ലഞ്ച് ബോക്സ് തുറക്കുമ്പോള്‍ ഉള്ളിലൊരാള്‍ പറഞ്ഞുതുടങ്ങുന്നു

 
 
 
 
റിതേഷ് ബത്ര സംവിധാനം ചെയ്ത ‘ലഞ്ച് ബോക്സ്’ എന്ന സിനിമയുടെ കാഴ്ചാനുഭവം. യാമിനി എഴുതുന്നു
 
 
പെട്ടെന്നാലോചിക്കുമ്പാള്‍ ‘ഇതെന്ത് വല്യ ആനക്കാര്യം’ എന്ന് തോന്നുന്ന ഒരു ത്രെഡില്‍നിന്ന് രണ്ട് മണിക്കൂര്‍ നമ്മളില്‍ ലോകത്തോടുള്ള സ്നേഹം നിറയ്ക്കുന്ന സിനിമ ഉണ്ടാക്കിയത് തന്നെയാണ് ഇതിന്റെ വിജയം. മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും.

പക്ഷെ അതില്‍ ഒരു സിനിമ കണ്ടെത്തുകയും അതിന് പറ്റിയ നടീനടന്മാരെ വെക്കുകയും ചെയ്തത് ലഞ്ച് ബോക്സിനെ വ്യത്യസ്ത അനുഭവമാക്കുന്നു. എല്ലാത്തിനുമൊടുവില്‍, ഉള്ളിലൊരു വിങ്ങല്‍ അത് ബാക്കിയാക്കുന്നു.

 

 

പൌലോ കൊയ് ലോയുടെ നോവല്‍ ബ്രൈഡയില്‍ ഒരു ഖണ്ഡികയുണ്ട്. അതിന്റെ ഒരു ഏകദേശ തര്‍ജ്ജമ ഇപ്രകാരമാണ്:

“മുപ്പത്തെട്ടുകാരിയായ ഞാന്‍ സന്തുഷ്ടയായി നിന്നു. ഒരാള്‍ക്ക് തന്നെ ഇഷ്ടമാണെന്ന സന്തോഷത്താല്‍. അവന് എന്നെ വിട്ടു പോവേണ്ടെന്നായിരുന്നു. പക്ഷെ പെട്ടന്നൊരു ദിവസം അവന്‍ സംസാരിക്കാതായി. അവനെന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി. പിന്നീടെപ്പോഴോ ചിരിച്ചു.പിന്നെ പടികള്‍ ഇറങ്ങിപ്പോയി.
കുറെ ദിവസം ഞാനാലോചിച്ചു ഇങ്ങനൊരാള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്ന്. ജീവിതത്തിന്റെ ഏറ്റവും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വന്ന മാലാഖയാണവന്‍. പക്ഷെ ഒടുവില്‍ എനിക്ക മനസ്സിലായി അവന്‍ ഒരു യഥാര്‍ഥ മനുഷ്യനാണെന്ന്. മധ്യാഹ്നത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന് എന്നെ സ്നേഹിച്ചയാള്‍. ആ കുറച്ച് നേരത്തേക്കെങ്കില്‍ പോലും അവന്‍ അവന്റെ മനസ്സ് മുഴുവന്‍ എന്നോട് പങ്കു വെച്ചു. അവന്റെ സംഘര്‍ഷങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം. ആ മധ്യാഹ്നത്തില്‍ മാത്രം ഞാന്‍ അവന്റെ എല്ലാമായിരുന്നു ഭാര്യ, സുഹൃത്ത്, ശ്രോതാവ്, പ്രണയിനി. എല്ലാം”.

യാമിനി


ഇര്‍ഫാന്‍ ഖാനും നിമ്രതും അഭിനയിച്ച ‘ലഞ്ച് ബോക്സ്’ എന്ന റിതേഷ് ബത്രയുടെ സിനിമ ബ്രൈഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതേ അല്ല. പക്ഷെ ഈ സിനിമ കണ്ടവര്‍ക്കൊക്കെ ഇങ്ങനൊരു വിങ്ങല്‍ ഈ സിനിമ ഉണ്ടാക്കിയിട്ടുണ്ടാകും. അപര്‍ണ സെന്നിന്റെ ‘മിസ്റര്‍ & മിസിസ് അയ്യരി’നും ബ്ലെസ്സിയുടെ ‘കാഴ്ച’യ്ക്കും ശേഷം എന്തോ എവിടെയോ പിന്തുടരുന്ന ഒരു ഫീല്‍.

ആഷിഖ് അബു ആണെന്ന് തോന്നുന്നു ഭക്ഷണം ‘ഇമ്മിണി ബല്യ സംഭവം’ ആണെന്നും അത് ഫ്രെയിമിലെത്തുമ്പോള്‍ ഒന്നു കൂടി മനോഹരമാണെന്നും നമുക്ക് കാണിച്ചു തന്നത്. ‘സോള്‍ട്ട് & പെപ്പര്‍’ എന്ന സിനിമയിലെ ചില ഫ്രെയിമുകള്‍ കാണുമ്പോഴാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇത്രയും രസകരമാണോ എന്നു പ്രേക്ഷകന് തോന്നുന്നത്. ഭക്ഷണം പ്രധാന കഥാപാത്രവും മറ്റുള്ളവര്‍ സഹ കഥാപാത്രങ്ങളുമാണെന്നൊരു ഫീലുണ്ട് അതിന്.

 

 
 
മെനു
ഡബ്ബാവാലകളുടെ ചരിത്രവും പ്രവര്‍ത്തനരീതിയും നമ്മള്‍ പല തരത്തിലും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ഹ്രസ്വചിത്രങ്ങളായി കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ ലഞ്ച് ബോക്സില്‍ സാജന്‍ ഫെര്‍ണാണ്ടസിന്റെയും (ഇര്‍ഫാന്‍ ഖാന്‍) ഇളയുടെയും ( നിമ്രത് കൌര്‍ )ജീവിതമാണ് ഇവര്‍ കാരണം മാറി മറിഞ്ഞത്. പാത്രങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ ഇവരുടെ ജീവിതവും മാറിപ്പോയി.

അതേ. സംഭവം തുടങ്ങുന്നത് അങ്ങനെയാണ്. സാധാരണ ഡബ്ബാവാലകള്‍ അത് എത്തേണ്ട ആളുടെ അടുത്തേ ലഞ്ച് ബോക്സ് എത്തിക്കൂ (മാനേജ്മെന്റ് ശേഷിയില്‍ പ്രശസ്തരാണ് ഡബ്ബാവാലകള്‍. ഇവരെക്കുറിച്ച് ഐ. ഐ. എമ്മുകളില്‍ വരെ പഠനം നടക്കുന്നു. വിസിറ്റിങ് പ്രൊഫസര്‍മാര്‍ വരെ ആയി ഇവര്‍ ഈ സ്ഥാപനങ്ങളില്‍ പങ്കെടുക്കുന്നു) പക്ഷെ ഇവിടെ ആ പെരുമ തെറ്റുന്നു. ഇള ഭര്‍ത്താവിന് അയക്കുന്ന പാത്രം മാറിപ്പോകുന്നു. ഒരു ബന്ധം അങ്ങനെ തുടങ്ങുന്നു
 

അതേ. സംഭവം തുടങ്ങുന്നത് അങ്ങനെയാണ്. സാധാരണ ഡബ്ബാവാലകള്‍ അത് എത്തേണ്ട ആളുടെ അടുത്തേ ലഞ്ച് ബോക്സ് എത്തിക്കൂ . പക്ഷെ ഇവിടെ ആ പെരുമ തെറ്റുന്നു. ഇള ഭര്‍ത്താവിന് അയക്കുന്ന പാത്രം മാറിപ്പോകുന്നു. ഒരു ബന്ധം അങ്ങനെ തുടങ്ങുന്നു


 
രുചിക്കൂട്ടുകള്‍
എരിവും പുളിയും ഒട്ടുമില്ലാതെയാണ് സംവിധായകന്‍ ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. കേള്‍ക്കാന്‍ അറയ്ക്കുന്ന വാക്കുകള്‍ ഒന്നു പോലും ഇതിലില്ല. സിനിമയിലെവിടെയോ ഒരിക്കല്‍ ഇര്‍ഫാന്‍ ഖാന്‍ പറയുന്നുണ്ട്. ഇന്നത്തെ ഭക്ഷണത്തില്‍ ഉപ്പ് പോരാ എന്ന്. ഒരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഒരാളോട് ഏറ്റവും ഇന്റിമേറ്റ് ആയി പെരുമാറുന്ന അത് ഇര്‍ഫാന്‍ ഖാന് പകരം മറ്റൊരാളാണ് ചെയ്തതെങ്കില്‍ അതില്‍ വള്‍ഗാരിറ്റി കയറുമായിരുന്നു.

എന്നാല്‍ ഇവിടെ അത് ഭദ്രം. മഖ്ബൂലിലും മറ്റും അഭിനയിച്ച ഇര്‍ഫാന്‍ ഖാന്‍ തന്നെയോ ഇതെന്ന തോന്നിപ്പോയി ചിലപ്പോഴൊക്കെ. വളരെ കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുളളൂ. ഇളയുടെ ഭര്‍ത്താവ്, മതിലുകളിലെ ലളിതയെ പോലെ ശബ്ദം മാത്രം ഉള്ള, മുകള്‍ നിലയിലെ വീട്ടിലെ ആന്റി, ഇര്‍ഫാന്‍ ഖാന്റെ സഹപ്രവര്‍ത്തകന്‍. അങ്ങനെ കുറച്ചു പേര്‍ മാത്രം.
 

തെറ്റായ ആള്‍ക്ക് എത്തുന്ന ലഞ്ച് ബോക്സില്‍ ചെറിയ ചെറിയ കുറിപ്പുകളെഴുതിയാണ് ഇവരുടെ പ്രേമം (അങ്ങനെ വിളിക്കാമോ എന്നറിയില്ല) തളിര്‍ക്കുന്നത്. പ്രണയിക്കാന്‍ തമ്മില്‍ കാണേണ്ട ആവശ്യമുണ്ടോ എന്ന സിനിമയുടെ ടാഗ് ലൈന്‍ ( ഇവിടെ പ്രസക്തമാകുന്നു.


 
തീന്‍മേശ
തെറ്റായ ആള്‍ക്ക് എത്തുന്ന ലഞ്ച് ബോക്സില്‍ ചെറിയ ചെറിയ കുറിപ്പുകളെഴുതിയാണ് ഇവരുടെ പ്രേമം (അങ്ങനെ വിളിക്കാമോ എന്നറിയില്ല) തളിര്‍ക്കുന്നത്. പ്രണയിക്കാന്‍ തമ്മില്‍ കാണേണ്ട ആവശ്യമുണ്ടോ എന്ന സിനിമയുടെ ടാഗ് ലൈന്‍ ( ഇവിടെ പ്രസക്തമാകുന്നു.

ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന ഒരു സ്ത്രീ, ഭര്‍ത്താവിന് നല്ല ഭക്ഷണം ഉണ്ടാക്കാനിഷ്ടപ്പെടുന്ന സ്ത്രീ, ഭര്‍ത്താവിന് പരസത്രീ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും കൂടെ ജീവിക്കുന്ന പുരാതന ഭാരതീയനാരീ സങ്കല്‍പം തുടങ്ങിയ ക്ലീഷേകളില്‍നിന്ന് രക്ഷപ്പെടുന്നില്ല ഇവിടെ ഇളയും. എന്നാല്‍ സ്വന്തം അച്ഛനമ്മമമാര്‍ക്ക് പണത്തിന് ആവശ്യം വരുമ്പോള്‍ അത് കൊടുക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ മുഖവും ഈ സിനിമയിലുണ്ട്.

ഭര്‍ത്താവിന്റെ തിരക്ക് മൂലം ആരും സംസാരിക്കാനില്ലാത്തതിന്റെ ( ശബ്ദം മാത്രമായുളള മുകളിലെ വീട്ടിലെ ആന്റി ഒഴിച്ച്) ഒരു മെട്രോ സ്ത്രീയുടെ വിമ്മിഷ്ടവം നന്നായി സ്ക്രീനിലെത്തിച്ചു. അങ്ങനെ കത്തിലൂടെ ഒരു അപരിചിതനോട് ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പറയാന്‍ അവര്‍ തയ്യാറാവുന്നു.
 

ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന ഒരു സ്ത്രീ, ഭര്‍ത്താവിന് നല്ല ഭക്ഷണം ഉണ്ടാക്കാനിഷ്ടപ്പെടുന്ന സ്ത്രീ, ഭര്‍ത്താവിന് പരസത്രീ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും കൂടെ ജീവിക്കുന്ന പുരാതന ഭാരതീയനാരീ സങ്കല്‍പം തുടങ്ങിയ ക്ലീഷേകളില്‍നിന്ന് രക്ഷപ്പെടുന്നില്ല ഇവിടെ ഇളയും.


 
ലഞ്ച് ബോക്സ് അടച്ചു വെക്കുമ്പോള്‍

പെട്ടന്നാലോചിക്കുമ്പാള്‍ ‘ഇതെന്ത് വല്യ ആനക്കാര്യം’ എന്ന് തോന്നുന്ന ഒരു ത്രെഡില്‍നിന്ന് രണ്ട് മണിക്കൂര്‍ നമ്മളില്‍ ലോകത്തോടുള്ള സ്നേഹം നിറയ്ക്കുന്ന സിനിമ ഉണ്ടാക്കിയത് തന്നെയാണ് ഇതിന്റെ വിജയം. മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും.

പക്ഷെ അതില്‍ ഒരു സിനിമ കണ്ടെത്തുകയും അതിന് പറ്റിയ നടീനടന്മാരെ വെക്കുകയും ചെയ്തത് ലഞ്ച് ബോക്സിനെ വ്യത്യസ്ത അനുഭവമാക്കുന്നു. എല്ലാത്തിനുമൊടുവില്‍, ഉള്ളിലൊരു വിങ്ങല്‍ അത് ബാക്കിയാക്കുന്നു.

 

റിതേഷ് ബത്ര


 
അനുബന്ധം
സിനിമ നന്നാകണമെങ്കില്‍ ഹാപ്പി എന്‍ഡിങ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞു. അത് നമ്മള്‍ ഉണ്ടാക്കിയെടുത്ത ശീലമാണെന്നാണ് അയാളുടെ വിലയിരുത്തല്‍. ശരിയാണെന്നു തോന്നുന്നു. സിനിമകള്‍ ഹാപ്പി എന്‍ഡിങ് അല്ലെങ്കില്‍ അതിനിയുമുണ്ടാകും. അഗര്‍ എന്‍ഡിങ് ഠീക് ഠാക് നഹീ ഹേ തോ പിക്ചര്‍ ഖതം നഹീം ഹേ ഭായ്. പിക്ചര്‍ അബീ ബാക്കി ഹേ… ( സിനിമയുടെ അവസാനം സുഖകരമല്ലെങ്കില്‍ സിനിമ അവസാനിച്ചിട്ടില്ലെന്നാണത്രെ അര്‍ഥം. സിനിമ ഇനിയും ബാക്കിയുണ്ട്)

ശേഷം സ്ക്രീനില്‍.
 
 
 
 

5 thoughts on “ലഞ്ച് ബോക്സ് തുറക്കുമ്പോള്‍ ഉള്ളിലൊരാള്‍ പറഞ്ഞുതുടങ്ങുന്നു

 1. ചിത്രത്തിന്‍റെ ആഗോള പ്രദര്‍ശനോദ്ഘാടനം റ്റൊറോന്‍‌ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു. മറ്റു ചില ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പടെ കുറേ ലോകസിനിമകള്‍ കാണാന്‍ കഴിഞ്ഞെങ്കിലും, ഈ ചിത്രം എനിക്കു കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, ഈ ചിത്രത്തിന്‍റെ ആഗോള ജനസമ്മതി ഞാന്‍ അനുഭവിച്ചറിയുന്നുണ്ടായിരുന്നു, സിനിമയ്ക്കായി ചെലവഴിച്ച ഓരോ ദിവസങ്ങളിലും. ഞാന്‍ ചോദിക്കാതെ തന്നെ, ഇന്ത്യക്കാരല്ലാത്ത അവര്‍ ‘ലഞ്ച് ബോക്സി’നെക്കുറിച്ച് എന്നോട് അതീവ താല്പര്യത്തോടെ സംസാരിക്കുകയും ഇന്ത്യന്‍ സിനിമയെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയുകയും ചെയ്തു. സ്ഥിരം ചേരുവകളുടെ ബോളിവുഡ് ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന പലരും ഈ ചിത്രം കണ്ടതിനു ശേഷം ഇന്ത്യന്‍ ഭാഷാചിത്രങ്ങള്‍ തേടിപ്പിടിച്ചു കാണാന്‍ തുടങ്ങി. ഇര്‍ഫാന്‍ ഖാന്‍, അദ്ദേഹത്തിന്‍റെ മുന്‍‌കാല ചിത്രങ്ങളായ സ്ലം ഡോഗ് മില്യണയര്‍, ലൈഫ് ഒഫ് പൈ, നെയിംസെയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണെങ്കില്‍ക്കൂടി ‘ലഞ്ച് ബോക്സി’ലൂടെ വെള്ളക്കാര്‍ക്ക് പ്രിയംകരനായിരിക്കുന്നു. അദ്ദേഹത്തിന്‍റെ മറ്റു ചിത്രങ്ങളുടെ പേരുകള്‍, അവരില്‍ ചിലര്‍ എന്നോട് ചോദിച്ചും കുറിച്ചുമെടുത്തു. അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രമായ ‘കിസ്സ’ ചിലരൊക്കെ കണ്ടിട്ട് എന്നെ വിളിച്ചു നന്ദി പറഞ്ഞു. ചിലര്‍ അഭിമുഖവേദിയില്‍ പോയി അദ്ദേഹത്തോടു നേരിട്ടു സം‌വദിച്ചു.
  ഒരാള്‍ നേരിട്ടു കണ്ട ശേഷം എന്നോടു ചോദിച്ചു, ” നിങ്ങളുടെ താരങ്ങളൊക്കെ ഇര്‍ഫാനെപ്പോലെ സൗമ്യരാണോ?” (അവരുടെ താരങ്ങളൊക്കെ എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരങ്ങളിലായിരുന്നു!)

  ഇന്ത്യയുടെ ‘ഓസ്ക്കര്‍ നോമിനേഷനി’ല്‍ കയറിക്കൂടാന്‍ പറ്റിയില്ലെങ്കിലും തൊട്ടു പിന്നാലെ, രണ്ടാം സ്ഥാനത്ത് അതുണ്ടായിരുന്നു എന്നറിയുമ്പോള്‍ എന്‍റെ സന്തോഷം പതിന്മടങ്ങാകുന്നു.

 2. നല്ല മൈക്കിങ്ങാണ് .. പക്ഷെ ജാപ്പനീസ് വൈഫ് എന്ന ചിത്രം നല്‍കുന്ന വൈകാരീകത ഈ ചിത്രത്തിന് ഇല്ല .. ചിലപ്പോള്‍ നല്ല ചിത്രങ്ങള്‍ ഇങ്ങനെയായിരിക്കും അല്ലെ…

 3. “മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും.” — അതിനു സാദ്ധ്യത വളരെ കുറവാണ്. മുംബൈയിലെ ഡബ്ബാവാലകൾ ഈ സിനിമക്കെതിരെ കേസ് കൊടുക്കാത്തത് അദ്ഭുതമാണ്‌.

  സിനിമയെപ്പറ്റി പറഞ്ഞാൽ, രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരാൻ ഒരു പെണ്ണ് ഉണ്ടാവുന്നത് ആണുങ്ങൾക്ക് സന്തോഷം നല്കുന്ന കാര്യമാണ്. ആ പെണ്ണ് തന്റെ ഭാര്യയല്ല എന്നുവരികിൽ അത്രയും കൂടുതൽ സന്തോഷം. വയസ്സാൻ കാലത്തെങ്കിലും അങ്ങനെ ഒരു ബന്ധം ഉണ്ടാവുന്നത് സ്വപ്നം കാണുന്നത് സുഖമുള്ള കാര്യം തന്നെയാണ്.

  ചില സ്ത്രീകളാകട്ടെ ഇപ്പോഴും വയറിലൂടെ ആണിന്റെ ഹൃദയത്തിലേക്കുള്ള ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹബന്ധത്തിലായാലും ‘അഫയറി’ലായാലും ആണിന്റെ രുചിമുകുളങ്ങളെ പ്രീതിപ്പെടുത്തുന്നതാണ് അവരുടെ സന്തോഷത്തെ നിർണ്ണയിക്കുന്നത്.

  ഈ ലഞ്ച് ബോക്സ്‌ കൊള്ളാം പക്ഷേ എനിക്കുവേണ്ട — ഈ ഭക്ഷണം എനിക്ക് ദഹനക്കേടുണ്ടാക്കും.

 4. “മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും.” — അതിനു സാദ്ധ്യത വളരെ കുറവാണ്. മുംബൈയിലെ ഡബ്ബാവാലകൾ ഈ സിനിമക്കെതിരെ കേസ് കൊടുക്കാത്തത് അദ്ഭുതമാണ്‌.

  സിനിമയെപ്പറ്റി പറഞ്ഞാൽ, രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരാൻ ഒരു പെണ്ണ് ഉണ്ടാവുന്നത് ആണുങ്ങൾക്ക് സന്തോഷം നല്കുന്ന കാര്യമാണ്. ആ പെണ്ണ് തന്റെ ഭാര്യയല്ല എന്നുവരികിൽ അത്രയും കൂടുതൽ സന്തോഷം. വയസ്സാൻ കാലത്തെങ്കിലും അങ്ങനെ ഒരു ബന്ധം ഉണ്ടാവുന്നത് സ്വപ്നം കാണുന്നത് സുഖമുള്ള കാര്യം തന്നെയാണ്.

  ചില സ്ത്രീകളാകട്ടെ ഇപ്പോഴും ആമാശയത്തിലൂടെ ആണിന്റെ ഹൃദയത്തിലേക്കുള്ള വഴി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹബന്ധത്തിലായാലും ‘അഫയറി’ലായാലും ആണിന്റെ രുചിമുകുളങ്ങളെ പ്രീതിപ്പെടുത്തുന്നതാണ് അവരുടെ സന്തോഷത്തെ നിർണ്ണയിക്കുന്നത്.

  ഈ ലഞ്ച് ബോക്സ്‌ കൊള്ളാം പക്ഷേ എനിക്കുവേണ്ട — ഈ ഭക്ഷണം എനിക്ക് ദഹനക്കേടുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *