ലഞ്ച്ബോക്സ്: ഏകാന്തത ഒരു സിനിമയാണ്!

 
 
 
 
റിതേഷ് ബത്ര സംവിധാനം ചെയ്ത ‘ലഞ്ച് ബോക്സ്’ എന്ന സിനിമയുടെ കാഴ്ചാനുഭവം. സ്മിത മീനാക്ഷി എഴുതുന്നു

 
 

സിനിമ കണ്ടു കഴിഞ്ഞ ഉടനെ, കൂടുതല്‍ വിയോജിപ്പുകള്‍ നാവിലെത്തിയിരുന്നു. പക്ഷേ ഇഷ്ടമുള്ളൊരു കവിത ഓര്‍മ്മിച്ചെടുക്കുന്നതുപോലെ ഇപ്പോഴതിനെ മനസ്സില്‍ കാണുമ്പോള്‍ ആ വിമര്‍ശനങ്ങളൊക്കെ മറന്നു പോകുന്നു. ആ വഴിയോര ചിത്രകാരന്റെ രംഗം പറയുന്നതുപോലെ ഓരോ സമയത്തെയും മാനസിക നിലയാണ് എല്ലാം. ഇനി ഒരിക്കല്‍ കൂടി കണ്ടാലും ഈ സിനിമ ഇഷ്ടമാകുമെന്ന് തന്നെ മനസ്സ് പറയുന്നു

 

 

മഞ്ഞുകാലത്തിന്റെ തുടക്കത്തിലെ സായന്തനത്തില്‍, അനേകം മരങ്ങള്‍ പൂത്തു നില്‍ക്കുന്നൊരു നഗരോദ്യാനത്തിലെ നടപ്പാതയിലൂടെ പതിയെ നടക്കുന്നൊരു സുഖം. ഇടയ്ക്ക്, ആരോ മെല്ലെ വന്നു കൈപിടിച്ചോ എന്നു പോലും തോന്നിപ്പോകുന്നത്ര സ്വപ്നഭരിതം. റിതേഷ് ബത്ര സംവിധാനം ചെയ്ത ‘ലഞ്ച് ബോക്സ്’ എന്ന സിനിമയുടെ കാഴ്ചാനുഭവത്തെ ലളിതമായി ഇങ്ങനെ പറയാമെന്നു തോന്നുന്നു.

മാറിപ്പോകുന്നൊരു ചോറ്റുപാത്രം. അന്നം കൊണ്ട് പരസ്പരം കൊരുത്തുപോവുന്ന ജീവിതങ്ങള്‍. മുംബൈയിലെ ഡബ്ബാവാലകള്‍ ഉത്തരവാദിത്വത്തിന്റെയും കാര്യപ്രാപ്തിയുടെയും കാര്യത്തില്‍ ലോകപ്രശസ്തി നേടിയവരാണെന്നിരിക്കെ, അവരില്‍ നിന്നുള്ള ഒരു പിഴവാണ് ഈ സിനിമയ്ക്ക് കാരണമാകുന്നത്.
 

 
 

മടുപ്പിന്റെ ജലാശയങ്ങള്‍
ഇളയെന്ന (നിമ്രത് കൌര്‍) വീട്ടമ്മ ഭര്‍ത്താവിന്റെ മനസ്സില്‍ തനിക്കു നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കാന്‍ പാചകത്തിന്റെ പുതുവഴികള്‍ തേടുന്ന ദിനത്തിലാണ് ആദ്യമായി ഭക്ഷണപ്പാത്രം ആളു മാറി സാജന്‍ ഫെര്‍ണാണ്ടസ് ( ഇര്‍ഫാന്‍ ഖാന്‍ ) എന്ന വിഭാര്യന്റെ മേശപ്പുറത്ത് എത്തുന്നത്. പറഞ്ഞേല്‍പ്പിച്ച ഹോട്ടലിലെ സ്ഥിരം രുചിയില്‍ നിന്നു മാറി ഒരു ഭാര്യയുടെ വിരല്‍ സ്പര്‍ശമുള്ള, ഒരു വീട്ടിലെ അടുക്കളയുടെ ചൂടുള്ള ഭക്ഷണം അയാള്‍ അമ്പരപ്പോടെ, ആഗ്രഹത്തോടെ കഴിക്കുന്നു. ലഞ്ച് ബോക്സ് മാറിപ്പോയതാണെന്ന് അറിയിക്കണമെന്ന് ഇളയോടാവശ്യപ്പെടുന്നത് ശബ്ദമായി മാത്രം സിനിമയില്‍ കേള്‍ക്കപ്പെടുന്ന, (ഒരു പക്ഷേ , കാണപ്പെടുന്ന) പാചകത്തിലും ജീവിതത്തിലുമെല്ലാം സ്നേഹപൂര്‍വ്വം ഉപദേശങ്ങള്‍ നല്‍കുന്ന, മുകളിലത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ദേശ്പാണ്ഡേ ആന്റിയാണ്. ലഞ്ച് ബോക്സിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചെറുകുറിപ്പുകളിലൂടെ ഇളയെ സാജന്‍ കാണുന്നു. മറുകുറികളിലൂടെ അയാളെ ഇളയും. അവയൊന്നും പ്രണയക്കുറിപ്പുകളല്ല. അവയില്‍ പ്രണയത്തുടിപ്പുകളുമില്ല. ഏകാന്തതയിലേക്ക് അടഞ്ഞുകിടക്കുന്ന മനസ്സിന്റെ ചില കുതറലുകള്‍ മാത്രം. കണ്ണുനീരില്ലാത്ത കരച്ചിലുകളും രക്തം പൊടിയാത്ത മുറിവുകളുമെന്ന പോലെ.

ഇള കുറിയ്ക്കുന്ന വരികളില്‍ അവളുടെ ജീവിതത്തിന്റെ വിരസതയുണ്ട്, അനുഭവിക്കുന്ന അവഗണനയുണ്ട്. ഭര്‍ത്താവ് ഇളയെ കാണുന്നില്ലെന്നു തന്നെ പറയാം. എല്ലാ ദിവസവും ഭാര്യയുണ്ടാക്കുന്ന ആഹാരം കഴിച്ചിട്ടും പെട്ടെന്നൊരു ദിവസം അതിനു പകരം ഹോട്ടല്‍ ഭക്ഷണം മുമ്പിലെത്തുമ്പോള്‍ രുചി മാറിയ വിവരം അയാളറിയുന്നില്ല. ഭാര്യയുടെ സ്നേഹത്തിനു പകരമായി കിട്ടുന്ന ഹോട്ടല്‍ ഭക്ഷണഗന്ധത്തില്‍ അയാള്‍ വ്യത്യാസം മനസ്സിലാക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ഇളയ്ക്ക് മനസ്സിലായ ആ വിവരം അയാളോടു പറയേണ്ടെന്നു ദേശ്പാണ്ഡേ ആന്റി ഉപദേശിക്കുന്നത്.

 

ഇള കുറിയ്ക്കുന്ന വരികളില്‍ അവളുടെ ജീവിതത്തിന്റെ വിരസതയുണ്ട്, അനുഭവിക്കുന്ന അവഗണനയുണ്ട്. ഭര്‍ത്താവ് ഇളയെ കാണുന്നില്ലെന്നു തന്നെ പറയാം.


 
കറങ്ങുമ്പോഴും കറങ്ങാത്ത ഫാനുകള്‍
ദേശ്പാണ്ഡേ ആന്റിയുടെ കഥയും ഇളയുടെ കുറിപ്പിലൂടെയാണു നാമറിയുന്നത്. കറങ്ങുന്ന ഫാനിന്റെ ചലനത്തില്‍ ഉറപ്പിച്ചിരിക്കുന്ന ജീവനില്‍ കണ്ണുകളര്‍പ്പിച്ചു കിടക്കുന്ന ഭര്‍ത്താവിന്റെയും ഫാനിന്റെയും ചലനം നിലയ്ക്കാതെ കാവല്‍ നില്‍ക്കുന്ന, എന്നിട്ടും ജീവിതം ചലനാത്മകമായി നിലനിര്‍ത്തുന്ന ആന്റി. ( ഭാരതി അച്രേക്കര്‍ ). ഒരു നഗരജീവിതത്തിന്റെ സാധാരണത്വത്തില്‍ നിന്നും വെള്ളിത്തിരയിലേയ്ക്ക് കയറി വന്ന കഥാപാത്രങ്ങളാണീ സിനിമയെ ഹൃദയത്തോടടുപ്പിക്കുന്നത്. ഇളയുടെ ക്യാന്‍സര്‍ ബാധിതനായ പിതാവ്, അയാളെ ശുശ്രൂഷിച്ച് , കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, സാരമില്ല, ഞാന്‍ നോക്കിക്കോളാം എന്നു സ്ത്രീകളുടേതു മാത്രമായ മനശക്തി കാണിക്കുന്ന മാതാവ്. ഇവരൊക്കെയും ചുരുങ്ങിയ സമയമേ മുമ്പിലെത്തുന്നുള്ളെങ്കിലും സൂചി കുത്തുന്ന വേദന അവര്‍ നമുക്ക് തരുന്നുണ്ട്. പ്രത്യേകിച്ച് പിതാവ് മരിച്ചു കിടക്കുന്ന സമയത്ത്… “ഇദ്ദേഹം മരിച്ചാല്‍ എനിക്കെന്താണു സംഭവിക്കുക എന്നു ഞാന്‍ പല തവണ ഓര്‍ത്തിട്ടുണ്ട്, എന്നിട്ടിപ്പോള്‍ ഒന്നും സംഭവിക്കുന്നില്ല, എനിക്കു വിശക്കുക മാത്രം ചെയ്യുന്നു. പറാട്ട കഴിക്കാന്‍ തോന്നുന്നു. ഞാന്‍ രാവിലെ ഒന്നു കഴിച്ചില്ല’ എന്നൊക്കെ പറഞ്ഞ് അവര്‍ ( ലില്ലെറ്റ് ദുബെ ) നമ്മെ നൊമ്പരപ്പെടുത്തുന്നു.

സാജന്റെ കുറിപ്പുകള്‍ അയാള്‍ ദിനംപ്രതി തിന്നുതീര്‍ക്കുന്ന ഏകാന്തതയും ഒരേ താളത്തിലോടുന്ന ജീവിതത്തിന്റെ മടുപ്പും ലോകത്തോടു തന്നെയുള്ള നിര്‍മമതയും ജീവിതത്തിന് തൊടാന്‍ കഴിയുന്ന അങ്ങേയറ്റത്തെ സാധാരണത്വവുമാണ് പകര്‍ത്തുന്നത്. തളം കെട്ടിയ വെള്ളം പോലെ നിശ്ചലമായ അയാളുടെ ജീവിതം പക്ഷേ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഇരുന്നും ഓടുന്നുമുണ്ട്. വാഹനങ്ങളിലെ ഈ നില്‍പ്പാണു തന്റെ ജീവിതമെന്നയാള്‍ പറയുന്നു. മരിച്ചു കഴിഞ്ഞാല്‍ പോലും ലംബമായി നില്‍ക്കേണ്ടിവരുമെന്ന് സ്വയം സഹതപിക്കുന്നു. അതുപോലെ , മനസ്സിലുള്ള കാര്യങ്ങള്‍ പറയാനാളില്ലാതെ വരുമ്പോഴാണ് മറവി അവയെ കൊണ്ടുപോകുന്നതെന്നും അയാള്‍ എഴുതുന്നുണ്ട്.

സാജന്‍ ഫെര്‍ണാണ്ടസ് ജോലിയില്‍ നിന്നും പിരിയുമ്പോള്‍ ആ സ്ഥാനമെറ്റെടുക്കാന്‍ വരുന്ന ജോലിയറിയാത്ത അസ്ലം ( നവാസുദീന്‍ സിദ്ദിഖി. ) സാജനോട് അടുക്കുന്നത് ഏറെ ശ്രമിച്ചിട്ടാണ്. ഇളയുടെ കുറിപ്പിലൂടെ തനിക്ക് ഏറെ നാളായി അപരിചിതമായിരുന്നൊരു മനുഷ്യസ്പര്‍ശം ലഭിച്ച നിമിഷത്തിലാണ് സാജന്‍ ആദ്യമായി അയാളോട് അല്‍പം അടുപ്പം കാണിക്കുന്നത്. കിട്ടിയ ഇത്തിരി വെളിച്ചത്തിലൂടെ അയാള്‍ പിടിച്ചുകയറി അടുപ്പം സ്ഥാപിക്കുന്നു . വിരുദ്ധധ്രുവങ്ങളിലുള്ള രണ്ടു മനുഷ്യസ്വഭാവങ്ങളെ നാമിവിടെ ഒന്നിച്ചു കാണുന്നു. ദിവസവും കൈമാറ്റം ചെയ്യപ്പെടുന്ന ചോറ്റുപാത്രവും അതിനുള്ളിലെ കുറിപ്പും, ആ കുറിപ്പിന്റെ ഇരുപുറത്തുമുളള മനസ്സുകളും കഴിഞ്ഞാലും സിനിമയില്‍ ജീവിതത്തിന്റെ പച്ച മണം ബാക്കി നില്‍ക്കുന്നു.
 

വഴിയോര ചിത്രകാരനില്‍ നിന്നും സാജന്‍ ഒരു പെയിന്റിംഗ് വാങ്ങുന്ന രംഗം. വരയ്ക്കുന്ന ചിത്രങ്ങളെല്ലാം ഒന്നു തന്നെയാണ്, ദൃശ്യം ഒന്നുതന്നെയാകുമ്പോഴും അതിന്റെ വിശദാംശങ്ങള്‍ അവയെ വ്യത്യസ്തമാക്കുന്നു. അതിലൊരു ചിത്രമാണ് സാജന്‍ ഫെര്‍ണാണ്ടസ് വാങ്ങുന്നത്.


 
അതേ വിശദാംശങ്ങളുടെ മറുകരകള്‍
പല രംഗങ്ങളും നമ്മുടെ പ്രത്യേക ശ്രദ്ധയെ പിടിച്ചു വാങ്ങുന്നുണ്ട്. വഴിയോര ചിത്രകാരനില്‍ നിന്നും സാജന്‍ ഒരു പെയിന്റിംഗ് വാങ്ങുന്ന രംഗം , അതും അയാള്‍ ഇളയോടു പറയുന്ന വാചകങ്ങളിലാണ് നാം കേള്‍ക്കുന്നത്. വരയ്ക്കുന്ന ചിത്രങ്ങളെല്ലാം ഒന്നു തന്നെയാണ്, ദൃശ്യം ഒന്നുതന്നെയാകുമ്പോഴും അതിന്റെ വിശദാംശങ്ങള്‍ അവയെ വ്യത്യസ്തമാക്കുന്നു. വരയ്ക്കുന്ന സമയത്തെ ചിത്രകാരന്റെ മനോനിലയനുസരിച്ച് മാറ്റങ്ങള്‍ വരുന്നു. അതിലൊരു ചിത്രമാണ് സാജന്‍ ഫെര്‍ണാണ്ടസ് വാങ്ങുന്നത്. ട്രെയിനിലും ബസിലുമായി നിന്ന് ജീവിക്കുന്ന തന്റെ ജീവിതത്തിന്റെ സ്ഥിരഭാവത്തെക്കുറിച്ച് പറയുന്ന അയാള്‍ക്ക് ഈ ചിത്രങ്ങള്‍ ഒരു തിരിച്ചറിവാണ്.

ദേശ് പാണ്ഡെ ആന്റിയുടെ കാസറ്റ് പ്ലെയറില്‍ നിന്നും ഇള കേള്‍ക്കുന്ന ഗാനങ്ങളില്‍നിന്നും സിനിമ മുറിഞ്ഞു വീഴുന്നത് സാജന്‍ കയറിയ ട്രെയിനിലെയോ ബസിലെയോ തിരക്കില്‍ അതേ പാട്ടുകള്‍ തൊണ്ടപൊട്ടിപ്പാടി കാശിനു കൈ നീട്ടുന്ന തെരുവു കുട്ടികളുടെ ശബ്ദപഥത്തിലേക്കാണ്. സമാനമായ മറ്റനേകം ചിത്രസന്നിവേശ അനുഭവങ്ങള്‍ ഈ സിനിമയിലുണ്ട്. ഫാനിനെക്കുറിച്ചുള്ള ആന്റിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലം ഇളയുടെ വീട്ടുമുറിയിലെ മാറ്റമില്ലാതെ കറങ്ങുന്ന ഫാനിന്റെ സാധാരണത്വമാണ്. അവിടെ നിന്ന് സാജന്റെ ഓഫീസിലെ സര്‍ക്കാര്‍ പങ്കയുടെ നിസ്സംഗമായ കറക്കത്തിന്റെ ദൃശ്യങ്ങളിലേക്കാണ് അടുത്ത ക്ഷണം സിനിമ ചെന്നു നില്‍ക്കുന്നത്. അങ്ങിനെയങ്ങിനെ, എഡിറ്റിങ് ടേബിള്‍ ദൈവത്തെപോലെ ജീവിതങ്ങളെ കൊരുത്തും വലിച്ചെറിഞ്ഞും കളിക്കുന്നൊരു സാന്നിധ്യമാവുന്ന മറ്റനേകം മുഹൂര്‍ത്തങ്ങള്‍.
 

ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന മലയാളം സിനിമയിലെ രണ്ടു കാര്യങ്ങള്‍ നമുക്കിവിടെയും കാണാം. ഒന്ന് ആഹാരം. ഇള സ്നേഹപൂര്‍വ്വം പാചകം ചെയ്യുന്ന ഉച്ച ഭക്ഷണത്തിന്റെ മണം തിയേറ്ററിന്റെ ഇരുളില്‍ നമ്മെയും കൊതിപ്പിക്കുന്നുണ്ട്.


 

രുചികൊണ്ടു താണ്ടുന്ന ദൂരങ്ങള്‍
ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന മലയാളം സിനിമയിലെ രണ്ടു കാര്യങ്ങള്‍ നമുക്കിവിടെയും കാണാം. ഒന്ന് ആഹാരം. ഇള സ്നേഹപൂര്‍വ്വം പാചകം ചെയ്യുന്ന ഉച്ച ഭക്ഷണത്തിന്റെ മണം തിയേറ്ററിന്റെ ഇരുളില്‍ നമ്മെയും കൊതിപ്പിക്കുന്നുണ്ട്. ദേശ്പാണ്ഡെ ആന്റി കയറില്‍ കെട്ടി താഴേയ്ക്കെത്തിക്കുന്ന മസാലക്കൂട്ടുകളുടെ മണം നമുക്കും അനുഭവിക്കാന്‍ കഴിയുന്നു. ( സമയം പോയല്ലോ എന്ന തിരക്കില്‍ നിന്നുകൊണ്ട് എന്തോ കഴിച്ചെന്നു വരുത്തി തിയേറ്ററിലെത്തിയ എനിക്ക് സാജന്റെ ലഞ്ച് പങ്കിടണമെന്നു തോന്നി, പലപ്പോഴും.) മറ്റൊരു സാള്‍ട്ട് ആന്റ് പെപ്പര്‍ സാദൃശ്യം പ്രായക്കൂടുതലിന്റെ പേരില്‍ നായികയെ കാണാന്‍ വിസമ്മതിക്കുന്ന നായകന്റെ കാര്യത്തിലാണ്.

നിമ്രത് കൌര്‍ എന്ന ഇളയും ഇര്‍ഫാന്‍ ഖാന്‍ എന്ന സാജനും മാത്രമല്ല എല്ലാ അഭിനേതാക്കളും അനായാസവും സ്വാഭാവികവുമായ അഭിനയത്തിന്റെ സമതലങ്ങളിലാണീ ചിത്രത്തില്‍. “Kabhi kabhi galat train bhi sahi jagah pahuncha deti hai”. (ചിലപ്പോഴൊക്കെ തെറ്റായ ട്രെയിന്‍ പോലും ശരിയായ ലക്ഷ്യത്തിലെത്തിച്ചേക്കാം ) എന്ന് പറയുന്ന സിനിമ ഒരു ജീവിതത്വത്തെ സാധാരണമാക്കി അവതരിപ്പിക്കുന്നു. സാധാരണത്വം , സൌമ്യത,ശാന്തത എല്ലാം ചേര്‍ന്ന സിനിമ
 

സാങ്കേതികതയിലും ആവിഷ്കാരത്തിലും പ്രമേയത്തിലുമെല്ലാം പുതുമയെ പുല്‍കുമ്പോഴും ചില തലങ്ങളില്‍, നമ്മുടെ സിനിമകള്‍ നിരന്തരം വിക്ഷേപിക്കുന്ന ചില നാട്ടുനടപ്പുകള്‍ ഇതും പിന്തുടരുന്നുണ്ട്.


 
നാട്ടുനടപ്പിന്റെ കുരുക്കുകള്‍
ഇറങ്ങുന്ന സിനിമകള്‍ കൂടുതലും മടുപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് , ഇളം വെയിലുള്ള മഞ്ഞുകാല സായന്തനം പോലെ മുമ്പിലെത്തുന്ന ഈ ചിത്രവും എന്നാല്‍, സൂക്ഷ്മ വായനയില്‍ ചില വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. സാങ്കേതികതയിലും ആവിഷ്കാരത്തിലും പ്രമേയത്തിലുമെല്ലാം പുതുമയെ പുല്‍കുമ്പോഴും ചില തലങ്ങളില്‍, നമ്മുടെ സിനിമകള്‍ നിരന്തരം വിക്ഷേപിക്കുന്ന ചില നാട്ടുനടപ്പുകള്‍ ഇതും പിന്തുടരുന്നുണ്ട്.

വീട്ടിലൊതുങ്ങിക്കൂടുന്ന ഭാര്യയുടെ മടുപ്പും ഭര്‍ത്താവിന്റെ സമയമില്ലായ്മയും അവഗണനയും ഒക്കെ പല ചിത്രങ്ങളില്‍ നാം കണ്ടിട്ടുള്ളതാണ്. വളരെക്കാലം മുമ്പ് രേവതി -ശോഭന കൂട്ടുകെട്ടില്‍ വന്ന മിത്ര് മൈ ഫ്രണ്ടും ഈ ഗണത്തിലായിരുന്നു. അതുപോലെ പലതും. പക്ഷേ മാറിപ്പോകുന്ന ‘ലഞ്ച് ബോക്സ്’ എന്ന ആശയം പുതിയതു തന്നെ. എന്നാല്‍, ഇളയും സാജനും തമ്മിലുള്ള ആശയവിനിമയം നോക്കൂ. പുരുഷന്‍ എന്നും ബൌദ്ധികമായ തലത്തിലും സ്ത്രീ വൈകാരികമായ തലത്തിലും നില്‍ക്കണമെന്ന ഇന്ത്യന്‍ സിനിമയിലെ സാമാന്യ നിയമം ഇതിലും കര്‍ശനമായിത്തന്നെ പാലിക്കപ്പെടുന്നുണ്ട്.

ഭര്‍ത്താവിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഭക്ഷണത്തിന്‍റെ മാര്‍ഗ്ഗമാണോ ഇക്കാലത്തും സ്ത്രീ സ്വീകരിക്കുന്നതെന്ന ചോദ്യവും സാമൂഹ്യപാഠത്തിന്റെ ഭാഗമായി നമുക്ക് ഉദ്ധരിക്കാവുന്നതാണ്. പക്ഷേ ചിത്രത്തിലെ നായികയുടെ ജീവിതാവസ്ഥയില്‍ അതിനപ്പുറത്തെ ബൌദ്ധികമാര്‍ഗ്ഗങ്ങള്‍ തേടാന്‍ കഴിയുമോ എന്നു മറു ചോദ്യവുമാകാം.

മറ്റൊന്ന്, (കലയില്‍ സാമൂഹ്യപാഠങ്ങള്‍ അത്രയ്ക്ക് വേണോ എന്നു മറു ചോദ്യം പ്രതീക്ഷിച്ചുകൊണ്ട് ) ഇത്തരം സിനിമകള്‍ സാധാരണയായി കൈകാര്യം ചെയ്യുന്ന അതേ സദാചാരബോധത്തിനെ ഇതും ചുറ്റിപ്പിടിക്കുന്നു എന്നതാണ്. നായകനെ വിഭാര്യനാക്കിയത് അതിനാലാകാം. നായിക ഭര്‍ത്താവിന്റെ അവഗണനയിലും അയാളുടെ പരസ്ത്രീ ബന്ധത്തിലും തളയ്ക്കപ്പെട്ടവളാവുന്നതും അതുകൊണ്ടു തന്നെയാവാം. അതുമല്ലെങ്കില്‍ ഒരു സ്ത്രീയും പുരുഷനും തമ്മിലടുക്കുമ്പോള്‍ ഏതു പ്രായത്തിലായാലും അവര്‍ക്കൊന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരിക്കണമെന്ന ഇന്ത്യന്‍ രീതിയെ തള്ളിക്കളയാതിരിക്കുന്നതിനുമാകാം. (ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന നായകനു സമൂഹത്തില്‍ അത്ര വില കിട്ടില്ലല്ലോ! ) ദാമ്പത്യജീവിതത്തിന്റെ പുറം വാതിലില്‍ സ്ത്രീയ്ക്ക് കുഞ്ഞിനെയും കൊണ്ട് ഇറങ്ങിപ്പോക്കു നടത്താം.

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ പറ്റി സൂചനയും തരുന്നുണ്ടല്ലോ. എന്തായാലും സിനിമ അവരെ തമ്മില്‍ കാണിക്കുന്നില്ല. അവര്‍ ഒന്നിക്കുന്നു എന്നു പറയുന്നുമില്ല. ഇതല്ലാതെ സിനിമ അവസാനിപ്പിക്കാന്‍ എന്തു വഴി എന്നു ചോദിച്ചാല്‍ അറിയില്ല.

സിനിമ കണ്ടു കഴിഞ്ഞ ഉടനെ, കൂടുതല്‍ വിയോജിപ്പുകള്‍ നാവിലെത്തിയിരുന്നു. പക്ഷേ ഇഷ്ടമുള്ളൊരു കവിത ഓര്‍മ്മിച്ചെടുക്കുന്നതുപോലെ ഇപ്പോഴതിനെ മനസ്സില്‍ കാണുമ്പോള്‍ ആ വിമര്‍ശനങ്ങളൊക്കെ മറന്നു പോകുന്നു. ആ വഴിയോര ചിത്രകാരന്റെ രംഗം പറയുന്നതുപോലെ ഓരോ സമയത്തെയും മാനസിക നിലയാണ് എല്ലാം. ഇനി ഒരിക്കല്‍ കൂടി കണ്ടാലും ഈ സിനിമ ഇഷ്ടമാകുമെന്ന് തന്നെ മനസ്സ് പറയുന്നു.
 
 
യാമിനി എഴുതുന്നു:ലഞ്ച് ബോക്സ് തുറക്കുമ്പോള്‍ ഉള്ളിലൊരാള്‍ പറഞ്ഞുതുടങ്ങുന്നു
 
 
 
 

One thought on “ലഞ്ച്ബോക്സ്: ഏകാന്തത ഒരു സിനിമയാണ്!

Leave a Reply

Your email address will not be published. Required fields are marked *