മേതില്‍ രാധാകൃഷ്ണനും കിം കി ഡുക്കും തമ്മിലെന്ത്?

 
 
 
 
ഭാവനയില്‍ ഭാഷ നടത്തുന്ന രഹസ്യനീക്കങ്ങള്‍. മേതില്‍ കഥകളെക്കുറിച്ച് സര്‍ജു എഴുതിയ പഠനത്തിന്റെ അവസാന ഭാഗം

 

 

മേതില്‍ രാധാകൃഷ്ണന്റെ മെലിഞ്ഞവരുടെ മനശാസ്ത്രം സമാനമായൊരു കഥയാണ്. കിം കി ഡുക്കിന്റെ ‘ത്രീ അയണ്‍’ എന്ന സിനിമ ഉണ്ടാവുന്നതിന് ഒരു പന്തീരാണ്ടുമുന്നേ എഴുതപ്പെട്ടത്. പത്രമിടുന്ന വീട്ടില്‍ ആളില്ലാത്ത സമയത്ത് മോഷണത്തിനായി കയറുന്ന ഒരു ചെറുപ്പക്കാരന് തന്റെ പ്രവൃത്തി പരിചയമുള്ളൊരു സ്ത്രീയുടെ സ്വകാര്യതയിലേയ്ക്കുള്ള കയ്യേറ്റമായി അനുഭവപ്പെടുകയാല്‍, ഭവനഭേദനം ഒരുതരം ബലാല്‍ക്കാരമാണെന്ന് തോന്നുകയാല്‍, അതില്‍ നിന്ന് പിന്‍ വാങ്ങുന്നതും അയാളുടെ കടന്നുകയറ്റവും പിന്‍ വാങ്ങലും ആ സ്ത്രീ മനസിലാക്കുന്നതുമാണ് കഥ.
 
 
ആദ്യ ഭാഗം:
മനോരാജ്യങ്ങളിലെ രാഷ്ട്രീയം:മേതില്‍ കഥകളുടെ രാഷ്ട്രീയ വായന

രണ്ടാം ഭാഗം:
ബഷീര്‍, വിജയന്‍, മേതില്‍: ഭൌമിക രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍

 

കിം കി ഡുക്


 

ഒഴിഞ്ഞ വീടുകള്‍ അഥവാ ത്രീ അയണ്‍
സിയോള്‍ നഗരത്തിലെ ആളൊഴിഞ്ഞ അപ്പാര്‍ട്ട്മെന്റുകളില്‍ പൂട്ട്പൊളിച്ച് അകത്ത് കടന്ന് അന്തിയുറങ്ങി മടങ്ങുന്ന ഒരാളാണ് കിം കി ഡുക്കിന്റെ ത്രീ അയണ്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം. പകല്‍ അയാള്‍ റസ്റാറന്റുകളുടെ ബ്രോഷറുകള്‍ വാതിലുകളില്‍ ഞാത്തുകയും അടുത്ത ദിവസം ബ്രോഷറുകള്‍ സ്ഥാനം തെറ്റാതെ കിടക്കുന്ന വാതിലുകളില്‍ ഒന്നിന്റെ പൂട്ട് തകര്‍ക്കുകയും ചെയ്യുന്നു.

ഒന്നും മോഷ്ടിക്കുന്നില്ല. എന്നാല്‍ ആഹാരം പാചകം ചെയ്തു കഴിക്കുകയും അന്തിയുറങ്ങുകയും മാത്രമല്ല ടൂത്ത് ബ്രഷുപോലും എടുത്തുപയോഗിച്ചുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ഇടത്തെ സ്വന്തം ഇടമായി എത്രയും സ്വാഭാവികമായി അനുഭവിക്കുന്നു. മുഷിഞ്ഞതുണികള്‍ ഉള്‍വസ്ത്രങ്ങളടക്കം കഴുകിവിരിക്കുന്നു. ബാല്‍ക്കണിയിലെ ചെടികള്‍ നനയ്ക്കുന്നു.ഒരു കളിത്തോക്ക്, കുളിമുറിയിലെ വെയിംഗ് മെഷീന്‍, ചിലപ്പോള്‍ വാള്‍ക്ലോക്ക്, മ്യൂസിക് സിസ്റം ഇങ്ങനെ കേടായ വീട്ടുപകരണങ്ങള്‍ പലതും നേരെയാക്കുന്നു. ഒരു വലിയ നഗരത്തിലെ പാര്‍പ്പിടങ്ങളുടെ അഴകും ആധുനികതയും അതിലെ ജീവിതങ്ങള്‍ക്കില്ലെന്ന് അയാള്‍ തിരിച്ചറിയുന്നു. അടച്ചുപൂട്ടിയ സ്വകാര്യതയ്ക്കുള്ളിലെ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയാകുന്നു.

മേതില്‍ രാധാകൃഷ്ണന്റെ മെലിഞ്ഞവരുടെ മനശാസ്ത്രം സമാനമായൊരു കഥയാണ്. കിം കി ഡുക്കിന്റെ ‘ത്രീ അയണ്‍’ എന്ന സിനിമ ഉണ്ടാവുന്നതിന് ഒരു പന്തീരാണ്ടുമുന്നേ എഴുതപ്പെട്ടത്. പത്രമിടുന്ന വീട്ടില്‍ ആളില്ലാത്ത സമയത്ത് മോഷണത്തിനായി കയറുന്ന ഒരു ചെറുപ്പക്കാരന് തന്റെ പ്രവൃത്തി പരിചയമുള്ളൊരു സ്ത്രീയുടെ സ്വകാര്യതയിലേയ്ക്കുള്ള കയ്യേറ്റമായി അനുഭവപ്പെടുകയാല്‍, ഭവനഭേദനം ഒരുതരം ബലാല്‍ക്കാരമാണെന്ന് തോന്നുകയാല്‍, അതില്‍ നിന്ന് പിന്‍ വാങ്ങുന്നതും അയാളുടെ കടന്നുകയറ്റവും പിന്‍ വാങ്ങലും ആ സ്ത്രീ മനസിലാക്കുന്നതുമാണ് കഥ.

 

ത്രീ അയണിലെ രംഗം


 

സ്വകാര്യലോകത്തെക്കുറിച്ചുള്ള രാഷ്ട്രീയ ആലോചനകള്‍
അടച്ചുപൂട്ടിയ വീടുകളേയും അതിനുള്ളിലെ മനസ്സടച്ചുപൂട്ടിയ മനുഷ്യരേയും കുറിച്ചാണ് കഥയും സിനിമയും. സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചു കടക്കുന്ന ആളിന് ഒരു കയ്യുറ അകം പുറമാക്കുന്നതുപോലെ അതിന്റെ ഉള്ള് പരിശോധിക്കാനാകുന്നു. അടഞ്ഞ വാതിലുകളില്‍ സിനിമ, പരസ്യത്തിന്റെ നിറമുള്ള ചെറു വാറോലകള്‍ ഞാത്തുന്നു. അത് അടുക്കളയുടേതല്ലാത്ത രുചികളിലേയ്ക്കുള്ള ക്ഷണമാകുന്നു. മെലിഞ്ഞവരുടെ മനശാസ്ത്രമാകട്ടെ അടച്ചുപൂട്ടിയ വാതില്‍പ്പഴുതിലൂടെ പത്രം തിരുകുന്നു.ലോകം പല ഇടങ്ങളില്‍ നിന്ന് അതിലൂടെ ഒന്നിച്ചു പ്രവേശിക്കുന്നു. ഏറ്റവും സ്വകാര്യമായ ഇടങ്ങള്‍ പെട്ടെന്ന് ലോകത്തിലേയ്ക്ക് തുറക്കുന്നില്ല. അതാദ്യം തുറക്കുന്നത് രതിജാലകങ്ങളാണ്. അപ്പോഴാണ് സ്വന്തം ശരീരത്തെ താത്ക്കാലികമയെങ്കിലും താണ്ടിപ്പോകാന്‍ ആവുന്നത്.ഇത് സിനിമയിലും കഥയിലും ഒരേപോലെ സംഭവിക്കുന്നു. രണ്ടിടത്തും ഭര്‍ത്താവില്‍ നിന്ന് ബന്ധം മുറിച്ചു പോകുന്ന സ്ത്രീയുണ്ട്. ദമ്പതികള്‍ പരസ്പരം കലഹിക്കുന്നുണ്ട്.

സിനിമയിലെ അപ്പാര്‍ട്ട് മെന്റുകളും അതിനുള്ളിലെ വിനിമയ സമ്പ്രദായങ്ങളും ഏറ്റവും ആധുനികമാണ്. എന്നാല്‍ മനുഷ്യ ബന്ധങ്ങള്‍ ആധുനികമല്ല. അത് സംഘര്‍ഷാത്മകമാണ്.അതിനുള്ളിലെ സമയം, സംഗീതം,കുഞ്ഞുങ്ങളുടെ ഉല്ലാസങ്ങള്‍,ശരീരത്തിന്റെ തൂക്കം പോലെ ഏറ്റവും പ്രാഥമികമായ ഉടലറിവുകള്‍ കൂടി തകരാറിലാണെന്ന സൂചന സിനിമ നല്‍കുന്നുണ്ട്. സ്ത്രീയുടെ അടിവസ്ത്രങ്ങള്‍ അയാള്‍ കഴുകി വെടിപ്പാക്കി വിരിക്കുമ്പോള്‍ അയാളറിയാതെ ഒരു സ്ത്രീതന്നെ അത് കണ്ടുനില്‍ക്കുന്നുണ്ട്.അലങ്കോലവും മലിനവുമായവയെ അലക്കിയടുക്കിയ ഇടങ്ങള്‍ക്കുള്ളിലൂടെ ഉടലിന്റെ നഗ്നമായ സഞ്ചാരങ്ങളുണ്ട് സിനിമയില്‍. എന്നാല്‍ മെലിഞ്ഞവരുടെ മനശാസ്ത്രം മനസിന്റെ നഗ്നതകൂടി വെളിവാക്കുന്നു.

“ചുരുക്കിപ്പറഞ്ഞാല്‍ ഒന്നും മോഷ്ടിക്കാതെ സ്ഥലം വിടാന്‍ ഞാന്‍ നിര്‍ബന്ധിതനായി. കുളിമുറിയിലേയ്ക്ക് രഹസ്യമായി ചൂളിനോക്കുമ്പോള്‍ പിടിക്കപ്പെട്ടവനെപ്പോലെയും പൊതു നിരത്തില്‍ വച്ച് പെട്ടെന്ന് വസ്ത്രം നഷ്ടപ്പെട്ടവനെപ്പോലെയും, എന്റെ കൈകള്‍ കൊണ്ട് എവിടമാണ് മറയ്ക്കേണ്ടത് എന്നറിയാതെ ലജ്ജയിലും അപമാനത്തിലും ഞാന്‍ ആണ്ടു നിന്നു. ശരീരത്തിന്റേതെന്നതുപോലെ ആത്മാവിന്റെ നഗ്നതയ്ക്കും അപമാനകരമാം വിധം പരസ്യമായി വേളിപ്പെടാന്‍ കഴിയുമെന്ന് ഞാനറിഞ്ഞത് അപ്പോഴാണ്..”

വ്യക്തിപരം/ സാമൂഹികം, രഹസ്യം/ പരസ്യം, സ്വകാര്യം/പൊതു ഈ ഇരട്ടകളെ മാത്രം പരിഗണിക്കുന്ന അവയുടെ ഇടദൂരം കാണാതുള്ള അപഗ്രഥനങ്ങള്‍ക്ക് അവയുടേതായ പരിമിതികളുണ്ട്. വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന സ്ത്രീവാദത്തിന്റെ അടിത്തറ ഇതിനെ തകിടം മറിക്കുന്നതാണെകിലും നമ്മുടെ രാഷ്ട്രീയ ആലോചനകളധികവും പൊതുവായവയെ ചുറ്റിപ്പറ്റിയാണ്.ഒരു സ്ത്രീയുടെ സ്വകാര്യലോകത്തേയ്ക്ക് യാദൃശ്ചികമായി ചെന്നുപെടുന്ന ഒരാളുടെ അനുഭവങ്ങളിലൂടെ സ്വകാര്യലോകത്തെക്കുറിച്ചുള്ള രാഷ്ട്രീയ ആലോചനകള്‍ മുന്നോട്ടു വയ്ക്കുന്ന കഥ എന്ന നിലയില്‍ മെലിഞ്ഞവരുടെ മനശാസ്ത്രം മറ്റൊരു വഴിതുറക്കലാണ്.

“പ്രശ്നം ഇതാണ്. ഈ ബ്രാ, ഈ അണ്ടര്‍വെയര്‍, എന്തിന് ഈ മുഴുവന്‍ മുറിയും! ഇത് മറ്റൊരാളുടെ സ്വകാര്യതയാണ്. വാതിലും ജനാലകളും അടച്ചാല്‍ മറ്റൊരാള്‍ക്ക് ലോകത്തിന്റെ കണ്ണു പൊത്തി നേടാവുന്ന ശാരീരികമായ സ്വകാര്യതയും, ആള്‍ക്കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തിയെടുത്തൊരു സ്വത്വവും, നിര്‍ജ്ജീവമായൊരു കണ്ണാടിയ്ക്ക് പോലും മനസിലാകുന്ന വ്യക്തിയുടെ രാഷ്ട്രീയ സ്വാതന്ത്യവും ഇതു തന്നെ.”

 

ത്രീ അയണിലെ രംഗം


 
ആള്‍മറ എന്ന കണ്‍കെട്ട്
കഥയും സിനിമയും പരിഗണിക്കുന്നത് സ്വകാര്യതയെ എന്നതിനേക്കാള്‍ സ്വകാര്യ ലോകത്തെയാണ്. അവ അടഞ്ഞുകിടക്കുന്ന വാസസ്ഥലങ്ങളാണ്. വാതില്‍ മുട്ടി അനുവാദം ചോദിക്കാന്‍ ആ സമയത്ത് അതിനുള്ളില്‍ ആളുകളില്ല. സിനിമയിലെ മുഖ്യ കഥാപാത്രത്തെ സംബന്ധിച്ച് സ്വകാര്യ ലോകത്ത് അയാള്‍ കണ്ടെത്തുന്ന ഒഴിവ് പൊതുവായതില്‍ ഇല്ല. അയാള്‍ ഗോള്‍ഫ് കളിക്കുന്നത് വഴിയോരത്തും ഇടുങ്ങിയ മുറ്റങ്ങളിലുമാണ്. അതിന്റെ ഇടുക്കം, ഞെരുക്കം, സാമൂഹിക സമ്മര്‍ദ്ദങ്ങളിലേയ്ക്കും അപകടങ്ങളിലേയ്ക്കും എത്തിക്കുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ പന്തുകള്‍ കെട്ടിയിട്ടടിക്കുന്നു. അടിക്കപ്പെട്ടിട്ടും വടിയില്‍ ഉടക്കി നില്‍ക്കുന്ന പന്ത്!

ജയിലില്‍ അടയ്ക്കപ്പെട്ട സിനിമയിലെ കഥാപാത്രം തടവറയുടെ ഏകാന്തതയില്‍ അയാളെ മറ്റുള്ളവരുടെ കണ്‍വെട്ടത്തു നിന്ന് മറച്ചു പിടിക്കുന്ന വിദ്യ പരിശീലിക്കുന്നു. മറ്റൊരാളിന്റെ ഉടലില്‍ അയാളെ പൂര്‍ണ്ണമായും മറയ്ക്കുന്ന കണ്‍കെട്ട്. കയ്യൊതുക്കമല്ല ഉടലൊതുക്കം എന്ന് വിളിക്കാവുന്ന ഒരു ഇന്ദ്രജാലം.പിന്നിലൊളിക്കുമ്പോള്‍, ഒരു പന്ത് ഭൂമി തൊടുംപോലെയേ അയാള്‍ ഭൂമി തൊടുന്നുള്ളൂ. അല്ലെങ്കില്‍ പൂക്കള്‍ തൊടുമ്പോലെ. ജയില്‍ മോചിതനായ അയാള്‍ സ്വകാര്യലോകങ്ങളിലേയ്ക്ക് വീണ്ടും കടന്നു കയറുന്നു. മറ്റൊരാളുടെ സാന്നിദ്ധ്യം ആളുകള്‍ സംശയിക്കുന്നുണ്ട്. പക്ഷേ കാണാനാവുന്നില്ല. അയാളുടെ വ്യക്തിത്വത്തിന്റെ സവിശേഷമായൊരു ലഘുത്വം കടന്നുകയറ്റക്കാരനെ സഹജിവിയായി മാറ്റിമറിക്കുന്നു. മാറിമറിയുന്നത് സ്വകാര്യതയുടെ ലോകങ്ങള്‍ തന്നെ.

സ്വകാര്യതയെ രാഷ്ട്രീയമായി ഉച്ചരിക്കുന്നത് ‘മെലിഞ്ഞവരുടെ മനശാസ്ത്ര’ത്തില്‍ മാത്രമല്ല. പരസ്യത്തില്‍ ഒട്ടിച്ച സ്വാതന്ത്യത്തേയും സുതാര്യതയെയും മുന്‍ നിര്‍ത്തി രാഷ്ട്രത്തിന്റെ സ്വകാര്യത എന്നൊരു വാദമുഖം ഉയര്‍ത്തുന്നുണ്ട് തൂങ്ങിക്കിടക്കുന്ന റിസീവറില്‍ ഗഗാറിന്‍. “അമേരിക്ക സ്വയം ഒരു പരസ്യമാണ്.ടി. വി. പരസ്യം. ഡിസ്പ്ലേ ബോഡ്. ഹോളിവുഡ് നടിയുടെ നഗ്നത. ചിലര്‍ക്കങ്ങനെ നഗ്നരാവാന്‍ നിര്‍വാഹമുണ്ടാവില്ല. വ്യക്തിയുടെ സ്വകാര്യത എന്നു പറയുന്നതുപോലെ രാഷ്ട്രത്തിനും ഒരു സ്വകാര്യതയില്ലേ? സ്വന്തം കാര്യങ്ങള്‍ മറ്റുരാജ്യങ്ങളില്‍ നിന്നു മറച്ചുപിടിക്കാനുള്ള അവകാശം? അതെങ്ങനെ ഇരുമ്പുമറയാകും? സോവിയറ്റ് റഷ്യയുടെ മനസ് മാരിലിന്‍ മണ്‍റോയുടെ ശരീരമല്ല.”

കഥയും സിനിമയുമായുള്ള സമാനത സൂചിപ്പിക്കുന്നത് മേതിലിന്റെ കലയുടെ സഞ്ചാര വേഗമാണ്. ഒരാളെ മുന്‍ഗാമിയായി അറിയാന്‍ അയാളുടെ വഴിയില്‍ വളരെ ദൂരം പിന്നിലെങ്കിലും നില്‍ക്കണം. പല തിരിവുകള്‍ തിരിഞ്ഞുപോയ ഒരാളെക്കാണാന്‍ ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടിവരും. കലയ്ക്ക് വ്യക്തിതലവും സമൂഹതലവും മാത്രമല്ല ഒരു ജന്തു തലം കൂടിയുണ്ടെന്നും ഈ ത്രിഘടനയുടെ മൂശയില്‍ നിന്നാവും ഇനിയത്തെ അസല്‍ സൌെന്ദര്യശാസ്ത്രത്തിന്റെ തുടക്കമെന്നും കലയിലെ സമൂഹതലത്തിന്റെ സാമൂഹികത പോലും ജന്തുതലത്തില്‍ നിന്നുള്ള തുടര്‍ച്ചയാണെന്നും രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്നേ മേതില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.മേതില്‍ കഥകളിലെ മൌെലിക ദര്‍ശനം ഇതായിരിക്കെ തന്നെ ഓരോ കഥയും ഉപപാഠങ്ങളുടെ സമാഹാരമാകുന്നു.എന്താണ് മേതില്‍ കഥകളിലെ ഉപപാഠങ്ങള്‍? അത് ഭാവനയുടെ ലോകസഞ്ചാരമാണ്. യാഥാര്‍ത്ഥ്യത്തെ മാറ്റിമറിക്കുന്നു എന്നതിനേക്കാള്‍ അതിനെ ചോദ്യം ചെയ്ത് കഥയില്‍ പ്രവേശിക്കുന്ന ബഹുലതയാണത്.

 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മേതില്‍ കഥകള്‍


 
മനോരാജ്യങ്ങളുടെ രാഷ്ട്രീയം
കൊലപാതകമോ കവര്‍ച്ചയോ പ്രണയമോ മന്ത്രവാദമോ അഗമ്യഗമനമോ ക്ഷുദ്രജീവിയോ കഥ എന്തുമാകട്ടെ , ചെങ്ങന്നൂര്‍ വണ്ടി ചെങ്ങന്നൂരിലേയ്ക്ക് മാത്രമുള്ള വണ്ടിയല്ല. ഭൂമി ഹൈസ്ക്കൂള്‍ മേശപ്പുറത്തിരിക്കുന്ന ഗ്ലോബുമല്ല.

മലയാള സാഹിത്യത്തിലെ ആധുനികത പ്രധാനമായും പാരമ്പര്യത്തിന്റേയും പ്രാദേശികതയുടേയും നവീകരണമായിരുന്നു. കടമ്മനിട്ടയേയും കടമ്പനാടിനേയും കുറിച്ചുള്ള ഉത്ക്കണ്ഠകളുടെ മറുപുറത്ത് , ‘പിറന്നൊരൂരില്‍ പോകേണം നീ വളര്‍ന്നൊരാളായാല്‍’ എന്ന മക്കളോടുള്ള ഉപദേശമാണുണ്ടായിരുന്നത്.ആളുകള്‍ എഴുത്തിന്റെ മൂലഗ്രാമങ്ങള്‍തേടി അലഞ്ഞതുകൊണ്ട് തസറാക്കും മയ്യഴിയുമൊക്കെ സാഹിത്യത്തിലെ ടൂറിസ്റ് വില്ലേജുകളായി. പാരമ്പര്യവുമായി ഒത്തുതീര്‍പ്പിന് തയ്യാറാകുന്നില്ല എന്നതാണ് ആധുനികരില്‍ മേതിലിന്റെ തിരിച്ചറിയല്‍ കാര്‍ഡ്. അതുകൊണ്ടുതന്നെ ആ വിടുതിയുടെ സാംസ്കാരിക രാഷ്ട്രീയ തലങ്ങള്‍ ഈ കഥകളിലേയ്ക്ക് പുതിയ വായനക്കാരെ എത്തിച്ചുകൊണ്ടിരിക്കും. ആധുനികത ഒരു ജീവിത വഴിതന്നെയായിരുന്നു. മടക്ക റ്റിക്കറ്റ് എടുത്തശേഷമുള്ള പുറപ്പാടായിരുന്നില്ല.

എന്‍ എസ് മാധവന്റെ ‘കാര്‍മെന്‍’ എന്ന കഥയില്‍ മടങ്ങി വരുന്ന രാഘവന്‍ ആല്‍ വേരുകളിലും കരിങ്കല്ലത്താണികളിലും ആട്ടപ്പെട്ടി ഇറക്കിവച്ചതിന്റെ തഴമ്പ് തേടി നടന്ന് ഒടുവില്‍ ചുട്ടികുത്താന്‍ കിടന്ന ആശാന്റെ കാല് പിടിച്ച് കരയുന്നുണ്ട്. എം. മുകുന്ദന്റെ ‘നൃത്തം’ എന്ന നോവലില്‍ ലോകത്തിലേയ്ക്ക് പുറപ്പെട്ട നര്‍ത്തകനായ ബാലകൃഷ്ണന്‍ മടങ്ങി വരുന്നത് എയ്ഡ്സ് രോഗിയായിട്ടാണ്. ആറ്റൂര്‍ രവിവര്‍മ്മയുടെ ‘നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യാക്കാര്‍’ എന്ന കവിതയില്‍ സാക്ഷാല്‍ നടരാജന്‍ കഴുത്തില്‍ കരുതിയ വിഷവും മൃത്യുഞ്ജയനാകയാല്‍ ഫലിക്കുന്നില്ലെന്ന് ആത്മഹത്യയ്ക്ക്പോലും ഗതിയില്ലാതെ കുഴങ്ങുന്നു. ശരാശരി മലയാളിജീവിതം ചെന്നുനിന്ന ഇടങ്ങളിലേയ്ക്കുപോലും ആധുനികത ധൈര്യത്തോടെ ചെന്നു നിന്നിട്ടില്ല. ഈ മൂന്നു കഥാപാത്രങ്ങളും നൃത്തക്കാരാണെന്നത് ശ്രദ്ധിക്കുക.അവരുടെ ശരീരങ്ങള്‍ തന്നെയായിരുന്നു പ്രധാന ഭാഷ. ഒരു പക്ഷേ അവര്‍ നല്ലപോലെ വിക്കിയിരിക്കണം. അതെന്തായാലും ഒരു ഭാഷാസമൂഹമെന്ന നിലയില്‍ മലയാളികള്‍ ഒരു ബാലേട്രൂപ്പല്ല.

കാലചക്രം എന്നു പറഞ്ഞത് കുറ്റിയില്‍ കെട്ടപ്പെട്ടൊരു പശുവാണ്. വീട്ടുമൃഗങ്ങളില്‍ നിന്ന് പ്രകൃതിനിയമങ്ങള്‍ പഠിക്കരുത് എന്ന് മേതില്‍ പറയും. സിറാമിക് ഇഷ്ടികകളുടേയും വലിയ കണ്ണാടി ജനലുകളുടേയും ഉപരിതലത്തിലെ തണുപ്പ് ഒരു പരസ്യമാണ്, എന്നെഴുതാന്‍ പനിക്കുന്ന നെറ്റിയിലെന്നപോലെ ആധുനിക ജീവിതത്തില്‍ കൈത്തലം അമര്‍ത്തുമ്പോള്‍ മാത്രമേ സാധ്യമാകൂ. ആര്‍ജിത ദര്‍ശനങ്ങളുടെയും നിലപാടുകളുടെയും രാഷ്ട്രീയത്തിനപ്പുറം മേതില്‍ സാഹിത്യത്തിന്റെ അടിസ്ഥാന സ്വഭാവ വിശേഷങ്ങള്‍ സാധ്യമാക്കുന്ന കലയുടെ രാഷ്ട്രീയമാവും പുതിയ വായനകള്‍ക്കും പഠനങ്ങള്‍ക്കും വഴിയൊരുക്കുക.

മനോരാജ്യങ്ങളിലെ സംഭവങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും ഉള്ളിലേയ്ക്ക് ഭാഷ നടത്തുന്ന രഹസ്യാന്വേഷണമാണ് ഈ ആവിഷ്കാരങ്ങള്‍. സാഹിത്യപരം എന്നതിനേക്കാള്‍ ശാസ്ത്രീയമാണ് ഈ കഥകളിലെ ഭാഷാസമീപനം. മെല്ലിച്ചുറപ്പുള്ള പ്രകൃതിക്കും നാടകീയത വെടിഞ്ഞുള്ള സ്വാഭാവിക പെരുമാറ്റങ്ങള്‍ക്കുമപ്പുറം നുണകളേയും കെട്ടുകഥകളേയും അട്ടിമറിക്കുന്ന രീതി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

“നീ പറഞ്ഞതെല്ലാം യഥാര്‍ത്ഥ വസ്തുതകള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്തൊരു കെട്ടുകഥയും ഒരു കൂട്ടം നുണകളുമാണെന്ന് തോന്നി. എന്നാല്‍ നിന്റെ ആംഗ്യങ്ങളും, സ്വരങ്ങളും മുഖഭാവവും ഒരു സത്യപ്രസ്താവന നടത്തുന്ന ആളുടേതായിരുന്നു. ഇരുണ്ട ചില്ലകളുടെ ഒരു പടര്‍പ്പിന് തുല്യമാണ് ഞാന്‍ കേട്ട കഥ എനിക്കു ചുറ്റും തഴച്ചു വളര്‍ന്നത്. എന്നാല്‍ ആ പടര്‍പ്പിനിടയില്‍ പോലും നിന്നിലെ സത്യം ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ഇടയ്ക്കിടെ തുടിച്ചുകൊണ്ടിരുന്നു. ഒരുപക്ഷെ ആ ഇരുണ്ട പടര്‍പ്പു പോലും നുണകളുടെ വളര്‍ച്ചയല്ലെന്നും മറിച്ച് നീയറിയാതെ നിന്നെ തീണ്ടി നില്‍ക്കുന്നൊരു ഭയവും ഭീഷണിയുമാണെന്നും എനിക്കു തോന്നി. എന്നെ നിന്നോട് അടുപ്പിച്ചത് ആ തോന്നലായിരിക്കാം. “(സംഗീതം ഒരു സമയകലയാണ്)

പറയുന്നവന്റെ ശബ്ദം,ഭാവം, ചലനം,പശ്ചാത്തലം , അതിലെ നേര്‍ത്ത വിള്ളല്‍, സംസാരിക്കുന്നവന്റേയും കേള്‍ക്കുന്നവന്റേയും മനസിന്റെ പിന്നാമ്പുറങ്ങള്‍, അവിടെ തെളിച്ചമില്ലാത്തതും തെളിയുന്നതുമായ വസ്തുതകള്‍ ഇവയെല്ലാം അനുനിമിഷം മാറിമറിയുന്നു. അതിനെ സൂക്ഷ്മവും കൃത്യവുമായി പിന്തുടരുന്ന അപൂര്‍വമായ ഒരു എഴുത്തുരീതിയാണിത്.

ഇവിടെയൊന്നും യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കപ്പെടുന്നില്ല. മഞ്ഞുമാറുന്നപോലെ അത് മാറിവരുന്നു.ഒഴുക്കുള്ള നദി സ്വയം പുതുക്കുന്നു എങ്കില്‍, ലോകത്തെ മുഴുവനായും തന്റെ കഥയിലെ സ്ഥലമായി പരിഗണിക്കുന്ന ഒരാളുടെ യാഥാത്ഥ്യങ്ങള്‍ മാറിമറിയുന്ന വേഗമെന്താവും! ആ വസ്തുത പരിഗണിച്ചാല്‍ മലയാളത്തിലെ ഏറ്റവും റിയലിസ്റിക് എഴുത്തുകാരന്‍ മേതില്‍ രാധാകൃഷണനാണ്. അനുദിനമെന്നത് അനുനിമിഷം എന്ന് തിരുത്തണമെന്ന് മാത്രം.ഇതാണ് ഭാവനയില്‍ ഭാഷ നടത്തുന്ന രഹസ്യനീക്കങ്ങള്‍. മനോരാജ്യങ്ങളുടെ രാഷ്ട്രീയവും.
 
 
ആദ്യ ഭാഗം:
മനോരാജ്യങ്ങളിലെ രാഷ്ട്രീയം:മേതില്‍ കഥകളുടെ രാഷ്ട്രീയ വായന
 
രണ്ടാം ഭാഗം:
ബഷീര്‍, വിജയന്‍, മേതില്‍: ഭൌമിക രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *