കുഞ്ഞനന്തന്റെ കടയല്ല സര്‍ എന്റെ കുടി; അത് നാളെ ഹൈവേക്കാര്‍ ഒഴിപ്പിച്ചെടുക്കും

 
 
 
 
കുഞ്ഞനന്തന്റെ കട എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന വികസന രാഷ്ട്രീയത്തിന് ഇരകളുടെ ഭാഗത്തുനിന്ന് ഒരു തിരുത്ത്.
ഉമര്‍ നസീഫ് അലി എഴുതുന്നു

 
 
റോഡ് വികസനം എന്നത് അതിന്റെ ഇരകള്‍ക്ക് സംവിധായകന്‍ സലിം അഹമ്മദിന്റെ സ്വപ്ന ഭാവനയിലേതു പോലെ ‘മുട്ടായിക്കട’യോടുള്ള നൊസ്റാള്‍ജിയ അല്ല. മറിച്ച്, അത് ജീവന്റെ പ്രശ്നമാണ്. കിടപ്പാടത്തിന്റെയും ഭാവിയുടെയും സുരക്ഷിതത്വത്തിന്റെയും നിലനില്‍പ്പിന്റെയും പ്രശ്നമാണ്. അന്നന്നത്തെ അത്താഴത്തിനുള്ളതില്‍ കവിഞ്ഞ് ഒന്നും കാത്തുവെക്കാനില്ലാത്തവനെ വികസനത്തിന്റെ പേരു പറഞ്ഞ് കുടിയൊഴിപ്പിക്കുമ്പോള്‍ അവര്‍ തെരുവില്‍ കിടക്കേണ്ടി വരും. ഉദ്യോഗസ്ഥര്‍ അവരവരുടെ മനോനിലയനുസരിച്ച് എഴുതിവെക്കുന്ന വിലയ്ക്ക് ഭൂമിമലയാളത്തിലെങ്ങും ഒരു വീടുണ്ടാക്കാന്‍ കഴിയില്ല. അത്ര നാളും ജീവിച്ച ഇടങ്ങളെല്ലാം പിഴുതുമാറ്റപ്പെടുക എന്നത് മരണംപോലെ കഠിനാനുഭവമാവും. അപ്പോള്‍ അവന്‍ സമരം ചെയ്യേണ്ടി വരും. ദേശീയപാതയുടെ ഓരത്തുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണ്.

 

 
ആദാമിന്റെ മകന്‍ കണ്ടതില്‍ പിന്നെ സലിം അഹമ്മദിനോട് തോന്നിയ വലിയ ഇഷ്ടത്തിന്റെയും ബഹുമാനത്തിന്‍റെയും പേരിലാണ് ആദ്യ ദിവസം തന്നെ ‘കുഞ്ഞനന്തന്റെ കട’യില്‍ ചെന്നു കയറിയത്. അതു കൊണ്ട് രണ്ടുണ്ടായി ഗുണം. ആദ്യത്തെ ഇഷ്ടം പോയിക്കിട്ടി. നാട്ടുകാരുടെ ഇഷ്ടമല്ല സിനിമാക്കാരുടെ ഇഷ്ടമെന്ന് ശരിക്കും പിടി കിട്ടി.

ഉമര്‍ നസീഫ് അലി


കണ്ണൂര്‍ ജില്ലയിലെ വട്ടിപ്ര ഒരു ചെറിയ ഗ്രാമത്തിനു കുറുകെ ഒരു റോഡ് വരാന്‍ പോകുന്നതാണ് സിനിമയിലെ വിഷയം. കുഞ്ഞനന്തന്റേതടക്കമുള്ള ആ നാട്ടിലെ സകല കടകള്‍ക്കും ഒഴിഞ്ഞു കൊടുക്കാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നു. കൊന്നാലും കട വിട്ടു തരുന്ന പ്രശ്നമില്ല എന്ന് വാശി പിടിക്കുന്ന ‘വികസന വിരോധി’യായ കുഞ്ഞനന്തനെയാണ് സിനിമയിലുടനീളം കാണിക്കുന്നത് എന്നാല്‍, അവസാനമെത്തുമ്പോള്‍ കാര്യം മാറുന്നു. ഇടുങ്ങിയതും പെട്ടെന്നുള്ള യാത്രകള്‍ സാധ്യമല്ലാത്തതുമായ നാട്ടിലെ റോഡിന്റെ ദുരവസ്ഥ കണ്ട് കുഞ്ഞനന്തന്‍ വികസനം വരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അതിവേഗം ബോധവാനാവുകയും തന്‍റെ കട സ്വയം പൊളിച്ച് ‘വികസനത്തിന്’ വഴി തെളിച്ചു കൊടുക്കുകയും ചെയ്യുന്നു. അനന്തരം, വട്ടിപ്രയില്‍ വികസിച്ച വലിയ റോഡ് വരുന്നു. അതിന്റെ ഓരങ്ങളില്‍ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ജനങ്ങള്‍ ആമോദത്തോടെ കഴിയുന്ന സുന്ദര സുരഭിലമായ നാടായി അത് മാറുന്നു. ‘സകല പ്രശ്നങ്ങളും’ പരിഹരിക്കപ്പെടുന്നു. സിനിമ തീരുന്നു.

ഞാനീ എഴുതുന്നത് ആ സിനിമയുടെ നിരൂപണമൊന്നുമല്ല. ‘കുഞ്ഞനന്തന്റെ കട’ യില്‍ സലിം അഹമ്മദ് പറഞ്ഞു വെച്ച ‘റോഡ് വികസനത്തെ’ക്കുറിച്ച സെല്ലുലോയിഡ് പാഠത്തിന് സ്വന്തം ജീവിതാനുഭവങ്ങള്‍ കൊണ്ടുള്ള ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തുക മാത്രമാണ്. ചില അല്‍പ്പത്തരങ്ങള്‍ എന്നും പറയാം.

സിനിമയിലെ റോഡല്ല സര്‍, നാട്ടിലെ റോഡ്. അവിടെ വീടെന്നു പറയുന്നത് സെറ്റല്ല, ജീവിതം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന, നിറയെ ജീവിതം തളിര്‍ത്തുനില്‍ക്കുന്ന ഒരിടമാണ്. ഏതു റോഡിനു വേണ്ടിയാണെങ്കിലും ജെസിബി ഒന്നു നിരങ്ങിയാല്‍ അത് പിന്നെ ഓര്‍മ്മയാണ്. അങ്ങിനെ, റോഡ് വികസനത്തില്‍ വീടും നാടും സ്ഥലവും നഷ്ടപ്പെടാന്‍ പോകുന്ന അനേകായിരം കുടുംബങ്ങളില്‍ ഒരു കുടുംബമാണ് ഇതെഴുതുന്ന എന്റേതും.

 

 

ഇന്നു വരും നാളെ വരും എന്ന് അധികാരികള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബി.ഒ.ടി ചുങ്കപ്പാതക്കെതിരെ ഞങ്ങളുടെ നാട്ടില്‍ സജീവമായ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട് (നാട്ടിലെ ദേശീയ പാതയുടെ ഓരത്തുള്ള ഓരോ വീടിന്റെയും കടയുടെയും ചുമരില്‍ “BOT ചുങ്കപ്പാതക്ക് സ്ഥലമളക്കാന്‍ ഇവിടേക്ക് കടക്കരുത്, 30 മീറ്ററില്‍ നാലുവരിപ്പാത സര്‍ക്കാര്‍ നിര്‍മിക്കുക, ഭൂമിക്ക് മാര്‍ക്കറ്റ് വില മുന്‍കൂര്‍ ആയി നല്‍കുക” എന്നിങ്ങനെ എഴുതിയ ഒരു ബോര്‍ഡ് കാണാം. ഞാന്‍ ഇതെഴുതുമ്പോള്‍ പോലും എന്റെ വീട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന്റെ വക സ്ഥലം അളക്കല്‍ തടയാന്‍ പോയിരിക്കുകയാണ്).

ഈ വിഷയത്തില്‍ എല്ലാ നാട്ടിലെയും പോലെ ഞങ്ങളുടെ നാട്ടിലും പ്രധാനമായും രണ്ടു അഭിപ്രായക്കാര്‍ ആണ് ഉള്ളത്.

1. ദൌര്‍ഭാഗ്യവശാല്‍ ദേശീയ പാതയുടെ ഓരത്ത് വീടുള്ളവര്‍. പുനരധിവാസത്തിനു മതിയായ നഷ്ടപരിഹാരം മുന്‍കൂര്‍ ആയി നല്‍കിയിട്ടല്ലാതെ തങ്ങളുടെ സ്ഥലത്തില്‍ നിന്ന് ഒരു തരി മണ്ണ് പോലും എടുക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്നവര്‍. ബി.ഒ.ടി എന്ന കുത്തകക്ക് പണം പിരിക്കാനുള്ള ചുങ്കപ്പാതയാണ് വരുന്നതെങ്കില്‍ തങ്ങളുടെ ഖബറില്‍ മണ്ണിട്ട ശേഷമേ സ്ഥലമെടുക്കാനാകൂ എന്നും അവര്‍ സധീരം പ്രഖ്യാപിക്കുന്നു (ചന്ദനക്കുറിയും ഇസ്തിരി ചുളിയാത്ത ഷര്‍ട്ടുമിട്ട് മമ്മൂട്ടി കാമറക്കു മുന്നില്‍ പറയുന്ന സിനിമാ ഡയലോഗ് അല്ല അത്)

2. സ്വന്തം വീടിനും പറമ്പിനും ‘റോഡ് വികസന ഭീഷണി’ ഇല്ലാത്തവര്‍. സമാനതകളില്ലാത്ത വികസന പ്രേമികളാണ് അവര്‍. നാട്ടുകാര്‍ക്ക് നടന്നു പോകാനുള്ള വഴിക്കു വേണ്ടി ഒരു വേലിക്കമ്പ് അല്‍പം മാറ്റികുത്താന്‍ പറഞ്ഞപ്പോഴേക്കും വാളെടുത്ത് ഇറങ്ങും പക്ഷേ, മറ്റുള്ളവരുടെ വീടാണ് പോവുന്നതെങ്കില്‍, ആദര്‍ശാത്മകതയോടെ ചോദിച്ചു കളയും- “വികസനമല്ലേ, തനിക്കൊക്കെ വീട് വിട്ടുകൊടുത്താല്‍ എന്താടോ”

 

 

റോഡ് വികസനം എന്നത് അതിന്റെ ഇരകള്‍ക്ക് സംവിധായകന്‍ സലിം അഹമ്മദിന്റെ സ്വപ്ന ഭാവനയിലേതു പോലെ ‘മുട്ടായിക്കട’യോടുള്ള നൊസ്റാള്‍ജിയ അല്ല. മറിച്ച്, അത് ജീവന്റെ പ്രശ്നമാണ്. കിടപ്പാടത്തിന്റെയും ഭാവിയുടെയും സുരക്ഷിതത്വത്തിന്റെയും നിലനില്‍പ്പിന്റെയും പ്രശ്നമാണ്. അന്നന്നത്തെ അത്താഴത്തിനുള്ളതില്‍ കവിഞ്ഞ് ഒന്നും കാത്തുവെക്കാനില്ലാത്തവനെ വികസനത്തിന്റെ പേരു പറഞ്ഞ് കുടിയൊഴിപ്പിക്കുമ്പോള്‍ അവര്‍ തെരുവില്‍ കിടക്കേണ്ടി വരും. ഉദ്യോഗസ്ഥര്‍ അവരവരുടെ മനോനിലയനുസരിച്ച് എഴുതിവെക്കുന്ന വിലയ്ക്ക് ഭൂമിമലയാളത്തിലെങ്ങും ഒരു വീടുണ്ടാക്കാന്‍ കഴിയില്ല. അത്ര നാളും ജീവിച്ച ഇടങ്ങളെല്ലാം പിഴുതുമാറ്റപ്പെടുക എന്നത് മരണംപോലെ കഠിനാനുഭവമാവും. അപ്പോള്‍ അവന്‍ സമരം ചെയ്യേണ്ടി വരും. ദേശീയപാതയുടെ ഓരത്തുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ ഈ അവസ്ഥയിലാണ്.

റോഡും എയര്‍ പോര്‍ട്ടും അടങ്ങുന്ന വികസന പദ്ധതികള്‍ ഇവിടെ ഒരുപാട് വന്നല്ലോ. നഷ്ടപരിഹാരം കിട്ടിയവരുടെ കണക്കെടുത്ത് നോക്കിയിട്ടുണ്ടോ? കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പില്‍ക്കാലം എന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? ഒന്നു അന്വേഷിച്ചു നോക്കണം സര്‍, ഒറ്റ ടേക്കുമില്ലാത്ത യാഥാര്‍ത്ഥ്യത്തിന്റെ മൂര്‍ച്ച കണ്ട് നടുങ്ങിപ്പോവും. സ്വന്തം വീടിന്റെ മുകളിലൂടെ ‘വികസനം’ ജെസി.ബി ഉരുട്ടിയെത്തുന്നതു വരെ മാത്രമേയുള്ളൂ സര്‍, നിങ്ങളുടെ ‘കുഞ്ഞനന്തന്റെ കട’യുടെ ആയുസ്സ്.

 

 
ഇത്ര അപകടകരമായ ഒരു പ്രോപ്പഗണ്ട സിനിമ അടുത്തകാലത്തൊന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. കുഞ്ഞനന്തനും ഭാര്യ ചിത്തിരയും തമ്മിലുള്ള ഇണ ചേരായ്മകളില്‍ കഥ തുടങ്ങി ഹൈപ്പര്‍മാര്‍ക്കറ്റുകളാല്‍ അലംകൃതമായ നാലുവരിപ്പാതയില്‍ കഥയവസാനിക്കുമ്പോള്‍ അതീവ രഹസ്യമായി സിനിമ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നത് കോര്‍പ്പറേറ്റുകളുടെ മാത്രം താല്‍പ്പര്യങ്ങളാണ്. അവരുടെ പണം പറ്റി വികസനത്തിന്റെ പേരില്‍ പകല്‍ക്കൊള്ള നടത്തുന്ന ഭരണ വര്‍ഗത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ്. അതിനു വേണ്ടി ഈ സിനിമ കാര്‍ക്കിച്ചു തുപ്പുന്നത്, ഒലിച്ചുപോവാന്‍ നോക്കുന്ന ഇത്തിരി മണ്ണ് തിരിച്ചു പിടിക്കാന്‍ തൊണ്ടപൊട്ടി സമരം ചെയ്യുന്ന പാവം മനുഷ്യരുടെ മുഖത്താണ്.

റോഡ് വികസനത്തിന്‍റെ ഗൌരവത്തെക്കുറിച്ച വിവരമില്ലായ്മ കൊണ്ടോ വെറും തമാശക്കോ അല്ല സലിം അഹമ്മദ് ഈ സിനിമയെടുത്തത് എന്ന കാര്യം ഇതിന്റെ പശ്ചാത്തലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ക്വാക്കര്‍ (Quaker’ Oats) പോലുള്ള അമേരിക്കന്‍ കുത്തക ഭീമന്മാരാണ് ഈ ‘നിഷ്കളങ്ക സിനിമ’ നിര്‍മിക്കാന്‍ സഹായം നല്‍കിയത്. പെപ്സി , സെവന്‍ അപ്പ് പോലുള്ള ഉല്‍പ്പന്നങ്ങളുടെ തറവാട്ടുകാരായ പെപ്സിക്കോയുടെ മറ്റൊരു ഉല്‍പ്പന്നമായ ക്വാക്കര്‍ കുഞ്ഞനന്തന്‍റെ കടയുടെ ‘മീഡിയ പാര്‍ട്ട്ണര്‍’ ആണ്. കേരളത്തിലെ റോഡുകള്‍ തങ്ങളുടെ വരും തലമുറകള്‍ക്കടക്കം ജീവിക്കാനുള്ള വരുമാന മാര്‍ഗമാക്കാന്‍ വേണ്ടി പകല്‍ കൊള്ള ചെയ്യാനുള്ള കരാര്‍ കിനാവ് കണ്ടു നടക്കുന്ന കോര്‍പ്പറേറ്റ് ബി.ഒ.ടി കൊള്ളക്കാരില്‍ നിന്ന് ഈ സിനിമ പിടിക്കാന്‍ പണം പറ്റിയിട്ടുണ്ടാകും എന്ന് തന്നെ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യക്ഷത്തില്‍ നിഷ്കളങ്കം എന്ന് തോന്നിപ്പിക്കുമെങ്കിലും അപകടങ്ങളുടെ ഹൈവേയിലാണ് ഇതു നമ്മെ കൊണ്ടു നിര്‍ത്തുന്നത്. ആ നിലയ്ക്ക് തികച്ചും പ്രതിലോമകരമായ ഒരു സിനിമ തന്നെയാണിത്. ഇന്നല്ലെങ്കില്‍ നാളെ സലിം അഹമ്മദ് അതിനു മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും.
 
 
 

 
 
 

7 thoughts on “കുഞ്ഞനന്തന്റെ കടയല്ല സര്‍ എന്റെ കുടി; അത് നാളെ ഹൈവേക്കാര്‍ ഒഴിപ്പിച്ചെടുക്കും

  1. കേരളത്തില്‍ ദേശീയപാതയുടെ വീതി 45 മീറ്റര്‍ ആക്കണമെന്ന നിര്‍ദേശം അപ്രായോഗികമെന്നു സംസ്‌ഥാനം ദേശീയപാത അഥോറിട്ടിയെ അറിയിച്ചു. 30 മീറ്റര്‍ വീതിയിലുള്ള ഇപ്പോഴത്തെ റോഡ്‌ അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്താന്‍ മാത്രമേ കഴിയുകയുള്ളൂവെന്നു പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ ആണ്‌ ദേശീയപാത അധികൃതരെ അറിയിച്ചത്‌. റോഡ്‌ വീതികൂട്ടാന്‍ സ്‌ഥലം വിട്ടുകിട്ടാനുള്ള തടസങ്ങളാണ്‌ ഈ തീരുമാനത്തിനു പിന്നിലെന്നും സംസ്‌ഥാനം വ്യക്‌തമാക്കി. കേരളത്തില്‍ ദേശീയപാതയ്‌ക്ക്‌ 30 മീറ്റര്‍ വീതി എന്ന നിര്‍ദേശത്തോടു കേന്ദ്രം അനുകൂലനിലപാടെടുത്തു എന്നാണറിയുന്നത്‌. –

  2. കുഞ്ഞനന്തന്‍ ഒരു സ്വാര്‍ത്ഥന്‍ ആണ് വളരെ സില്ലി ആയ ഒരു അനുഭവം വന്നപ്പോള്‍ അയാള്‍ അതുവരെ തന്റെ മരണത്തിനു തുല്യം ആണ് ആ കടയുടെ നാശം എന്ന് കരുതിയിരുന്ന അയാള്‍ ആ കട പൊളിക്കാന്‍ തീരുമാനിച്ചു

  3. ഈ പറയുന്ന അണ്ണൻ തെന്നെ നാളെ പറയും റോഡ്‌ വികസനം ഇല്ലാത്തതാണ് കേരളം മുരടിക്കാൻ കാരണം എന്ന് ..ഇന്ന് ചോദിക്കും റോഡ്‌ ആണോ വലുത്..പട്ടിണി മാറ്റണമെന്ന്..അങ്ങനെ ഒന്നും നടക്കാതെ നമ്മടെ നാടങ്ങനെ പടവും കണ്ടു കുറ്റവും പറഞ്ഞു പോകും.

  4. മഞ്ഞാന എന്ന വലിയ കുഞ്ഞുസിനിമയെ ഇവിടെ ഒർമിക്കാം
    BOT – Built On Tears

  5. സിനിമയിലെ റോഡല്ല സര്‍, നാട്ടിലെ റോഡ്. അവിടെ വീടെന്നു പറയുന്നത് സെറ്റല്ല, ജീവിതം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന, നിറയെ ജീവിതം തളിര്‍ത്തുനില്‍ക്കുന്ന ഒരിടമാണ്. ഏതു റോഡിനു വേണ്ടിയാണെങ്കിലും ജെസിബി ഒന്നു നിരങ്ങിയാല്‍ അത് പിന്നെ ഓര്‍മ്മയാണ്………………റോഡും എയര്‍ പോര്‍ട്ടും അടങ്ങുന്ന വികസന പദ്ധതികള്‍ ഇവിടെ ഒരുപാട് വന്നല്ലോ. നഷ്ടപരിഹാരം കിട്ടിയവരുടെ കണക്കെടുത്ത് നോക്കിയിട്ടുണ്ടോ? കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പില്‍ക്കാലം എന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? ഒന്നു അന്വേഷിച്ചു നോക്കണം സര്‍, // ഇക്കാര്യങ്ങൾ പലരും ഇവിടെ കാണാതെ പോകുന്നു . കഷ്ടം !!

  6. ഹായ് നഫീസ്,
    ഇതിൽ സലിമിന്റെ അജണ്ടയുടെ പ്രശ്നമാല്ൽ , സിനിമാക്കരോക്കെ ഇങ്ങനയെ ചിന്തിക്കൂ എ സി കാറിൽ ടോല്ൽ കൊടുത്തു വേഗം എത്തിയാലേ കാര്യം നടക്കു. കയ്യില പണമുണ്ട് നിങ്ങൾ നിങ്ങളുടെ പണിക്കോ പോ. അല്ലെങ്ങിൽ ഈ ഏതെങ്കിലും പ്രശ്നത്തിൽ അവർ ഇടപെട്ടിട്ടുണോ. പിന്നെ കുറെ വിവരമില്ലായ്മയും സാമൂഹ്യ ബോധം ഇല്ലായ്യ്മ്മയും തന്ന്നെയാണ്. അത് അവര്ക്കൊരിക്കലും വരുമെന്ന് പ്രതീക്ഷിക്കണ്ട. ആരു മനുഷ്യനെ പോലെ ജീവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *