല്‍റ്റ് ധരിക്കണമെന്ന് പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നു.
 

 
സോപ്പുകുമിളയുടെ പ്രസവം
ഇനി അതിലേക്കാണ്. ഈ സിനിമയെക്കുറിച്ചുള്ള സോപ്പുകുമിള വീര്‍ത്തുവന്നതെങ്ങിനെയെന്ന അന്വേഷണത്തിലേക്ക്. പതിവുപോലെ കോട്ടയം തന്നെയായിരുന്നു അതിന്റെയും പ്രഭവകേന്ദ്രം. മനോരമയില്‍ ഒന്നാംപേജില്‍ വന്നൊരു വാര്‍ത്ത. ശ്വേതാമേനോന്റെ പ്രസവം പൂര്‍ണ്ണമായും ക്യാമറയില്‍ പകര്‍ത്തി ബ്ലെസ്സി സിനിമയില്‍ പ്രദര്‍ശിപ്പിക്കുന്നു! ഓപ്പറേഷന്‍ തിയറ്റര്‍ മുഴുവന്‍ ക്യാമറകളാല്‍ പൊതിയുമെന്നതുപോലുള്ള ഒന്നൊന്നര ന്യൂസ് സ്റ്റോറിയായിരുന്നു അത്. കേട്ടപാതി കേള്‍ക്കാത്തപാതി ഓണ്‍ലൈനും അല്ലാത്തതുമായ സകല ഗുലാബികളും തിമിര്‍ത്താടി. പിന്നെ ആശ്ചര്യമായി, ചര്‍ച്ചകളായി, പ്രതിഷേധമായി, സദാചാര കടുംകാപ്പികളായി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മുതല്‍ ശോഭാസുരേന്ദ്രന്‍ വരെയുള്ളവര്‍ ഒറ്റശ്വാസത്തില്‍ വിവാദത്തിന്റെ മസാലക്കൂട്ടുകളായി. ലോക സിനിമയില്‍ ആദ്യം മുതലുള്ള സകല പ്രസവചിത്രീകരണങ്ങളും സമാനകലാപരിപാടികളും അക്കമിട്ട് നിരത്തി എതിര്‍വാദങ്ങളും കൊഴുത്തതോടെ പന്ത് ബ്ലെസ്സിയുടെ ട്രാക്കിലേക്കു വന്നു. ഇനിയുമിറങ്ങാത്ത സിനിമയെക്കുറിച്ചാണ് പറയുന്നതെന്ന ഓര്‍മ്മയില്ലാതെ ഭൂമിമലയാളമാകെ തലച്ചോറിലെ കളിമണ്ണ് ഖനനം ചെയ്തുകൊണ്ടേയിരുന്നു.

അതിനുശേഷമായിരുന്നു ശ്വേതയുടെ പ്രസവം. ചിത്രീകരണം. സിനിമയാവാനുള്ള മറ്റ് കലാപരിപാടികള്‍. നാട്ടുകാരൊക്കെ അപ്പോഴേക്കും കളിമണ്ണ് മറന്ന് സോളാര്‍ പോലുള്ള അതിവേഗ ബഹുദൂര മുച്ചീട്ടുകളികളില്‍ ഹരം കൊണ്ടിരുന്നു. പ്രസവ സിനിമയല്ല സക്ഷാല്‍ പ്രസവം തന്നെ ലൈവായി കാണിച്ചാലും നാട്ടുകാര് ന്യൂസ് ചാനലീന്ന് ഇറങ്ങാത്ത സ്ഥിതി. അതോടെയാണ് മറ്റൊരു മുത്തശ്ശി പത്രം വഴി അടുത്ത വാര്‍ത്താ ബോംബിട്ടത്. ഒന്നല്ല പലതാണ് കളിമണ്ണില്‍ പ്രസവരംഗം എന്നായിരുന്നു അമിട്ട്. ഓഹോ,പിന്നെയും വന്നോ എന്ന് ചിരിച്ച് നാട്ടുകാര്‍ പിന്നെയും ടി.വിയില്‍ മുഖംപൂഴ്ത്തി. ഇതോടെ അടുത്ത വെടി അനിവാര്യമായി.

