ബഷീര്‍, വിജയന്‍, മേതില്‍: ഭൌമിക രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍

 
 
 
 
ബഷീറിനും വിജയനും മേതിലിനുമിടയിലെ ഭൌമിക രാഷ്ട്രീയത്തിന്റെ ഇടവഴികള്‍. സര്‍ജു എഴുതുന്ന പഠനത്തിന്റെ രണ്ടാം ഭാഗം.
 
 

കഥയിലെ ജന്തുജീവിതം മേതിലിന്റെ ഒരൊറ്റയടിപ്പാതയല്ല.മുറ്റത്തെ ചുമരുകളുടെ വക്കില്‍ പൊടിമണ്ണില്‍ വട്ടക്കുഴികളുടെ നടുക്ക് പൂണ്ടുകിടന്ന കറുത്ത മൂട്ടകളെപ്പോലുള്ള കുഴിയാനകളെ ആനമക്കാരിന്റെ കൊമ്പനാനയായി എഴുന്നള്ളിച്ചത് ബഷീറായിരുന്നു.മനുഷ്യരുടെ വമ്പുകളുടെയും വീമ്പുകളുടെയും പ്രതാപങ്ങളുടെയും മനോവിഭ്രാന്തികളെ പൊടിമണ്ണിലേയ്ക്ക് കൊണ്ടുവന്നു ആ കഥകള്‍.
എന്നാല്‍ ഭൂമിയുടെ അവകാശികളിലെ ഈ സഹജീവി ബോധം ഖസാക്കിന്റെ ഇതിഹാസത്തില്‍ ആത്മീയതയുടേയും തത്വചിന്തയുടേയും കളങ്ങളിലേയ്ക്ക് മാറുന്നു. കൂമന്‍ കാവ്, മുങ്ങാങ്കോഴി, കുട്ടാപ്പുനരി, അപ്പുക്കിളി ഇങ്ങനെ കൃതിയിലെ ജീവജാലം ഇടങ്ങളേയും കഥാപാത്രങ്ങളേയും മൂടി നില്ക്കുമ്പോഴും അവിടെ പാറുന്ന തുമ്പികള്‍ മരിച്ചവരുടെ ഓര്‍മ്മകളാണ്. തുമ്പികളെ പിടിക്കുന്ന ഓന്തിലും അപ്പുക്കിളിയിലും പ്രേതസാന്നിദ്ധ്യമുണ്ട്.

 
ആദ്യ ഭാഗം: മനോരാജ്യങ്ങളിലെ രാഷ്ട്രീയം:മേതില്‍ കഥകളുടെ രാഷ്ട്രീയ വായന
 
 

 
 

ജന്തുജിവിതത്തിന്റെ തൊഴുത്തും ആലയും
കുട്ടിക്കാലത്തിന്റേത് മൃഗങ്ങളുടെ രാജ്യവും രാജാവും അവയുടെ ഭാഷയും നിറഞ്ഞ കഥകളായിരുന്നു. കുതിരയും കഴുതയും കുറുക്കനും ഒട്ടകവും മുയലും ആമയും കുരങ്ങനും മുതലയും കഥകളിലെ ഗുണപാഠങ്ങള്‍ കൊണ്ട് മാത്രമാകില്ല മനുഷ്യജീവിതത്തെ ഒരുക്കിയത്.ശബ്ദിക്കുന്ന കലപ്പ, പാത്തുമ്മയുടെ ആട്, വെള്ളപ്പൊക്കത്തില്‍ തുടങ്ങിയ കഥകളില്‍ കാളയും ആടും നായുമൊക്കെ മുഖ്യവേഷമണിഞ്ഞതോടെ മലയാള കഥയില്‍ മാനവികത ജന്തു ജിവിതത്തിന്റെ തൊഴുത്തും ആലയും കഴുകാന്‍ തുടങ്ങി.നായാട്ടിന്റെ കഥകള്‍ കീഴ്മേല്‍ മറിഞ്ഞെങ്കിലും വളര്‍ത്തുമൃഗങ്ങള്‍, ആശ്രിതജീവികള്‍, അരുമകള്‍ ഈ നിലയ്ക്കപ്പുറം ജന്തു പരിഗണനകളുണ്ടായില്ല.

എങ്ങനെ ഒരു പഴുതാരയെ കൊല്ലാം എന്ന കഥയാണ് ഈ ദിശയില്‍ ഒരു വഴിത്തിരിവായത്.കാണുമ്പോള്‍ തന്നെ തല്ലിക്കൊല്ലാന്‍ ആളെ വിളിച്ചുകൂട്ടുന്ന, ക്ഷുദ്രജീവികളുടെ ലോകം തുറക്കപ്പെടുകയായിരുന്നു. അല്പജീവികളുമായിപ്പോലും തുടരുന്ന മനുഷ്യന്റെ ഏറ്റുമുട്ടലുകളെ സൂക്ഷ്മതയോടെ പിന്തുടരുകയും അതിന് കാരണമായ ഭയത്തിന്റെ അടിമണ്ണ് മേതില്‍ ഉഴുതുമറിക്കുകയും ചെയ്തു. ചില്ലകളില്‍ ഒരു പഴുതാര പൂവിട്ടുനില്‍ക്കുന്നു എന്ന് എഴുതുമ്പോള്‍ നമ്മുടെ സസ്യപ്രകൃതിയില്‍, വെജിറ്റേറിയന്‍ കല്‍പ്പനകളില്‍ ഒരു ‘ക്ഷുദ്രജീവിയെ’ ചേര്‍ത്തുവയ്ക്കുകയായിരുന്നു. അതിന്റെ ഓരോ കാലും ഓരോ വസന്തത്തിന്റെ വേരെന്ന് മറ്റൊരു ദര്‍ശനം ബഡ് ചെയ്യുകയായിരുന്നു.
 

'ചുറ്റും പൊങ്ങുന്ന കോണ്‍ക്രീറ്റിന്റെ കൂറ്റന്‍ പടര്‍പ്പുകളില്‍പ്പോലും ഒരു പിളര്‍പ്പോ മാളമോ കൊതിക്കുന്നൊരു ഭൂഗര്‍ഭജീവി എന്റെ ഘടനയിലുണ്ട്' എന്ന് ആ സ്ഥലങ്ങള്‍ ജീവനുള്ളതാകുന്നു . ഏത് സുഷിരത്തെയും മാളമാക്കുന്ന കല സൂക്ഷ്മമായതിനെ എന്‍ലാര്‍ജ് ചെയ്യുന്നു.


 
ഇടുക്കുകള്‍, പോടുകള്‍, വിടവുകള്‍
ജീവിതത്തിലെന്നപോലെ കലയിലും മേതില്‍ സ്ഥലം വിട്ടുപോയി. ആ എഴുത്ത് പ്രാദേശികത,കേരളീയത, മലയാളിത്തം ഇതൊക്കെ കയ്യൊഴിയാനുള്ള തന്റേടം പ്രകടിപ്പിച്ചു.പ്രാദേശികമെന്നല്ല ദേശീയമായ അതിര്‍ത്തികള്‍ തന്നെ അത് അപൂര്‍വമായേ പരിഗണിച്ചിട്ടുള്ളൂ. മറ്റുള്ളവര്‍ നഗരങ്ങളില്‍ എത്തിപ്പെട്ടപ്പോള്‍ രാജ്യാന്തരങ്ങളിലേയ്ക്ക് ജീവിതം വ്യാപിപ്പിച്ച ഒരാളായിരുന്നു മേതില്‍ രാധാകൃഷ്ണന്‍.കമ്മ്യൂണിസത്തോടുള്ള താത്പ്പര്യം സാര്‍വദേശീയതയിലേയ്ക്കും, പരിസ്ഥിതി രാഷ്ട്രീയം ഭൌമികമായ ഉള്‍ക്കാഴ്ചകളിലേയ്ക്കും എഴുത്തിനെ നയിച്ചിട്ടുണ്ട്. ഇലകള്‍ വീണഴുകി ദശമാറുന്ന മണ്ണുപോലെ ദശമാറുന്ന ഓര്‍മ്മകളാണ് മേതിലിന് മനസ്. ആഴത്തില്‍ വാല്‍കൊളുത്തി നില്ക്കുന്ന ഏറ്റവും വിദൂരമായ ഓര്‍മ്മയാകുന്നു ജന്മവാസന. പ്രേമവും ഭൂമിയും ഭാരത്തെ അധികരിച്ചുള്ളതാണെന്ന് വികാരങ്ങളെക്കൂടിയും മണ്‍വാസനയുള്ളതാക്കുന്നു.

“സംഗീത നിര്‍വ്വഹണം പോലൊന്നാണ് യാത്ര. വിദേശയാത്ര. അച്ചടിച്ച കടലാസുനോക്കി വായുവില്‍ വടിവീശി ചൈക്കോവ്സ്കിയുടെ പിയാനോ സംഗീതം പുനസൃഷ്ടിക്കുന്ന കണ്‍ഡക്ടറെപ്പോലെയാണ് നിങ്ങള്‍ ഭൂപടത്തില്‍ ആളുകളേയും പെരുമാറ്റങ്ങളേയും ആചാരങ്ങളേയും സൃഷ്ടിക്കുന്നത്. തുടക്കത്തിലേ അതെല്ലാം നിങ്ങളുടെ മനസിലുണ്ട്. ചൈക്കോവ്സ്കിയുടെ സംഗീതവും സന്ദര്‍ശിക്കുന്നരാജ്യവും. എന്നുവച്ചാല്‍ ഓരോ വിദേശരാജ്യം സന്ദര്‍ശിക്കുമ്പോഴും നിങ്ങള്‍ നിങ്ങളുടെ മനസിന്റെ പുതിയൊരറയിലേയ്ക്ക് കടക്കുകയാണ്-“(യക്ഷിയുടെ ചൂല്)

നിങ്ങള്‍ മറ്റൊരു രാജ്യത്ത് എത്തിപ്പെടുമ്പോള്‍ നിങ്ങളില്‍ തന്നെയുള്ള ഒരാളുടെ കൈപിടിച്ചു കുലുക്കുന്നു എന്നാണ് മേതില്‍ പറയുന്നത്.ഊന്നല്‍ മാനസിക സഞ്ചാരങ്ങളിലാണ്. മേതിലിന്റെ രാജ്യങ്ങള്‍ മനോരാജ്യങ്ങളാണ് അവിടെ രാഷ്ട്രീയക്കൊടി ഉയര്‍ത്താന്‍ അദ്ദേഹത്തിനോളം മറ്റൊരു ആധുനിക എഴുത്തുകാരനും കഴിഞ്ഞിട്ടില്ല.എങ്ങനെയൊരു പഴുതാരയെ കൊല്ലാം എന്ന കഥ നാട്ടില്‍ വച്ച് വായിക്കുമ്പോഴുള്ള അനുഭവത്തേക്കാള്‍ പലമടങ്ങ് തീവ്രതയുള്ളതാകും ഗള്‍ഫ് ജീവിതത്തില്‍ നിന്ന് വായിക്കുമ്പോള്‍. വിദേശജീവിതം മനസിന്റെ വേറെ അറകള്‍ തുറക്കുന്നതുതന്നെ കാരണം.

