വാര്‍ത്താ വേലിയേറ്റങ്ങള്‍ക്കിടയില്‍ ലവ് ജിഹാദും കമല സുരയ്യയും

 
 
 
 
ആര്‍ക്കും ഒരു പ്രസ്താവന കൊണ്ട് ജീവന്‍ വെയ്പ്പിക്കാവുന്ന ഒരു സങ്കല്‍പ്പനമായി ലവ്ജിഹാദിനെ നിലനിര്‍ത്തുന്നത് എന്താണ്? ഇത്തരം പരികല്‍പ്പനകളെ സാദ്ധ്യമാക്കുന്നതോ അനിവാര്യമാക്കുന്നതോ ആയി എന്താണ് നമ്മുടെ പൊതുമണ്ഡലത്തിന്റെ ജനിതക ഘടനയിലുള്ളത്?
ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് അധ്യാപകന്‍ എന്‍.പി ആഷ് ലി എഴുതുന്നു

 
 
ഇതു സംബന്ധിച്ച ചര്‍ച്ചകളുടെ കേട്ടുകേള്‍വി സ്വഭാവവും അപൂര്‍ണ്ണതകളും വെളിവാകാന്‍ കേരളാ നിയമസഭാ രേഖകളില്‍ കല്യാണത്തിനു വേണ്ടി മതംമാറുന്നവരെക്കുറിച്ച് ലതിക മോഹനന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന്റെ തലിക്കെട്ട് ശ്രദ്ധിച്ചാല്‍ മതി. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’. കല്യാണം കഴിക്കാന്‍ വേണ്ടി മതം മാറിയവരൊക്കെ നിര്‍ബന്ധിതാവസ്ഥയിലാണ് മതം മാറിയതെന്ന് അവര്‍ രേഖാമൂലം പരാതിപ്പെടാത്തിടത്തോളം അവരെ ഏതോ അജ്ഞാത ശക്തികള്‍ നടത്തുന്ന പ്രൊജക്റ്റിലെ ഇരകളെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് അസത്യമല്ലേ? (ഈ നാലായിരം പേരും നാലു കോടി ജനങ്ങളില്‍നിന്ന് പല കാലത്ത് പല സ്ഥലങ്ങളില്‍നിന്ന് മതം മാറിയവരാണ്. ഇവരെയെല്ലാം ഒന്നിച്ച് എടുക്കുന്നതിന് എന്തു ന്യായീകരണമാണ് ഉള്ളത്? ).

 

 

മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഹിന്ദു-ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എന്ന് ഒരു പ്രചാരണം 2009ല്‍ കേട്ടിരുന്നു. ഈ പ്രക്രിയയ്ക്ക് ഹിന്ദുത്വ വാദികളിട്ട പേരാണ് ‘ലവ് ജിഹാദ്’. ഇതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുന്ന എന്ന ഭാഗം പിന്നീട് കാണാതായി. (ഇതേക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഒരു സുഹൃത്ത് ചിരിച്ചു: ‘സസ്യഭുക്കായ കാമുകിയെ ഇത്തിരി പച്ചമീന്‍ കൂട്ടിക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ല, പിന്നല്ലേ തീവ്രവാദം?)

എന്‍.പി ആഷ് ലി


കല്യാണത്തിനായി മതംമാറ്റുന്നവരെല്ലാം ലവ്ജിഹാദിന്റെ ഇരകളെന്ന് കണക്കാക്കാന്‍ തുടങ്ങി. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ എന്ന തലക്കെട്ടില്‍ നിയമസഭയില്‍ സി.പി.ഐ.എം എം.എല്‍.എ ലതിക മോഹനനന്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായി കേരളത്തില്‍ 4338 പേര്‍ ഇസ്ലാം മതത്തിലേക്ക് കല്യാണം കഴിക്കാനായി മതം മാറിയിട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ലവ് ജിഹാദിന്റെ തെളിവായി പൊക്കിപ്പിടിക്കപ്പെട്ടു. (‘ഹൈന്ദവ ജാഗ്രത’ എന്ന ഹിന്ദുത്വ വെബ്സൈറ്റിനു പിറകെ പോയതായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു തെളിയിക്കപ്പെട്ട് വിവാദം കെട്ടടങ്ങിയശേഷം തിരിച്ചുവന്നത് ഈ നിയമസഭാ ചര്‍ച്ചയിലൂടെയാണ്). ലവ്ജിഹാദിന്റെ ഒന്നാമത്തെ ഇര കമലദാസ് എന്ന മാധവിക്കുട്ടിയാണെന്ന് കഥാകാരിയായ ഇന്ദുമേനോന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. ലീലാമേനോനും ഇതേറ്റുപിടിച്ചതോടെ ചര്‍ച്ച വീണ്ടും ആളിക്കത്തി. സമീപകാല ചരിത്രത്തില്‍ കേരളത്തിലേറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ആ മതംമാറ്റം പുതിയ കോലത്തില്‍ ഉയര്‍ത്തെണീറ്റു വന്നു.

ഇപ്പോള്‍ അടങ്ങിക്കിടക്കുന്നുവെങ്കിലും ആര്‍ക്കും ഒരു പ്രസ്താവന കൊണ്ട് ജീവന്‍ വെയ്പ്പിക്കാവുന്ന ഒരു സങ്കല്‍പ്പനമായി ലവ്ജിഹാദിനെ നിലനിര്‍ത്തുന്നത് എന്താണ്? ഇത്തരം പരികല്‍പ്പനകളെ സാദ്ധ്യമാക്കുന്നതോ അനിവാര്യമാക്കുന്നതോ ആയി എന്താണ് നമ്മുടെ പൊതുമണ്ഡലത്തിന്റെ ജനിതക ഘടനയിലുള്ളത്?

 

മുസ്ലിം ആണത്തത്തെപ്പറ്റി പല നടപ്പു ധാരണകളുടെയും മേലാണ് ലവ്ജിഹാദെന്ന സങ്കല്‍പ്പം പടുത്തുയര്‍ത്തിയിരിക്കുന്നത്. പടിഞ്ഞാറില്‍ ക്രിസ്ത്യാനികള്‍ കുരിശുയുദ്ധം സംബന്ധിയായും ഇന്ത്യയില്‍ കൊളോണിയല്‍ ചരിത്രധാരകളുടെ വരവോടെയും മുസ്ലിം പുരുഷത്വത്തെ അതിലൈംഗികതാപരവും അപകടകരവും ആയി അവതരിപ്പിക്കപ്പെട്ടുപോന്നിട്ടുണ്ട്.


 

വാര്‍ത്താ വേലിയേറ്റങ്ങള്‍
തിരപോലെയായിരിക്കുന്നു കേരളത്തിലെ വാര്‍ത്തകള്‍. വരുന്ന സമയത്ത് അതു മാത്രമേയുള്ളൂവെന്നു തോന്നും. പക്ഷേ, കുറച്ചു സമയത്തിനകം അവസാനിച്ചു രാഷ്ട്രീയത്തിന്റെ അലകടലില്‍ച്ചെന്നു ചേരും. അതിനുതക്കവണ്ണം ഒരു പുതിയ തിര എവിടെനിന്നെങ്കിലും വന്നുചേരണമെന്നു മാത്രം. ആരോപണ പ്രത്യാരോപണങ്ങളുടെ ലോകത്ത് തെളിയിക്കാന്‍ ആര്‍ക്കും ബാധ്യതയില്ലാത്ത ഇമേജുകളും ഇംപ്രഷനുകളും മാത്രമേയുള്ളൂ. രാഷ്ട്രീയാഭിപ്രായങ്ങളും താല്‍പ്പര്യങ്ങളുമല്ലാതെ പഠനങ്ങള്‍ പോലും ലഭ്യമല്ലാത്ത നമ്മുടെ ചിന്താമണ്ഡലംപോലെ ഇത്ര പിന്നോക്കമായ ഒരിടത്ത് വാര്‍ത്ത ഭീതിയും അനുകമ്പയും മാത്രമുയര്‍ത്തുന്ന, പ്രാചീന സമൂഹങ്ങളില്‍ ദുരന്ത നാടകങ്ങള്‍ നിര്‍വഹിച്ചിരുന്ന ദൌത്യം നിര്‍വഹിക്കുന്ന, ഒരു ഘടകമായി മാറിക്കഴിഞ്ഞതില്‍ അത്ഭുതപ്പെടാനില്ല. (കുറ്റകൃത്യങ്ങള്‍ നമ്മുടെ ചാനലുകള്‍ക്ക് വിഷയമല്ല, ഒരു മേഖല തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു)

പൊതുജനങ്ങളുടെ വാര്‍ത്തകളോടുള്ള പ്രതികരണ രീതികളെ ചര്‍ച്ച ചെയ്യുമ്പോള്‍ മാര്‍ഷല്‍ മക്ലൂഹന്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഏതു വാര്‍ത്തയ്ക്കും മൂന്ന് ഘട്ടങ്ങളാണുള്ളത്.

1. പരിഭ്രാന്തി (alarm -എന്തൊക്കെയാ ഈ കേള്‍ക്കുന്നത് എന്ന പരിഭ്രാന്തി)
2. പ്രതിരോധം (resistence -ഇതൊന്നും നടക്കില്ല, നടക്കാന്‍ പടാടില്ല എന്ന മാനസിക പ്രതിരോധം).
3. നിസ്സംഗത( passivity-ഇനിയിപ്പോ പറഞ്ഞിട്ടെന്താ? എന്ന നിസ്സംഗത)

ഈ പാറ്റേണിനെ കൃത്യമായി പിന്തുടരുന്നതാണ് ലവ് ജിഹാദ് പ്രചാരണവും. ആദ്യത്തെ ഞെട്ടലും എതിര്‍പ്പും കഴിഞ്ഞ് അന്വേഷണത്തിലേയ്ക്കും കണക്കുകളിലേയ്ക്കും എത്തിയപ്പോഴേക്ക് ഒരു പഴയ വാര്‍ത്തയോട് കാണിക്കുന്ന നിസ്സംഗതയോടെയാണ് ഈ വാര്‍ത്ത മാറ്റിവെയ്ക്കപ്പെട്ടത്. എന്നാല്‍, സാമൂഹ്യാവലോകനങ്ങളോ കാര്യകാരണ ബന്ധങ്ങളോ അന്വേഷിച്ചുള്ള പഠനങ്ങളോ ഉണ്ടായിട്ടില്ലാത്തതാണ് കനല്‍ മൂടിക്കിടക്കുന്ന ധാരണകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തല്‍പ്പര കക്ഷികളെ പ്രാപ്തരാക്കുന്നത്.

ഓരോ അഴിമതിക്കഥയെയും നീചമായ കൊലപാതക വാര്‍ത്തകളാല്‍ മറച്ചുവെയ്ക്കുന്ന നമ്മുടെ പൊതുബോധത്തില്‍ ലവ് ജിഹാദിന്റെ ഉല്‍പ്പത്തിയും വികാസവും അതിന്റെ പരസ്പര ബന്ധം മനസ്സിലാക്കി പഠിക്കേണ്ടത് അനിവാര്യമാണെന്നും ചുരുക്കം ചിലര്‍ പ്രചരിപ്പിക്കുകയും ബഹുഭൂരിപക്ഷം ആളുകള്‍ മൌനമവലംബിക്കുകയും ചെയ്യുന്ന ഈ മിത്തിനെ അഭിമുഖീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഞാന്‍ വിചാരിക്കുന്നു. അല്ലെങ്കില്‍ അപൂര്‍ണ്ണതയുടെ വാര്‍ത്താ വേലിയേറ്റങ്ങള്‍ക്കിടയില്‍ ഈ സങ്കല്‍പ്പ സിദ്ധാന്തം ഒരു ന്യൂനപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് നിലകൊള്ളും.

 

'ഹൈന്ദവജാഗ്രത'യെന്ന ഹിന്ദുത്വ വെബ്സൈറ്റില്‍നിന്ന് 'ലവ്ജിഹാദെ'ന്ന പ്രചാരണം തുടങ്ങിയതില്‍ അത്ഭുതം ലവശേലശമില്ല. എന്നാല്‍, ഇത്തരമൊരു തട്ടിപ്പുകഥ മുഖ്യധാരാ മാധ്യമങ്ങളടക്കം ഏറ്റെടുക്കാനുണ്ടായ സാഹചര്യം എന്തായിരിക്കാം?


 
ലവ് കുരുക്ഷേത്ര ലവ് ക്രൂസേഡ്
‘ഹൈന്ദവജാഗ്രത’യെന്ന ഹിന്ദുത്വ വെബ്സൈറ്റില്‍നിന്ന് ‘ലവ്ജിഹാദെ’ന്ന പ്രചാരണം തുടങ്ങിയതില്‍ അത്ഭുതം ലവശേലശമില്ല. എന്നാല്‍, ഇത്തരമൊരു തട്ടിപ്പുകഥ മുഖ്യധാരാ മാധ്യമങ്ങളടക്കം ഏറ്റെടുക്കാനുണ്ടായ സാഹചര്യം എന്തായിരിക്കാം? കല്യാണം കഴിച്ച പെണ്ണിനെ ഹിന്ദുയുവാവ് സ്വമതത്തിലേക്ക് മതംമാറ്റം നടത്തുന്ന ‘ലവ് കുരുക്ഷേത്ര’ എന്നൊരേര്‍പ്പാടുണ്ടെന്നോ ക്രിസ്ത്യാനികളെ ഇതരമതക്കാര്‍ കല്യാണം കഴിച്ചാല്‍ മക്കളെ ക്രിസ്ത്യാനികളാക്കി വളര്‍ത്തണമെന്നു പറയുന്നത് ‘ലവ് ക്രൂസേഡ്’ പദ്ധതിയുടെ ഭാഗമായിട്ടാണെന്നോ ഏതെങ്കിലും ഇസ്ലാമിസ്റ്റ് വെബ്സൈറ്റ് പ്രചാരണം തുടങ്ങിയാല്‍ അതേറ്റെടുക്കാന്‍ എത്ര പത്രങ്ങളും ചാനലുകളും കാണും?

മുസ്ലിം ആണത്തത്തെപ്പറ്റി പല നടപ്പു ധാരണകളുടെയും മേലാണ് ലവ്ജിഹാദെന്ന സങ്കല്‍പ്പം പടുത്തുയര്‍ത്തിയിരിക്കുന്നത്. പടിഞ്ഞാറില്‍ ക്രിസ്ത്യാനികള്‍ കുരിശുയുദ്ധം സംബന്ധിയായും ഇന്ത്യയില്‍ കൊളോണിയല്‍ ചരിത്രധാരകളുടെ വരവോടെയും മുസ്ലിം പുരുഷത്വത്തെ അതിലൈംഗികതാപരവും അപകടകരവും ആയി അവതരിപ്പിക്കപ്പെട്ടുപോന്നിട്ടുണ്ട്. മതംകൊണ്ട് മുസ്ലിംകളായ രാജാക്കന്‍മാരുടെ പടയോട്ടങ്ങള്‍ ഭൂമാതാവിന്റെ ശരീരത്തിനുമേലുള്ള അതിക്രമമായി അവതരിപ്പിക്കുന്നതിലൂടെയും സമുദായത്തിന്റെ മൌനത്തിന്റെ സൂക്ഷിപ്പുകാരായി സ്ത്രീ ശരീരങ്ങളെ അവരോധിച്ച് അവയെ നശിപ്പിക്കാന്‍ വരുന്നവരായി മുസ്ലിം ശരീരങ്ങളെ സങ്കല്‍പിക്കുന്നതിലൂടെയും, മുസ്ലിം ആണത്തത്തെയും വിശ്വാസത്തെയും ബന്ധിപ്പിച്ച് ഒരുക്കൂട്ടിയ ‘ലവ്ജിഹാദ്’ നിലനില്‍ക്കുന്നത് ഈ ധാരണാ പശ്ചാത്തലത്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ്.

ഫ്യൂഡല്‍ കാലഘട്ടത്തിലെ ലൈംഗിക അരാജകത്വ രീതികളില്‍ എല്ലാ അധീശ സമുദായങ്ങളിലും നിലനിന്നിരുന്ന ബഹുഭാര്യത്വം അറബ് ഗോത്രസമ്പ്രദായങ്ങളുമായോ ആചാരബദ്ധമായ വിശ്വാസത്തോടോ ബന്ധിപ്പിച്ച് ജാതി വര്‍ഗ ഭേദമന്യെ ഒരു മുസ്ലിം ഏര്‍പ്പാടാണ് എന്ന് വരുത്തിത്തീര്‍ക്കുന്നത് നിലനില്‍ക്കുന്നതുപോലും ഈ ധാരണകളുടെ കൂടി പരോക്ഷ സഹായത്തിലാണ്.

 

വിഡ്ഡികളും സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരുമായ സ്വസമുദായത്തിലെ പെണ്‍കുട്ടികളെ ശത്രുസമുദായക്കാര്‍ വഴിതെറ്റിച്ച് സ്വന്തമാക്കുമെന്നും അതുവഴി സ്വസമുദായത്തെ തകര്‍ക്കുമെന്നുമുള്ള ഭീതി എത്രമേല്‍ പെണ്ണുങ്ങളെ അപമാനിക്കുന്നതാണെന്ന് നോക്കൂ.


 

സ്ത്രീവിരുദ്ധത
ഇതുപോലെത്തന്നെ പ്രധാനമാണ് ലവ്ജിഹാദ്’ എന്ന പ്രയോഗത്തിലെ സ്ത്രീവിരുദ്ധതയും. വിഡ്ഡികളും സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരുമായ സ്വസമുദായത്തിലെ പെണ്‍കുട്ടികളെ ശത്രുസമുദായക്കാര്‍ വഴിതെറ്റിച്ച് സ്വന്തമാക്കുമെന്നും അതുവഴി സ്വസമുദായത്തെ തകര്‍ക്കുമെന്നുമുള്ള ഭീതി എത്രമേല്‍ പെണ്ണുങ്ങളെ അപമാനിക്കുന്നതാണെന്ന് നോക്കൂ. ‘സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇല്ല, കാരണം അവര്‍ സ്വത്തില്‍പ്പെടുന്നു’ എന്നു പറഞ്ഞ നെപ്പോളിയന്റേതുപോലെ, സ്ത്രീകളുടെ തെരഞ്ഞെടുപ്പിനെ അതിനുള്ള കഴിവിനെ, അവകാശത്തെ എല്ലാം പരിഹസിക്കുന്ന ഈ പുരുഷയുക്തി വിശ്വാസത്തെയും മനസ്സിനെയും ശരീരത്തെയും ഒരുമിപ്പിച്ച് പേടിപ്പെടുത്തി സ്വന്തം സമുദായത്തിലെ സ്ത്രീകളെ വരുതിയില്‍ നിര്‍ത്താന്‍ കണ്ടുപിടിച്ച സൂത്രം കൂടിയാണ് ലവ് ജിഹാദ്.

(ശത്രുസമുദായത്തിന്റെ മാനം നശിപ്പിക്കാന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അങ്ങിനെ ബലാല്‍സംഗം ചെയ്യപ്പെട്ടവള്‍ ‘ചീത്തയായി’ എന്നു പറഞ്ഞ് അവരുടെ സമുദായ നേതൃത്വത്താല്‍ തള്ളിപ്പറയപ്പെടുകയും ചെയ്ത അനുഭവം ഗുജറാത്തിലെയും ദല്‍ഹിയിലെയും കൂട്ടക്കൊലകളില്‍നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്). സ്ത്രീ വിരുദ്ധതപോലെത്തന്നെ സ്ത്രീശരീരത്തെപ്പറ്റി ഏതുസമുദായ നേതൃത്വവും വെച്ചുപുലര്‍ത്തുന്ന ഭീതിയും പഠിക്കപ്പെടേണ്ടതാണ്. ഗോത്രശുദ്ധിയെപ്പറ്റിയോ മതസാമുദായിക ഔന്നത്യത്തെപ്പറ്റിയോ ഉള്ള ഏതു കഥാവിവരണത്തെയും വംശസങ്കരം എന്ന പ്രക്രിയയിലൂടെ നശിപ്പിക്കാന്‍ ഏതു സ്ത്രീയ്ക്കുമാവുമെന്ന സാധ്യത സാമുദായികതയുടെ കാവലാളുകളെ പേടിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളാണ് ഹിന്ദുത്വക്കാരുടെ ലവ് ജിഹാദും ഇസ്ലാമിസ്റ്റ് ഭീകരരുടെ സദാചാര പൊലീസിങ്ങും.

മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമിലേക്കാണല്ലോ കല്യാണത്തിനു വേണ്ടി മതംമാറ്റം കൂടുതല്‍? ശരിയാവണം, ഇതിനു കാരണം അത്തരം പ്രണയവിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കോളജ് കാമ്പസുകളില്‍ ഒരു പാട് മുസ്ലിം ചെറുപ്പക്കാരുണ്ടെങ്കിലും വളരെക്കുറച്ച് മുസ്ലിം പെണ്‍കുട്ടികളേ ഉള്ളൂ എന്നതുമാവാം. (ഈ പിന്നോക്കാവസ്ഥ പതുക്കെയാണെങ്കിലും മാറി വരുന്നുണ്ട്.) കേരളം പോലെ പുരുഷാധിപത്യപരമായ സമ്പ്രദായങ്ങള്‍ നിലനിന്നുപോരുന്ന ഒരു സംസ്ഥാനത്ത് കല്യാണത്തിനുവേണ്ടി പുരുഷന്റെ മതത്തിലേക്ക് സ്ത്രീയ്ക്കാണ്, തിരിച്ചല്ല മാറേണ്ടിവരിക എന്നതുകൂടി കൂട്ടിവായിച്ചാല്‍ ഈ പ്രവണതയ്ക്ക് ഉത്തരം കിട്ടും.

 

ഗോത്രശുദ്ധിയെപ്പറ്റിയോ മതസാമുദായിക ഔന്നത്യത്തെപ്പറ്റിയോ ഉള്ള ഏതു കഥാവിവരണത്തെയും വംശസങ്കരം എന്ന പ്രക്രിയയിലൂടെ നശിപ്പിക്കാന്‍ ഏതു സ്ത്രീയ്ക്കുമാവുമെന്ന സാധ്യത സാമുദായികതയുടെ കാവലാളുകളെ പേടിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളാണ് ഹിന്ദുത്വക്കാരുടെ ലവ് ജിഹാദും ഇസ്ലാമിസ്റ്റ് ഭീകരരുടെ സദാചാര പൊലീസിങ്ങും.


 

മതം മാറ്റവും കല്യാണവും
കല്യാണം കഴിക്കാന്‍ വേണ്ടി മതം മാറ്റുന്നത് ശരിയാണോ? ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മതവിശ്വാസം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ഒരാള്‍ക്കു സ്വര്‍ഗത്തില്‍ പോവണോ നരകത്തില്‍ പോവണോ മോക്ഷം കിട്ടണോ വേണ്ടയോ എന്നതൊക്കെ ആ ആളും ദൈവവും തമ്മില്‍ മാത്രമുള്ള ഇടപാടാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ കാമുകനോ ഭര്‍ത്താവോ ഇടപെടുന്നത് ആത്മീയമായി ആലോചിക്കുമ്പോള്‍ ദുര്‍ബലവും അസംബന്ധവുമായ ഒരു കാര്യമാണ്. എന്നാല്‍ ഇപ്പറഞ്ഞത് എന്റെ ധാരണയാണ്, എന്റെ മാത്രം വീക്ഷണമാണ്. ഒരാള്‍ ഇഷ്ടപ്പെട്ട ആളുടെ കൂടെ കുടുംബത്തിന്റെ ആശീര്‍വാദത്തോടെ ജീവിക്കാന്‍ മതംമാറാന്‍ തയ്യാറാണെങ്കില്‍ അതവരുടെ തീരുമാനവും ആണ്. (

മതം പ്രധാനമാവുന്നത് വ്യക്തിക്കാണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ ഈ തീരുമാനത്തിനും സാധുതയുണ്ടല്ലോ). അവിടെ സമുദായാഭിമാനത്തിന്റെയോ സമുദായ താല്‍പ്പര്യത്തിന്റെയോ കാര്യം പറഞ്ഞുചെല്ലാന്‍ ഇന്ത്യയിലെ ഭരണഘടനയോ മനുഷ്യാവകാശങ്ങളോ സാമാന്യയുക്തിയോ അനുവദിക്കുന്നില്ല. (ഭ്രീഷണിയിലൂടെയോ നിര്‍ബന്ധത്തിലൂടേയാ ആരെങ്കിലും ആരെയെങ്കിലും മതം മാറ്റുന്നുണ്ടെങ്കില്‍ ഈ നാട്ടിലെ നിയമവ്യവസ്ഥ അവരെ ക്രിമിനലുകളായി കണ്ട് നടപടിയെടുക്കേണ്ടതാണ്.) നമ്മുടെ നിയമവ്യവസ്ഥയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അഭിമാനവധങ്ങളെപ്പോലും (honour killing) പോലും അനുവദിക്കുമാറ് ഗോത്രപാരമ്പര്യങ്ങളുടെ അധീശത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇത്തരം വെല്ലുവിളികളെ നേരിടേണ്ടത്.

ഇതു സംബന്ധിച്ച ചര്‍ച്ചകളുടെ കേട്ടുകേള്‍വി സ്വഭാവവും അപൂര്‍ണ്ണതകളും വെളിവാകാന്‍ കേരളാ നിയമസഭാ രേഖകളില്‍ കല്യാണത്തിനു വേണ്ടി മതംമാറുന്നവരെക്കുറിച്ച് ലതിക മോഹനന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന്റെ തലിക്കെട്ട് ശ്രദ്ധിച്ചാല്‍ മതി. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’. കല്യാണം കഴിക്കാന്‍ വേണ്ടി മതം മാറിയവരൊക്കെ നിര്‍ബന്ധിതാവസ്ഥയിലാണ് മതം മാറിയതെന്ന് അവര്‍ രേഖാമൂലം പരാതിപ്പെടാത്തിടത്തോളം അവരെ ഏതോ അജ്ഞാത ശക്തികള്‍ നടത്തുന്ന പ്രൊജക്റ്റിലെ ഇരകളെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് അസത്യമല്ലേ? (ഈ നാലായിരം പേരും നാലു കോടി ജനങ്ങളില്‍നിന്ന് പല കാലത്ത് പല സ്ഥലങ്ങളില്‍നിന്ന് മതം മാറിയവരാണ്. ഇവരെയെല്ലാം ഒന്നിച്ച് എടുക്കുന്നതിന് എന്തു ന്യായീകരണമാണ് ഉള്ളത്? ). വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ നിര്‍ബന്ധിതം എന്ന പ്രയോഗം നിയമസഭാ രേഖകളില്‍നിന്ന് തന്നെ നീക്കണമെന്ന് വാദിച്ചുനോക്കൂ: എല്ലാവരുടെയും പ്രതികരണം ‘ഈ പഴങ്കഥ എന്തിനു പൊക്കിക്കൊണ്ടുവരുന്നു’ എന്നാവും. ഓര്‍മ്മത്തെറ്റുകളെ വിട്ടുകളയുമ്പോള്‍ ആവര്‍ത്തിതമാവുന്നത് പ്രയോഗത്തെറ്റുകളാണെന്ന് ഇത്തരം വാദങ്ങള്‍ മറന്നുപോവുന്നു.

 

വിവാഹത്തിന് വേണ്ടിയാണ് കമലാദാസ് മതംമാറിയതെങ്കില്‍ അതു ശരിയോ തെറ്റോ എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമേയില്ല. അതു തീര്‍ത്തും അവരുടെ തീരുമാനമാണ്. അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവില്ല എന്ന തീരുമാനമാണ് ഇന്ദുമേനോനെക്കൊണ്ട് ഇത്തരം ഒരു പ്രസ്തവനയിറക്കിക്കുന്നത്.


 
കമലാദാസില്‍ മാറിയതെന്ത്?
കമലാദാസ് എന്ന മാധവിക്കുട്ടി ലവ് ജിഹാദിന്റെ ഇരയായിരുന്നുവെന്ന് ഇന്ന് പറയുന്ന ഇന്ദുമേനോന്‍ ഒരു ഹിന്ദുത്വ പ്രചാരണപരിപാടിക്ക് സാധൂകരണം നല്‍കുക മാത്രമായിരുന്നില്ല; പ്രതിഭാശാലിയായ പൊട്ടിപ്പെണ്ണ് ‘എന്ന കാറ്റഗറിയില്‍ അവരെ കൊണ്ടുപോയി തളയ്ക്കുകയുമാണ് ചെയ്തത്.

വിവാഹത്തിന് വേണ്ടിയാണ് കമലാദാസ് മതംമാറിയതെങ്കില്‍ അതു ശരിയോ തെറ്റോ എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമേയില്ല. അതു തീര്‍ത്തും അവരുടെ തീരുമാനമാണ്. അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവില്ല എന്ന തീരുമാനമാണ് ഇന്ദുമേനോനെക്കൊണ്ട് ഇത്തരം ഒരു പ്രസ്തവനയിറക്കിക്കുന്നത്.

മാധവിക്കുട്ടി എന്ന പേരിലും കമലാദാസ് എന്ന പേരിലും എഴുതിവന്നിരുന്ന ഒരാള്‍ കമലാസുറയ്യ എന്ന് തന്റെ പേരു മാറ്റുമ്പോള്‍ വായനക്കാര്‍ക്ക് പേരുമാറ്റം തന്നെ ഒരു പ്രശ്നമാണ്. പക്ഷേ, സൂക്ഷിച്ചുനോക്കിയാല്‍ കാണാം അവരുടെ പേരില്‍നിന്ന് മാറിയത് മരിച്ചുപോയ ഭര്‍ത്താവ് മാധവദാസില്‍നിന്ന് കടംകൊണ്ട ‘ദാസ്’ എന്ന ഭാഗം മാത്രമാണ്. അതായത് പേരുമാറ്റത്തില്‍ പോലും ഒരു വിധവയുടെ തെരഞ്ഞെടുപ്പിന്റെ രേഖയുണ്ട്, അതു വായിക്കാന്‍ സമുദായമാറ്റ ചര്‍ച്ചക്കാര്‍ ശ്രദ്ധിക്കാറില്ലെന്നു മാത്രം.

മാധവിക്കുട്ടി എന്ന സ്ത്രീ കുടുംബിനി, അമ്മ, എഴുത്ത്, ലൈംഗികത, സ്നേഹത്തിന്റെ സമ്പദ്ശാസ്ത്രം എന്നിവയിലെ പുരുഷാധിപത്യ രീതികളോട് ഏറ്റവും അടിസ്ഥാനപരമായി കലഹിച്ചുകൊണ്ട് ‘എന്റെ കഥ’ യോടെ രംഗത്തുവന്നപ്പോള്‍ അവരെ എന്തു ചെയ്യണമെന്നത് പുരുഷവായനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വലിയ തലവേദനയായിരുന്നു. മാധവിക്കുട്ടി എഴുതിയത് കഥയാണെന്നും അവര്‍ പ്രതിഭാശാലിയായ ഒരു എഴുത്തുകാരിയാണെന്നും അവയ്ക്ക് വാസ്തവവുമായി കാര്യമായ ബന്ധമൊന്നുമില്ലെന്നും സിദ്ധാന്തമുണ്ടാക്കി മാധവിക്കുട്ടിയുടെ എഴുത്ത്-ശരീരമുണ്ടാക്കിയ പൊല്ലാപ്പുകളെ ഒരു വിധം അവര്‍ മെരുക്കിയെടുത്തു (ഇതേക്കുറിച്ച് ജെ. ദേവിക നടത്തിയ അതീവശ്രദ്ധേയങ്ങളായ പഠനങ്ങളോട് കടപ്പാട്)

അങ്ങനെ നല്ല കുടുംബത്തില്‍പിറന്ന ഒരു പ്രതിഭാശാലിനി എന്ന നിലയില്‍ കേരളീയ പുരുഷ സമൂഹം അവരെ അടുത്തൂണ്‍ നല്‍കി പ്രതിഷ്ഠിക്കാനാരുങ്ങവെയാണ് അവര്‍ തന്റെ പേരിനെയും ശരീരത്തെയും മതംമാറ്റത്തിലൂടെ മാറ്റിപ്പണിഞ്ഞത്. എവിടെയൊക്കെ പോയാലും എന്തൊക്കെ പറഞ്ഞാലും ഞാന്‍ നിങ്ങളുടെ സമുദായത്തിലെ ഒരംഗം മാത്രമാണെന്ന് ബോധം രൂപപ്പെട്ടുവന്നിരുന്ന സമഹത്തില്‍ ഈ മാറ്റം ഞെട്ടലുണ്ടാക്കുക തന്നെ ചെയ്തു.

സമുദായമായിരുന്നു അവരെ നിര്‍ണയിച്ചതെന്നതരത്തില്‍ മതം മാറിയിട്ടും മാധവിക്കുട്ടിയുടെ സ്വത്വം മാറിയില്ല എന്നാശ്വസിക്കുന്ന പരമ്പരകള്‍ വരെ വന്നു മലയാള വാരികകളില്‍. ഈ ചര്‍ച്ചകളിലെല്ലാം ഒരു സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാനുള്ള മടി ഒരന്തര്‍ധാരയായി കിടന്നിരുന്നു.

ഇത് തന്നെയാണ് വിശ്വാസത്തിന്റെ വിജയമായും പ്രബോധനത്തിനുള്ള ഉപകരണമായും കമലാസുരയ്യയെ കണ്ട മുസ്ലിം സംഘടനകളും ചെയ്തത്. ഈ തരം പ്രചാരണ പരിപാടികളിലൂടെ അവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതൊക്കെയും സാമൂഹ്യ സാമുദായിക പരിസരങ്ങള്‍ക്കു പുറത്തുള്ള വിശ്വാസത്തിന്റെ കാര്യങ്ങളായിരുന്നു. ഈ മതംമാറ്റത്തെ ആഘോഷിച്ചതിലൂടെ ആ തീരുമാനത്തിന്റെ സാമൂഹ്യമായ ഉള്ളടക്കത്തെ തികച്ചും നിഷേധിക്കുക എന്ന തെറ്റ് അവരുടെ ഭാഗത്തുണ്ട്.

 

ഏതെങ്കിലും കളത്തില്‍ നില്‍ക്കാന്‍ വിസമ്മതിച്ചുകൊണ്ട് മാധവിക്കുട്ടിയെന്ന കമലാസുരയ്യ സ്വശരീരത്തില്‍ നടത്തിയ ശസ്ത്രക്രിയയായി മാത്രമേ മതംമാറ്റത്തെയും വേഷംമാറ്റത്തെയും മനസ്സിലാക്കാനാവൂ. (വ്യക്തിപരമായ കാരണങ്ങള്‍ ഒരു സാമൂഹ്യ വിശകലനത്തിന് വിഷയമാവേണ്ടതില്ല) . ഈ തീരുമാനത്തെ ഒരു കൈത്തെറ്റായി മനസ്സിലാക്കി, അബദ്ധവശാല്‍ കൂട്ടംതെറ്റിപ്പോയ ഒരു കുഞ്ഞാടായി അവരെ കണക്കാക്കി തിരിച്ചു ഹൈന്ദവവല്‍കരിക്കേണ്ടത് കമലാദാസ് എന്ന ആഗോള പ്രശസ്തയായ എഴുത്തുകാരിയെ, നാലപ്പാട്ട് കുടുംബത്തിലെ അംഗത്തെ, അവരുടെ സാമൂഹ്യ മൂലധനത്തെ ആവശ്യമുള്ള ഹിന്ദുത്വക്കാരുടെ ആവശ്യമാണ്.


 
സ്വശരീരത്തിലെ ശസ്ത്രക്രിയ
ഏതെങ്കിലും കളത്തില്‍ നില്‍ക്കാന്‍ വിസമ്മതിച്ചുകൊണ്ട് മാധവിക്കുട്ടിയെന്ന കമലാസുരയ്യ സ്വശരീരത്തില്‍ നടത്തിയ ശസ്ത്രക്രിയയായി മാത്രമേ മതംമാറ്റത്തെയും വേഷംമാറ്റത്തെയും മനസ്സിലാക്കാനാവൂ. (വ്യക്തിപരമായ കാരണങ്ങള്‍ ഒരു സാമൂഹ്യ വിശകലനത്തിന് വിഷയമാവേണ്ടതില്ല) . ഈ തീരുമാനത്തെ ഒരു കൈത്തെറ്റായി മനസ്സിലാക്കി, അബദ്ധവശാല്‍ കൂട്ടംതെറ്റിപ്പോയ ഒരു കുഞ്ഞാടായി അവരെ കണക്കാക്കി തിരിച്ചു ഹൈന്ദവവല്‍കരിക്കേണ്ടത് കമലാദാസ് എന്ന ആഗോള പ്രശസ്തയായ എഴുത്തുകാരിയെ, നാലപ്പാട്ട് കുടുംബത്തിലെ അംഗത്തെ, അവരുടെ സാമൂഹ്യ മൂലധനത്തെ ആവശ്യമുള്ള ഹിന്ദുത്വക്കാരുടെ ആവശ്യമാണ്.

ഇതിന് ലവ്ജിഹാദിനെ പുനരാനയിച്ച് കളമൊരുക്കുക എന്ന സാംസ്കാരിക കുറ്റം ചെയ്യാന്‍ ഇന്ദുമേനോനെ പ്രാപ്തയാക്കുന്നത് തീര്‍ത്തും പുരുഷമായ കേരളീയ പൊതുബോധത്തിന്റെ അധോമണ്ഡലങ്ങളാണ്. ഇവയ അഭിമുഖീകരിക്കാതിരുന്നാല്‍ അവിടെ വളരുന്നത് നമ്മെ ദുര്‍ബലമാക്കാന്‍ പോന്ന അപകടകരമായ സംജ്ഞകള്‍ മാത്രമായിരിക്കും എന്ന് നാം കാണാതിരുന്നുകൂടാ.
 
 
 
 

3 thoughts on “വാര്‍ത്താ വേലിയേറ്റങ്ങള്‍ക്കിടയില്‍ ലവ് ജിഹാദും കമല സുരയ്യയും

  1. “..മുസാഫർ നഗർ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ നേരത്തെ അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച പത്രപ്രവർത്തകനായ അജോയ് ആശിർവാദ് ആണ്‍ കോയ്മ സമ്പ്രദായത്തിൽ പുരുഷൻറെ ‘രക്ഷക’പദവി വർഗീയ ഹിംസ അഴിച്ചുവിടുന്നതിൽ വലിയ ഒരളവിൽ പങ്ക് വഹിക്കുന്നതായി ചൂണ്ടിക്കാട്ടി . കർണ്ണാടകയിലെ മംഗലാപുരത്തും ഗുജറാത്തിലും ഇപ്പോൾ മുസാഫർ നഗറിലും ഒരു പോലെ മുസ്ലിങ്ങൾ ഹിന്ദു സ്ത്രീകളെ വശീകരിച്ച് ‘ലവ് ജിഹാദി’നു ശ്രമിക്കുന്നു എന്ന ആരോപണം വ്യാപകമായി പ്ര ചരിപ്പിക്കപ്പെട്ടിരുന്നു .അതിനാൽ ‘ലവ് ജിഹാദ് ‘ ആരോപണം മുസ്ലിം വിരുദ്ധ വർഗീയ അജണ്ട നടപ്പാക്കുന്നതിന്റെ അഭാജ്യ ഭാഗം ആണ് എന്ന് കരുതേണ്ടിയിരിക്കുന്നു.”
    http://cpimlmalayalam.blogspot.in/2013/10/blog-post_4.html

  2. മാധവിക്കുട്ടി എന്ന കമല സുരയ്യ അവരുടെ അവസാനത്തെ 10 വർഷം ചിന്തിച്ചത് അനുഭവിച്ചത് എന്തായിരുന്നു എന്നത്, അവരോടൊപ്പം സമയം ചിലവിട്ടു എഴുതിയ “The love queen of Malabar” എന്ന ആധികാരിക പുസ്തകത്തിൽ മെരിലീ വീസ്ബൊർദു പറയുന്നുണ്ട് . മതം മാറിയത് സ്നേഹത്തിന്റെ പ്രലോഭനത്താൽ ആയിരുന്നു ,അത് കഴിഞ്ഞു അയാള് വാക്ക് മാറി . അപ്പോൾ മാധവിക്കുട്ടി എന്നാ നമ്മുടെ എഴുത്തുകാരിക്ക് ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ ചെയ്‌താൽ തന്റെ ചെറു കുട്ടികളുടെ ജീവനു വരെ ഭീഷണി ആകും എന്ന് കരുതിയാണ് അവർക്കത്ചെയ്യാൻ കഴിയാതിരുന്നത് . അപ്പോൾ മതം സ്വീകരിക്കാനോ ഉപേക്ഷിക്കാനോ ഉള്ള ഒരു സ്വാതന്ത്ര്യം മാധവിക്കുട്ടിക്ക് മാത്രമല്ല എല്ലാപെര്ക്കും ഉണ്ടാകണം . അത് പക്ഷെ മാധവിക്കുട്ടിക് ഉണ്ടായിരുന്നില്ല . അത് ആര്ക്കും ന്യായീകരിക്കാൻ പറ്റിയ കാര്യമല്ല . മാധവിക്കുട്ടി അപ്പോഴേക്കും എല്ലാ മതങ്ങളും ഒന്നാണ് എന്നാ ചിന്തയിലേക്കും മാറിയിരുന്നു എന്ന് റെകോർടു ചെയ്തു തയാറാക്കിയ ആ പുസ്തകത്തിലുണ്ട് . manambur surersh

  3. മാധവിക്കുട്ടി എന്ന കമല സുരയ്യ ഇസ്ലാമിലേക്ക് മാറുന്നത് സ്വശരീരത്തിൽ നടത്തിയ ശസ്ത്രക്രിയ ആണെന്ന് വിവരിച്ച ലേഖകന എന്ത് കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്തേക്കു മാറാൻ ആവര് ശ്രമിക്കുമ്പോൾ അതെ ശസ്ത്രക്രിയ എന്ന് വിശേഷണം നല്കി പിന്തുണക്കുന്നില്ല അപ്പോൾ മ്ഞ്ഞമ്മല്ക്ക് ആരെയും മാറ്റം , പക്ഷെ ഞമ്മളിൽ നിന്നും ആരെങ്കിലും മാറാൻ ശ്രമിച്ചാൽ അവരെ കൊന്നും കളയും …..ഇതാണ് കേരള സമൂഹം ഇന്ന് കണ്ണും കാതും തുറന്നു കണ്ടു കൊണ്ടിരിക്കുനത് .

Leave a Reply

Your email address will not be published. Required fields are marked *