അതിനാല്‍, ജസീറ ഒറ്റപ്പെട്ട ഒരു സമരമല്ല

 
 
 
 
വാക്കുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും അപ്പുറം ജസീറയുടെ സമരത്തിന്റെ പ്രസക്തി. വി.എസ് ബിന്ദു എഴുതുന്നു
 
 
‘നിങ്ങളോരോരുത്തരും എന്റെ ശക്തിയാണ്. ഈ സമരത്തില്‍ ജസീറ ജയിച്ചാലും തോറ്റാലും എന്നെ സന്തോഷിപ്പിക്കുന്നത് ഇനിയുമിനിയും അനേകം ജസീറമാര്‍ അനീതിക്കെതിരെ പൊരുതാന്‍ ഉണ്ടായി വരും’ എന്ന് അവര്‍ പറഞ്ഞു നിര്‍ത്തുന്നു. ഇതേ വാക്കുകളല്ലേ ഇക്കാലമത്രയും ചരിത്രത്തെ മുന്നോട്ടു നയിച്ചത്? .ലോകത്തെവിടെയും ഈ ആത്മ വിശ്വാസമല്ലേ വിജയം കൊയ്തത് ? ഏതവസ്ഥയിലും പ്രതിസന്ധിയിലും പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം ഒരു സ്ത്രീയുടെതാകുമ്പോള്‍ വിജയിക്കുന്നത് ലോകത്തെമ്പാടുമുള്ള സ്ത്രീകളാണ്. അതിനാല്‍ ജസീറ ഒറ്റപ്പെട്ട ഒരു സമരമല്ല. അനേകം ആളുകളുടെ കയ്യക്ഷരം ചേര്‍ന്ന അവസാനിക്കാത്ത സമര വാക്യമാകുന്നു.

 

 

നഗരപ്പാതയില്‍ ഒരു പോരാട്ടത്തിന്റെ നിസ്കാരത്തഴമ്പുണ്ടാകുന്നു
തെരുവിലൂടെ ആളുകള്‍ പ്രവഹിക്കുകയാണ്. പലതു കൊണ്ടും വെറുങ്ങലിച്ചു നില്‍ക്കുന്ന ഭരണ തലസ്ഥാനം അതിന്റെ നിസ്സംഗമായ കണ്ണുകള്‍കൊണ്ട് എന്തോ പരതുന്നു. റോഡ് മുറിച്ചു കടക്കാനാവാതെ വീണ്ടും ആളുകള്‍ ചിന്തിച്ചു നില്‍ക്കുന്നു. അരണ്ട സന്ധ്യയിലേക്ക് നഗരം എടുത്തെറിയപ്പെടാന്‍ പോകുന്നു. അവള്‍ നിസ്കാരപ്പായ കട്ടിലിനടിയില്‍ നിന്നും എടുത്തു. പിന്നെ, അതു റ്റൈല്‍ പാകിയ നടപ്പാതയില്‍ നിവര്‍ത്തി. പ്രപഞ്ചത്തോടു തികച്ചും സ്വകാര്യമായ മനസ്സിന്റെ ഉള്‍ വിളികള്‍ ചേര്‍ത്തു വച്ചു പ്രാര്‍ഥന…

വി.എസ് ബിന്ദു


വിസ്മയത്തോടെ അതു നോക്കി നിന്നവരില്‍ നിയമ പാലകരും ഉണ്ടായിരുന്നു. പെണ്‍കുഞ്ഞുങ്ങളുടെ കന്യകാത്വം നഷ്ടപ്പെടാതിരിക്കാന്‍ അവരെ നേരത്തെ കല്യാണം ചെയ്തയച്ചു കളയാം എന്നും അടി മുതല്‍ മുടി വരെ മൂടി ക്കെട്ടി നടക്കുകയാണ് സ്ത്രീകള്‍ ചെയ്യേണ്ടത് എന്നും ആസക്തിയുടെ കണ്ണിലൂടെ അവളെ നോക്കാന്‍ ശീലിച്ചവര്‍ ഈ തുറന്ന പ്രാര്‍ഥനയുടെ അവകാശങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നറിയില്ല. പക്ഷെ ജസീറക്ക് മതം എന്നാല്‍ താന്‍ ജീവിക്കുന്ന ഭൂമിയുടെ സന്തോഷം കൂടിയാണ് എന്നറിയാം..

“അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ മെത്തയാക്കി വിരിച്ചു തന്നു .ആകാശത്തെ മേലാപ്പാക്കി മാനത്തു നിന്ന് വെള്ളമിറക്കി ,അതുവഴി നിങ്ങള്‍ക്ക് കഴിക്കാനുള്ള കായ്കനികള്‍ ഉല്‍പ്പാദിപ്പിച്ചു.ഇതെല്ലാം അറിവുള്ളവരായിരിക്കെ ” എന്തിനാണ് എല്ലാവര്‍ക്കും അവകാശപ്പട്ട ഭൂമി കുറച്ചു പേര്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് വിനിയോഗിക്കുന്നത് എന്നാണ ്ഈ സ്ത്രീയുടെ പ്രധാനമായ ചോദ്യം.

കണ്ണൂര്‍ പടിക്കല്‍ നിന്നു മാറി തിരുവനന്തപുരത്ത് സമരം തുടങ്ങിയപ്പോള്‍ അതിനെ അരാഷ്ട്രീയമായും അഹങ്കാരമായും കണ്ടവര്‍ ഇപ്പോള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ചെന്ന് കൂട്ടുകൂടുന്നു. ജസീറയുടെ നിഗൂഢമായ ഉദ്ദേശ്യം എന്താണ് എന്ന സംശയങ്ങള്‍ ഉന്നയിച്ചവര്‍ അവരുടെ സമരക്കട്ടിലില്‍ സൌഹാര്‍ദ്ദ സമ്മേളനങ്ങള്‍ നടത്തുന്നു.

 

നമുക്കുള്ളിലും ഇത്തരം അനേകം ചോദ്യങ്ങള്‍ ഉയരാറുണ്ടെങ്കിലും നിത്യജീവിതത്തിന്റെ പദപ്രശ്നങ്ങള്‍ക്കുള്ളില്‍നിന്ന് പുറത്തേക്ക് തുളുമ്പാതെ കാക്കാറുണ്ട്, ഉള്ളിലെ പ്രായോഗികത.


 
പോരാട്ട വീര്യമുള്ള ഒരു മനസ്സ്
കേവലം പരിസ്ഥിതി ദിനം എന്ന അനുഷ്ഠാനങ്ങള്‍ക്കപ്പുറം വളരെ ചുരുക്കമായേ വിദ്യാലയങ്ങളില്‍പ്പോലും മണ്ണിനെക്കുറിച്ചും മരങ്ങളെക്കുറിച്ചും ആലോചന നടക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ്, സര്‍വകലാശാല യോഗ്യതകള്‍ ഈ അവബോധം കൊണ്ടു വരില്ലെന്നും മറിച്ചു ആരെങ്കിലും ഇത്തിരി മണ്ണിനെ ഒഴുക്കിക്കളയുമ്പോള്‍ ചെറുത്തുനില്‍ക്കാന്‍ പോരാട്ട വീര്യമുള്ള ഒരു മനസ്സ് മാത്രം മതി എന്നും ജസീറ തെളിയിക്കുന്നു .

“എവിടെപ്പോയെന്റെ കിടാങ്ങള്‍”എന്ന കവിയുടെ ചോദ്യം സൃഷ്ടിക്കുന്ന അതേ ആകുലതകളാണ്, എന്നും പുലരിയില്‍ കാല്‍ക്കീഴിലെ ഭൂമി അനേകം ലോറികള്‍ ചുമന്നു കൊണ്ട് പോവുന്നതിന്റെ ടയര്‍ത്തേയലുകള്‍ കാണുമ്പോള്‍ ജസീറയും ചോദിച്ചത്. ആകാശത്തുനിന്നും എന്‍ഡോസള്‍ഫാനെന്ന കൊടുംവിഷം തളിക്കുമ്പോള്‍ താഴെയുള്ളവര്‍ക്ക് മാറി നിന്നുകൂടായിരുന്നോ എന്നു ചോദിക്കുന്ന നാടാണിത്. ബലാല്‍ക്കാരം ചെയ്യപ്പെട്ട് മുറിവുകള്‍ മാത്രമായി ചുരുങ്ങിയവളോട് എന്തിനാണ് രാത്രിയില്‍ കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോയത് എന്നു ചോദിച്ചു ചൊറി കുത്തിയ നാട്. അവിടെയാണ്, ജസീറയുടെ ചോദ്യം വ്യത്യസ്തമാവുന്നത്. നമുക്കുള്ളിലും ഇത്തരം അനേകം ചോദ്യങ്ങള്‍ ഉയരാറുണ്ടെങ്കിലും നിത്യജീവിതത്തിന്റെ പദപ്രശ്നങ്ങള്‍ക്കുള്ളില്‍നിന്ന് പുറത്തേക്ക് തുളുമ്പാതെ കാക്കാറുണ്ട്, ഉള്ളിലെ പ്രായോഗികത.

മടിയില്‍ നിന്നുമൂര്‍ന്നിറങ്ങി കളിക്കാന്‍ ശ്രമിക്കുന്ന മകനോട് ജസീറ പറയുന്നു “അവനിപ്പോളെല്ലാമറിയാം”

ഒന്നുമറിയാത്തത് ഇപ്പോഴും ആര്‍ക്കാണ് എന്ന് അതിലൊരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ട്. നാം ജീവിക്കുന്ന പരിസ്ഥിതിയോട് ഇത്രയേറെ അടുപ്പം കാട്ടണോ? ഓരോ മണല്‍ ത്തരിയിലും ഒരു കോടി നോട്ടുകള്‍ കാണുന്ന പണക്കൊതിയന്‍ സമൂഹം ‘ഈ പെണ്ണിന് വേറെ തൊഴിലില്ലേ?’ എന്ന് ചോദിച്ചു ഒഴിഞ്ഞു പോകുമ്പോള്‍ ജസീറ വീണ്ടും പറയുന്നു-‘അതേ, അടുത്ത തലമുറ എവിടെ ജീവിക്കും എന്നത് മാത്രം ആരും ചിന്തിക്കരുത്’. നമ്മുടെ നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ് എന്ന് അറിയാവുന്നവര്‍ ഏര്‍പ്പെടുത്തിയ ഉറപ്പുകളെ അതേ പ്രാധാന്യത്തോടെ തള്ളിക്കളയുകയാണ് ഒരു പുഞ്ചിരിയിലൂടെ ഈ സ്ത്രീ.

 

'രാത്രി എങ്ങനെ' എന്ന നമ്മുടെ കാലത്തെ സ്ത്രീയുടെ ഒളിച്ചു നോട്ട ചോദ്യത്തിനു 'കുട്ടികള്‍ ഈ കട്ടിലിലും ഞാനും മോനും അതിനടിയിലും' എന്ന് ജസീറ മറുപടി പറയുന്നു.


 

നമ്മുടെ രോഷങ്ങളുടെ ശ്മശാനങ്ങള്‍
വീടകങ്ങളില്‍ അടങ്ങിക്കഴിയുകയും മൈക്കിനു മുന്നില്‍ അത്യാവശ്യം തൊള്ളകളായി തുറക്കുകയും ചെയ്യുന്ന പെണ്ണുങ്ങള്‍ ഇവിടെ അല്ലലില്ലാതെ ജീവിയ്ക്കുന്നുണ്ട് . അവരുടെ കുട്ടികള്‍ സ്വപ്നങ്ങളില്‍ വണ്ടികളുടെ അലര്‍ച്ചയില്ലാതെ ഉറങ്ങുന്നു. അവര്‍ സ്കൂളുകളില്‍ പഠിച്ചു ഉദ്യോഗത്തിനുള്ള കടലാസുകള്‍ കൈക്കലാക്കുന്നു . എടുത്താല്‍ പൊങ്ങാത്ത പണ സഞ്ചികളുമായി സ്വാശ്രയ സ്ഥാപനങ്ങളിലേക്കും വിവാഹക്കരാറുകളിലേക്കും അവരെ മാതാപിതാക്കള്‍ ആനയിക്കുന്നു.

ജസീറയുടെ കുട്ടികളും വിദ്യാഭ്യാസം നേടുന്നുണ്ട്. സമരത്തെ അഭിവാദ്യം ചെയ്യാന്‍ വരുന്നവരില്‍നിന്നും രാത്രിയില്‍ തങ്ങള്‍ക്കായി കാവലിരിക്കുന്ന പോലീസുകാരിയില്‍ നിന്നും കടന്നു പോകുന്ന മനുഷ്യരുടെ വിവിധ നോട്ടങ്ങളില്‍നിന്നും നേടുന്ന ജീവിത വിദ്യാഭ്യാസം. ഉമ്മ നടത്തുന്ന സമരം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഇതിനകം അവര്‍ക്കു മനസ്സിലായിരിക്കുന്നു.’രാത്രി എങ്ങനെ’ എന്ന നമ്മുടെ കാലത്തെ സ്ത്രീയുടെ ഒളിച്ചു നോട്ട ചോദ്യത്തിനു ‘കുട്ടികള്‍ ഈ കട്ടിലിലും ഞാനും മോനും അതിനടിയിലും’ എന്ന് ജസീറ മറുപടി പറയുന്നു.

പാതിരാവിലൊരു സ്ത്രീ ഒറ്റയ്ക്ക് സഞ്ചരിച്ചാല്‍ എന്തു സംഭവിക്കുമെന്ന് പണ്ട് ഒരു പരീക്ഷണം തിരുവനന്തപുരത്ത് നടന്നിട്ടുണ്ട്. എല്ലാ സംരക്ഷണവും ഉറപ്പാക്കിയിട്ടായിരുന്നു ആ നടത്തം ! ആരെയുംഭീതിപ്പെടുത്താനുള്ള കോപ്പുകള്‍ കൈവശമുള്ളവര്‍ക്കെതിരെ ഒരമ്മ നെഞ്ചുറപ്പോടെ രാത്രിയും പകലും ചെയ്യുന്ന സമരത്തിനു മനുഷ്യ സംരക്ഷണമെന്ന മുദ്രാവാക്യമാണ് ഉള്ളത്. അത് പഞ്ചായത്ത് പ്രസിഡണ്ട് ആകാനുള്ള കുറുക്കു വഴിയായിക്കാണുന്നവരോട് പറയട്ടെ, ഒരു നാടിന്റെ മുഴുവന്‍ നിലനില്‍പ്പിനു വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തുന്ന ജസീറയെപ്പോലുള്ളവരേക്കാള്‍ അതിന് അര്‍ഹത മറ്റാര്‍ക്കുണ്ട്? ഉലയാത്ത കുപ്പായങ്ങളും തേഞ്ഞ പുഞ്ചിരിയും പൊള്ളയായ വാക്കുകളുമായെത്തുന്ന രാഷ്ടീയക്കുപ്പായങ്ങളേക്കാള്‍ അതു ചേരുക അവര്‍ക്കല്ലേ? അതാണോ ജനാധിപത്യമെന്നു പറയുന്നത്? അങ്ങിനെയാണെങ്കില്‍, അതു തന്നെയാണ് ഇത്തരം ചോദ്യങ്ങള്‍ ജസീറയ്ക്കു നേരെ ഉയര്‍ത്തുന്നത്. അതു കേള്‍ക്കുമ്പോള്‍ നമുക്കാര്‍ക്കും അസ്വാഭാവികതയുടെ നെറ്റി ചുളിയാത്തത്.

 

 

ജീവന്റെ രാഷ്ട്രീയം
ജസീറയുടെ സമരത്തില്‍ നിന്നും അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെ വേര്‍തിരിച്ചെടുക്കുമ്പോഴും അത് ജനപക്ഷത്തു തന്നെ നില്‍ക്കുന്നു. അന്നാ ഹസാരെയുടെ പരാജിത സമരം പഠിപ്പിച്ചതും ഈ സമരം മുന്നോട്ടു വയ്ക്കുന്നതും രണ്ടു വഴികളാണ്. വ്യക്തി കേന്ദ്രിതമായതും സഹന സമരത്തിന്റെ നിഴല്‍ കുറുകിയതുമായിരുന്നു ഹസാരെ സമരം. സമയം വന്നപ്പോള്‍ അത് അതിന്റെ നഖങ്ങള്‍ പുറത്തെടുത്തു. ജസീറയുടെ മുദ്രാവാക്യങ്ങള്‍ കടലിനും ഭൂമിക്കും വേണ്ടിയുള്ളതാണ്. ജയപരാജയങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലല്ല, നിസ്സഹായതയാണ് അതിന്റെ കരുത്ത്. നിവൃത്തിയില്ലായ്മയാണ് അതിനെ മണ്ണില്‍ത്തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നത്. വിഷമയമായ ഭക്ഷണവും ജലവും വേണ്ടെന്നും കടലെടുക്കുന്ന ഭൂമിയുടെ ആയുസ്സ് കുറയുമെന്നും കണ്ടെത്തുന്ന ജീവന്റെ രാഷ്ട്രീയമാണത്.

മണലിനൊപ്പം മാഫിയ കൂടി ചേര്‍ത്തു വയ്ക്കുമ്പോള്‍ അര്‍ഥം മാറുന്നു. ഭൂഖണ്ഡങ്ങളെ ചുരണ്ടി ഇല്ലാതാക്കാന്‍ കഴിയുന്ന യന്ത്രക്കാലുകള്‍ അതിനുണ്ട്. എതിര്‍ക്കുന്നവരുടെ മൊഴികളെ കുത്തിപ്പറിച്ചു കൊന്നു കളയാനും അവര്‍ക്കാകും. അതിനപ്പുറം, അത്തരം വ്യവസ്ഥകള്‍ക്ക് തഴച്ചു വളരാനുള്ള ഒരു മണ്ണൊരുക്കം നമ്മുടെയല്ലാം മനസ്സുകളില്‍ ആരൊക്കെയോ ചെയ്തുവെച്ചിട്ടുമുണ്ട്. വികസന മന്ത്രങ്ങള്‍ കൊണ്ട് നടത്തിയൊരു ദുര്‍മന്ത്രവാദം. എല്ലാ മാഫിയകള്‍ക്കും അത് ഇടം നല്‍കുന്നു. നിലനില്‍പ്പിന്റെ എല്ലാ വേരുകളെയും പറിച്ചുകളഞ്ഞും നമുക്ക് സുഖിച്ചു ജീവിക്കണമെന്ന് അതു പഠിപ്പിക്കുന്നു.

അതിന്റെ യുക്തിയെ ഭൂമിയുടെ യുക്തിയുമായി ചേര്‍ത്തു വെക്കുക ഒട്ടും എളുപ്പമല്ല. അതാണ്, ഉത്തരാഖണ്ഡില്‍ കണ്ടത്. വികസിപ്പിച്ചു വികസിപ്പിച്ചു നാം അടിയോടെ വാരിക്കളഞ്ഞ മണ്ണാണ് അവിടെ പ്രളയത്തിന് ചാലുകീറിയത്. മരണങ്ങള്‍ കൊണ്ടും നിസ്സഹായത കൊണ്ടും നമ്മുടെ പ്രയോഗികതയിലുന്നിയ യുക്തി ചിന്തകളെ വേരാടെ പറത്തിക്കളഞ്ഞത്. ഭൂമിയിലെ വെറുമൊരു ജീവി മാത്രമാണ് എന്ന നിസ്സഹായതയിലേക്ക് നമ്മെ ചുരുട്ടിയെടുത്തത്.

 

 

ഭൂമിയുടെ ഹൃദയത്തിലേക്ക് ചായുന്നൊരു സ്ത്രീ
2013 ല്‍ ആരംഭിച്ച സമരം അതിന്റെ ചരിത്രമെഴുതുന്നത് അധികാരി വര്‍ഗത്തോടുള്ള കലാപത്തിന്റെ ഭാഷയിലാണ്. ‘ദേശ വാഴ്ചകള്‍’ ജനാധിപത്യത്തെ നോക്കു കുത്തിയാക്കുന്ന ചീത്തത്തങ്ങളാണു ജസീറയെ പൊരുതാനുള്ള മനസ്സുള്ളവളാക്കിയത്. വയലുകള്‍ നികത്തരുതെന്നും പുഴ മണല്‍ ഖനനം ചെയ്യരുതെന്നും കുന്നുകള്‍ ഇടിക്കരുതെന്നും ഉള്ള നിയമങ്ങളുടെ തൊണ്ടയിലെ അവസാന തുള്ളി ജലവും വറ്റിച്ചു ഒരു വിഭാഗം നടത്തുന്ന കയ്യേറ്റങ്ങള്‍ക്ക് ആരാണ് പിന്തുണ എന്ന് അവര്‍ ചോദിക്കുന്നു. ഈ ചോദ്യം നിവര്‍ന്നു നിന്ന് ഇതുവരെ ചോദിക്കാത്തത് ഇവിടത്തെ പൊതു സമൂഹമാണ്. വീട് പരിപാലിക്കാന്‍ നിയുക്തയായ സ്ത്രീ അവളെയും വീടിനെയും കവിഞ്ഞു ഭൂമിയുടെ ഹൃദയത്തിലേക്ക് ചായുന്ന കാഴ്ചയാണിത്. ഭൂമിയുടെ നെഞ്ചിടിപ്പ് അവളുടെതാകുന്നു. കടല്‍ത്തീരങ്ങളില്‍ അവള്‍ തിരയായി ഊര്‍ജ്ജം കൊള്ളുന്നു.

ദേശീയ ഹരിത ട്രിബ്യുണല്‍ നടത്തിയ പ്രസക്തമായ വിധി എല്ലാ അനധികൃത ഖനനങ്ങളെയും തടയാന്‍ പോന്നതാണ്. എപ്പോഴും സ്വന്തം കാര്യത്തിനു വേണ്ടി ഒളിക്യാമറ വയ്ക്കുന്നവരെ മാത്രം കണ്ടു ശീലിച്ച നമ്മുടെ ഭരണ സംവിധാനത്തിന് ഓര്‍ക്കാന്‍ കൂടി കഴിയുന്നതല്ല ജസീറയുടെ ഈ സഹന സമരം. ‘ഓള്‍ക്ക് പെട്ടെന്ന് നേതാവാകാനാ ..പണം ഒത്തിരി കിട്ടുന്നുണ്ട് .ഇതൊക്കെ ജാടയാണ് ജാട’ എന്ന് പറഞ്ഞു ആക്രോശിച്ചു മുന്നോട്ടടുത്ത് വഴിപോക്കനോടു ജസീറ പറഞ്ഞ ഒരു കാര്യമുണ്ട് .’അതിനപ്പുറം ചിന്തിക്കാന്‍ ഈലോകം നിങ്ങളെ അനുവദിക്കാത്തതില്‍ എനിക്ക് ദുഖമുണ്ട് സഹോദരാ’ എന്ന്.

തന്റെയും കുട്ടികളുടെയും സംരക്ഷണത്തിനു പോലീസ് സേനയെ അവര്‍ ആഗ്രഹിക്കുന്നില്ല. സെമിനാറും ബിരിയാണിയും വിളമ്പുന്ന പരിസ്ഥിതിസംരക്ഷണ ബോധവല്‍ക്കരണത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഇത് . കടത്തുമണല്‍ എവിടെപ്പോകുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് കേരളത്തിന്‍റെ വരാനിരിക്കുന്ന ദുരന്തങ്ങളിലേക്കാണ്. കെട്ടിടങ്ങള്‍ മാത്രമുള്ള ഒരു സംസ്ഥാനത്തിനു എന്തു ക്ഷേമം കൈവരിക്കാനാകും? അന്യസംസ്ഥാനത്തൊഴിലാളികള്‍ പോലും അത്ഭുതത്തോടെ ചോദിക്കുന്നത് “ഇത്രയുമൊക്കെ വേണോ “എന്നാണ്.

ഐ .ടി മേഖലയിലും കാര്‍ഷിക സംരംഭങ്ങളിലും മുതല്‍മുടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റത്തെ ജനഹിതത്തിനു ഉപയോഗപ്പെടുത്തും വിധം ആസൂത്രണം ചെയ്യാന്‍ ഒരു തയാറെടുപ്പുമില്ല. പകരം വിത്തെടുത്ത് ഉണ്ണുന്ന നയം. ജസീറ നിവര്‍ത്തുന്ന പാഠ പുസ്തകം പരിസ്ഥിതിയുടെ പാടങ്ങള്‍ മാത്രം ഉള്ളതല്ല. ഇന്നുള്ള സ്ത്രീ വിരുദ്ധ കാഴ്ച്ചപാടുകള്‍ക്ക് കൂടി ഉള്ള മറുപടിയാണ അത്. സഞ്ചാരം,വസ്ത്രം,മതം എന്നിവയിലൊക്കെ ആകാവുന്നത്ര അളവില്‍ സ്ത്രീ വിദ്വേഷം പരത്തുന്നവര്‍ക്ക് ജസീറയുടെ നിലപാടുകള്‍ താക്കീതാകുന്നു.

 

 

സമരത്തിന്റെ ബഹുവചനങ്ങള്‍
ഈ സമരത്തിനു രഹസ്യമായും പരസ്യമായും സാധാരണ ജനങ്ങളുടെ പിന്തുണയുണ്ട്. ഭക്ഷണവും വെള്ള വും പ്രാഥമിക സൌകര്യങ്ങളും സൌജന്യമായി നല്‍കുന്ന സമീപത്തെ ഹോട്ടലുകള്‍, മക്കള്‍ക്ക് കൂട്ടാകുന്ന യുവതയുടെ സംഘശക്തി, കവിത ചൊല്ലിയും പാട്ടു പാടിയും സമരത്തെ സമ്പൂര്‍ണ്ണമാക്കുന്നവര്‍ …അങ്ങനെ നിരവധിയാളുകളും സംഘടനകളും ജസീറയോടു കൂട്ടാകുന്നു

‘നിങ്ങളോരോരുത്തരും എന്റെ ശക്തിയാണ്. ഈ സമരത്തില്‍ ജസീറ ജയിച്ചാലും തോറ്റാലും എന്നെ സന്തോഷിപ്പിക്കുന്നത് ഇനിയുമിനിയും അനേകം ജസീറമാര്‍ അനീതിക്കെതിരെ പൊരുതാന്‍ ഉണ്ടായി വരും’ എന്ന് അവര്‍ പറഞ്ഞു നിര്‍ത്തുന്നു. ഇതേ വാക്കുകളല്ലേ ഇക്കാലമത്രയും ചരിത്രത്തെ മുന്നോട്ടു നയിച്ചത്? .ലോകത്തെവിടെയും ഈ ആത്മ വിശ്വാസമല്ലേ വിജയം കൊയ്തത് ? ഏതവസ്ഥയിലും പ്രതിസന്ധിയിലും പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം ഒരു സ്ത്രീയുടെതാകുമ്പോള്‍ വിജയിക്കുന്നത് ലോകത്തെമ്പാടുമുള്ള സ്ത്രീകളാണ്. അതിനാല്‍ ജസീറ ഒറ്റപ്പെട്ട ഒരു സമരമല്ല. അനേകം ആളുകളുടെ കയ്യക്ഷരം ചേര്‍ന്ന അവസാനിക്കാത്ത സമര വാക്യമാകുന്നു.

 

അതിനാല്‍ ജസീറ ഒറ്റപ്പെട്ട ഒരു സമരമല്ല. അനേകം ആളുകളുടെ കയ്യക്ഷരം ചേര്‍ന്ന അവസാനിക്കാത്ത സമര വാക്യമാകുന്നു.


 

(ചിത്രങ്ങള്‍ ജസീലയുടെ പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജില്‍നിന്ന്)
 
 
 
 

2 thoughts on “അതിനാല്‍, ജസീറ ഒറ്റപ്പെട്ട ഒരു സമരമല്ല

  1. ലേഖനം നന്നായിരിക്കുന്നു… എന്നെങ്കിലും സംസാരിച്ചാലോ എന്ന് പേടിച്ചു ശബ്ദമില്ലാത്തവന്റെ നാവു പോലും പിഴുതു കളയുന്ന ഈ ലോകത്ത്, അവന്റെ/ അവളുടെ ശബ്ദമാവുന്ന ഈ അക്ഷരങ്ങളെ അഭിനന്ദിക്കുന്നു…

    ഒരു ചെറിയ അഭിപ്രായ വ്യത്യാസം കുറിക്കട്ടെ… നാലാമിടം സ്ത്രീപക്ഷ എഴുത്തുകളുടെ ഇടം ആകുമ്പോൾ തന്നെ, എല്ലാ കാര്യങ്ങളെയും നമ്മൾ ആ കണ്ണുകൾ കൊണ്ട് മാത്രം കാണണമോ എന്നൊരു സംശയം…….

    “ഏതവസ്ഥയിലും പ്രതിസന്ധിയിലും പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം ഒരു സ്ത്രീയുടെതാകുമ്പോള്‍ വിജയിക്കുന്നത് ലോകത്തെമ്പാടുമുള്ള സ്ത്രീകളാണ്……”

    ഇവിടെ വിജയിക്കുന്നത് സ്ത്രീകൾ മാത്രമാണോ ?? മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന ലോകത്തെമ്പാടുമുള്ള ആബാലവൃദ്ധം ജനങ്ങളും അല്ലെ… അതിൽ ലിംഗ വ്യത്യാസം കാണേണ്ടതുണ്ടോ… ജസീറയുടെ ശബ്ദത്തിനു, സമരത്തിന്‌ ജാതി-മത-വർഗ-വർണ്ണ-ലിംഗ വ്യത്യാസങ്ങളില്ല… അത് എന്റെയും നിന്റെയുമാണ്….

  2. .സമരത്തിന്റെ ബഹുവചനങ്ങളിലേക്കുളള ഈ കുറിപ്പ് ജസീറയിലൊതുങ്ങുന്നില്ല. വി എസ് ബിന്ദുവിന്റെ ഈ കുറിപ്പ് എല്ലാ ഇടതുപക്ഷവും പരിസ്ഥിതി പക്ഷവും വികസനപക്ഷവും കണ്ണാടിയില്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നു. “സര്‍വകലാശാല യോഗ്യതകള്‍ പരിസ്ഥിതി അവബോധം കൊണ്ടു വരില്ല”,”നമുക്കുള്ളിലും ഇത്തരം അനേകം ചോദ്യങ്ങള്‍ ഉയരാറുണ്ടെങ്കിലും നിത്യജീവിതത്തിന്റെ പദപ്രശ്നങ്ങള്‍ക്കുള്ളില്‍നിന്ന് പുറത്തേക്ക് തുളുമ്പാതെ കാക്കാറുണ്ട്, ഉള്ളിലെ പ്രായോഗികത”,”വീടകങ്ങളില്‍ അടങ്ങിക്കഴിയുകയും മൈക്കിനു മുന്നില്‍ അത്യാവശ്യം തൊള്ളകളായി തുറക്കുകയും ചെയ്യുന്ന പെണ്ണുങ്ങള്‍ ഇവിടെ അല്ലലില്ലാതെ ജീവിയ്ക്കുന്നുണ്ട് . അവര്‍ അവരുടെ കുട്ടികളെ എടുത്താല്‍ പൊങ്ങാത്ത പണ സഞ്ചികളുമായി സ്വാശ്രയ സ്ഥാപനങ്ങളിലേക്കും വിവാഹക്കരാറുകളിലേക്കും ആനയിക്കുന്നു”,”സെമിനാറും ബിരിയാണിയും വിളമ്പുന്ന പരിസ്ഥിതിസംരക്ഷണ ബോധവല്‍ക്കരണത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഇത്” തുടങ്ങിയ നിരീക്ഷണങ്ങള്‍ കാപട്യത്തിന്റെ സംസ്കാരത്തേയും രാഷ്ട്രീയത്തേയും തുറന്നു കാട്ടുന്നു.

    ബിന്ദു ചോദിക്കാതെ പോയ ചോദ്യങ്ങളുമുണ്ട്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തിനുളള ദൂരമാണതിലൊന്ന്. അവിടെ ജനപക്ഷ താല്പര്യങ്ങള്‍ക്കായി പോരാടുന്ന യുവാക്കളാരുമില്ലേ, പ്രസ്ഥാനങ്ങളില്ലേ. കണ്ണൂരെ വനിതാനേതൃത്വം തിരുവനന്തപുരത്തു ജസീറയുടെ ചാരത്തു വന്ന് പിന്തുണ പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നോ? കണ്ണൂരിന്റെ മണ്ണിലെന്തു കൊണ്ട് സമരം ജ്വാലയാക്കണമെന്നവര്‍ ആഗ്രഹിച്ചില്ല? അതിനായി സമാന്തര പിന്തുണാ സമരം നടത്തിയില്ല?. സമരങ്ങളിലെ ആള്‍ക്കൂട്ടവും ഫ്ലക്സ് ബോര്‍ഡും ഒക്കെ പരിഹാസ്യമാവുകയാണ് ഈ ജസീറയുടെ മുന്നില്‍. മനക്കരുത്തുളള ഒരാള്‍ക്ക് കേരളത്തില്‍ ചോദ്യചിഹ്നമായി നില്‍ക്കാനാകും. മൂര്‍ച്ചയുളള ചോദ്യമായി വ്യക്തികള്‍ മാറുമ്പോള്‍ അതിനെ സമരജീവിതം എന്നു വിളിക്കണം. മക്കളേയും കൂട്ടി സമരജീവിതം നയിക്കുക.അതുമൊരു പാഠമാണ്. വീടിന്റെ അകത്തേയും പുറത്തേയും ജീവിതത്തെ ഏകമാനമാക്കുന്ന ബോധം പ്രവൃത്തിയിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുകയാണ്. വാര്‍ഷികാനുബന്ധമായി നടക്കുന്ന കുടുംബസംഗമം പോലെയല്ലിത്.മൂന്നാമത്തെ കാര്യം നഗരരാത്രിയില്‍ പെണ്ണിന് ഇടമുണ്ടോ എന്നതാണ്. ആധുനിക മലയാളിയുടെ ആകുലതയാണ് രാവും നഗരവും തുണവനില്ലാത്ത പെണ്ണിന്റെ പരിധീകളും. അവയെ ജസീറ വെല്ലുവിളിക്കുകയാണ്. പുരോഗമനം പറയുന്നവരുടെ ആത്മാവിലെ ഭീരുത്വം ആരും കാണുന്നില്ലായിരിക്കും. പെണ്ണിനെ ജസീറ നിര്‍വചിക്കുകയാണ്. അങ്ങനെ സംഭവിക്കുകയാണ്. നാലാമത്തേത് ജനപക്ഷത്തുളളവരെല്ലാം ഇടതുപക്ഷത്താണെങ്കിലും ഇടതുപക്ഷത്തുളളവരെല്ലാം ജനപക്ഷത്താണോ എന്ന ചോദ്യമാണ്. ബഹുവചനങ്ങള്‍ നാം കണ്ടെത്തുമ്പോള്‍ അതില്‍ പ്രതികളായി നമ്മുടെ പേരും കണ്ടേക്കാം. ആ തിരിച്ചറിവ് പ്രധാനമാണ്. ആഗോളപ്രശ്നങ്ങളില്‍ മലയാളി പ്രതികരിക്കും. പാറമടയിലെ അനിയന്ത്രിത ഖനനത്തെ , പുഴയിലെ നിയമരഹിതമായ മണല്‍ വാരലിനെ, കുന്നിടിക്കലിനെ, പാടം നികത്തലിനെ, തീരമണ്ണെടുക്കലിനെയൊക്കെ അമൂര്‍ത്തതയില്‍ നിറുത്തി പ്രതിഷേധിക്കും. സ്വന്തം മുറ്റത്താണെങ്കില്‍ അവ കാണില്ല കേള്‍ക്കില്ല. വികസനവിരുദ്ധ രാഷ്ട്രീയം, പരിസ്ഥിതി മൗലികവാദം എന്നൊക്കെ താരാട്ടുപാടി സമരത്തെ ഉറക്കിക്കിടത്തും. അത്തരം താരാട്ടു വശമില്ലാത്ത അമ്മമാരിലൊരാളാണ് ജസീറ. കാരണം അവര്‍ ഉറങ്ങാന്‍ തയ്യാറല്ല. മനുഷ്യപുത്രിക്കു തല ചായ്ക്കാനിടമില്ലാതാകുമ്പോള്‍ വിളക്കുമരങ്ങള്‍ വെളിച്ചം കനിയുമോ

Leave a Reply

Your email address will not be published. Required fields are marked *