അറേബ്യന്‍ പശ്ചാത്തലമെന്നാല്‍ തരിശും ഒഴിവിടങ്ങളും അതിന്റെ മടുപ്പിക്കുന്ന സ്ഥൂലതയില്‍ കഥയിലേയ്ക്ക് വലിച്ച് കയറ്റലായിരുന്നു നമുക്ക്. ദേശാതിര്‍ത്തിയ്ക്ക് പുറത്ത് നില്‍ക്കുന്ന ഒരാള്‍ കഥയില്‍ സ്ഥൂലതയെ നിരാകരിച്ച്, ഇടുക്കുകള്‍, പോടുകള്‍, വിടവുകള്‍ ഇങ്ങനെ ഇടങ്ങളെ അതിന്റെ സൂക്ഷ്മതയില്‍ പരിഗണിക്കാന്‍ തുടങ്ങുന്നു. ‘ചുറ്റും പൊങ്ങുന്ന കോണ്‍ക്രീറ്റിന്റെ കൂറ്റന്‍ പടര്‍പ്പുകളില്‍പ്പോലും ഒരു പിളര്‍പ്പോ മാളമോ കൊതിക്കുന്നൊരു ഭൂഗര്‍ഭജീവി എന്റെ ഘടനയിലുണ്ട്’ എന്ന് ആ സ്ഥലങ്ങള്‍ ജീവനുള്ളതാകുന്നു . ഏത് സുഷിരത്തെയും മാളമാക്കുന്ന കല സൂക്ഷ്മമായതിനെ എന്‍ലാര്‍ജ് ചെയ്യുന്നു.

 

അങ്ങനെയാണ് ഇടയ്ക്ക് കണ്ണില്‍പ്പെട്ട മഞ്ഞപ്പൂമ്പാറ്റയെ പിന്തുടരാന്‍ തുടങ്ങിയത്. ഒരര്‍ത്ഥത്തില്‍ അതിനെ തുരത്തുകയായിരുന്നു. ഇടയ്ക്കിടെ അത് ഏതെങ്കിലും ചില്ലയില്‍ തൂങ്ങി പൂവാകും."


 
ചോര സൂര്യവെളിച്ചത്തെ നേരിടുന്നില്ല
ആധുനികമായ എടുപ്പുകളുടെ അസംസ്കൃത വസ്തുക്കളും ആ വസ്തുക്കളുടെ അവിശിഷ്ടങ്ങളും അവയ്ക്കിടയിലെ വിള്ളലുകളും കൂടിച്ചേര്‍ന്നു ജന്തുജീവിതത്തിന്റെ ഒരു അടിത്തുരങ്കം ഉണ്ടാകുന്നു.ജീവിനാകട്ടെ രഹസ്യവും സ്വകാര്യതയുമുള്ള തുരങ്കങ്ങള്‍ക്കും ഇടുമുടുക്കുകള്‍ക്കും വേണ്ടിയാണ് ശരീരം കണ്ടുപിടിച്ചത്. ചോര ഒരിക്കലും സൂര്യവെളിച്ചത്തെ നേരിടുന്നില്ല. മരണശേഷമല്ലാതെ, എന്ന് ഒളിച്ചൊഴുകുന്ന രക്തത്തെ തൊടുന്നു.

“പഴുതാര ഒരു വിശദീകരണമായിരുന്നു. ഒരുപാട് കാലുകള്‍ ഒരൊറ്റ ഉടലിന്റെ ചലനത്തില്‍ ഏകോപിക്കുന്നതുപോലെ എനിക്കതെല്ലാം ഒരൊറ്റ പുളയുന്ന മിന്നലില്‍ വെളിപ്പെട്ടു. പഴുതാരയല്ല ഈ വെളിപ്പെടലാണ് എന്നെ അന്ധാളിപ്പിച്ചത്. എന്റെ മനസിന്റെ എത്ര ശതമാനം ഭൂമിയുടെ തന്നെ ഓര്‍മ്മകളാണെന്ന് ഞാന്‍ ഒരിക്കലും അറിയില്ല.” ഈ ഭൌമികതയാണ് മേതില്‍ കഥകളിലെ ഭൌതിക വാദത്തിന്റെ അടിത്തറ.

ഇതൊരു ഒറ്റപ്പെട്ട കഥാനുഭവമല്ല. പ്രാതലിന് ഒരു കൂണില്‍ അതിന്റെ തുടര്‍ച്ചകാണാം.

“ഈ നടത്തം ഒരു തുടര്‍ച്ചയാണ്. ഒരു പിന്‍തുടരല്‍ . കണ്ണില്‍പ്പെട്ട എന്തിനേയും ഒരു സ്വപ്നത്തിലെ യാന്ത്രികതയോടെ ഞാന്‍ പിന്‍തുടരുമായിരുന്നു. ഓന്തിനെ, അരണയെ, കരിമൂര്‍ഖനെ, ചലിക്കുന്ന എന്തിനേയും. അങ്ങനെയാണ് ഇടയ്ക്ക് കണ്ണില്‍പ്പെട്ട മഞ്ഞപ്പൂമ്പാറ്റയെ പിന്തുടരാന്‍ തുടങ്ങിയത്. ഒരര്‍ത്ഥത്തില്‍ അതിനെ തുരത്തുകയായിരുന്നു. ഇടയ്ക്കിടെ അത് ഏതെങ്കിലും ചില്ലയില്‍ തൂങ്ങി പൂവാകും.”

ജന്തുപരിഗണന എന്നത് ഭൂതദയയുടേതായിരുന്നില്ല. അപൂര്‍വമായൊരു അഴക് തിരയല്‍ അതിലുണ്ട്.മഴയെത്തുടര്‍ന്നു നനഞ്ഞു തെളിഞ്ഞു കിടക്കുന്ന ബ്രൌണ്‍ നിറമുള്ള സിറാമിക് ഇഷ്ടികകളുടെ ഒരു നിര വീട്ടുമുറ്റത്തൂടെ പൂന്തോട്ടത്തിലേയ്ക്ക് ഇഴഞ്ഞു ചെല്ലുന്ന നടപ്പാതയായി നിങ്ങള്‍ക്കത് കാണാം ശല്‍ക്കങ്ങള്‍. ഈ രിതിയിലാണ് പഴുതാരയുടെ മേനിത്തിളക്കത്തെ എഴുതിയത്. ശരിക്കുനോക്കിയാല്‍ എലി വളരെ ഭംഗിയുള്ളൊരു ജീവിയാണ്. പ്രണയജലം പോലെ തിളങ്ങുന്ന ആ കണ്ണുകള്‍ക്കുള്ള സൌന്ദര്യം എത്രജീവികളില്‍ കാണാനാകും ? എന്ന ചോദ്യത്തെ നേരിടുന്നവരില്‍ എല്ലാനളിനാക്ഷികളും ഉള്‍പ്പെടും. .

 

"ഒട്ടകപ്പുലികളെന്നു വിളിക്കപ്പെടുന്ന ജിറാഫുകള്‍ തലപൂഴ്ത്തുന്നത് മേഘത്തിലാണ്.നീണ്ട നീണ്ട വേട്ടകളുടെ ഭയാനകമായ ഓര്‍മ്മയില്‍ അവയുടെ കണ്ണുകളില്‍ ഉരുണ്ടുകൂടുന്ന ദൈന്യം മറ്റ് ജീവികളില്‍ നിന്ന് മറച്ചു പിടിച്ച് ആകാശത്തില്‍ സൂക്ഷിക്കാന്‍ അവ ആഗ്രഹിക്കുന്നു. എന്തെന്നാല്‍ ഭൂമിയില്‍ ചരിക്കുന്ന ഒറ്റജീവിയും കൊലനിലങ്ങളില്‍ അത്രയും ഉയരമുള്ള തലയിലെ കണ്ണുകള്‍ കണ്ട കാഴ്ചകള്‍ കണ്ടിട്ടുണ്ടാവില്ല"


 
ജന്തു വിമോചനത്തിന്റെ മാനിഫെസ് റ്റൊ
ഇതിന്റെ മറ്റേ തലക്കല്‍ ജന്തു പീഢയെ അഗാധമായി എഴുതിയിട്ടുള്ള കഥകളുണ്ട്. ജിറാഫുകള്‍ കഴുത്തു നീട്ടുന്നതെന്തിനെന്ന ചോദ്യത്തിന്റെ ഉത്തരമതാണ്. “ഒട്ടകപ്പുലികളെന്നു വിളിക്കപ്പെടുന്ന ജിറാഫുകള്‍ തലപൂഴ്ത്തുന്നത് മേഘത്തിലാണ്.നീണ്ട നീണ്ട വേട്ടകളുടെ ഭയാനകമായ ഓര്‍മ്മയില്‍ അവയുടെ കണ്ണുകളില്‍ ഉരുണ്ടുകൂടുന്ന ദൈന്യം മറ്റ് ജീവികളില്‍ നിന്ന് മറച്ചു പിടിച്ച് ആകാശത്തില്‍ സൂക്ഷിക്കാന്‍ അവ ആഗ്രഹിക്കുന്നു. എന്തെന്നാല്‍ ഭൂമിയില്‍ ചരിക്കുന്ന ഒറ്റജീവിയും കൊലനിലങ്ങളില്‍ അത്രയും ഉയരമുള്ള തലയിലെ കണ്ണുകള്‍ കണ്ട കാഴ്ചകള്‍ കണ്ടിട്ടുണ്ടാവില്ല”

ജന്തു വിമോചന രാഷ്ട്രീയത്തിന് ഒരു മാനിഫെസ് റ്റൊ ഉണ്ടാകുമെങ്കില്‍ അതിന്റെ ആമുഖ വാക്യങ്ങളാണിത്. മനുഷ്യ വിമോചന രാഷ്ട്രീയത്തേക്കാള്‍ ജന്തു വിമോചന രാഷ്ട്രീയം പ്രധാനമാകുന്നതെങ്ങനെയെന്ന് ഇനിയും വിസ്തരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഭൌതികമാറ്റങ്ങള്‍ക്കൊപ്പം കോയ്മയുടേയും പീഢനത്തിന്റെയും മനോനിലകളും മാറേണ്ടതുണ്ട്.ആകയാല്‍ ജന്തുവിമോചനത്തിന്റെ വിശാലമായൊരു അടിത്തറയില്‍ മാത്രമേ മനുഷ്യ വിമോചനത്തിന് സാധ്യതയുള്ളൂ.

 

സ്ഥലത്തിന്റെ വ്യാകരണത്തോട് ഇടയുന്ന നൂറ് കോമകള്‍ എന്ന പഴുതാരയുടെ ഉടലിലൂന്നിയ ചെറുവാചകം കൊണ്ടാണ് അത് ദേശാന്തരങ്ങള്‍ക്ക് കുറുകെ ഇഴയുന്നത്.അതിന്റെ കൊലപാതകം ആസൂത്രണം ചെയ്യപ്പെടുന്നതു ചലനസ്വഭാവത്തെ മുന്‍ നിര്‍ത്തിയാണ്. പകുതി വായുവിലും പകുതി ചില്ലയിലുമായിരിക്കുന്ന പഴുതാരയെ കുപ്പികളില്‍ നിന്നുള്ള സുഗന്ധദ്രവ്യങ്ങള്‍ പീച്ചിയാണ് കൊല്ലുന്നത്.


 
മണമുള്ള ജലപീരങ്കികള്‍
കുവേറ്റിലെ മരുഭൂമിയുടെ തുറസില്‍ വിപരീതകാലവസ്ഥയില്‍ അപ്രാകൃതികമായ ചുറ്റുപാടുകളില്‍ എത്തിപ്പെട്ട മനുഷ്യരുടെയും അതേ അവസ്ഥയില്‍ ചൂടില്‍ ഇരുളിലെ നനവ് തേടി എത്തിയ ഒരു പഴുതാരയുടേയും ഇടങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലൂടെയാണ് എങ്ങനെ ഒരു പഴുതാരയെ കൊല്ലാം എന്ന കഥ വികസിക്കുന്നത്.സ്ഥലത്തിന്റെ വ്യാകരണത്തോട് ഇടയുന്ന നൂറ് കോമകള്‍ എന്ന പഴുതാരയുടെ ഉടലിലൂന്നിയ ചെറുവാചകം കൊണ്ടാണ് അത് ദേശാന്തരങ്ങള്‍ക്ക് കുറുകെ ഇഴയുന്നത്.അതിന്റെ കൊലപാതകം ആസൂത്രണം ചെയ്യപ്പെടുന്നതു ചലനസ്വഭാവത്തെ മുന്‍ നിര്‍ത്തിയാണ്. പകുതി വായുവിലും പകുതി ചില്ലയിലുമായിരിക്കുന്ന പഴുതാരയെ കുപ്പികളില്‍ നിന്നുള്ള സുഗന്ധദ്രവ്യങ്ങള്‍ പീച്ചിയാണ് കൊല്ലുന്നത്.

സുഗന്ധദ്രവ്യങ്ങളുടേതുമാത്രമായ തെരുവുകള്‍, ചന്തകള്‍, മാളുകള്‍ ജന്തുവാസനകള്‍ക്കും ജന്മവാസനകള്‍ക്കും മേലേ കുമിയുന്നതിന്റെ ഭാരം ,കൊലയുടെ മണം, ശ്വാസംമുട്ടല്‍ എതുവായനക്കാരനും അനുഭവിക്കും. വയല്‍പച്ചകള്‍ക്കിടയില്‍ ചുമലില്‍ മറ്റൊരു ചാറതൂക്കിയ മരുന്നുതളിക്കാരനായി അയാള്‍ തന്നെ നടക്കും. ചിലപ്പോള്‍ മണമുള്ള ജലപീരങ്കികള്‍ പ്രയോഗിക്കുന്ന പോലീസുകാരനാകും. അഴുകിപ്പുഴുത്ത മരണത്തിന്റെ മറുപുറത്ത് സുഗന്ധപൂരിതമായ മരണത്തിന്റെ ഭീകരതയായ് അത് അമ്പരപ്പിക്കും. വിചിത്രമായൊരു പേര്‍ഷ്യന്‍ഗ്യാസ് ചേമ്പറില്‍ ഇരമാത്രമല്ല, നായാടുന്നവനും അവന്റെ മുഴുവന്‍ ദര്‍ശനങ്ങളും ശ്വാസം മുട്ടിവീഴുന്നതിന്റെ സമാനതകളില്ലാത്ത മേതിലിയന്‍ അഖ്യാനം ഇങ്ങനെയായിരുന്നു.

“ലേപനത്തിന്റെ ചാറല്‍ എന്റെ കണ്ണുകളില്‍ വെള്ളം നിറച്ച് ലെന്‍സുകള്‍ മാറ്റിക്കൊണ്ടിരുന്നു. ഇപ്പോള്‍ ദൂരദൃഷ്ടി. ഇപ്പോള്‍ ഹൃസ്വദൃഷ്ടി.ഇപ്പോള്‍ വെള്ളെഴുത്ത്. ഇപ്പോള്‍ മുഴുത്തിമരം.തീക്ഷ്ണമായ ഗന്ധം മൂക്കില്‍ നിറഞ്ഞ് എന്നെ ശ്വാസം മുട്ടിക്കുകയായിരുന്നു.ഞാന്‍ കിതയ്ക്കുകയായിരുന്നു. കിതയ്ക്കുന്നതിനിടയില്‍ അത് വായിലും നിറഞ്ഞു .പഴുതാരയുടെ ഓരോകാലും കേന്ദ്രമാക്കി ഞാന്‍ പീച്ചിയിരിക്കണം.അറേബ്യയിലെ സുഗന്ധം മുഴുവനും. കുപ്പി കാറ്റൂതിതുടങ്ങിയിരുന്നു. പൂന്തോട്ടത്തിലേയ്ക്ക് വഴുക്കി ഇറങ്ങുന്ന വെളുത്ത ഇഷ്ടികകള്‍ തോന്നിച്ചുകൊണ്ട് പഴുതാര പച്ചയുടെ പുറത്ത് ചത്തു മലര്‍ന്നു കിടന്നു. ഞാന്‍ ഒരു മാളത്തിലേയ്ക്ക് വീണത് അന്നാദ്യമായിരുന്നില്ല”-ഈ സംഘര്‍ഷത്തില്‍, പരിണാമത്തിന്റെ വഴിയേ പിന്തിരിഞ്ഞോടുന്ന പിന്നോട്ടു മലച്ചുവീഴുന്ന ഒരു ജന്തുവാണ് മനുഷ്യനും. ഒരു ചെറുജീവിയെ കൊന്നു നിര്‍മ്മിക്കുന്ന വെളുത്ത ഇഷ്ടികകള്‍ പാകിയ പൂന്തോട്ടത്തിലേയ്ക്കുള്ള ആ നേര്‍ത്ത പാത, ആ അടിവെളുപ്പ് ലജ്ജിപ്പിക്കുന്ന ഒന്നാണ്.
 

 
പാമ്പിനോട് സംസാരിക്കുന്ന ഒരാള്‍
മലയാള സാഹിത്യത്തില്‍ ഇങ്ങനെയൊരു കാഴ്ചപ്പാടിന്റെ സാംസ്കാരിക പ്രാധാന്യമെന്ത് എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. കഥയിലെ ജന്തുജീവിതം മേതിലിന്റെ ഒരൊറ്റയടിപ്പാതയല്ല.മുറ്റത്തെ ചുമരുകളുടെ വക്കില്‍ പൊടിമണ്ണില്‍ വട്ടക്കുഴികളുടെ നടുക്ക് പൂണ്ടുകിടന്ന കറുത്ത മൂട്ടകളെപ്പോലുള്ള കുഴിയാനകളെ ആനമക്കാരിന്റെ കൊമ്പനാനയായി എഴുന്നള്ളിച്ചത് ബഷീറായിരുന്നു.മനുഷ്യരുടെ വമ്പുകളുടെയും വീമ്പുകളുടെയും പ്രതാപങ്ങളുടെയും മനോവിഭ്രാന്തികളെ പൊടിമണ്ണിലേയ്ക്ക് കൊണ്ടുവന്നു ആ കഥകള്‍. ഉപ്പാപ്പയുടെ ആനയെ കുഞ്ഞാമിന കണ്ടിട്ടില്ല. കണ്ടത് അവളുടെ രക്തം ഊറ്റിക്കുടിച്ച അട്ടയെ, അതിനെ വെട്ടിവിഴുങ്ങിയ വിരാലിനെ, മീനെ വിഴുങ്ങിയിട്ട് സൂത്രത്തില്‍ക്കിടക്കുന്ന നീര്‍ക്കോലിയെ. ആമയെ,പള്ളത്തിയെ ,കരിമീനെ, തവളയെ^

ഹേ സര്‍പ്പമേ! നിനക്കിവിടെ അവകാശമില്ല.എന്റെ സ്വന്തമായ ഈ രണ്ടേക്കര്‍ പറമ്പില്‍ നിന്ന് നീ ക്ഷണത്തില്‍ പോകുക!, എന്ന് മൂര്‍ഖന്‍ പാമ്പിനോട് സംസാരിക്കുന്ന ഒരാളെ ഭൂമിയുടെ അവകാശികളില്‍ കാണാനാകും. ചുമ്മാ ഇരുന്നു കൊതുകിനേയും തേളുകളേയും പാമ്പുകളേയും പറ്റി ചിന്തിക്കാതെ വീടും പറമ്പും ശരിയ്ക്ക് നോക്കണം.പക്ഷികളുടേയും മൃഗങ്ങളുടേയും കൊതുകിന്റേയും മൂര്‍ഖന്‍ പാമ്പിന്റേയുമൊക്കെ കാര്യം ദൈവം നോക്കി കൊള്ളും എന്ന് അയാളെ ഉപദേശിക്കുന്ന ഭാര്യ , വീടാകെ തൂത്തടിച്ചുവാരി വൃത്തിയാക്കിയിട്ടു പറഞ്ഞു ഇരുന്നൂറ് എട്ടുകാലി, അന്‍പതു പാറ്റാ, മുപ്പത് ചീവീട്, അഞ്ചു തേള്‍, നാല് പഴുതാര, ഏഴ് വണ്ട്, രണ്ടായിരം എറുമ്പുകള്‍, ഒരഞ്ഞൂറ് ചിതലുകള്‍’

ചെറുജീവികളുടെ ഈ വലിയ കൂട്ടക്കൊലയുടെ കണക്ക് മലയാള ഭാവനയുടെ ചരിത്രരേഖയാണ്.ജന്തുപൂജ എന്ന് ഭാര്യ പരിഹസിക്കുമ്പോള്‍ ജീവികളെല്ലാം ചൂടിന്റെയും വെളിച്ചത്തിന്റെയും സന്തതികളാണ് ചിതലും എട്ടുകാലിയും മരങ്ങളും പക്ഷിമൃഗാദികളും എറുമ്പും പാമ്പും മനുഷ്യനുമെല്ലാം, എന്നായിരുന്നു അയാളുടെ മറുപടി.

 

അടിമുടി ഭൌതിക വാദിയായ ഒരു എഴുത്തുകാരനെ മാര്‍ക്സില്‍ നിന്ന് ഡാര്‍വിനിലേയ്ക്ക് പിന്നോട്ടു പോകുന്ന തീവണ്ടിയില്‍ പ്രതീക്ഷിക്കുന്നത് അസംബന്ധമായിരിക്കും. എന്നാല്‍ ഭൌതിക വാദത്തെ ജീവശാസ്ത്രവുമായി ബന്ധിപ്പിച്ച് ഒരു ദര്‍ശന സ്ഥലവും സൌന്ദര്യതലവും രൂപപ്പെടുത്തിയതോടെ ജന്തുവിമോചനത്തിന്റെ അടിത്തറ അകലങ്ങളിലേയ്ക്ക് തൊടുക്കുന്ന ഒരിടമായി.


 
മനുഷ്യാത്മാവിന്റെ ചുമടുതാങ്ങികള്‍
എന്നാല്‍ ഭൂമിയുടെ അവകാശികളിലെ ഈ സഹജീവി ബോധം ഖസാക്കിന്റെ ഇതിഹാസത്തില്‍ ആത്മീയതയുടേയും തത്വചിന്തയുടേയും കളങ്ങളിലേയ്ക്ക് മാറുന്നു. കൂമന്‍ കാവ്, മുങ്ങാങ്കോഴി, കുട്ടാപ്പുനരി, അപ്പുക്കിളി ഇങ്ങനെ കൃതിയിലെ ജീവജാലം ഇടങ്ങളേയും കഥാപാത്രങ്ങളേയും മൂടി നില്ക്കുമ്പോഴും അവിടെ പാറുന്ന തുമ്പികള്‍ മരിച്ചവരുടെ ഓര്‍മ്മകളാണ്. തുമ്പികളെ പിടിക്കുന്ന ഓന്തിലും അപ്പുക്കിളിയിലും പ്രേതസാന്നിദ്ധ്യമുണ്ട്.

ചടച്ചുകിഴവനായ പാണ്ടന്‍ കുതിര,തേക്കിന്‍ തളിരു ചതയ്ക്കുന്ന കുരങ്ങുകള്‍,ആര്യന്മാരുടെ പശുക്കള്‍, ചവറ്റിലക്കിളികള്‍. മണിപ്രാവുകള്‍, വണ്ണാത്തിപ്പുള്ളുകള്‍, കുളക്കോഴികള്‍, മയിലുകള്‍, നരിച്ചീറുകള്‍,പനന്തത്തകള്‍, തയ്യല്‍ക്കാരന്‍പക്ഷികള്‍, പച്ചിലക്കൊത്തികള്‍. പാമ്പെറുമ്പുകള്‍, നെറുകയില്‍ ചൂട്ടുള്ള പരല്‍ മീനുകള്‍, മിന്നാമിനുങ്ങുകള്‍, കൂറകള്‍ ,ചിലന്തികള്‍, ചിങ്ങപ്പാറ്റകള്‍ തുടങ്ങി ചിതലും മേല്‍ക്കൂരയിലെ ചെള്ളും അപ്പുക്കിളിയുടെ തലയിലെ പേനും വരെ ജന്മാന്തരങ്ങളായിരുന്നു. മനുഷ്യാത്മാവിന്റെ ഭാരം പേറുന്ന ചുമടുതാങ്ങികളായിരുന്നു.

രാമന്‍ കുട്ടി തീര്‍ത്തുപറഞ്ഞു, പേനിന് ആല്‍മാവ്ണ്ട് സര്‍”

കുഞ്ഞാമിന വീണ്ടും ചോദിച്ചു, അപ്പൊ അപ്പുക്ക് ളീന്റെ പേനൊക്കെ എന്തായി ജെനിയ്ക്കും സര്‍?”

പേനുകളായിത്തന്നെ പുനര്‍ജ്ജനിക്കുമോ? അതോ ഖസാക്കുകാരായി പിറക്കുമോ? അല്ലെങ്കില്‍ കാട്ടാനകളും തിമിംഗലങ്ങളും പരമാണുക്കളുമാകുമോ? പെട്ടെന്ന് രവിഓര്‍ക്കുകയായിരുന്നു”

ഭയവും ഭക്തിയും വിശ്വാസവും പുരാണവും തത്വചിന്തയും ചേര്‍ന്ന് ജന്തുജാലത്തിനുമേല്‍ കെട്ടിവച്ച ഭാരമിറക്കല്‍ കൂടിയായിരുന്നു മേതിലിയന്‍ എഴുത്തില്‍ ജന്തു വിമോചനം. ആ സാംസ്കാരിക ദൌത്യം പകുത്ത, ആ രാഷ്ട്രീയമാനങ്ങള്‍ തൊട്ട മറ്റൊരാളില്ല മലയാളത്തില്‍.ആത്മീയതയുടെ മയക്കുഗുളികകളൊന്നും കൈവശമില്ലാത്ത, അടിമുടി ഭൌതിക വാദിയായ ഒരു എഴുത്തുകാരനെ മാര്‍ക്സില്‍ നിന്ന് ഡാര്‍വിനിലേയ്ക്ക് പിന്നോട്ടു പോകുന്ന തീവണ്ടിയില്‍ പ്രതീക്ഷിക്കുന്നത് അസംബന്ധമായിരിക്കും. എന്നാല്‍ ഭൌതിക വാദത്തെ ജീവശാസ്ത്രവുമായി ബന്ധിപ്പിച്ച് ഒരു ദര്‍ശന സ്ഥലവും സൌന്ദര്യതലവും രൂപപ്പെടുത്തിയതോടെ ജന്തുവിമോചനത്തിന്റെ അടിത്തറ അകലങ്ങളിലേയ്ക്ക് തൊടുക്കുന്ന ഒരിടമായി.

 

മേയുന്നതിനിടയില്‍ കുതിര മുഖമുയര്‍ത്തി അവളെനോക്കി. കുതിരയ്ക്കും പെണ്‍കുട്ടിയ്ക്കുമിടയില്‍ ഒരു വിനിമയം നടന്നെന്ന് അവന്‍ സങ്കല്‍പ്പിച്ചതാവാം. എന്താണീ സങ്കല്‍പ്പം? പാമ്പിനോട് സംസാരിക്കുന്ന ഒരാള്‍ കൈമാറുന്ന സന്ദേശം തന്നെ.


 
കുതിരവായിലെ നീരാവി
മേയുന്നതിനിടയില്‍ കുതിര മുഖമുയര്‍ത്തി അവളെനോക്കി. കുതിരയ്ക്കും പെണ്‍കുട്ടിയ്ക്കുമിടയില്‍ ഒരു വിനിമയം നടന്നെന്ന് അവന്‍ സങ്കല്‍പ്പിച്ചതാവാം.

എന്താണീ സങ്കല്‍പ്പം? പാമ്പിനോട് സംസാരിക്കുന്ന ഒരാള്‍ കൈമാറുന്ന സന്ദേശം തന്നെ.അത് വിനിമയങ്ങളുടെ പ്രാഥമിക തലത്തെക്കുറിച്ചുള്ളതാണ്. പിഴച്ച വിനിമയങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കകത്ത് വിനിമയങ്ങളുടെ ജന്തു തലങ്ങള്‍ കൈവരിക്കുന്ന രാഷ്ട്രീയമാനങ്ങളാണ് തൂങ്ങിക്കിടക്കുന്ന റിസീവര്‍ എന്ന കഥ. മേതില്‍ കഥകളിലെ ദര്‍ശനപരമായ മറ്റൊരു വഴിത്തിരിവാണിത്. ഇവിടം ഒരു അണ്ണാര്‍ക്കണ്ണനാണ്, എന്നാണ് കഥയിലെ ഭൂദൃശ്യത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.

പല കുതിരശക്തികളില്‍ ചിനയ്ക്കുകയും അണയ്ക്കുകയും ചെയ്യുന്ന കാറ്റ്, കുതിരവായിലെ നീരാവി ഈ കുന്നുകളോളം പെരുത്തുണ്ടായ മഞ്ഞ്, തിളങ്ങുന്ന കടിഞ്ഞാണുകള്‍ അയച്ചും മുറുക്കിയും ചാറുന്ന മഴ-ഇങ്ങനെയാണ് കഥയിലെ അന്തരീക്ഷം. രാഷ്ട്രീയ നൈരാശ്യങ്ങള്‍ തമാശ പറയാനുള്ള വാസനയായി മാറുന്ന ലോകത്തു നിന്നാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന് ഊഹിക്കുന്നു എന്നാണ് തൂങ്ങിയാടുന്ന റിസീവറിലെ മനുഷ്യശബ്ദത്തോട് പ്രതികരിക്കുന്നത്. അതൊരു റഷ്യന്‍ ബഹിരാകാശ സഞ്ചാരിയുടേതാണെങ്കില്‍ കൂടി.

ജനങ്ങളിലേയ്ക്കെത്തുന്നതില്‍ പരാജയപ്പെട്ടു എന്നു പറയുമ്പോള്‍ വിനിമയം എറുമ്പുകള്‍ ചുമക്കുന്ന ഒരു ജഡമാകും.വായ്മൂടൂ എന്നാണ് അപ്പോഴാരും പറയുക. പെണ്‍കുട്ടി ഗഗാറിനോട് പറഞ്ഞതും ഗഗാറിന്‍ അവനോടുപറഞ്ഞതും അവന്‍ കുതിരയോടുപറഞ്ഞതും

റഷ്യന്‍ പാര്‍ലമെന്റില്‍ ഷിറിനോസ്കി സ്പീക്കറോട് പറഞ്ഞതും അതു തന്നെ, ഷട്ടപ്പ്!
 
 
അവസാന ഭാഗം അടുത്ത ആഴ്ച
 
 
ആദ്യ ഭാഗം: മനോരാജ്യങ്ങളിലെ രാഷ്ട്രീയം:മേതില്‍ കഥകളുടെ രാഷ്ട്രീയ വായന
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *