മനോരാജ്യങ്ങളിലെ രാഷ്ട്രീയം:മേതില്‍ കഥകളുടെ രാഷ്ട്രീയ വായന

 
 
 
 
സര്‍ജുവിന്റെ മേതില്‍ വായന. മൂന്ന് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്ന പഠനത്തിന്റെ ആദ്യഭാഗം.

 

 
ഒരു കൃതിയുടെ രാഷ്ട്രീയമാനങ്ങള്‍, വിവക്ഷകള്‍,സാധ്യതകള്‍ അതിലടങ്ങിയ സൌന്ദര്യ ഊര്‍ജ്ജം ഇവയൊക്കെയും സ്ഥലകാലങ്ങളിലെ മാറ്റത്തിനൊത്തു വ്യത്യസ്തമായി വരും. അതിനാല്‍ കൃതിയുടെയും എഴുത്തുകാരുടെയും രാഷ്ട്രീയം എല്ലായ്പ്പോഴും ഒത്തുപോകണമെന്നില്ല. പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളുള്ള വലിയ വിഭാഗം എഴുത്തുകാരെ അവരുടെ കൃതികള്‍ ഒറ്റുന്ന കാഴ്ച മലയാളത്തില്‍ സാധാരണമാണ്. സംഭാഷണങ്ങളില്‍, പ്രസംഗങ്ങളില്‍ രാഷ്ട്രീയ ബോധം പ്രകടിപ്പിക്കുന്നവര്‍ രചനകളില്‍ അരാഷ്ട്രീയക്കാരായി മാറുന്നു. എന്നാല്‍ പുറത്ത് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്തവരും ചിലപ്പോള്‍ അരാജകമായി സംസാരിക്കുന്നവരുമായ അപൂര്‍വ്വം എഴുത്തുകാര്‍ രചനകളില്‍ രാഷ്ട്രീയ കൃത്യതയും സൂക്ഷ്മതയുമുള്ളവരാകുന്നുണ്ട്. ഈ രണ്ടാം വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണന്‍. അത്തരമൊരാളുടെ കഥകളുടെ രാഷ്ട്രീയ ശരികളിലേയ്ക്കുള്ള അന്വേഷണമാണ് ഈ കുറിപ്പ്.
 

മനുഷ്യർക്കു മുന്നേ നായ്ക്കൾ മണം പിടിച്ചോടുന്നപോലെ ജന്തുലോകത്തിന്റെ ചില സെൻസുകൾ മനുഷ്യരെ പിന്നിലാക്കുന്നതിന്റെ അടിസ്ഥാനപ്രശ്നങ്ങൾ ഈ കഥകളുടെ കാതലിലുണ്ട്.അത് വിനിമയത്തിന്റെ ഒന്നാം പാഠമാണ്. ഒരു മന്ദനെ പോത്തേ എന്ന് വിളിക്കുമ്പോൾ തല ഉയർത്തി ചെവി വട്ടം പിടിക്കുന്ന പോത്തിനെ, അതിന്റെ മൃഗധ്യാനത്തെ നാം പരിഗണിക്കുന്നതേയില്ല.


വിലക്ഷണമായ ചെവികള്‍
 

നമ്മള്‍ ഇതിഹാസങ്ങള്‍ തന്നെ ചെവിക്കൊള്ളുകയായിരുന്നു. അല്ലെങ്കില്‍ ചെവിക്കൊള്ളാതിരിക്കുകയായിരുന്നു.കഥകള്‍ കേട്ടോ കേട്ടോ എന്നിടയ്ക്ക് ചോദിച്ചുറപ്പാക്കുന്നതുകൊണ്ടാകണം മുഖവുമായുള്ള എല്ലാ അനുപാതബന്ധവും പൊളിച്ച് ചെവികള്‍ വളര്‍ന്ന് വിലക്ഷണമായത്.മേതിലിന്റെ കഥകള്‍ വാമൊഴിവഴിയോട് കൂറുമുറിച്ചത് ഇതുകൊണ്ടാകാം. കഥയും നിരൂപണവും മാത്രമല്ല നമ്മുടെ നാടകവും സിനിമയും അടക്കം ദൃശ്യകലകള്‍ തന്നെ കഥാപ്രസംഗ സ്വാധീനങ്ങളില്‍നിന്നു സ്വതന്ത്രമായിരുന്നില്ല. ഒരാളുടെ പ്രസ്താവനയ്ക്ക് മറ്റൊരാള്‍ നല്‍കുന്ന മറുപടിയും അതിന്റെ പ്രതികരണങ്ങളും വിവാദങ്ങളുമടക്കം രാഷ്ട്രീയമെന്നത് അതിന്റെ പ്രായോഗീകതയെ പരിഹാസ്യമാക്കി ഒരു പുതിയ വാമൊഴികലാരൂപമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കഥമാമന്മാരില്‍നിന്നും മാമിമാരില്‍നിന്നും പൂര്‍ണ്ണമായും എഴുത്തിലേയ്ക്കു തിരിയുന്ന കഥയിലെ മേതില്‍ വഴി, പാരമ്പര്യ വിഛേദം എന്നതിനപ്പുറം സവിശേഷ ശ്രദ്ധ നേടുന്ന ഒന്നാണ്.

എഴുത്തിനെ ചിത്രവേലയോട് അടുപ്പിച്ചവരുണ്ട്. എന്നാല്‍ കണ്ണ്, കാത്, മൂക്ക്, നാക്ക്, തൊലി ഇങ്ങനെ അഞ്ച് ഇന്ദ്രിയവാതിലുകളും ഒരുപോലെ തുറക്കുന്ന അസാധാരണമായ ആഖ്യാന രീതിയാണ് മേതില്‍കഥകള്‍ക്കുള്ളത്.മലയാള സാഹിത്യത്തില്‍ അടഞ്ഞുകിടന്ന, പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന ചില സെന്‍സുകള്‍ എങ്ങനെ പ്രവര്‍ത്തിച്ചുതുടങ്ങി എന്ന് ഈ കഥകളിലെ മണം, സ്പര്‍ശം, രുചി എന്നിവ മുന്‍ നിര്‍ത്തി വിശദമായി പഠിക്കാവുന്നതാണ്. ഇന്ദ്രജാലത്തിന്റെ അതിശയ വഴികളില്‍ മേതിലീയന്‍ ആഖ്യാനങ്ങള്‍ പലപ്പോഴും കണ്ണുകെട്ടുന്നതുകൊണ്ടാകണം മറ്റിന്ദ്രിയങ്ങളുടെ ഈ തുറക്കല്‍. അതിനപ്പുറം ഭൌതികതയെ മാത്രം ആശ്രയിച്ചുള്ള ഒരു സൌന്ദര്യലോകം നിര്‍മ്മിക്കുമ്പോള്‍ ഇന്ദ്രിയക്ഷമതയ്ക്കുള്ള പങ്ക് നിര്‍ണ്ണായകമായിരിക്കും.

മനുഷ്യര്‍ക്കു മുന്നേ നായ്ക്കള്‍ മണം പിടിച്ചോടുന്നപോലെ ജന്തുലോകത്തിന്റെ ചില സെന്‍സുകള്‍ മനുഷ്യരെ പിന്നിലാക്കുന്നതിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ ഈ കഥകളുടെ കാതലിലുണ്ട്.അത് വിനിമയത്തിന്റെ ഒന്നാം പാഠമാണ്. ഒരു മന്ദനെ പോത്തേ എന്ന് വിളിക്കുമ്പോള്‍ തല ഉയര്‍ത്തി ചെവി വട്ടം പിടിക്കുന്ന പോത്തിനെ, അതിന്റെ മൃഗധ്യാനത്തെ നാം പരിഗണിക്കുന്നതേയില്ല.

വാമൊഴിവഴിയില്‍ നിന്നകന്നു സഞ്ചരിക്കുമ്പോള്‍ ഒന്നിനും കാതോര്‍ക്കുന്നില്ല, അല്ലെങ്കില്‍ ബധിരമാകുന്നു എന്നര്‍ത്ഥമില്ല.മഴയത്ത് ചെവിയില്‍ വിരല്‍ തിരുകിയും എടുത്തും കുട്ടികള്‍ സംഗീതമുണ്ടാക്കുന്നപോലെ ഈ കഥകള്‍ ഇടയ്ക്ക് ചെവിയില്‍ വിരല്‍ തിരുകുന്നു. വിജനത എന്ന പോലെ വിനിമയവും മേതില്‍ എഴുത്തിന്റെ പാസ് വേഡ് ആകയാൽ എല്ലാസാധ്യതകളും സ്വാഭാവികമായും ഉപയോഗിക്കപ്പെടുന്നു. ഇടയ്ക്ക് കഥകള്‍ സംഗീതത്താല്‍ ഏകാഗ്രമാകുന്നുണ്ട്, ചെവികൂര്‍പ്പിക്കപ്പെടുന്നുണ്ട്. ചോരയില്‍ പച്ചകുത്തപ്പെട്ട താളം മരങ്ങളുടെ പൂവിളികള്‍ക്കൊപ്പം തായമ്പകയുടെ താളമായി നിലകെട്ടി ഉയരും. എന്നാല്‍ തായമ്പക തിമിര്‍ക്കുന്നവര്‍ക്കു പിന്നില്‍ ആവേശത്തോടെ വായുവിലേയ്ക്ക് ഉയരുന്ന വെളുത്ത തൂവാലകളുടെ ശബ്ദവും അവരോഹണത്തിന്റെ അടിത്തട്ടില്‍ ഈ കഥകള്‍ കേള്‍പ്പിക്കും.

