ആര്‍ട്ടിസ്റ്റ്: നീലനിറത്തില്‍ ഒരു മഴവില്ല്

 
 
 
 
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് കാഴ്ചാനുഭവം. പി.സനില്‍കുമാര്‍ എഴുതുന്നു
 
 
വേറിട്ടു നില്‍ക്കുമ്പോഴും പറഞ്ഞുപറഞ്ഞു ഉള്ളിലുറച്ച ജീവിതത്തിന്റെ പതിവു നിറക്കൂട്ടുകള്‍ ഈ ചിത്രത്തെയും തേടിയെത്തുന്നുണ്ട്. വൈശാലിയെപ്പോലെ അവസാന നിമിഷം, അന്ധനായ കാമുകനാല്‍പോലും, ഉപേക്ഷിക്കപ്പെടേണ്ടവളാണ് പെണ്ണെന്ന കീഴ് വഴക്കത്തെ അത് അരക്കിട്ടുറപ്പിക്കുന്നു. കുടുംബത്തെ കൂട്ടാക്കാതെയുള്ള, വിവാഹമെന്ന സ്ഥാപനത്തിന് ചേരാത്ത വ്യക്തിബന്ധങ്ങള്‍ ഏറെക്കാലം നിലനില്‍ക്കില്ലെന്നും (ഭാര്യഭര്‍ത്താക്കന്മാരായ അഭിരുചി ബന്ധം അസ്വാരസ്യങ്ങള്‍ക്കിടയിലും തകരുന്നില്ല !), പെണ്ണ് ചതിക്കുമെന്നുമുള്ള (അവന്റെ ജീവിതവളര്‍ച്ചയ്ക്കായുള്ള ഇടപെടലുകളായിട്ടും) ചിന്താധാരകളെ ആര്‍ട്ടിസ്റ് പിന്തുടരുന്നതായി നേര്‍ക്കുനേര്‍ കാണാം

 

 
ആലപ്പുഴ റെയ്ബാന്‍ സിനിഹൌസില്‍ ആര്‍ട്ടിസ്റ് കാണാന്‍ ആകെ പതിനൊന്ന് ആളുകളേ ഉണ്ടായിരുന്നുള്ളൂ. വിശാലമായ ബാല്‍ക്കണിയില്‍ ഒന്നുരണ്ടു പേര്‍ മാത്രമിരുന്നുള്ള സിനിമ കാണല്‍. ഒഴിഞ്ഞ കസേരകളുടെ കടലിനിക്കരെ ഒറ്റപ്പെട്ട തുരുത്തുകള്‍ എന്നാല്‍ പൊടുന്നനെ കാന്‍വാസുകളായി മാറി.

പി.സനില്‍കുമാര്‍

മനസ്സിന്റെ ശൂന്യമായ പ്രതലങ്ങള്‍ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും ചായക്കൂട്ടുകളാല്‍ നനഞ്ഞു കുതിര്‍ന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഉടലാകെ ചായങ്ങളാണെന്ന് തോന്നി. മനസ്സ് മനോഹരമായ ഒരു ജലച്ചായ ചിത്രം പോലെ തുളുമ്പി. അന്നയും റസൂലിനും ശേഷം രണ്ടാമതൊന്നു കൂടി കാണണമെന്ന് ഉള്ളിലിപ്പോഴും തോന്നിക്കുന്ന ചിത്രമാണ് ആര്‍ട്ടിസ്റ്.

ഉപദേശികളേ വിട
സമൂഹത്തെയോ മനുഷ്യനെയോ സദാചാര പ്രസംഗം നടത്തി നന്നാക്കലാണ് ലക്ഷ്യമെന്ന തരത്തിലാണ് അടുത്ത കാലത്തായി മലയാള സിനിമകളെല്ലാം പടച്ചുവിടുന്നത്. തിയറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകന് കനപ്പെട്ട സാരോപദേശം നല്‍കിയില്ലെങ്കില്‍ അതൊരു കുറവാണെന്നാണ് ജനറേഷന്‍ വ്യത്യാസമില്ലാതെയുള്ള സിദ്ധാന്തം.

