ഇങ്ങനെയാണ് നാം ദരിദ്രരല്ലാതായത്

 
 
 
 
ദാരിദ്യ്രത്തിന്റെ മാനദണ്ഡം മാറ്റി നിശ്ചയിക്കാനുള്ള ഭരണകൂട നടപടികളുടെ അര്‍ത്ഥമെന്താണ്?
മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് അധ്യാപകന്‍ എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 
 

മന്‍മോഹന്‍ സിംഗിന്റെ മുന്‍കൈയില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുന്നു എന്നു കാണിക്കാനുള്ള തത്രപ്പാടാണ് ഈ കമ്മിറ്റിക്കു പുറകിലുള്ളത്. ഇക്കാര്യങ്ങള്‍ ഈ രാജ്യം ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗൌരവകരമായി വിശകലനം ചെയ്യേണ്ടതായിരുന്നു. ദാരിദ്യ്രത്തിന്റെ അളവുകോല്‍ മാറ്റി നിശ്ചയിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ.

എന്നാല്‍, അതൊന്നുമുണ്ടായില്ല. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ പിന്നിലുള്ള ഭരണകൂട താല്‍പ്പര്യങ്ങള്‍ നമ്മുടെ മാധ്യമങ്ങളൊന്നും പൊതുചര്‍ച്ചയിലേക്കു കൊണ്ടുവന്നില്ല. സാമ്പത്തിക ശാസ്ത്ര പദാവലികള്‍ ഉപയോഗിച്ചുള്ള കസര്‍ത്തായതിനാലാവാം പൊതുജനങ്ങളും അതിനു മെനക്കെട്ടില്ല. എങ്കിലും, ആരും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും നമ്മളോരോരുത്തരുടെയും ജീവിതങ്ങളെ ആഴത്തില്‍ ബാധിക്കുന്ന ഈ മാറ്റങ്ങള്‍ എന്നും അദൃശ്യമായിരിക്കുമെന്ന് കരുതാനാവില്ല

 

 

33.33 രൂപയ്ക്ക് നിങ്ങള്‍ക്ക് നഗരത്തില്‍ ഒരു ദിവസം കഴിഞ്ഞുകൂടാന്‍ കഴിയുമോ? 27.20 രൂപയ്ക്ക് ഗ്രാമങ്ങളിലും ജീവിക്കാന്‍ കഴിയുമോ? കഴിയില്ല എന്നുറപ്പിക്കാന്‍ ഇന്നാട്ടില്‍ ജീവിച്ചുള്ള അനുഭവം മാത്രം മതി. കോമണ്‍സെന്‍സ് മാത്രം മതി. എന്നാല്‍, ധനതത്വശാസ്ത്രങ്ങള്‍ കലക്കിക്കുടിച്ച ഒരു പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാര്‍ പറയുന്നത് നിങ്ങള്‍ക്ക് ജീവിച്ചുപോവാന്‍ ഈ തുക മതിയെന്നാണ്.

എസ് മുഹമ്മദ് ഇര്‍ഷാദ്

ഇതിനപ്പുറം കടക്കുന്നവര്‍ ദരിദ്രരല്ലെന്നും അത്തരക്കാര്‍ക്ക് ദരിദ്രര്‍ക്ക് അവകാശപ്പെട്ടതൊന്നും ആവശ്യമായി വരില്ലെന്നു കൂടി സര്‍ക്കാര്‍ നിശ്ചയിച്ചു വെച്ചിരിക്കുന്നു. ഇതനുസരിച്ചായിരിക്കും ഏറെ കൊട്ടിഘോഷത്തോടെ എത്തിയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുക. ഇതിന്റെ അക്ഷരമാല ഉപയോഗിച്ചായിരിക്കും ഉദാരവല്‍കരണ നയങ്ങളുടെ വിജയ ഗാഥകള്‍ ഇനി രചിക്കപ്പെടുക.

രാജ്യത്തെ ദാരിദ്യ്രം നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ 2009 മാര്‍ച്ചില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിയമിച്ച ടെണ്ടുല്‍ക്കര്‍ സമിതിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഈ കണ്ടെത്തലാണ് ഇപ്പോള്‍ ആസൂത്രണ കമീഷനും സര്‍ക്കാറും അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായ പ്രൊഫ. സുരേഷ് ഡി. ടെണ്ടുല്‍ക്കര്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തലുകള്‍ പ്രകാരം രാജ്യത്തെ ദരിദ്രര്‍ മൊത്തം ജനസംഖ്യയുടെ 22 ശതമാനം മാത്രമാണ്. ഇന്ത്യയില്‍, നഗരങ്ങളില്‍ ദിവസം 33.33 രൂപയും ഗ്രാമങ്ങളില്‍ 27.20 രൂപയും ചിലവാക്കാന്‍ കഴിയുന്ന വ്യക്തി ഇനി മുതല്‍ ദരിദ്രനല്ല.

 

പ്രൊഫ. സുരേഷ് ഡി. ടെണ്ടുല്‍ക്കര്‍


 

അളവുകോല്‍ മാറുമ്പോള്‍
മന്‍മോഹന്‍ സിംഗിന്റെ മുന്‍കൈയില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുന്നു എന്നു കാണിക്കാനുള്ള തത്രപ്പാടാണ് ഈ കമ്മിറ്റിക്കു പുറകിലുള്ളത്. ഇക്കാര്യങ്ങള്‍ ഈ രാജ്യം ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗൌരവകരമായി വിശകലനം ചെയ്യേണ്ടതായിരുന്നു. ദാരിദ്യ്രത്തിന്റെ അളവുകോല്‍ മാറ്റി നിശ്ചയിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ.

എന്നാല്‍, അതൊന്നുമുണ്ടായില്ല. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ പിന്നിലുള്ള ഭരണകൂട താല്‍പ്പര്യങ്ങള്‍ നമ്മുടെ മാധ്യമങ്ങളൊന്നും പൊതുചര്‍ച്ചയിലേക്കു കൊണ്ടുവന്നില്ല. സാമ്പത്തിക ശാസ്ത്ര പദാവലികള്‍ ഉപയോഗിച്ചുള്ള കസര്‍ത്തായതിനാലാവാം പൊതുജനങ്ങളും അതിനു മെനക്കെട്ടില്ല. എങ്കിലും, ആരും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും നമ്മളോരോരുത്തരുടെയും ജീവിതങ്ങളെ ആഴത്തില്‍ ബാധിക്കുന്ന ഈ മാറ്റങ്ങള്‍ എന്നും അദൃശ്യമായിരിക്കുമെന്ന് കരുതാനാവില്ല.

 

Cartoon: Keshav. Courtesy: The Hindu


 

മാറുന്ന കാഴ്ചപ്പാടുകള്‍
കേവലം കണക്കുകള്‍ എന്നതിനപ്പുറം, മാറുന്ന വികസന കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് ടെണ്ടുല്‍ക്കര്‍ റിപ്പോര്‍ട്ട്. ദാരിദ്യ്രം ഒരു രാഷ്ട്രീയ പ്രശ്നം അല്ലാതെ ആകുന്ന ഒരു കാലഘട്ടത്തിന്റെ തെളിവാണ് ദാരിദ്യ്രത്തെ സംബന്ധിച്ച ആ പുതിയ നിര്‍വചനം. ദാരിദ്യ്രം കുറയേണ്ടത് ഒരു സാമൂഹിക ആവശ്യം കുടിയാണ്. ഇത് ഇന്ത്യയെ പോലെ ഒരു രാജ്യത്ത് വലിയ സാമുഹിക മാറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി പലരുമെണ്ണുന്ന രാഹുല്‍ ഗാന്ധി പറഞ്ഞ ‘ദാരിദ്യ്രം കേവലം ഒരു മാനസികാവസ്ഥയാണ് എന്ന കണ്ടെത്തലും ഇതോടൊപ്പം കൂട്ടിവായിക്കണം. തികച്ചും പ്രായോഗികമല്ലാത്ത ഒരു കണക്കാണ് സര്‍ക്കാര്‍ ദാരിദ്യ്രത്തെ നിര്‍ണ്ണയിക്കാന്‍ ഉപയോഗിച്ചത് . ഇതു പ്രകാരം, രാജ്യത്തെ ദാരിദ്യ്ര നിര്‍മാര്‍ജന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ദരിദ്രര്‍ ഇല്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറുമെന്ന് അതു നമ്മോട് പറഞ്ഞുതരുന്നു. അങ്ങനെ മാറുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍, ഹൈജംപ് പോള്‍ താഴ്ത്തിവെച്ച് ചാട്ടത്തിലെ ഉശിരുതെളിയിക്കുംപോലെ അപഹാസ്യമാവരുത് അത്. ദരിദ്രരുടെ എണ്ണം കുറക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് ദാരിദ്യ്രത്തെ സംബന്ധിച്ച അളവുകോലുകള്‍ നിശ്ചയിക്കുക എന്നത്.

 

Cartoon: Satish Acharya


 

മാനദണ്ഡങ്ങളുടെ രാഷ്ട്രീയം
സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, ദാരിദ്യ്രത്തെ കുറച്ചു കാണിക്കാന്‍ കഴിയുന്ന ഒരു അളവുകോല്‍ ഉണ്ടാക്കുക എന്നതാണ്. സാമ്പത്തിക പരിഷ്കരണങ്ങള്‍ സൃഷ്ടിച്ച ദാരിദ്യ്രത്തെ മറച്ചുവെയ്ക്കുന്നതിന് അത് അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ്, ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുടുതലാണ് എന്ന് കാണിക്കുന്ന എല്ലാത്തരം കണക്കുകളും സര്‍ക്കാര്‍ അവഗണിക്കുന്നത് . അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയതിന്റെ കാരണം, അതിലെ മാനദണ്ഡ പ്രകാരം രാജ്യത്തെ ദരിദ്രരുടെ എണ്ണം കൂടുതലാണ് എന്നതാണ്. ഗുപ്ത കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം രാജ്യത്തെ 80 ശതമാനം പേരും ദിവസം 20 രൂപ യില്‍ താഴെ വരുമാനം ഉള്ളവരാണ്. തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ പ്രധാന അജണ്ടകളില്‍ ഒന്ന്, സെന്‍ ഗുപ്തയുടെ കണക്കുകളെ മറികടക്കുക എന്നതായിരുന്നു, സര്‍ക്കാര്‍ ഇതില്‍ വിജയിക്കുകയും ചെയ്തു.

സെന്‍ഗുപ്ത കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ വിശദമായി പഠിക്കാന്‍ ടെണ്ടുല്‍ക്കര്‍ കമ്മിറ്റി തയാറായില്ല. പകരം സെന്‍ഗുപ്തയുടെ നീരീക്ഷണങ്ങളെ പാടേ നിരസിച്ചുകൊണ്ട് സര്‍ക്കാറിന് അനുകൂലമായ ഒരു കണക്ക് തയ്യാറാക്കുകയായിരുന്നു അവര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിനായി 1996-99 ല്‍ രൂപീകരിച്ച കമ്മിറ്റിയുടെ തലപ്പത്തും സുരേഷ് ടെണ്ടുല്‍ക്കര്‍ തന്നെയായിരുന്നു. സര്‍ക്കാറിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നയമാണ് സുരേഷ് ഡി ടെണ്ടുല്‍ക്കര്‍ എല്ലായ്പ്പോഴും സീകരിച്ചിരുന്നത്. അതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമായിരുനില്ല ദാരിദ്യ്രത്തെ സംബന്ധിച്ച മാനദണ്ഡം നിശ്ചയിക്കുന്നതിലും ഉണ്ടായിരുന്നത്. ദാരിദ്യ്ര നിര്‍മാര്‍ജനം ആയിരുന്നില്ല സര്‍ക്കാര്‍ താല്‍പര്യം സംരക്ഷിക്കുന്ന ഒരു നയം രൂപീകരിക്കുക എന്നതില്‍ മാത്രമായിരുന്നു തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ മുഖ്യശ്രദ്ധ.

 

Cartoon: Surendra. Courtsey: The Hindu


 

സാമ്പത്തിക യുക്തികള്‍
ദാരിദ്യ്രനിര്‍മാര്‍ജനം ഒരിക്കലും ലാഭം ഉണ്ടാക്കിത്തരുന്ന ഒരു പ്രവൃത്തിയല്ല. ഭരണകൂടത്തിന്റെ ബാദ്ധ്യതയാണത്. ഈ അനിവാര്യതയാണ് ഇന്ന് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പ്രശനം ഉണ്ടാകുന്നതും. ദാരിദ്യ്രം ഇല്ലായ്മ ചെയ്യാനുള്ള ബാധ്യത ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. അതു പൌരന്റെ ജനാധിപത്യ അവകാശവുമാണ് അത്. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ഈ ജനാധിപത്യ അവകാശത്തെ സാമ്പത്തിക യുക്തി കൊണ്ട് നിര്‍വചിക്കുകയാണ്. അതിനാലാണ് ദാരിദ്യ്ര നിര്‍മാര്‍ജനം പരിതിമിതപ്പെടുത്തേണ്ടിവരുന്നത്. ഇത്തരം പരിമിതപ്പെടുത്തലാണ് ഇന്നത്തെ വികസന പ്രവര്‍ത്തനം. ഈ വികസന പ്രവര്‍ത്തനത്തോട് ഇന്ത്യയിലെ പാര്‍ലമെന്ററി രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ഒരുതരത്തിലും വിയോജിപ്പും ഇല്ല. ഈ യോജിപ്പാണ് ദാരിദ്യ്ര നിര്‍മാര്‍ജനത്തെ പരിമിതപ്പെടുത്തുന്ന പുതിയ ശ്രമങ്ങളെ വലിയ വിജയമാക്കി മാറ്റുന്നത്.

ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ ഈ കണക്ക് അംഗീകരിക്കുന്നതിലൂടെ വന്‍തോതിലുള്ള സാമ്പത്തിക ബാധ്യതയില്‍ നിന്നാണ് സര്‍ക്കാര്‍ ഒഴിവാകുന്നത് . സാമ്പത്തിക നയങ്ങള്‍ തുടരുന്നിടത്തോളം ഇവിടെ ദരിദ്രരുടെ എണ്ണം കുറയുന്നില്ല. സ്വകാര്യവല്‍കരണവും, സാമൂഹിക മേഖലയില്‍ നിന്നുള്ള പിന്മാറ്റവും ജീവിത സുരക്ഷ തന്നെ പ്രതിസന്ധിയിലാകുന്ന ഒരു അവസ്ഥയില്‍ തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ കണ്ടെത്തലും അതിനോടുള്ള സര്‍ക്കാറിന്റെ സമീപനവും സൂചിപ്പിക്കുന്നത് ദാരിദ്യ്ര നിര്‍മാര്‍ജനം സര്‍ക്കാറിന്റെ സാമ്പത്തിക താല്‍പര്യത്തിന് വിധേയമായി തീരുന്നു എന്നതാണ്. ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടാകാതെ തന്നെ സര്‍ക്കാര്‍ കണക്കില്‍ ദരിദ്രരുടെ എണ്ണം കുറയ്ക്കുന്ന ചെപ്പടിവിദ്യയാണത്.
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *