കവിതയില്‍നിന്ന് സിനിമയിലേക്ക് ഒരു വഴിയുണ്ട്, തിരിച്ചും!

 
 

പ്രമുഖ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് സംസാരിക്കുന്നു. ചിന്നു പോള്‍,അശ്വിന്‍ കെ.വി എന്നിവര്‍ നടത്തിയ അഭിമുഖം
 
 

ആധുനികതയ്ക്കുശേഷമുണ്ടായ ഗദ്യകവിതകളുടെ ആഘോഷത്തിമിര്‍പ്പിനെ പ്രതിഭ കൊണ്ട് അതിജീവിച്ച കവിയാണ് റഫീക്ക് അഹമ്മദ്. ആനുകാലികങ്ങള്‍ ഗദ്യകവിതകളാല്‍ പൂത്തുനിന്ന കാലത്തും പദ്യത്തിന്റെ പഴയ വഴികളിലൂടെയായിരുന്നു റഫീക്ക് അഹമ്മദിന്റെ നടത്തം. പഴഞ്ചന്‍ കവിത എന്ന മട്ടില്‍ അക്കാലത്തെ യുവതലമുറയാല്‍ അവഗണിക്കപ്പെട്ടിരുന്ന ആ കവിതകള്‍, ഗദ്യകവിത പതിയെ സൃഷ്ടിച്ച ചെടിപ്പുകള്‍ക്കിടെ പെട്ടെന്ന് മുന്‍നിരയിലേക്ക് കുതിച്ചെത്തി ‘എനിക്കും പറയാനുണ്ട്’ എന്ന് വിളംബരപ്പെടുത്തുകയായിരുന്നു.

ചിന്നു പോള്‍,അശ്വിന്‍ കെ.വിഅടിമുടി കവിത നിറഞ്ഞൊരു നദിയാണ് റഫീക്കിന്റെ കവിതകളിലൂടെ തുളുമ്പുന്നത് എന്ന് പിന്നീട് കാലം തിരിച്ചറിഞ്ഞു. പാരമ്പര്യത്തിന്റെ ഊര്‍ജ്ജവും പുതുമയുടെ കരുത്തും സമകാലികതയുടെ സാക്ഷ്യവുമായി ആ കവിതകള്‍ പിന്നീട് മലയാളത്തിന്റെ കാവ്യവഴികളില്‍ സ്വന്തം ഇടം സൃഷ്ടിച്ചെടുത്തു. മലയാള കവിതയുടെ മുന്നോട്ടു നടത്തത്തിന് അത് ഗതിവേഗം കൂട്ടി. സ്വന്തം കാവ്യരീതികളെ തന്നെ പുതുക്കിപ്പണിയുന്നുണ്ടായിരുന്നു, ഇതിനിടെ കവി.

കവികള്‍ മാത്രം കവിത വായിക്കുന്ന പുതുകാലത്ത്, കവിതയുടെ മറുകരയില്‍ താമസമുറപ്പിച്ച പുതുതലമുറയ്ക്കുപോലും ഇന്ന് പ്രിയകവിയാണ് റഫീക്ക്. റഫീക്ക് രചിച്ച ചലച്ചിത്ര ഗാനങ്ങളാണ് ആ ജനപ്രീതിയുടെ കാതല്‍. ട്യൂണിനൊപ്പം നിന്നുകിതയ്ക്കുന്ന വാക്കുകള്‍ ഗതികിട്ടാതലയുന്ന ചലച്ചിത്ര ഗാനശാഖയുടെ നടപ്പുവഴികളെ കവിതയുടെ ഊര്‍ജപ്രവാഹത്താല്‍ കഴുകി വെടിപ്പാക്കുകയായിരുന്നു ആ പാട്ടുകള്‍.

ചലച്ചിത്രത്തിന്‍റെ പാട്ടുവഴികളെക്കുറിച്ച്, മലയാളത്തിന്റെ പ്രിയ കവി സംസാരിക്കുന്നു. കോഴിക്കോട് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജേണലിസം വിദ്യാത്ഥികളായ ചിന്നു പോള്‍,അശ്വിന്‍ കെ.വി എന്നിവര്‍ നടത്തിയ അഭിമുഖം
 

 

കവിത എന്ന തട്ടകത്തില്‍നിന്നാണ് സിനിമയിലേക്ക് താങ്കളുടെ വരവ്. എങ്ങനെയായിരുന്നു അത്?

പാട്ടെഴുതുന്ന കാര്യമൊന്നും ആദ്യം ചിന്തിച്ചിരുന്നില്ല.’ഗര്‍ഷോം’ വരുമ്പോള്‍, അതിന്റെ കഥ രൂപപ്പെടുന്ന സമയത്ത് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു.പി.ടി. കുഞ്ഞുമുഹമ്മദ്, വി.കെ.ശ്രീരാമന്‍, കെ.എ.മോഹന്‍ദാസ് ഇവരൊക്കെ എന്റെ സുഹൃത്തുക്കളാണ്.

ചര്‍ച്ചകളില്‍ പങ്കെടുക്കവേ പാട്ടാകാമെന്ന ഘട്ടത്തില്‍ എന്നോടെഴുതാന്‍ പറഞ്ഞു.സാധിക്കില്ല,എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി എഴുതി.ഗസല്‍,ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മേമ്പൊടിയെല്ലാം ചേര്‍ത്ത് രമേശ് നാരായണ്‍ ആ വരികള്‍ മനോഹരങ്ങളാക്കി.
 

 

കവിതയും പാട്ടും

കവിത പാട്ടാവുന്ന അനുഭവം എങ്ങനെയാണ്? പാട്ട് ചിട്ടപെടുത്തുമ്പോള്‍ അതില്‍ ഇടപെടാന്‍ സ്വാതന്ത്യ്രം ലഭിക്കാറുണ്ടോ ?

സംഗീത സംവിധായകര്‍ പല തരക്കാരാണ്. ചിലര്‍ വരികള്‍ ഉള്‍ക്കൊള്ളും. ചിലര്‍ സംഗീതത്തിനു മാത്രം പ്രാധാന്യം നല്‍കും. പാട്ടുകള്‍ ഹിറ്റാകാനും അതിനൊരു പഞ്ചിനു വേണ്ടി മാത്രവും ചിലര്‍ ശ്രമിക്കും.അത്തരക്കാര്‍ വാക്കുകള്‍ക്കും അര്‍ത്ഥത്തിനുമുള്ള പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാറില്ല. അങ്ങനെയുള്ളവരോട് കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ടുണ്ടാകും.മറിച്ച്, വാക്കിനോട് സ്നേഹവും ബഹുമാനവും ഉള്ള സംഗീത സംവിധായകരെങ്കില്‍ കാര്യങ്ങള്‍ വളരെ സുഗമമായി പോവും.

ട്യൂണ്‍ ചെയ്തശേഷം പാട്ടെഴുതുന്നതാണല്ലോ ഇന്നത്തെ രീതി. ഇതിനെ എങ്ങനെ കാണുന്നു?

ട്യൂണ്‍ ചെയ്തു കഴിഞ്ഞാണ് ഇന്ന് പലപ്പോഴും പാട്ടെഴുതുന്നത്.അതിനു ഗുണവും ദോഷവുമുണ്ട്.ചില സന്ദര്‍ഭങ്ങളില്‍ ഫ്രെയിം മുന്‍പേ ഉണ്ടാക്കി വയ്ക്കുന്നതുകൊണ്ട് പെട്ടെന്ന് ജോലി കഴിയും. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരമായ ഈണം പാട്ടുകള്‍ക്കുണ്ടാവുക എന്നത് വളരെ പ്രാധാന്യവും പ്രയാസവുമാണ്. എഴുതുമ്പോള്‍ വരികള്‍ക്ക് പരിമിതിയുണ്ടാകും.ഉണ്ടാക്കി വച്ച ട്യൂണിനനുസരിച്ച് അതിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് വരികള്‍ ഉണ്ടാക്കുന്ന ജോലി ഗാനരചയിതാവിന് ശ്രമകരം തന്നെയാണ്. ട്യൂണിനുള്ളില്‍ വരികള്‍ നില്‍ക്കണമെന്ന പരിമിതിയുണ്ട്. ചില വാക്കുകള്‍ ട്യൂണിനനുസരിച്ച് നില്‍ക്കില്ല. ഉദാഹരണത്തിന് ‘അകലെ’ എന്ന വാക്കിന് ഉയരത്തിലുള്ള നീട്ടിയുള്ള ഈണമാണ് ചേരുക.

പണ്ടൊക്കെ ഒരു ചിത്രത്തിന് ഒരു സംഗീതസംവിധായകന്‍ എന്നായിരുന്നു. ഇന്നതിന് മാറ്റം വന്നിട്ടുണ്ട്. ഈ ട്രെന്‍ഡിനെ എങ്ങനെ കാണുന്നു ?

അതത്ര നല്ല ട്രെന്‍ഡായാല്ല എനിക്കു തോന്നുന്നത്.ഒരു ചിത്രത്തില്‍ ഒരു ഗാനത്തിനു വേണ്ടി മാത്രമായിരിക്കും പലപ്പോഴും സഹകരിക്കുന്നത്.സിനിമയോടുള്ള സമീപനത്തിലെ ഉദാസീനതയാണ് ഈ പ്രവണത കാണിക്കുന്നത്്. സിനിമയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്ന പല സംഗതികളെയും അത് ബാധിക്കും.ടോട്ടാലിറ്റിക്ക് ദോഷം വരും.ഒരു സംവിധായകന്‍,ഒരു ക്യാമറമാന്‍ എന്നതു പോലെ ഒരു ഗാനരചയിതാവ്,ഒരു സംഗീത സംവിധായകന്‍ എന്നതു തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.
 

 
 

 
പാട്ടുകാലങ്ങള്‍

പഴയ കാലത്തെക്കുറിച്ച് പറഞ്ഞല്ലോ. അന്ന് സിനിമയില്‍ ഗാനങ്ങളുടെ ഉപയോഗം എത്തരത്തിലായിരുന്നു ?

പണ്ട് സാഹിത്യ കൃതികളുടെ വിവര്‍ത്തനങ്ങളായിരുന്നു സിനിമകള്‍.സിനിമയുടെ ഗ്രാമര്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നില്ല.നാടകങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ആവിഷ്ക്കാരങ്ങളായിരുന്നു അവ.ഇന്ന് മറെറാരു തരത്തിലാണ് ഗാനങ്ങളെ കാണുന്നത്.

വയലാറിന്റെയും മറ്റും കാലത്ത് കവിതകളായിരുന്നു സിനിമാഗാനങ്ങളായത് .പിന്നീട് സിനിമകളില്‍ പാട്ടിന് വേണ്ടി പാട്ടെഴുതാന്‍ തുടങ്ങി. ഇന്നത്തെ ചില സിനിമകളിലെ കവിതകള്‍ ആ പഴയ കാലത്തെ തിരിച്ചുകൊണ്ടു വരികയാണോ ?

മുഴുവനായും ആ കാലം തിരികെ വരികയാണെന്ന് പറയാനാവില്ല .പിന്നെ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ പാട്ടിന്റെ ആവശ്യമില്ല. ഇന്ത്യന്‍ സിനിമകളിലാണ് പാട്ട് കൂടുതലായും നാം കാണുന്നത്. ലോകസിനിമകളില്‍ അധികം പാട്ടിന്റെ സാന്നിധ്യമില്ല.

ഇവിടെ പാട്ട് വന്നതിനും കാരണങ്ങളുണ്ട് പൊതുവായ ഒരു ഗാനസംസ്ക്കാരം ഇല്ലാത്തതിനാല്‍ അതിനു പകരം വയ്ക്കാനാണു നാം ചലച്ചിത്ര ഗാനങ്ങളിലെത്തിയത്. ആദ്യകാല സിനിമകളില്‍ അതൊരു ആവശ്യമായിരുന്നു.പിന്നീട് സിനിമയെ കുറിച്ചുള്ള ധാരണകള്‍ മാറി.അതിന്റെ ഗ്രാമറും മാറിമറിഞ്ഞു. പാട്ടുകള്‍ അപ്രസക്തമായി.സിനിമയില്‍ ഗാനങ്ങള്‍ നിര്‍ബന്ധമില്ല എന്ന അവസ്ഥ വന്നു.

ഇപ്പോള്‍ വിഷ്വല്‍ മീഡിയയുടെ പ്രാധാന്യം വര്‍ധിച്ചതോടു കൂടി ടി.വി യിലും മറ്റും പാട്ടുകള്‍ കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങി.സ്പിരിറ്റിലെയും ആദാമിന്റെ മകനിലെയും പോലെ സിനിമാ ഗാത്രത്തോടിണങ്ങുന്ന രീതിയില്‍ പാട്ടുകള്‍ ഉള്‍പെടുത്തുന്ന ചിത്രങ്ങള്‍ കുറവു തന്നെയാണ്. ഇപ്പോഴും കൊമേഷ്യല്‍ സാധ്യതകള്‍ക്കു തന്നെയാണ് പ്രാധാന്യം.

സിനിമയില്‍ പാട്ടുകള്‍ ചേരുമ്പോള്‍ അതിനതിന്റെതായ ഒരു വ്യത്യസ്തത തന്നെയുണ്ട്.കഥാഗതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന ഗാനങ്ങള്‍ അല്ലെങ്കില്‍ പാട്ടിലൂടെ കണ്‍വേ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ വരുമ്പോഴാണ് പാട്ടുകളുടെ യഥാര്‍ത്ഥ ഉപയോഗം നടക്കുന്നത്.പലപ്പോഴും റിലീഫ് എന്ന നിലയ്ക്കാണ് സിനിമയില്‍ ഗാനങ്ങളുടെ ഉപയോഗം.

മാപ്പിളപാട്ടുകള്‍,ഗസലുകള്‍ തുടങ്ങി പാട്ടിന്റെ വ്യത്യസ്തമായ മേഖലകളുടെ പ്രാധാന്യം ഇന്ന് കുറയുകയാണോ ?

സിനിമയില്‍ ഒരുപക്ഷേ ഇവയുടെ പ്രാധാന്യം കുറഞ്ഞിരിക്കാം.അതില്‍ പ്രമേയത്തിനനുസരിച്ചാണ് പാട്ടുകളുടെ തിരഞ്ഞെടുപ്പ്.ഇന്ന് സിനിമക്കു പുറമെ ഒരു ഗാന സംസ്ക്കാരം വളര്‍ന്നു വരുന്നുണ്ട്.പാട്ടിന്റെ എല്ലാ മേഖലകളും സിനിമക്കു പുറമെ വളര്‍ന്നു വരുന്ന കാഴ്ച ശുഭകരമാണ്.
 

 
 

 
സിനിമാഗാനം സ്വതന്ത്ര സൃഷ്ടിയല്ല
ഉസ്താദ് ഹോട്ടലിലെ ‘അപ്പങ്ങള്‍ എമ്പാടും’ എന്ന ഗാനം താങ്കളുടെ രചനാപാടവത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതൊരു അതിസാധാരണ പാട്ടായെന്നും വിമര്‍ശനമുണ്ടായിരുന്നല്ലോ?

വയലാര്‍,പി.ഭാസ്ക്കരന്‍,യൂസഫലി കേച്ചേരി എന്നിവരും ഇത്തരം പാട്ടുകള്‍ മുന്‍പെഴുതിയിട്ടുണ്ട്. ‘എ.ബി.സി.ഡി ഏട്ടന്‍ പേടി’,’തള്ള് തള്ള് കന്നാസ് വണ്ടി’, ‘പരിപ്പുവട പപ്പടവട’,’തക്കിടമുണ്ടന്‍ താറാവ്’ തുടങ്ങിയ പാട്ടുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സിനിമയുടെ ആവശ്യത്തിനു വേണ്ടി ചെയ്യുന്നതാണ്.അല്ലാതെ നമ്മുടെ ആത്മാവിഷ്ക്കാരമൊന്നുമല്ല.

തിലകനും മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം കഥാപാത്രങ്ങളുടെ വ്യത്യസ്തതയ്ക്കു വേണ്ടി പല തരത്തിലുള്ള വേഷങ്ങള്‍ ചെയ്യുന്നതുപോലെ തന്നെയാണ് ഇതും. അത്ര നിലവാരമൊന്നുമില്ലെങ്കിലും ഇത്തരം പാട്ടുകള്‍ സിനിമയുടെ വിജയസാധ്യതയില്‍ ഒരു ഘടകമായി വരുന്നു.

പിന്നെ, ഗാനശാഖ ഒരു സ്വതന്ത്ര കലാമേഖലയല്ല. അതൊരു കൂട്ടായ പ്രവര്‍ത്തനമാണ്. സിനിമയ്ക്കു വേണ്ടി ഞാന്‍ പാട്ടുകള്‍ വള്‍ഗറൈസ് ചെയ്തിട്ടില്ല. അമ്മായി മരുമകന് ഉണ്ടാക്കിക്കൊടുത്ത പലഹാരങ്ങളുടെ വിവരണമുള്ള അപ്പപ്പാട്ട് ഇവിടെ പ്രചരിക്കുന്നുണ്ട്. ഇതില്‍ അമ്മായിയുടെ ദുരിതമാണ് പറയുന്നത്. കുട്ടികള്‍ക്കെല്ലാം അതൊരുപാടിഷ്ട്പെട്ടു. മറ്റു പലര്‍ക്കും വെസ്റേണ്‍ മ്യൂസിക്ക് ചേര്‍ത്തപ്പോള്‍ അരോജകമായി തോന്നിയതാകാം. പ്രമുഖരടക്കം പലരും വിമര്‍ശിച്ചിട്ടുണ്ട്. കുറച്ച് കാലം നിന്ന് പിന്നീട് മാഞ്ഞു പോകുന്ന പാട്ടുകളുടെ ഗണത്തില്‍ തന്നെയാണ് ഇതിന്റെയും സ്ഥാനം.

പഴയ ഗാനരചയിതാക്കളില്‍ നിന്ന് വ്യത്യസ്തമായി താങ്കള്‍ തുറന്ന പുതിയ പാതയെന്താണ് ?

ഒരു തുടര്‍ച്ച എല്ലാത്തിനുമുണ്ടാകും.ഞാനും എന്റേതായ രീതിയില്‍ സഞ്ചരിക്കാനാനാണ് ആഗ്രഹിക്കുന്നത്. അത് എത്രത്തോളം വിജയിക്കുന്നുണ്ടെന്നറിയില്ല.പഴയ ഗാനരചയിതാക്കളുടെ വഴിയില്‍ കൂടി തന്നെയാണ് നാം വരുന്നത്. അവര്‍ക്കൊപ്പം നമുക്കെത്താനായെന്നു വരില്ല.എല്ലാ രംഗങ്ങളിലും ഇങ്ങനെ തന്നെയാണ്.എങ്കിലും വ്യത്യസ്തമായത്, അത് ചെറുതെങ്കില്‍ ചെറുത് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അബോധമായ സ്വധീനങ്ങള്‍ അവര്‍ ചെലുത്തുന്നുണ്ടാകും .ഭാഷ നമ്മള്‍ ഉണ്ടാക്കിയതല്ലല്ലോ !അതു ചെറുപ്പം മുതല്‍ കണ്ടും കേട്ടും വളരുകയാണ്.കവിതായായാലും പാട്ടായാലും ആവര്‍ത്തനം കടന്നു വരുന്നത് സ്വാഭാവികമാണ്.എങ്കിലും വ്യത്യസ്തതയ്ക്കായി എല്ലാവരും ശ്രമിക്കുന്നു.

കവിതകളാണോ സിനിമാഗാനങ്ങളാണോ കൂടുതല്‍ സംതൃപ്തി നല്‍കുന്നത് ?

എനിക്ക് ആവിഷ്ക്കാരത്തിന് ഇടം നല്‍കുന്നത് കവിതകള്‍ തന്നെയാണ്. സിനിമാഗാനങ്ങളില്‍ എന്റെതായ ചെറിയ കോണ്‍ട്രിബ്യൂഷന്‍ മാത്രമേയുള്ളൂ.അതില്‍ സംവിധായകനും സംഗീത സംവിധായകനും ഗായകനും തുല്യ പ്രാധാന്യമാണ്. അതൊരു സൌന്ദര്യ ശില്‍പമായിട്ടാണ് കാണേണ്ടത്.

 

 
 

 

പൊള്ളയായ കവിതകള്‍ താളം കൊണ്ട് ജനങ്ങളെ ഭ്രമിപ്പിക്കുന്നു
കവിതകള്‍ ട്യൂണ്‍ നല്‍കി അവതരിപ്പിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. അതിനെ കുറിച്ച് എന്തു തോന്നുന്നു?

കവിതകള്‍ കമ്പോസ് ചെയ്തു കേള്‍ക്കുന്ന ശ്രമങ്ങള്‍ കൂടിയിട്ടുണ്ട്.പാടാന്‍ വേണ്ടി കവിതയെഴുതുന്ന രീതിയോട് എനിക്ക് താല്‍പര്യമില്ല.കോമളമായ വരികള്‍ക്കു വേണ്ടിയുള്ള ബോധപൂര്‍വ്വമായ അന്വേഷണം അത്തരത്തിലുള്ള കവിതകളില്‍ ഉണ്ടാകും.കവിത കവിതയായും പാട്ട് പാട്ടായും നിലനില്‍ക്കുന്ന രീതിയാണ് നല്ലത്.പല കവിതകളും നീട്ടിവലിച്ച് പാടിയും പൊലിപ്പിച്ചും ജനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്.പൊള്ളയായ കവിതകള്‍ താളം കൊണ്ട് ജനങ്ങളെ ഭ്രമിപ്പിക്കുന്നു. കവിതയെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു രീതിയിലേക്കതു നയിക്കും.

സംസ്ക്കാരത്തിന്റെ രൂപപ്പെടലിലും കൈമാററത്തിലുമെല്ലാം കവിതകളുടെ പങ്ക് വലുതല്ലേ ?

എല്ലാം സംസ്കാരത്തിന്റെ ഭാഗമാണ്.നമ്മിലൂടെ കൈവന്നിട്ടുള്ള സംസ്കാരത്തിന്റെ പല തരത്തിലുള്ള തുടര്‍ച്ചയാണ് എല്ലാ സൃഷ്ടികളും.കവിതകളും അത്തരത്തില്‍ സംസ്കാര വിനിമയം നടത്തുന്നു.ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യഥാര്‍ത്തില്‍ അതില്‍ നടക്കുന്നില്ല.
 

 
 

 
ന്യൂജനറേഷന്‍ സിനിമ

യുവതലമുറയുടെ ഗാനങ്ങളോടുള്ള സമീപനത്തെക്കുറിച്ച് ?

യുവതലമുറ അടിപൊളി ഗാനങ്ങള്‍ ആഘോഷിക്കുകയും മെലോഡിയസായ ഗാനങ്ങള്‍ ഇഷ്ട്പെടുകയും ചെയ്യുന്നു.എങ്കിലും പാട്ടുകളുടെ എക്സ്പ്രഷനിസത്തിലും ഇമേജറിയിലും പുതുമ കൊണ്ടു വരണം.മെലഡി എല്ലാക്കാലത്തും നിലനില്‍ക്കുന്ന ഒന്നാണ്.പഞ്ചപാണനും,കാമദേവനും,അപ്സരസും സ്വര്‍ഗ്ഗവും തന്നെയാണ് ഇപ്പോഴും ഉപയോഗ്ക്കുന്ന ഇഷ്ടമുള്ള വാക്കുകള്‍ .പുതിയ ഇമേജുകള്‍ കൊണ്ടുവരണമെന്നാണ് എന്റെ അഭിപ്രായം.

ഇപ്പോള്‍ ന്യൂജനറേഷന്‍ സിനിമകളുടെ കാലമാണ്. ഇത്തരം സിനിമകളില്‍ പാട്ടിന്റെ മാറ്റം എത്തരത്തിലാണ് ?

പുതിയ സിനിമകള്‍ ഗാനങ്ങളിലെ വ്യത്യസ്തത ആവശ്യപ്പെടുന്നു. എങ്കിലും പഴയ ഇമ്പങ്ങള്‍ക്കു തന്നെയാണ് ജനപ്രീതി.അരവിന്ദന്റെ ‘ഉത്തരായനം’ പോലുള്ള സിനിമയാണ് നാമിന്നു പറയുന്ന ‘ന്യൂജനറേഷന്‍’ എന്ന ലേബലിനു തുടക്കമിട്ടത്. അതില്‍ ഒരു കവിതയുണ്ട്. സിനിമയുടെ കഥാഗതിക്ക് ഒട്ടും ഇണങ്ങാത്ത തരത്തില്‍. അവിടെ അയ്യപ്പപണിക്കരുടെ ആധുനികമായ വരികളാവാം കൂടുതല്‍ യോജിക്കുക.

ന്യൂജനറേഷന്‍ സിനിമകളില്‍ പാട്ടെഴുതുമ്പോള്‍ കുറേക്കൂടി ശ്രദ്ധിക്കാറുണ്ട്. വരികള്‍ക്കും അതിന്റെതായ പുതുമ വേണ്ടി വരും.പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.
 
 

 
 

 
 
 
 
റഫീക്ക് അഹമ്മദിന്റെ കവിതകളെക്കുറിച്ച് നാലാമിടം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം.
ഡോ. എന്‍.വി മുഹമ്മദ് റാഫിയുടെ പഠനം:

കവിത ഭൂമിയുടെ നിലവിളി ആവുമ്പോള്‍

Leave a Reply

Your email address will not be published. Required fields are marked *