പുകവലിയും മദ്യപാനവും ഇഷ്ടംപോലെ കാണിക്കുകയും അതിനൊപ്പം ഇവ ഹാനികരമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിലെ പരിഹാസ്യത പോലെയാണ് ഉപദേശ ഗീര്‍വാണവും ശുഭാന്ത്യവും. എന്നാല്‍, ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ് അതിനൊരുപവാദമാണ്. ആത്യന്തികമായി സിനിമ സിനിമ മാത്രമാണെന്ന് സംവിധായകന്‍ തിരിച്ചറിയുന്നത് എന്തുകൊണ്ടും നല്ലതു തന്നെ.

 

 
കണ്ണുകാണാത്തൊരാള്‍ കടലുകാണുന്നു
തിരുവനന്തപുരത്ത് ജനിച്ച് പൂനെയില്‍ താമസമാക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ പരിതോഷ് ഉത്തമിന്റെ ‘ഡ്രീംസ് ഇന്‍ പ്രഷ്യന്‍ ബ്ളൂ’ എന്ന ഇംഗ്ലീഷ് നോവലിന്റെ ചലച്ചിത്രഭാഷ്യമാണ് ആര്‍ട്ടിസ്റ്. ആര്‍ട്സ് കോളേജിന്റെയും നായികയുടെയും പേരൊഴികെ സംഭാഷണങ്ങള്‍ പോലും തനിമ ചോരാതെ സിനിമയിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ ശ്യാമപ്രസാദിന് കഴിഞ്ഞു. തിരക്കഥയും സംഭാഷണവും സംവിധാനവും ഒരാള്‍ തന്നെ നിര്‍വഹിക്കുമ്പോഴുള്ള ലയം ആര്‍ട്ടിസ്റിനെ വശ്യമാക്കുന്നുണ്ട്. കഥയാണ് ഇതിന്റെ ജീവനെന്നതിനാല്‍ ഇത്തിരി കാര്യങ്ങള്‍ പറയാതെ നിവൃത്തിയില്ല.

ഫൈന്‍ ആര്‍ട്സ് കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് മൈക്കലാഞ്ജലോ എന്ന മൈക്കിള്‍. നിറങ്ങളും സിനിമാസ്ക്രീനോളം വലിപ്പമുള്ള കാന്‍വാസും മാത്രം ചിന്തിച്ച് നടക്കുന്നവന്‍. തലയിലും വായിലും നിറയെ പെയിന്റിങ്ങ് ! ഒപ്പം അഭി, രുചി എന്നിവര്‍. അതിനിടയിലേക്കാണ് ഗായത്രി എന്ന ബ്രാഹ്മണകുട്ടി ജൂനിയറായി എത്തുന്നത്. നാലുപേരും സുഹൃത്തുക്കളാകുന്നു. മൈക്കിളിലെ പെയിന്ററോടും വ്യക്തിയോടും ഗായത്രിക്ക് തോന്നുന്ന ആരാധന പ്രണയത്തിന്റെ കാന്‍വാസിലേയ്ക്ക് അവളെ ചേര്‍ത്തെഴുതുന്നു. വളര്‍ന്നുവളര്‍ന്ന് അത് വിട്ടുപിരിയാനാകാത്ത പ്രണയമാകുന്നു.

കോളേജ് ജീവിതം പൂര്‍ത്തിയാക്കാതെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. മതിയാകുവോളം മൈക്കിള്‍ ചിത്രം വരയ്ക്കും, ഗായത്രി എഴുതും- അതാണ് ധാരണ. വീട്ടുകാരെ ധിക്കരിച്ച് താമസം തുടങ്ങി. സ്വാതന്ത്യ്രത്തിന്‍റെ ആകാശങ്ങളില്‍ പറന്നു തുടങ്ങുന്ന ജീവിതം പതിയെ ജീവിതത്തിനുമാത്രമാവുന്ന ചതുപ്പിലേക്ക് താഴുന്നു. ദാരിദ്യ്രം. കലയുടെ ഏകാന്ത ദ്വീപ് മൈക്കിളിനു പ്രലോഭനവും ജീവിതവുമാകുന്നു. അയാളതില്‍ അടച്ചുപൂട്ടിക്കിടക്കുന്നു. അവന് മതിയാവോളം വരയ്ക്കാന്‍ ഗായത്രി ജോലിക്കു പോകുന്നു. ജീവിതവും കലയും അവര്‍ക്കിടയില്‍ വഴക്കിനുള്ള നിമിത്തങ്ങളാവുന്നു. ഇണക്കത്തിനും ഇടര്‍ച്ചയ്ക്കും ഇടയില്‍ ഇരുവരുടെയും ജീവിതം മാറ്റിമറിച്ചത് ഒരു വാഹനാപകടമാണ്.

ബൈക്കപകടത്തില്‍ മൈക്കിളിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. കാഴ്ചശക്തി എന്നേക്കുമായി നഷ്ടപ്പെട്ടു. എങ്കിലും തന്റെ സ്വപ്നങ്ങളെ വിടാതെ പിന്തുടരാന്‍ തന്നെയായിരുന്നു അയാളുടെ ഉദ്ദേശ്യം. ഗായത്രിയും ധൈര്യം പകര്‍ന്നു. വിലകൂടിയ പെയിന്റുകള്‍ കണ്ണുകാണാത്തൊരാള്‍ക്ക് വാങ്ങുന്നതിലെ നഷ്ടം പറഞ്ഞ് തന്റെ കൈവശമുള്ള ഒരു പെട്ടി പ്രഷ്യന്‍ ബ്ളൂ കൂട്ടുകാരന്‍ അഭി അവള്‍ക്ക് കൈമാറുന്നു. മഴവില്‍ച്ചാരുതയാണെന്ന ബോധത്തല്‍ പ്രഷ്യന്‍ ബ്ലൂവില്‍ അയാള്‍ നീലാകാശവും പച്ചപ്പുല്‍പ്പാടവും പശുക്കിടാവും കടലുമെല്ലാം 21 കാന്‍വാസുകളിലായി പകര്‍ത്തുന്നു. എല്ലാത്തിനും ഒരേ നിറമാണെന്ന് അവനറിയുന്നേയില്ല.

ചിത്രപ്രദര്‍ശനത്തിന് തൊട്ടുമുമ്പാണ് മൈക്കിളിന് ‘ചതി’ മനസിലായത്. നല്ല വിലയ്ക്ക് മുഴുവന്‍ ചിത്രങ്ങളും വിറ്റുപോയെന്ന് ഗായത്രി സന്തോഷത്തോടെ മറുപടി പറയുന്നെങ്കിലും, തന്നിലെ കലാകാരന്‍ പറ്റിക്കപ്പെട്ടതിലെ ആത്മരോഷത്തില്‍ അയാള്‍ പൊട്ടിത്തെറിക്കുന്നു. സ്വജീവിതം തനിക്കായി ത്യജിച്ച ഗായത്രിയെ, ചിത്രകാരനായ അറിയപ്പെട്ട ദിവസം, മൈക്കിളും ത്യജിക്കുന്നു. വികലമെന്നു വിളിക്കാവുന്ന സൃഷ്ടികളെ കാഴ്ചക്കാരും നിരൂപകരും ചേര്‍ന്ന് ഘോഷിക്കുമ്പോള്‍ തിരുത്താന്‍ നില്‍ക്കാതെ വാഴ്ത്തുപാട്ടുകള്‍ക്ക് നിന്നുകൊടുക്കുന്നു, മൈക്കിള്‍. ആള്‍ക്കൂട്ടത്തിന് പുറത്തേക്ക് മറയുന്നു ഗായത്രി. ഉള്ളിനുള്ളിലെ സ്വാര്‍ത്ഥതയുടെ ഇത്തിരിത്തുരുത്തിനെയാണ് ചില നേരങ്ങളില്‍ നാം ജീവിതമെന്ന് വിവര്‍ത്തനം ചെയ്യുന്നതെന്ന് ആഴത്തില്‍ പറഞ്ഞ്, നിറഞ്ഞ് തുളുമ്പി ഒരര്‍ദ്ധവിരാമത്തിന്റെ അനിശ്ചിതത്വത്തില്‍ ‘ആര്‍ട്ടിസ്റ്’ തിരശലയിടുന്നു.

 

 
പകര്‍ന്നാട്ടം
മൈക്കിളായി ഫഹദ് ഫാസിലും ഗായത്രിയായി ആന്‍ അഗസ്റിനും ഗംഭീരമായി പകര്‍ന്നാടുന്നു. നെഗറ്റീവ് ടച്ചുള്ള ഫഹദിയന്‍ കഥാപാത്രങ്ങളിലേക്ക് റസൂലിന് ശേഷമുള്ള മറ്റൊരു മികവാകുന്നു മൈക്കിള്‍. ആദ്യപകുതിയിലെ കോളേജ് വിദ്യാര്‍ത്ഥിയായ കാമുകനില്‍ നിന്ന് രണ്ടാംപകുതിയില്‍ മുടി നീട്ടിയ അന്ധനായ പെയിന്ററിലേക്ക് എത്തുമ്പോള്‍ മലയാളത്തിന്‍റെ തിരക്കാഴ്ചകളില്‍ അത്ര സുപരിചിതമല്ലാത്ത കടുംവര്‍ണക്കൂട്ടുകളാണ് ഫഹദ് ചാലിച്ചെടുക്കുന്നത്. ഫഹദിന്റെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ആനിനും കഴിഞ്ഞു. സിദ്ധാര്‍ത്ഥ് ശിവ, ശ്രീരാം, ശ്രിന്ദ തുടങ്ങിയവരും നന്നായി ചെയ്തു.

ഷാംദത്തിന്റെ ഛായാഗ്രഹണം, വിനോദ് സുകുമാരന്റെ എഡിറ്റിംഗ്, റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതസംവിധാനത്തില്‍ ചിത്ര പാടിയ “ഇളവെയില്‍ വിരലുകളാല്‍’ എന്നിവയും ആര്‍ട്ടിസ്റിനെ മനോഹരമാക്കുന്നു.

 

 
സ്വപ്നവും ജീവിതവും
ജീവിതത്തിനും കലയ്ക്കുമിടയിലെ വ്യത്യസ്ത സ്ഥലരാശികളിലൂടെയാണ് ആര്‍ടിസ്റ്റ് ചരിക്കുന്നത്. സ്വപ്നങ്ങളുടെ കാന്‍വാസും പച്ച ജീവിതത്തിന്റെ യാഥാര്‍തഥ്യവും തമ്മിലുള്ള അന്തരം അതു തുറന്നു കാട്ടുന്നു. ജീവിതത്തിന്റെ നടപ്പു വഴികള്‍ ഭേദിക്കുമ്പോഴും യാഥാര്‍ത്ഥ്യത്തിന്റെ ഇത്തിരിത്തുരുത്തുകളിലേക്ക് ചെറുതായിപ്പോവുന്ന മനുഷ്യരുടെ നിസ്സഹായത അതു പകര്‍ത്തുന്നു. കുടുംബം എന്ന സ്ഥാപനത്തെ, വിവാഹം എന്ന തുരുത്തിനെ മലയാള സിനിമ സാധാരണമായി ആവിഷ്കരിക്കുന്നൊരു രീതിയുണ്ട്. അതില്‍നിന്ന് വഴി മാറി നടക്കുന്നുണ്ട്, പുതിയ കാലത്ത് അത്ര അസാധാരണമല്ലാത്ത കോ ഹാബിറ്റേഷന്‍ വേളകള്‍. കല്ല്യാണം കഴിക്കാതെ തന്നിഷ്ടത്തോടെ ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന സ്വാതന്ത്യ്രബോധത്തെ മനോഹരമായി ‘കടത്തിവിടാന്‍’ ആര്‍ട്ടിസ്റിന് കഴിഞ്ഞു. എന്നിട്ടും ഒരു പുകിലുമുണ്ടായില്ല. സന്തോഷം, അവര്‍ അവര്‍ക്കാവും പോലെ ജോലി ചെയ്ത് ജീവിച്ചു.

വേറിട്ടു നില്‍ക്കുമ്പോഴും പറഞ്ഞുപറഞ്ഞു ഉള്ളിലുറച്ച ജീവിതത്തിന്റെ പതിവു നിറക്കൂട്ടുകള്‍ ഈ ചിത്രത്തെയും തേടിയെത്തുന്നുണ്ട്. വൈശാലിയെപ്പോലെ അവസാന നിമിഷം, അന്ധനായ കാമുകനാല്‍പോലും, ഉപേക്ഷിക്കപ്പെടേണ്ടവളാണ് പെണ്ണെന്ന കീഴ് വഴക്കത്തെ അത് അരക്കിട്ടുറപ്പിക്കുന്നു. കുടുംബത്തെ കൂട്ടാക്കാതെയുള്ള, വിവാഹമെന്ന സ്ഥാപനത്തിന് ചേരാത്ത വ്യക്തിബന്ധങ്ങള്‍ ഏറെക്കാലം നിലനില്‍ക്കില്ലെന്നും (ഭാര്യഭര്‍ത്താക്കന്മാരായ അഭിരുചി ബന്ധം അസ്വാരസ്യങ്ങള്‍ക്കിടയിലും തകരുന്നില്ല !), പെണ്ണ് ചതിക്കുമെന്നുമുള്ള (അവന്റെ ജീവിതവളര്‍ച്ചയ്ക്കായുള്ള ഇടപെടലുകളായിട്ടും) ചിന്താധാരകളെ ആര്‍ട്ടിസ്റ് പിന്തുടരുന്നതായി നേര്‍ക്കുനേര്‍ കാണാം.

 

 
കുന്തമുന:
മൈക്കിളിന്റെയും ഗായത്രിയുടെയും ചുറ്റുവട്ടത്ത് നില്‍ക്കാതെ, സദാചാര സാമൂഹ്യപ്രശ്നങ്ങളിലേക്ക് കൈനീട്ടി ഉഗ്രനൊരു കവലപ്രസംഗം നടത്താനുള്ള അവസരം നഷ്ടപ്പെടുത്തിയതില്‍ ശ്യാമപ്രസാദ് പിന്നീട് ഖേദിക്കേണ്ടി വരും !
 
 
 
 

4 thoughts on “ആര്‍ട്ടിസ്റ്റ്: നീലനിറത്തില്‍ ഒരു മഴവില്ല്

 1. I doubt ART AND ARTIST ARE TURNED INTO A COMMODITY in this filim? Reality get lost between dream love and art. They are influencing each other. In which scripture can we find the fact that a blind lover can give up is love. It is not everywhere. Man had shed a lot of blood in history to get women. There is no verbal conflict between two woman to get a man anywhere in history. Is it conventional to reject a woman who has sacrificed herself for him. Life is not an oasis which is the reflection of INNER SELFISHNESS

 2. “അന്ധനായ കാമുകനാല്‍പോലും, ഉപേക്ഷിക്കപ്പെടേണ്ടവളാണ് പെണ്ണെന്ന കീഴ് വഴക്കത്തെ അത് അരക്കിട്ടുറപ്പിക്കുന്നു.”

  ഈ വിമർശനത്തോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. ഈ സിനിമയിൽ ഗായത്രി ഉപേക്ഷിക്കപ്പെടുകയല്ല, മറിച്ച്, അവൾ മൈക്കിൾ ഇനെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. തുടക്കം മുതലേ, അവൾ സ്വപ്നം കണ്ട ദാമ്പത്യം അല്ല അവൾക്ക് ലഭിച്ചത്. അവളുടെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങള്ക്കും ചവറു വില നല്കിയ ഒരു dominating husband ആയിരുന്നു മൈക്കിൾ. എന്നിട്ടും അവളുടെ സ്നേഹത്തിന്റെ തീവ്രത കൊണ്ട് അവൾ പിടിച്ചു നിന്നു. പക്ഷെ അവളുടെ മനസ്സിൽ വീണ മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. അതായിരിക്കാം അവളുടെ സ്വപ്നങ്ങളെ മൈക്കിൾ തളച്ചിട്ട പോലെ, മൈക്കിളിന്റെ സ്വപ്നങ്ങളെ Prussian Blue ഇൽ പൂട്ടിയിടാൻ അവളെ പ്രേരിപ്പിച്ചത്. ഒരു വിഷമയമായ ബന്ധത്തിൽ നിന്നും ധൈര്യത്തോടെ ഇറങ്ങി പോരുന്ന ഗായത്രിയെ ആണ് ഒടുവിൽ നാം കാണുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ സിനിമ സ്ത്രീ പക്ഷത്ത് തന്നെ ആണ്.

  ഈ സിനിമയുടെ പ്രധാന പ്രശ്നം ഇതിന്റെ ക്ലൈമാക്സ്‌ ആണ്. സ്വന്തം ആത്മാവിലേക്ക് നിറങ്ങളെ ലയിപ്പിച്ച മൈക്കിൽ എന്ന കലാകാരൻ, തന്റെ വികലമായ സ്വപ്നത്തിനു കിട്ടിയ പ്രതിഫലം വാങ്ങാൻ തയ്യാറാവുമ്പോൾ, തന്റെ സ്വത്വം തന്നെ നഷ്ടപ്പെടുത്തുകയാണ്. Prussian Blue ഇലെ സ്വപ്നങ്ങളുടെ മേൽ ഒരു പക്ഷെ, അയാളേക്കാൾ അവകാശം ഉണ്ട് ഗായത്രിക്ക്.
  സാരാംശത്തിൽ കലയേയും കലാസ്വാദകരെയും മണ്ടന്മാരാക്കുന്നതാണ് ക്ലൈമാക്സ്‌.

 3. ഈ സിനിമ കണ്ടതു മുതൽ ഒരു അനുഭവ കുറിപ്പ് എഴുതണം എന്ന് വിചാരിച്ചതാണ് . എനിക്ക് പറയാൻ ഉള്ളതെല്ലാം സനിൽ എഴുതിയിരിക്കുന്നു. ജീവിതത്തിൽ ഒരു തിരിച്ചു വരാ point ഉണ്ട് . അവിടെ എത്തിയാൽ ആ fact അംഗീകരിച്ചു മുന്നോട്ടു പോകുകതന്നെ വേണം എന്ന് കാണിച്ചു തരുന്നു ഈ ചിത്രം. ഒരു പക്ഷെ ആൻ അഗസ്റിൻ എന്ന നടി അറിയപെടുക ഈ ചിത്രം കൊണ്ടാകും. ഞാനും ഒഴിഞ്ഞ തിയെറ്റരിൽ ഇരുന്നാണ് ഇത് കണ്ടത്.
  ശ്യാമപ്രസാദിന്റെ സിനിമകൾ ഉള്ളു പൊള്ളയല്ലാത്ത മനുഷ്യജീവിതങ്ങളെ കാണിക്കുന്നതിൽ വിജയിച്ചവയാണ് . ആ കൂട്ടത്തിലേക്ക് അർറ്റിസ്റ്റും. 2013 ഇൽ ഇറങ്ങിയ ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് എന്ന ചിത്രവും ഒരു നല്ല കാഴ്ച അനുഭവമാണ്‌ .

Leave a Reply

Your email address will not be published. Required fields are marked *