തലശ്ശേരിയില്‍നിന്ന് പൊട്ടിയ ആ വെടി ആദ്യം ഏശിയില്ലെങ്കിലും സോളാര്‍ നാടകങ്ങള്‍ ഇതിനകം നാട്ടുകാര്‍ക്ക് മടുത്തെന്നു തിരിച്ചറിഞ്ഞ ചാനലുകള്‍ ലിബര്‍ട്ടി ബഷീറിന്റെ വക വെടി വഴിപാട് ആഘോഷമാക്കി. ഇല്ലാത്ത സിനിമയെച്ചൊല്ലിയായിരുന്നു പണ്ടത്തെ യുദ്ധമെങ്കില്‍ ഇത് ഉണ്ടായ സിനിമയെക്കുറിച്ചായിരുന്നു. പ്രസവം കാണാന്‍ ആറ്റുനോറ്റെത്തുന്ന പുരുഷജനങ്ങള്‍ തിയറ്ററുകള്‍ കത്തിക്കുന്നതിനാല്‍ ഇത് കാണിക്കുന്ന വിഷയമില്ല എന്നായിരുന്നു തിയറ്റര്‍ മുതലാളിമാരുടെ ഇണ്ടാസ്. അതേറ്റു. ആഹാ, അത്രയ്ക്കായോ എന്ന് മീശപിരിച്ചു, ബഹുജനം. ആവിഷ്കാര സ്വാതന്ത്യ്രം മുതല്‍ ആനപ്രസവം വരെ വിഷയമായപ്പോള്‍ കളിമണ്ണ് വീണ്ടും കളം പിടിച്ചു. പിന്നൊന്നും നോക്കിയില്ല, റിലീസ്!
 

 
സ്ക്രീനിലിരിപ്പും കയ്യിലിരിപ്പും
അപ്പോ പുടികിട്ടിയില്ലേ, ഇതാണ് കളിമണ്ണ് സിനിമ. പത്രക്കാരുടെ ഭാഷയില്‍ കളിമണ്ണ് വിവാദം. വരാനിരിക്കുന്ന സിനിമ എന്തായിരിക്കുമെന്ന് ബ്ലെസ്സി പലപ്പോഴായി പറഞ്ഞുവെച്ച വസ്തുതകള്‍ കൂടി ഇതോടൊപ്പം വായിക്കണം. സ്ത്രീയുടെ പ്രസവം എന്ന മഹത്തായ പ്രക്രിയ സ്വന്തം അമ്മയുടെ അമ്മമാരുടെ ഓര്‍മ്മ ഉണര്‍ത്താന്‍ ഉതകുമെന്നും വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനം പോലെയുള്ള പ്രവണതകള്‍ക്ക് പരിഹാരം ഇത് പോലെയുള്ള ബോധവല്‍ക്കരണമാണെന്നും മറ്റുമായിരുന്നു അത്. സിനിമ അഖിലലോക അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമര്‍പ്പിക്കുന്നെന്നും ടിയാന്‍ പറഞ്ഞുവെച്ചതോടെ സംഗതി തരക്കേടുണ്ടാവില്ലെന്ന് നാട്ടുകാര്‍ സംശയിച്ചുപോയി.

തര്‍ക്കവും ചര്‍ച്ചകളുമൊക്കെ പ്രെമോഷനായുള്ള കലാപരിപാടിയാണെന്നും അത്ര മോശമാവില്ല സിനിമയെന്നുമുള്ള ഈ വിചാരം പക്ഷേ സംവിധായകന് ഉണ്ടായിരുന്നില്ല. പുള്ളി അപ്പോഴും വിവാദങ്ങളില്‍ പെറ്റു കിടക്കുകയായിരുന്നു. പ്രേക്ഷകര്‍ മുഴുവന്‍ ഇതുമാലോചിച്ച് ഉറക്കമറ്റ് ഇരിക്കുകയായിരിക്കും എന്ന വിനയപൂര്‍വ്വമായ വിവരക്കേടില്‍നിന്നു തന്നെയാണ്, സംവിധായകന്റെയും തിരക്കഥയെഴുത്തുകാരന്റെയും വേഷമിട്ട ഉത്തരാധുനിക നിരൂപകന്‍ ബി ഉണ്ണികൃഷ്ണന്‍ മുതല്‍ സാറാ ജോസഫ് വരെയുള്ളവരെ പ്രേക്ഷകരെ ബോധവല്‍കരിക്കുവാന്‍ വേണ്ടി സംവിധായകന്‍ ശട്ടംകെട്ടിയത്. നാട്ടുകാര്‍ക്ക് വേറെ പണിയുണ്ട് എന്നറിയാത്ത ആ നിഷ്കളങ്കതയ്ക്ക് പക്ഷേ, വിലനല്‍കണ്ടി വന്നത് മുതലാളിമാര്‍ നേരത്തെ സംശയിച്ചതുപോലെ തിയറ്റര്‍ കസേരകളാണ്!

പറഞ്ഞുവന്നത് വേറൊന്നുമല്ല, ഇമ്മാതിരി ഡയലോഗടിച്ചശേഷം ഐറ്റം ഡാന്‍സുകളുമായി ഇറങ്ങിത്തിരിക്കുന്നവരുടെ മനസ്സിലിരിപ്പിനെ കുറിച്ചാണ്. പ്രേക്ഷകരെക്കുറിച്ചുള്ള അബദ്ധധാരണകളില്‍നിന്നുമാണ് അതു മുഴുവന്‍ ഉരുത്തിരിഞ്ഞു വന്നത്. പ്രസവ രംഗമുണ്ടാവും എന്നറിഞ്ഞാല്‍ ആണുങ്ങളായ ആണുങ്ങളൊക്കെ തിയറ്ററില്‍ ചെന്നു പെറ്റുകൂട്ടുമെന്നതായിരുന്നു ആദ്യ ധാരണ. ലോകസിനിമാ ഹാര്‍ഡ് ഡിസ്കുകളുടെയും യൂ ട്യൂബിന്റെയും ഇക്കാലത്ത് നാട്ടുകാര്‍ക്ക് അത്രയൊന്നും കഷ്ടപ്പെടേണ്ടതില്ല എന്ന സിംപിള്‍ ലോജിക് പുള്ളി മറന്നു. ഒളിഞ്ഞുനോട്ടവും ഗോസിപ്പടിയും പെണ്ണുങ്ങളെ തെറിപറയലും തോണ്ടലും മാന്തലുമൊക്കെയാണ് കൈയിലിരിപ്പെങ്കിലും കാശുംമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്ന അവസ്ഥയില്‍നിന്ന് മലയാളി പുരുഷന്‍മാര്‍ മെച്ചപ്പെട്ടിരിക്കുന്നു എന്ന കാര്യം സംവിധായകനറിഞ്ഞില്ലെങ്കിലും പ്രേക്ഷകരറിഞ്ഞു. തിയറ്ററില്‍ അന്നമ്മ കണ്ട ആണ്‍ കൌതുകങ്ങളെല്ലാം അതു വിളിച്ചോതുന്നുണ്ടായിരുന്നു.
 

 
കച്ചവടക്കണ്ണ് അത്ര മോശം കണ്ണല്ല, പക്ഷേ…
എന്ത്കൊണ്ട് കളിമണ്ണ് പ്രേക്ഷകരെ സ്പര്‍ശിക്കാതെ പോകുന്നു എന്ന അന്വേഷണത്തിന്റെ കാതല്‍ ഇവിടെയാണ്. ആണ്‍ പ്രേക്ഷകരായിരുന്നു സംവിധായകന്റെ ടാര്‍ജറ്റ്. പ്രസവത്തേക്കാള്‍ സോളാര്‍ പോലുള്ള ഗോസിപ്പ് ഇതിഹാസങ്ങളിലാണ് അവമ്മാര്‍ക്ക് താല്‍പ്പര്യം എന്ന് തിരിച്ചറിഞ്ഞത് പിന്നെയാണ്. അതറിയാന്‍ സിനിമയുടെ പോസ്റ്ററുകള്‍ മാത്രം നോക്കിയാല്‍ മതി. പ്രസവ രംഗങ്ങള്‍ക്കോ ആ വിഷയത്തിനോ ആയിരുന്നില്ല പോസ്റ്ററുകളില്‍ പ്രാധാന്യം. ശ്വേതാമേനോന്റെ ശരീരവടിവുകളുടെ പ്രദര്‍ശനവും പ്രണയത്തിന്റെ ഉല്‍സവഛായയുമായിരുന്നു പോസ്റ്ററുകളില്‍ നിന്ന് കാണിയെ വിളിച്ചത്.

മാധ്യമ ചര്‍ച്ചകളില്‍ പ്രസവ വിഷയം എടുത്തിടുക, പോസ്റ്ററുകളിലൂടെ ലക്ഷണമൊത്തൊരു പ്രണയ സിനിമാ പ്രതീതി ഉണ്ടാക്കുക എന്ന സാധാരണ മാര്‍ക്കറ്റിങ് തന്ത്രം തന്നെ. എന്നാല്‍, അതിനുള്ള കോപ്പൊന്നും പടത്തിലില്ലായിരുന്നു. അതി വൈകാരികതയും , അതി നാടകീയതയും മാത്രമായിരുന്നു സിനിമയിലിരിപ്പ്. അത് കുത്തി നിറച്ച് പ്രേക്ഷകരുടെ കണ്ണു നിറപ്പിച്ച് കയ്യടി നേടാമെന്ന കണക്ക് കൂട്ടലാണ് ഇവിടെ അമ്പേ പാളിയത്.

കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള ഒരു ചലച്ചിത്രകാരന്റെ സമീപനത്തെക്കുറിച്ചാണ് ഞാനീ പറയുന്നത് മുഴുവന്‍. ഒന്ന് പറയുകയും മറ്റൊന്ന് ഉന്നം വെക്കുകയും മൂന്നാമതൊരെണ്ണം നടപ്പാക്കുകയും ചെയ്യുന്ന ലോക്കല്‍ കച്ചവടക്കണ്ണ് മാത്രമാണത്. ഭാവനയുടെ അസാരം കുറവുണ്ട്. അതിനാലാണ് മേല്‍പ്പറഞ്ഞ കച്ചവടക്കണ്ണ് ചട്ടപ്പടി സിനിമാ കാഴ്ചകളില്‍ മാത്രം ഫ്രീസായിപ്പോവുന്നത്. അത്രയുമേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.
 

 
ഒളിച്ചുകടത്തുന്നത്
മാതൃത്വത്തിന്റെ പേരില്‍ കൃത്യമായ കച്ചവടക്കണ്ണോടെ ബ്ളെസ്സി ഒളിച്ച് കടത്തുന്നത് എന്തൊക്കെയാണെന്ന് കൂടി പറയേണ്ടതുണ്ട്. അതിലൊരെണ്ണം ലൈഫ്സെല്‍ എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പരസ്യമാണ്. ( ലിങ്ക് തന്ന് ഹിറ്റ് കൂട്ടുന്നില്ല താല്‍പര്യമുള്ളവര്‍ക്ക് തപ്പിയെടുക്കാം ) ലൈഫ്സെല്ലിന്റെ പുതിയ ഒരു ഉല്‍പ്പന്നത്തെ പരിചയപ്പെടുത്താന്‍ വരെ ഒരു സീനെഴുതി പിടിപ്പിച്ചിട്ടുണ്ട് . അതു പോലെ തന്നെ കിന്‍ഡര്‍ എന്ന ഐ വി എഫ് കേന്ദ്രവും പല രംഗങ്ങളിലായി സീനില്‍ വരുന്നുണ്ട്.

അതിനാടകീയമായ രംഗങ്ങള്‍ക്ക് പ്രസവത്തോടെ അറുതി വരുമെന്ന് കരുതുന്ന പ്രേക്ഷകന്റെ തലയില്‍ കളിമണ്ണാണെന്ന് പറയുകയേ നിവൃത്തിയുള്ളൂ. ശ്രീകണ്ഠന്‍ നായര്‍ ഷോയും , നിയന്ത്രണ രേഖ പോലുള്ള പരിപാടികളും അവസാന രംഗങ്ങളില്‍ നിറയുന്നുണ്ട്. ആരോപണങ്ങളോട് സിനിമ കൊണ്ടാണ് മറുപടി പറയേണ്ടത് ബ്ളെസ്സി സാര്‍. ചാനല്‍ ചര്‍ച്ച സ്വന്തം സ്ക്രിപ്റ്റില്‍ സിനിമയില്‍ കാണിച്ച് കാണികളെ കൊണ്ട് കയ്യടിപ്പിച്ചല്ല. സംസ്കാരത്തിന്റെ കാവല്‍ മാലാഖമാരായി ഒരു മുസ്ളിം വനിതയെ ഒരു ചാനലിലും ഹിന്ദു വനിതയെ മറ്റൊരു ചാനലിലും കാണിച്ചുള്ള പെട്ടിത്തൂക്കം ബാലന്‍സിങ്ങിലും അല്ല.

കഥ തിരക്കഥ സംഭാഷണം സംവിധാനം ഇതിലൊന്നിലും തിങ്കള്‍ മുതല്‍ വെള്ളി വരെ ലോകമാസകലമുള്ള മലയാളികളെ ശ്വാസം മുട്ടിക്കുന്ന സീരിയല്‍ സംവിധായകന്റെ മികവ് പോലും പറയാനില്ല. അരോചകമായ സന്ദര്‍ഭങ്ങളുടെ നിര്‍മ്മിതി മുതല്‍ പത്ര സംസ്കാരവും ഭാഷയും കൃത്യമായി ഉപയോഗിക്കുന്നു മലയാള ഭാഷ ( മലയ് എന്നൊരു ഭാഷയുണ്ട് അതല്ല കേട്ടോ ) .അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്ത ഭോഷത്തരങ്ങളുടെ ഘോഷയാത്രയാണീ കളിമണ്ണ് (ആരുടെ തലയില്‍ ആണ് അതെന്നതില്‍ തല്‍ക്കാലം എനിക്കെങ്കിലും സംശയമില്ല, സംശയിക്കേണ്ട സര്‍, അത് ഞങ്ങള്‍ പ്രേക്ഷകരുടെ തലയില്‍തന്നെയാണ്!)

ബ്ളെസ്സി എന്ന സംവിധായകനെ ഒഴിവാക്കിയാല്‍ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ഇതര വിഭാഗത്തില്‍ സതിഷ് കുറുപ്പ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സിനിമ അര്‍ഹിക്കുന്ന മൂഡ് പ്രദാനം ചെയ്യാന്‍ ക്യാമറയ്ക്കായിട്ടുണ്ട്. ഐറ്റം ഗാനങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ ഒഴിവാക്കുന്നു. ലാലീ ലാലീ എന്നു തുടങ്ങുന്ന ജയചന്ദ്രന്‍ ഒരുക്കിയ മനോഹര ഗാനം മാത്രം എല്ലാത്തിനുമിടയില്‍ കാതില്‍ തങ്ങിനില്‍ക്കുന്നു.
 

 
ഇത്രയും കൂടി:
ഇനി പറയാനുള്ളത് ലിബര്‍ട്ടി ബഷീറിനോടാണ്. ഒരു ജനതയെ മുഴുവന്‍ രക്ഷപ്പെടുത്താനുള്ള മുഴുവന്‍ വകയും കൈയിലുണ്ടായിട്ടും അതൊന്നും എടുത്തുചാര്‍ത്താതെ ഈ കടുങ്കൈക്ക് അരങ്ങൊരുക്കിയത് ശുദ്ധ തോന്ന്യാസമാണ് സര്‍. ഈ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടില്‍ അങ്ങ് ഉറച്ച് നിന്നിരുന്നെങ്കില്‍, 180 രൂപ ടിക്കറ്റിനും , 40 രൂപ പച്ച വെള്ളത്തിനും , നൂറു രൂപ പോപ്കോണിനും എനിക്കെങ്കിലും പോവില്ലാരുന്നു.

ബ്ലെസ്സി സാറിനോടും പറയാനുണ്ട്. അറിയാതെ ചെയ്തുപോയതാണെങ്കിലും സാറുമൊരു വലിയ പുണ്യം ചെയ്തുവെച്ചിട്ടുണ്ട്. മറ്റാരോടുമല്ല, ഇതോപോലെ പുലി വരുന്നേ പുലിയെന്ന് പറഞ്ഞ് ഒരു നാടിന്റെ മുഴുവന്‍ സ്വൈര്യം കെടുത്തിയശേഷം നനഞ്ഞ ഓലപ്പടക്കവുമായി ടി.വിയിലെത്തിയ സാക്ഷാല്‍, മഞ്ജുവാരിയരോട്. അമിതാബ് ബച്ചനൊപ്പം നടിച്ച ആ പരസ്യത്തിനു നീക്കിവെച്ച തെറിവിളികള്‍ കുറേക്കാലത്തേക്കെങ്കിലും ഒന്ന് വകമാറ്റിക്കൊടുത്തതില്‍ ആയമ്മയ്ക്ക് അങ്ങയോട് ഒത്തിരി കടപ്പാടുണ്ടാവും. ഭേദം മഞ്ജുവാരിയരുടെ പരസ്യമാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുക അത്ര മോശം കാര്യമാണോ?

20 thoughts on “സംശയിക്കേണ്ട സര്‍, ഇപ്പോ എന്റെ തലയിലാ കളിമണ്ണ്!

 1. ഞാനും കളിമണ്ണ് കണ്ടു. നല്ല സിനിമയാണ്. വെറുതെ നിങ്ങളെല്ലാം കൂടി അതിനെ ചീത്ത വിളിക്കുകയാണ്.

 2. സിനിമ ഇറങ്ങാന്‍ പോലും സമയമില്ല, അതിനുംമുമ്പേ നിരൂപിക്കന്‍ വരും. നിര്‍ത്തിക്കൂടേ ഈ പരിപാടി.

 3. നിങ്ങള്‍ക്കൊക്കെ തോന്ന്യാസം സിനിമ ഉണ്ടാക്കാം. അതിനെ കുറിച്ച് കാശുമുടക്കുന്ന പ്രേക്ഷകന് പറയാന്‍ പാടില്ല. ഇതെനന്ത് ന്യായമാണ്?

  • Oru sthreepaksha cinemayo kathayo parayaan oru sthreekke kazhiyoonn sthaapikkanulla olithanthramaanu e pollayaaya cheethaviliyum shuddhamandatharangalum niranja review..oppam lokath oraal thaan aathmahathya cheyyukayaanenn lokathulla thande suhruthukkale ariyikkan fb yil post cheythal athu polum like cheyyunna buddhishoonyaraaya fb jeevikalude like adichu vaangaanulla thanthraum…
   Cinemayile kathayude saahacharyangalk anusarichaanu athile rangalum mattum ezhuthukayum chithreekarikkukayum cheyyendathu..athu maathramaanu Blessy nna malayalathinde priyasamvidhaayakan malayalathile ekkalatheyum mikacha cinemakalil onnaaya ‘Kalimaann’iloode cheythirikkunnathum…
   Kazhinja ethrayo varshangalkidayil malayalathil undayittulla ettaum hridayasparshiyaya cinema, athayirunnu enikk ‘Kalimannu’..ath kandirunna 2:30 manikkoor njaan ellaam marann aa cinemayum athile kathayum aaswadikkukayayirunnu, ath kazhinj irangiyittum aa shockil ninn mochithanaavaan enikk saaddhicilla..allathe naayikayude item dancil olippichuvechu nn lekhika parayunna laingikathayo shareeravadivo alla nokki irunnathu…
   Theercahyayum maathruthwatheyum snehatheyum kurikkunna athyathikam mikacha oru malayala cinema thanneyaanu ith..ath oru prekshakan aaya enne, athum oru purushan aaya enne, 100% um ettaum aazhathil sparshichu enna thurannu parachil ithupoloru bhosha review vaayichittu vendivannu ennathil njaan khedikkunnu…
   Purushanmaare adach aakshepikkukayum parasyamaayi cheethavilikkukayum maathram lakshyamaakkunna ‘sthree ezhuthukaar’ ennu chamanju nadakkunna chilarude(ellavarum orikkalum anganeyalla.yathartha sthree ezhuthukareyum sthreekaleyum ere bahumanikkunnu.) hunkinde jalpanangal maathramaanu directorkkum e manohara cinemaykkum ethireyulla e cheethavili…ithukand aarum ithrayum nalloru cinema nashtappedutharuth…
   Penninu- ammaykkum sahodarikkum pranayinikkum makalkkum bharyakkum, aaninum- ath bharthaavo pranayithaavo makano achano sahodarano aarumaavatte, hridayathil nanma sookshikkunna ethoru nalla manushyanum kaanaanum aaswadikkanum pattunna mikachoru chithramanu ‘Kalimannu’…
   (ithrayum paranjath nalloru chithratheyum kathayeyum thakarkkanum oru nalla samvidhaayakande nere chelivaari eriyuka enna dushlaakkodu koodiyulla oru sramaum oru doshayikadrikkinde ezhuthukalum kand manass vedanichittaanu..allathe samvidhaayakanu vendi sthuthipaadaan addeham ente swathakkarano bandhuvo suhrutho enthinu oru parichayakkaaran polumalla.)

 4. A really good review. Blessy is a mediocre director, to put it simply. Kaazcha was an okay film. Thanmaathra was a below average movie. The whole brouhaha created over Swetha’s delivery was nothing but a cheap marketing trick.

 5. സത്യം പറഞ്ഞാല്‍ ഞാന്‍ ഈ നാലാമിടത്തില്‍ കയറി ഇറങ്ങാന്‍ ഉള്ള ഒരേയൊരു കാരണം ഈ അന്നമ്മ ചേച്ചിയുടെ സിനിമാ നിരൂപണമാണ് . ശരിക്കും ഒരു എം കൃഷ്ണന്‍ നായര്‍ സ്റൈല്‍ . കലക്കി അന്നമ്മ ചേച്ചീ………….കിടിലന്‍ നിരൂപണം. ബ്ലെസിയെ കൊന്നു കൊലവിളിച്ചു. എല്ലാ ഭാവുകങ്ങളും. ഇനി അടുത്ത നിരൂപനതിനായി കാത്തിരിക്കുന്നു.

 6. ഇത്രയും കാലം എവിടെയായിരുന്നു?ഓൺലൈൻ പുലികളെല്ലാം തിരികെയെത്തുന്ന കാലമാണല്ലോ…ഇനി ഇവിടെയൊക്കെ തന്നെ ഉണ്ടാകണേ

 7. ബ്ലസ്സി സംവിധയകർക്കിടയിലെ വ്യാജൻ ആണ് . ‘കാഴ്ച ‘ മുതൽ ഇങ്ങോട്ടുള്ള എല്ലാ ബ്ലസ്സി ചിത്രങ്ങളും വിജയിപ്പിച്ചെടുത്തത്‌ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ മാത്രമാണ്. തനിയാവർത്തനത്തിലെ ബാലൻ മാഷെയും കടത്തി വെട്ടിയിരിക്കുന്നു കാഴ്ച്ചയിലെ മാധവൻ എന്ന ‘കാഴ്ച്ച ‘ പോസ്റ്റർ തൊട്ടു പ്രസവം ചിത്രീകരിച്ച് മനപ്പുർവ്വം വിവാദമുണ്ടാക്കി വിജയിപ്പിച്ചെടുക്കാൻ ശ്രമിച്ചു പരാജയപെട്ട ‘കളിമണ്ണ് ‘ വരെ വെളിവാക്കുന്നത് ഈ സത്യത്തെ തന്നെ.

 8. അന്നമ്മ ചേച്ചി വളരെയധികം ഇഷ്ട്ട്ടപ്പെട്ടു എനിക്ക് ഈ നിരൂപണം.

  മലയാളികളെ വെറും മണ്ടന്‍മാര്‍ ആക്കാം എന്ന മോഹത്തില്‍ ഇതു പോലെ
  ഒരുപാട് കച്ചവടമാക്കുന്ന സിനിമകള്‍ (ലേഡീസ് &ജെന്റില്‍മാന്‍ ,റെഡ് വിനെ …) സംവിധാനംചെയ്യുന്ന ചെയ്യുന്ന ഇവരൊക്കെ പിന്നെ എന്തിനു പണ്ടിറ്റിനെ എതിര്‍ക്കുന്നു ?(ഞാനൊരു പണ്ഡിറ്റ്‌ ഫാന്‍ അല്ലട്ടോ )

 9. പണ്ഡിറ്റ്‌ജിയുടെ കൃഷ്ണനും രാധയ്ക്കും ശേഷം കണ്ട ഏറ്റവും കൂതറ പടമാണ് ചെളിമണ്ണ്

  • മാതൃത്വത്തിന്റെ ഒരു ഉണ്ടയും ഇതിലില്ല …പ്രസവിക്കുന്നതിനു ഒരാഴ്ച മുൻപു വരെ ജോലിക്ക് പോകുന്ന ഒരു middle ക്ലാസ്സ്‌ ഗർഭിണി അനുഭവിക്കുന്നതിന്റെ ഒരു ശതമാനം ബുദ്ധിമുട്ട് പോലും ഈ സിനിമയിലെ നായിക അനുഭവിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *