ഒരു കാറ്റിനെ എങ്ങനെ വായിക്കും?

 
 
 
 
മലയാളത്തിലെ ഉത്തരാധുനിക കവിത വയസ്സറിയിക്കുന്ന വി. ജയദേവിന്റെ കവിതകളിലൂടെ, കവിയിലൂടെ, ഒട്ടിപ്പിടിക്കുമ്പോഴും പാഞ്ഞൊളിക്കുന്ന വായനകളിലൂടെ, ഓര്‍മ്മ കൊണ്ടും സ്നേഹം കൊണ്ടും ഒരു സഞ്ചാരം.
സംവിദാനന്ദ് എഴുതുന്നു

 
 
ജയദേവ് പഠിച്ചത് സയന്‍സാണ്, പ്രവര്‍ത്തിക്കുന്നത് പത്രക്കാരനായ്, ജീവിക്കുന്നത് കവിതയിലും. കവിതയില്‍ മാത്രം ജീവിക്കുന്നു എന്നത് ഒരു കുഴപ്പമാണോ , ആയിരിക്കും. കാരണം കവിതയ്ക്ക് പുറത്ത് ജീവിക്കുന്ന കവികള്‍ക്ക് കിട്ടുന്ന പ്രശസ്തി കവിതയില്‍ ജീവിക്കുന്നവര്‍ക്ക് കിട്ടില്ല. അങ്ങനെ കിട്ടുമായിരിന്നുങ്കില്‍ 2010 ലെ മികച്ച പുസ്തകങ്ങളില്‍ ഒന്നായ് തിരഞ്ഞെടുത്തത് ജയദേവിന്റെ ‘ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും’ എന്ന പ്രണയ കവിതകള്‍ ആയിരുന്നു. എന്നിട്ടും ജയദേവിനെ ആരും കണ്ടില്ല. തീര്‍ച്ചയായും ആരും കാണാതെ പോകാനുള്ള അര്‍ഹത ജയദേവിന്റെ കവിതകള്‍ക്കുണ്ട്.

 

 

ഒരു കവിയെന്ന നിലയില്‍ എനിക്കൊട്ടും പിടിതരാത്ത, എനിക്കൊട്ടും വേണ്ടാത്ത ഒരു കവിയാണ് ജയദേവ്. കവികളിലെ ഒറ്റയാകാനുള്ള നിയോഗം ജയദേവിനുണ്ട്. ജയദേവ് അതര്‍ഹിക്കുന്നുമുണ്ട്. ഉത്തരാധുനിക കവിത വയസ്സറിയിക്കുന്നത് ജയദേവിന്റെ കവിതകളിലൂടെയാവും.

സംവിദാനന്ദ്


പൊള്ളുന്ന കാവ്യ വര്‍ത്തമാനങ്ങളില്‍ ഇഴുകിയമരുമ്പോഴും, നീറുന്ന പകലുകളെ ഉണക്കാനിടുമ്പോഴും, അഴലിന്റെ രാവുകളെ രാകിവെളുപ്പിക്കുമ്പോഴും, ഒരനാഥ ബാലത്തെ ഇരുട്ടു കാട്ടി ഭയപ്പെടുത്തുമ്പോഴും, സെമിത്തേരികള്‍ തുമ്പികള്‍ക്കായ് പണിത്, കൊള്ളിയാന്‍ വന്നുടയുന്ന നിലവിളികൊണ്ട് എഴുതില്ലിതൊന്നും എന്നുറച്ച് റെയില്‍ വേ ട്രാക്കിലും മോര്‍ച്ചറി വരാന്തയിലും വെടിമണം പുകയുന്ന നിലവിളിയിടങ്ങളിലും കവി കയറിയിറങ്ങുന്നു. അന്നന്നത്തെ ചരിത്ര രചനയുടെ ബാദ്ധ്യതയേറ്റി, നിലവിളിയുറങ്ങുന്ന സെമിത്തേരിയുടെ കാലത്തെ നിത്യ ചരിത്ര വായനയില്‍ അടച്ചിട്ട് താക്കോലുമായ് കവി മുങ്ങുന്നു; അനുവാചകരെയും കൂട്ടി സെക്കന്റ് ഷോയ്ക്കു പോവുന്ന കൌമാരകൂട്ടുകാരെപോലെ.

 

Illustration: RS Santhosh Kumar


 

ആരും കാണാതെ പോകാനുള്ള അര്‍ഹത
വലയില്‍ കുരുങ്ങിയവരാണ് നമ്മളിലധികം. കൂട്ടുകൂടി പരസ്പരം പുകഴ്ത്തി , ആള്‍ക്കൂട്ടങ്ങളായ്, സ്വയം ആളായ്, അങ്ങനെയങ്ങനെയങ്ങനെ പലതരം സാമൂഹ്യ പ്രതിബദ്ധത കാട്ടി എല്ലാ കവികളും. മനുഷ്യസ്നേഹികളാവാന്‍ ഒരു വല മതി. അതെ നമ്മള്‍ വലയില്‍ കുരുങ്ങിയവരാണ്.

ജയദേവ് പഠിച്ചത് സയന്‍സാണ്, പ്രവര്‍ത്തിക്കുന്നത് പത്രക്കാരനായ്, ജീവിക്കുന്നത് കവിതയിലും. കവിതയില്‍ മാത്രം ജീവിക്കുന്നു എന്നത് ഒരു കുഴപ്പമാണോ , ആയിരിക്കും. കാരണം കവിതയ്ക്ക് പുറത്ത് ജീവിക്കുന്ന കവികള്‍ക്ക് കിട്ടുന്ന പ്രശസ്തി കവിതയില്‍ ജീവിക്കുന്നവര്‍ക്ക് കിട്ടില്ല. അങ്ങനെ കിട്ടുമായിരിന്നുങ്കില്‍ 2010 ലെ മികച്ച പുസ്തകങ്ങളില്‍ ഒന്നായ് തിരഞ്ഞെടുത്തത് ജയദേവിന്റെ ‘ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും’ എന്ന പ്രണയ കവിതകള്‍ ആയിരുന്നു. എന്നിട്ടും ജയദേവിനെ ആരും കണ്ടില്ല.

തീര്‍ച്ചയായും ആരും കാണാതെ പോകാനുള്ള അര്‍ഹത ജയദേവിന്റെ കവിതകള്‍ക്കുണ്ട്. ആദ്യ കവിതാ സമാഹാരം ‘ഭൂമി വിട്ട് ഒരു നിലാവ് പാറുന്നു’ (ഗോത്ര ഭൂമി) അതിനു ശേഷം ‘ഒരു കാറ്റിനെ എങ്ങനെ വായിക്കും’ പിന്നീട് ‘തുമ്പികളുടെ സെമിത്തേരി’ ശേഷം ‘ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും’.

അവസാനം കണ്ടത് ‘കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം’. അതിനു ശേഷവും ജയദേവ് പുസ്തകം പലതിറക്കി .വിവരമില്ലാത്തൊരു വായനക്കാരനെന്ന നിലയില്‍ എനിക്ക് കിട്ടിയിട്ടില്ല. അതൊരു പ്രശ്നാക്കണ്ട. കാരണം നിലവില്‍ മലയാളത്തിലിറങ്ങിയ കവിതാ സമാഹാരങ്ങളില്‍ വി പി പിയായ് കിട്ടിയ ഒരു കവിതാ പുസ്തകം ഒഴിച്ച് ആരുടെയും കവിതകള്‍ വായിക്കാത്ത ഒരാളെന്ന നിലയില്‍ എനിക്കിതില്‍ ആവലാതികളില്ല. എല്ലാരും കവിത വായിച്ചില്ലെങ്കില്‍ വെടിവെച്ചു കൊല്ലും എന്ന നിയമം പാസാക്കണമെന്നും അന്ന് വെടിയേറ്റ് മരിക്കാനുള്ള യോഗം നേടണം എന്നും കൊതിക്കുന്ന ഒരു വായനക്കാരനാണ് ഞാനും.

കവിത വായിച്ചില്ലെങ്കില്‍ ഹാര്‍ട്ടറ്റാക്ക് വരും എന്ന് ദൈവം ശപിച്ചാല്‍ ഒരാള്‍ പോലും മരിക്കാന്‍ സാദ്ധ്യതയില്ലാത്ത നാട്ടില്‍ നിന്നും പുറത്ത് ജീവിക്കുന്ന നമുക്കെന്തറിയാം? കവിതയെഴുതുന്ന കവികളുടെ വ്യഥകള്‍.

 

Illustration: RS Santhosh Kumar


 

തെന്നിമാറുന്ന വരികള്‍
അതെ വരാലു പോലെ വഴുതി ജലത്തിലേക്ക് പോകുന്ന ജയദേവിന്റെ കവിതകളെ, വലയറിയുന്ന ഒരു മീനിന്റെ കൌശലത്തില്‍ തെന്നിമാറുന്ന വരികളെ എനിക്കെങ്ങനെ അളക്കാം?. വേണ്ട ഞാനവയെ എന്റെ മുറി പോലെ നിര്‍ദയം വാരിവലിച്ചിടാം, അഴുക്കാണെന്ന് നിങ്ങള്‍ക്കും, പെട്ടെന്ന് ഏതു സാധനവും കണ്ടെത്താം എന്നെനിക്കും തോന്നും പ്രകാരം. എന്തൂട്ടാ സ്വാമി ഈ മുറിയൊന്ന് അടുക്കി പെറുക്കി വെച്ചൂടെ ആവിശ്യില്ലാത്തതൊക്കെ പെറുക്കി മാറ്റിക്കൂടെ എന്ന ചോദ്യം ഇടയ്ക്ക് ഞാന്‍ കേള്‍ക്കാറുണ്ട്. അപ്പോള്‍ എനിക്കെന്റെ വളര്‍ത്തു മോളെ ഓര്‍മ്മവരും

സാധനങ്ങള്‍ വലിച്ചു വാരിയിട്ടിരിക്കുന്നു എന്ന പരാതിയില്‍ അവള്‍ എപ്പോഴും അവളുടെ കബോര്‍ഡ് അടുക്കി വെയ്ക്കും. എങ്ങനെ നോക്കുമ്പോഴും കളയാന്‍ ഒന്നുമുണ്ടാകില്ല. എല്ലാ പേപ്പര്‍ കട്ടിങ്ങുകളും, മുഷിഞ്ഞ പാവക്കുഞ്ഞും, നിറമുള്ള കല്ലും, പലപ്പോഴായ് വരച്ച ചിത്രങ്ങളും, ഒക്കെ അടുക്കി വെച്ചു കഴിഞ്ഞു നോക്കിയാല്‍ ഒന്നും കളയാനുള്ളതല്ല. അടുക്കി വെച്ചു കഴിഞ്ഞാലും പണ്ടിരുന്നത്ര സാധനം കബോര്‍ഡില്‍ കാണും. അതില്‍ ഒന്നും കളയുവാനില്ലാതെ തീര്‍ത്തും നിഷ്കളങ്കമായ് അവളവയെയും , അവ അവളെയും നോക്കും, അതു പോലെ.

 

Illustration: RS Santhosh Kumar


 

തോറ്റും തോറ്റും പിന്നെയും തോറ്റും

എനിക്ക് പറയേണ്ടതാണയാള്‍ എഴുതിവെച്ചതെന്ന പരാതി നിരന്തരം ഞാനുന്നയിക്കുന്നൊരാളിങ്ങനെയും എഴുതി

‘സര്‍,
ചുറ്റുമിപ്പോള്‍ പതിരാണധികവും
പിന്നിട്ട വഴികള്‍ പാഴാണേറെയും
മണലി,ലക്ഷരം തൊട്ടെഴുതി
ചൂണ്ടുവിരലില്‍ പണ്ടെ
ചോര പൊടിഞ്ഞതാണെങ്കിലും….'(ദൈവ സമക്ഷം ഒരു ഇഫയല്‍)

കവിത എങ്ങനെ വേണമെങ്കിലും എഴുതാമല്ലോ. ചെറിയ കവിതകളാണിയാള്‍ എഴുതുക. അവിടെ തന്നെ ഞാന്‍ തോറ്റുപോകാറുണ്ട് ,അയാളും.

‘ചെറുതിനു തന്നെയാണാവുക,
ഒരു ചൂണ്ടക്കുരുക്കു കാട്ടി
മരണത്തെ കൊതിപ്പിക്കാനും
നരച്ച തെരുവുകളില്‍ നിന്നു
നമ്മില്‍ ചിലരെ മാത്രം
അര്‍ഥം വെച്ചു നോക്കി
ആര്‍ത്തി പൂണ്ട് നൊട്ടിനുണയാനും’

(ചെറിയ ചെറിയ കത്തികള്‍ കൊണ്ടുള്ള പ്രയോജനം)

എപ്പോഴും തോറ്റുകൊടുക്കണം എന്നു കൊതിച്ച അവള്‍ക്ക് മുന്നേ അയാള്‍ തോറ്റിരിക്കും

‘വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ
വാക്കു കൊണ്ട് നിന്നെ
ഉന്മാദിയാക്കില്ല.
പകരം നിന്റെ പ്രണയത്തിനു മുന്നില്‍
ഞാനെന്റെ ശരീരത്തെ
സ്വയം അഴിച്ചു വെയ്ക്കും.
സ്വന്തം ബ്ലോഗില്‍ ജാരന്‍ പോസ്റ് ചെയ്തത്
നിന്റെ കരിക്കണ്‍മിഴിച്ചെരാതില്‍
ഞാനൊരു കൊടുങ്കാറ്റിന്റെ
കെട്ടഴിക്കും

(ഏതോ ഒരുവളുടെ ജാരനുമായി ഒരു അഭിമുഖം)

തലേക്കെട്ടുകളില്ലാതെ എന്തു വേണമെങ്കിലും കുറിച്ച് വെയ്ക്കും.
ഏതു രഹസ്യ കാമുകിയും ചോദിക്കാനിരിക്കുന്നത് കുറിക്കാനുള്ളത് അയാള്‍ കുറിച്ചിരിക്കും

‘മനസ്സിനകത്തേക്ക്
കയറിപ്പോകുന്നതൊക്കെ
കൊള്ളാം.ഇനിയും വരണം
ഒച്ചയുണ്ടാക്കാതെ,
ഒറ്റവരിയായ് വേണം
നടക്കാനൊക്കെ
………………..
………………….
മുമ്പേന്നോ ഒരുത്തി
അകത്തോട്ട്
കയറിപ്പോയിട്ടുണ്ട്’

എന്നു മാത്രമല്ല അയാളുടെ ഇന്‍ ബോക്സിലെത്തുന്ന കാമുകിയെ

‘ഇപ്പോള്‍ ഇതുവഴി അങ്ങനെയാരും
വഴിതെറ്റി കടന്നുവരാറില്ല
അതിക്രമിച്ച് കടക്കുന്നവര്‍
ശിക്ഷിക്കപ്പെടുമെന്ന ശാസന
പണ്ടൊരുവള്‍ സ്വന്തമാക്കി’

(ഇന്‍ ബോക്സ്)

എന്നയാള്‍ തുറന്നു പറഞ്ഞു നാണിപ്പിക്കും. എന്നു വെച്ചു മാന്യനാണെന്നൊന്നും കരുതേണ്ട

‘നിന്നെ പ്രണയിച്ചുപോയെന്ന കുറ്റത്തിന്
ജീവപര്യന്തം ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍
പൂവാകയുടെ പൂമ്പൊടി
എന്തിനോ വെറുതെ നിന്നെ ഓര്‍മ്മിപ്പിക്കുന്നു
…………………………
…………………………
പ്രണയത്തിലെങ്കിലും
ഒരു കുറ്റത്തിനു
പലവട്ടം ശിക്ഷ.’

എന്ന് പരിഭവം പറയുന്നു.

എന്നിട്ടെല്ലാം മറക്കാന്‍ ഇറങ്ങിത്തിരിച്ചു ചെയ്യാവുന്ന ലഡാക്കു പണിയെല്ലാം ചെയ്തു നോക്കി

‘കവിടി നിരത്തി,
കര്‍പ്പൂര മഴിയിട്ടു,
വെറ്റിലകണ്ണാടിയില്‍ നോക്കി.
………………………………..
……………………………
കോഴിമുട്ടയില്‍ മന്ത്രം വരച്ചു
ചുട്ടകോഴിയെ പറപ്പിച്ചു
………..
പോയില്ല

ഇപ്പോഴും,
അകത്തെവിടെയോ
ആരോ.’

എന്നയാള്‍ തിരിച്ചറിയുന്നുണ്ട്. അതാണ് പ്രശ്നം ^അതു മാത്രമാണ് പ്രശ്നം^ തിരിച്ചറിവ് ഒരു പ്രശ്നമാണ്.

അതുകൊണ്ട് തന്നെ അയാള്‍ അവളെ വീണ്ടുമന്വേഷിക്കുന്നുണ്ട്.

‘എല്ലാ കണ്ണുകളെയും കാണുന്ന
ഒരു പൂവിതളിനോട്
ഞാന്‍ ചോദിക്കുകയായിരുന്നു;
ഏറെ കലങ്ങിക്കരിഞ്ഞ
ഒരു കണിണ കണ്ടിരുന്നോ?’

എന്നിട്ടെന്തു സംഭവിക്കാന്‍ പുള്ളിക്കാരനതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല
പകരം ഉത്തരം പറയുന്നതാരാണ്?

‘….പാവച്ചരടുകളില്‍
വിരലനക്കുന്ന
ക്രൂരഫലിതക്കാരന്‍ കാലം.
എന്റെ കൈകാലുകളില്‍
കോര്‍ത്ത നിഴല്‍ ച്ചരടുകള്‍
ഞാനറുത്തുമാറ്റിയ ശേഷവും.’

എന്ന് പറയുന്നു.

എന്തുകൊണ്ടായിരിക്കും അവള്‍ അയാളുടെ മനസ്സില്‍ കയറിപ്പറ്റിയതെന്നാവും നിങ്ങള്‍ ചിന്തിക്കുക.
എനിക്കാണെങ്കില്‍ അതിന്റെയൊന്നും ആവിശ്യമില്ല, പക്ഷേ പറഞ്ഞുതരാം

‘………………………..
വേരില്ലാതെ നിവര്‍ന്നു നിന്ന
മരത്തെക്കുറിച്ച്,പിന്നെ
നാവെടുത്താല്‍ ഈ നുണച്ചി
കളവേ പറയു,എന്നു
ഞാന്‍ വെറും
ആണ്‍ ശരീരമായപ്പോള്‍
തൊട്ടടുത്ത്
ഇല കാണാതെ
നിറയെപൂത്ത്
അവള്‍’.

അങ്ങനെ നിറയെ പൂത്ത ആ നഷ്ട പ്രണയത്തെ വീണ്ടെടുക്കാന്‍ ആരും കൊതിക്കും. കൊതിക്കണമല്ലോ. കഥകളൊക്കെ അങ്ങനെ വേണം എന്നു സംവിധായകര്‍ പണ്ടെ നമ്മളെ കാണിച്ച സ്ഥിതിക്ക് ഇവിടെ അയാളും അങ്ങനെ ചെയ്തു

‘അകത്തെവിടെയോ
കാല്‍ പെരുമാറ്റം കേട്ടപ്പോഴാണ്
ഞാനറിയുന്നത്,വളരെ വൈകി.
അതിനു നീയെവിടെയും
പോയില്ലായിരുന്നല്ലോ എന്ന്,
പോവാന്‍ മറ്റൊരിടവും
മറ്റാരും
ഇല്ലായിരുന്നല്ലോ എന്നും’

എന്നിങ്ങനെ ഉള്ളില്‍ നിത്യം ജീവിക്കുന്ന പ്രണയത്തെ കണ്ടെത്തുന്ന ഒരു സാധാരണ മനുഷ്യനോട് ഞാനെന്തു പറയാന്‍?

‘നീ ബാക്കിവെച്ചതോ
എന്തോ
ഒരു ഓര്‍മ്മ മാത്രം
ഇവിടെ അധികം വരുന്നു’

എന്നു പറയുമ്പോള്‍ മാത്രം അയാളെന്നെ കണ്ടെത്തി.

എനിക്ക് നിങ്ങളോട് ഒത്തിരി പറയാനുണ്ട് സമയം രാത്രിയായ് . നാളെ പകലാകും വീണ്ടും രാത്രിയാവും ഇത് കുറെ നാളായ് നിര്‍ത്താതെ ഇങ്ങനെയൊക്കെ തന്നെയാണ്. എന്ത് ചെയ്യാനാ മാറ്റം ഞാനഗ്രഹിക്കുന്നില്ല. പക്ഷേ അയാള്‍ പറയുന്നു

‘പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞിട്ടും
ബാക്കിയുണ്ടെന്തോ.
ഉവ്വ്,ഞാനെന്റെ
പൂമ്പാറ്റ ചിറകുകള്‍
കാണിക്കാന്‍
മറന്നു.’

ഇപ്പോഴെനിക്ക് മനസ്സിലായി, ജയദേവിനെ ആരും കാണാതെപോയ രഹസ്യം. അതെ അതും അയാള്‍ സ്വന്ത ജാതകത്തില്‍, അല്ല ജീവിതത്തില്‍ എഴുതി വെച്ചു

‘മണമില്ലാത്തതു കൊണ്ടാവാം
മറ്റാരും മണത്തില്ല.
അടങ്ങിക്കിടന്നത് കൊണ്ടാവാം
കൂടെക്കിടന്നവരും അറിഞ്ഞില്ല
ഒന്നും മിണ്ടാത്തത് കൊണ്ടാവാം
മറ്റാരും കേട്ടില്ല’

എന്ന്

അപ്പോള്‍ പിന്നെ എനിക്കൊന്നും പറയാനില്ല. എന്റെ മുറി അടിച്ചു വാരി വൃത്തിയാക്കണമെന്നുണ്ട്. എപ്പോഴും വൃത്തിയാണെന്ന എന്റെ ധാരണ ചിലപ്പോഴൊക്കെ എനിക്ക് മാറ്റണം. പക്ഷെ എത്ര മാറ്റിയാലും കബോഡില്‍ നിന്നും ഒന്നും കളയാനില്ലാത്ത ഒരു പാവം മോളുണ്ടെനിക്ക്, ഞാനുമുണ്ടെനിക്ക്. കവിതയില്‍ മാത്രം കളയാനൊന്നുമില്ലാത്ത ഞാന്‍.

 

വി.ജയദേവ്


 

കാട് വീടാവുന്ന കാട്ടു പച്ചകള്‍
കവിതകൊണ്ട് മുറിവേറ്റവരുടെ രാജ്യത്ത് ശ്വാസാനന്ദം ഗുളികകളും രംഗത്തുണ്ട്. വ്യാജമായ് നിര്‍മ്മിച്ച പ്രോഡക്ടുകള്‍ക്ക് നന്ദി… കാരണം ആരും കാണാതെ ചില കാട്ടു പച്ചകള്‍ക്ക് കാട് വീടാവുന്നുണ്ട്. ജയദേവിനെ വായിക്കാന്‍ ശ്രമിച്ച് പരാജയപെട്ട ഒരു വായനക്കാരനെന്ന നിലയില്‍ എനിക്ക് ചരിത്ര പ്രസക്തിയുണ്ട്. കാരണം അയാളൊരു കവി. കവിത ഞാനാണ് . കവിത, വായിച്ച ഞാന്‍ മാത്രം. കാരണം കവിത തോറ്റവരുടെ വേദമാണ്, രാജ്യമാണ് ഇവിടെ ഏക ഛത്രാതിപതിയായ വായനക്കാരന്‍ ദൈവമാണ്. കവികളെ ആരുമറിയാതെ പോട്ടെ ദൈവം മാത്രം ജീവിച്ചിരിക്കട്ടെ… ഞാന്‍ ശപിച്ചിരിക്കുന്നു.

‘ആരറിയുന്നു,അനാഥ ശവത്തിനു
മേല്‍ വിലാസമന്വേഷിച്ചയാള്‍
പാതിരാവില്‍ മുട്ടിവിളിക്കുക
നാം പരസ്പരം തുറന്നിട്ട
നമുക്കിടയിലെ വാതിലുകളിലല്ലെന്ന്.

(നമുക്കിടയിലേ ഓരോ വാതില്‍)

 
 

 
 
വി ജയദേവ്:
മലയാള മനോരമയിലെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍.
ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യന്‍.
കവിത പുസ്തകങ്ങള്‍ എനിക്ക് അറിയാവുന്നവ

1 ഭൂമി വിട്ട് ഒരു നിലാവ് പാറുന്നു
2 ഒരു കാറ്റിനെ എങ്ങനെ വായിക്കും
3 തുമ്പികളുടെ സെമിത്തേരി
4 ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും
5 കപ്പലെന്ന നിലയില്‍ ഒരു കടലാസു തുണ്ടിന്റെ ജീവിതം

7 thoughts on “ഒരു കാറ്റിനെ എങ്ങനെ വായിക്കും?

 1. ഒന്നും പറയാനില്ല.ജയദേവകവിതകള്‍,സന്തോഷ്കുമാറിന്‍റെ ചിത്രീകരണം, സംവിദാനന്ദിന്‍റെ വിലയിരുത്തല്‍…ഇതിലപ്പുറം എങ്ങിനെ എഴുതും.
  സങ്കടദ്വാരം,സെല്‍ഫ് പോര്‍ട്രൈറ്റ്‌,തൊണ്ടയിലെ മുള്ളു…കൂടാതെ നിരവധി വേറെയും…ചിലരെങ്കിലും ഇതൊക്കെ കാണാതെ പോവില്ലെങ്കില്‍ സന്തോഷം.
  മണമില്ലാത്തതിനാലും,ഒതുങ്ങിയൊടുങ്ങുന്നതിനാലും,ഒന്നും മിണ്ടാത്തതിനാലും അങ്ങിനെയുള്ളവരെ ഈ ലോകം കാണുന്നില്ല.നമ്മളൊക്കെ എന്നു മേല്‍വിലാസമില്ലാത്ത ശവങ്ങളായി മാറുക എന്നറിയില്ല.പൂമ്പാറ്റച്ചിറകുകളെ മാത്രം മറന്നു,കാണിച്ചുകൊടുക്കാന്‍…ഈ ലോകത്ത് ആദ്യം കാണേണ്ടതും അതായിരുന്നു…എന്നിട്ടും…

 2. നന്നായി.
  സ്വാമിക്കും നാലാമിടത്തിനും നന്ദി

 3. ആദ്യമായാണ് ഈ കവിതകള്‍ വായിക്കുന്നത്.
  ഇത്ര നല്ല കവിതകള്‍ എന്തേ അറിയാതെ പോയത്.

 4. സൈകതം ഇറക്കിയ ‘ കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം’ എന്ന സമാഹാരത്തിലൂടെയാണ് എഫ്.ബിയിൽ വായിച്ചറിഞ്ഞശേഷം ഈ കവിയെ ഒന്നിച്ചുവായിച്ചത്. നല്ല കുറിപ്പ്. നന്ദി സംവിദാനന്ദ്..!

 5. ജയദേവിന്റെ കവിത ഒരുപുതിയ വായനക്ക് വഴിതുറന്നു.കവിക്കും സ്വാമിക്കും ആശംസകള്‍. കവി .അന്ഗീകരിക്കപെടുന്നത് വായനക്കാരന്റെ ഹൃദയത്തിലാണ് അല്ലാതെ അവാര്ടുകളിളല്ല.

 6. ജയദേവൻ എന്ന കവിയെ ഞാൻ അറിയുന്നത് താങ്കളുടെ ഈ ലേഘനത്തിലൂടെയാണ് . ഇത് വായിച്ചുകഴിഞ്ഞപ്പോൾ കവിയോടും കവിതയോടുമൊക്കെ വല്ലാത്ത ഒരിഷ്ട്ടം. എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഈ കവിയെ ഞങ്ങളിൽ എത്തിച്ചിരിക്കുന്നത്. ഒരു പാട് നന്ദി.

 7. കൊതിപ്പിക്കുന്ന കുറിപ്പും , കവിതയും , കവിയും .. സംവീ അസ്സലായ് ..

Leave a Reply

Your email address will not be published. Required fields are marked *