ആല്‍ഫ്രഡ് ഹിച്കോക്കിന്റെ പ്രേമഗാനത്തില്‍ ചടച്ച ശരീരമുള്ളൊരു സാല്‍വേഷന്‍ ആര്‍മി അത്യുച്ചത്തില്‍ വാദ്യങ്ങള്‍ മുഴക്കിക്കൊണ്ട് പ്രേമിക്കുന്ന മനസിലൂടെ കടന്നുപോകുന്നത് സംഗീതത്തിന്റെ ഒരു താരയായ് തെളിയും. അത് ഏത് കുഴലിലും ഏത് തന്ത്രിയിലും തുളയിലും ഇരുണ്ടു നിഗൂഢമായ അര്‍ത്ഥങ്ങളെ, സമയത്തെ എന്നകണക്ക് മുന്നോട്ടു കൊണ്ടുപോകും. സമയകലയായ് ചരിക്കെ കാലത്തെ ധ്യാനാത്മകമാക്കും. അപ്പോള്‍ നാം ‘ഇരമ്പം നിന്ന് വീണ്ടും തുകലായ ഒച്ചയുടെ മൃഗം പോലെ ഭൂദൃശ്യങ്ങള്‍ ചലനമറ്റുകിടക്കുന്നു ‘എന്ന് വായിക്കും.കൊറ്റി വരമ്പില്‍ ഇറങ്ങിനിന്ന് ഒരു കാല്‍ പിന്‍ വലിക്കും. ചെണ്ടക്കോല്‍ പിന്‍വാങ്ങും.

 

ഈ കഥകളിൽ ഭൂമിയുടെ ആകർഷണ വലയത്തിന് പുറത്തുള്ള ഒരു പദാർത്ഥലോകമുണ്ട്. വായുവിൽ പൊടിപടലം കണക്ക് പന്തുകളും വടികളും കോപ്പകളും കത്തികളും പാറി അലയുന്നു.അതൊരു അത്ഭുത ലോകമല്ല. Painting: Salavdor Dali


 
ഭാവനയുടെ കാട്ടില്‍ ഒരു വയണ, ഒരത്തര്‍ മരം
ജീവിതത്തില്‍ നിന്ന് വലിച്ച്കീറിയൊരു ഏട് എന്ന് ഒരാള്‍ സ്വന്തം സാഹിത്യത്തെ ഇപ്പോഴും വിശേഷിപ്പിക്കുമെങ്കില്‍ അയാളൊരു കണ്ടെഴുത്തുപിള്ള ആയിരിക്കണം. സാഹിത്യം ജീവിതഗന്ധിയായിരിക്കണം എന്നതിന് ജീവിതത്തിന്റെ ഒരു മണം വെണമെന്നേ പോയ കാലം പോലും ഉദ്ദേശിച്ചിട്ടുള്ളൂ. ഭാവനയുടെ കാട്ടില്‍ ഒരു വയണ, ഒരു അത്തര്‍ മരം അത്രയേയുള്ളൂ. പച്ചയായ ജീവിതവും യഥാതഥമായ ആഖ്യാനവും നമ്മുടെ കഥകളുടെ പൊതു സ്വഭാവമായിരിക്കുന്നതിന് പിന്നില്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് യാഥാര്‍ത്ഥ്യങ്ങളെ മുന്‍ നിര്‍ത്തുന്നത് തങ്ങളുടെ കലയ്ക്ക് വിശ്വാസ്യതയും സ്വീകാര്യതയും നല്‍കുമെന്ന് വലിയൊരു വിഭാഗം എഴുത്തുകാര്‍ കരുതുന്നു. ഇതിലുള്ളത് ആത്മവിശ്വാസത്തിന്റെയും ആധികാരികതയുടെയും പ്രശ്നങ്ങളാണ്.രണ്ടാമത്തേത് ദൈനംദിന ജീവിതത്തിലൂടെ അല്ലാതെ കലയെ സാമൂഹികതയിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കും നയിക്കാന്‍ വേണ്ട വിഭവശേഷിയുടെ കുറവാണ്.

അവാസ്തവികതയിലേയ്ക്കോ അമൂര്‍ത്തയിലേയ്ക്കോ ഭ്രമാത്മകതയിലേയ്ക്കോ പ്രവേശിക്കാതെ യാഥാര്‍ത്ഥ്യങ്ങളെ മാറ്റിമറിക്കുന്നത് മേതില്‍ കൃതികളുടെ അടിസ്ഥാന സ്വഭാവ വിശേഷമാണ്.അതിന് നിത്യജീവിതത്തില്‍ കാര്യമായ താത്പ്പര്യമില്ല.”ചിലര്‍ പരിചയക്കാരെ ഒഴിവാക്കാന്‍ പത്രം പൊക്കിപ്പിടിച്ച് മുഖം മറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.ഓരോ ദിവസവും ഉണരുമ്പോള്‍ ആത്മാവില്‍ നിന്ന് തുറിച്ച് നോക്കുന്ന ശൂന്യതയെ പേടിച്ചാവും ആളുകള്‍ ന്യൂസ് പേപ്പറില്‍ തലപൂഴ്ത്തുന്നതെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.അല്ലെങ്കില്‍ ഇക്കാണുന്ന ജനം മുഴുവന്‍ ലോകകാര്യങ്ങളില്‍ ശരിയ്ക്കും താത്പ്പര്യമുള്ളവരാണോ?” എന്ന് ഈ കഥകള്‍ ആത്മാര്‍ത്ഥമായി സംശയിക്കുന്നുണ്ട്.

അതേ സമയം സ്വപ്നലോകം ഒരു വിഹാരസ്ഥലവുമല്ല.സ്വപ്നങ്ങള്‍ക്കു അതിരില്ലാത്ത സ്വാതന്തൃമുണ്ടായിട്ടും അവയെന്തിന് ചില വസ്തുക്കളേയും വസ്തുതകളേയും ആശ്രയിക്കുന്നു? സ്വപ്നങ്ങള്‍ക്ക് അത്രയൊന്നും സ്വാതന്തൃമില്ലെന്നതാകാം സത്യം. എന്ന് ഡിലൈലയില്‍ മറ്റൊരു അവിശ്വാസത്തെ രേഖപ്പെടുത്തുന്നു. ജീവിതത്തില്‍ ഇല്ലാത്ത ചില ചതികളും അന്യായങ്ങളും പേക്കിനാവിലുണ്ട്. ഒരു വൈകല്യവും ഇല്ലാത്തവര്‍ക്കുപോലും കാലനക്കാനോ ഒച്ചയിടാനോ കഴിയാതെ വരുന്നു, എന്ന് വരമ്പില്‍ ഒരു കൊറ്റിയില്‍ എഴുതുന്നു.മൈഥുനത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ പെണ്ണും മിഥ്യ മൈഥുനവും മിഥ്യ പക്ഷേ, സ്വപ്നത്തിന്റെ ഉല്‍പ്പന്നമായി സ്ഖലിക്കുന്ന ദ്രവ്യം ഒരു വസ്തുതയാണ് (ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍) .ഇങ്ങനെ സ്വപ്നത്തിന്റെ ഉല്‍പ്പന്നമായി ഒരു യഥാര്‍ത്ഥ സാഹചര്യം നിലവില്‍ വരുന്നതിനെ പരിഗണിക്കുകയും ചെയ്യുന്നു.

“പാറിക്കിടക്കുന്നതിലെ ശോചനീയത എന്നെ കൊല്ലുന്നു.പ്രേമഭാജനം നഷ്ടപ്പെട്ടവനെ ഭൂമി ഇങ്ങനെയാണ് ശിക്ഷിക്കുന്നത്. ഭൂഗുരുത്വം പിന്‍ വലിച്ചുകൊണ്ട്! ചത്തു പറക്കാതായിട്ടും ചുവട്ടിലേയ്ക്ക് വീഴാത്തൊരു പക്ഷിയെ സ്വപ്നം കണ്ടു ഞാന്‍ പേടിച്ചുണര്‍ന്നു “എന്ന് മുടിഞ്ഞ ലഘുത്വത്തിന്റെ അപഹാസ്യതയെ ആല്‍ഫ്രഡ് ഹിച്കോക്കിന്റെ പ്രേമഗാനത്തിലെന്നപോലെ ചിലപ്പോള്‍ സ്വപ്നാസ്വസ്ഥമാക്കുന്നുണ്ട്.എന്നാല്‍ ഈ കഥകളില്‍ ഭൂമിയുടെ ആകര്‍ഷണ വലയത്തിന് പുറത്തുള്ള ഒരു പദാര്‍ത്ഥലോകമുണ്ട്. വായുവില്‍ പൊടിപടലം കണക്ക് പന്തുകളും വടികളും കോപ്പകളും കത്തികളും പാറി അലയുന്നു.അതൊരു അത്ഭുത ലോകമല്ല.വിമാനത്തില്‍ നിന്ന് വീഴുന്ന വിസര്‍ജ്യങ്ങളെ ഉയരത്തിലെ മര്‍ദ്ദം പൊടിപടലങ്ങളാക്കി മാറ്റുന്നതിനാല്‍ യക്ഷിയുടെ ചൂല്‍ നക്ഷത്രങ്ങള്‍ തൂത്തുവാരുന്നപോലെ ഈ അഴുക്കുകളും അടിച്ചുവാരിയേക്കും.അതുകൊണ്ടാകണം കഴുത്തു നീട്ടുന്ന ജിറാഫുകളെ നീണ്ടനീണ്ട ടെലസ്കോപ്പുകളുമായി അസ്ഥിവാരം പുഴക്കി നെട്ടോട്ടമോടുന്ന നക്ഷത്രബംഗ്ലാവുകളെന്ന് വിശേഷിപ്പിക്കുന്നത്.
 

മന്ത്രവാദത്തിലും മാജിക്കിലുമൊക്കെ മനോനിലകൾക്ക് വിശേഷ പ്രധാന്യമുണ്ട്. റഷ്യൻ മാന്ത്രികനായ വാസിലിയുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്നുനിൽക്കാറുള്ള പത്തോ പന്ത്രണ്ടോ വയസു തോന്നിക്കുന്ന പെൺകുട്ടി അയാൾ തന്നെയാണെന്ന്, അയാളുടെ ഒരു ഹോംവർക്കാണെന്ന്‌ സ്റ്റാലിനിസ്റ്റുകളുടെ ചാരക്കണ്ണുകൾ ഉറപ്പിക്കുന്നുണ്ട്.ഇതൊരാളുടെ തീവ്രമായ ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ പ്രദർശനമാണ്. Painting: Tim Nyberg


 
ഇന്ദ്രജാലവും മന്ത്രവാദികളും
യഥാതഥമായവ പിന്തള്ളപ്പെടുന്ന ഇടങ്ങളിലേയ്ക്ക് ഇന്ദ്രജാലവും മന്ത്രവാദികളും പ്രവേശിക്കുന്ന രചനകളാണ് വാസിലികോകോഷ്കിന്റെ രഹസ്യജീവിതം,കയറിന്റെ അറ്റം,ശ്വാനദിനങ്ങളുടെ ചരിത്രരേഖ തുടങ്ങിയവ. എഴുത്ത് പുതിയ ലോകങ്ങളും പുതിയ ജീവിതങ്ങളും സൃഷ്ടിക്കലാകയാല്‍ അതിന്റെ വഴികളിലൊന്നായി ഇന്ദ്രജാലംവരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം എത്ര ശക്തമാണെന്ന്, അതുയര്‍ത്തുന്ന വെല്ലുവിളി എന്തെന്ന് വാസിലികോകോഷ്കിന്റെ രഹസ്യജീവിതത്തില്‍വ്യക്തമാക്കുന്നുണ്ട്. “ഒരുമാന്ത്രികന് ഏതുവരെപ്പോകാം?എത്രത്തോളം ആപല്‍ക്കരമായി സഞ്ചരിക്കാം?കണ്‍കെട്ടിന് ഏതുപരിധിയോളം യഥാര്‍ഥലോക സാഹചര്യങ്ങളില്‍ ഇടപെടാം?ചിലര്‍ കരുതുന്നതുപോലെ ഈലോകം മായയും മായാജാലവും ആണെങ്കില്‍ത്തന്നെ മാനുഷികയാഥാര്‍ത്ഥ്യത്തിന്റെ ഏതെങ്കിലും അതിരില്‍ ദൈവത്തിനുപോലും തൊപ്പി വലിച്ചെറിഞ്ഞ് പിന്‍വാങ്ങേണ്ടിവരും.”

ഒരു ആധുനിക എഴുത്തുകാരന്‍ മാജിക്കിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ? മതവും മന്ത്രവാദവും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപശ്ചാത്തലം ഒരു കാരണമാകും. വെള്ളം വീഞ്ഞാകുകയും വടി പാമ്പാകുകയും ചെയ്തിട്ടുള്ളത് പുരതാനമായ അരങ്ങുകളിലാണ്.സിദ്ധനെ ഇന്ദ്രജാലക്കാരനാക്കുമ്പോള്‍ ആധുനികത ദിവ്യാത്ഭുതങ്ങളെ അനാവരണം ചെയ്യുകയാണ്. ചില വ്യക്തികളുടെ അതീതബന്ധങ്ങളെ അധികാരബന്ധങ്ങളായി അടയാളപ്പെടുത്തുകയാണ്.വിശ്വാസങ്ങളെ അത് കാര്യകാരണങ്ങളിലേയ്ക്ക് നടത്തിക്കും. ഉപാസന എന്നാല്‍ അഭ്യാസവും പരിശീലനവുമെന്ന് തിരുത്തും.

ഇതിന്റെ ഏറ്റവും കലാത്മകമായ ആവിഷ്കാരമാണ് ശ്വാനദിനങ്ങളുടെ ചരിത്രരേഖ.പെരുംതച്ചനെ സംബന്ധിച്ച ഒന്നാമത്തെ വസ്തുത അയാളൊരു ഹിന്ദുവാണെന്നതാണ്. പെരുംതച്ചന്റെ പണിയുടേയും കെട്ടിന്റേയും ചരിത്രം ഒരു ഹിന്ദു ചരിത്രമാണെന്ന് ഈര്‍ച്ചക്കാരന്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍.ചത്തവരെയെല്ലാം ശവപ്പെട്ടിയിലാക്കുന്നൊരു മതത്തില്‍നിന്ന് ഡ്രാക്കുളയുണ്ടാകാന്‍ എളുപ്പമാണെന്നാണ് പെരുംതച്ചന്‍ ചിന്തിക്കുന്നത്.പൂവും പോളിഷും സുഗന്ധലേപനങ്ങളും മണത്തു മത്തുപിടിച്ച് ഉടുത്തൊരുങ്ങി ശവപ്പെട്ടിയില്‍ കിടന്നാല്‍ ഏതു ശവവും ഡ്രാക്കുളയാകാന്‍ കൊതിക്കും!.

മന്ത്രവാദത്തിലും മാജിക്കിലുമൊക്കെ മനോനിലകള്‍ക്ക് വിശേഷ പ്രധാന്യമുണ്ട്. റഷ്യന്‍ മാന്ത്രികനായ വാസിലിയുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വന്നുനില്‍ക്കാറുള്ള പത്തോ പന്ത്രണ്ടോ വയസു തോന്നിക്കുന്ന പെണ്‍കുട്ടി അയാള്‍ തന്നെയാണെന്ന്, അയാളുടെ ഒരു ഹോംവര്‍ക്കാണെന്ന് സ്റാലിനിസ്റുകളുടെ ചാരക്കണ്ണുകള്‍ ഉറപ്പിക്കുന്നുണ്ട്.ഇതൊരാളുടെ തീവ്രമായ ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ പ്രദര്‍ശനമാണ്. ഒരാളുടെ ആള്‍മാറാട്ടങ്ങളില്‍ ഒരേപലരെന്ന നിലയില്‍ വ്യക്തിയെ മുറിക്കുന്നതിന്റെയും പിളര്‍ക്കുന്നതിന്റെയും അംശങ്ങളുണ്ടാകാം.വസ്തുക്കളെയല്ല ഇവിടെ അയാളെത്തന്നെ ഇന്ദ്രജാലക്കാരന്‍ വച്ചുമാറുന്നു. ഏകാകിതയെ ജന്തുപരതയിലേയ്ക്കും ഭൌെതികതയിലേയ്ക്കും ബന്ധിപ്പിച്ച് കഥ അത് ചര്‍ച്ച ചെയ്യുന്നു.

“ആരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടാനും ഈ വാസ്ലി കോകോഷ്കിന് കഴിയുമെന്ന് പറയുന്നത് കേട്ടു. എനിക്കൊരു സംശയം അയാള്‍ക്കൊരു ജന്തുവായോ വസ്തുവായോ കാണപ്പെടാന്‍ കഴിയുമോ? എങ്കില്‍ വാസിലിയുടെ മേശപ്പുറത്തുനിന്ന് ഒരു ചുവന്ന കനിയെടുത്തു വായിലിട്ടു കടിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു എങ്കില്‍ ഇത് വാസിലി കോകോഷ്കിന്റെ ഇറച്ചിയായിരിക്കാമല്ലോ!”.അവ്യക്തവും നിഗൂഢവുമായതിന്റെ രാഷ്ട്രീയം അസ്ഥിരവും യാഥാര്‍ത്ഥ്യത്തെ അട്ടിമറിക്കുന്നതുമാണ്. അത് അധികാരത്തെ സംബന്ധിച്ച് അപകടകരമായിരിക്കും.സ്വന്തം രഹസ്യങ്ങളെക്കൂടി സുതാര്യത എന്നേ ഭരണകൂടം പേരെടുത്തു വിളിക്കൂ.

 

രണ്ടാം വരവെന്നാൽ മേതിൽ കഥകളിൽ മറ്റൊരായുസാണ്. പല കാലങ്ങളോടും പല ഇടങ്ങളോടും ഒരേ സമയത്ത് ബന്ധം സ്ഥാപിക്കലാണ്.


 
സെക്കന്റ് ചാന്‍സിന്റെ കല
രണ്ടാം വരവുകാരെ സൂക്ഷിക്കുക. ഒന്നാം വരവിലെ അത്യാഹിതങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളവരാണ് രണ്ടാം വരവു നടത്തുന്നത്. ആകയാല്‍ രണ്ടാം വരവില്‍ അവര്‍ കൂടുതല്‍ ശക്തരാണ്. ആകയാല്‍ രണ്ടാം വരവിലാണ് അവരെ വകവരുത്തേണ്ടത്എവാസിലി കോകോഷ്കിന്‍ ഒരു രണ്ടാം വരവായിരുന്നതിനാല്‍ അയാളെ വധിക്കാന്‍ സ്റാലിനിസ്റുകള്‍ ഇങ്ങനെ ഒരു ന്യായീകരണമാണ് കണ്ടെത്തിയത്. അയാളുടെ രഹസ്യജീവിതത്തില്‍ നിന്ന് അവര്‍ രാഷ്ട്രീയമായൊരു ഗൂഢാലോചന മെനഞ്ഞെടുക്കുകയും ചെയ്യുന്നു. രണ്ടാം വരവെന്നാല്‍ മേതില്‍ കഥകളില്‍ മറ്റൊരായുസാണ്. പല കാലങ്ങളോടും പല ഇടങ്ങളോടും ഒരേ സമയത്ത് ബന്ധം സ്ഥാപിക്കലാണ്.

ഏറ്റവും പ്രധാനകാര്യങ്ങളില്‍ രണ്ടാം വിചാരത്തിന് അവസരം ലഭിക്കുന്നില്ലെന്നതാണ് ഈ ലോകത്തിന്റെ ഏറ്റവും വലിയ കുഴപ്പമെന്ന് ശ്വാനദിനങ്ങളുടെ ചരിത്രരേഖ പറയുന്നു. സുഹൃത്തിന് പഴയൊരു ഉടുപ്പ് കൊടുക്കുമ്പോഴുണ്ടാകുന്ന കുഴപ്പങ്ങളെക്കുറിച്ചുള്ള മറ്റൊരാളുടെ കുപ്പായം എന്ന കഥയില്‍, എന്റെ പഴയ കുപ്പായത്തില്‍ കയറി ഞാനൊരു പുതിയ ജീവിതം നയിക്കുകയാണ് ഒരു രണ്ടാം ജീവിതം, എന്നെഴുതുന്നുണ്ട്. സമകാലത്തിടുക്കങ്ങള്‍ക്കു മുന്നില്‍ സെക്കന്റ് ചാന്‍സിന്റെ കലയായി ഈ കഥകള്‍ സ്വയം പരിചയപ്പെടുത്തുന്നു.

ശ്വാനദിനങ്ങളുടെ ചരിത്രരേഖയുടെ ഘടന തന്നെ പെരുംതച്ചന്‍ രണ്ടാമന്‍, ഈര്‍ച്ചക്കാരന്‍ ഒന്നാമന്‍,ഈര്‍ച്ചക്കാരന്‍ രണ്ടാമന്‍, ഹ്യൂഡിനിമൂന്നാമന്‍, പെരുംതച്ചന്‍ മൂന്നാമന്‍ ഈ രീതിയിലാണ്. തന്നെ കൊല്ലാന്‍ ശ്രമിച്ച പെരുംതച്ചന്‍ രണ്ടാമനോട് ഈര്‍ച്ചക്കാരന്‍ രണ്ടാമന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.”അടച്ചുപൂട്ടിയൊരു ശവപ്പെട്ടിയില്‍ നിന്ന് പുറത്തുകടക്കണമെന്നേ ഞാനാഗ്രഹിച്ചിട്ടുള്ളൂ.പക്ഷേ നിങ്ങള്‍ക്കു നന്ദി! ജീവനോടെ കുഴിച്ചിടപ്പെട്ടതുകൊണ്ട് ഭൂഗര്‍ഭം തന്നെ പിളര്‍ന്നു പുറത്തുകടക്കാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു! ഇതെന്റെ പകല്‍ സ്വപ്നങ്ങളെപ്പോലും കവച്ചുവച്ചിരിക്കുന്നു.ഹ്യൂഡിനിചൂളം വിളിച്ച് കയ്യടിക്കുമായിരുന്നു.” ഈര്‍ച്ചക്കാരന്‍ സര്‍ക്കസിലെ മൃഗശിക്ഷകനോ വിദൂഷകനോ ആയിരുന്നിരിക്കാമെന്നാണ് പെരുംതച്ചന്‍ ഊഹിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ സര്‍ക്കസിലെ ഇന്ദ്രജാലക്കാരനായിരുന്നു.

മേതില്‍കഥകളിലെ മാന്ത്രികര്‍ പ്രശസ്തിക്കുവേണ്ടിയോ ആളുകളെ വിനോദിപ്പിക്കാന്‍ വേണ്ടിയോ മാജിക്കിന്റെ പരസ്യ പ്രദര്‍ശനങ്ങള്‍ നടത്തുന്നവരല്ല.അതിനെ ഒരു രഹസ്യ സിദ്ധിയാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്.ഈ കഥാപാത്രരഹസ്യത്തെ ആഖ്യാന രഹസ്യമാക്കി മാറ്റുന്നതാണ് കഥയിലെ കയ്യടക്കം.കയറിന്റെ അറ്റത്തിലെ പുലവനെപ്പോലെ പരസ്യപ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ അത് കൈവിട്ടുപോവുകയും കുഴപ്പത്തില്‍ ചെന്നു പെടുകയും ചെയ്യുന്നു.അപ്പോള്‍ കഥയിലെ പയ്യനെപ്പോലെ ആള്‍ക്കുട്ടത്തില്‍ നിന്നൊരു ജാലക്കാരന്‍ വരുന്നു.അയാള്‍ ഒരേസമയം അപ്രത്യക്ഷമാകുന്ന വസ്തുവും മാന്ത്രികനുമാകുന്നു.

ഇന്ദ്രജാലത്തിന്റെ അടിസ്ഥാനം പ്രത്യക്ഷമായവയെ മറയത്താക്കുകയും പുതിയവയെ പ്രത്യക്ഷമാക്കുകയും ചെയ്യല്‍ ആകയാല്‍ കയറില്‍ പിടിച്ചുകയറുന്ന പയ്യന്‍ അപ്രത്യക്ഷനാകുന്നിടത്ത് വന്നുപെടുന്നത് ഒരു കോഴിയാണ്. മനുഷ്യകേന്ദ്രിത സ്ഥലങ്ങളെ ജന്തുജീവിതത്തിന്റേതാക്കുന്നതില്‍ മാജിക് ഇവിടെ ഒരു ഉപായമാകുന്നു. ” മുറ്റത്ത് കുന്തിച്ചിരുന്ന് ഒരാള്‍ ശരിയ്ക്കും മകുടിയൂതുന്നുണ്ട്.ആകയാല്‍ അയാള്‍ പാമ്പാട്ടി തന്നെ.പക്ഷേ തലപൊക്കിയാടുന്നത് ഒരു പാമ്പല്ല കയറാണ്. ആകയാല്‍ മകുടിയൂതുന്നവന്‍ പാമ്പാട്ടിയല്ല.”

കഥയില്‍ നിഴലുകളുടെ കബളിപ്പിക്കപ്പെടുന്ന ലോകത്തില്‍ നിന്ന് രൂപങ്ങളിലേയ്ക്കുള്ള മാറിമറിയലില്‍, വാല്‍കുത്തി നിവരുന്ന ഒരു പാമ്പിന്റെ സംഗീതത്തിലൂടെയുള്ള ആരോഹണമുണ്ട്. “ഈ രാത്രിയില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നാല്‍ക്കവലകളിലും മൈതാനങ്ങളിലുമായി നൂറു നൂറു കയറുകളിങ്ങനെ എങ്ങും തൊടാതെ കുത്തനെ നില്‍ക്കുന്നുണ്ടാകുമോ? എങ്കില്‍ മെരുങ്ങാത്ത വിജനതയ്ക്ക് ചുറ്റും അഴിയിട്ടുയരുന്ന ഈ നേര്‍വരകളേക്കാള്‍ ഏകാന്തവും ഭയാനകവുമായ അവശിഷ്ടങ്ങള്‍ ലോകത്തിലെവിടെയുണ്ട്!”മെരുങ്ങാത്ത ഈ വിജനതയുടെ തടങ്കല്‍പാളയങ്ങളെ ശൂന്യത, തരിശ് എന്നീ നിലകളില്‍ നിന്ന് ജൈവസാന്ദ്രമായ ഒരാവാസ വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കല്‍ മേതില്‍ രചനകളുടെ ഉള്‍ക്കാഴ്ചയാണ്.

വിജനത എന്നാല്‍ ശൂന്യതയല്ലെന്ന് ഒന്നുമില്ലായ്മയില്‍ ചിലതുണ്ടെന്ന് അവയ്ക്ക് തീര്‍ച്ചയുണ്ട്. പറക്കലിന് മുമ്പ് വിമാനങ്ങള്‍ നിലത്തുകൂടി ഓടുന്ന ദൂരം മാത്രമേ കഥകള്‍ യാഥാര്‍ത്ഥ്യങ്ങളെ തൊടുന്നുള്ളൂ. എന്നാല്‍ ഇവയുടെ അകം അസാധാരണമാം വിധം യുക്തിഭദ്രമാണ്, വിശദാംശങ്ങളില്‍, സൂക്ഷ്മതകളില്‍, കാര്യകാരണ ബന്ധങ്ങളില്‍ എല്ലാം. സാധാരണകഥകളിലെ പാത്രസ്വഭാവ വിശേഷങ്ങളാണ് മേതില്‍ രചനകളിലെ ജന്തുസ്വഭാവ നിരീക്ഷണങ്ങള്‍.
 
 
രണ്ടാം ഭാഗം അടുത്ത തിങ്കളാഴ്ച
 
 
 
 
(മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ‘മേതില്‍ കഥകള്‍’ എന്ന സമാഹാരത്തില്‍ പ്രസിദ്ധീകരിച്ച പഠനം.)

Leave a Reply

Your email address will not be published. Required fields are marked *