സംശയങ്ങളുടെ ക്രീസില്‍ നമ്മുടെ ക്രിക്കറ്റ് നേരങ്ങള്‍

 
 
 
 
കോഴയുടെ കഴുതകളികള്‍ക്കിടയില്‍ ഒരു ക്രിക്കറ്റ് പ്രണയിക്ക് പറയാനുള്ളത്. സംഗീത് ശേഖര്‍ എഴുതുന്നു
 
 
കരന്‍ ഥാപ്പറിന്റെ ടോക് ഷോയില്‍ പൊട്ടി കരഞ്ഞു കൊണ്ട് കപില്‍ ഈ ആരോപണം നിഷേധിച്ചു. കപില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്രിക്കറ്റ് എന്ന ഗെയിമിന്റെ മേല്‍ തനിക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും എന്നാണു വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞത്. എങ്കിലും താന്‍ കുടം തുറന്നു പുറത്തു വിട്ട ഭൂതം ഒടുവില്‍ മനോജിനെ തന്നെ വിഴുങ്ങി. ബുക്ക് മേക്കര്‍മാരുമായി മനോജിനുള്ള ബന്ധം പുറത്തുവന്നു. മനോജിനു വിലക്കും കിട്ടി. കപില്‍ ദേവ് എന്ന വിഗ്രഹം ഉടയാതെ അവിടെ നിന്നു. കപിലിനെതിരെ മൊഴി കൊടുക്കാന്‍ ഈ സംഭവത്തിന് സാക്ഷികള്‍ എന്ന് മനോജ് പറഞ്ഞ സിധുവോ, പ്രശാന്ത് വൈദ്യയോ തയ്യാറായില്ല.
എന്തായിരുന്നു കപില്‍ ദേവ് എന്ന കളിക്കാരനുള്ള പ്രത്യേകത? എന്ത് കൊണ്ട് അയാളെ മാത്രം സ്പര്‍ശിക്കാന്‍ ആര്‍ക്കും സാധിച്ചില്ല? ഉത്തരം ലളിതമാണ് ,കപില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ മുഖമായിരുന്നു. ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടി തന്ന ധീരനായ ക്യാപ്ടന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അമൂല്യമായ വിഗ്രഹം . അതുടഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ക്രിക്കറ്റിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന സത്യം തിരിച്ചറിഞ്ഞ ക്രിക്കറ്റ് മേലാളന്മാര്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കിയതിന്റെ ഫലമായിരുന്നു കപില്‍ രക്ഷപ്പെട്ടത് എന്ന വാദം ശക്തമായി നിലനില്‍ക്കുന്നു

 

 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ക്രിക്കറ്റ് എന്ന ഗെയിം ഒരു വികാരമാണ്. ഫുട്ബാള്‍ ഉള്‍പ്പെടെ ഉള്ള മറ്റു കളികളില്‍ പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയും ,പാകിസ്ഥാനും ശ്രീലങ്കയും ഒക്കെ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്ന ഒന്ന് ക്രിക്കറ്റാണ്. ജനതയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഈ ഗെയിം ആരാധകര്‍ക്ക് ഒരു മതം തന്നെയാണ്. എന്നാല്‍, ജെന്റില്‍മാന്‍സ് ഗെയിം എന്ന് വിശേഷിക്കപ്പെടുന്ന ക്രിക്കറ്റ് ഇന്ന് ആ മാന്യത നഷ്ടപെടുത്തി കൊണ്ടിരിക്കുകയാണ്. അല്‍പം സംശയത്തോടെയല്ലാതെ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്നൊരു ക്രിക്കറ്റ് പ്രേമിക്ക് വീക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനു കാരണക്കാര്‍ കളിക്കാരും ക്രിക്കറ്റ് ഭരണകര്‍ത്താക്കളും തന്നെയാണ് .

സംഗീത് ശേഖര്‍


കരിനിഴലിന്റെ വര്‍ഷങ്ങള്‍
വാതുവയ്പിന്റെയും കോഴയുടെയും കരിനിഴല്‍ ക്രിക്കറ്റിനെ പൂര്‍ണമായി ഗ്രസിക്കുന്നത് 13 വര്‍ഷം മുന്‍പാണ് . 2000ത്തില്‍ . ക്രിക്കറ്റിലെ ഒത്തുകളിയും ,കളിക്കാരും വാതുവയ്പുകാരുമായുള്ള അവിശുദ്ധ ബന്ധവും എല്ലാം മറ നീക്കി പുറത്ത് വന്ന വര്‍ഷം . അതിനു മുന്‍പേ തന്നെ ക്രിക്കറ്റിലെ ഒത്തുകളി സംസാര വിഷയമായിരുന്നു. എങ്കിലും എല്ലാം പരസ്യമായി തുറന്നു കാട്ടപ്പെടുന്നത് അന്നായിരുന്നു. ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അനവധി ആരാധകരെ ഞെട്ടിച്ചു കൊണ്ട് അവരുടെ മനസ്സിലെ പല വിഗ്രഹങ്ങളും തകര്‍ന്നുടഞ്ഞു. ലോക ക്രിക്കറ്റിലെ തന്നെ പല മികച്ച താരങ്ങളും ഒരൊറ്റ ദിവസം കൊണ്ട് മുഖം നഷ്ടപെട്ടവരായി മാറി. ഡല്‍ഹി പോലീസിന്റെ സമര്‍ത്ഥമായ ഇടപെടല്‍ രഹസ്യങ്ങള്‍ പുറത്ത് കൊണ്ട് വന്നു. വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ചില താരങ്ങള്‍ രക്ഷപ്പെട്ടു.

ക്രിക്കറ്റ് എന്ന ഗെയിമിന് ഈ കോഴ വിവാദം ഏല്‍പിച്ച ആഘാതം ചെറുതായിരുന്നില്ല. സംശയത്തിന്റെ ഒരു മൂന്നാം കണ്ണ് ഇപ്പോഴും ഈ ഗെയിമിന്റെ നേര്‍ക്ക് തുറന്നു വെക്കപ്പെട്ടിരിക്കുന്നു. ഓരോ ടൂര്‍ണമെന്റ് കഴിയുമ്പോഴും ചില മാച്ചുകള്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നു. മുഹമ്മദ് ആസിഫ്, സല്‍മാന്‍ ബട്ട്, ഡാനിഷ് കനേരിയ, മുഹമ്മദ് ആമിര്‍… പിടിക്കപ്പെടുന്നവരുടെ ലിസ്റ് നീളുകയാണ് .

 

 
 
ഹാന്‍സി ക്രോണ്യെ
എല്ലാം തുടങ്ങുന്നത് അയാളില്‍ നിന്നാണ്. ഹാന്‍സി ക്രോണ്യെ എന്ന സൌത്ത് ആഫ്രിക്കയുടെ മുന്‍ ക്യാപ്ടനില്‍ നിന്ന്. ഹാന്‍സി എന്ന പ്രഗല്‍ഭനായ ക്യാപ്റ്റന്‍ സൌത്ത് ആഫ്രിക്കയുടെ ആരാധ്യപുരുഷനായിരുന്നു. അയാളുടെ ഒരു ടെലിഫോണ്‍ സംഭാഷണം ദല്‍ഹി പോലീസ് റെകോര്‍ഡ് ചെയ്യുന്നതോടെ ക്രിക്കറ്റിലെ ഒരു നാണം കെട്ട അദ്ധ്യായം തുടങ്ങുകയായി. ചോദ്യം ചെയ്യലില്‍ അസ്ഹര്‍ ആണ് തന്നെ ബുക്കികള്‍ക്ക് പരിചയപ്പെടുത്തിയത് എന്ന് പറഞ്ഞു തുടങ്ങിയ അദ്ദേഹം എല്ലാം ഏററു പറഞ്ഞു. പലതവണ കോഴപ്പണം വാങ്ങി താന്‍ സൌത്ത് ആഫ്രിക്കയുടെ മത്സരങ്ങള്‍ അട്ടിമറിച്ചിട്ടുണ്ടെന്നു അയാള്‍ സമ്മതിച്ചു . അദ്ദേഹം വെളിപ്പെടുത്തിയ പേരുകള്‍ ക്രിക്കറ്റിലെ മികച്ച കളിക്കാരുടെതായിരുന്നു. സൌെത്ത് ആഫ്രിക്കയെ പിടിച്ചു കുലുക്കിയ വെളിപ്പെടുത്തല്‍ ആയിരുന്നു അത്.

തങ്ങളുടെ പ്രിയപ്പെട്ട ഹാന്‍സി അത് ചെയ്യുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒരു രാജ്യം വഞ്ചിക്കപ്പെട്ടു എന്ന തലക്കെട്ടുമായിട്ടാണ് അവിടെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. കളിക്കളത്തിലെ തന്ത്രശാലിയായിരുന്ന തങ്ങളുടെ ഹാന്‍സി വഞ്ചനയുടെയും ചതിയുടെയും ഏജന്റ് കൂടെ ആയിരുന്നു എന്നവര്‍ തിരിച്ചറിഞ്ഞു. ആജീവനാന്ത വിലക്കായിരുന്നു ക്രോണ്യെക്ക് സമ്മാനമായി ലഭിച്ചത്. ക്യത്യം രണ്ടു കൊല്ലത്തിനു ശേഷം ദുരൂഹമായ സാഹചര്യത്തില്‍ ഒരു വിമാനാപകടത്തില്‍ ക്രോണ്യെ കൊല്ലപ്പെട്ടതോടെ ഉത്തരം കിട്ടാതിരുന്ന പല ചോദ്യങ്ങളും അതേപോലെ അവസാനിച്ചു. ബെറ്റിംഗ് സിന്‍ഡിക്കേറ്റിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കപ്പെട്ട ആസൂത്രിതമായ ഒരു കൊലപാതകമായിരുന്നോ അത് എന്ന ചോദ്യവും ബാക്കിയായി.

 

 
 
മുഹമ്മദ് അസ്ഹറുദ്ദീന്‍
കോഴവിവാദം കരിനിഴല്‍ വീഴ്ത്തിയത് ഒരു പിടി പ്രതിഭകളുടെ സല്‍പേരിനു മീതെയായിരുന്നു. ഏറെ ആരാധിക്കപ്പെട്ടവര്‍ പെട്ടെന്ന് വെറുക്കപ്പെട്ടവരായി മാറി. ക്രിക്കറ്റ് ബാറ്റ് കൊണ്ട് കവിത രചിക്കാന്‍ സാധിക്കും എന്ന് ആദ്യമായി നമ്മെ കാണിച്ചു തന്നത് ഒരു ഹൈദരാബാദുകാരനായിരുന്നു. ബാറ്റിംഗ് അനായാസമായി സാധിക്കുന്ന ഒന്നാണെന്ന് കാണികളെ കാണിച്ചു കൊടുത്ത കളിക്കാരന്‍. തന്റെ കൈക്കുഴകളുടെ അസാധാരണമായ വഴക്കം അയാളെ ഒരു മാന്ത്രികനാക്കി . മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹൈദരാബാദിന്റെ അഭിമാനമായിരുന്നു, അവരുടെ പ്രിയപ്പെട്ട പുത്രനായിരുന്നു.

വിത്തല്‍ വാടിയിലെ ആ തെരുവില്‍ നിന്നും അവരുടെ പ്രിയപ്പെട്ട അസ്സു ഭായിയുടെ വളര്‍ച്ച അഭിമാനത്തോടെയാണ് അയാളുടെ നാട്ടുകാര്‍ കണ്ടു നിന്നത് .സാധാരണക്കാരില്‍ സാധാരണക്കാരായ കുടുംബത്തില്‍ ജനിച്ചു വീണ അസ്ഹര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന സ്വപ്ന പദവി വരെയെത്തി . അയാളുടെ വളര്‍ച്ചയുടെ ഓരോ പടവുകളും ആ തെരുവിലെ സാധാരണക്കാര്‍ ഹ്യദയം കൊണ്ട് സ്വീകരിച്ചു.

അസ്ഹറുദ്ദീന്‍ എന്ന കളിക്കാരന്റെ തകര്‍ച്ച ക്രിക്കറ്റിലെ ദുരന്തങ്ങളില്‍ ഒന്നാണ്. മനോഹരമായ ഫ്ളിക്കുകളും തീര്‍ത്തും അയത്നലളിതമായ കവര്‍ ഡ്രൈവുകളും കൊണ്ട് കാണികളെ ആനന്ദിപ്പിച്ച അയാള്‍ ജീവിതത്തില്‍ ഉയര്‍ച്ചകളിലേക്ക് പോകുന്തോറും ചതിയുടെയും വഞ്ചനയുടെയും ചെളിക്കുണ്ടില്‍ ആണ്ടു പോയി. നിങ്ങള്‍ എന്ത് കൊണ്ട് മനസ്സിലാക്കിയില്ല അസ്ഹര്‍ ,നിങ്ങളുടെ പ്രതിഭയെ അകമഴിഞ്ഞ് സ്നേഹിച്ച ലക്ഷക്കണക്കിന് ആരാധകരുടെ നൊമ്പരങ്ങള്‍ ?സ്വന്തം ടീമിനെ ഒററ് കൊടുത്തതിനു പ്രതിഫലമായി കിട്ടിയ വെള്ളിക്കാശ് കണക്ക് പറഞ്ഞു എണ്ണി വാങ്ങുമ്പോള്‍ നിങ്ങളുടെ കൈകള്‍ ഒരിക്കല്‍ പോലും വിറച്ചിരുന്നില്ലേ? സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെക്കാള്‍ പ്രതിഭാശാലി എന്ന് പലരും നിങ്ങളെ വാഴ്ത്തിയപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനീര്‍ ഒഴുക്കിയ , ആ പഴയ തെരുവില്‍ നിങ്ങളോടൊപ്പം കളിച്ചു നടന്നിരുന്ന ആ കളിക്കൂട്ടുകാരുടെ മനസ്സ് കാണാന്‍ പോലും നിങ്ങള്‍ക്കായില്ലല്ലോ സുഹൃത്തെ. ഇന്നും നിങ്ങളെ അവര്‍ക്ക് വെറുക്കാന്‍ കഴിയുന്നില്ല. ആ തെരുവില്‍ ഇന്നും അവര്‍ ജീവിക്കുന്നു, നിങ്ങള്‍ക്ക്, അവരുടെ പ്രിയപ്പെട്ട അസ്സു ഭായിക്ക് എവിടെയാണ് പിഴച്ചത് എന്ന ചോദ്യവും മനസ്സില്‍ ഒളിപ്പിച്ചു കൊണ്ട്. മറുപടി പറയേണ്ടത് നിങ്ങള്‍ മാത്രമാണ്.

 

 
 
സലിം മാലിക്
എത്രയൊക്കെ വെറുക്കാനും മറക്കാനും ശ്രമിച്ചാലും മനസ്സില്‍ നിന്നും മാഞ്ഞു പോകാത്ത ഒരു പേരാണ് സലിം മാലിക് . സലിം മാലിക് എന്ന പാകിസ്താനി ബാറ്റ്സ്മാന്റെ കളി കണ്ടിട്ടില്ലെങ്കില്‍ ദയവായി യൂട്യൂബില്‍ പരതുക. ഇമ്പ്രോവൈസേഷന്‍ എന്ന കലയുടെ ആശാന്‍ ആയിരുന്നു മാലിക്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തികച്ചും സാധാരണ രീതിയില്‍ ബാറ്റ് ചെയ്യുന്ന മാലിക് റണ്‍ റേറ്റ് കൂട്ടേണ്ട സമയമായാല്‍ ലെഗ് സ്റംപില്‍ നിന്നും അല്പം മാറി സ്ററാന്‍ഡ് എടുത്ത് തന്റെ റിസ്റ് ഉപയോഗിച്ച് ഓഫ് സൈഡിലൂടെ കളിച്ചിരുന്ന ഇമ്പ്രവൈസ്ഡ് ഷോട്ടുകള്‍ ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ കാഴ്ചകളില്‍ ഒന്നായിരുന്നു .

അസാധാരണ പ്രതിഭയായിരുന്ന അയാള്‍ക്കും കോഴപ്പണത്തിന്റെ ചെളിക്കുഴിയില്‍ സ്വയം വീണു പോകുന്നത് തടയാന്‍ കഴിഞ്ഞില്ല. കോഴ വാങ്ങിയതിനു ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ട ആദ്യ കളിക്കാരന്‍ എന്ന ബഹുമതിയും ആജീവനാന്ത വിലക്കും വാങ്ങി സലിം മാലിക്ക് പടിയിറങ്ങിയത് അയാളെ സ്നേഹിച്ചവരുടെ മനസ്സില്‍ നിന്നുമായിരുന്നു. തന്റെ പ്രതിഭയെ തുച്ഛമായ വെള്ളിക്കാശിനു വില പറഞ്ഞു വില്‍ക്കുമ്പോള്‍ മാലിക്ക് മറന്നു പോയ ഒരു കാര്യമുണ്ടായിരുന്നു .സലിം മാലിക്ക് എന്ന ക്ളാസ് ബാറ്റ്സ്മാന്റെ കഴിവിനെ സ്നേഹിച്ചവര്‍ക്ക് പോലും ഉച്ചരിക്കാന്‍ വെറുപ്പുണ്ടാക്കുന്ന തരത്തില്‍ ചരിത്രത്തിന്റെ ചവറ്റ് കുട്ടയില്‍ സ്വന്തം പേര് വലിച്ചെറിയുകയായിരുന്നു താന്‍ എന്ന സത്യം. എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല പ്രിയപ്പെട്ട മാലിക് നിങ്ങള്‍ക്ക് അത് ഒഴിവാക്കാമായിരുന്നു, നിങ്ങളെ ഞങ്ങള്‍ സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ വെറുക്കാനും കഴിയുന്നില്ല. എല്ലാവരാലും വെറുക്കപ്പെട്ട് കുനിഞ്ഞ ശിരസ്സുമായി പോകേണ്ടയാളല്ലായിരുന്നു നിങ്ങള്‍ .

 

 
 
ഹെര്‍ഷല്‍ ഗിബ്ബ്സ്
ക്രിക്കററ് ലോകത്തിനു നഷ്ടപ്പെടേണ്ടിയിരുന്ന, എന്നാല്‍ നഷ്ടപ്പെടാതെ തിരിച്ചു കിട്ടിയ ഒരു പ്രതിഭയായിരുന്നു ഹെര്‍ഷല്‍ ഗിബ്ബ്സ്. ഹാന്‍സി ക്രോണിയയുടെ വലയില്‍ കുടുങ്ങിയാണ് ഗിബ്സ് കോഴപ്പണം വാങ്ങുന്നത്. ലോകോത്തര ഫീല്‍ഡറും മികച്ചൊരു ഓപ്പണിംഗ് ബാറ്റ്സ്മാനും ആയി ഗിബ്സ് പിന്നീട് വളര്‍ന്നതില്‍ അയാള്‍ നന്ദി പറയേണ്ടത് അവിടത്തെ ക്രിക്കറ്റ് ബോര്‍ഡിനോടും ജനങ്ങളോടും ആണ്. അയാളുടെ ചെറുപ്രായത്തില്‍ പറ്റിയ ആ വലിയ തെറ്റ് അവര്‍ ക്ഷമിച്ചു കൊടുത്തു. അവര്‍ക്കയാളെ പാതി വഴിയില്‍ വലിച്ചെറിയാന്‍ ആകുമായിരുന്നില്ല.

അയാളുടെ വിശദീകരണം കരളലിയിക്കുന്നതായിരുന്നു .”ചെറുപ്പത്തിലെ പിതാവ് ഉപേക്ഷിച്ചു പോയതിനു ശേഷം എന്നെ അവര്‍ വളര്‍ത്തിയത് അന്യവീടുകളില്‍ കൂലി വേല ചെയ്തിട്ടായിരുന്നു. എന്റെ ജീവിതത്തിനു ഞാന്‍ എന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു. എനിക്കൊരിക്കലും അവരുടെ കടം വീട്ടാന്‍ കഴിയില്ല. അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് എന്നെ ഞാനാക്കിയത്. അത്രയും തുക ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്. അവസാന കാലത്തെങ്കിലും എനിക്കെന്റെ അമ്മയെ നന്നായി നോക്കണമായിരുന്നു. എന്റെ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ എനിക്കെന്റെ രാജ്യം പോലും. അത് കൊണ്ട് തന്നെ ആ പ്രലോഭനം അതിജീവിക്കാന്‍ എനിക്കായില്ല “. മോശമായി ബാറ്റ് ചെയ്യാന്‍ കോഴപ്പണം വാങ്ങിയിട്ടും ഗിബ്സ് തന്റെ തീരുമാനം തിരുത്തി ആ മത്സരത്തില്‍ നന്നായി കളിച്ചിരുന്നു. അത് കൂടി കണക്കിലെടുത്ത് ആറു മാസത്തെ വിലക്കില്‍ ശിക്ഷ ഒതുങ്ങി. പിന്നീട് ഗിബ്സ് മികച്ചൊരു ബാറ്റ്സ്മാന്‍ എന്ന് പേരെടുത്തു .

 

 
 
അജയ് ജദേജ
കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്ന മുഖവും നിഷ്കളങ്കത നിറഞ്ഞു നില്‍ക്കുന്ന ചിരിയുമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് അജയ് ജദേജ. ഇന്ത്യന്‍ ഏകദിന ടീമിലെ മികച്ചൊരു മധ്യനിര ബാറ്റ്സ്മാനും ലോകോത്തര ഫീല്‍ഡറും ആയിരുന്നു അയാള്‍. അയാളുടെ നിഷ്കളങ്കമായ പുഞ്ചിരിക്കു പിന്നിലെ കാപട്യം തിരിച്ചറിഞ്ഞ നിമിഷം ഇന്ത്യന്‍ ക്രിക്കറ്റ് ഒന്നടങ്കം നടുങ്ങി. വാതുവയ്പുകാര്‍ക്ക് പണ്ടേ തന്നെ തീറെഴുതി വിറ്റിരുന്ന ജദേജ സ്ഥിരമായി ഒത്തുകളിയില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍ ആണെന്ന കാര്യം ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്.

വളരെ സമര്‍ത്ഥനായ ഒരു നടന്‍ ആയിരുന്നു അയാള്‍. ബോളിവുഡിലും അദ്ദേഹം ഇടക്ക് ഭാഗ്യം പരീക്ഷിച്ചു എങ്കിലും അവിടെ അയാളേക്കാള്‍ മികച്ച നടന്മാര്‍ ഉണ്ടായിരുന്ന കൊണ്ട് പച്ച തൊട്ടില്ല എന്ന് മാത്രം. ഒരു സമ്പന്ന കുടുംബത്തില്‍ നിന്നും വന്ന അയാള്‍ക്ക് എന്തായിരുന്നു ഇതിന്റെ ആവശ്യം എന്ന് തോന്നാം. എന്നിട്ടും പണം തന്നെയാണ് ജദേജയെയും വഴി തെറ്റിച്ചത്. ഒരു മനസാക്ഷി കുത്തുമില്ലാതെ അയാള്‍ തന്റെ ടീമിനെ എണ്ണമറ്റ അവസരങ്ങളില്‍ ഒറ്റു കൊടുത്തു. ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ മനോഹരമായി പുഞ്ചിരിച്ചു കൊണ്ടിരുന്ന അയാള്‍ ആ കാലത്ത് പെണ്‍കുട്ടികളുടെ ആരാധ്യപുരുഷനായിരുന്നു. ടെലിവിഷനില്‍ തന്നെ കണ്ണും നട്ട് പലപ്പോഴും ജോലിക്ക് പോലും പോകാതെ ഇരുന്നു ക്രിക്കറ്റ് കാണുന്ന ലക്ഷക്കണക്കിന് ആരാധകരുടെ ആത്മാര്‍ഥതയെ പരിഹസിക്കുകയായിരുന്നു അയാള്‍ എന്നവര്‍ തിരിച്ചറിഞ്ഞ നിമിഷം അജയ് ജദേജ അവരുടെ മനസ്സുകളില്‍ നിന്നും നിഷ്കാസിതനായി . വീട്ടില്‍ ഡൈനിംഗ് ടേബിളില്‍ ഒട്ടിച്ചിരുന്ന അജയ് ജദേജയുടെ ഒരു ചിത്രം എന്റെ കൈ കൊണ്ട് കീറി പറത്തിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അന്നെന്റെ സഹോദരി നിശബ്ദയായിരുന്നു.

 

 
 
മനോജ് പ്രഭാകറും കപില്‍ദേവും
മനോജ് പ്രഭാകര്‍ എന്ന കളിക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു മഹത്തായ സംഭവം ഒന്നുമല്ല. പക്ഷെ അയാള്‍ അത്ര മോശക്കാരനും ആയിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്‍സ്വിങ്ങറുകള്‍ അയാളുടെതായിരുന്നു. തരക്കേടില്ലാത്ത ഒരു ഓള്‍ റൌെണ്ടര്‍ ആയിരുന്നു മനോജ് . പക്ഷെ കളിയില്‍ നിന്നും വിരമിച്ച ശേഷമാണ് മനോജ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്‍സ്വിംഗര്‍ ഏറിഞ്ഞത്. 2000ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ എന്നല്ല ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഒരു പത്ര സമ്മേളനത്തില്‍ മനോജ് തനിക്ക് കോഴ വാഗ്ദാനം ചെയ്ത സഹകളിക്കാരന്റെ പേര് വെളിപ്പെടുത്തി. അത് കപില്‍ദേവ് ആയിരുന്നു ,ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആള്‍ റൌെണ്ടര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വിഗ്രഹം!

കരന്‍ ഥാപ്പറിന്റെ ടോക് ഷോയില്‍ പൊട്ടി കരഞ്ഞു കൊണ്ട് കപില്‍ ഈ ആരോപണം നിഷേധിച്ചു. കപില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്രിക്കറ്റ് എന്ന ഗെയിമിന്റെ മേല്‍ തനിക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും എന്നാണു വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞത്. എങ്കിലും താന്‍ കുടം തുറന്നു പുറത്തു വിട്ട ഭൂതം ഒടുവില്‍ മനോജിനെ തന്നെ വിഴുങ്ങി. ബുക്ക് മേക്കര്‍മാരുമായി മനോജിനുള്ള ബന്ധം പുറത്തുവന്നു. മനോജിനു വിലക്കും കിട്ടി. കപില്‍ ദേവ് എന്ന വിഗ്രഹം ഉടയാതെ അവിടെ നിന്നു. കപിലിനെതിരെ മൊഴി കൊടുക്കാന്‍ ഈ സംഭവത്തിന് സാക്ഷികള്‍ എന്ന് മനോജ് പറഞ്ഞ സിധുവോ, പ്രശാന്ത് വൈദ്യയോ തയ്യാറായില്ല.

 

 
 
എന്തായിരുന്നു കപില്‍ ദേവ് എന്ന കളിക്കാരനുള്ള പ്രത്യേകത? എന്ത് കൊണ്ട് അയാളെ മാത്രം സ്പര്‍ശിക്കാന്‍ ആര്‍ക്കും സാധിച്ചില്ല? ഉത്തരം ലളിതമാണ് ,കപില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ മുഖമായിരുന്നു. ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടി തന്ന ധീരനായ ക്യാപ്ടന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അമൂല്യമായ വിഗ്രഹം . അതുടഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ക്രിക്കറ്റിന്റെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന സത്യം തിരിച്ചറിഞ്ഞ ക്രിക്കറ്റ് മേലാളന്മാര്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കിയതിന്റെ ഫലമായിരുന്നു കപില്‍ രക്ഷപ്പെട്ടത് എന്ന വാദം ശക്തമായി നിലനില്‍ക്കുന്നു .

 

 
 
മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ്, സല്‍മാന്‍ ബട്ട്
2010 ല്‍ അരങ്ങേറിയ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ പാക്കിസ്താന് നഷ്ടപെട്ടത് മൂന്ന് പ്രതിഭകളെയായിരുന്നു. മുഹമ്മദ് ആമിര്‍ എന്ന ഇടത് കയ്യന്‍ ഫാസ്റ് ബൌളര്‍ അയാള്‍ പന്തെറിയുന്നതിനെക്കാള്‍ വേഗത്തിലാണ് പാക്കിസ്താന്‍ ദേശീയ ടീമില്‍ കയറിയത് . 17ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ആമിര്‍ വസിം അക്രം എന്ന ഇതിഹാസത്തിന്റെ യഥാര്‍ത്ഥ പിന്ഗാമി എന്ന വിളിപ്പെരുമായി മിന്നിത്തിളങ്ങി. 2010ലെ ഇംഗ്ളണ്ട് പര്യടനത്തിനിടക്കാണ് ആമിര്‍ കോഴ വാങ്ങി മനപൂര്‍വം നോബോളുകള്‍ എറിഞ്ഞത്. ഈ വാര്‍ത്ത പല മുന്‍കളിക്കാരെയും അസ്വസ്ഥരാക്കിയിരുന്നു. ലോര്‍ഡ്സില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞ ആ പയ്യന്റെ പ്രായവും പ്രതിഭയും പലരെയും വിഷമിപ്പിച്ചു.

മുഹമ്മദ് ആസിഫ് എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. മയക്കുമരുന്ന് ഉപയോഗവും അച്ചടക്കമില്ലായ്മയും എല്ലാം അയാളുടെ കൂടപ്പിറപ്പായിരുന്നു. എങ്കിലും ആസിഫ് ഒന്നാന്തരം സ്വിംഗ് ബൌളര്‍ ആയിരുന്നു. അവിശ്വസനീയമായ രീതിയില്‍ പന്ത് ഇരു വശത്തേക്കും അയാള്‍ സ്വിംഗ് ചെയ്യിച്ചിരുന്നു. സ്പോട്ട് ഫിക്സിംഗ് വിവാദം അയാളുടെ കരിയര്‍ തന്നെ ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. പിടിയിലാകുമ്പോള്‍ സല്‍മാന്‍ ബട്ട് പാകിസ്ഥാന്റെ ക്യാപ്റ്റന്‍ ആയിരുന്നു. മികച്ചൊരു ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ആയിരുന്നു ഈ ഇടത് കയ്യന്‍. സല്‍മാന്‍ ബട്ടിന്റെ നിര്‍ദേശം അനുസരിച്ചാണ് ആമിറും ആസിഫും നോബോളുകള്‍ എറിഞ്ഞത് . മൂന്നു പേരും ജയില്‍ ശിക്ഷ അനുഭവിച്ചു .

 

 
 
ശ്രീശാന്ത്
കളിക്കാരെ ക്യത്യമായി നിരീക്ഷിക്കുക എന്നതാണ് വാതുവെപ്പ് മാഫിയയുടെ ആദ്യത്തെ സ്റ്റെപ്പ്. പ്രലോഭനങ്ങളില്‍ വീഴാന്‍ സാദ്ധ്യത ഇല്ലാത്തവരെ ആദ്യമേ തങ്ങളുടെ ലിസ്റില്‍ നിന്നും ഒഴിവാക്കുന്നു.ബാക്കിയുള്ളവരെ പെട്ടെന്നൊരു ദിവസം കൊണ്ടല്ല വലയിലാക്കുന്നത്. അവരുടെ ദൌര്‍ബല്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി കെണിയില്‍ പെടുത്തുകയാണ് ചെയ്യുന്നത്. ഹണി ട്രാപ്പ് ഉള്‍പെടെ പല മാര്‍ഗങ്ങളും ഉപയോഗിച്ചാണ് മിക്കപ്പോഴും ക്രിക്കറ്റര്‍മാരെ ബെറ്റിംഗ് മാഫിയ തങ്ങളുടെ വലയിലാക്കുന്നത്. ഒരിക്കല്‍ പെട്ടാല്‍ പിന്നെ രക്ഷയില്ലാത്ത വിധം മുറുകുന്ന വലക്കണ്ണികള്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കളിക്കാരെ പ്രേരിപ്പിക്കുന്നു.

ഒട്ടും പ്രതീക്ഷിച്ചതല്ല നമ്മുടെ ശ്രീശാന്തും ഈ കോഴക്കളിയുടെ ഭാഗമാകും എന്ന്. ശ്രീ ഒരിക്കലും ഇതിന്റെ അവസാനത്തെ കണ്ണിയാകാന്‍ സാദ്ധ്യത ഇല്ല തന്നെ . ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. വഞ്ചനയുടെയും ചതിയുടെയും അവസാനമില്ലാത്ത കഥകള്‍ .ഇപ്പോള്‍ അഗ്നിശുദ്ധിയുടെ നാളുകളാണ്. മാലിക്കും ജദേജയും അസ്ഹറും എല്ലാം അഗ്നിശുദ്ധി വരുത്തി പുറത്ത് വരുന്നു. കാത്തു നില്‍ക്കുന്ന മാധ്യമ പടയെ കൈ ഉയര്‍ത്തി കാണിച്ച് നിറഞ്ഞ ചിരിയോടെ.

എന്നാല്‍ ഒരു കാര്യം തിരിച്ചറിയേണ്ടതുണ്ട്. ജീവിത കാലം മുഴുവനും ആ കളങ്കം മായ്ച്ചു കളയാന്‍ ആവില്ല എന്ന സത്യം. ലോകത്തെ മുഴുവന്‍ വഞ്ചിക്കാം ,പറഞ്ഞു പറ്റിക്കാം. പക്ഷേ, സ്വന്തം മനസ്സാക്ഷിയോട് എന്ത് പറയും?
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *