സാരിയെന്നൊരു മുറിവ്; അതുണക്കാന്‍ കോട്ടെന്നൊരു മരുന്ന്!

 
 
 
 
എറണാകുളം ജില്ലയിലെ അധ്യാപികമാര്‍ക്ക് കോട്ട് നിര്‍ബന്ധമാക്കുന്ന ജില്ലാ പഞ്ചായത്ത് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരന്വേഷണം.
കാവ്യ മനോഹര്‍ എഴുതുന്നു

 
 

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ക്കിടയില്‍ കേരളം വേണ്ടത്ര ശ്രദ്ധിക്കാതെ പോയൊരു വാര്‍ത്ത കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ വന്നു. ജില്ല തിരിച്ചുള്ള വാര്‍ത്താ വിന്യാസങ്ങള്‍ക്കിടയില്‍ പല പത്രങ്ങളിലും എറണാകുളം ജില്ലയ്ക്ക് വെളിയില്‍ പോവാത്ത ആ വാര്‍ത്തയും സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ ആകുലതകളാണ് പങ്കുവെയ്ക്കുന്നത്. അധ്യാപകര്‍ എന്ന പൊതുസംജ്ഞയാണ് വാര്‍ത്തയുടെ വിഷയമെങ്കിലും അധ്യാപികമാരെക്കുറിച്ചുള്ള ‘ഉല്‍ക്കണ്ഠകളാണ്’ അതിന്റെ ലാക്കെന്ന് വാര്‍ത്ത വായിച്ചാല്‍ എളുപ്പം ബോധ്യമാവും.

ജില്ലാ പഞ്ചായത്തിനു കീഴിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ വസ്ത്രത്തിന് പുറമെ കോട്ട് കൂടി ധരിക്കണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിഇഒമാര്‍, എഇഒമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഇതിന് അംഗീകാരം നല്‍കി. ഒക്ടോബര്‍ നാലിന് അധ്യാപക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു കോട്ടിന്റെ രൂപവും നിറവും തീരുമാനിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി പറയുന്നു. നിറവും മറ്റും അന്തിമമായി തീരുമാനിച്ചുകഴിഞ്ഞാല്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് വാര്‍ത്ത പറയുന്നു.

രസകരമാണ് ഇതിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്ന കാരണങ്ങള്‍. അധ്യാപികമാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കാനാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ അധികവും ചെറുപ്പക്കാരാണ്. ഇവരെ കുട്ടികളില്‍നിന്ന് വേര്‍തിരിച്ച് അറിയാന്‍ കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ പലേടത്തും ഉണ്ടായി. ഇതിനൊക്കെ പരിഹാരമായാണ് കോട്ട് ഏര്‍പ്പെടുത്തുന്നതെന്നും ദേശാഭിമാനി വാര്‍ത്തയില്‍ അദ്ദേഹം പറയുന്നു. കോട്ട് വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് പണം നല്‍കില്ല. നിറം സ്കൂളുകള്‍ക്ക് നിശ്ചയിക്കാം. അധ്യാപകരുമായുള്ള ‘പാര്‍ട്ണര്‍ഷിപ് ബിസിനസ്’ ആയാണ് ഇതിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് അധ്യാപകരുടെ ഡ്രസ് കോഡ് പരിഷ്കരിക്കുന്നതെന്ന് മനോരമ വാര്‍ത്ത പറയുന്നു. സുരക്ഷിത ഡ്രസ് എന്ന നിലയില്‍ അധ്യാപികമാര്‍ സ്വന്തം നിലയില്‍ തന്നെ കോട്ട് ലഭ്യമാക്കാന്‍ താല്‍പര്യം കാട്ടുമെന്നാണു ജില്ലാ പഞ്ചായത്ത് കരുതുന്നതെന്നും വാര്‍ത്ത വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തില്‍ അധ്യാപികമാരുടെ ഡ്രസ്സ്കോഡിനെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് നാലാമിടം തുടക്കമിടുന്നു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് നിശ്ചയിക്കുന്ന സംസ്കാര പാഠങ്ങളിലേക്കും ആണ്‍കോയ്മയില്‍ വേരുറച്ചുപോയ നമ്മുടെ സാമൂഹ്യ സ്ഥാപനങ്ങളുടെ അപഹാസ്യമായ നില്‍പ്പുകളെക്കുറിച്ചും ഈ ചര്‍ച്ച നീളട്ടെ എന്നാഗ്രഹിക്കുന്നു.

 

 
“ടീച്ചര്‍മാര് സാരി ധരിക്കുന്നതാണ് നമ്മുടെ സംസ്കാരത്തിന് ചേരുന്നത്. അങ്ങനാകുമ്പോള്‍ കുട്ടികള്‍ക്കു ബഹുമാനിക്കാനും തോന്നും”

“കാലം പഴേതല്ല. ഇപ്പോഴത്തെ കുട്ടികളുടെ ഒന്നും ചിന്ത ശരിയല്ല”

“അതുകൊണ്ട് ഈ വയറൊക്കെ പുറത്തു കാണാതിരിക്കാന്‍ കോട്ടിട്ടു ക്ലാസ്സെടുക്കുന്നത് തന്നെയാണ് നല്ലത്”

മേലുദ്ധരിച്ച സംഭാഷണശകലങ്ങള്‍ പലയിടങ്ങളില്‍ പലസന്ദര്‍ഭങ്ങളില്‍ കാതില്‍ പതിഞ്ഞിട്ടുള്ളതാണ്. കണ്ണടച്ചിരുട്ടു സൃഷ്ടിച്ചിരിക്കുന്നവരെ നേര്‍വഴികാണിക്കാന്‍ വിളക്കു കൊളുത്തിയിട്ടു കാര്യമില്ലല്ലോ എന്ന് ചിന്തിച്ചു തന്നെ ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുക എന്ന അപരാധം പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ട്. പക്ഷേ ‘സംസ്കാരം’ നിയമമായി അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ മിണ്ടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

കാവ്യ മനോഹര്‍


വേഷം: പരിണാമദശയിലെ ഒരേട്
വേഷം സംസ്കാരത്തിന്റെ ഭാഗം തന്നെ സംശയമില്ല. പക്ഷേ സമൂഹവും സംസ്കാരവും പരിണാമത്തിനതീതമല്ല. എന്ന് മാത്രമല്ല തുടര്‍ച്ചയായ, പുരോഗമനാത്മകമായ പരിണാമം തന്നെയാണ് സംസ്കാരത്തിന്റെ കാതല്‍. ഓരോ വ്യക്തിയേയും കൂട്ടത്തേയും സമൂഹത്തേയും ഒന്നിനൊന്ന് മെച്ചപ്പെടുത്തുന്ന അതിജീവനശേഷിയുള്ളവരാക്കിത്തീര്‍ക്കുന്ന ഒന്നാണ് പരിണാമം.

സമൂഹവും സംസ്കാരവും മാറ്റത്തിനു മുഖം തിരിച്ചിരുന്നുവെങ്കില്‍ നമ്മളിപ്പോഴും വേദം കേട്ടാല്‍ അവര്‍ണ്ണന്റെ കാതില്‍ ഈയമൊഴിക്കുമായിരുന്നു, മാറുമറയ്ക്കാന്‍ പാടില്ലാത്തവരാകുമായിരുന്നു, ഉടന്തടി ചാടുമായിരുന്നു, അടുക്കളയില്‍ നിന്നും അരങ്ങിലേയ്ക്കൊരു വഴി ഒരിക്കലും ഉണ്ടാകാതിരിക്കുമായിരുന്നു.

ശാസ്ത്രമുന്നേറ്റത്തിന്റെയും സമൂഹികപരിണാമത്തിന്റെയും ഒക്കെ ഫലമായി സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ സമൂഹത്തിന്റെ മൊത്തം ക്രിയാശേഷിയാണ് വര്‍ദ്ധിക്കുന്നത്. അതുള്‍ക്കൊണ്ടതു കൊണ്ടാണ് കേരളത്തിലെ ബഹുഭൂരിപക്ഷം പുരുഷന്‍മാര്‍ പാന്റിലേയ്ക്കും സ്ത്രീകള്‍ ചുരിദാറിലേയ്ക്കും മാറിയത്. പക്ഷേ, മാറ്റത്തിന്റെ കാറ്റേല്‍ക്കാതെ നില്‍ക്കുന്ന ചില ആചാരപരമായ ചടങ്ങുകളില്‍ അക്കാരണം കൊണ്ടു തന്നെ സൗകര്യം മറന്ന് സാരിയും മുണ്ടും മിക്കവരും തിരഞ്ഞെടുക്കാറുണ്ടെന്നത് മറ്റൊരു കാര്യം. സൗകര്യത്തേക്കള്‍ സൗകുമാര്യത്തിന് ഇടം കൊടുക്കുന്ന സന്ദര്‍ഭങ്ങളില്‍, തികച്ചും അനൗപചാരികമായ ഇടങ്ങളില്‍, അല്ലെങ്കില്‍ സ്വന്തം സൗകര്യം അല്ലെങ്കില്‍ ഇഷ്ടം ഇന്നതാണെന്നറിഞ്ഞ് ഒക്കെ വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ ശരികേടൊന്നുമില്ല താനും.

 

മനോരമ വാര്‍ത്ത


 

അഞ്ചുമീറ്റര്‍ തുണിയും അധ്യാപികമാരും
എന്നാല്‍ പകല്‍ മുഴുവനും ഊര്‍ജ്ജസ്വലരായ ഒരു കൂട്ടത്തിനിടയില്‍ ആ ഊര്‍ജ്ജനിലയില്‍ ഒട്ടും കുറയാതെ നില്‍ക്കേണ്ടി വരുന്ന അദ്ധ്യാപികമാരെ അഞ്ച് മീറ്ററിലേറെ നീളം വരുന്ന തയ്യലേതുമില്ലാത്ത ഒരു തുണിക്കഷണത്തില്‍ സ്വയം പൊതിഞ്ഞെടുക്കേണ്ടി വരുന്ന അവസ്ഥയിലെത്തിക്കുന്ന സാംസ്കാരപ്രണയത്തിന് എന്ത് നിതീകരണമാണുള്ളതു്? ഗാര്‍ഹികജോലിയുടെ ഭാരം ഒറ്റയ്ക്കേറ്റേണ്ടി വരുന്ന പലരും ഈ ‘പൊതിഞ്ഞെടുക്കലിനായി’ സമയം കണ്ടെത്താന്‍ അതിരാവിലെ ഉറക്കം വെടിഞ്ഞ് ബുദ്ധിമുട്ടുന്നതിന് എന്തു ന്യായീകരണമാണുള്ളത്? തിരക്കുള്ള ബസ്സില്‍ ഇതഴിയാതിരിക്കാന്‍ പാടുന്ന് പങ്കപ്പാടിന് എന്ത് ന്യായീകരണമാണുള്ളത്? മഴനേരങ്ങളില്‍ നനഞ്ഞൊട്ടി സ്വതന്ത്രസഞ്ചാരം പോലും വിലക്കുന്ന ഈ വേഷത്തില്‍ അദ്ധ്യാപികമാരെ തളച്ചിടുന്നതില്‍ എന്തു നീതീകരണമാണുള്ളത്? സര്‍വോപരി അദ്ധ്യാപികയ്ക്ക് ബൗദ്ധിക-സര്‍ഗ്ഗവ്യാപാരങ്ങളിലേയ്ക്കൊന്നും വിടാനിടകിട്ടാത്തവണ്ണം ചിന്തയെ വേഷത്തില്‍ തളയ്ക്കേണ്ടി വരുമ്പോള്‍ നഷ്ടം യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു കൂടിയാണെന്ന് പറയാതിരിക്കുവതെങ്ങനെ?

ഈ വേഷം കൊണ്ടുണ്ടാവുന്ന ഭൗതികമായ വിഷമതകള്‍ സൂചിപ്പിച്ചുവെങ്കിലും, അതിലേറെ ഈ അടിച്ചേല്‍പ്പിക്കല്‍ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് എന്നതുകൊണ്ടുകൂടിയാണ് എതിര്‍ക്കപ്പെടേണ്ടതാകുന്നത്. പ്രത്യേകിച്ചും ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടെ മേല്‍ ഇത്തരം സാംസ്കാരിക മാമൂലുകളൊന്നും ഇല്ല എന്ന് വസ്തുത കൂടി പരിഗണിക്കുമ്പോള്‍.

 

ദേശാഭിമാനി വാര്‍ത്ത


 
സാരിയും ബഹുമാനവും
സാരി കണ്ടാല്‍ ബഹുമാനിക്കാന്‍ തോന്നുമെന്നു പറയുന്നതിലെ സാംസ്കാരികയുക്തി ഉള്‍ക്കൊള്ളാനാവുന്നില്ല. അദ്ധ്യാപികയ്ക്ക് തന്റെ വിദ്യാര്‍ത്ഥികളുടെ മേല്‍ വേഷം കൊണ്ട് മേല്‍ക്കൈ നേടേണ്ടി വരുന്ന അവസ്ഥ അവളുടെ പരാജയമല്ലേ? അറിവുകൊണ്ടും ചിന്തകൊണ്ടും യുക്തികൊണ്ടും വിനയംകൊണ്ടും സ്നേഹംകൊണ്ടും ആത്മാഭിമാനം വ്യക്തിത്വം കൊണ്ടും ബഹുമാനം നേടട്ടേ. അതല്ലാതുള്ള ബഹുമാനം വെറും വേഷത്തോടല്ലേ, അതുവേണ്ടല്ലോ?

പുതിയ തലമുറയുടെ സാംസ്കാരിക അപചയമാണടുത്ത വാദം. ഈ ആരോപണമുന്നയിക്കുന്ന ‘പഴയ’ തലമുറയോടും ആരോപണവിധേയരായ പുതിയതലമുറയോടും സ്ത്രീപുരുഷഭേദമെന്യേ പറയുവാനുള്ളത് പെണ്ണ് ഒരശ്ലീലപദമല്ലെന്നാണ്. അവളുടെ ശരീരവും അശ്ലീലമല്ല. സാരി പോലൊരു വേഷം ചുറ്റി വരുമ്പോള്‍ കാണാനിടയുള്ള വയറിന്റെ ഒരിത്തിരി നഗ്നത അശ്ലീലവും പ്രകോപനപരവുമെന്ന്കരുതുന്നവരുടെ കാഴ്ചയിലാണ് ശീലക്കേടിരിക്കുന്നത്. മുഴുനീളം മറയാന്‍ പെണ്‍മേനിക്കു സാരി നിരോധിച്ചു ചുരിദാര്‍ നിര്‍ബന്ധമാക്കുന്ന അവസ്ഥയും അതുകൊണ്ടു തന്നെ എതിര്‍ക്കേണ്ടതാകുന്നു.

നാലഞ്ചു പാളിയുള്ള സാരിവേഷത്തിനു മുകളില്‍ ഒരു കോട്ടുകൂടിയിട്ടു ശരീരം മറയ്ക്കാനാവശ്യപ്പെടുന്ന കീഴ്‌വഴക്കം പെണ്ണ് ശരീരം മാത്രമാണെന്ന മൂല്യബോധമാകും ഊട്ടിയുറപ്പിക്കുക. അതാകട്ടെ പരക്കെ എതിര്‍ക്കപ്പെടാറുള്ള പര്‍ദ്ദസമ്പ്രദായത്തേക്കാളും പിന്തിരിപ്പനുമാകുന്നു.
 
 
ഈ ലേ­ഖ­നം ക്രി­യേ­റ്റീ­വ് കോ­മണ്‍­സ് ആട്രി­ബ്യൂ­ഷന്‍ ഷെ­യര്‍ എലൈ­ക്‍ 2.5 ഇന്ത്യ (CC-BY-SA 2.5 In) പ്ര­കാ­രം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ അനു­മ­തി നല്‍­കു­ന്നു­.
 
 
 
 
സീനാ ആന്റണി എഴുതുന്നു: സാരിയുടെ സദാചാരജാഡ
പ്രഭാ സക്കറിയാസ് എഴുതുന്നു: എട്ടിഞ്ച് ബൂട്ടില്‍ എന്റെ നടത്തങ്ങള്‍

12 thoughts on “സാരിയെന്നൊരു മുറിവ്; അതുണക്കാന്‍ കോട്ടെന്നൊരു മരുന്ന്!

 1. അധ്യാപികമാര്‍ കൊട്ട് ധരിക്കണം എന്നുള്ളത് ഒരു നല്ല നിര്‍ദേശമാണ്. വസ്ത്രം ഇതു എന്ന് അവര്‍ക്ക് തിരഞ്ഞെടുക്കാം. മാന്യമായ വസ്ത്രമാവുക ..നമ്മുടെ സംസ്കാരത്തോട് ഒത്തു പോകുന്നതും.സാരി അധ്യാപികമാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്ക് പൊതുവേ നാലാള്‍ വസ്ത്രമല്ല. ഇതിനെ നല്ലതാക്കി അവതരിപ്പിക്കുന്നത് ഈ സില്‍ക്ക്‌ മുതലാളി മാരാണ്..

 2. ഡ്രസ്കോഡ് ഇല്ലാതാക്കാനെന്താ വഴി ? നൈറ്റിയിട്ടു ട്യൂഷന്‍ പഠിപ്പിക്കുന്നതു മനസ്സിലാക്കാന്‍ പ്രയാസമില്ലെങ്കില്‍ അതിട്ടു തന്നെ ക്ലാസിലും പഠിപ്പിച്ചു കൂടേ ?

 3. ചുരിദാറിനെ ആധുനികതയുടെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നത് ശരിയല്ല. എന്റെ അറിവ് ശരിയാണെങ്കിൽ ഇന്നത്തെ കാശ്മീർ-പാക്കിസ്ഥാൻ മേഖലയിലെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമാണ് ചുരിദാർ. സ്ത്രീയുടെ ശരീരം മുഴുവൻ മറയ്ക്കപ്പെടേണ്ടതാണ് എന്നനുശാസിക്കുന്ന ഒരു സംസ്ക്കാരമാണ് ചുരിദാറിനെയും രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചുരിദാറിനെ സൗകര്യപ്രദമായ വസ്ത്രമാക്കി അവതരിപ്പിച്ചിരിക്കുന്നതിലും ചില ശരികേടുകളുണ്ട്. കാരണം, സാരിയോളമില്ലെങ്കിലും പരിമിതികൾ ഏറെയുള്ള വസ്ത്രമാണ് ചുരിദാറും. ബസിൽ കമ്പിയിൽ പിടിച്ചു നിൽക്കുന്ന പെൺകുട്ടികൾ കാറ്റടിച്ച് ചുരിദാറിന്റെ ടോപ്പ് പറന്നു പൊങ്ങാതിരിക്കാൻ ടോപ്പിന്റെ വാലറ്റം കൈകൊണ്ട് പിടിച്ചുകൊണ്ട് നിൽക്കേണ്ടി വരാറുണ്ട്. ചുരിദാർ ധരിച്ചുകൊണ്ട് ടൂവീലർ ഓടിയ്ക്കുന്ന പെൺകുട്ടികൾ കൈകൾ വെയിലടിക്കുന്നത് തടയാൻ കയ്യുറകൾ ധരിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചുരിദാർ ധരിക്കുന്ന പെൺകുട്ടികൾ ഷാളിന്റെ സ്ഥാനം മാറിപ്പോകാതിരിക്കാൻ കഷ്ടപ്പെടുകയും തോളിൽ നിന്ന് ഷാൾ ഊർന്ന് പോകാതിരിക്കാനായി സേഫ്റ്റിപിൻ ഉപയോഗിച്ച് കുത്തിവയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ എണ്ണിപ്പറയുകയാണെങ്കിൽ ധാരാളം ന്യൂനതകൾ ഉള്ള വസ്ത്രമാണ് ചുരിദാർ. ചുരിദാർ അത്രയേറെ സ്വാതന്ത്ര്യം തരുന്ന വസ്ത്രമായിരുന്നെങ്കിൽ അതിന് ഷാൾ ആവശ്യമേയാകുമായിരുന്നില്ല. അതുപോലെ ഇന്ന് ചുരിദാർ ധരിക്കുന്ന പല പെൺകുട്ടികളും (എല്ലാവരുമല്ല) യഥാർത്ഥത്തിൽ ജീൻസ് ധരിക്കണമെന്ന ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാണ്. സമൂഹത്തെയോ മാതാപിതാക്കന്മാരെയോ സമുദായത്തെയോ ഒക്കെ പേടിച്ച് അതിനു മുതിരുന്നില്ല എന്നേയുള്ളൂ.

 4. ചുരിദാറിനെ ആധുനികതയുടെ പ്രതീകം എന്നു പറഞ്ഞില്ലല്ലോ. സാരിയേക്കാള്‍ പലരീതിയിലും സൗകര്യപ്രദം എന്നെനിക്ക് ചുരിദാറിനെപ്പറ്റി തോന്നിയിട്ടുണ്ട്. പക്ഷേ ചുരിദാറിനു പരിമിതികളില്ലെന്ന് പറയുന്നുമില്ല.
  പക്ഷേ പ്രശ്നം സാരിക്കോ ചുരിദാറിനോ അല്ല, പെണ്‍ശരീരത്തിനെ എങ്ങനെയൊക്കെ ഒളിപ്പിക്കണം/പ്രദര്‍ശിപ്പിക്കണമെന്നതില്‍ സമൂഹം വല്ലാതങ്ങ് ബേജാറാവുന്നതിലാണ് പ്രശ്നത്തിന്റെ കാതല്‍. ആണ്‍ശരീരത്തെക്കുറിച്ചില്ലാത്ത ഒരുല്‍ക്കണ്ഠ അതിലുണ്ട്. ഷാളൊന്ന് തെന്നാതിരിക്കാന്‍ താനേറെ കഷ്ടപ്പെട്ടായാലും ശ്രമിച്ചേതീരുവെന്ന് പെണ്ണിനേയും, അങ്ങനെചെയ്യാത്ത പെണ്ണ് ‘അത്രശരിയല്ലെന്ന്’ ഉറപ്പിക്കാന്‍ ആണിനേയുംപെണ്ണിനേയും ശിലിപ്പിച്ചിരിക്കുന്ന സമൂഹത്തില്‍ ജീവിക്കുന്നതുകൊണ്ടാണ്, ടോപ്പ് കാറ്റില്‍ പറക്കുന്നതൊരു പ്രശ്നമായി പ്രിന്‍സിനുള്‍പ്പെടെ നമ്മളില്‍ പലര്‍ക്കും തോന്നുന്നത്. മുട്ടോളം മടക്കിക്കുത്തിയ മുണ്ട് ആര്‍ക്കുമൊരു പ്രശ്നമല്ലാതെ തോന്നുന്നതും അതുകൊണ്ടു തന്നെ.

  • അങ്ങനെ പറയാനാണെങ്കിൽ ചുരിദാറിനേക്കാൾ സൗകര്യപ്രദം ജീൻസ് ആണ്. മാത്രമല്ല, സ്ത്രീകളെ ഒരു പ്രത്യേകതരം വസ്ത്രം ധരിക്കാൻ പ്രേരിപ്പിക്കുന്നത് ലിംഗവിവേചനത്തെ emphasize ചെയ്യലാണ്. ചുരിദാർ പോലുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് തന്നെ സ്ത്രീയുടെ സ്ത്രൈണതയ്ക്ക് ഊന്നൽ നൽകാനാണ്.ലിംഗഭേദമില്ലാതെ എല്ലാവർക്കും ധരിക്കാൻ സാധിക്കുന്നതരം വസ്ത്രങ്ങൾ (Unisex) ആണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. സ്ത്രീയെന്നും പുരുഷനെന്നുമുള്ള വ്യത്യാസം പരിഗണിക്കപ്പെടാതാകുകയും വ്യക്തികൾ എന്ന നിലയിലുള്ള പരസ്പരധാരണ വളരുകയും ചെയ്യാൻ യൂണിസെക്സ് വസ്ത്രങ്ങളാണ് നല്ലത്.

   ടോപ്പ് കാറ്റില്‍ പറക്കുന്നതൊരു പ്രശ്നമായി തോന്നുന്നത് എനിക്കല്ല, ടോപ്പ് ധരിച്ച പെൺകുട്ടിയ്ക്കാണ്. മനസിൽ രൂഢമൂലമായ വിക്ടോറിയൻ സദാചാരപാഠങ്ങളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്തതാണ് അതിനുള്ള കാരണം. സ്ത്രീകളിൽ ഭൂരിഭാഗവും മാറുമറയ്ക്കാതെ നടന്നിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. അന്ന് മാറുമറയ്ക്കാതെ നടക്കുന്നത് ഒരു സദാചാരപ്രശ്നമായി (യൂറോപ്യന്മാരുടെ വരവ് വരെ) ആർക്കും തോന്നിയില്ല.

   ചുരുക്കി പറഞ്ഞാൽ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കല്ല, കോട്ടിന് ശുപാർശ ചെയ്യാൻ കുന്നപ്പിള്ളിയെ പ്രേരിപ്പിക്കുന്ന, സാരിയുടെ അറ്റം ബ്ലൗസിനോട് ചേർത്ത് പിന്നുകുത്താനും ചുരിദാർ ടോപ്പിന്റെ കീഴറ്റം ചേർത്തുപിടിക്കാനും ഷാൾ മാറിടങ്ങളെ മൂടിയിടാനും സ്ത്രീയെ നിർബന്ധിതയാക്കുന്ന, പ്രൈമറി സ്കൂളുകൾ മുതൽ ട്രെയിൻ കമ്പാർട്ടുമെന്റുകൾ വരെ പെണ്ണിന് പ്രത്യേകം സജ്ജീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന, ഭാര്യമാരെ ബുർഖയിൽ പൊതിയാൻ മുസ്ലീം പുരുഷന്മാരെ നിർബന്ധിതരാക്കുന്ന സാമൂഹ്യസദാചാരത്തിനാണ് ചികിത്സ വേണ്ടത്. മൂലകാരണത്തെ (Root Cause) പിഴുതെറിയുന്നതിനു പകരം രോഗലക്ഷണത്തെ ചികിത്സിക്കുന്നത് മൂഢത്വമാണ്.

 5. I pity on the girls who are forced to stay in Kerala. Though a few wont accept the reality and say that our state is the best but the hard truth is that each and every moment you feel insecure and monitored by the public and society. You can not aspire to live a life with freedom and dignity in Kerala. If you don’t agree with me i know for sure that you are one of them, who adjusts with the situation and then just hail it and obey for the pity respect which you can get from the public. Women are trained to accept the rubbish and live with it. The pathetic state is that the majority loves the rubbish. We can not expect a change unless the women understand the reality.
  If at all there was some one to oppose the system, why is that a women still has to wear a head scarf to the Christian church? why is that in state where the climate is not so smooth always women are wearing burqa? We profess and preach equality and do something far away from it.

  • ക്രിസ്ത്യൻ പള്ളികളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന് നിർബന്ധമുണ്ട്. ഇത് സ്ത്രീകൾക്ക് നേരേയുള്ള വിവേചനമൊന്നുമല്ല. താഴെ പറയുന്ന ബൈബിൾ വചനത്തിന്റെ പൂർത്തീകരണമായിട്ടാണ് ഇത് ചെയ്യുന്നത്.

   “ശിരസ്സു മൂടിക്കൊണ്ട് പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷനും തന്‍റെ ശിരസ്സിനെ അവമാനിക്കുന്നു. ശിരസ്സു മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്‍റെ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്.”(1കോറി.11:3,4)

   താങ്കൾക്ക് കാണാവുന്നതുപോലെ സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും ഉണ്ട് ഡ്രസ്‌കോഡ്. ഇക്കാലത്ത് വടക്കേ അമേരിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും പല രാജ്യങ്ങളിലും ഈ നിർബന്ധത്തിൽ അയവുണ്ട്. ഇവിടങ്ങളിലെ ആളുകൾ പൊതുവേ മുതലാളിത്തത്തിന്റെയും ഉപഭോഗസംസ്ക്കാരത്തിന്റെയും ഭോഗാസക്തിയുടേയും പിടിയിലായതുകൊണ്ട് ക്രൈസ്തവ വിശ്വാസജീവിതത്തിൽ വലിയ താല്പര്യമില്ലാത്തവരാണ്. കൂടുതൽ നിർബന്ധിച്ചാൽ അവർ പള്ളിയിൽ വരാതാകും. അതുകൊണ്ടാണ് ഇങ്ങനെ ഒരു സൗജന്യം!

 6. സാ രിയുടെയും ചൂരിദാറി ന്റെയും സൌന്ദര്യശാസ്ത്രവും പ്രായോഗികതയും ചർച്ച ചെയ്യുന്നത് നല്ലത് തന്നെ . പക്ഷെ മധ്യവർഗ – ഉപരിവർഗ വേ ലിവളപ്പിനുള്ളിലെ വാചകകസർത്തിനപ്പുറം എന്തുണ്ടിവിടെ? ഒരപേക്ഷയുണ്ട്; വല്ലപ്പോഴും നമ്മുടെ തെരുവുകളിലൂടെ ഒന്ന് നടന്നു കാണുക. പിഞ്ഞിപ്പോയ ഉടുചേല വാരിപ്പൊത്തി ഒക്കത്ത് കൈക്കുഞ്ഞുമായി നടന്നുനീങ്ങുന്ന ആ പെണ്ണിൻറെ ശരീരത്തിന്റെ രാഷ്ട്രീയം എന്താണ്? മതിയാക്കാം നമ്മുടെ ഹിപ്പോക്രസി.

  • കൗമാരക്കാരായ കുട്ടികളുടെ മുന്നില്‍ വയറു കാട്ടണം എന്ന് നിര്‍ബന്ധമുള്ളവര്‍ ദയവു ചെയ്ത് വീട്ടിലിരിക്കണം. മനുഷ്യന്മാരായാല്‍ അല്‍പം ലജ്ജയൊക്കെ വേണം. തന്‍െറ വയറുകാണിക്കാന്‍ ഒരു ആണും ഇഷ്ടപ്പെടുന്നില്ളെന്ന് സ്ത്രീകള്‍ മനസിലാക്കണം.( ആണുങ്ങളുടെ ഡ്രസ്സ് ഇതുവരെ അങ്ങനെ നിര്‍മ്മിക്കപ്പെട്ടിട്ടില്ല.)

   • you speak as if we women are longing to wear sari. We only prefer it during celebrations. It is the society which tag a women as disciplined if she wears a saree. Churidar, jeen and kurthi are far better than saree and far secure. But when we wear it you say the girl is so modern she does not respect our culture.

 7. പെണ്‍ശരീരത്തിനെ എങ്ങനെയൊക്കെ ഒളിപ്പിക്കണം/പ്രദര്‍ശിപ്പിക്കണമെന്നതിനെപ്പറ്റി മാത്രമാണു ബേജാറ്, അവിടെയാണു തകരാറ്. സാരിയല്ലാത്ത മറ്റു വസ്ത്രങ്ങള്‍ ധരിച്ചു വന്നാല്‍ ആണ്‍കുട്ടികള്‍ തോണ്ടുമെന്നും അപ്പോള്‍ പരാതി പറയാന്‍ വരരുതെന്നും ഒരു പ്രിന്‍സിപ്പല്‍ പറഞ്ഞു കേട്ടിട്ടുണ്ട്.ഇന്നുവരെ കേരളത്തിലെ ഒരു കോളേജില്‍നിന്നും അത്തരമൊരു സംഭവം കേട്ടിട്ടില്ല.1500 ഓളം കുട്ടികളുള്ള ഗുരുവായൂരപ്പന്‍ കോളേജില്‍ 8 വര്‍ഷമായി സാരിയല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് ജോലി ചെയ്ത അനുഭവം വെച്ച് ഉറപ്പിച്ചുപറയാം-നമ്മുടെ വിദ്യാര്‍ത്ഥികളെ നാം ഇത്തരം അഭിപ്രായങ്ങള്‍ കൊണ്ട് അപമാനിക്കരുത്.പറയുന്നവര്‍ക്കാണ് കുഴപ്പം, കുട്ടികള്‍ക്കല്ല.—Well said Kavya..Congrats

Leave a Reply

Your email address will not be published. Required fields are marked *